ഇന്ത്യ -അമേരിക്ക വ്യാപാര ഉടമ്പടി ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ആദ്യ ഉഭയകക്ഷി കരാറുകളിൽ ഒന്നാകും അതെന്നും യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവിച്ചത് ഇന്ന് ഇന്ത്യൻ വിപണിയെ സഹായിക്കുന്ന കാര്യമാണ്. വലിയ ബാധ്യതകൾ വരുത്തുന്ന വ്യവസ്ഥകൾ ഉണ്ടാകില്ല എന്നാണു പ്രതീക്ഷ. വിമർശനങ്ങളും വിപണിയിലെ തിരിച്ചടിയും തീരുവക്കാര്യത്തിൽ മയപ്പെടാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ നിർബന്ധിതനാക്കിയിരിക്കും എന്നാണു വിപണി കരുതുന്നത്.
ഇന്ത്യ -പാക് സംഘർഷം സമഗ്രയുദ്ധത്തിലേക്കു നയിക്കില്ല എന്ന വിശ്വാസമാണു വിപണിയെ നയിക്കുന്നത്.
യുഎസ്- ചൈന വ്യാപാര ചർച്ചകൾ നടക്കുന്നില്ല എന്ന് ചൈന പറയുന്നുണ്ടെങ്കിലും ചില അനൗപചാരിക സംഭാഷണങ്ങൾ മുന്നോട്ടു പോകുന്നതായി ട്രംപിൻ്റെ ഒരു പ്രസ്താവന സൂചിപ്പിച്ചു. ഇതു വ്യാപാരയുദ്ധം നേരത്തേ അവസാനിക്കാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു.
ഇന്ത്യൻ വിപണി ഇന്ന് ഉണർവിൻ്റെ വഴിയിലേക്കു തിരിച്ചു വരും എന്നാണു വിപണി നിരീക്ഷകർ കരുതുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,517.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,545 വരെ കയറി. നിഫ്റ്റി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരയുദ്ധ കാര്യത്തിൽ വ്യക്തത വരും വരെ പലിശ കുറയ്ക്കൽ മാറ്റി വയ്ക്കണം എന്ന് ഓസ്ട്രിയൻ കേന്ദ്ര ബാങ്ക് മേധാവി റോബർട്ട് ഹോൾസ്മാൻ ആവശ്യപ്പെട്ടു
യുഎസ് വിപണി വ്യാഴാഴ്ച കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങിയിട്ടു മികച്ച കുതിപ്പോടെ അവസാനിച്ചു. ടെക്നോളജി ഓഹരികളിലെ ഉണർവാണു വിപണിയെ കയറ്റിയത്. എൻവിഡിയ മുതൽ ടെസ്‌ല വരെയുള്ളവ നല്ല മുന്നേറ്റം കുറിച്ചു. ചൈനയുമായുള്ള തീരുവയുദ്ധത്തിൽ യുഎസ് ഭരണകൂടം കൂടുതൽ അയയും എന്നു വിപണി കരുതുന്നതായി ഡോയിച്ച് ബാങ്ക് വിലയിരുത്തി.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 486.83 പോയിൻ്റ് (1.23%) കുതിച്ച് 40,093.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 108.91 പോയിൻ്റ് (2.03%) ഉയർന്ന് 5484.77 ൽ അവസാനിച്ചു. നാസ്ഡാക് 457.99 പോയിൻ്റ് (2.74%) നേട്ടത്തോടെ 17,166.04 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.49 ഉം നാസ്ഡാക് 0.65 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നലെ മികച്ച നേട്ടം കുറിച്ചു. ഇന്നും അവ നേട്ടത്തിൻ്റെ പാതയിലാണ്. ജപ്പാനിൽ നിക്കൈ ഒന്നര ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനത്തിലധികം കയറി. ഹോങ്‌കോങ് സൂചിക ഗണ്യമായി ഉയർന്നു വ്യാപാരം തുടങ്ങി.
അതിർത്തിയിലെ സംഭവങ്ങൾ വലിയ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിലേക്കു നയിച്ചില്ലെങ്കിലും ഏതാനും ആഴ്ച ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞതാകുമെന്നു വിപണി കരുതുന്നു. അതിൻ്റെ ദൗർബല്യം ഇന്നലെ വിപണിയിൽ ഉണ്ടായി. തുടർച്ചയായി ഏഴു ദിവസം ഉയർന്ന ശേഷം ഇന്നലെ വിപണി താഴ്ന്നു.
സെൻസെക്സ് രാവിലെ 80,174 ഉം നിഫ്റ്റി 24,348 ഉം വരെ കയറിയ ശേഷം നഷ്ടത്തിലേക്കു മാറുകയായിരുന്നു.
ബാങ്ക്, ധനകാര്യ കമ്പനികൾ ഇന്നലെയും നഷ്ടത്തിൽ അവസാനിച്ചു. എഫ്എംസിജി മേഖലയിലെ പ്രമുഖ കമ്പനികൾ ഇന്നലെ ദുർബലമായ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചത് ആ മേഖലയുടെ സൂചികയെ 1.06 ശതമാനം താഴ്ത്തി. റിയൽറ്റി, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ് തുടങ്ങിയ മേഖലകളും താഴ്ന്നു. ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, മീഡിയ എന്നിവ ഉയർന്നു.
വ്യാഴാഴ്ച നിഫ്റ്റി 82.25 പോയിൻ്റ് (0.34%) താഴ്ന്ന് 24,246.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 315.06 പോയിൻ്റ് (0.39%) നഷ്ടത്തോടെ 79,801.43 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 168.65 പോയിൻ്റ് (0.30%) താഴ്ന്ന് 55,201.40 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 0.13 ശതമാനം കുറഞ്ഞ് 54,969.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.04 ശതമാനം താഴ്ന്ന് 16,963.50 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1887 ഓഹരികൾ ഉയർന്നപ്പോൾ 2063 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1404 എണ്ണം. താഴ്ന്നത് 1441 ഓഹരികൾ.
എൻഎസ്ഇയിൽ 50 ഓഹരികൾ 42 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 13 എണ്ണമാണ്. 117 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 39 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ഇന്നലെ വലിയ അളവിൽ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 8250.53 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 534.54 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വിപണിയുടെ ബുള്ളിഷ് മനോഭാവം മാറി. എങ്കിലും ഇന്ന് 24,000 ലെ പിന്തുണ നിലനിർത്താനായാൽ ബുള്ളിഷ് പ്രവണതയിലേക്കു താമസിയാതെ തിരിച്ചു വരാം എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 24,215 ഉം 24,140 ഉം പിന്തുണയാകും. 24,320 ലും 24,400 ലും തടസം ഉണ്ടാകാം.
ഹിന്ദുസ്ഥാൻ യൂണിലീവറിനു നാലാംപാദത്തിൽ വിറ്റു വരവ് 2.4 ശതമാനം വർധിച്ചെങ്കിലും ലാഭം 3.7 ശതമാനം കുറഞ്ഞു. സമീപഭാവിയിലെ ലാഭമാർജിൻ 22-23 ശതമാനമേ വരൂ എന്നു മാനേജ്മെന്റ് പറഞ്ഞു. ഓഹരി നാലു ശതമാനം ഇടിഞ്ഞു.
നെസ്‌ലെയുടെ വരുമാനം 4.5 ശതമാനം കൂടിയെങ്കിലും ലാഭം 5.2 ശതമാനം ഇടിഞ്ഞു.
ആക്സിസ് ബാങ്കിനു നാലാം പാദത്തിൽ അറ്റ പലിശവരുമാനം 5.5 ശതമാനം വർധിച്ചെങ്കിലും ലാഭം 0.2 ശതമാനം കുറഞ്ഞു. വകയിരുത്തലുകൾ 14.7 ശതമാനം കൂടി. നിഷ്ക്രിയ ആസ്തി കുറഞ്ഞു.
വരുമാനം 0.7 ശതമാനം മാത്രം കൂടിയപ്പോൾ ടെക് മഹീന്ദ്രയുടെ ലാഭം 18.7 ശതമാനം കുതിച്ച് 1166.7 കോടി രൂപയിൽ എത്തി. ലാഭമാർജിൻ നാമമാത്രമായി വർധിച്ചു.
വരുമാനം 12.4 ശതമാനം കൂടിയപ്പോൾ എൽ ആൻഡ് ടി ടെക്നോളജി സർവീസസിൻ്റെ ലാഭം 3.5 ശതമാനം കുറഞ്ഞു. ലാഭമാർജിൻ 15.9 ൽ നിന്ന് 13.2 ശതമാനമായി കുറഞ്ഞു. അടുത്ത ധനകാര്യ വർഷം ഡോളർ വരുമാനം ഇരട്ടയക്ക വളർച്ച കാണിക്കുമെന്നു കമ്പനി കരുതുന്നു.
വരുമാനം 5.1 ശതമാനം വർധിച്ചപ്പോൾ മാക്രോടെക് ഡവലപ്പേഴ്സിൻ്റെ ലാഭം 38.4 ശതമാനം കുതിച്ചു.
സിയൻ്റിനു നാലാം പാദ വരുമാനം 0.9 ശതമാനം കുറഞ്ഞെങ്കിലും ലാഭം 39.3 ശതമാനം കുതിച്ച് 170.4 കോടി രൂപയിൽ എത്തി.
എസ്ബിഐ കാർഡ്സ് വരുമാനം 75 ശതമാനം കൂടിയപ്പോൾ ലാഭം 19.4 ശതമാനം ഇടിഞ്ഞു.
പ്രീമിയം വരുമാനം അഞ്ചു ശതമാനം കുറഞ്ഞപ്പോൾ എസ്ബിഐ ലൈഫ് ലാഭം 0.3 ശതമാനം വർധിച്ചു.
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് വരുമാനം 17.3 ശതമാനം വർധിച്ചപ്പോൾ ലാഭം 21.1 ശതമാനം കൂടി.
റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുകി, ഫോഴ്സ് മോട്ടോഴ്സ്, ചെന്നൈ പെട്രോളിയം, ആർബിഎൽ ബാങ്ക്, ഡിസിബി ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ചോളമണ്ഡലം ഇൻവെസ്റ്റ്മെൻ്റ്, പൂനാവാല ഫിൻകോർപ്പ എൽ ആൻഡ് ടി ഫിനാൻസ്, മോട്ടിലാൽ ഓസ്വാൾ ഫിനാൻസ്, ഓറക്കിൾ ഫിനാൻഷ്യൽ നർവീസസ് സോഫ്റ്റ്‌വേർ, ലാൽ പാഥ് ലാബ്സ്, ലോയ്ഡ്സ് മെറ്റൽസ്, വിഎസ്ടി ഇൻഡസ്ട്രീസ് തുടങ്ങിയവ ഇന്ന് റിസൽട്ട് പുറത്തിറക്കും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്ത്യാ ബുൾസ് എൻ്റർപ്രൈസസ്, ഇന്ത്യാ സമൻ്റ്സ്, എംആർപിഎൽ, വക്രാംഗീ, ഭൻസാലി എൻജിനിയറിംഗ് തുടങ്ങിയവ നാളെ റിസൽട്ട് പ്രസിദ്ധീകരിക്കും.
സ്വർണം വീണ്ടും കയറി. ഇന്നലെ ഔൺസിനു 3350.80 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3378 ഡോളർ വരെ എത്തിയിട്ട് 3354 ഡോളറിലേക്കു താഴ്ന്നു. വിലയിൽ കയറ്റിറക്കങ്ങൾ തുടരും എന്നാണു വിലയിരുത്തൽ.
കേരളത്തിൽ പവൻ വില വ്യാഴാഴ്ച 80 രൂപ കൂടി താഴ്ന്ന് പവന് 72,040 രൂപയായി. ഇന്നു വില കൂടാം.
വെള്ളിവില ഇന്നു രാവിലെ ഔൺസിന് 33.56 ഡോളറാണ്.
ചെമ്പുവില വ്യാഴാഴ്ച കാര്യമായ മാറ്റമില്ലാതെ തുടർന്നു. അലൂമിനിയം വില 0.84 ശതമാനം ഉയർന്നു ടണ്ണിന് 2459.90 ഡോളർ ആയി.
രാജ്യാന്തര വിപണിയിൽ റബർ 0.24 ശതമാനം ഉയർന്നു കിലോഗ്രാമിന് 169.20 സെൻ്റ് ആയി. കൊക്കോ 1.74 ശതമാനം കയറി 9303.78 ഡോളറിൽ എത്തി. കാപ്പി 5.03 ശതമാനം ഉയർന്നു. പാമോയിൽ വില 0.99 ശതമാനം കയറി.
ഡോളർ സൂചിക വ്യാഴാഴ്ച അൽപം താഴ്ന്നു 99.38 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.55 ലേക്ക് കയറി.
യൂറോ ഇന്നു രാവിലെ 1.1349 ഡോളറിൽ എത്തി. പൗണ്ട് 1.33 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 142.98 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് കടപ്പത്രവില വീണ്ടും കയറി. നിക്ഷേപനേട്ടം 4.317 ശതമാനത്തിലേക്കു താഴ്ന്നു.
രൂപ വ്യാഴാഴ്ച അൽപം ഉയർന്നു.. ഡോളർ 20 പൈസ കുറഞ്ഞ് 85.26 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.29 യുവാൻ എന്ന നിരക്കിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ഉയർന്ന് ബാരലിന് 66.80 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 63.05 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 67.45 ഡോളറിലേക്കും ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ ചാഞ്ചാടുകയാണ്. ബിറ്റ് കോയിൻ ഇന്നു 93,750 ഡോളറിനടുത്താണ്. ഈഥർ 1775 ഡോളറിലേക്കു താഴ്ന്നു.
(2025 ഏപ്രിൽ 24, വ്യാഴം)
സെൻസെക്സ്30 79,801.43 -0.39%
നിഫ്റ്റി50 24,246.70 -0.34%
ബാങ്ക് നിഫ്റ്റി 55, 201.40 -0.30%
മിഡ് ക്യാപ്100 54,969.85 -0.13%
സ്മോൾക്യാപ്100 16,963. 50 -0.04%
ഡൗജോൺസ് 40,093.40 +1.23%
എസ് ആൻഡ് പി 5484.77 +2.03%
നാസ്ഡാക് 17,166.04 +2.74%
ഡോളർ($) ₹85.26 -₹0.20
സ്വർണം(ഔൺസ്) $3350.80 +₹61.10
സ്വർണം(പവൻ) ₹72,040 -₹80.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.55 +$0.22
Read DhanamOnline in English
Subscribe to Dhanam Magazine