ജപ്പാനുമായി അമേരിക്ക വ്യാപാരകരാർ ഉണ്ടാക്കി. യൂറോപ്പ്യൻ യൂണിയനുമായുള്ള കരാർ നാളെ പ്രഖ്യാപിക്കും. ഇവ ആഗോള വിപണികളെ ആശ്വാസത്തിലാക്കി. നേരത്തേ ജപ്പാന് 25 ശതമാനം തീരുവ എന്നു ഭീഷണിപ്പെടുത്തിയ ട്രംപ് 15 ശതമാനത്തിലേക്കു തീരുവ കുറച്ചു. വാഹനങ്ങളുടെ തീരുവയും 25-ൽ നിന്നു 15 ശതമാനമാക്കി. ഇവ കുറച്ചത് വിപണികളിൽ മികച്ച മുന്നേറ്റത്തിനു വഴി തെളിച്ചു. ജപ്പാൻ അമേരിക്കയിൽ നിന്ന് അരിയും കാറുകളും ഇറക്കുമതി ചെയ്യും എന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഉണ്ടാകും എന്നല്ലാതെ വിശദാംശങ്ങൾ ട്രംപ് പറഞ്ഞില്ല.
ഇന്ത്യ- യുഎസ് കരാർ സംബന്ധിച്ച പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. അമേരിക്ക - ജപ്പാൻ കരാർ ഇന്ത്യക്കു പ്രതീക്ഷ പകരുന്നതാണ്. 26 ശതമാനം തീരുവ എന്നത് 15 ശതമാനത്തിനടുത്തേക്ക് കുറയും എന്ന പ്രതീക്ഷയാണു ഡൽഹിയിൽ ഉള്ളത്. എന്നാൽ കാർഷികോൽപന്നങ്ങളുടെയും വാഹനങ്ങളുടെയും കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ച നടത്തേണ്ടി വരും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 25,140.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,171 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെയും താഴ്ന്നു. ജർമൻ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. അമേരിക്കൻ വിപണികൾ ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഭിന്ന ദിശകളിൽ അവസാനിച്ചു. ടെക് ഓഹരികളിലെ ലാഭമെടുപ്പ് നാസ്ഡാക് സൂചികയെ റെക്കോർഡ് നിലയിൽ നിന്നു താഴ്ത്തി. ചിപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നലെ താഴ്ന്നു. രണ്ടാം പാദ ലാഭം കുറഞ്ഞത് മിലിട്ടറി ഉൽപന്ന കമ്പനി ലോക്ക്ഹീഡ് മാർട്ടിനെ താഴ്ത്തി. കമ്പനിയിൽ നിന്നു പുതിയ അറിയിപ്പുകൾ ഉണ്ടായില്ലെങ്കിലും ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ കമ്പനി കോൾസ് 38 ശതമാനം കുതിച്ചു. ഇതുവരെ റിസൽട്ട് പുറത്തുവിട്ട എസ് ആൻഡ് പി 500 കമ്പനികളിൽ 85 ശതമാനവും പ്രതീക്ഷയേക്കാൾ മികച്ച ലാഭവർധന കാണിച്ചു.
ഡൗ ജോൺസ് സൂചിക ചാെവ്വാഴ്ച 179.37 പോയിൻ്റ് (0.40%) ഉയർന്ന് 44,502.44 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 4.02 പോയിൻ്റ് (0.06%) നേട്ടത്തോടെ 6309.62 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 81.49 പോയിൻ്റ് (0.39%) താഴ്ന്ന് 20,892.69 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.19 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.06 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ജപ്പാൻ- അമേരിക്ക വ്യാപാരകരാറിനെ തുടർന്ന് ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് സൂചിക നിക്കൈ രണ്ടര ശതമാനം കുതിച്ചു. ജാപ്പനീസ് വാഹന കമ്പനികൾ 16 ശതമാനം വരെ കുതിച്ചു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും ഉയർന്നു. കൊറിയൻ വാഹന കമ്പനികൾ എട്ടു ശതമാനം വരെ കയറി.
തിങ്കളാഴ്ചത്തെ നേട്ടം നിലനിർത്താൻ ഇന്നലെ വിപണി ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുഖ്യ വിപണികൾ വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം നേരിയ നഷ്ടത്തിൽ അവസാനിച്ചപ്പോൾ വിശാലവിപണി കൂടുതൽ താഴ്ചയിലായി. എല്ലാ ബിസിനസ് മേഖലകളും നഷ്ടം കുറിച്ചു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും ഫാർമസ്യൂട്ടിക്കൽസും നഷ്ടത്തിനു മുന്നിൽ നിന്നു.
തിങ്കളാഴ്ച ഏഴര ശതമാനം ഉയർന്ന എറ്റേണൽ (സൊമാറ്റോ) ഇന്നലെ 10.32 ശതമാനം കൂടി കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം മൂന്നു ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തിച്ചു. ക്വിക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റിൻ്റെ മികച്ച പ്രകടനമാണ് കമ്പനിയെ സഹായിച്ചത്. ഏറ്റേണലിനെ പിന്തുടർന്ന് സ്വിഗ്ഗി ഇന്നലെ 5.9 ശതമാനം കുതിച്ചു. എറ്റേണലിൽ അഞ്ചുശതമാനം ഓഹരിയുള്ള ഇൻഫോ എഡ്ജ് അഞ്ചു ശതമാനം നേട്ടം ഉണ്ടാക്കി.
സീ ഗ്രാമിൽ നിന്ന് ഇംപീരിയൽ ബ്ലൂ ബ്രാൻഡ് വിസ്കി വാങ്ങാനുള്ള ശ്രമത്തിൽ തിലക് നഗർ ഇൻഡസ്ട്രീസ് മുന്നിൽ നിൽക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് ഓഹരി 14 ശതമാനം കയറി.
വരുമാനം ഗണ്യമായി വർധിപ്പിക്കുകയും അറ്റാദായം 44.4 ശതമാനം ഉയർത്തുകയും മാർജിനുകൾ കൂട്ടുകയും ചെയ്ത എസ്എംഎൽ സുസുകി 10 ശതമാനം കുതിച്ചു കയറി. കമ്പനിയുടെ ജാപ്പനീസ് പ്രൊമോട്ടർ കമ്പനികളുടെ 59 ശതമാനം ഓഹരി ഡിസംബറോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കു കൈമാറും. ഇതിനായി മേയിൽ ഓപ്പൺ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഓപ്പൺ ഓഫർ വിലയായ 1554.6 രൂപയിൽ നിന്നു 138 ശതമാനം ഉയർന്നാണ് ഓഹരിവില ഇപ്പോൾ.
ഒന്നാം പാദത്തിൽ ലാഭം ഗണ്യമായി വർധിപ്പിച്ചെങ്കിലും പരസ്യവരുമാനത്തിൽ വലിയ ഇടിവ് വന്നതിനെ തുടർന്നു സീ എൻ്റർടെയ്ൻമെൻ്റ് ഓഹരി 6.23 ശതമാനം താഴ്ന്നു.
ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് തിങ്കളാഴ്ച മൂന്നു ശതമാനം ഇടിഞ്ഞ റിലയൻസ് ഇൻഡസ്ടീസ് ഇന്നലെ1.04 ശതമാനം കൂടി താഴ്ന്നു. ഇതോടെ സർവകാല റെക്കോർഡിൽ നിന്ന് ഒൻപതു ശതമാനം താഴെയായി ഓഹരി. രണ്ടു ദിവസം കൊണ്ടു കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപ കുറഞ്ഞു.
വിദേശനിക്ഷേപകർ ഇന്നലെയും ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി.
നിഫ്റ്റി ചൊവ്വാഴ്ച 29.80 പോയിൻ്റ് (0.12%) താഴ്ന്ന് 25,060.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 13.53 പോയിൻ്റ് (0.02%) എന്ന നാമമാത്ര താഴ്ചയോടെ 82,186.81 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 196.75 പോയിൻ്റ് (0.35%) താഴ്ന്ന് 56,756.00 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 364.95 പോയിൻ്റ് (0.61%) കുറഞ്ഞ് 59,103.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 64.95 പോയിൻ്റ് (0.34%) കുറഞ്ഞ് 18,893.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1728 ഓഹരികൾ ഉയർന്നപ്പോൾ 2300 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1279 എണ്ണം. താഴ്ന്നത് 1673 ഓഹരികൾ.
എൻഎസ്ഇയിൽ 75 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 24 എണ്ണമാണ്. ഏഴ് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ അഞ്ച് എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 3548.92 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5239.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിക്ഷേപകരുടെ വലിയ പ്രതീക്ഷകൾ ഇന്നലെ സഫലമായില്ല. വിപണിക്കു കുതിച്ചു കയറാൻ സാധിച്ചില്ല. നിഫ്റ്റി 25,250നു മുകളിൽ കരുത്തോടെ കയറിയാൽ മാത്രമേ തുടർകയറ്റം ഉണ്ടാകൂ എന്നു നിക്ഷേപവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുവരെ 24,900 പിന്തുണയായി വർത്തിക്കും.
ഇന്നു നിഫ്റ്റിക്ക് 25,035 ഉം 24,950 ഉം പിന്തുണയാകും. 25,150 ലും 25,240 ലും തടസം ഉണ്ടാകാം.
സ്വർണവില കുതിപ്പ് തുടർന്നു . ഡോളറിൻ്റെ ദൗർബല്യവും വ്യാപാരയുദ്ധം സംബന്ധിച്ച അനിശ്ചിതത്വവും സ്വർണത്തിലേക്കു വലിയ നിക്ഷേപകരെ നയിക്കുന്നു. സ്വർണം ഇന്നലെ ഔൺസിനു 34.70 ഡോളർ കയറി 3432.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3423 ഡോളറിലേക്കു താഴ്ന്നു. ജപ്പാൻ - യുഎസ് വ്യാപാര സന്ധി ഉണ്ടായ സാഹചര്യത്തിലാണ് ഇടിവ്.
കേരളത്തിൽ ചൊവ്വാഴ്ച പവന് 940 രൂപ കൂടി 74,280 രൂപയായി. കേരളത്തിലെ റെക്കോർഡ് വിലയായ 74,560 രൂപ ഇന്നു മറികടന്നേക്കാം എന്ന സൂചനയാണ് അന്താരാഷ്ട്ര വില നൽകുന്നത്.
വെള്ളിവില ഇന്നലെ ഔൺസിന് 39.40 ഡോളർ വരെ കയറിയിട്ട് 39.23 ഡോളറിൽ അവസാനിച്ചു. 2026-ൽ 42 ഡോളറിലേക്ക് സ്വർണം കയറും എന്നു പ്രവചിച്ചവർ ഈ വർഷം നാലാംപാദത്തിനു മുൻപ് ആ നിലവാരത്തിൽ വില എത്തുമോ എന്ന സംശയത്തിലാണ്.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ചയും ഉയർന്നു. എങ്കിലും കയറ്റം ദുർബലമായി. ചെമ്പ് 0.45 ശതമാനം ഉയർന്നു ടണ്ണിന് 9818.35 ഡോളറിൽ എത്തി. അലൂമിനിയം 0.49 ശതമാനം കയറി 2655.53 ഡോളർ ആയി. നിക്കലും ലെഡും ടിന്നും മുന്നേറ്റം നടത്തി. സിങ്ക് അൽപം താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.95 ശതമാനം കയറി 170.40 സെൻ്റിൽ എത്തി. കൊക്കോ 0.33 ശതമാനം താഴ്ന്ന് ടണ്ണിന് 8129 ഡോളർ ആയി. കാപ്പി 1.51 ശതമാനം ഉയർന്നു. തേയില വീണ്ടും താഴ്ന്നു. പാം ഓയിൽ വില 0.26 ശതമാനം താഴ്ന്നു.
യുഎസ് ഡോളർ സൂചിക താഴാേട്ടുള്ള യാത്ര ഇന്നലെയും തുടർന്നു. ഇന്നലെ 97.39 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.41 ലാണു സൂചിക.
കറൻസി വിപണിയിൽ യൂറോ 1.1738 ഡോളറിലേക്കും പൗണ്ട് 1.3522 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 146.65 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. തീരുവ കുറഞ്ഞത് യെന്നിനെ ഇനിയും ഉയർത്തും.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വർധിച്ചു. അവയിലെ നിക്ഷേപനേട്ടം 4.358 ശതമാനത്തിലേക്ക് താഴ്ന്നു.
രൂപ ഇടിവ് തുടരുകയാണ്. രാവിലെ നേട്ടത്തോടു കൂടി വ്യാപാരം ആരംഭിച്ചിട്ടു നഷ്ടത്തിലേക്കു മാറി. ഡോളർ എട്ടു പൈസ കയറി 86.37 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിലേക്കു കയറി.
തീരുവ സംബന്ധിച്ചു ജപ്പാനുമായി അമേരിക്ക ധാരണയിൽ എത്തിയതു ക്രൂഡ് ഓയിൽ വിപണിയെ ഉണർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് 68.94 ഡോളറിലേക്കു കയറി. ഇന്നു രാവിലെ ഡബ്ല്യുടിഐ ഇനം 66.21 ഡോളറിലും മർബൻ ക്രൂഡ് 71.24 ഡോളറിലും ആണ്. പ്രകൃതിവാതക വില അൽപം കയറി.
ക്രിപ്റ്റോ കറൻസികൾ ഭിന്നദിശകളിലായി. ബിറ്റ് കോയിൻ ഉയർന്ന് 1,19,600 ഡോളറിനു സമീപമാണ്. ഈഥർ 3730 ഡോളറിനു താഴെ നിൽക്കുന്നു.
(2025 ജൂലൈ 22, ചൊവ്വ)
സെൻസെക്സ്30 82,186.81 -0.02%
നിഫ്റ്റി50 25,060.90 -0.12%
ബാങ്ക് നിഫ്റ്റി 56,756.00 -0.35%
മിഡ് ക്യാപ്100 59,103.40 -0.61%
സ്മോൾക്യാപ്100 18,893.35 -0.34%
ഡൗജോൺസ് 44,502.44 +0.40%
എസ്ആൻഡ്പി 6309.62 +0.0%
നാസ്ഡാക് 20,892.69 +0.39%
ഡോളർ($) ₹86.37 +₹0.08
സ്വർണം(ഔൺസ്) $3432.40 +$34.70
സ്വർണം(പവൻ) ₹74,280 +₹940
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.59 -$0.50
Read DhanamOnline in English
Subscribe to Dhanam Magazine