Morning business news Canva
Markets

സമാധാനപ്രതീക്ഷ വളർന്നു; വിപണികൾ ആവേശത്തിൽ; ക്രൂഡ് ഓയിൽ 100 ഡോളറിനു താഴെ; സ്വർണം കുതിച്ചു; ഡോളർ സൂചിക താഴ്ന്നു

ഇറാനെതിരായ യുഎസ് -ഇസ്രേലി യുദ്ധം അവസാനിക്കാൻ കരാർ ഉണ്ടാകുമെന്ന ധാരണയിലാണു ലോകം

T C Mathew

പശ്ചിമേഷ്യയിൽ സമാധാനം വരുമെന്ന പ്രതീക്ഷയിൽ വിപണികൾ ഇന്നു രാവിലെ വലിയ ആവേശത്തിലാണ്.

ഇറാനെതിരായ യുഎസ് -ഇസ്രേലി യുദ്ധം അവസാനിക്കാൻ കരാർ ഉണ്ടാകുമെന്ന ധാരണയിലാണു ലോകം. 60 ദിവസത്തെ വെടിനിർത്തലിനും അതിനിടെ ആണവ വിഷയത്തിലടക്കം ചർച്ചയ്ക്കും ഹോർമുസ് കപ്പൽച്ചാൽ സ്വതന്ത്രമായി തുറക്കുന്നതിനും ധാരണ ഉണ്ടായി എന്നാണു റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. സ്വർണം കുതിച്ചു കയറി. ഡോളർ സൂചിക താഴ്ന്നു. യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് കുത്തനേ ഉയർന്നു. ഏഷ്യൻ വിപണികൾ വലിയ കയറ്റത്തോടെ വ്യാപാരം തുടങ്ങി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,765.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,998 വരെ കയറി. നിഫ്റ്റി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

അമേരിക്കയിലും ഹോങ്കോങ്ങിലും ദക്ഷിണ കൊറിയയിലും വിപണികൾ ഇന്ന് അവധിയിലാണ്. വ്യാഴാഴ്ച ഇന്ത്യൻ വിപണിക്ക് അവധിയാണ്.

യുഎസ് വിപണി ഉയർന്നു

ഇറാൻ ചർച്ചകളിലെ പുരോഗതി അനുസരിച്ച് വെള്ളിയാഴ്ചയും യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക പുതിയ റെക്കോർഡ് കുറിച്ചു. എസ് ആൻഡ് പി തുടർച്ചയായ എട്ടാമത്തെ ആഴ്ചയും നേട്ടത്തോടെ അവസാനിച്ചു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 294.04 പോയിൻ്റ് (0.58%) കയറി 50,579.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 27.75 പോയിൻ്റ് (0.37%) നേട്ടത്തോടെ 7473.47 ൽ അവസാനിച്ചു. നാസ്ഡാക് 50.87 പോയിൻ്റ് (0.19%) ഉയർന്ന് 26,343.97 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കുതിക്കുന്നു

യുഎസ് ഫ്യൂച്ചേഴ്സ് കുതിച്ചു. ഇന്നു രാവിലെ ഡൗ ജോൺസ് 313 പോയിൻ്റും (0.62%) എസ് ആൻഡ് പി 56 പോയിൻ്റും (0.75%) നാസ്ഡാക് 369 പോയിൻ്റും (1.25%) ഉയർന്നു നീങ്ങുന്നു.

എഡിആറുകൾ മുന്നേറി

വെള്ളിയാഴ്ച ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ 0.49 ശതമാനം ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 1.05 ശതമാനം ഉയർന്ന് 25.00 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.35 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 1.39 ശതമാനം ഇടിഞ്ഞ് 25.62 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് എഡിആർ 0.24 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 1.02 ശതമാനം കൂടി കയറി 12.80 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 1.52 ശതമാനം കയറിയ ശേഷം തുടർ വ്യാപാരത്തിൽ 0.03 ശതമാനം കൂടി ഉയർന്ന് 2.01 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ ഉയർന്നു

വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികൾ നേട്ടത്തോടെ അവസാനിച്ചു. അമേരിക്കയുടെ എസ്റ്റേ ലാഡറുമായി ബിസിനസ് സഖ്യമുണ്ടാക്കാനുള്ള ചർച്ച പരാജയപ്പെട്ടതോടെ സ്പാനിഷ് കോസ്മെറ്റിക്സ് കമ്പനി പ്വീഗ് 13.4 ശതമാനം ഇടിഞ്ഞു. എസ്റ്റേ ലാഡർ 10.7 ശതമാനം കുതിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു വലിയ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 3.2 ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം ഉയർന്നു. ഷാങ്ഹായ് വിപണി 0.25 ശതമാനം കയറി വ്യാപാരം തുടങ്ങി.

ആദ്യം കുതിപ്പ്, പിന്നെ ചാഞ്ചാട്ടം

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു വലിയ കയറ്റത്തിൽ എത്തിയ വിപണി പിന്നീടു നേട്ടം അൽപം കുറച്ച് ക്ലോസ് ചെയ്തു. ഇറാൻ ചർച്ചകളും ക്രൂഡ് ഓയിൽ വിലയുമാണു വിപണിയെ നിയന്ത്രിച്ചത്. സെൻസെക്സ് ഉയർന്ന നിലയിൽ നിന്നു നാനൂറോളം പോയിൻ്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ ഉയരത്തിൽ നിന്നു 115 പോയിൻ്റ് താഴെ എത്തി.

വിദേശ നിക്ഷേപകർ വലിയ അളവിൽ വിൽപന തുടർന്നു. അവർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 4440.47 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 6003.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മേയ് 22 വരെ വിദേശികൾ ഈ മാസം വിറ്റതു 30,374 കോടി രൂപയുടെ ഓഹരികളാണ്. ഇതോടെ ഈ വർഷത്തെ വിൽപന 2.22 ലക്ഷം കോടി രൂപ കവിഞ്ഞു. 2025 ൽ മൊത്തം 1,66,286 കോടി രൂപയുടെ വിൽപനയാണ് അവർ നടത്തിയത്.

ഹെൽത്ത് കെയർ, ഫാർമ, ഐടി, മീഡിയ, റിയൽറ്റി എഫ്എംസിജി, മേഖലകൾ താഴ്ന്നു. ബാങ്ക്, ധനകാര്യ, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്, ഓട്ടോ മേഖലകൾ ഉയർന്നു.

വെള്ളിയാഴ്ച സെൻസെക്‌സ് 231.99 പോയിൻ്റ് (0.31%) ഉയർന്ന് 75,415.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 64.60 പോയിൻ്റ് (0.27%) കയറി 23,719.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 615.95 പോയിൻ്റ് (1.15%) നേട്ടത്തോടെ 54,055.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 88.70 പോയിൻ്റ് (0.14%) കൂടി 61,389.70 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 26.85 പോയിൻ്റ് (0.15%) താഴ്ന്ന് 17,956.20 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2168 ഓഹരികൾ കയറി, 2027 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1744 എണ്ണം ഉയർന്നപ്പോൾ 1522 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

അമേരിക്കയിലെ നൊവേലിസ് പ്ലാൻ്റിൽ തീപിടിച്ച് 4171 കോടി രൂപയുടെ അധികച്ചെലവ് വന്നതു മൂലം ഹിൻഡാൽകോയുടെ നാലാം പാദ അറ്റാദായം പകുതിയിൽ താഴെയായി. എന്നാൽ ഹിൻഡാൽകോയുടെ ഇന്ത്യൻ ബിസിനസ് മാത്രം എടുത്തായ അറ്റാദായം 88 ശതമാനം വർധിച്ചിട്ടുണ്ട്.

ടൊറൻ്റ് ഫാർമയുടെ വിറ്റുവരവ് 41.8 ശതമാനം വർധിച്ചെങ്കിലും പ്രതീക്ഷയിലും കുറവായി. തേയ്മാനക്കിഴിവും പലിശച്ചെലവും കൂടിയതു മൂലം ലാഭവും പ്രതീക്ഷയിൽ താഴെയായി.

ഡിവീസ് ലബോറട്ടറീസ് നാലാം പാദത്തിൽ വിറ്റുവരവ് 10 ശതമാനം കൂടിയപ്പോൾ അറ്റാദായം 13 ശതമാനം വർധിപ്പിച്ചു. ലാഭമാർജിൻ 33 ശതമാനം ഉണ്ട്.

ഐഷർ മോട്ടോഴ്സ് നാലാം പാദത്തിൽ വിപണിയുടെ നിഗമനത്തേക്കാൾ മികച്ച വരുമാനവും ലാഭവും ഉണ്ടാക്കി. വരുമാനം 16 ശതമാനം കൂടിയപ്പോൾ അറ്റാദായം 11.5 ശതമാനം വർധിച്ചു. റോയൽ എൻഫീൽഡിൻ്റെ വിൽപന 22 ശതമാനം കുതിച്ച് 12,27,977 എണ്ണമായി.

ടിടികെ പ്രസ്റ്റീജ് നാലാം പാദത്തിൽ 42 കോടി നഷ്ടത്തിൽ നിന്നു 36 കോടി ലാഭത്തിലേക്കു കുതിച്ചുകയറി. വിറ്റുവരവ് 12.26 ശതമാനം വർധിച്ചു.

മണലി പെട്രോ കെമിക്കൽസ് നാലാം പാദത്തിൽ വരുമാനം 23 ശതമാനം കൂടിയപ്പോൾ അറ്റാദായം ഇരട്ടിയിലേറെയാക്കി.

ജയപ്രകാശ് ഗ്രൂപ്പിൻ്റെ മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും സിമൻ്റ് കമ്പനികൾ വാങ്ങാൻ അദാനി ഗ്രൂപ്പുമായി ഡാൽമിയ ഭാരത് ലിമിറ്റഡ് കരാർ ഉണ്ടാക്കി. 2850 കോടി രൂപ മുടക്കുമ്പോൾ വർഷം 52 ലക്ഷം ടൺ സിമൻ്റ് നിർമാണ ശേഷി സ്വന്തമാകും. ഡാൽമിയ ഭാരതിൻ്റെ മൊത്തം ശേഷി 547 ലക്ഷം ടൺ ആയി ഉയരും.

ഇറങ്ങിയ സ്വർണം കയറുന്നു

ഇറാൻ ചർച്ചകളിൽ വലിയ പുരോഗതി വന്നത്, കഴിഞ്ഞ ആഴ്ച താഴ്ന്ന സ്വർണവിലയെ ഇന്നു രാവിലെ കുതിപ്പിലാക്കി. വെള്ളിയാഴ്ച 33.60 ഡോളർ താഴ്ന്ന് ഓൺസിന് 4510.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.5 ശതമാനം ഉയർന്ന് 4580 ഡോളറിൽ എത്തി. പിന്നീടു 4565 ഡോളറിലേക്കു താഴ്ന്നു. വില ഇനിയും ഉയരുമെന്നാണു സൂചന.

യുദ്ധം അവസാനിക്കുകയും ഹോർമുസ് തുറക്കുകയും ചെയ്താൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിയും. അത് ആഗോള തലത്തിൽ വിലക്കയറ്റം കുറയ്ക്കും. അപ്പോൾ പലിശ വർധിപ്പിക്കുകയില്ല എന്നു സ്വർണ ബുള്ളുകൾ പ്രത്യാശിക്കുന്നു.

കേരളത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും 22 കാരറ്റ് സ്വർണം പവന് 320 രൂപ വീതം കുറഞ്ഞ് 1,16,640 രൂപയായി. ഇന്നു രാവിലെ വില കുതിക്കും.

വെള്ളിയാഴ്ച ഔൺസിന് 75.61 ഡോളറിൽ ക്ലോസ് ചെയ്ത വെള്ളിവില ഇന്നു രാവിലെ നാലു ശതമാനം കുതിച്ച് 78.60 ഡോളറിലേക്ക് കയറി.

പ്ലാറ്റിനം 1965 ഡോളർ, പല്ലാഡിയം 1365 ഡോളർ, റോഡിയം 8850 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഉയരുന്നു

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും നേട്ടത്തിലായി. ചെമ്പ് 0.87 ശതമാനം ഉയർന്ന് 13,544.00 ഡോളറിൽ എത്തി. അലൂമിനിയം 0.35 ശതമാനം കയറി 3653.45 ഡോളർ ആയി. ലെഡും സിങ്കും നിക്കലും ടിന്നും ഉയർന്നു.

റബർ കയറി

രാജ്യാന്തര വിപണിയിൽ റബർ വില അൽപം ഉയർന്നു. വെള്ളിയാഴ്ച ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 290.00 ഡോളറിലേക്കു കയറി. ആർഎസ്എസ് ഒന്ന് 293.50 ഡോളറിലാണ്. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 25,200 രൂപയിലേക്കു താഴ്ന്നു.

കൊക്കോ രാജ്യാന്തര വിപണിയിൽ അൽപം ഉയർന്നു. വെള്ളിയാഴ്ച 0.77 ശതമാനം കയറി ടണ്ണിന് 3796.00 ഡോളറിൽ എത്തി.

ഡോളർ സൂചിക താഴ്ന്നു

യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച നാമമാത്രമായി താഴ്ന്ന് 99.24 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.99 ലേക്കു താഴ്ന്നു. യൂറോ 1.1646 ഡോളറിലേക്കും പൗണ്ട് 1.3484 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.85 യെൻ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.558 ശതമാനമായി താഴ്ന്നു.

രൂപ ഉയരുന്നു

ക്രൂഡ് ഓയിൽ വില കുറഞ്ഞതും റിസർവ് ബാങ്കിൻ്റെ ഡോളർ വില്പനയും ചേർന്ന് വെള്ളിയാഴ്ച രൂപയെ വീണ്ടും കയറ്റി. ഡോളർ 51 പൈസ താഴ്‌ന്ന് 95.69 രൂപയിൽ അവസാനിച്ചു. ഇന്നും രൂപ നേട്ടമുണ്ടാക്കും എന്നാണു സൂചന.

രണ്ടു ദിവസം കൊണ്ടു രൂപ 1.2 ശതമാനം കയറി. ബുധനാഴ്ച 96.96 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ താഴ്ന്നു 95.45 രൂപയിലായി. ചൈനീസ് യുവാൻ 14.06 രൂപയിലേക്കും യൂറോ 110.92 രൂപയിലേക്കും താഴ്‌ന്നു.

ക്രൂഡ് ഓയിൽ ഇടിയുന്നു

ഇറാൻ - യുഎസ് ചർച്ചയിലെ പുരോഗതി ക്രൂഡ് ഓയിൽ വിലയെ 100 ഡോളറിനു താഴെയാക്കി. താഴ്‌ത്തി. വെള്ളിയാഴ്ച വീപ്പയ്ക്ക് 103.54 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 5.2 ശതമാനം ഇടിഞ്ഞ് 98.12 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 91.48 ഡോളർ ആയി. പിന്നീട് അൽപം കയറി.

ക്രിപ്റ്റോകൾ തിരിച്ചു കയറി

ക്രിപ്റ്റോ കറൻസികൾ തിരിച്ചു കയുകയാണ്. വാരാന്ത്യത്തിൽ 76,000 ഡോളറിനു താഴെ എത്തിയ ബിറ്റ്കോയിൻ ഇന്നു രാവിലെ 77, 000 ഡോളറിനു മുകളിലാണ്. ഈഥർ 2100 ഡോളറിനും സൊലാന 85 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 മേയ് 22, വെള്ളി)

സെൻസെക്സ് 75,415.35 +0.31%

നിഫ്റ്റി50 23,719.30 +0.27%

ബാങ്ക് നിഫ്റ്റി 54,055.35 +1.15%

മിഡ്ക്യാപ്100 61,389.30 +0.14%

സ്മോൾക്യാപ്100 17,956.20 -0.15%

ഡൗജോൺസ് 50,579.70 +0.58%

എസ്ആൻഡ്പി 7473.47 +0.37%

നാസ്ഡാക് 26,343.97 +0.19%

ഡോളർ ₹95.69 -₹0.51

സ്വർണം(ഔൺസ്)$4510.50 -$33.60

സ്വർണം(പവൻ) ₹1,16,960 -₹320

ശനി ₹1,16,640 -₹320

ക്രൂഡ്ഓയിൽബ്രെൻ്റ്$103.54 +$0.96

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT