ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്ക് പിഴച്ചുങ്കം അടക്കം 50 ശതമാനം യുഎസ് തീരുവ നാളെ നിലവിൽ വരുന്നതിൻ്റെ ആശങ്ക ഒരു വശത്ത്. ഫെഡറൽ റിസർവിലെ ഒരു ഗവർണറെ യുഎസ് പ്രസിഡൻ്റ് പുറത്താക്കിയതിൻ്റെ കോലാഹലവും ആശങ്കകളും മറുവശത്ത്. യുഎസ് ചില്ലറ വിലക്കയറ്റം കൂടിയാൽ പലിശ കുറയ്ക്കൽ വെെകുമെന്ന ആശങ്ക വേറൊരു വശത്ത്. ഇന്നു വിപണികൾ ഈ ആശങ്കകൾക്കു നടുവിലാണ്. ഏഷ്യൻ വിപണികൾ രാവിലെ ഇടിഞ്ഞു. അമേരിക്കൻ ഫ്യൂച്ചേഴ്സും താഴ്ന്നു. സ്വർണം ഉയരുകയും ഡോളർ താഴുകയും ചെയ്തു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,937.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,901 വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ചയിലായി. അടുത്ത മാസം വിശ്വാസവോട്ട് തേടുമെന്ന ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വാ ബേയ്റൂവിൻ്റെ പ്രഖ്യാപനം ഫ്രഞ്ച് സൂചികയെ 1.64 ശതമാനം താഴ്ത്തി. കാറ്റിൽ നിന്നു വെെദ്യുതി ഉണ്ടാക്കുന്ന ഓർസ്റ്റെഡിൻ്റെ റോഡ് ഐലൻഡിൽ പൂർത്തിയാകാറായ കാറ്റാടി ഫാം നിർമാണം നിർത്താൻ യുഎസ് ഗവണ്മെൻ്റ് ഉത്തരവിട്ടു. ഓഹരി 16 ശതമാനം ഇടിഞ്ഞു. അമേരിക്കൻ ലഘുപാനീയ കമ്പനി ക്യൂറിഗ് ഡോ. പെപ്പർ വാങ്ങും എന്ന റിപ്പോർട്ടിൽ ഡച്ച് കാപ്പി കമ്പനി ജെഡിഇ പീറ്റ്സ് 17 ശതമാനം കുതിച്ചു കയറി. സ്പോർട്സ് വെയർ കമ്പനി പ്യൂമയെ വിൽക്കാൻ ഉടമകളായ പിനോ കുടുംബം ശ്രമിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് പ്യൂമ 16 ശതമാനം ഉയർന്നു.
പലിശകുറയ്ക്കൽ പ്രതീക്ഷയ്ക്കു കോട്ടം വന്നതോടെ യുഎസ് വിപണികൾ തിങ്കളാഴ്ച താഴ്ചയിലായി. ചില്ലറ വിലക്കയറ്റ കണക്ക് പ്രതീക്ഷയിലും കൂടുതലാകും എന്നതാണു പലിശ കുറയ്ക്കലിന് തടസമാകുക.
നിർമിതബുദ്ധി അധിഷ്ഠിത റോബട്ടുകളെ അവതരിപ്പിച്ച എൻവിഡിയ ഇനി വളർച്ച റോബട്ടിക്സിൽ ആണെന്നു പറഞ്ഞു. ഓഹരി ഒരു ശതമാനത്തിലധികം ഉയർന്നു. ബുധനാഴ്ച എൻവിഡിയ റിസൽട്ട് പ്രസിദ്ധീകരിക്കും.
ഇൻ്റലിൽ യുഎസ് ഗവണ്മെൻ്റ് 10 ശതമാനം ഓഹരി എടുത്തതു വളർച്ചയ്ക്കു തടസം ഉണ്ടാക്കുമെന്നു കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു. ഓഹരി താണു. മറ്റു ചില കമ്പനികളിലും സർക്കാർ ഓഹരി എടുക്കും എന്നു ട്രംപ് പറഞ്ഞു.
ഓഹരിവിപണിയിൽ കുമിള വളരുകയാണെന്നു പലരും മുന്നറിയിപ്പ് നൽകിയപ്പോൾ വാർട്ടൺ പ്രഫസർ എമെരിറ്റസ് ജെർമി സീഗൾ പറയുന്നത് ഇനിയും 10 ശതമാനം കയറ്റം സാധ്യമാണെന്നാണ്.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 349.27 പോയിൻ്റ് (0.77%) താഴ്ന്ന് 45,282.47 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 27.59 പോയിൻ്റ് (0.43%) നഷ്ടത്തോടെ 6439.32 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 47.24 പോയിൻ്റ് (0.22%) താഴ്ന്ന് 21,449.29 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു താഴ്ചയിലാണ്. ഡൗ 0.21 ഉം എസ് ആൻഡ് പി 0.28 ഉം നാസ്ഡാക് 0.41 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഫെഡറൽ റിസർവ് ഗവർണർമാരിൽ ഒരാളായ ലിസാ കുക്കിനെ ഡിസ്മിസ് ചെയ്യും എന്നു പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ യോഗങ്ങളിൽ പലിശ കുറയ്ക്കലിന് എതിരേ നിന്നയാളാണ് ലിസാ. രണ്ടു ഭവനവായ്പകൾക്ക് അപേക്ഷിച്ചപ്പോൾ സ്ഥിരതാമസം സംബന്ധിച്ചു പരസ്പരവിരുദ്ധ പ്രസ്താവന നൽകി എന്ന ആരോപണത്തിലാണു നടപടി. ഫെഡ് സ്വയംഭരണം തകർക്കുകയും തൻ്റെ ഹിതമനുസരിച്ചു പലിശ കുറയ്ക്കുകയും ചെയ്യുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതു വിപണിയെ വലിയ ആശങ്കയിലാക്കും.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജപ്പാനിലെ നിക്കെെ സൂചിക രാവിലെ ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ അര ശതമാനത്തോളം താഴ്ന്നു. ഹോങ് കോങ്, ഷാങ്ഹായ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.
തീരുവയുദ്ധത്തെ പറ്റിയുള്ള ആശങ്ക നിലനിന്നപ്പാേഴും ഇന്ത്യൻ വിപണി തിങ്കളാഴ്ച ഉയർന്നു. നിഫ്റ്റി 25,000 നു മുകളിൽ കയറിയെങ്കിലും അവിടെ നിലനിൽക്കാനായില്ല. ഐടി കമ്പനികളിൽ നിക്ഷേപകർ ആവേശം പ്രകടിപ്പിച്ചു. നിഫ്റ്റി ഐടി സൂചിക 2.37 ശതമാനം ഉയർന്നു. റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്, ഫാർമ, ഓട്ടോ മേഖലകളും ഉയർന്നു. മീഡിയയും പൊതുമേഖലാ ബാങ്കുകളും ക്ഷീണിച്ചു.
നിഫ്റ്റി തിങ്കളാഴ്ച 97.65 പോയിൻ്റ് (0.39%) കയറി 24,967.75 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 329.06 പോയിൻ്റ് (0.40%) ഉയർന്ന് 81,635.91 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 10.10 പോയിൻ്റ് (0.02%) കുറഞ്ഞ 55,139.30 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 71.75 പോയിൻ്റ് (0.12%) ഉയർന്ന് 57,701.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 7.95 പോയിൻ്റ് (0.04%) താഴ്ന്ന് 17,911.55 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1888 ഓഹരികൾ ഉയർന്നപ്പോൾ 2309 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1412 എണ്ണം. താഴ്ന്നത് 1612 ഓഹരികൾ.
എൻഎസ്ഇയിൽ 76 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 35 എണ്ണമാണ്. 14 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 85 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2466.24 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3176.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇന്ന് 24,850 നു താഴെ പോയാൽ ആശങ്ക വേണ്ടി വരും. 24,850 ലെ പിന്തുണ നിലനിർത്തിയാൽ 25,000 നു മുകളിലേക്കു യാത്ര തുടരാം.
നിഫ്റ്റിക്ക് ഇന്ന് 24,910 ഉം 24,835 ഉം പിന്തുണയാകും. 25,010 ലും 25,090 ലും തടസം ഉണ്ടാകാം.
വോഡഫോൺ ഐഡിയയ്ക്ക് ഗ്രോസ് റവന്യു കാര്യത്തിൽ ഇളവ് തീരുമാനിച്ചിട്ടില്ലെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ പറഞ്ഞു. ഇളവ് വരും എന്ന കിംവദന്തിയിൽ ഓഹരി ഈയിടെ 20 ശതമാനം ഉയർത്തിരുന്നു. കമ്പനിയെ സർക്കാർ കമ്പനിയാക്കാനും ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. ഇപ്പോൾ സർക്കാരിന 49 ശതമാനം ഓഹരി ഉണ്ട്. സർക്കാരിലേക്ക് 53,000 കോടി രൂപയുടെ കുടിശിക കമ്പനിക്കുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഇന്ന് എക്സ് ബോണസ് ആകും.
യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലെ സർക്കാർ ഓഹരി വിൽക്കുന്നതിന് ഉപദേഷ്ടാവായി നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സിനെ കേന്ദ്ര സർക്കാർ നിയമിച്ചു.
വാണിജ്യ വാഹന വിഭാഗവും കാർ ബിസിനസും വെവ്വേറെ കമ്പനികൾ ആക്കാനുളള ടാറ്റാ മോട്ടോഴ്സ് നീക്കത്തിന് കമ്പനി നിയമ ട്രൈബ്യൂണലിൻ്റെ അംഗീകാരം ലഭിച്ചു. ടാറ്റാ മോട്ടോഴ്സ് കമേഴ്സ്യൽ വെഹിക്കിൾസ്, ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്നിവയാകും നിർദിഷ്ട കമ്പനികൾ.
പലിശക്കാര്യത്തിൽ ഫെഡറൽ റിസർവ് പ്രതീക്ഷിച്ച രീതിയിലെ ഇളവ് നൽകാനിടയില്ല എന്ന ധാരണയിൽ ഇന്നലെ സ്വർണം ചെറിയ പരിധിയിൽ കയറിയിറങ്ങി. തിങ്കളാഴ്ച സ്വർണം ഔൺസിന് 6.00 ഡോളർ കുറഞ്ഞ് 3367.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3381ഡോളർ വരെ കുതിച്ചിട്ട് അൽപം താഴ്ന്നു, വീണ്ടും കയറി.
കേരളത്തിൽ തിങ്കളാഴ്ച 22 കാരറ്റ് പവൻവില 80 രൂപ കുറഞ്ഞ് 73,440 രൂപയിൽ എത്തി.
വെള്ളിവില തിങ്കളാഴ്ച അൽപം താഴ്ന്ന് ഔൺസിന് 38.58 ഡോളറിലായി.
രാജ്യാന്തര വിപണിയിൽ റബർ വില മാറ്റമില്ലാതെ തുടർന്നു. കൊക്കോ 3.29 ശതമാനം ഉയർന്നു ടണ്ണിന് 7831.35 ഡോളർ ആയി. കാപ്പി 0.38 ശതമാനം കയറി. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.84 ശതമാനം താഴ്ന്നു.
തിങ്കളാഴ്ച ഡോളർ സൂചിക 0.73 ശതമാനം ഉയർന്നു 98.43 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 98.25 ലേക്കു താഴ്ന്നു. ഫെഡറൽ റിസർവിലെ ഒരു ഗവർണറെ പുറത്താക്കുന്നതാണു വിഷയം.
കറൻസി വിപണിയിൽ ഡോളർ അൽപം ഉയർന്നു. യൂറോ 1.1613 ഡോളറിലേക്കും പൗണ്ട് 1.345 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.79 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.293 ശതമാനമായി ഉയർന്നു.
തിങ്കളാഴ്ച രൂപ വീണ്ടും ദുർബലമായി. ഡോളർ അഞ്ചു പൈസ കയറി 87.58 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.15 യുവാൻ എന്ന നിലയിലേക്കു തിങ്കളാഴ്ച കയറി.
ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച 1.5 ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 68.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.42 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 64.41 ഡോളറിലും മർബൻ ക്രൂഡ് 71.77 ഡോളറിലും ആണ്. പ്രകൃതിവാതക വില നാമമാത്രമായി താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ താഴ്ചയിലാണ്. തിങ്കളാഴ്ച ബിറ്റ്കോയിൻ 1,14,000 ൽ നിന്ന് 3.3 ശതമാനം താഴ്ന്ന് 1,09,500 ഡോളറിനു താഴെ എത്തി. ഈഥർ ഇന്നലെ ഒൻപതു ശതമാനം ഇടിഞ്ഞ് 4350 ഡോളറിനടുത്തായി.
(2025 ഓഗസ്റ്റ് 25, തിങ്കൾ)
സെൻസെക്സ്30 81,635.91 +0.40%
നിഫ്റ്റി50 24,967.75 +0.39%
ബാങ്ക് നിഫ്റ്റി 55,139. 30 -0.02%
മിഡ് ക്യാപ്100 57,701.50 +0.12%
സ്മോൾക്യാപ്100 17,911.55 -0.04%
ഡൗജോൺസ് 45,631.74 +1.89%
എസ്ആൻഡ്പി 6466.91 +1.52%
നാസ്ഡാക് 21,496.54 +1.88%
ഡോളർ($) ₹87.58 +₹0.05
സ്വർണം(ഔൺസ്) $3367.30 -$06.00
സ്വർണം(പവൻ) ₹74,440 -₹80
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.80 +$1.07
Read DhanamOnline in English
Subscribe to Dhanam Magazine