Morning business news Canva
Markets

ഇറാനിൽ വീണ്ടും ഒറ്റപ്പെട്ട യുഎസ് ആക്രമണം; തിരിച്ചടി ഉണ്ടായില്ല; ചർച്ചകൾ തുടരുന്നു; ക്രൂഡ് ഓയിൽ അൽപം ഉയർന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24,030 വരെ താഴ്ന്നു. നിഫ്റ്റി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

യുഎസ് -ഇറാൻ സമാധാന കരാർ ചർച്ച തട്ടിത്തടഞ്ഞു മുന്നോട്ടു നീങ്ങുന്നു. ഇറാൻ ഹോർമുസ് കപ്പൽച്ചാൽ തുറക്കാനുള്ള ചില നടപടികൾ തുടങ്ങി എന്ന റിപ്പോർട്ടും വന്നു. പക്ഷേ ഇന്നു രാവിലെ ഒരു യുഎസ് നാവികയാനത്തിനു നേരേ വെടിവയ്പ് ഉണ്ടായതിനെ തുടർന്നു ദക്ഷിണ ഇറാനിലെ കടലിൽ ഇറാൻ്റെ നിരവധി സ്‌പീഡ് ബോട്ടുകൾക്കും മിസൈൽ വിക്ഷേപിണികൾക്കും നേരേ യുഎസ് വ്യോമാക്രമണം നടത്തി. നിരവധി ഇറാൻ ഭടന്മാർ കൊല്ലപ്പെട്ടു. ഇത് ആശങ്ക വർധിപ്പിച്ചു. ക്രൂഡ് ഓയിൽ വില കയറി. ഡോളറും ഉയർന്നു.

യുഎസ് ഫ്യൂച്ചേഴ്സ് രാവിലെ നേട്ടത്തിലാണ് എന്നാൽ ഏഷ്യൻ വിപണികൾ പുതിയ സംഘർഷത്തെ തുടർന്നു താഴ്ന്നു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,140.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,030 വരെ താഴ്ന്നു. നിഫ്റ്റി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണിക്ക് അവധി

മെമ്മോറിയൽ ഡേ പ്രമാണിച്ച് ഇന്നലെ യുഎസ് വിപണികൾ അവധിയിലായിരുന്നു. എഡിആർ വ്യാപാരവും നടന്നില്ല.

ഫ്യൂച്ചേഴ്സ് നേട്ടത്തിൽ

യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഇന്നു രാവിലെ ഡൗ ജോൺസ് 296 പോയിൻ്റും (0.58%) എസ് ആൻഡ് പി 45 പോയിൻ്റും (0.60%) നാസ്ഡാക് 240 പോയിൻ്റും (0.80%) ഉയർന്നു നീങ്ങുന്നു.

യൂറോപ്പ് കുതിച്ചു, ഏഷ്യ താഴുന്നു

ഇറാൻ സമാധാന പ്രതീക്ഷയിൽ തിങ്കളാഴ്ച യൂറോപ്യൻ ഓഹരികൾ മികച്ച നേട്ടത്തോടെ അവസാനിച്ചു. കടപ്പത്ര വിലകൾ ഉയർന്നു. ജർമൻ ഭക്ഷണവിതരണ കമ്പനിയായ ഡെലിവറി ഹീറോയെ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനി ഊബർ വീണ്ടും ശ്രമിക്കുന്നതായി റിപ്പോർട്ട്. ഡെലിവറി ഹീറോ 11 ശതമാനം കുതിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.60 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.50 ശതമാനം താണു. ഒരു ദിവസത്തെ അവധിക്കു ശേഷം പ്രവർത്തിച്ച ദക്ഷിണ കൊറിയൻ വിപണി മൂന്നര ശതമാനം കുതിച്ചു റെക്കോർഡ് തിരുത്തി. ഹോങ് കോങ് വിപണി 0.50 ശതമാനവും ഷാങ്ഹായ് വിപണി 0.65 ശതമാനവും താഴ്ന്നു.

ഇന്ത്യൻ വിപണി മുന്നേറി

ഇറാൻ സമാധാനപ്രതീക്ഷ ശക്തമായതും ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞതും ഇന്നലെ ഇന്ത്യൻ വിപണിയെ മികച്ച കുതിപ്പിലേക്കു നയിച്ചു. മുഖ്യസൂചികകൾ ദിവസത്തിലെ ഉയർന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ കമ്പനികളുടെ വലിയ മുന്നേറ്റമാണു വിപണിക്കു കരുത്തായത്.

വിദേശ നിക്ഷേപകർ ചെറിയ തോതിൽ വാങ്ങലുകാരായി. അവർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 821.75 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശികൾ 3856.88 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഓട്ടോ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ, പ്രതിരോധ, ടൂറിസം, കാപ്പിറ്റൽ മാർക്കറ്റ് മേഖലകൾ ഇന്നലെ ഗണ്യമായി ഉയർന്നു.

തിങ്കളാഴ്ച സെൻസെക്‌സ് 1073.61 പോയിൻ്റ് (1.42%) ഉയർന്ന് 76,488.96 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 312.40 പോയിൻ്റ് (1.32%) കയറി 24,031.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1238.30 പോയിൻ്റ് (2.29%) നേട്ടത്തോടെ 55,293.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 577.30 പോയിൻ്റ് (0.94%) കൂടി 61,389.70 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 246.50 പോയിൻ്റ് (1.37%) കുതിച്ച് 18,202.70 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2703 ഓഹരികൾ കയറി, 1607 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2264 എണ്ണം ഉയർന്നപ്പോൾ 1038 എണ്ണം ഇടിഞ്ഞു.

കയറിയ സ്വർണം ഇറങ്ങുന്നു

ഇറാൻ യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയിൽ ഇന്നലെ ഉയർന്ന സ്വർണം ഇന്നു രാവിലെ താഴ്ചയിലായി. തിങ്കളാഴ്ച 4581 ഡോളർ വരെ ഉയർന്ന സ്വർണം 60.80 ഡോളർ നേട്ടത്തോടെ ഔൺസിന് 4571.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4532 ഡോളറിലേക്കു താഴ്ന്നു. തെക്കൻ ഇറാനിൽ യുഎസ് സേനകൾ ആക്രമണം നടത്തിയതിനെ തുടർന്നാണു താഴ്ച.

കേരളത്തിൽ തിങ്കളാഴ്ച 22 കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 1,16,880 രൂപയായി. തിങ്കളാഴ്ച ഔൺസിന് 77.95 ഡോളറിൽ ക്ലോസ് ചെയ്ത വെള്ളിവില ഇന്നു രാവിലെ 77.75 ഡോളർ ആയി. പ്ലാറ്റിനം 1960 ഡോളർ, പല്ലാഡിയം 1375 ഡോളർ, റോഡിയം 8850 ഡോളർ എന്നിങ്ങനെ നിൽക്കുന്നു. വ്യാവസായിക ലോഹങ്ങളുടെ വിപണി ഇന്നലെ അവധിയായിരുന്നു.

റബറിനു നാമമാത്ര കയറ്റം

രാജ്യാന്തര വിപണിയിൽ റബർ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. തിങ്കളാഴ്ച ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 290.30 ഡോളറിലേക്കു കയറി. ആർഎസ്എസ് ഒന്ന് 293.80 ഡോളറിലാണ്. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 25,200 രൂപയിൽ തുടർന്നു. കൊക്കോ രാജ്യാന്തര വിപണിയിൽ അൽപം ഉയർന്നു. തിങ്കളാഴ്ച 0.58 ശതമാനം കയറി ടണ്ണിന് 3818.16 ഡോളറിൽ എത്തി.

ഡോളർ സൂചിക ഉയർന്നു

യുഎസ് ഡോളർ സൂചിക ഇന്നു രാവിലെ ഉയർന്ന് 99.05 ൽ എത്തി. യൂറോ 1.1633 ഡോളറിലേക്കും പൗണ്ട് 1.3485 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.94 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.508 ശതമാനമായി താഴ്ന്നു.

രൂപ കയറി

ക്രൂഡ് ഓയിൽ വില കുറഞ്ഞതു രൂപയെ തിങ്കളാഴ്ചയും കയറ്റി. ഡോളർ 45 പൈസ താഴ്‌ന്ന് 95.23 രൂപയിൽ അവസാനിച്ചു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.30 രൂപയിലായി. ചൈനീസ് യുവാൻ 14.01 രൂപയിലേക്കും യൂറോ 110.81 രൂപയിലേക്കും താഴ്‌ന്നു.

ക്രൂഡ് ഓയിൽ ഉയരുന്നു

ഇറാൻ - യുഎസ് ചർച്ചയിലെ പുരോഗതി തിങ്കളാഴ്ച ക്രൂഡ് ഓയിൽ വിലയെ 97 ഡോളറിനു താഴെയാക്കി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 7.4 ഡോളർ ഇടിഞ്ഞ് 96.14 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ കയറി 98.36 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 91.99 ഡോളർ ആയി. ദക്ഷിണ ഇറാനിലെ യുഎസ് ആക്രമണത്തെ തുടർന്നാണു കയറ്റം.

ക്രിപ്റ്റോകൾ താഴ്ന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴുകയാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 76,500 ഡോളറിനു താഴെയായി. ഈഥർ 2090 ഡോളറിനും സൊലാന 84 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മേയ് 25, തിങ്കൾ)

  • സെൻസെക്സ് 76,488.96 +1.42%

  • നിഫ്റ്റി50 24,031.70 +1.32%

  • ബാങ്ക് നിഫ്റ്റി 55,293.65 +2.29%

  • മിഡ്ക്യാപ്-100 61,966.60 +0.94%

  • സ്മോൾക്യാപ്-100 18,202.70 +1.37%

  • ഡൗജോൺസ് 50,579.70 +0.00%

  • എസ്ആൻഡ്പി 7473.47 +0.00%

  • നാസ്ഡാക് 26,343.97 +0.00%

  • ഡോളർ ₹95.23 -₹0.45

  • സ്വർണം (ഔൺസ്) $4571.30 +$60.80

  • സ്വർണം (പവൻ) ₹1,16,880 +₹240

  • ബ്രെൻ്റ് ക്രൂഡ് ഓയിൽ $96.14 -$7.40

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT