ഇന്ത്യൻ വിപണി വീണ്ടും അനിശ്ചിതത്വത്തിലായി. മരുന്ന് ഇറക്കുമതിക്ക് അമേരിക്ക ഒക്ടോബർ ഒന്നു മുതൽ 100 ശതമാനം ചുങ്കം ചുമത്തും. ഇന്ത്യയുടെ ജനറിക് മരുന്നു കയറ്റുമതിയെ ഇത് എങ്ങനെ ബാധിക്കും എന്നു വ്യക്തമല്ല. ഏഷ്യൻ വിപണികളിൽ ഔഷധ കമ്പനികൾ ഇടിഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തിയാലേ 25 ശതമാനം പിഴച്ചുങ്കം പിൻവലിക്കുകയും നേരത്തേ നടപ്പാക്കിയ 25 ശതമാനം ചുങ്കം കുറയ്ക്കുകയും ചെയ്യൂ എന്ന് വ്യാപാരചർച്ചയിൽ അമേരിക്ക നിലപാട് എടുത്തു എന്നാണ് റിപ്പോർട്ട്. നവംബറിനകം ധാരണ ഉണ്ടാക്കാം എന്ന പ്രതീക്ഷയ്ക്കു കനത്ത ആഘാതമാണ് ഇത്.
ഇന്നലെ രാത്രി യുഎസ് വിപണിയിൽ ഇൻഫിയുടെയും വിപ്രോയുടെയും എഡിആറുകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ന് ഐടി ഓഹരികൾ താഴുമെന്ന ഭീതി ഇതുമൂലം ഉണ്ട്.
വിദേശനിക്ഷേപകരുടെ പ്രതിദിനവിൽപന 5000 കോടി രൂപയ്ക്ക് അടുത്തെത്തിയതും വിപണിക്ക് ആശങ്ക കൂട്ടുന്നു. ഡോളർ സൂചിക ഉയരുന്നത് രൂപയെ ദുർബലമാക്കാൻ കാരണമാകാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,927.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,910 വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
പേറ്റൻ്റും ബ്രാൻഡിംഗും ഉള്ള ഔഷധങ്ങൾക്ക് 100 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് ഇതു നടപ്പിൽ വരും. ഇതു ഫാർമസ്യൂട്ടിക്കൽ കയറ്റുമതി കമ്പനികളെ സാരമായി ബാധിക്കും.
മുഖ്യമായും ജനറിക് (പേറ്റൻ്റ് കാലാവധിക്കു ശേഷമുള്ള) ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികളെ ഇത് എങ്ങനെ ബാധിക്കും എന്നു വ്യക്തമല്ല. ഡോ. റെഡ്ഡീസ്, സൺ, അരബിന്ദോ, ലൂപിൻ, ബയോകോൺ, ഗ്ലെൻമാർക്ക്, സിപ്ല, സൈഡസ്, പിരമൾ, ആൽകെം, എഎസ്പിഒ, ടൊറൻ്റ് ഫാർമ തുടങ്ങിയവയാണ് അമേരിക്കയിലേക്കു കൂടുതൽ കയറ്റുമതി നടത്തുന്ന കമ്പനികൾ. ഏഷ്യൻ രാജ്യങ്ങളിലെ ഫാർമ ഓഹരികൾ രാവിലെ വലിയ താഴ്ചയിലാണ്.
ചുങ്കം ഒഴിവാക്കണമെങ്കിൽ കമ്പനികൾ അമേരിക്കയിൽ ഫാക്ടറികൾ തുടങ്ങണം. യുകെയിലെ വമ്പൻ ഫാർമ കമ്പനികളായ ജിഎസ്കെയും അസ്ട്രാ സെനെക്കായും അമേരിക്കയിൽ ശതകോടികളുടെ നിക്ഷേപം ഈയിടെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിൽ പ്ലാൻ്റ് നിർമിക്കാൻ തുടങ്ങുന്ന കമ്പനികളുടെ മരുന്നുകൾക്കും ചുങ്കം വേണ്ട. മരുന്നുകൾക്ക് ചുങ്കം ക്രമേണ 250 ശതമാനം വരെ ആക്കുമെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു.
വലിയ ട്രക്കുകൾക്ക് 25 ശതമാനവും കിച്ചൻ കാബിനറ്റുകൾ, ബാത്ത് റൂം ഫർണീച്ചർ/ഫിറ്റിംഗുകൾ തുടങ്ങിയവയ്ക്ക് 50 ശതമാനവും ചുങ്കം ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു.
യൂറോപ്യൻ ഓഹരികൾ വ്യാഴാഴ്ച ഇടിഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കു ചുങ്കം ചുമത്താനുള്ള പഠനങ്ങൾ അമേരിക്ക തുടങ്ങിയത് മെഡിക്കൽ ടെക്നോളജി കമ്പനികളെ താഴ്ത്തി. ഫാഷൻ റീട്ടെയിലിംഗിലെ വമ്പൻ കമ്പനി എച്ച് ആൻഡ് എം നിരീക്ഷകനിഗമനങ്ങളക്കാൾ മികച്ച റിസൽട്ടിനെ തുടർന്നു 9.8 ശതമാനം കുതിച്ചു.
അമേരിക്കൻ വിപണി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. നിർമിതബുദ്ധി മേഖലയിലെ വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങളിൽ വിപണി അസ്വസ്ഥത തുടരുന്നു. ഓറക്കിൾ 5.5 ശതമാനം ഇടിഞ്ഞു ഈയിടത്തെ റെക്കോർഡ് വിലയിൽ നിന്ന് ഓഹരി 16 ശതമാനം താഴ്ന്നിട്ടുണ്ട്. ഓഹരി 40 ശതമാനം ഇടിയുമെന്നാണു പുതിയ വിലയിരുത്തൽ. ടെസ്‌ല 4.4 ശതമാനം താഴ്ന്നു. അതേ സമയം സർക്കാർ ഓഹരി എടുത്ത ഇൻ്റൽ ഇന്നലെ പത്തു ശതമാനം കുതിച്ചു.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 173.96 പോയിൻ്റ് (0.38%) താഴ്ന്ന് 45,947.32 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 33.25 പോയിൻ്റ് (0.50%) നഷ്ടത്തോടെ 6604.72 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 113.16 പോയിൻ്റ് (0.50%) താഴ്ന്ന് 22,384.70 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലായി. ഫാർമ കയറ്റുമതി കമ്പനികൾ ഇടിഞ്ഞു. ജാപ്പനീസ് വിപണി 0.20 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി രണ്ടു ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി.
തുടർച്ചയായ അഞ്ചാം ദിവസവും താഴ്ന്ന ഇന്ത്യൻ വിപണി നിക്ഷേപകർക്ക് ആശാവഹമായ കാര്യങ്ങൾ ഒന്നും ഇപ്പോൾ നൽകുന്നില്ല. അമേരിക്കൻ തീരുവ, എച്ച് വൺ ബി വീസ തുടങ്ങിയ വിഷയങ്ങൾക്കു പരിഹാരം തെളിഞ്ഞിട്ടില്ല. വിദേശനിക്ഷേപകർ ഇടതടവില്ലാതെ വിൽപന തുടരുകയാണ്.
പ്രതിരോധവും മെറ്റലും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലായി. റിയൽറ്റിയും ഐടിയും ഓട്ടോയും ഇടിവിനു മുന്നിൽ നിന്നു. നിഫ്റ്റി 50 സൂചിക 25,000നു താഴെയായി.
സെെബർ ആക്രമണത്തിന് എതിരേ ഇൻഷ്വറൻസ് എടുക്കാതിരുന്ന ജഗ്വാർ - ലാൻഡ് റോവർ ഡിവിഷൻ ടാറ്റാ മോട്ടോഴ്സിന് 275 കോടി ഡോളർ നഷ്ടം വരുത്തും എന്നാണ് ആശങ്ക. സൈബർ ആക്രമണം മൂലം ജെഎൽആർ ഉൽപാദനം സെപ്റ്റംബർ ഒന്നു മുതൽ മുടങ്ങി. അടുത്തയാഴ്ച പുനരാരംഭിക്കാം എന്നാണു പ്രതീക്ഷ. ടാറ്റാ മോട്ടോഴ്സ് ഓഹരി 2.9 ശതമാനം ഇടിഞ്ഞു.
രാജ്യാന്തര വിപണിയിൽ ചെമ്പുവില കുതിച്ചത് ഹിന്ദുസ്ഥാൻ കോപ്പറിനെ ആറു ശതമാനം ഉയർത്തി. വേദാന്തയും ഹിന്ദുസ്ഥാൻ സിങ്കും മൂന്നു ശതമാനത്തിലധികം കയറി.
പ്രതിരോധ കമ്പനികൾ പലതും ലാഭമെടുക്കലിൽ ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ്, എച്ച്എഎൽ, ഭാരത് ഇലക്ട്രോണിക്സ്, ഡാറ്റാ പാറ്റേൺസ് തുടങ്ങിയവ ഉയർന്നപ്പോൾ ഗാർഡൻ റീച്ച്, മസഗാേൺ ഡോക്ക്, അസ്ട്ര, എംടാർ തുടങ്ങിയവ താഴ്ന്നു.
നിഫ്റ്റി 166.05 പോയിൻ്റ് (0.66%) താഴ്ന്ന് 24,890.85 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 555.95 പോയിൻ്റ് (0.68%) ഇടിഞ്ഞ് 81,159.68 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 145.30 പോയിൻ്റ് (0.26%) നഷ്ടത്തോടെ 54,976.20 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 368.55 പോയിൻ്റ് (0.64%) നഷ്ടത്താേടെ 57,555. 90 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 102.75 പോയിൻ്റ് (0.57%) താഴ്ന്ന് 17,966.80 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1392 ഓഹരികൾ ഉയർന്നപ്പോൾ 2793 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 912 എണ്ണം. താഴ്ന്നത് 2123 ഓഹരികൾ.
എൻഎസ്ഇയിൽ 68 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 59 എണ്ണമാണ്. 86 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 71 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 4995.42 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5103.01 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി കൂടുതൽ ദുർബലമായി. നിഫ്റ്റിയുടെ പിന്തുണനില 24,500 - 24,600 ലേക്കു താഴ്ന്നു എന്നാണു സാങ്കേതിക വിദഗ്ധർ പറയുന്നത്. ഇന്നു നിഫ്റ്റിക്ക് 24,860 ലും 24,740 ലും പിന്തുണ ലഭിക്കും. 25,035 ലും 25,090 ലും തടസങ്ങൾ ഉണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണം ഇന്നലെ തിരിച്ചുകയറിയിട്ടു വീണ്ടും താഴ്ന്നു. ഡോളറിൻ്റെ കയറ്റവും പലിശവർധന വൈകാം എന്ന സൂചനയുമാണു കാരണങ്ങൾ. യുഎസ് ജിഡിപി വളർച്ച പ്രതീക്ഷയെ മറികടക്കുകയും തൊഴിൽ നഷ്ടം മുൻ നിഗമനത്തേക്കാൾ കുറയുകയും ചെയ്തു. ഇത് ഒക്ടോബറിലെ യോഗത്തിൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള സാധ്യത കുറച്ചു.
ഇതോടൊപ്പം സാങ്കേതിക വിശകലനത്തിൽ സ്വർണവില ഓവർ ബോട്ട് പൊസിഷനിൽ ആണെന്നും അതു നിലനിർത്താൻ പ്രയാസമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. സ്വർണത്തിൻ്റെ ആർഎസ്ഐ (റിലേറ്റീവ് സ്ട്രെങ്ത് ഇൻഡെക്സ്) 89.72 ആയി. സൂചിക 70 നു മുകളിൽ വന്നാൽ ഓവർ ബോട്ട് ആകും. 1980 നു ശേഷം സൂചിക ഇത്രയും ഉയർന്നത് ഇതാദ്യമാണ്. വർഷാവസാനം 5000 ഡോളർ ലക്ഷ്യമിട്ടു കുറേപേർ ലോംഗ് പൊസിഷൻ എടുത്തിട്ടുണ്ട്.
ഇന്നലെ യുഎസ് വ്യാപാരത്തിൽ സ്വർണം ഔൺസിന് 3760 ഡോളർ കടക്കാൻ ശ്രമിച്ചിട്ടു കഴിഞ്ഞില്ല. 3720 ഡോളർ വരെ താഴ്ന്നിട്ട് 3750.20 ഡോളറിൽ ക്ലോസ് ചെയ്തു. പിന്നീടു 3741 ഡോളറിലേക്കു താഴ്ന്നു.
ഇന്നു പുറത്തുവരുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) സൂചിക മൂന്നു ശതമാനത്തിലധികം ഉയർന്നാൽ സ്വർണം വീണ്ടും താഴാം. കഴിഞ്ഞ മാസം 2.9 ശതമാനം ആയിരുന്നു പിസിഇ.
അവധിവില ഇന്നലെ 3768 ഡോളറിൽ ക്ലോസ് ചെയ്തു.
കേരളത്തിൽ 22 കാരറ്റ് പവൻവില വ്യാഴാഴ്ച 680 രൂപ കുറഞ്ഞ് 83,920 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 45.16 ഡോളറിൽ എത്തിയിട്ട് 45 നു താഴേക്കു നീങ്ങി.
ഇന്തോനീഷയിലെ ഏറ്റവും വലിയ ഖനിയിൽ അപകടത്തെ തുടർന്നും പെറുവിലെ ചില ഖനികളിൽ രാഷ്ട്രീയ പ്രക്ഷോഭത്തെ തുടർന്നും ഉൽപാദനം മുടങ്ങിയത് ചെമ്പുവില കുതിക്കാൻ കാരണമായി. ചെമ്പ് അവധിവില 11,000 ഡോളറിനു മുകളിൽ തുടരുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഇന്നലെ ദിവസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണു ചെമ്പ് ക്ലോസ് ചെയ്തത്. ചെമ്പിൻ്റെ പിന്നാലെ സിങ്കും കുതിച്ചു. വ്യാവസായിക ലോഹങ്ങൾ എല്ലാം വ്യാഴാഴ്ച ഉയർന്നു.
ചെമ്പ് 4.69 ശതമാനം കുതിച്ചു ടണ്ണിന് 10,323.50 ഡോളറിൽ ക്ലോസ് ചെയ്തു. സിങ്ക് മൂന്നു ശതമാനം കയറി ടണ്ണിന് 3011.15 ഡോളർ ആയി. അലൂമിനിയം 0.16 ശതമാനം ഉയർന്ന് ടണ്ണിന് 2653.55 ഡോളറിൽ എത്തി. നിക്കൽ, ടിൻ, ലെഡ് എന്നിവയും കയറി.
രാജ്യാന്തര വിപണിയിൽ റബർ വില 1.11 ശതമാനം ഉയർന്നു കിലോഗ്രാമിന് 173.40 സെൻ്റ് ആയി. കൊക്കോ 173 ശതമാനം താഴ്ന്നു ടണ്ണിന് 6925.73 ഡോളറിൽ എത്തി. കാപ്പി 0.75 ശതമാനം ഉയർന്നു. തേയില മാറ്റമില്ലാതെ നിന്നു. പാം ഓയിൽ വില 1.37 ശതമാനം കയറി.
ഡോളർ സൂചിക വ്യാഴാഴ്ച 0.60 ശതമാനം ഉയർന്ന് 98. 55 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.45 ലേക്ക് താഴ്ന്നു. പലിശ കുറയ്ക്കൽ വെെകുമെന്ന പുതിയ നിഗമനമാണു സൂചികയെ ഉയർത്തുന്നത്.
കറൻസി വിപണിയിൽ ഡോളർ കുതിച്ചു കയറി. യൂറോ 1.1664 ഡോളറിലേക്കും പൗണ്ട് 1.3334 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 149.82 യെൻ എന്ന നിരക്കിലേക്കു വീണു.
യുഎസ് ജിഡിപി, തൊഴിൽ കണക്കുകൾ പ്രതീക്ഷയിലും മെച്ചമായപ്പോൾ പലിശ കുറയ്ക്കൽ പ്രതീക്ഷ അൽപമൊന്നു തണുത്തു. അതു യുഎസ് കടപ്പത്രങ്ങളുടെ വില താഴ്ത്തി. 10 വർഷ കടപ്പത്രങ്ങളുടെ വില അവയിലെ നിക്ഷേപനേട്ടം 4.176 ശതമാനമായി കയറാവുന്ന വിധം കുറഞ്ഞു.
വ്യാഴാഴ്ചയും ഇന്ത്യൻ രൂപ അൽപം നേട്ടം ഉണ്ടാക്കി. ഡോളർ രണ്ടു പെെസ താഴ്ന്ന് 88.67 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഉയരുന്നതു രൂപയെ ദുർബലമാക്കാം. ഈ ദിവസങ്ങളിൽ തായ് ബാഹ്ത്, ഫിലിപ്പീൻ പെസോ തുടങ്ങിയവ താഴ്ന്നപ്പോൾ രൂപ കയറി.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.13 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു നിൽക്കുകയാണ്. ബുധനാഴ്ച ഡോളറിന് 7.10 യുവാൻ മതിയായിരുന്നു.
ഒരു ചാഞ്ചാട്ടത്തിനു ശേഷം ക്രൂഡ് ഓയിൽ വീണ്ടും വിലക്കയറ്റം തുടരുന്നു. വ്യാഴാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 69 ഡോളറിനു താഴെ എത്തിയ ശേഷം വീണ്ടും കയറ്റത്തിലായി. യുഎസ് ജിഡിപി വളർച്ച പ്രതീക്ഷയേക്കാൾ മെച്ചമായതിൻ്റെ അടിസ്ഥാനത്തിലാണു വില ഇപ്പോൾ കൂടുന്നത്. ഇന്നലെ ബ്രെൻ്റ് ഇനം 69.64 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 69.63 ഡോളറിലും ഡബ്ള്യുടിഐ 65.29 ഡോളറിലും മർബൻ ക്രൂഡ് 71.13 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.8 ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ നാലും ഈഥർ ഏഴും സൊലാന ഒൻപതും ശതമാനം താഴ്ചയിലായി. ബിറ്റ് കോയിൻ 1,08,656 വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 1,09, 600 ഡോളറിലേക്കു കയറി. ഈഥർ 3950 ഡോളറിലും സൊലാന 196 ഡോളറിലും എത്തി. ഡോളർ കരുത്തു കൂടിയതും യുഎസ് വളർച്ച പ്രതീക്ഷയിലും കൂടുതലായതും ആണു ക്രിപ്റ്റോ കറൻസികളെ താഴ്ത്തിയ ഒരു ഘടകം. കഴിഞ്ഞ ആഴ്ച വരെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ കടമെടുത്തു ലോംഗ് പൊസിഷൻ നിലനിർത്തിയവർക്ക് പിടിച്ചു നിൽക്കാനാവാതെ വന്നു. അവർ വിൽപന തുടങ്ങി. ഒരാഴ്ച മുമ്പ് 1,17,660 ഡോളർ ആയിരുന്ന ബിറ്റ് കോയിൻ ആറു വ്യാപാര ദിനങ്ങൾ കൊണ്ട് 7.75 ശതമാനം ഇടിഞ്ഞു ഈഥറിനുണ്ടായതു 19 ശതമാനം തകർച്ചയാണ്. സൊലാന 21 ശതമാനം തകർച്ചയിലായി.
(2025 സെപ്റ്റംബർ 25, വ്യാഴം)
സെൻസെക്സ്30 81,159.68 -0.68%
നിഫ്റ്റി50 24,890.85 -0.66%
ബാങ്ക് നിഫ്റ്റി 54,976.20 -0.26%
മിഡ് ക്യാപ്100 57,555.90 -0.64%
സ്മോൾക്യാപ്100 17,966.80 -0.57%
ഡൗജോൺസ് 45,947.32 -0.38%
എസ്ആൻഡ്പി 6604.72 -0.50%
നാസ്ഡാക് 22,384.70 -0.50%
ഡോളർ($) ₹88.67 -₹0.02
സ്വർണം(ഔൺസ്) $3750.20 +$09.00
സ്വർണം(പവൻ) ₹83,920 -₹680
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.64 +$0.33
Read DhanamOnline in English
Subscribe to Dhanam Magazine