യുദ്ധത്തിനു പരിഹാരം ആസന്നമാണെന്ന സൂചനകൾ ഇന്നു വിപണികളെ ആവേശം കുറഞ്ഞ ആശ്വാസ റാലിയിലേക്കു നയിക്കാം. ഇറാനുമായി ചർച്ച നടക്കുന്നുണ്ടെന്നും താമസിയാതെ ധാരണ ഉണ്ടാകും എന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞതോടെ വിപണികൾ ആശ്വാസത്തിലായി. മൂന്നാഴ്ചയായി തുടർന്ന ആശങ്കകൾക്കു വലിയ അളവോളം പരിഹാരവുമായി. ഓഹരികൾ ഉയരുകയും ക്രൂഡ് ഓയിൽ താഴുകയും ചെയ്തു. ഈയാഴ്ച പാക്കിസ്ഥാനിൽ സമാധാന ചർച്ചകൾ നടക്കാനാണു സാധ്യത.
പിന്നീടു ചർച്ചയെപ്പറ്റി സംശയം ജനിപ്പിക്കുന്ന റിപ്പോർട്ടുകൾ ഇറാനിൽ നിന്നു വന്നിട്ടുണ്ട്. ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും ഒറ്റപ്പെട്ട ആക്രമണങ്ങൾ നടന്നു. തുടർന്ന് ക്രൂഡ് ഓയിൽ വില അൽപം കയറി. എങ്കിലും വിപണികൾ ട്രംപ് പറഞ്ഞതിനെ വിശ്വസിക്കുകയാണ്. എങ്കിലും നേരത്തേ കണ്ട ആവേശം ഇന്നു രാവിലെ വിപണിയിൽ ഇല്ല. ഏഷ്യൻ വിപണികൾ തുടക്കത്തിലെ മുന്നേറ്റത്തിൽ നിന്നു താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിൽ നിന്നു ഗണ്യമായ നഷ്ടത്തിലേക്കു മാറി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,215.00 ൽ അവസാനിച്ചു. ഇന്നു രാവിലെ 22,830 വരെ താഴ്ന്നിട്ടു കയറി. എങ്കിലും നിഫ്റ്റി 350 ലധികം പോയിൻ്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ തിങ്കളാഴ്ച ന്യൂയോർക്കിൽ 0.98 ശതമാനം ഉയർന്നു. തുടർ വ്യാപാരത്തിൽ 0.08 ശതമാനം കൂടി കയറി.. ഐസിഐസിഐ ബാങ്ക് ഓഹരി നിശ്ചിത സമയത്ത് 1.42 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 1.20 ശതമാനം കൂടി കയറി. ഇൻഫോസിസ് എഡിആർ 1.37 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.75 ശതമാനം കയറി. വിപ്രോ 0.47 ശതമാനം ഉയർന്നു.
യുദ്ധഭീതി കുറഞ്ഞതിൻ്റെ ആവേശത്തിൽ യു.എസ്. വിപണികൾ തിങ്കളാഴ്ച മികച്ച നേട്ടത്തിൽ അവസാനിച്ചു. യുദ്ധവിരാമ വാർത്തയെ തുടർന്നു രണ്ടര ശതമാനം വരെ കുതിച്ച സൂചികകൾ ഒരു ശതമാനം നേട്ടം നഷ്ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്. ഡൗ ജോൺസ് 631.00 പോയിൻ്റ് (1.38%) ഉയർന്ന് 46,208.47 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 74.52 പോയിൻ്റ് (1.15%) കയറി 6581.00 ൽ അവസാനിച്ചു. നാസ്ഡാക് 299.15 പോയിൻ്റ് (1.38%) നേട്ടത്തോടെ 21,946.76 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായ നഷ്ടത്തിലാണ്. ഡൗ ജോൺസ് 210 പോയിൻ്റും (0.45%) എസ് ആൻഡ് പി 30 പോയിൻ്റും (0.44%) നാസ്ഡാക് 114 പോയിൻ്റും (0.47%) താഴ്ന്നു നീങ്ങുന്നു. യുദ്ധം അവസാനിക്കുന്നു എന്ന ആശ്വാസത്തിൽ യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഒരു ശതമാനം നേട്ടത്തിൽ അവസാനിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.5 ഉം ദക്ഷിണ കൊറിയയിൽ കോസ്‌പി 2.7 ഉം ശതമാനം ഉയർന്നു. പിന്നീടു നേട്ടം കുറച്ചു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും ഉയർന്നു വ്യാപാരം തുടങ്ങി.
ഏഷ്യൻ വിപണികളെ പിന്തുടർന്നു തിങ്കളാഴ്ച ഇന്ത്യൻ വിപണി വലിയ വീഴ്ചയിലായി. യുദ്ധവും എണ്ണ വിലക്കയറ്റവും ആയിരുന്നു കാരണങ്ങൾ. ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം ഇന്നലെ 14.4 ലക്ഷം കോടി രൂപ ഇടിഞ്ഞു. യുദ്ധം തുടങ്ങിയ ശേഷമുള്ള നഷ്ടം 58 ലക്ഷം കോടി രൂപയായി.
സെൻസെക്‌സ് തിങ്കളാഴ്ച 1836.57 പോയിൻ്റ് (2.46%) താഴ്ന്ന് 72,696.39 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 601.85 പോയിൻ്റ് (2.60%) ഇടിഞ്ഞ് 22,512.65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1989.30 പോയിൻ്റ് (3.12%) നഷ്ടത്തോടെ 51,437.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 2137.95 പോയിൻ്റ് (3.90%) താഴ്ന്ന് 52,717.55 ലും സ്മോൾ ക്യാപ് 100 സൂചിക 619.90 പോയിൻ്റ് (3.94%) ഇടിഞ്ഞ് 15,098.7.0 ലും അവസാനിച്ചു.
വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. ബിഎസ്ഇയിൽ 581 ഓഹരികൾ ഉയർന്നപ്പോൾ 3858 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 328 എണ്ണം ഉയർന്നപ്പോൾ 3003 എണ്ണം ഇടിഞ്ഞു. വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വലിയ വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 10,414.23 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 12,033.97 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
യുദ്ധസാഹചര്യം മാറി, സ്വർണവും വെള്ളിയും തിരിച്ചു കയറി. സാധാരണ യുദ്ധവേളകളിൽ സുരക്ഷിത നിക്ഷേപം ആയിരുന്ന സ്വർണവും വെള്ളിയും ഇത്തവണ മറിച്ചാണു പെരുമാറിയത്. ക്രൂഡ് വിലക്കയറ്റം പലിശനിരക്കു കൂട്ടാൻ കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കും എന്ന ആശങ്കയിൽ വിശിഷ്ട ലോഹങ്ങൾ കുത്തനേ ഇടിയുകയായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം മൂന്നാഴ്ച കൊണ്ട് സ്വർണം 14.9ഉം വെള്ളി 27.6ഉം ശതമാനം ഇടിവിലായി. ഇന്നലെ സ്വർണം ഏഴു ശതമാനം കൂടി ഇടിഞ്ഞ് ഔൺസിന് 4098.60 ഡോളറിൽ എത്തി. വെള്ളി ഇന്നലെ 14.5 ശതമാനം താഴ്ന്ന് ഔൺസിന് 60.89 ഡോളറിൽ സ്പർശിച്ചു. 2026-ൽ വിശിഷ്ട ലോഹങ്ങൾക്ക് ഉണ്ടായ കയറ്റമത്രയും നഷ്ടമായി.
അതിനു ശേഷമാണു ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതോടെ മഞ്ഞലോഹവും വെള്ളലോഹവും തിരിച്ചു കയറി. സ്വർണം ഔൺസിന് 4408.10 ഡോളറിലും വെള്ളി 69.26 ഡോളറിലും ക്ലോസ് ചെയ്തു. താഴ്ചയിൽ നിന്ന് യഥാക്രമം ഏഴരയും 13.75 ഉം ശതമാനം കയറ്റം.
ഇന്നു രാവിലെ സ്വർണവും വെള്ളിയും ആദ്യം കയറി. സ്വർണം 4435 ഉം വെള്ളി 70.00 ഉം ഡോളറിൽ എത്തിയിട്ടു ഗതിമാറ്റി. സ്വർണം ഒരു ശതമാനത്തിലധികം താഴ്ന്ന് 4355 ഡോളറിലായി. വെള്ളി 67.80 ഡോളറിൽ നിൽക്കുന്നു. പ്ലാറ്റിനം 1855 ഡോളർ, പല്ലാഡിയം 1402 ഡോളർ, റോഡിയം 10,000 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ രണ്ടു തവണ വില താഴുകയും രണ്ടു തവണ കൂടുകയും ചെയ്തു. പവന് 99,480 രൂപ വരെ എത്തിയിട്ട് 1,05,080 രൂപയിലേക്കു കയറി അവസാനിച്ചു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,39,280 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,25,423 രൂപയിൽ അവസാനിച്ചു.
ലോഹങ്ങൾ ഭിന്നദിശകളിൽ
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഭിന്നദിശകളിലായി. യുദ്ധത്തിലെ ആശ്വാസം ലോഹങ്ങളുടെ മൗലികഘടകങ്ങളിലേക്കു ശ്രദ്ധിക്കാൻ വഴിയൊരുക്കി. ചെമ്പ് 1.09 ശതമാനം താഴ്ന്നു ടണ്ണിന് 11,890.85 ഡോളറിൽ എത്തി. അലൂമിനിയം 0.57 ശതമാനം കയറി 3208.75 ഡോളർ ആയി. ടിന്നും സിങ്കും താഴ്ന്നു. നിക്കലും ലെഡും ഉയർന്നു.
തിങ്കളാഴ്ച രാജ്യാന്തര വിപണിയിൽ റബർ വില 0.26. ശതമാനം കുറഞ്ഞു കിലോഗ്രാമിന് 189.30 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 6.43 ശതമാനം കുതിച്ച് ടണ്ണിന് 16,833.33 യുവാൻ ആയി.
കൊക്കോ വില 2.55 ശതമാനം കുറഞ്ഞ് ടണ്ണിന് 3,172.00 ഡോളറിൽ എത്തി. തേയിലവില കിലോഗ്രാമിന് 157.40 രൂപയിൽ തുടർന്നു. കാപ്പി 0.92 ശതമാനം താഴ്ന്നു പൗണ്ടിന് 306.90 സെൻ്റിൽ എത്തി. പാം ഓയിൽ വില ടണ്ണിനു 4,580 മലേഷ്യൻ റിംഗിറ്റിൽ തുടരുന്നു.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 3.90 ശതമാനം വരെ താഴ്ന്നു. യൂറിയ ടണ്ണിന് 672.50 ഡോളറിലേക്കു കുറഞ്ഞു.
ഡോളർ സൂചിക തിങ്കളാഴ്ച ഇടിഞ്ഞ് 98.95 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.38 ലേക്കു കയറി. യൂറോ 1.161 വരെ കയറിയിട്ട് 1.1593 ഡോളറിലേക്കും പൗണ്ട് 1.3406 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 158.49 യെൻ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാൻ ഡോളറിന് 6.88 യുവാൻ എന്ന നിരക്കിലേക്ക് കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.354 ശതമാനമായി താഴ്ന്നു. പലിശ ഉയരും എന്ന ആശങ്ക കുറഞ്ഞു.
രൂപ ഇന്നലെയും താഴ്ന്നെങ്കിലും ഡോളറിനു 94 രൂപയിലേക്കു കയറാൻ കഴിഞ്ഞില്ല. 27 പൈസ ഉയർന്നു ഡോളർ 93.98 രൂപയിൽ ക്ലാേസ് ചെയ്തു. ഇന്നു യുദ്ധസാഹചര്യം മാറിയതും ഡോളർ സൂചിക താഴ്ന്നു നിൽക്കുന്നതും രൂപയെ ഗണ്യമായി ഉയർത്തും എന്നാണു പ്രതീക്ഷ.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി താഴ്ന്ന് 93.34 രൂപയിൽ എത്തി. ചൈനീസ് യുവാൻ 13.55 രൂപയിലേക്കു കയറി. യൂറോ 108.02 രൂപയിലേക്കു താണു. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
യുദ്ധം മൂലം കുതിച്ച എണ്ണവില ഇന്നലെ കുത്തനേ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച വീപ്പയ്ക്ക് 113 ഡോളറിൽ നിന്ന് 99.97ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.21 ഡോളറിലേക്കു കയറി. രാവിലെ ഡബ്ള്യുടിഐ ഇനം ക്രൂഡ് 91.40 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 135.21 ഡോളറിലും നിൽക്കുന്നു. ഇന്ത്യൻ ബാസ്കറ്റ് ക്രൂഡിൻ്റെ വില 149.93 ഡോളറിലാണു കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അതിനു ശേഷം മർബൻ ക്രൂഡും ഒമാൻ ക്രൂഡും അടക്കമുള്ളവയുടെ വില കുറഞ്ഞിട്ടുണ്ട്.
ക്രിപ്റ്റോകൾ ഉയർന്നു
ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 70,700 ഡോളറിനു മുകളിൽ കയറി. ഈഥർ 2150 ഡോളറിനും സൊലാന 91 ഡോളറിനും താഴെയാണ്.
(2026 മാർച്ച് 23, തിങ്കൾ)
സെൻസെക്സ് 72,696.39 -2.46%
നിഫ്റ്റി50 22,512.65 -2.60%
ബാങ്ക് നിഫ്റ്റി 51,437.75 -3.12%
മിഡ്ക്യാപ്100 52,717.55 -3.90%
സ്മോൾക്യാപ്100 15,098.70 -3.94%
ഡൗ ജോൺസ് 46,208.47 +1.38%
എസ് ആൻഡ് പി 6581.00 +1.15%
നാസ്ഡാക് 21,946.76 +1.38%
ഡോളർ ₹93.98 +₹0.27
സ്വർണം (ഔൺസ്) $4408.10 -84.10
സ്വർണം (പവൻ) ₹1,05,080 -₹1960
ക്രൂഡ്ഓയിൽ ബ്രെൻ്റ് $99.97 -$12.25
Read DhanamOnline in English
Subscribe to Dhanam Magazine