Morning business news Canva
Markets

സമാധാനപ്രതീക്ഷ അകലെ; 96 ഡോളർ കടന്നു ക്രൂഡ് ഓയിൽ; ഏഷ്യൻ വിപണികൾ കയറുന്നു; സ്വർണവില ഉയരുന്നു

രാജ്യത്തെ ഭൂവിസ്തൃതിയിൽ 54 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്

T C Mathew

പശ്ചിമേഷ്യൻ യുദ്ധത്തിലെ സമാധാന പ്രതീക്ഷകൾ വീണ്ടും അകലുന്നു. തുടർച്ചയായ 12 -ാം ദിവസവും തെക്കൻ ഇറാൻ്റെ തീരത്ത് യുഎസ് വ്യോമാക്രമണം നടത്തി. ബഹറിനിലും ജോർദാനിലും ഇറാൻ്റെ ആക്രമണവും ഉണ്ടായി. ഹോർമുസിലും ചെങ്കടലിലും എണ്ണക്കപ്പൽ നീക്കം മുടങ്ങിയത് ക്രൂഡ് ഓയിൽ വിലയെ 96 ഡോളറിനു മുകളിൽ എത്തിച്ചു.

യുഎസ് വിപണി ഇന്നലെ നാമമാത്രമായി താഴ്ന്നു. ഫ്യൂച്ചേഴ്സ് അൽപം ഉയർന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ക്രൂഡ് വിലക്കയറ്റത്തിൻ്റെ ആശങ്കയിലാണ് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,890.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,920 വരെ കയറിയിട്ടു 23,879 ലേക്കു താഴ്ന്നു. വിപണി ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ കമ്മി 18.9 ശതമാനം

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ജൂലൈ 22 ന് 18.9 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ് കേരളത്തിൽ കമ്മി 35 ശതമാനത്തിലേക്കു കയറി. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 54 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.

യുഎസ് വിപണി താഴ്ന്നു

യുഎസ് -ഇറാൻ ചർച്ചയുടെ സാധ്യത കുറയുന്നു എന്ന സൂചന ഇന്നലെ യുഎസ് വിപണിയെ ചെറിയ നഷ്ടത്തിലാക്കി.

ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി 6.7 ശതമാനം ഇടിഞ്ഞു 115.26 ഡോളറിൽ എത്തി. ഇന്നലെ റിസൽട്ടിനു മുമ്പ് മസ്കിൻ്റെ ടെസ്‌ല 1.30 ശതമാനം താഴ്ന്നു. വിറ്റുവരവ് ഒഴിച്ചു പറഞ്ഞിരുന്ന ലക്ഷ്യങ്ങൾ ഒന്നും നേടാത്ത റിസൽട്ടിനു ശേഷം നാലു ശതമാനം ഇടിഞ്ഞു.

എൻവിഡിയ ഓഹരി വീണ്ടും കയറി വിപണിമൂല്യം 5.13 ലക്ഷം കോടി ഡോളർ ആയി ഉയർത്തി.

ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് നിർമിതബുദ്ധി മൂലധനച്ചെലവ് 20,500 കോടി ഡോളറിലേക്കു വർധിപ്പിക്കും എന്ന് അറിയിച്ചു. പതിവ് സമയത്തു 1.24 ശതമാനം താണ ഓഹരി തുടർവ്യാപാരത്തിൽ 2.83 ശതമാനം കൂടി നഷ്‌ടത്തിലായി.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 6.06 പോയിൻ്റ് (0.01 ശതമാനം) കുറഞ്ഞ് 52,218.58 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 10.24 പോയിൻ്റ് (0.14%) നഷ്ടത്തോടെ 7498.96 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 146.30 പോയിൻ്റ് (0. 57%) താഴ്ന്ന് 25,690.90 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് നേട്ടത്തിൽ

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 45 പോയിൻ്റും (0.09%) എസ് ആൻഡ് പി 6 പോയിൻ്റും (0.07%) നാസ്ഡാക് 63 പോയിൻ്റും (0.22 %) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വിപണിസമയത്ത് 2.32 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.17 ശതമാനം കൂടി താണ് 23.14 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.00 താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.53 ശതമാനം കൂടി നഷ്‌ടപ്പെട്ട് 29.00 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.06% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.09% താഴ്ന്ന് 10.92 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.55% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.52 ശതമാനം കയറി 1.8195 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് കയറ്റം തുടർന്നു

യൂറോപ്യൻ വിപണികൾ ഇന്നലെയും മികച്ച നേട്ടമുണ്ടാക്കി.യുകെയിൽ പ്രധാനമന്ത്രി ആൻഡി ബേണാമിൻ്റെ കാബിനറ്റിനു വിപണി ചീയേഴ്സ് വിളിച്ചു. വ്യോമയാന കമ്പനികളുടെ ഉടമസ്ഥതയ്ക്കു കർക്കശ വ്യവസ്ഥകൾ കൊണ്ടുവരാനുള്ള യൂറോപ്യൻ യൂണിയൻ്റെ ശ്രമം ഈസിജെറ്റ് ഓഹരിയെ 12 ശതമാനം ഇടിവിലാക്കി. 500 കോടി യൂറോയുടെ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ച എയർബസ് ഓഹരി ഏഴു ശതമാനം കുതിച്ചു.

ഏഷ്യൻ വിപണികൾ നേട്ടത്തിൽ

ഏഷ്യൻ വിപണികൾ ഇന്നു മുന്നേറ്റത്തിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി നാലു ശതമാനം ഉയർന്നു. ജാപ്പനീസ് നിക്കൈ സൂചിക 1.2 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 1.10 ശതമാനം ഉയർന്നു. ഹോങ് കോങ് 0.40 ശതമാനം കയറി. ഷാങ്ഹായ് 0.10 ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി തളർച്ചയിൽ

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും രൂപ ദുർബലമായതും അമേരിക്കയുടെ തീരുവ നടപടികളും ഇന്നലെ ഇന്ത്യൻ വിപണിയിൽ ചോരപ്പുഴ ഒഴുക്കി. നിഫ്റ്റി 24,000 നും സെൻസെക്സ് 77,000 നും താഴെ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് , ഇൻഫോസിസ് തുടങ്ങിയവ ഇന്നലെ താഴ്‌ന്നു.

വിദേശനിക്ഷേപകർ ഇന്നലെ വീണ്ടും അറ്റവില്പനക്കാരായി. അവർ കാഷ് വിപണിയിൽ 819.20 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 418.26 കോടി രൂപയുടെ അറ്റവിൽപനക്കാരുമായി.

ബുധനാഴ്ച സെൻസെക്‌സ് 715.06 പോയിൻ്റ് (0.92%) താഴ്ന്ന് 76,755.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 191.45 പോയിൻ്റ് (0.79%) നഷ്ടത്തോടെ 23,996.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 708.55 പോയിൻ്റ് (1.23%) ഇടിഞ്ഞ് 57,126.80 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 687.00 പോയിൻ്റ് (1.09%) നഷ്‌ടത്തോടെ 62,300.60 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 298.80 പോയിൻ്റ് (1.54%) ഇടിഞ്ഞ് 19,129.25 ൽ ക്ലോസ് ചെയ്തു.

കയറുന്ന ഓരോഹരിക്കു രണ്ട് എന്ന തോതിൽ ഓഹരികൾ ഇന്നലെ താഴ്ന്നു. ബിഎസ്ഇയിൽ 1376 ഓഹരികൾ കയറി, 2863 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1049 എണ്ണം ഉയർന്നപ്പോൾ 2217 എണ്ണം താഴ്ന്നു .

ജനറിക് ഔഷധങ്ങൾക്കു തീരുവ വർധിപ്പിച്ച യുഎസ് നടപടി ഫാർമ ഓഹരികളെ താഴ്ത്തിയെങ്കിലും തകർച്ചയിലാക്കിയില്ല. 2028 വരെ സമയമുള്ളതു വിലപേശലിനു സമയം നൽകും എന്നതും 2029 ജനുവരിയിൽ ട്രംപിൻ്റെ കാലാവധി തീരും എന്നതും ആശങ്ക ലഘൂകരിച്ചു.

ആസ്‌തി നിലവാരത്തെപ്പറ്റി സംശയം ഉയർന്നതു ബന്ധൻ ബാങ്ക് ഓഹരിയെ 17 ശതമാനം ഇടിവിലാക്കി.

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ നിന്ന് 1300 കോടി രൂപയുടെ കരാർ ഉറപ്പായത് ഡാറ്റാ പാറ്റേൺസിനെ 12 ശതമാനം ഉയർത്തി.

മികച്ച ഒന്നാംപാദ വളർച്ചയിൽ നെസ്‌ലെ 3.31 ശതമാനം കയറി.

മികച്ച വളർച്ചവഴിയിലേക്കു കയറിയ ബജാജ് ഓട്ടോ ഓഹരി 5.92 ശതമാനം കുതിച്ചു.

കമ്പനികൾ, വാർത്തകൾ

പൊതുമേഖലാ എണ്ണകമ്പനികൾ ഒന്നാം പാദത്തിൽ വലിയ നഷ്ടത്തിലായി. ക്രൂഡ് ഓയിൽ വിലയിലെ വർധന വിൽപനവിലയിൽ ഈടാക്കാൻ പറ്റാത്തതാണു കാരണം. എച്ച്പിസിഎൽ 12,265 കോടിയും ബിപിസിഎൽ 3962 കോടിയും രൂപ നഷ്‌ടമാക്കി.

കിട്ടാക്കടങ്ങൾക്കു വകയിരുത്തൽ കുറഞ്ഞതിനെ തുടർന്ന് ജൂൺ പാദത്തിൽ ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ അറ്റാദായം 46.5 ശതമാനം വർധിച്ചു. അറ്റപലിശ വരുമാനം 7.2 ശതമാനം കൂടി.

ലെനാ ലിഡോമൈഡ് എന്ന കാൻസർ മരുന്നിൻ്റെ വിൽപന പ്രതീക്ഷ പോലെ വരാത്തതും ഭാരം കുറയ്ക്കൽ ഔഷധമായ സെമാഗ്ലൂറ്റൈഡിൻ്റെ നിലവാരം മോശമായതിന് 240 കോടി രൂപ വകയിരുത്തേണ്ടി വന്നതും ഡോ. റെഡ്ഡീസ് ലബോറട്ടറീസിൻ്റെ അറ്റാദായം 69 ശതമാനം ഇടിച്ചു.

സ്വർണം കുതിപ്പ് തുടരുന്നു

സ്വർണം വീണ്ടും കുതിച്ചു. ഇന്നലെ 52.70 ഡോളർ (1.29 ശതമാനം) ഉയർന്ന സ്വർണം ഔൺസിനു 4131.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇടയ്ക്കു 4164 ഡോളർ വരെ എത്തി. ഇന്നു രാവിലെ വില 4130 ഡോളറിനടുത്തു നിൽക്കുന്നു.

സ്വർണം ഇപ്പോൾ 200 ദിന മൂവിംഗ് ശരാശരിക്കു സമീപമാണെന്നും സെപ്റ്റംബറിനു മുമ്പ് താഴ്ന്ന നിലയിൽ എത്തിയിട്ട് കയറ്റം തുടങ്ങുമെന്നും വിപണി സ്‌ട്രാറ്റജിസ്റ്റും സ്പ്രോട്ട് ഇൻകോർപറേറ്റഡ് മാനേജിംഗ് പാർട്‌നറുമായ പോൾ വോംഗ് അഭിപ്രായപ്പെട്ടു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 1680 രൂപ വർധിച്ച് 1,07,440 രൂപ ആയി.

വെള്ളിവില ഔൺസിന് 61 ഡോളറിൽ എത്തിയ ശേഷം താഴ്‌ന്ന് 59.84 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 59.90 ഡോളർ ആയി. വെള്ളിവിലയില

തിരുത്തൽ കഴിഞ്ഞെന്നും ഇനി 70 ഡോളറിലേക്കു നീങ്ങുമെന്നും ചില ബ്രോക്കറേജുകൾ വിലയിരുത്തി.

പ്ലാറ്റിനം 1639 ഡോളർ, പല്ലാഡിയം 1278 ഡോളർ, റോഡിയം 7825 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ബാങ്കോക്കിൽ റബർ ഇടിവ് തുടരുന്നു

രാജ്യാന്തര റബർ വില ഇടിവ് തുടരുകയാണ്. കേരളത്തിൽ ഉയർന്ന വില തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 289.90 ഡോളറിലും ആർഎസ്എസ് മൂന്ന് 286.45 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 28,200 രൂപയിൽ തുടർന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ മഴ മാറി ഉൽപാദനം പൂർണ തോതിൽ ആയതു ലഭ്യത വർധിപ്പിച്ചു. ചൈനീസ് ഡിമാൻഡ് കുറയുകയും ചെയ്തു

ലോഹങ്ങൾ ഉയർന്നു

അലൂമിനിയം ഉൾപ്പെടെ വ്യാവസായിക ലോഹങ്ങൾ വീണ്ടും നേട്ടം ഉണ്ടാക്കി. ചെമ്പ് 0.27 ശതമാനം ഉയർന്നു ടണ്ണിനു 13,893.50 ഡോളർ ആയി. പ്രമുഖ ചെമ്പ് ഉൽപാദക രാജ്യമായ ലണ്ടൻ, ഷാങ്ഹായ് മെറ്റൽ എക്സ്ചേഞ്ചുകളിൽ സ്റ്റോക്ക് റെക്കോർഡ് താഴ്ചയിലാണ്. 2027 പകുതി വരെ ദൗർലഭ്യം തുടരും എന്നാണു കിംവദന്തി. അലൂമിനിയം 0.95 ശതമാനം നേട്ടത്തോടെ 3189.95 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും കയറി. ടിന്നും നിക്കലും താഴ്ന്നു.

കാപ്പിയും കൊക്കോയും താഴ്ന്നു

കൊക്കോ വില ബുധനാഴ്ച 4.53 ശതമാനം ഇടിഞ്ഞു ടണ്ണിന് 5353 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇൻഡോനീഷയിൽ ഉൽപാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയിൽ ഉൽപാദനം കുറയും. ചോക്കലേറ്റ് കമ്പനികളുടെ റിസൽട്ടാണു വിപണി ഉറ്റുനോക്കുന്നത്.

അറബിക്ക കാപ്പിവില 1.26 ശതമാനം താഴ്‌ന്നു പൗണ്ടിന് 3.18 ഡോളർ ആയി. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക താഴോട്ട്

യുഎസ് ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന 101.13 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.05 വരെ താഴ്ന്നു.

യൂറോ 1.1417 ഡോളറിലേക്കും പൗണ്ട് 1.3382 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 163.of യെൻ എന്ന നിലയിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.665 ശതമാനത്തിലേക്കു കയറി.

രൂപ ഇടിവിൽ

ബുധനാഴ്ച ഇന്ത്യൻ രൂപ നഷ്‌ടത്തിലായി. ഡോളർ 33 പൈസ ഉയർന്ന് 96.57 രൂപയിൽ അവസാനിച്ചു. ക്രൂഡ് ഓയിൽ വില കൂടുന്നതാണു പ്രധാന കാരണം.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.56 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.26 രൂപയിലും യൂറോ 110.27 രൂപയിലും നിൽക്കുന്നു.

ക്രൂഡ് ഓയിൽ 96 ഡോളർ കടന്നു

ക്രൂഡ് ഓയിൽ വില കയറ്റം തുടരുന്നു. ഹോർമുസിനു പിന്നാലെ ചെങ്കടലിലും യുക്രെയ്നോടു ചേർന്നുള്ള കരിങ്കടലിലും എണ്ണ നീക്കത്തിനു തടസം വന്നതാണു കാരണം. ചെങ്കടലിൽ ഹൂതി ഭീഷണി സൗദിയുടെ കയറ്റുമതിയെ ബാധിച്ചു.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ മൂന്നു ശതമാനം കയറി വീപ്പയ്ക്ക് 94.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2.2 ശതമാനം ഉയർന്ന് 96.12 ലേക്കു കയറി. ഡബ്ള്യുടിഐ ഇനം 88.30 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ പല വഴി

ക്രിപ്റ്റോകറൻസികൾ ഭിന്ന ദിശകളിലായി. ബിറ്റ് കോയിൻ ഇന്നു രാവിലെ 65,900 ഡോളറിനു താഴെ എത്തി. ഈഥർ 1930 ഡോളറിനും സൊലാന 78 ഡോളറിനും മുകളിലായി.

വിപണിസൂചനകൾ

(2026 ജൂലൈ 22, ബുധൻ)

സെൻസെക്സ് 76,755.05 -0.92

നിഫ്റ്റി50 23,996. 25 -0.79%

ബാങ്ക് നിഫ്റ്റി 57,126.80 -1.23%

മിഡ്ക്യാപ്100 62,300.60 -1.09%

സ്മോൾക്യാപ്100 19,129.25 -1.54%

ഡൗജോൺസ് 52,218.58 -0.01%

എസ്ആൻഡ്പി 7498.96 -0.14%

നാസ്ഡാക് 25,690.90 -0.57%

ഡോളർ ₹96.57 +₹0.33

സ്വർണം(ഔൺസ്)$4131.40 +$52.70

സ്വർണം(പവൻ) ₹1,07,440 +₹1680

ക്രൂഡ്ഓയിൽബ്രെൻ്റ്$94.07 +$2.43

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT