Morning business news Canva
Markets

കോളിളക്കം ധനകാര്യ മേഖലയിലേക്കു പടരുന്നു; കടപ്പത്രങ്ങൾ ഇടിയുന്നു, കറൻസികൾ വീഴുന്നു; വിപണികൾ ചോരപ്പുഴയിൽ

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,405 വരെ താഴ്ന്നു. ആഭ്യന്തര വിപണിയിലെ പ്രധാന ഓഹരി സൂചികയായ നിഫ്റ്റി-50 ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

കറൻസികളുടെയും കടപ്പത്രങ്ങളുടെയും വിലയിടിവ് ഓഹരികളെയും വലിച്ചു താഴ്‌ത്തുന്നു. ഇന്ന് ഏഷ്യൻ വിപണികളും ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. യുഎസ് ഫ്യൂച്ചേഴ്‌സും താഴോട്ടാണ്. മൂലധന വിപണിയിൽ നിന്നു ധനകാര്യ വിപണിയിലേക്കു കോളിളക്കം വ്യാപിക്കുമെന്നും അനിയന്ത്രിതമായ വിലക്കയറ്റവും സാമ്പത്തിക ഞെരുക്കവും ഉണ്ടാകാം എന്നും പലരും ഭയപ്പെടുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,522-ൽ ക്ലോസ് ചെയ്തു. ഇന്നു (മേയ് 20) രാവിലെ 23,405 വരെ താഴ്ന്നു. എൻ.എസ്.ഇ നിഫ്റ്റി സൂചിക ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഉലയുന്ന സമ്പദ്ഘടന

പശ്ചിമേഷ്യൻ സംഘർഷം മൂലം ഉയർന്നു നിൽക്കുന്ന ഇന്ധനവില കുറയാൻ സാധ്യത കാണുന്നില്ല. യുദ്ധം പുനരാരംഭിച്ചാൽ വില വീണ്ടും കൂടുമെന്ന ഭീതിയും വളരുന്നു. വിവിധ രാജ്യങ്ങളിലെ ക്രൂഡ് ഓയിൽ റിസർവ് കുറഞ്ഞു വരുകയാണ്. അപ്പോഴും ക്രൂഡ് വില കൂടും. ഇതെല്ലാം വിലക്കയറ്റം പിടിവിട്ടു കയറാൻ കാരണമാകും. സ്വാഭാവികമായും പലിശ ഉയർത്താൻ യുഎസ് ഫെഡ് അടക്കം കേന്ദ്ര ബാങ്കുകൾ നിർബന്ധിതമാകും. ഈ ആശങ്കയിൽ കടപ്പത്രവിലകൾ ഇടിയുകയാണ്.

യുഎസിൽ 10 വർഷ സർക്കാർ കടപ്പത്രവില 4.679ഉം 30 വർഷ കടപ്പത്രവില 5.19ഉം ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിധം ഇടിഞ്ഞു. വിലക്കയറ്റവും പലിശയും കൂടുന്നതു സാമ്പത്തിക വളർച്ചയെ ഞെരുക്കും. അതിനാൽ ഓഹരികളും ഇടിയുന്നു. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഒക്കെ ഇതു സംഭവിക്കുന്നു. ഏഷ്യൻ വിപണികൾക്കു കറൻസികളുടെ വിലയിടിയുന്ന ഗുരുതര വിഷയം കൂടി ഉണ്ട്. ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ, ഫിലിപ്പീൻസ്, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കറൻസികൾ ഈ ദിവസങ്ങളിൽ ഇടിവിലാണ്.

യു.എസ് വിപണി ഇടിഞ്ഞു

വിലക്കയറ്റം, പലിശവർധന എന്നിവ ഭീഷണിയായ സാഹചര്യത്തിൽ യുഎസ് വിപണി ഇന്നലെ ഇടിഞ്ഞു. ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 322.24 പോയിൻ്റ് (0.65%) താഴ്ന്ന് 49,363.88 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 49.44 പോയിൻ്റ് (0.67%) നഷ്ടത്തോടെ 7353.61 ൽ അവസാനിച്ചു. നാസ്ഡാക് 220.02 പോയിൻ്റ് (0.84%) ഇടിവോടെ 25,870.71 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് താഴുന്നു

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഡൗ ജോൺസ് 140 പോയിൻ്റും (0.28%) എസ് ആൻഡ് പി 18 പോയിൻ്റും (0.22%) നാസ്ഡാക് 52 പോയിൻ്റും (0.18%) താഴ്ന്നു നീങ്ങുന്നു.

എ.ഡി.ആറുകൾ ഭിന്നദിശകളിൽ

ചൊവ്വാഴ്ച ന്യൂയോർക്കിൽ എച്ച്.ഡി.എഫ്.സി ബാങ്ക് എ.ഡി.ആർ 1.50 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 1.98 ശതമാനം കുതിച്ചു കയറി 24.74 ഡോളറിൽ എത്തി. ഐ.സി.ഐ.സി.ഐ ബാങ്ക് എ.ഡി.ആർ നിശ്ചിത സമയത്ത് 2.36 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.55 ശതമാനം ഉയർന്ന് 25.39 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് എ.ഡി.ആർ 1.03 ശതമാനം കയറിയിട്ട് തുടർ വ്യാപാരത്തിൽ 0.79 ശതമാനം ഉയർന്ന് 12.82 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ എ.ഡി.ആർ 0.52 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.52 ശതമാനം ഉയർന്ന് 1.94 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ

ചൊവ്വാഴ്ച യൂറോപ്യൻ ഓഹരികൾ പലവഴി നീങ്ങി. ജർമൻ സൂചിക കയറി, ഫ്രഞ്ച് സൂചിക താഴ്ന്നു. യുകെയിൽ തൊഴിലില്ലായ്മ അഞ്ചു ശതമാനമായി ഉയർന്നു. ജർമനി ഊർജഗ്രൂപ്പായ യൂനിപ്പർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. 2022-ൽ കമ്പനിയെ പാപ്പർ നടപടിയിൽ നിന്നു രക്ഷിക്കാൻ സർക്കാർ ഏറ്റെടുത്തതാണ്.

ഏഷ്യൻ വിപണികൾ ഇന്നു നഷ്‌ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.80 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിൽ കോസ്‌പി രണ്ടു ശതമാനം താഴ്ന്നു. അഞ്ചു ദിവസം കൊണ്ടു കോസ്‌പി സൂചിക 10 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.80 ശതമാനം താഴ്ന്നു. ഹോങ് കോങ് സൂചിക 0.75 ശതമാനം താഴ്ന്നപ്പോൾ ഷാങ്ഹായ് വിപണി 0.45 ശതമാനം നഷ്ടത്തിലാണ്.

തിരിച്ചുകയറി ഇന്ത്യൻ വിപണി

ഇന്നലെ രാവിലെ ഉയർന്നു നല്ല നേട്ടം കാഴ്ചവച്ച വിപണി അവസാന മണിക്കൂറിൽ ഇടിഞ്ഞു നഷ്‌ടത്തിലായി. മുഖ്യ സൂചികകൾ ചെറിയ നഷ്‌ടത്തോടെ അവസാനിച്ചപ്പോൾ വിശാലവിപണി ഒരു ശതമാനത്തിലധികം ഉയർന്നു. ഐടി, റിയൽറ്റി, മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ്, ഫാർമ, ഹെൽത്ത് കെയർ ഓട്ടോ മേഖലകൾ ഉയർന്നു. ബാങ്ക്, ധനകാര്യ മേഖലകൾ ഇടിഞ്ഞു.

മൂന്നു ദിവസം തുടർച്ചയായി വാങ്ങലുകാരായ വിദേശ നിക്ഷേപകർ (എഫ്.ഐ.ഐ) ഇന്നലെ വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 2457.49 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 3801.68 കോടി രൂപയുടെ വാങ്ങലും നടത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 114.19 പോയിൻ്റ് (0.15%) താഴ്ന്ന് 75,200.85 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 31.95 പോയിൻ്റ് (0.14%) കുറഞ്ഞ് 23,618.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 127.85 പോയിൻ്റ് (0.24%) നഷ്ടത്തോടെ 53,409.15 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 548.20 പോയിൻ്റ് (0.91%) ഉയർന്ന് 61,022.00 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 206.80 പോയിൻ്റ് (1.17%) കയറി 17,863.55 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2544 ഓഹരികൾ കയറി, 1645 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2144 എണ്ണം ഉയർന്നപ്പോൾ 1101 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

ബിപിസിഎലിനു നാലാം പാദത്തിൽ അസാധാരണ ചെലവ് വന്നതു മൂലം ലാഭം തലേ പാദത്തിൽ നിന്ന് 57.7 ശതമാനം ഇടിഞ്ഞു. എന്നാൽ തലേ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് ലാഭം 28 ശതമാനം കൂടി. കമ്പനിയുടെ വിറ്റുവരവ് നാമമാത്രമായി വർധിച്ചു. കഴിഞ്ഞ ധനകാര്യ വർഷം അറ്റാദായം 75 ശതമാനം വർധിച്ചു.

ഓർക്‌ല ഇന്ത്യയുടെ നാലാം പാദ വരുമാനം അഞ്ചു ശതമാനം കൂടിയപ്പോൾ അറ്റാദായം ഇരട്ടിച്ച് 73 കോടി രൂപയായി. വിറ്റുവരവ് 5.2 ശതമാനം കൂടിയപ്പോൾ ബോറോസിൽ ലിമിറ്റഡിൻ്റെ പ്രവർത്തനലാഭം 18.7 ശതമാനവും അറ്റാദായം അഞ്ചു ശതമാനവും താഴ്ന്നു. ലാഭമാർജിൻ 13.8 ൽ നിന്നു 10.6 ശതമാനമായി. വരുമാനം 33.3 ശതമാനം കൂടിയപ്പോൾ പിടിസി ഇന്ത്യയുടെ നാലാം പാദ അറ്റാദായം 69.3 ശതമാനം ഇടിഞ്ഞു.

ഹിൻഡാൽകോയുടെ വിദേശ ഉപകമ്പനി നൊവേലിസ് നാലാം പാദത്തിൽ നഷ്‌ടത്തിലേക്കു വീണു. ഒസ്വേഗോയിലെ പ്ലാൻ്റിലുണ്ടായ അഗ്നിബാധയാണു കാരണം. അറ്റ നഷ്‌ടം 8.4 കോടി ഡോളറാണ്. കർണാടക ബാങ്ക് നാലാം പാദത്തിൽ അറ്റപലിശ വരുമാനം എട്ടു ശതമാനം വർധിച്ചപ്പോൾ അറ്റാദായം 61.7 ശതമാനം ഉയർത്തി.

സ്വർണം ഇടിഞ്ഞു

യുദ്ധം നീട്ടിവച്ചെന്ന ട്രംപിൻ്റെ പ്രസ്താവനയിൽ ഉയർന്ന സ്വർണം ഒരു ദിവസത്തിനകം ഇടിവിലേക്കു മാറി. 4589.80 ഡോളർ വരെ ഉയർന്ന സ്വർണം ഇന്നലെ ഔൺസിന് 84.20 ഡോളർ താഴ്‌ന്ന് 4483.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 4465 ഡോളറിൽ എത്തി. കേരളത്തിൽ ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം പവന് 600 രൂപ വർധിച്ച് 1,15,060 രൂപയായി.

ചൊവ്വാഴ്ച ഔൺസിന് 79.02 ഡോളർ വരെ ഉയർന്ന വെള്ളിവില അഞ്ചു ശതമാനം ഇടിഞ്ഞ് 74.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.76 ഡോളറിലേക്ക് താഴ്ന്നു. പ്ലാറ്റിനം 1905 ഡോളർ, പല്ലാഡിയം 1339 ഡോളർ, റോഡിയം 9325 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഭിന്നദിശകളിലായി. ചെമ്പ് 0.13 ശതമാനം താഴ്ന്ന് 13,410.00 ഡോളറിൽ നിന്നു. അലൂമിനിയം 0.93 ശതമാനം ഉയർന്നു 3599.98 ഡോളർ ആയി. നിക്കലും ടിന്നും ഉയർന്നു. ലെഡും സിങ്കും താഴ്ചയിലായി.

റബർ ഇടിവ് തുടർന്നു

രാജ്യാന്തര വിപണിയിൽ റബർ വില ഇടിവ് തുടരുന്നു. ചൊവ്വാഴ്ച ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 288.30 ഡോളർ ആയി. ആർഎസ്എസ് ഒന്ന് 291.80 ഡോളറിൽ എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 26,000 രൂപയിലാണ്.

കൊക്കോ ഉയർന്നു

തുടർച്ചയായ അഞ്ചു ദിവസം ഇടിഞ്ഞ കൊക്കോ ചൊവ്വാഴ്ച രാജ്യാന്തര വിപണിയിൽ ഉയർന്നു. ഇന്നലെ 3.06 ശതമാനം കയറി ടണ്ണിന് 3907.00 ഡോളറിൽ എത്തി. ഐവറി കോസ്റ്റ് 2025-26 സീസണിലെ ഉൽപാദന പ്രതീക്ഷ 19 ലക്ഷം ടണ്ണിൽ നിന്ന് 22 ലക്ഷം ടൺ ആയി വർധിപ്പിച്ചതാണു കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിനു കാരണം.

ഡോളർ സൂചിക ഉയർന്നു

യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 99.33 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.40 ലേക്കു കയറി. യൂറോ 1.1595 ഡോളറിലേക്കും പൗണ്ട് 1.338 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.03 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.81 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.679 ശതമാനമായി ഉയർന്നു.

ഡോളർ 97 രൂപയിലേക്ക്

ഡോളർ ചൊവ്വാഴ്ച 96.70 രൂപവരെ ഉയർന്നിട്ടു താണ് 96.53 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില കാര്യമായി താഴുകയില്ലെന്ന കണക്കുകൂട്ടലിലാണു കറൻസി വിപണി. രൂപ 2026-ൽ 7.5 ശതമാനം ഇടിഞ്ഞു. ഡോളർ സൂചിക ഇന്നും ഉയർന്നതു രൂപയെ വീണ്ടും ദുർബലമാക്കും. ഡോളർ 97 രൂപ കടക്കാനും സാധ്യതയുണ്ട്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.87 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 14.16 രൂപയിലേക്കും യൂറോ 111.93 രൂപയിലേക്കും താഴ്‌ന്നു.

ക്രൂഡ് ഓയിൽ 111 ഡോളറിനു മുകളിൽ

യുദ്ധഭീഷണി തുടരുന്നതും ക്രൂഡ് ലഭ്യതയിലെ തടസങ്ങൾ വർധിച്ചതും ക്രൂഡ് ഓയിൽ വിലയെ ഉയരത്തിൽ നിർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് 111 ഡോളറിനു മുകളിലേക്ക് തിരിച്ചുകയറി. ഇന്നലെ വീപ്പയ്ക്ക് 110.92 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഓയിൽ രാവിലെ 111.35 ഡോളറിലാണ്. ഡബ്ള്യുടിഐ ഇനം 104.33 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 107.35 ഡോളറിലാണ്.

ക്രിപ്റ്റോകൾ താഴ്ചയിൽ

ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 76,700 ഡോളറിനു താഴെയാണ്. ഈഥർ 2110 ഡോളറിനും സൊലാന 84 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മേയ് 19, ചൊവ്വ)

  • സെൻസെക്സ് 75,200.85 -0.15%

  • നിഫ്റ്റി50 23,618.00 -0.14%

  • ബാങ്ക് നിഫ്റ്റി 53,409.15 -0.24%

  • മിഡ്ക്യാപ്-100 61,022.00 +0.91%

  • സ്മോൾക്യാപ്-100 17,863.55 +1.17%

  • ഡൗജോൺസ് 49,363.88 -0.65%

  • എസ്&പി 7353.61 -0.67%

  • നാസ്ഡാക് 25,870.71 -0.84%

  • ഡോളർ ₹96.53 +₹0.18

  • സ്വർണം (ഔൺസ്) $4483.10 -$84.20

  • സ്വർണം (പവൻ) ₹1,15,160 +₹600

  • ബ്രെൻ്റ് ക്രൂഡ്ഓയിൽ $110.92 -$1.18

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT