Morning business news Canva
Markets

യുദ്ധഭീതി അകലുന്നു, ക്രൂഡ് ഓയിൽ താഴുന്നു; വ്യാപാരകാര്യത്തിൽ ഒരു ലഞ്ച് ചർച്ച, അവ്യക്തത മാറിയില്ല; വിപണി താഴ്‌ന്ന തുടക്കത്തിലേക്ക്

2022-23 അടിസ്ഥാന വർഷം ആക്കിയുള്ള ജിഡിപി കണക്ക് ഇന്നു പുറത്തിറക്കും. ഈ ധനകാര്യ വർഷം മൂന്നാം പാദത്തിലെ വളർച്ചയും അറിയാം

T C Mathew

ഇറാൻ- യുഎസ് ചർച്ച അടുത്തയാഴ്ച തുടരും എന്ന ധാരണ യുദ്ധഭീതി കുറച്ചു. ക്രൂഡ് ഓയിൽ വില താഴ്ന്നു. എന്നാൽ എഐ ആശങ്ക ഓഹരികളെ വീണ്ടും താഴ്‌ത്തി. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും ഇടിവിലാണ്. ഇന്ത്യൻ വിപണിയും താഴ്‌ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്.

സ്വകാര്യ സന്ദർശനത്തിന് ഇന്ത്യയിൽ വന്ന യുഎസ് വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്നിക്ക് ഇന്ത്യൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലിനൊപ്പം ഉച്ചഭക്ഷണം കഴിച്ചു ചർച്ച നടത്തി. ഫലപ്രദമായ ചർച്ച എന്ന് ഇരുപക്ഷവും പറഞ്ഞു. പക്ഷേ വിശദീകരണം ഉണ്ടായില്ല. കരാർ കാര്യത്തിലെ അവ്യക്തത തുടരുന്നു.

2022-23 അടിസ്ഥാന വർഷം ആക്കിയുള്ള ജിഡിപി കണക്ക് ഇന്നു പുറത്തിറക്കും. ഈ ധനകാര്യ വർഷം മൂന്നാം പാദത്തിലെ വളർച്ചയും അറിയാം. എട്ടു ശതമാനത്തിലധികം വളർന്നു എന്നാണു പ്രതീക്ഷ. ഇന്നു വിപണിസമയം കഴിഞ്ഞിട്ടാണു കണക്കുകൾ വരിക.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,559.00 ൽ എത്തി. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 25,605 ലേക്കു കയറിയിട്ട് 25,528 വരെ താഴ്‌ന്നു. വീണ്ടും ഉയർന്നു നീങ്ങി. വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് വ്യാഴാഴ്ച 3.23 ശതമാനം ഉയർന്നു. തുടർ വ്യാപാരത്തിൽ മാറ്റമില്ല. വിപ്രോ 2.27 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 1.77 ശതമാനം ഇടിഞ്ഞു.

എൻവിഡിയ ഇടിഞ്ഞു, യുഎസ് വിപണി ഭിന്നദിശകളിൽ

പ്രതീക്ഷകളെ മറികടന്ന വരുമാന-ലാഭ വളർച്ചകളുമായി എൻവിഡിയ നാലാം പാദ ഫലം പുറത്തുവിട്ടെങ്കിലും ഓഹരി ഇന്നലെ ഇടിഞ്ഞു. 5.49 ശതമാനം നഷ്‌ടത്തിൽ എഐ പ്രോസസർ ഭീമൻ അവസാനിച്ചപ്പോൾ എഎംഡി, ബ്രോഡ്‌കോം, ടിഎസ്എംസി തുടങ്ങിയ ചിപ്പ് നിർമാതാക്കൾ മൂന്നു ശതമാനത്തിലധികം താഴ്‌ന്നു. ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എന്നെയിലെ 10,000 കോടി ഡോളർ നിക്ഷേപം എൻവിഡിയ മരവിപ്പിച്ചതാണു വിപണിയെ അലട്ടുന്നത്. സൈബർ സെക്യൂരിറ്റി കമ്പനി സ്‌കേലർ 10 ശതമാനം ഇടിഞ്ഞു. സോഫ്‌റ്റ്‌വേർ സേവന കമ്പനി സെയിൽസ് ഫോഴ്‌സ് മൂന്നു ശതമാനം താഴ്‌ന്നു. നാസ്‌ഡാക് സൂചിക 1.18 ശതമാനം ഇടിവിലായി.

വാർണർ ബ്രദേഴ്‌സ്- ഡിസ്‌കവറി പാരമൗണ്ട് സ്കൈ ഡാൻസിനു സ്വന്തമാക്കും. പാരമൗണ്ട് ഓഫർ ഓഹരി ഒന്നിനു 30 ഡോളർ എന്നതു 31 ഡോളർ ആക്കിയതോടെയാണ് ഇത്. ഏറ്റെടുക്കലിൽ നിന്നു പിന്മാറിയ നെറ്റ്ഫ്ലിക്സ് ഓഹരി പത്തു ശതമാനം കുതിച്ചു. പാരമൗണ്ട് നാലു ശതമാനം ഉയർന്നു. വാർണർ ബ്രദേഴ്‌സ് താഴ്ന്നു.

ഡൗ ജോൺസ് 17.05 പോയിൻ്റ് (0.03%) ഉയർന്ന് 49,499.20 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.27 പോയിൻ്റ് (0.54%) താഴ്ന്ന് 6908.86 ലും നാസ്ഡാക് കോംപസിറ്റ് 273.69 പോയിൻ്റ് (1.18%) നഷ്‌ടത്തോടെ 22,878.38 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെയും യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 0.57 ഉം എസ് ആൻഡ് പി 0.41 ഉം നാസ്ഡാക് 0.35 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു.

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഭിന്നദിശകളിലായി. യുകെ, ജർമൻ, ഫ്രഞ്ച് വിപണികൾ മിതമായി ഉയർന്നു, യൂറോപ്യൻ സൂചിക നാമമാത്രമായി താഴ്‌ന്നു. സ്പോർട്‌സ് വെയർ കമ്പനിയുടെ വിൽപന ഇടിഞ്ഞു, ഓഹരി 9% താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കൈയും ദക്ഷിണ കൊറിയയിൽ കോസ്‌പിയും 1.1 ശതമാനം വീതം താഴ്‌ന്നു. ഓസ്ട്രേലിയൻ വിപണി നാമമാത്രമായി ഉയർന്നു. ഹോങ് കോങ് സൂചിക കാൽ ശതമാനം കയറി. ചൈനീസ് വിപണി 0.50 ശതമാനം നഷ്ടത്തിൽ വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി കയറിയിറങ്ങി

ഇന്ത്യൻ വിപണി വീണ്ടും ചാഞ്ചാട്ടത്തിലായി. രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി വീണ്ടും ഉയർന്ന വിപണി പിന്നീടു വലിയ നഷ്ടത്തിലേക്കു വീണു. അവസാന മണിക്കൂറിലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നേട്ടവും നഷ്‌ടവുമായി മുഖ്യ സൂചികകൾ അവസാനിച്ചു. ആഗോള സൂചനകളിലെ അവ്യക്തതയും എഐ ആശങ്കയും വ്യാപാരകരാറിൻ്റെ കാര്യത്തിലെ അനിശ്ചിതത്വവും ഒക്കെയാണു വിപണിയെ ഉലയ്ക്കുന്നത്.

ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ, പ്രതിരോധ മേഖലകൾ നല്ല മുന്നേറ്റം കാഴ്ചവച്ചു. ഐടി നാമമാത്ര നേട്ടത്തിൽ അവസാനിച്ചു.

സെൻസെക്സ് വ്യാഴാഴ്ച 27.46 പോയിൻ്റ് (0.03%) താഴ്‌ന്ന് 82,248.61 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14.05 പോയിൻ്റ് (0.06%) നേട്ടത്തോടെ 25,496.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 144.35 പോയിൻ്റ് (0.24%) ഉയർന്ന് 61,187.70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 392.05 പോയിൻ്റ് (0.66%) ഉയർന്ന് 59,798.15 ലും സ്മോൾ ക്യാപ് 100 സൂചിക 1.05 പോയിൻ്റ് (0.01%) കുറഞ്ഞ് 17,117.65 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽകയറ്റ -ഇറക്ക അനുപാതം വലിയ വ്യത്യാസമില്ലാതെ നിന്നു. ബിഎസ്ഇയിൽ 2080 ഓഹരികൾ കയറിയപ്പോൾ 2124 എണ്ണം താഴ്‌ന്നു. എന്നാൽ എൻഎസ്ഇയിൽ 1680 എണ്ണം ഉയർന്നു, 1450 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 85 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 214 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 12 എണ്ണം അപ്പർ സർകീട്ടിലും മൂന്നെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ വ്യാഴാഴ്ച വീണ്ടും അറ്റവിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 3465.99 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5031.57 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

നിഫ്റ്റിയുടെ പ്രതിരോധമേഖല 25,600 -25,650 ആയി താഴ്‌ന്നു എന്നാണു ചാർട്ടുകൾ കാണിക്കുന്നത്. 25,400ലെ പിന്തുണ നഷ്ടമായാൽ 25,200-25,000 മേഖലയിലേക്കു താഴ്‌ന്നാലും അദ്ഭുതമില്ല. 25,300 -25, 200 നിഫ്റ്റിക്കു പിൻബലമാകും. ഇന്ന് 25,420 ഉം 25,380 ഉം നിഫ്റ്റിക്കു പിന്തുണയാകാം. 25,560 ലും 25,660 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഐആർഎഫ്സി ഡയറക്ടർ ബോർഡ് മാർച്ച് ഒൻപതിനു ചേർന്നു രണ്ടാം ഇടക്കാല ലാഭവീതം തീരുമാനിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാർച്ച് ആറിനു രണ്ടാം ഇടക്കാല ലാഭവീതം പ്രഖ്യാപിക്കും.

ബംഗലൂരു അടക്കം മൂന്നു ദക്ഷിണേന്ത്യൻ നഗരങ്ങളിൽ മുതിർന്ന പൗരർക്കായി ഓരോ പാർപ്പിട പദ്ധതിക്ക് പ്രൈമസ് എനിയർ ലിവിംഗുമായി ബ്രിഗേഡ് എൻ്റർപ്രൈസസ് കരാറിൽ ഏർപ്പെട്ടു. 750 കോടി രൂപയാണു പ്രതീക്ഷിക്കുന്ന മൂല്യം.

775 കോടി രൂപയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണ കരാർ ഡൽഹി ഡവലപ്മെൻ്റ് അഥോറിറ്റി (ഡിഡിഎ) എൻബിസിസിക്കു നൽകി.

ടാറ്റാ സ്‌റ്റീൽ വിദേശത്തെ ഉപകമ്പനി ടി സ്റ്റീലിൻ്റെ ഓഹരികൾ 2401 കോടി രൂപയ്ക്കു വാങ്ങി.

വിശാൽ മെഗാ മാർട്ടിൻ്റെ പ്രൊമോട്ടർ ഗ്രൂപ്പായ സമയത് സർവീസസ് 6.5 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കും. 115 രൂപയാണു തറവില.

കൽക്കരിയും ലിഗ്നൈറ്റും വാതകമായി മാറ്റുന്നതിൻ്റെ സാധ്യതകൾ പഠിക്കാൻ ഗുജറാത്ത് മിനറൽ ഡവലപ്മെൻ്റ് കോർപറേഷൻ എൽ ആൻഡ് ടിയുമായി സഹകരണ കരാർ ഉണ്ടാക്കി.

സ്വർണക്കുതിപ്പ് മന്ദഗതിയിൽ

സ്വർണം വീണ്ടും 5200 ഡോളറിലെ തടസം മറികടക്കാൻ പറ്റാതെ പിൻവാങ്ങി. ഇന്നു വീണ്ടും മുന്നേറ്റത്തിനു ശ്രമിക്കുന്നുണ്ട്. സ്വർണം ഇന്നലെ ഔൺസിന് 5206.40 ഡോളർ വരെ കയറിയിട്ട് താഴ്‌ന്ന് 5185.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 5174 ഡോളറിലേക്കു താഴ്‌ന്നിട്ട് 5193 ലേക്കു കയറി.

വെള്ളി വ്യാഴാഴ്ച ഔൺസിന് 90.48 ഡോളറിൽ എത്തിയ ശേഷം 88.42 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 88.88 ഡോളറിലാണു വെള്ളി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 640 രൂപ കുറഞ്ഞ് 1,18,080 രൂപയിൽ എത്തി.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,59,968 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി വ്യാഴാഴ്ച 2,66,800 രൂപ വരെ കയറിയ ശേഷം 2,59,700 രൂപയിൽ അവസാനിച്ചു.

പ്ലാറ്റിനം 2281 ഉം പല്ലാഡിയം 1776 ഉം റോഡിയം 11,250 ഉം ഡോളറിലേക്കു താഴ്‌ന്നു.

സ്വർണവില 5200 ഡോളർ കടക്കാൻ പ്രയാസപ്പെടുകയാണെങ്കിലും ഈ വർഷം 6000 ഡോളറിൽ എത്തും എന്ന വിലയിരുത്തൽ തുടരുകയാണെന്ന് ബാങ്ക് ഓഫ് അമേരിക്ക പറഞ്ഞു. മറ്റൊരു ആഗോള ബാങ്കായ ജെപി മോർഗൻ വർഷാവസാന ലക്ഷ്യം 6300 ഡോളറാണു പറഞ്ഞിട്ടുള്ളത്.

ലോഹങ്ങൾ താഴ്ചയിൽ

മിക്ക വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച താഴ്ന്നെങ്കിലും ചെമ്പും ടിന്നും കയറ്റം തുടർന്നു. ചെമ്പ് 0.33 ശതമാനം കുതിച്ചു ടണ്ണിനു 13,213.85 ഡോളറിൽ എത്തി. അലൂമിനിയം 0.71 ശതമാനം താഴ്‌ന്നു ടണ്ണിന് 3148.68 ഡോളറിൽ ക്ലോസ് ചെയ്തു. ടിൻ 1.13 ശതമാനം ഉയർന്നു ടണ്ണിന് 53,574 ഡോളറിൽ എത്തി. നിക്കലും സിങ്കും ലെഡും താഴ്‌ന്നു.

റബർ 200 സെൻ്റിനു മുകളിൽ

റബർ രാജ്യാന്തര വിപണിയിൽ 2.86 ശതമാനം കുതിച്ച് കിലോഗ്രാമിന് 205.20 സെൻ്റിൽ എത്തി. 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ലഭ്യത. ദക്ഷിണ-പൂർവ ഏഷ്യയിൽ ഉൽപാദനം കുറഞ്ഞ സീസൺ ആയതാണു വിലയെ ഉയർത്തുന്നത്. തായ്‌ലൻഡിലും ഇന്തോനീഷയിലും മഴ മൂലം ടാപ്പിംഗ് മുടങ്ങി.

കൊക്കോ വില ഇന്നലെ നാമമാത്രമായി ഉയർന്ന് ടണ്ണിനു 3059.43 ഡോളറിൽ എത്തി. 2023 മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണു വില.

തേയിലവില മാറ്റമില്ലാതെ തുടർന്നു.. കാപ്പി 1.11 ശതമാനം താഴ്ന്നു. പാം ഓയിൽ വില ടണ്ണിനു 4046 മലേഷ്യൻ റിംഗിറ്റിലേക്കു താഴ്‌ന്നു.

ഡോളർ സൂചിക കയറി

ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 97.78 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.58 വരെ താഴ്‌ന്നു.

യൂറോ 1.1795 ഡോളറിലേക്കും പൗണ്ട് 1.3484 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.89 യെൻ എന്ന നിലയിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.84 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4. 002 ശതമാനമായി താഴ്ന്നു.

രൂപയ്ക്കു ക്ഷീണം?

വ്യാഴാഴ്ച രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടു. ഡോളർ 90.95 രൂപയിൽ നിന്നു ന്ന് 90.91 രൂപയിൽ ക്ലോസ് ചെയ്തു.

ഇന്നു രൂപ ദുർബലമാകാം എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 91.02 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.30 രൂപയിലേക്ക് ഉയർന്നു. ഇന്ന് ഇന്ത്യയിലെ വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ താഴ്ചയിൽ

ജനീവാ ചർച്ചയിൽ പുരോഗതി ഉണ്ടായി. അടുത്ത ആഴ്ച വിയന്നയിൽ ചർച്ച തുടരും. ഈ സംഭവവികാസം ക്രൂഡ് ഓയിൽ വിലയെ താഴ്‌ത്തി നിർത്തുന്നു.

. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച ബാരലിന് 70.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 70.48 ഡോളർ വരെ താഴ്ന്നു. ഡബ്ള്യുടിഐ ഇനം 65.02 ഉം യുഎഇയുടെ മർബൻ 71.04 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 2.829 ഡോളറിലേക്കു താഴ്ന്നു.

ക്രിപ്റ്റോകൾ താഴുന്നു

ക്രിപ്റ്റോ കറൻസികൾ ബുധനാഴ്ചത്തെ മുന്നേറ്റത്തിനു ശേഷം വീണ്ടും താഴ്ചയിലായി. ബിറ്റ്കോയിൻ മൂന്നു ശതമാനം താഴ്‌ന്ന് 67,200 ഡോളറിനു താഴെ വന്നു. ഈഥർ 2020 ഡോളറിനും 13 ശതമാനം ഉയർന്ന സൊലാന 86 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഫെബ്രുവരി 26, വ്യാഴം)

സെൻസെക്സ് 82,248.61 -0.03%

നിഫ്റ്റി50 25,496.55 +0.06%

ബാങ്ക് നിഫ്റ്റി 61,187.70 +0.24%

മിഡ്ക്യാപ്100 59,798.15 +0.66%

സ്മോൾക്യാപ്100 17,117.65 -0.01%

ഡൗ ജോൺസ് 49,499.20 +0.03%

എസ് ആൻഡ് പി 6908.86 -0.54%

നാസ്ഡാക് 22,878.38 -1.18%

ഡോളർ ₹90.91 -₹0.04

സ്വർണം(ഔൺസ്) $5185.90 +$19.80

സ്വർണം (പവൻ) ₹1,18,080 -₹640

ക്രൂഡ്ഓയിൽബ്രെൻ്റ് $70.91 +$0.06

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT