Morning Business News Dhanam Media
Markets

കടപ്പത്ര വിപണി ശാന്തമായില്ല; ക്രൂഡ് ഓയിൽ 94 ഡോളറിലേക്ക്; മുന്നേറ്റ പ്രതീക്ഷയിൽ ഇന്ത്യൻ വിപണി; ക്രിപ്റ്റോകളിൽ ആവേശം

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 24,357 വരെ ഉയർന്നു; ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

യു.എസ് കടപ്പത്ര വിപണിയിലെ തുടർച്ചയായ അശാന്തതയും ധനകമ്മി ഭീതിയും ആഗോള ഓഹരി സൂചികകളെ താഴേക്ക് വലിച്ചിടുമ്പോഴും, ഗിഫ്റ്റ് നിഫ്റ്റിയിലെ മുന്നേറ്റ സൂചനയെ പിന്തുടർന്ന് ഇന്ന് (ഓഗസ്റ്റ് 21) ഇന്ത്യൻ വിപണി നേട്ടപ്രതീക്ഷയിൽ തുടരുന്നു. ക്രൂഡ് ഓയിൽ 94 ഡോളറിലേക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസവും ആഭ്യന്തര സൂചികകൾ ശക്തമായി മുന്നേറിയിരുന്നു. സ്വർണം, പഞ്ചസാര, കൊക്കോ, പാമോയിൽ തുടങ്ങിയ കമോഡിറ്റികളിലെ കയറ്റവും ശ്രദ്ധേയം.

യു.എസ് കടപ്പത്ര വിപണിയിൽ തകർച്ച തുടരുകയാണ്. ഇന്ത്യയിലും കടപ്പത്ര വില താഴുന്നുണ്ട്. ക്രൂഡ് ഓയിൽ വില 94 ഡോളറിലേക്ക് അടുക്കുന്നു. എങ്കിലും ഇന്ത്യൻ വിപണി ഇന്നു മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,293.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,357 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

കടപ്പത്രവിപണി അശാന്തം

അമേരിക്കൻ കടപ്പത്രവിപണി ഒരു ദിവസത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും പ്രക്ഷുബ്ധമായി. കടപ്പത്രവിലകൾ താഴ്ന്നു. അവ വാങ്ങിയാൽ കിട്ടുന്ന ആദായം (yield നിക്ഷേപനേട്ടം) കൂടി. കടപ്പത്രം തിരിച്ചുവാങ്ങൽ ഇരട്ടിപ്പിക്കും എന്ന ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റിൻ്റെ പ്രഖ്യാപനമാണു ബുധനാഴ്ച വിപണിയെ ശാന്തമാക്കിയത്. ഇരട്ടിയിലധികം തിരിച്ചു വാങ്ങൽ ഉണ്ടാകുമെന്ന് ഇന്നലെ ബെസൻ്റ് പറഞ്ഞെങ്കിലും കടപ്പത്രങ്ങൾ ഇടിവ് തുടർന്നു. 30 വർഷ സർക്കാർ കടപ്പത്രം 5.252 ശതമാനം നിക്ഷേപനേട്ടം നൽകുന്ന വിലയിലാണ് ഇപ്പോൾ. ദീർഘകാല ബോണ്ടുകൾ കൂടുതലായി തിരിച്ചു വാങ്ങും എന്നു ബെസൻ്റ് പറഞ്ഞിട്ടും വിപണി ശാന്തമായില്ല.

അമേരിക്കൻ സർക്കാരിൻ്റെ കമ്മി അമിതമായി കൂടും എന്ന ആശങ്കയാണു വിപണിക്ക്. കമ്മി ഇനി കൂടുകയില്ലെന്നും ഇറാനിൽ ഇനി വലിയ ആക്രമണം ഉണ്ടാകില്ലെന്നും സാമ്പത്തിക സമ്മർദത്തിലൂടെ ഇറാനെ വീഴ്ത്താനാണു ശ്രമമെന്നും ബെസൻ്റ് പറഞ്ഞതും ഫലിച്ചില്ല. അമേരിക്കൻ കടം ജി.ഡി.പിയുടെ 125 ശതമാനം കടന്നു 40 ലക്ഷം കോടി ഡോളർ ആയതു മാത്രമല്ല വിപണിയെ വിഷമിപ്പിക്കുന്നത്. നിർമിതബുദ്ധിക്കു (എഐ) വേണ്ടി കമ്പനികൾ വലിയ നിക്ഷേപം നടത്തുന്നതും ജാപ്പനീസ് ബോണ്ടുകൾ കുറഞ്ഞ വിലയിൽ കിട്ടുന്നതും വിപണി നീക്കങ്ങളെ ബാധിക്കുന്നു.

യു.എസ് കടപ്പത്രങ്ങളിലെ വിൽപനസമ്മർദം തുടർന്നാൽ ഓഹരികൾ തകർച്ചയിലേക്കു വീഴാം അതു കൂടുതൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്കു നയിക്കും എന്ന ഭീതി പരക്കുന്നുണ്ട്. എ.ഐ കുമിള പൊട്ടുമെന്ന പ്രചാരണം നടക്കുന്നതിനിടെ ആണ് ഈ കോളിളക്കം.

യു.എസ് വിപണി ഇടിഞ്ഞു

കടപ്പത്ര വിപണി വീണ്ടും അശാന്തമായതു വ്യാഴാഴ്ച യുഎസ് വിപണിയെ വലിച്ചു താഴ്‌ത്തി. യുഎസ് കമ്മി നിയന്ത്രിച്ചു നിർത്തും എന്നു ട്രഷറി സെക്രട്ടറി പറഞ്ഞതു വിപണിയെ ആശ്വസിപ്പിച്ചില്ല.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 703.84 പോയിൻ്റ് (1.32 ശതമാനം) ഇടിഞ്ഞ് 52,759.21 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 66.82 പോയിൻ്റ് (0.87%) താഴ്ന്ന് 7641.16 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 263.93 പോയിൻ്റ് (1.00%) നഷ്ടത്തോടെ 26,213.17 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യു.എസ് ഫ്യൂച്ചേഴ്സ് നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 10 പോയിൻ്റും (0.02%) എസ് ആൻഡ് പി 5 പോയിൻ്റും (0.07%) നാസ്ഡാക് 44 പോയിൻ്റ് (0.15%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.78 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.26% കൂടി കയറി 23.40 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.78% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 1.11 ശതമാനം ഉയർന്ന് 30.00 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.66% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.25% കയറി 11.86 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.05 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.08 ശതമാനം കൂടി താഴ്ന്ന് 1.908 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് നഷ്‌ടത്തിൽ

യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും താഴ്ചയിലായി. എന്നാൽ ഉപഭോക്തൃ വിശ്വാസം വർധിച്ചതായ സർവേഫലം യു.കെയിലെ എഫ്.ടി.എസ്.ഇയെ നാമമാത്രമായി ഉയർത്തി.

ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക ജപ്പാനിൽ നിക്കൈ സൂചികയും ഓരോ ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി നാമമാത്രമായി താഴ്ന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.65 ശതമാനം ഉയർന്നു. ഷാങ്ഹായ് സൂചിക 0.50 ശതമാനം താഴ്ന്നു. തായ്‌വാൻ സൂചിക കയറി.

നേട്ടത്തോടെ ഇന്ത്യ

തലേന്ന് അമേരിക്കൻ വിപണി ഉയർന്നതിൻ്റെ ചുവടുപിടിച്ച് ഇന്നലെ ഇന്ത്യൻ വിപണി മികച്ച നേട്ടത്തിലായി. ഏഴു ദിവസത്തെ തുടർച്ചയായ താഴ്ചയ്ക്കു ശേഷമുള്ള കയറ്റത്തിൽ എല്ലാ വ്യവസായ മേഖലകളും മുന്നേറി. അടുത്ത പാദത്തിൽ റിസർവ് ബാങ്ക് റീപോ നിരക്ക് വർധിപ്പിക്കും എന്ന സൂചനയോ ഉയർന്നുപോകുന്ന ക്രൂഡ് ഓയിൽ വിലയോ വിപണിയെ ബാധിച്ചില്ല.

വിദേശ നിക്ഷേപകർ വിൽപന തുടരുകയാണു ചെയ്തത്. അവർ ക്യാഷ് വിപണിയിൽ 583.36 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3537.71 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 628.04 പോയിൻ്റ് (0.82%) കുതിച്ച് 77,537.72 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 153.55 പോയിൻ്റ് (0.64%) നേട്ടത്തോടെ 24,231.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 256.15 പോയിൻ്റ് (0.45%) ഉയർന്ന് 57,495.90 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 262.80 പോയിൻ്റ് (0.41%) കയറി 63,671.55 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 134.30 പോയിൻ്റ് (0.68%) നേട്ടത്തോടെ 19,841.45 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബി.എസ്.ഇയിൽ 2,373 ഓഹരികൾ കയറി, 1951 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 2094 എണ്ണം ഉയർന്നപ്പോൾ 1394 എണ്ണം താഴ്ന്നു.

പഞ്ചസാര വില കുതിച്ചു കയറുന്നത് ഇന്നലെയും പഞ്ചസാരമിൽ കമ്പനികളെ 20 ശതമാനം വരെ ഉയർത്തി. തീരുവ ഇല്ലാതെ 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. ബൽറാം പുർ ചീനി, ശക്തി, റാണ, രാജശ്രീ, ശ്രീരേണുക, പൊന്നി, ഡാൽമിയ, അവധ്, ദ്വാരികേശ്, ധാംപുർ തുടങ്ങിയവ വലിയ നേട്ടം ഉണ്ടാക്കി.

സ്വർണം വീണ്ടും കയറുന്നു

കടപ്പത്രവിപണിയിലെ അശാന്തി സ്വർണവിപണിയെ ഇന്നലെ ചെറിയ കയറ്റിറക്കങ്ങളിലേക്കു നയിച്ചു. പലിശനിരക്കുകൾ ഏതു വഴി നീങ്ങുമെന്നു വ്യക്തമാകുന്നതു വരെ വിപണി ചാഞ്ചാട്ടത്തിലാകും. ഇന്നലെ സ്വർണം ഔൺസിസ് 3.70 ഡോളർ താഴ്ന്ന് 4520.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4510 ഡോളർ വരെ താഴ്ന്ന ശേഷം 4535 ലേക്കു കയറി.

പലിശ കൂടിയാൽ സ്വർണത്തിലെ നിക്ഷേപം കുറയും, പലിശ കുറയുന്നതു സ്വർണനിക്ഷേപം വർധിപ്പിക്കും. പലിശ വർധിക്കാം എന്ന ഭീതി വിപണിയിൽ കുറഞ്ഞു വരുകയാണ്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 3120 രൂപ കുതിച്ച് 1,16,800 രൂപയിൽ എത്തി. വെള്ളിവില വ്യാഴാഴ്ച 1.60 ശതമാനം ഉയർന്ന് ഔൺസിന് 67.96 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.20 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1843 ഡോളർ, പല്ലാഡിയം 1319 ഡോളർ, റോഡിയം 8550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് o.08 ശതമാനം താഴ്ന്ന് 14,169.20 ഡോളറിൽ എത്തി. അലൂമിനിയം 0.38 ശതമാനം നഷ്ടത്തോടെ 3199.03 ഡോളർ ആയി. സിങ്കും ലെഡ്ഡും ടിന്നും ഉയർന്നു. നിക്കൽ താഴ്ന്നു.

റബർ: നാമമാത്ര കയറ്റം

രാജ്യാന്തര റബർവില നാമമാത്രമായി ഉയർന്നു. കേരളത്തിൽ വില മാറ്റമില്ല. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 281.10 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 277.60 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ക്വിൻ്റലിന് ക്വിൻ്റലിന് 27,400 രൂപയിൽ തുടർന്നു.

കൊക്കോയും കാപ്പിയും കയറി, പാമോയിൽ ഉയരുന്നു

കൊക്കോ വില വ്യാഴാഴ്ച അല്പം കയറി ടണ്ണിന് 6010 ഡോളറിൽ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 13 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിൽ ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ആഗോള മിച്ചം 2026-27 ൽ 66 ശതമാനം ഇടിഞ്ഞ് 1,11,000 ടൺ ആകുമെന്നു ഹെഡ്ജ് പോയിൻ്റ് ഗ്ലോബൽ മാർക്കറ്റ്സ് കണക്കാക്കുന്നു.

അറബിക്ക കാപ്പിവില 0.03 ശതമാനം കയറി പൗണ്ടിന് 3.283 ഡോളർ ആയി. എൽ നിനോ മൂലം ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

പാമോയിൽ വില ഉയരുകയാണ്. 5000 റിംഗിറ്റിനു മുകളിലേക്ക് വില കയറും എന്നാണു സംസാരം. ഉൽപാദനം കുറയുന്നതും ഇൻഡോനീഷ ബയോ ഡീസലിനായി പാമോയിൽ ഉപയോഗിക്കുന്നതും ആണു കാരണം. വില ഇന്നലെ 1.39 ശതമാനം കയറി ടണ്ണിനു 4961 മലേഷ്യൻ റിംഗിറ്റിൽ എത്തി.

ഡോളർ സൂചിക താഴ്ന്നു

യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച 98.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 98.83 വരെ താഴ്ന്നു. യൂറോ 1.1688 ഡോളറിലേക്കും പൗണ്ട് 1.364 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.04 യെൻ എന്ന നിലയിൽ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.72 എന്ന നിരക്കിലേക്ക് കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.704 ശതമാനത്തിലേക്കു കയറി. 30 വർഷ കടപ്പത്രങ്ങളുടേത് 5.252 ആയി ഉയർന്നു.

രൂപ കയറി

വ്യാഴാഴ്ച ഇന്ത്യൻ രൂപ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡോളർ നാലു പൈസ കുറഞ്ഞു 95.71 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.74 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.24 രൂപയിലേക്കും യൂറോ 111.82 രൂപയിലേക്കും കയറി.

94 ഡോളറിലേക്കു ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില 93 ഡോളർ കടന്നു മുന്നേറുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച 2.16 ഡോളർ കൂടി 93.78 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്പം താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 93.82 ഡോളറിലും ഡബ്ള്യുടിഐ ഇനം 86.75 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ കുതിപ്പ് തുടർന്നു

ക്രിപ്റ്റോ കറൻസികൾ വലിയ കുതിപ്പ് തുടർന്നു. ക്രിപ്റ്റോകൾക്ക് അനുകൂലമായ നിയമനിർമാണം മുന്നോട്ടു കൊണ്ടു പോകാൻ പ്രസിഡൻ്റ് ട്രംപ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതാണു പുതിയ സംഭവവികാസം. കഴിഞ്ഞ വർഷം കൊണ്ടുവന്ന ബിൽ സെനറ്റിൽ തഴയപ്പെട്ടു കിടക്കുകയായിരുന്നു. ബിറ്റ്കോയിൻ ഇന്നലെ ഒൻപതു ശതമാനത്തിലധികം കയറി 74,750 ഡോളറിനു മുകളിൽ എത്തി. ഈഥർ 13 ശതമാനം കുതിച്ച് 2360 ഡോളറിനും സൊലാന ഏഴു ശതമാനം ഉയർന്ന് 89 ഡോളറിനും മുകളിൽ ആയി.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 20, വ്യാഴം)

  • സെൻസെക്സ്: 77,537.72 +0.82%

  • നിഫ്റ്റി-50: 24,231.85 +0.64%

  • ബാങ്ക് നിഫ്റ്റി: 57,495.90 +0.45%

  • മിഡ് ക്യാപ്-100: 63,671.55 +0.41%

  • സ്മോൾ ക്യാപ്-100: 19,841.45 +0.68%

  • ഡൗജോൺസ്: 52,759.21 -1.32%

  • എസ്ആൻഡ്പി: 7641.16 -0.87%

  • നാസ്ഡാക്: 26,067.17 -1.00%

  • ഡോളർ: ₹95.71 -₹0.04

  • സ്വർണം (ഔൺസ്): $4520.20 -$03.70

  • സ്വർണം (പവൻ): ₹1,16,800 +₹3160

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $93.78 +2.16

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT