Morning business news Canva
Markets

ജനീവാ ചർച്ച നിർണായകം; ക്രൂഡ് ഓയിൽ കയറുന്നു; വ്യാപാര അനിശ്ചിതത്വം മാറിയില്ല; ഇന്ത്യൻ വിപണി ഉത്സാഹത്തോടെ; സ്വർണം കയറുന്നു

25,700 കടന്നു മുന്നേറാൻ ആക്കം വീണ്ടെടുക്കും വരെ സൂചിക 25,300- 25,600 മേഖലയിൽ സമാഹരണം തുടരും എന്നാണു വിലയിരുത്തൽ. 25,300 -25, 200 നിഫ്റ്റിക്കു പിൻബലമാകും.

T C Mathew

ജനീവയിൽ ഇന്നു നടക്കുന്ന ചർച്ച വിജയിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും എന്നു വിശ്വസിപ്പിക്കുന്ന തരത്തിൽ അമേരിക്ക സന്നാഹം ഒരുക്കി. നേരിടാൻ തയാറാണെന്നു പറയുന്ന ഇറാൻ വിദേശകാര്യ മന്ത്രിയെ ജനീവയിലേക്ക് അയച്ചു. അവർ ചർച്ചയെ ഗൗരവമായി കാണുന്നു എന്നാണ് ഇതിലെ സൂചന. ചർച്ചയിൽ പ്രതീക്ഷ ഇല്ലെന്നു കാണിക്കുന്ന വിധം ക്രൂഡ് ഓയിൽ വില കയറി. സ്വർണവും കയറി 5200 ഡോളറിലേക്കു നീങ്ങുകയാണ്.

എൻവിഡിയ കമ്പനി വീണ്ടും അതിശയിപ്പിക്കുന്ന റിസൽട്ട് പുറഞ്ഞിറക്കി. സോഫ്റ്റ്‌വേർ മേഖലയ്ക്ക് എഐ ഭീതി ആവശ്യമില്ലെന്നു സിഇഒ പറഞ്ഞു. എന്നാൽ പിന്നീടും യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് താഴ്‌ന്നു.

ഇന്ത്യൻ വിപണി നല്ല കയറ്റത്തിനുള്ള ഉത്സാഹം നിലനിർത്തുന്നുണ്ട്. എങ്കിലും വലിയ ആവേശം കാണാനില്ല. മൂന്നാം പാദ ജിഡിപി വളർച്ച എട്ടു ശതമാനത്തിനു മുകളിൽ ആകുമെന്ന റിപ്പോർട്ടും വിപണിയെ ഇളക്കിയിട്ടില്ല. വ്യാപാര കാര്യത്തിൽ അവ്യക്തത തുടരുന്നതാണു വിഷയം.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,639.50 ൽ എത്തി. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 25,687 ലേക്കു കയറിയിട്ട് അൽപം താഴ്‌ന്നു. വീണ്ടും 25,700 ലക്ഷ്യമാക്കി നീങ്ങി. വിപണി ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് ബുധനാഴ്ച 2.89 ശതമാനം ഉയർന്നു. തുടർ വ്യാപാരത്തിൽ 1.26 ശതമാനം താഴ്‌ന്ന. വിപ്രോ 2.80 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ നിന്നു.

യുഎസ് വിപണി കയറി

തീരുവയിലോ ഇറാൻ കാര്യത്തിലോ പോസിറ്റീവ് ആയ ഒന്നും പ്രസിഡൻ്റ് ട്രംപ് ഇന്നലെ പറഞ്ഞില്ല. സ്‌റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ നെഗറ്റീവ് ആയും പറഞ്ഞില്ല. അതിനാൽ യുഎസ് വിപണി പോസിറ്റീവ് ആയി നീങ്ങി. തുടർച്ചയായ രണ്ടാം ദിവസവും വിശാലവിപണിയും സൂചികകളും നേട്ടത്തിലായി. പ്രമുഖ ടെക് കമ്പനികൾ മുൻ ദിവസങ്ങളിലെ ആലസ്യം വെടിഞ്ഞ് ഇന്നലെ നേട്ടത്തിലായി. മൈക്രോസോഫ്‌റ്റ് മൂന്നു ശതമാനം കയറി. നിർമിതബുദ്ധിയിലെ വളർച്ച സോഫ്റ്റ്‌വേർ കമ്പനികൾക്കും ഐടി സേവന കമ്പനികൾക്കും ക്ഷീണം വരുത്തും എന്ന വിലയിരുത്തൽ ആരും ഉപക്ഷിച്ചിട്ടില്ല.

വ്യാപാരാനന്തരം പുറത്തുവന്ന എൻവിഡിയയുടെ നാലാം പാദ റിസൽട്ട് വീണ്ടും പ്രതീക്ഷകളെ മറികടന്നു. ഡാറ്റാ സെൻ്റർ വരുമാനം 75 ശതമാനം കുതിച്ചു. ലാഭം ഇരട്ടിച്ചു. പ്രതി ഓഹരി വരുമാനം 1.53 പ്രതീക്ഷിച്ചിടത്ത് 1.62 ഡോളർ ആയി. അടുത്ത പാദത്തിലെ വരുമാന പ്രതീക്ഷ അനാലിസ്റ്റുകൾ കണക്കാക്കിയതിനേക്കാൾ കൂടുതൽ ആയി. എൻവിഡിയയുടെ ഗ്രേസ് ബ്ലായ്ക്ക് വെലിനേക്കാൾ 10 മടങ്ങ് പ്രവർത്തനക്ഷമത ഉള്ള പുതിയ എഐ സിസ്റ്റം വേരാ റൂബിൻ വിൽപന ഈ വർഷം രണ്ടാം പകുതിയിൽ തുടങ്ങും. 72 ജിപിയുകളും 36 സിപിയുകളും ഉള്ള ഇതിൽ 13 ലക്ഷം കംപോണൻ്റുകൾ ഉണ്ട്. രണ്ടു ടൺ ആണ് ഭാരം. എഐ വളർച്ച സോഫ്റ്റ്‌വേർ ബിസിനസിനെ എളുപ്പമാക്കുകയാണു ചെയ്യുക എന്നു സിഇഒ ജെൻസൻ ഹുവാങ് വിശദീകരിച്ചു.

ഡൗ ജോൺസ് 307.65 പോയിൻ്റ് (0.63%) ഉയർന്ന് 49,482.15 ലും എസ് ആൻഡ് പി 56.06 പോയിൻ്റ് (0.81%) കയറി 6946.13 ലും നാസ്ഡാക് കോംപസിറ്റ് 288.40 പോയിൻ്റ് (1.26%) നേട്ടത്തോടെ 23,152.08 ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 0.21 ഉം എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.37 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു.

യൂറോപ്യൻ വിപണികൾ ബുധനാഴച ഉയർന്നു ക്ലോസ് ചെയ്തു. ഈ വർഷത്തെ വിൽപനയും ലാഭവും കുറയും എന്ന മുന്നറിയിപ്പ് നൽകിയ ബ്രിട്ടീഷ് മദ്യകമ്പനി ഡിയാജിയോയുടെ ഓഹരി 13 ശതമാനം ഇടിഞ്ഞു. 2025 രണ്ടാം പകുതിയിൽ വിൽപന നാലു ശതമാനം കുറഞ്ഞിരുന്നു. 2026 ൽ മൂന്നു ശതമാനം ഇടിവു കൂടി പ്രതീക്ഷിക്കുന്നു. വടക്കേ അമേരിക്കയിലും ചൈനയിലുമാണു വിൽപനമാന്ദ്യം. ലോകത്തിലെ ഏറ്റവും വലിയ മദ്യ നിർമാണ കമ്പനിയാണു ഡിയാജിയോ. വിൽപന കുറഞ്ഞതിനെ തുടർന്ന് ബ്രിട്ടീഷ് കാർ കമ്പനി ആസ്റ്റൺ മാർട്ടിൻ 20 ശതമാനം ജീവനക്കാരെ പിച്ചു വിടുമെന്നു പ്രഖ്യാപിച്ചു. എച്ച്എസ്ബിസി പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.2 ശതമാനം ഉയർന്ന് 59,000 നു മുകളിൽ റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ വിപണിയും 0.8 ശതമാനം ഉയർന്നു റെക്കോർഡ് തിരുത്തി. ദക്ഷിണ കൊറിയൻ വിപണി 1.65 ശതമാനം കയറി റെക്കോർഡ് കുറിച്ചു. ഇവയെല്ലാം പിന്നീടു നേട്ടം ഗണ്യമായി കുറച്ചു. ഹോങ് കോങ് സൂചിക ഒരു ശതമാനം കയറി. ചൈനീസ് വിപണിയും നേട്ടത്തിൽ തുടങ്ങി.

ഇന്ത്യൻ വിപണി ചാഞ്ചാടി

എഐ ഭീതി മാറിയതിൻ്റെ ആവേശത്തോടെ രാവിലെ കുതിച്ചു കയറിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കു ശേഷം കുത്തനെ താഴ്‌ന്നു. ഒടുവിൽ നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. രാവിലെ മൂന്നു ശതമാനത്തിലധികം കുതിച്ച ഐടി സൂചിക 1.45 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 82,957.91 വരെ എത്തിയിട്ട് 825 ഉം നിഫ്റ്റി 25,652.60 വരെ കയറിയിട്ട് 224 ഉം പോയിൻ്റ് താഴോട്ടു പോയി. മെറ്റൽ, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നല്ല നേട്ടത്തിൽ അവസാനിച്ചു. ഫെബ്രുവരിയിൽ വാഹന രജിസ്ട്രേഷൻ ചൊവ്വ വരെ 20 ശതമാനത്തിലധികം വർധിച്ചു എന്ന വാർത്ത ഓട്ടോ ഓഹരികളെ കുതിപ്പിലാക്കി.

സെൻസെക്സ് ഇന്നലെ 50.15 പോയിൻ്റ് (0.06%) ഉയർന്ന് 82,276.67 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 57.85 പോയിൻ്റ് (0. 23%) നേട്ടത്തോടെ 25,482.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 3.95 പോയിൻ്റ് (0.01%) കുറഞ്ഞത് 61,043.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 339.75 പോയിൻ്റ് (0.58%) ഉയർന്ന് 59,406.10 ലും സ്മോൾ ക്യാപ് 100 സൂചിക 160.05 പോയിൻ്റ് (0.58%) നേട്ടത്തോടെ 17,118.70 ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2012 ഓഹരികൾ കയറിയപ്പോൾ 2191 എണ്ണം താഴ്‌ന്നു. എന്നാൽ എൻഎസ്ഇയിൽ 1695 എണ്ണം ഉയർന്നു, 1472 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 103 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 263 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. മൂന്നെണ്ണം അപ്പർ സർകീട്ടിലും നാലെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച അറ്റ വാങ്ങലുകാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 2991.64 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5118.57 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

നിഫ്റ്റി ഇന്നലെ രാവിലെ ആശ്വാസറാലി നടത്തി 25,600 കടന്നെങ്കിലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. 25,700 കടന്നു മുന്നേറാൻ ആക്കം വീണ്ടെടുക്കും വരെ സൂചിക 25,300- 25,600 മേഖലയിൽ സമാഹരണം തുടരും എന്നാണു വിലയിരുത്തൽ. 25,300 -25, 200 നിഫ്റ്റിക്കു പിൻബലമാകും. ഇന്ന് 25,425 ഉം 25,375 ഉം നിഫ്റ്റിക്കു പിന്തുണയാകാം. 25,600 ലും 25,660 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ്റെ (ഐആർഎഫ്സി) രണ്ടു ശതമാനം ഓഹരി ഓഫർ ഫോർ സെയിലിൽ വച്ചു. വേണ്ടത്ര അപേക്ഷകർ ഇല്ലാതിരുന്നതിനാൽ കൂടുതൽ ഓഹരിവിൽപന വേണ്ടെന്നു വച്ചു.

കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 301.05 രൂപ വരെ ഉയർന്നു റെക്കോർഡ് കുറിച്ചു. ആറു മാസം കൊണ്ട് ഓഹരി 55.75 ശതമാനം കുതിച്ചു. എസ്ബിഐ 48.5 ശതമാനം നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്കിനും ഐസിഐസിഐ ബാങ്കിനും ഇക്കാലത്തു വിലയിടിവാണ് സംഭവിച്ചത്.

അമേരിക്ക 126 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയത് സോളർ പാനലുകളും മറ്റും നിർമിച്ചു കയറ്റുമതി ചെയ്യുന്ന വാരീ എനർജീസ്, പ്രീമിയർ എനർജീസ്, വിക്രം സോളർ തുടങ്ങിയവയെ 15 ശതമാനം വരെ താഴ്‌ത്തി.

സ്വർണം കയറ്റത്തിൽ

സ്വർണം ഇന്നലെ ഔൺസിന് 5218.70 ഡോളർ വരെ കയറിയിട്ട് ലാഭമെടുക്കൽ വിൽപനയിൽ താഴ്‌ന്നു. 0.42 ശതമാനം നേട്ടത്തോടെ 5166.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 5193 ഡോളറിലേക്കു കയറി.

വെള്ളി ബുധനാഴ്ച ഏഴു ശതമാനത്തോളം ഉയർന്ന് ഔൺസിന് 91.42 ഡോളറിൽ എത്തി. പിന്നീട് നേട്ടം കുറച്ച് 89.34 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 90.11 ഡോളറിലാണു വെള്ളി.

കേരളത്തിൽ 22 കാരറ്റ് സ്വർണം ബുധനാഴ്ച പവന് 80 രൂപ കൂടി 1,18,720 രൂപയിൽ എത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ബുധനാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,61,100 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,70,500 രൂപ വരെ കയറിയ ശേഷം 2,68,196 രൂപയിൽ അവസാനിച്ചു. പ്ലാറ്റിനം 2317 ഉം പല്ലാഡിയം 1795 ഉം റോഡിയം 11,850 ഉം ഡോളറിലേക്കു കയറി.

സ്വർണം 6000 ഡോളർ കടക്കുമെന്ന്

ബുള്ളിയൻ നിക്ഷേപ ഉപദേഷ്ടാക്കളായ എംകെഎസ് പാംപിൻ്റെ ഗവേഷണമേധാവി നിക്കി ഷീൽസ് സ്വർണം നവംബറോടെ ഔൺസിന് 6750 ഡോളറിൽ എത്തുമെന്നു പ്രവചിച്ചു. 2008-11 കാലത്തു 33 മാസം കൊണ്ടു 360 ശതമാനം കുതിച്ചതാണു സ്വർണം. കഴിഞ്ഞ 39 മാസം കൊണ്ട് 200 ശതമാനം ഉയർച്ചയേ സ്വർണത്തിനു വന്നിട്ടുള്ളൂ എന്നാണു ഷീൽസ് പറയുന്നത്. വെള്ളി ഇക്കാലത്ത് 350 ശതമാനം കയറി.

ജെപി മോർഗൻ ബാങ്കിലെ അനാലിസ്റ്റുകൾ സ്വർണം വർഷാവസാനത്തോടെ 6300 ഡോളറിൽ എത്തുമെന്നു പ്രവചിച്ചു. കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ചൈനീസ് ഇൻഷ്വറൻസ് കമ്പനികളും വലിയ വാങ്ങൽ നടത്തുന്നതാണു കാരണം.

ലോഹങ്ങൾ കുതിക്കുന്നു

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ചയും ഉയർന്നു. ചെമ്പ് 1.23 ശതമാനം കുതിച്ചു ടണ്ണിനു 13,170.70 ഡോളറിൽ എത്തി. അലൂമിനിയം 2.21 ശതമാനം നേട്ടത്തോടെ ടണ്ണിന് 3171.20 ഡോളറിൽ ക്ലോസ് ചെയ്തു. ടിൻ 8.33 ശതമാനം കുതിച്ചുയർന്ന് ടണ്ണിന് 52,974 ഡോളറിൽ എത്തി. നിക്കലും സിങ്കും ലെഡും കയറി.

റബർ 200 സെൻ്റിലേക്ക്

റബർ രാജ്യാന്തര വിപണിയിൽ 2.36 ശതമാനം കുതിച്ച് കിലോഗ്രാമിന് 199.50 സെൻ്റിൽ എത്തി. കഴിഞ്ഞ ഏപ്രിലിലെ ഉയർന്ന വിലയിലേക്കു റബർ എത്തും എന്നാണു വിലയിരുത്തൽ. കൊക്കോ വില ഇന്നലെയും താഴ്‌ന്നു. 0.68 ശതമാനം കുറഞ്ഞു ടണ്ണിനു 3057 ഡോളറിൽ എത്തി. തേയിലവില മാറ്റമില്ലാതെ തുടർന്നു.. കാപ്പി 0.39 ശതമാനം താഴ്ന്നു. പാം ഓയിൽ വില ടണ്ണിനു 4055 മലേഷ്യൻ റിംഗിറ്റിൽ എത്തി.

ഡോളർ സൂചിക താഴ്ന്നു

ഡോളർ സൂചിക ബുധനാഴ്ച താഴ്‌ന്ന് 97.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.58 വരെ താഴ്‌ന്നു. യൂറോ 1.1824 ഡോളറിലേക്കും പൗണ്ട് 1.3568 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.93 യെൻ എന്ന നിലയിലേക്കു താണു. ചൈനീസ് യുവാൻ ഡോളറിന് 6.87 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.05 ശതമാനമായി ഉയർന്നു.

രൂപയ്ക്കു നേട്ടം

ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ ഡോളറിനു 90.95 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ കുറച്ചുകൂടി ഉയർന്നേക്കാം. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 90.90 രൂപയിലേക്കു താഴ്‌ന്നു. ചൈനീസ് യുവാൻ 13.23 രൂപയിലേക്കു കയറുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ താഴ്‌ന്നു

ഇന്നു ജനീവയിൽ യുഎസും ഇറാനും നടത്തുന്ന ചർച്ച വിജയിക്കില്ല എന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച ബാരലിന് 70.85 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.16 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 65.68 ഉം യുഎഇയുടെ മർബൻ 70.68 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 2.969 ഡോളറിലേക്കു കയറി.

ക്രിപ്റ്റോകൾ നേട്ടത്തിൽ

ക്രിപ്റ്റോ കറൻസികൾ ബുധനാഴ്ച മികച്ച മുന്നേറ്റം നടത്തി. ബിറ്റ്കോയിൻ ആറര ശതമാനം ഉയർന്ന് 68,400 ഡോളറിനു മുകളിൽ കയറി. 11 ശതമാനം കയറിയ ഈഥർ 2060 ഡോളറിനും 13 ശതമാനം ഉയർന്ന സൊലാന 89 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ഫെബ്രുവരി 25, ബുധൻ)

സെൻസെക്സ് 82,276.07 +0.06%

നിഫ്റ്റി50 25,482.50 +0.23%

ബാങ്ക് നിഫ്റ്റി 61,043.35 -0.01%

മിഡ്ക്യാപ്100 59,406.10 +0.58%

സ്മോൾക്യാപ്100 17,118.70 +0.94%

ഡൗ ജോൺസ് 49,482.15 +0.63%

എസ് ആൻഡ് പി 6946.13 +0.81%

നാസ്ഡാക് 23,152.08 +1.26%

ഡോളർ ₹90.95 +₹0.00

സ്വർണം (ഔൺസ്) $5166.10 +$21.60

സ്വർണം (പവൻ) ₹1,18,720 +₹80

ക്രൂഡ്ഓയിൽബ്രെൻ്റ് $70.85 -$0.35

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT