Morning Business News Dhanam Media
Markets

നയതന്ത്ര നീക്കങ്ങൾ നിർണായകം; ക്രൂഡ് ഓയിൽ വീണ്ടും താഴുന്നു; ഏഷ്യൻ വിപണികൾ കയറി; യുഎസ് ഫ്യൂച്ചേഴ്സ് മുന്നേറി; ടാറ്റ ഗ്രൂപ്പ് പോര് കോടതിയിലേക്ക്

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 23,350 നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെടുന്നു; ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിന്റെ സൂചന

T C Mathew

ഇറാൻ, യെമൻ, യുക്രെയിൻ സംഘർഷങ്ങൾ രൂക്ഷമായിട്ടും ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴേക്ക് നീങ്ങുന്നു. യു.എൻ പൊതുസഭയെ ചുറ്റിപ്പറ്റിയുള്ള ട്രംപ്-ഷി, ഇറാൻ പ്രസിഡന്റ് പെസെഷ്കിയൻ തുടങ്ങിയ നയതന്ത്ര നീക്കങ്ങൾ വിപണിക്ക് പ്രതീക്ഷ നൽകുന്നു. ഏഷ്യൻ വിപണികൾ ഇന്ന് മുന്നേറ്റം പ്രകടമാക്കിയപ്പോൾ യു.എസ് ഫ്യൂച്ചേഴ്സും ഉയരുന്നു.

ഇറാൻ, യെമൻ, യുക്രെയിൻ യുദ്ധമുഖങ്ങളിൽ സംഘർഷനില രൂക്ഷമായി തുടരുന്നു. എങ്കിലും ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. ബ്രെൻ്റ് ഇനം 101 ഡോളറിലേക്കും അമേരിക്കൻ ക്രൂഡ് 97 ഡോളറിലേക്കും അടുത്തു. ഈയാഴ്ച അമേരിക്കൻ പ്രസിഡൻ്റും ചൈനീസ് പ്രസിഡൻ്റും തമ്മിലുള്ള ചർച്ചയിലേക്കാണു ലോകവും വിപണികളും ഉറ്റു നോക്കുന്നത്. ആ ഉച്ചകോടി വാണിജ്യ തർക്കങ്ങളിൽ ചില പരിഹാരങ്ങൾക്കു വഴി തെളിച്ചേക്കാം. ഇറാൻ പ്രസിഡൻ്റും ഈയാഴ്ച യുഎസിൽ എത്തുന്നുണ്ട്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക വ്യാഴാഴ്ച രാത്രി 23,300.50ൽ ക്ലോസ് ചെയ്തു. ഇന്നു (സെപ്റ്റംബർ 21) രാവിലെ 23,350.50 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

നയതന്ത്ര നീക്കങ്ങൾ

യു.എൻ പൊതുസഭയുടെ സമ്മേളനത്തിനു ന്യൂയോർക്കിൽ എത്തുന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ചയ്ക്കു യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭാഗിക താല്പര്യം പ്രകടിപ്പിച്ചു. പാക് ആഭ്യന്തരമന്ത്രി ഇന്നലെ ടെഹറാൻ സന്ദർശിച്ചിരുന്നു.

വ്യാഴാഴ്ച ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് വാഷിംഗ്ടണിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഷിയുടെ വരവിനു മുന്നോടിയായി യുഎസിലെത്തിയ ഉപപ്രധാനമന്ത്രി ഹ ലീഫെങ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റുമായി ചർച്ച നടത്തി. ചർച്ച വിജയകരമാണെന്നു ബെസൻ്റ് പറഞ്ഞു. ട്രംപ് - ഷി കൂടിക്കാഴ്ച ചില ധാരണകൾക്കു വഴിതുറക്കും എന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. യു.എൻ സമ്മേളനത്തിനു വരുന്ന ഗൾഫ് രാഷ്ട്രമേധാവികൾ ട്രംപിനെ കാണുന്നുമുണ്ട്. ഈ നയതന്ത്ര നീക്കങ്ങളെ വിപണി പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

യു.എസ് വിപണി പലവഴി

യു.എസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ടെക് കമ്പനികൾ നിറഞ്ഞ നാസ്ഡാകും വിശാലവിപണിയെ പ്രതിനിധീകരിക്കുന്ന എസ് ആൻഡ് പി 500ഉം ഉയർന്നപ്പോൾ ഡൗ ജോൺസ് താഴ്ന്നു. ഫെഡ് നിരക്കു കൂട്ടിയ ശേഷവും കടപ്പത്രവിലകൾ താഴുകയും അവയിലെ നിക്ഷേപങ്ങൾക്കു ലഭിക്കാവുന്ന നേട്ടം ഉയരുകയും ചെയ്തതു ഓഹരികൾക്കു ക്ഷീണമായി. ക്രൂഡ് ഓയിൽ താഴ്ന്നെങ്കിലും 100 ഡോളറിനു മുകളിലാണ് അമേരിക്കൻ ക്രൂഡ്. ഡൗ ആഴ്ചയിൽ 1.7 ശതമാനം ഇടിഞ്ഞു. എസ് ആൻഡ് പി 0.1 ശതമാനം കുറഞ്ഞു. എന്നാൽ നാസ്ഡാക് ആഴ്ചയിൽ 0.7 ശതമാനം കയറി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 94.40 പോയിൻ്റ് (0.18 ശതമാനം) താഴ്ന്ന് 51,682.64 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.74 പോയിൻ്റ് (0.17%) നേട്ടത്തോടെ 7650.50 ൽ എത്തി. നാസ്ഡാക് കോംപസിറ്റ് 104.25 പോയിൻ്റ് (0.40%) കയറി 26,522.55 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയർന്നു

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 122 പോയിൻ്റും (0.23%) എസ് ആൻഡ് പി 30 പോയിൻ്റും (0.39%) നാസ്ഡാക് 202 പോയിൻ്റും (0.67%) ഉയർന്നാണു നീങ്ങുന്നത്.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 2.21 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.60% കയറി 23.30 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.11% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.39% നഷ്‌ടത്തോടെ 28.04 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.26% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 10.82 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.19% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.60 ശതമാനം കയറി 1.67 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഇടിവിൽ

യൂറോപ്യൻ ഓഹരിവിപണികൾ വെള്ളിയാഴ്ച ഇടിഞ്ഞു. ക്രൂഡ് ഓയിൽ ലഭ്യത വീണ്ടും കുറയുമെന്നും വിലക്കയറ്റവും പലിശയും വീണ്ടും വർധിക്കും എന്നുമുള്ള ആശങ്കയിൽ മിക്ക വിപണികളും ഒരു ശതമാനത്തിലധികം താഴ്ചയിലായി. ബാങ്കുകൾ മൂന്നു ശതമാനം വരെ താഴ്ന്നു. മെഴ്സിഡീസ് ബെൻസ്, ബി.എം.ഡബ്ല്യു, ഫോക്‌സ് വാഗൺ തുടങ്ങിയ വാഹന കമ്പനികൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ഏഷ്യയിൽ നേട്ടം

ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.5 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.35 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 1.5 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.50 ശതമാനം കയറി. തായ്‌വാൻ സൂചിക 0.85 ശതമാനം ഉയർന്നു. ഷാങ്ഹായ് സൂചിക 0.50 ശതമാനം നേട്ടത്തിലായി.

കാസ്: വിപണിയുടെ ചിത്രം മാറ്റുന്നു

മുൻ ദിവസങ്ങളിലേതുപോലെ വെള്ളിയാഴ്ചയും കാസ് (ക്ലോസിംഗ് ഓക്‌ഷൻ സെഷൻ) വിപണിയുടെ ക്ലോസിംഗ് ചിത്രം മാറ്റി. പ്രധാനമായും സെൻസെക്സിലാണ് നാടകീയമാറ്റം 3.15ന് 245.38 പോയിൻ്റ് ഉയർന്നു നിന്ന സെൻസെക്സ് കാസിനു ശേഷം 19.63 പോയിൻ്റ് നഷ്‌ടത്തിലായി.

ഐടി മേഖലയാണ് വെള്ളിയാഴ്ച കൂടുതൽ താഴ്ന്നത്. 1.03 ശതമാനം. കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി, ഓട്ടോ എന്നിവയും നഷ്‌ടത്തിലായി. ടൂറിസം മെറ്റൽ റിയൽറ്റി, ക്യാപ്പിറ്റൽ മാർക്കറ്റ്, ധനകാര്യം, ബാങ്ക്, മീഡിയ, ഓയിൽ, ഹെൽത്ത്, ഫാർമ തുടങ്ങിയവ നല്ല നേട്ടം ഉണ്ടാക്കി.

മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും വലിയ നേട്ടത്തിൽ അവസാനിച്ചു. ഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2630 ഓഹരികൾ നേട്ടം ഉണ്ടാക്കി, 1703 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2373 ഓഹരികൾ കയറിയപ്പോൾ 1145 എണ്ണം മാത്രം താഴ്ന്നു.

വിദേശനിക്ഷേപകർ വിൽപന വലിയ തോതിൽ തുടരുകയാണ്. സെപ്റ്റംബറിൽ ഇതുവരെ അവർ 20,974 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. ഈ വർഷം ഇതുവരെ 2.5 ലക്ഷം കോടി രൂപയാണ് അവർ ഇവിടെ നിന്നു പിൻവലിച്ചത്. 2025-ൽ 1.7 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നു മടക്കി കൊണ്ടു പോയിരുന്നു. എന്നാൽ വെള്ളിയാഴ്ച അവർ ക്യാഷ് വിപണിയിൽ 599.54 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1019.69 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

വെള്ളിയാഴ്ച സെൻസെക്‌സ് 19.63 പോയിൻ്റ് (0.03%) താഴ്ന്ന് 74,294.96ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 75.80 പോയിൻ്റ് (0.33%) നേട്ടത്തോടെ 23,346.40ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 302.95 പോയിൻ്റ് (0. 54%) നേട്ടത്തോടെ 56,358.70ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 759.15 പോയിൻ്റ് (1.24%) കയറി 62,191.25ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 340.00 പോയിൻ്റ് (1.74%) ഉയർന്ന് 19,875.70ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

ടാറ്റ ഗ്രൂപ്പ് പോര് നിയമയുദ്ധത്തിലേക്കു നീങ്ങി. ടാറ്റ സൺസ് ഡയറക്ടർ ബോർഡിൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തു ടാറ്റ ട്രസ്റ്റുകൾ കോടതിയെ സമീപിക്കും. അതു ഗ്രൂപ്പിൻ്റെ സമീപകാല വളർച്ചയെ ബാധിക്കുന്ന നിലയിലേക്കു നീങ്ങും എന്നു വ്യക്തമാണ്. ഗ്രൂപ്പ് കമ്പനികൾക്കു വിപണിയിൽ ക്ഷീണം ഉണ്ടാകാം.

ആന്ധ്രപ്രദേശിലെ ദുഗരാജ പട്ടണത്ത് കപ്പൽ നിർമാണശാല തുടങ്ങാൻ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് നാഷണൽ ഷിപ് ബിൽഡിംഗ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് എപിയുമായി ധാരണാപത്രം ഒപ്പിട്ടു. 15,000 കോടി രൂപ മുതൽമുടക്കു വരുന്നതാണു പദ്ധതി. ലെൻസ്കാർട്ട് സൊലൂഷൻസിലെ ഓഹരി ശരാശരി 685.42 രൂപ വച്ച് ആങ്കർ നിക്ഷേപകരായ പ്ലാറ്റിനം ജാസ്മിൻ ട്രസ്റ്റ് ഇന്നു വിൽക്കും. 2047.4 കോടി രൂപയുടേതാണ് ഇടപാട്.

അഹമ്മദാബാദിൽ 351.24 കോടി രൂപയുടെ മലിനീകരണ പ്ലാൻ്റ് കരാർ വെൽസ്പൺ എൻ്റർപ്രൈസസിനു ലഭിച്ചു. നെസ്‌ലെ ഇന്ത്യയുടെ നാൻ പ്രോ, ലാക്ടോജൻ പ്രോ എന്നിവയുടെ പേരിൽ നിയമനടപടികൾക്കു ഭക്ഷ്യസുരക്ഷാ വിഭാഗം തുടക്കമിട്ടു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ നിന്നു 405 കോടി രൂപയുടെ റെയിൽപാത നിർമാണ കരാർ ആർവിഎൻഎലിനു ലഭിച്ചു.

സ്വർണം കയറുന്നു

കഴിഞ്ഞയാഴ്ച അമേരിക്കയിലും ജപ്പാനിലും പലിശ നിരക്കു കൂട്ടിയെങ്കിലും സ്വർണം കയറ്റം തുടർന്നു. ഇന്നു രാവിലെ വില അല്പം താഴ്ന്ന ശേഷം കയറ്റം പുനരാരംഭിച്ചു. പലിശനിരക്കു കൂടിയാലും സർക്കാരുകളുടെ കടമെടുപ്പ് കുറയില്ലെന്നു വിപണി കരുതുന്നു. ഇനിയും പലിശ കൂട്ടേണ്ടി വരും. കേന്ദ്രബാങ്കുകൾ സുരക്ഷിതമായ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തും ഇതാണു വിപണി കണക്കാക്കുന്നത്.

ഫ്രഞ്ച് ബാങ്ക് സോസേറ്റേ ഷനറാലിൻ്റെ പ്രവചനം 2026 അവസാനം സ്വർണം ഔൺസിന് 4750 ഡോളറിലും 2027 ഏപ്രിലോടെ 5000 ഡോളറിലും ജൂണോടെ 5250 ഡോളറിലും എത്തുമെന്നാണ്. വെള്ളിയാഴ്ച 36.30 ഡോളർ (0.84%) കൃതിപ്പോടെ ഔൺസിന് 4379.00 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4365 ഡോളർ വരെ താഴ്ന്നിട്ട് 4384 ലേക്കു കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 1160 രൂപ കൂടി 1,13,240 രൂപ ആയി. ശനിയാഴ്ച 1040 രൂപ വർധിച്ച് 1,14,280 രൂപയിൽ എത്തി. വെള്ളിവില വെള്ളിയാഴ്ച 1.60 ശതമാനം കൂടി ഔൺസിന് 66.38 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.44 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1795 ഡോളർ, പല്ലാഡിയം 1286 ഡോളർ, റോഡിയം 8500 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ചെമ്പിനു വലിയ കുതിപ്പ്

വെള്ളിയാഴ്ച ചെമ്പ് വലിയ കുതിപ്പ് നടത്തി. ഏതാനും ദിവസത്തെ നഷ്‌ടം നികത്തുന്നതായി കയറ്റം. ചൈനീസ് ഡിമാൻഡിൽ ഗണ്യമായ വർധന ഉണ്ടായതാണു കാരണം. ചെമ്പ് 3.77 ശതമാനം ഉയർന്നു ടണ്ണിന് 14,528.75 ഡോളർ ആയി. അലൂമിനിയം 0.08 ശതമാനം താഴ്ന്നു 3281.55 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും ഉയർന്നു. നിക്കൽ താഴ്ന്നു.

വിദേശത്തു റബർ താഴ്ന്നു

ഡോളർ നിരക്ക് ഉയർന്നതു വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ റബർവില താഴ്ത്തി. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 278.80 ഡോളറിലും ആർഎസ്എസ്-3 ക്വിൻ്റലിന് 277.00 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,400 രൂപ തുടർന്നു.

കൊക്കോ വീണ്ടും ഇടിഞ്ഞു

കൊക്കോ വില 7.71 ശതമാനം കൂടി ഇടിഞ്ഞു ടണ്ണിന് 5327 ഡോളറിൽ ക്ലോസ് ചെയ്തു. ഓഗസ്റ്റ് പകുതിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. കഴിഞ്ഞമാസം ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 18 ശതമാനം വർധിച്ച് 21.4 ലക്ഷം ടൺ ആയി. ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വർഷത്തെ ഉയർന്ന നിലയായ 34.2 ലക്ഷം ചാക്ക് ആയി. അറബിക്ക കാപ്പി 1.45 ശതമാനം ഉയർന്നു പൗണ്ടിന് 2.805 ഡോളർ ആയി. പാം ഓയിൽ1.70 ശതമാനം ഉയർന്നു ടണ്ണിന് 4898 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ ഉയരത്തിൽ

പലിശ വർധനയ്ക്കു ശേഷം ഉയർന്ന യു.എസ് ഡോളർ സൂചിക വെള്ളിയാഴ്ച കാര്യമായ മാറ്റമില്ലാതെ 100.22ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.30 വരെ കയറിയിട്ട് അൽപം താഴ്ന്നു.

യൂറോ 1.1482 ഡോളറിലേക്കും പൗണ്ട് 1.3388 ഡോളറിലേക്കും കയറി ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.74 യെൻ ആയി താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഉയർന്ന് 5.007 ശതമാനത്തിൽ എത്തി.

രൂപ നേട്ടത്തിൽ

വെള്ളിയാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം രൂപ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡോളർ ആറു പൈസ നഷ്‌ടപ്പെട്ട് 95.87 രൂപയിൽ അവസാനിച്ചു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.92 രൂപയിലാണ്. ചൈനീസ് യുവാൻ 14.29 രൂപയായി താണു. യൂറോ 110.41 രൂപയായി ഉയർന്നു.

ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു

യെമനിലെ ഹൂതികൾ സൗദി അറേബ്യക്ക് എതിരേ വലിയ ആക്രമണം നടത്തുന്നുണ്ട്. ഇറാൻ കനത്ത ആക്രമണ ഭീഷണി മുഴക്കുകയും ചെയ്യുന്നു. എങ്കിലും ക്രൂഡ് ഓയിൽ വില താഴുകയാണ്. വരുന്ന ശീതകാലത്തേക്കു യൂറോപ്പിനു വേണ്ടത്ര ക്രൂഡ് ഓയിലും പ്രകൃതിവാതകവും കിട്ടുകയില്ല എന്ന ആശങ്ക ഉണ്ട്. റിഫൈനറികൾക്കു കേടുപാടു വന്നതിനാൽ റഷ്യ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു ഡീസലും പെട്രോളും വാങ്ങുകയാണ്. ഈ സാഹചര്യത്തിലും ക്രൂഡ് വില താഴോട്ടു നീങ്ങുന്നതു ശ്രദ്ധേയമാണ്.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 0.95 ഡോളർ കുറഞ്ഞ് 103.87 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ രണ്ടു ശതമാനം കൂടി താഴ്‌ന്ന് 101.54 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 98.09 ഡോളറിലാണ്.

ക്രിപ്റ്റോകൾ നേട്ടത്തിൽ

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ കുതിച്ചു. ബിറ്റ്കോയിൻ 81,750 ഡോളറിനു മുകളിൽ എത്തി. ഈഥർ 2680 ഡോളറിനും സൊലാന 112.50 ഡോളറിനും മുകളിലാണ്.

വിപണി സൂചനകൾ

(2026 സെപ്റ്റംബർ 18, വെള്ളി)

  • സെൻസെക്സ്: 74,294.96 -0.03%

  • നിഫ്റ്റി-50: 23,346.40 +0.33%

  • ബാങ്ക് നിഫ്റ്റി: 56,358.76 +0.54%

  • മിഡ് ക്യാപ്-100: 62,191.25 +1.24%

  • സ്മോൾ ക്യാപ്-100: 19,875.70 +1.74%

  • ഡൗജോൺസ്: 51,682.64 -0.18%

  • എസ്ആൻഡ്പി: 7650.50 +0.17%

  • നാസ്ഡാക്: 26,522.55 +0.40%

  • ഡോളർ: ₹95.87 -₹0.06

  • സ്വർണം (ഔൺസ്): $4379.00 +$36.30

  • സ്വർണം (പവൻ): ₹1,13,240 +₹1160

  • ശനി: ₹1,14,280 +₹1040

  • ക്രൂഡ് ഓയിൽ ബ്രെൻ്റ്: $103.87 -0.95

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT