Morning business news canva
Markets

ആശ്വാസറാലി ദുർബലമായി; ഏഷ്യൻ വിപണികൾ ചെറിയ കയറ്റത്തിൽ; യുഎസ്-ചെെന ചർച്ച അകലെ; സ്വർണം തിരിച്ചു കയറുന്നു

ഇന്ത്യൻ വിപണിയിൽ സമാഹരണത്തിനുള്ള പ്രവണത; ക്രൂഡ് ഓയിൽ താഴുന്നു

T C Mathew

വ്യാപാരയുദ്ധത്തിന് ശമനം വരുമെന്ന പ്രതീക്ഷയിൽ വിപണികൾ ഉയരുകയാണ്. ഫെഡുമായുള പോരാട്ടം യുഎസ് പ്രസിഡൻ്റ് അവസാനിപ്പിച്ചത് ഡോളറിനും കടപ്പത്രങ്ങൾക്കും ആശ്വാസമായി. ഇന്നലെ ഗണ്യമായി ഇടിഞ്ഞ സ്വർണവില ഇന്നു രാവിലെ ഒരു ശതമാനത്തിലധികം തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്ന് ഒരു സമാഹരണത്തിനുള്ള പ്രവണതയാണു കാണിക്കുന്നത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,267 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,246 വരെ താഴ്ന്നു. പിന്നീടു കയറി. നിഫ്റ്റി ഇന്നു രാവിലെ താഴ്‌ന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തുടങ്ങി വച്ച വ്യാപാരയുദ്ധത്തിൽ അമേരിക്ക മുഖം രക്ഷിക്കാനുളള ശ്രമത്തിലേക്കു മാറുകയാണ്. ചൈനയ്ക്കു ചുമത്തിയ 245 ഉം 145 ഉം ശതമാനം തീരുവകൾ ഒന്നും കാര്യമാക്കേണ്ട, ഗണ്യമായി കുറഞ്ഞ തീരുവയിലേക്കു ചർച്ച വഴി എത്താം എന്നു ട്രംപ് പറഞ്ഞു. പക്ഷേ, ചർച്ചയ്ക്കു ക്ഷണിക്കേണ്ട രീതി ഇതല്ല എന്നു പറഞ്ഞു ചൈന അത് അവഗണിച്ചു. എങ്ങനെയെങ്കിലും ചൈനയെ ചർച്ചയിലേക്കു വരുത്താനുളള തീവ്രശ്രമത്തിലാണു ട്രംപ് ഭരണകൂടം. ചെെന തങ്ങളുടെ മേൽകൈ സ്ഥാപിക്കാൻ പറ്റുന്ന ഈ അവസരം നഷ്ടമാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നു നിരീക്ഷകർ കരുതുന്നു. ട്രംപ് ആദ്യം പറഞ്ഞതിലും കുറഞ്ഞ നിരക്കിലേക്കു തീരുവ കുറച്ചാലേ ചെെന ചർച്ചയ്ക്കു തയാറാകൂ എന്നു കരുതുന്നവർ ഉണ്ട്.

ഫെഡറൽ റിസർവ് ചെയർമാനെ ഇപ്പോൾ തെറിപ്പിക്കും എന്നു പലവട്ടം ഭീഷണിപ്പെടുത്തിയ ട്രംപ് അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല എന്നു പരസ്യമായി പറയേണ്ടിയും വന്നു. ഈ രണ്ടു സംഭവവികാസങ്ങളും വലിയ കുഴപ്പത്തിൽ നിന്നു ധനകാര്യ വിപണികളെ തിരിച്ചു കയറ്റി. യുഎസ് ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപകർ മടങ്ങി. സ്വർണത്തിൽ നിന്നു പിന്മാറ്റം ആരംഭിച്ചു. ഡോളർ സൂചിക തിരിച്ചു കയറാൻ തുടങ്ങി.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ 1.8 ശതമാനത്തിലധികം നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരയുദ്ധം തീരും എന്ന പ്രതീക്ഷയിലാണത്.

യുഎസ് വിപണി ബുധനാഴ്ച വമ്പൻ കുതിപ്പോടെ വ്യാപാരം തുടങ്ങിയിട്ടു ഭൂരിഭാഗം നേട്ടവും ഉപേക്ഷിച്ചാണ് അവസാനിച്ചത്. മൂന്നു ശതമാനം വരെ കുതിച്ചു കയറിയ ഡൗ ഒരു ശതമാനം മാത്രം ഉയർന്ന് ക്ലോസ് ചെയ്തു. എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും ഇതേ വഴിയിലായി.

ബുധനാഴ്ച  ഡൗ ജോൺസ് സൂചിക 419.59 പോയിൻ്റ് (1.07%) കുതിച്ച് 39,606.57 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 88.10 പോയിൻ്റ് (1.67%) ഉയർന്ന് 5375.86 ൽ അവസാനിച്ചു. നാസ്ഡാക് 407.63 പോയിൻ്റ് (2.50%) നേട്ടത്തോടെ 16,708.05 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ 0.03 ഉ എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.27 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.  

ഏഷ്യൻ വിപണികൾ ഇന്നലെ മികച്ച നേട്ടം കുറിച്ചു. ഇന്ന് അവ ചെറിയ നേട്ടത്തിൻ്റെ പാതയിലാണ്. ജപ്പാനിൽ നിക്കൈ മുക്കാൽ ശതമാനം ഉയർന്നു.  ഹോങ്‌കോങ് സൂചിക ഫ്ലാറ്റ് ആയി വ്യാപാരം തുടങ്ങി

ഇന്ത്യൻ വിപണി ഉയർന്നു

തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ വിപണി ഉയർന്നു ക്ലോസ് ചെയ്തപ്പോൾ സെൻസെക്സ് നാലു മാസത്തിനു ശേഷം 80,000 നു മുകളിൽ തിരിച്ചുകയറി. രാവിലെ ഗണ്യമായി ഉയർന്നു വ്യാപാരം ആരംഭിച്ച മുഖ്യസൂചികകൾ പെട്ടെന്ന് നഷ്ടത്തിലേക്കു മാറി. എങ്കിലും താമസിയാതെ നേട്ടത്തിലേക്കു തിരിച്ചു കയറിയ വിപണി ഉയർന്ന നിലയ്ക്കു താഴെ ക്ലോസ് ചെയ്തു.

 സെൻസെക്സ് 80,255 ഉം നിഫ്റ്റി 24,358 ഉം വരെ കയറിയ ശേഷമാണ് കുറഞ്ഞ നേട്ടത്തിൽ ക്ലോസ് ചെയ്തത്. 

ബാങ്ക്, ധനകാര്യ കമ്പനികൾ നഷ്ടത്തിൽ അവസാനിച്ചതാണ് ഇന്നലത്തെ ശ്രദ്ധേയ കാര്യം. കുറേ ദിവസങ്ങളായി അവ നിരന്തരം ഉയർന്നതാണ്. കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക ഒരു ശതമാനത്തോളം ഇടിഞ്ഞു.

ബുധനാഴ്ച നിഫ്റ്റി 161.70 പോയിൻ്റ് (0.67%) കയറി 24,328.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 520.90 പോയിൻ്റ് (0.65%) ഉയർന്ന് 80,116.49 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 277.15 പോയിൻ്റ് (0.50%) താഴ്ന്ന് 55,370.05 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 1.18 ശതമാനം (643.95 പോയിൻ്റ്) നേട്ടത്തോടെ 55,041.10 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.44 ശതമാനം കയറി 16,969.75 ൽ ക്ലോസ് ചെയ്തു.

ഐടി ഇന്നലെ തിളങ്ങുന്ന നേട്ടം കാഴ്ചവച്ചു. നിഫ്റ്റി ഐടി സൂചിക 4.34 ശതമാനം കുതിച്ചു. റിസൽട്ട് 6 മോശമായെങ്കിലും വളർച്ച പ്രതീക്ഷയിൽ മികച്ച എച്ച്സിഎൽ ടെക്നോളജീസ് 7.7 ശതമാനം ഉയർന്നു. ഓട്ടോ, ഫാർമ, മെറ്റൽ, റിയൽറ്റി, ഹെൽത്ത് കെയർ എന്നിവയും നല്ല ഉയർച്ച കാഴ്ചവച്ചു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2028 ഓഹരികൾ  ഉയർന്നപ്പോൾ 1949 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1516 എണ്ണം. താഴ്ന്നത് 1340 ഓഹരികൾ.

എൻഎസ്ഇയിൽ 50 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് ഏഴ് എണ്ണമാണ്. 124 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 41 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 3332.93 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1234.46 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വിപണി ബുള്ളിഷ് ആയി  അവസാനിച്ചു. എങ്കിലും ലാഭമെടുക്കലിനും സമാഹരണത്തിനും സാധ്യത ഉള്ളതായി ചാർട്ടുകൾ സൂചിപ്പിക്കുന്നു. 24,500 - 24,550 മേഖലയിൽ വലിയ പ്രതിരോധം പ്രതീക്ഷിക്കുന്നു. ഇന്നു നിഫ്റ്റിക്ക് 24,175 ഉം 24,025 ഉം പിന്തുണയാകും. 24,360 ലും 24,500 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

വരുമാനം 17.3 ശതമാനം വർധിച്ചപ്പോൾ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് അറ്റാദായം 59.2 ശതമാനം കുതിച്ച് 344.9 കോടി രൂപയായി.

എൽ ആൻഡ് ടി മൈൻഡ്ട്രീയുടെ വരുമാനം 1.1 ശതമാനം കൂടിയപ്പോൾ ലാഭം 3.97 ശതമാനം വർധിച്ചു. ഡോളറിൽ വരുമാനം 0.7 ശതമാനം കുറഞ്ഞു.

ബജാജ് ഹൗസിംഗ് ഫിനാൻസിന് വരുമാനം 25.6 ശതമാനം കൂടിയപ്പോൾ ലാഭം 53.8 ശതമാനം കുതിച്ചു.

തൈറോകെയർ ടെക്നോളജീസിന് വരുമാനം 21.3 ശതമാനവും ലാഭം 22 ശതമാനവും വർധിച്ചു.

സുപ്രീം പെട്രോകെമിൻ്റെ വരുമാനം 1.5 ശതമാനം കുറഞ്ഞപ്പോൾ ലാഭം 18.7 ശതമാനം ഇടിഞ്ഞു.

കാൻഫിൻ ഹോംസിൻ്റെ അറ്റ പലിശ വരുമാനം 6.3 ശതമാനം കൂടിയപ്പോൾ ലാഭം 11.6 ശതമാനം ഉയർന്നു.

റാലിസ് ഇന്ത്യയുടെ വരുമാനം1.6 ശതമാനം കുറഞ്ഞപ്പോൾ നഷ്ടം 21 കോടിയിൽ നിന്ന് 32 കോടി ആയി.

തമിഴ്നാട് മെർക്കൻ്റെെൽ ബാങ്കിൻ്റെ അറ്റ പലിശ വരുമാനം 0.2 ശതമാനം കുറഞ്ഞെങ്കിലും ലാഭം 15.3 ശതമാനം കുതിച്ച് 291.9 കോടി രൂപയായി.

റിസൽട്ടുകൾ ഇന്ന്

ഹിന്ദുസ്ഥാൻ യൂണിലീവർ, നെസ്‌ലെ, ടെക് മഹീന്ദ്ര, സിയൻ്റ്, എൽ ആൻഡ് ടി ടെക്നാേളജി സർവീസസ്, എംഫസിസ്, പെർസിസ്റ്റൻ്റ്, ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ്, എസിസി, അദാനി എനർജി, ലോറസ് ലാബ്സ്, മാക്രോടെക് ഡവലപ്പേഴ്സ്, സുപ്രീം ഇൻഡസ്ട്രീസ് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.

സ്വർണം താഴ്ന്നിട്ടു കയറി

മാറിയ സാഹചര്യത്തിൽ സ്വർണം ഇന്നലെ അതിവേഗം തിരിച്ചിറങ്ങി. എന്നാൽ ഇന്നു രാവിലെ വീണ്ടും കയറി. ഓൺസിന് 3507 ഡോളറിൽ എത്തിയ സ്വർണം ഇന്നലെ 3279 ഡോളർ വരെ താഴ്ന്നു. രണ്ടു ദിവസം കൊണ്ട് ആറര ശതമാനം ഇടിവ്. വില കുറച്ചു കൂടി താഴ്ന്ന ശേഷം സമാഹരണത്തിലേക്കു മാറും എന്നു സ്വർണബുള്ളുകൾ കരുതുന്നു. മധ്യകാലാടിസ്ഥാനത്തിൽ സ്വർണം വീണ്ടും കയറ്റം നടത്തും എന്ന് അവർക്കു പ്രതീക്ഷയുണ്ട്. ഇന്നലെ ഔൺസിനു 3289.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1.35 ശതമാനം കയറി 3335 ഡോളർ വരെ എത്തി.

കേരളത്തിൽ പവൻ വിലയിൽ ചൊവ്വാഴ്ച വർധിച്ച 2200 രൂപ ഇന്നലെ കുറഞ്ഞു. പവന് 72,120 രൂപയായി. പ്രതിദിന ഇടിവിലെ റെക്കോർഡ് ആണ് ഈ താഴ്ച. 

വെള്ളി വില ഇന്നു രാവിലെ ഔൺസിന് 33.66 ഡോളറിലാണ്.വ്യാവസായിക ഡിമാൻഡ് കൂടുന്നതു വെള്ളിയെ കുറേക്കാലത്തേക്കു ബുൾ ഘട്ടത്തിലാക്കും എന്നാണു പ്രതീക്ഷ.

 ചെമ്പുവില ബുധനാഴ്ച 1.06 ശതമാനം താഴ്ന്നു. അലൂമിനിയം വില 1.88 ശതമാനം ഉയർന്നു ടണ്ണിന് 2439.5 ഡോളർ ആയി.

രാജ്യാന്തര വിപണിയിൽ റബർ 1.14 ശതമാനം ഉയർന്നു കിലോഗ്രാമിന് 168.80 സെൻ്റ് ആയി. കൊക്കോ 1.08 ശതമാനം താഴ്ന്ന് 9144.85 ഡോളറിൽ എത്തി. കാപ്പി 1.80 ശതമാനം ഉയർന്നു. പാമോയിൽ വില 1.71 ശതമാനം കയറി. 

ഡോളർ കയറുന്നു, രൂപ താണു

ഡോളർ സൂചിക ബുധനാഴ്ച ഒരു ശതമാനത്തോളം ഉയർന്നു 99.84 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.77 ലേക്ക് താഴ്ന്നു. 

യൂറോ ഇന്നു രാവിലെ താഴ്ന്ന് 1.132 ഡോളറിൽ എത്തി. പൗണ്ട് 1.326 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 143.28 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് കടപ്പത്രവില അൽപം താഴ്ന്നു. നിക്ഷേപനേട്ടം 4.37 ശതമാനത്തിലേക്കു കയറി. 

 രൂപ ബുധനാഴ്ച അൽപം താഴ്ന്നു. ഡോളർ 24 പൈസ കൂടി 85.46 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.29 യുവാൻ എന്ന നിരക്കിലേക്കു കയറി. 

ക്രൂഡ്  ഓയിൽ താഴോട്ട്

ക്രൂഡ് ഓയിൽ വില താഴോട്ടു നീണ്ടുകയാണ്. ചൈനയ്ക്കു കുറഞ്ഞ തീരുവ പ്രഖ്യാപിക്കാൻ അമേരിക്ക തയാറാണ് എന്ന റിപ്പോർട്ടാണു കാരണം. ബ്രെൻ്റ് ഇനം രണ്ടു ശതമാനം താഴ്ന്നു ബാരലിന് 66.20 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 62.35 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 67.12 ഡോളറിലേക്കും താഴ്ന്നു. 

ക്രിപ്റ്റോകൾ ഉയർന്നു

ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ് കോയിൻ  95,000 ഡോളറിനു മുകളിൽ എത്തുമെന്നാണു സംസാരം. ഇന്നു ബിറ്റ് കോയിൻ 93,750 ഡോളറിനടുത്താണ്. ഈഥർ 1800 ഡോളറിലേക്കു കയറി.

വിപണിസൂചനകൾ

(2025 ഏപ്രിൽ 23, ബുധൻ)

സെൻസെക്സ്30    80,116.49     +0.65.%

നിഫ്റ്റി50       24,328.95         +0.67%

ബാങ്ക് നിഫ്റ്റി      55,370.05      -0.50%

മിഡ് ക്യാപ്100    55,041.10       +1.18%

സ്മോൾക്യാപ്100  19,969.75    +0.44%

ഡൗജോൺസ്     39,606.57      +1.07%

എസ് ആൻഡ് പി    5375.86     +1.67%

നാസ്ഡാക്      16,708.05     +2.50%

ഡോളർ($)     ₹85.46        +₹0.24

സ്വർണം(ഔൺസ്) $3289.70   -₹38.90

സ്വർണം(പവൻ) ₹72,120       -₹2200.00

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.32   -$1.32

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT