വാരാന്ത്യത്തിൽ വരുന്ന കേന്ദ്ര ബജറ്റിലേക്കു പ്രതീക്ഷയും ഒപ്പം ആശങ്കയും ആയാണു വിപണി ഇന്നു വ്യാപാരം തുടങ്ങുക. ആശങ്കകൾക്കാണു മുൻതൂക്കം. അതു വിപണിയെ നിർണായക പിന്തുണ നിലകളിൽ നിന്നു താഴെയാക്കാം. യുഎസ് ഫ്യൂച്ചേഴ്സിലെ ഇടിവും ഇന്ത്യൻ വിപണിയെ ദുർബലമാക്കും.
കമ്പനികളുടെ വിൽപനയും ലാഭവും കുറഞ്ഞ തോതിൽ മാത്രം കൂടുന്നതാണ് ഇതുവരെ കണ്ടത്. ഈയാഴ്ച വരുന്ന റിസൽട്ടുകളും ആവേശം പകരുന്നതല്ല. യുഎസിൽ ഈയാഴ്ച ടെക് കമ്പനികൾ പ്രതീക്ഷിച്ച വളർച്ച കാണിക്കില്ല എന്ന ആശങ്കയിൽ ഫ്യൂച്ചേഴ്സ് വിപണി താഴ്ചയിലായി. പ്രസിഡൻ്റ് ട്രംപ് ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി വിപണിയിൽ ആശങ്ക നിലനിൽക്കുന്നു.
ബജറ്റ് ദിവസമായ ശനിയാഴ്ചയും വ്യാപാരം ഉള്ളതിനാൽ ഈയാഴ്ച ആറുദിവസം വിപണി പ്രവർത്തിക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,072.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,940 ലേക്ക് ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ടെലികോം ഉപകരണ നിർമാതാക്കളായ എറിക്സൻ്റെ വിൽപനയും ലാഭവും പ്രതീക്ഷയേക്കാൾ കുറഞ്ഞത് ഓഹരിയെ 12 ശതമാനം താഴ്ത്തി. ഭാരം കുറയ്ക്കലിനുളള തങ്ങളുടെ ഒരു രാസസംയുക്തം ഫലപ്രദമാണെന്നു ക്ലിനിക്കൽ ട്രയലിൽ കണ്ടത് നോവോ നോർഡിസ്ക് ഓഹരിയെ ഏഴു ശതമാനം ഉയർത്തി. ലക്ഷുറി ഉൽപന്ന വിൽപനക്കാരായ ബർബറിയുടെ വിൽപനയിലെ ക്ഷീണം പ്രതീക്ഷയിലും കുറവായത് ഓഹരിയെ 10 ശതമാനം നേട്ടത്തിലാക്കി.
വെള്ളിയാഴ്ച രാവിലെ നല്ല നേട്ടം കാണിച്ച യുഎസ് വിപണി ചെറിയ നഷ്ടത്തിൽ ദിവസം അവസാനിപ്പിച്ചു. എന്നാൽ ആഴ്ച നേട്ടത്തോടെയാണു ക്ലോസ് ചെയ്തത്. ''ട്രംപ് ആവേശം'' രണ്ടാം വാരവും തുടർന്നു. ചില ടെക് വമ്പന്മാർ വെള്ളിയാഴ്ച താഴ്ന്നു. എൻവിഡിയ 3.12 ഉം ടെസ്‌ല 1.41ഉം ശതമാനം ഇടിവിലായി.
ഈയാഴ്ച ഫെഡിൻ്റെ പണനയ കമ്മിറ്റി ചേരുന്നുണ്ട്. വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിക്കും. ഇത്തവണ നിരക്ക് കുറയ്ക്കുകയില്ലെന്നാണു പൊതു നിഗമനം. കഴിഞ്ഞ വർഷം നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. ജൂണിനു ശേഷമേ ഇനി പലിശ കുറയ്ക്കൂ എന്നാണു നിഗമനം. പലിശ കുറയ്ക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ സമ്മർദവും ഭീഷണിയും ഇത്തവണ ഫലിച്ചില്ലെങ്കിൽ അദ്ദേഹം എന്തു ചെയ്യും എന്നതു വിപണി ആകാംക്ഷയോടെ ശ്രദ്ധിക്കും.
ആപ്പിൾ, ടെസ്‌ല, മെറ്റ, മൈക്രോ സോഫ്റ്റ് തുടങ്ങിയവ ഈയാഴ്ച റിസൽട്ട് പുറത്തുവിടും. വെള്ളിയാഴ്ച യുഎസ് ജിഡിപി കണക്ക് വരുന്നതും വിപണിയെ സ്വാധീനിക്കും.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 140.82 പോയിൻ്റ് (0.32%) കുറഞ്ഞ് 44,424.25 ലും എസ് ആൻഡ് പി 500 സൂചിക 17.47 പോയിൻ്റ് (0.29%) താഴ്ന്ന് 6101.24 ലും നാസ്ഡാക് സൂചിക 99.38 പോയിൻ്റ് (0.50%) ഇടിവോടെ 19,954.30 ലും ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.32 ഉം എസ് ആൻഡ് പി 0.73 ഉം നാസ്ഡാക് 1.39 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.58 ശതമാനത്തിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കൈ 0.50 ശതമാനം കയറി. ജപ്പാനിൽ പലിശ നിരക്ക് 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കു കയറ്റി. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും വിപണികൾ അവധിയാണ്.
ഐടിയും എഫ്എംസിജിയും കമ്പനികൾ നേട്ടം ഉണ്ടാക്കിയെങ്കിലും വെള്ളിയാഴ്ച ഇന്ത്യൻ വിപണി ഗണ്യമായി താഴ്ന്നു. അതോടെ മുഖ്യ സൂചികകൾ ആഴ്ചയിൽ അര ശതമാനം നഷ്ടത്തിൽ അവസാനിച്ചു. ആഴ്ചയിൽ സെൻസെക്സ് 0.56 ഉം നിഫ്റ്റി 0.47ഉം ശതമാനം താഴ്ന്നു. വിദേശികൾ നിരന്തരം വിൽക്കുന്നത് തിരിച്ചു കയറ്റാനുള്ള ബുൾ ശ്രമങ്ങളെ വിഫലമാക്കി.
വെള്ളിയാഴ്ച റിയൽറ്റി, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, മീഡിയ, ഓട്ടോ, ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ വലിയ ഇടിവിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 2.35 ശതമാനം വരെ ഇടിഞ്ഞു.
വെള്ളിയാഴ്ച നിഫ്റ്റി 113.15 പോയിൻ്റ് (0.49%) താഴ്ന്ന് 23,092.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 329.92 പോയിൻ്റ് (0.43%) നഷ്ടത്തോടെ 76,190.46ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 221.20 പോയിൻ്റ് (0.46%) താഴ്ന്ന് 48,367.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.85 ശതമാനം താഴ്ന്ന് 53,262.95 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 2.35 ശതമാനം ഇടിഞ്ഞ് 16,956.05 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 2758.49 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2402.31 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 69,080.14 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തിരിഞ്ഞു. ബിഎസ്ഇയിൽ 955 ഓഹരികൾ ഉയർന്നപ്പോൾ 3001 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 635 എണ്ണം ഉയർന്നു, താഴ്ന്നത് 2183 എണ്ണം.
വിപണി മനാേഭാവം ദുർബലമായി. നിഫ്റ്റി 23,400 കടന്നു മുന്നേറുന്നതിനെ പറ്റി പറഞ്ഞിരുന്നവർ ഇപ്പോൾ 23,000-നു താഴെ 22,800 ആണോ 22,600 ആണോ പിന്തുണ ആകുക എന്ന ചർച്ചയിലാണ്. വ്യാഴാഴ്ച എഫ് ആൻഡ് ഒ കരാറുകൾ കാലാവധിയാകുന്നതിൻ്റെ വിഷയം ഉണ്ട്. ശനിയാഴ്ചത്തെ ബജറ്റിൻ്റെ പ്രതികരണം അന്നു നടക്കുന്ന പ്രത്യേക വ്യാപാരത്തിൽ ഉണ്ടാകും.
നിഫ്റ്റിക്ക് ഇന്ന് 23,050 ലും 22, 975 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,275 ഉം 23,350 ഉം തടസങ്ങൾ ആകാം.
ടാറ്റാ സ്റ്റീൽ, എസിസി, റെയിൽടെൽ, ഇന്ത്യൻ ഓയിൽ, ഫെഡറൽ ബാങ്ക്, കനറാബാങ്ക്, യൂണിയൻ ബാങ്ക്, കോൾ ഇന്ത്യ, പെട്രാേനെറ്റ് എൽഎൻജി, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, ന്യൂ ഇന്ത്യ അഷ്വറൻസ്, വണ്ടർലാ ഹോളിഡെയ്സ് തുടങ്ങിയവ ഇന്ന് മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.
ഐസിഐസിഐ ബാങ്ക് മൂന്നാം പാദത്തിൽ അറ്റ പലിശ വരുമാനം 9% വർധിച്ചപ്പോൾ അറ്റാദായം 14.8 ശതമാനം കൂട്ടി. നിഷ്ക്രിയ ആസ്തി നാമമാത്രമായി കുറഞ്ഞു. പലിശ മാർജിൻ അൽപം കുറഞ്ഞിട്ടുണ്ട്.
വരുമാനം 4.8 ശതമാനം വർധിച്ചപ്പോൾ എൻടിപിസിയുടെ അറ്റാദായം മൂന്നു ശതമാനമേ കൂടിയുള്ളൂ. ലാഭമാർജിൻ 28.9 ശതമാനമായി വർധിച്ചു.
ബാലകൃഷ്ണ ഇൻഡസ്ട്രീസിൻ്റെ വരുമാനം 12.6 ശതമാനം കൂടിയപ്പോൾ അറ്റാദായം 47.2 ശതമാനം കുതിച്ചു. ലാഭമാർജിൻ നാമമാത്രമായി കുറഞ്ഞു.
ജെകെ സിമൻ്റിൻ്റെ വരുമാനം 0.2 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 33.2 ശതമാനം ഇടിഞ്ഞു. 174 കോടി രൂപ മുടക്കി സൈഫ്കോ സിമൻ്റിൻ്റെ 60 ശതമാനം ഓഹരി വാങ്ങാൻ കമ്പനി തീരുമാനിച്ചു.
അറ്റ പലിശ വരുമാനം 14.4 ശതമാനം കുതിച്ചെങ്കിലും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ അറ്റാദായം 52.6 ശതമാനം ഇടിഞ്ഞു. വകയിരുത്തലുകൾ ഇരട്ടിയിലധികമായി. നിഷ്ക്രിയ ആസ്തി കൂടി.
യെസ് ബാങ്കിൻ്റെ അറ്റ പലിശ വരുമാനം 10.2 ശതമാനം കൂടിയപ്പോൾ ലാഭം 165 ശതമാനം കുതിച്ചു. കമ്പനിയുടെ വകയിരുത്തലുകൾ പകുതിയിൽ താഴെയായി. നിഷ്ക്രിയ ആസ്തി അനുപാതം മാറ്റമില്ലാതെ തുടരുന്നു.
ഡിസിബി ബാങ്ക് അറ്റപലിശ വരുമാനം 14.5% കൂടിയപ്പോൾ അറ്റാദായം 19.6 ശതമാനം ഉയർന്നു. മൊത്തം എൻപിഎ താഴ്ന്നെങ്കിലും അറ്റ എൻപിഎ അൽപം കൂടി.
വരുമാനം 11.1 ശതമാനം വർധിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യ ലാഭം 34.6 ശതമാനം കുതിച്ചു. നിഷ്ക്രിയ ആസ്തി കുറഞ്ഞു.
ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് വിറ്റുവരവ് മൂന്നു ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭം 10.08-ഉം ലാഭമാർജിൻ മൂന്നും അറ്റാദായം 14.2 ഉം ശതമാനം ഇടിഞ്ഞു.
ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ വരുമാനം 13.7% കൂടിയെങ്കിലും ലാഭം 18.3% കുറഞ്ഞു. പ്രവർത്തനലാഭം കൂടിയെങ്കിലും ലാഭമാർജിൻ കുറഞ്ഞു.
വരുമാനം 1.3 ശതമാനം കുറഞ്ഞപ്പോൾ ജെഎസ്ഡബ്ല്യു സ്റ്റീൽ ലാഭം 70.7 ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ 17.1 ൽ നിന്നു 13.5 ശതമാനമായി കുറഞ്ഞു.
വരുമാനം 39.3% കൂടിയപ്പോൾ റിയൽ എസ്റ്റേറ്റ് ഭീമൻ മാക്രോടെക് ഡവലപ്പേഴ്സിൻ്റെ അറ്റാദായം 87 ശതമാനം കുതിച്ചു.
വരുമാനം 0.5 ശതമാനം കൂടിയപ്പോൾ ഡിഎൽഎഫ് അറ്റാദായം 61.5 ശതമാനം കുതിച്ചു കയറി.
ട്രൈഡെൻ്റിൻ്റെ വരുമാനം 9.2% വും ലാഭം 26.7% വും കുറഞ്ഞു.
എൻടിപിസി ഗ്രീൻ വരുമാനം 4.1% കൂടിയപ്പോൾ ലാഭം 52.3 ശതമാനം കുതിച്ചു.
പവർഗ്രിഡിൽ നിന്ന് 1445 കോടിയുടെ കരാർ ലഭിച്ചതോടെ കെഇസി ഇൻ്റർനാഷണലിൻ്റെ മൊത്തം കരാർ തുക 22,000 കോടി രൂപ കടന്നു.
ആറ് അന്തർവാഹിനികൾ നിർമിക്കാൻ തൈസൻ ക്രപ്പ് മറൈൻ സിസ്റ്റംസുമായി ചേർന്നു മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് നൽകിയ ടെൻഡർ സ്വീകാര്യമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
പഞ്ചാബിൽ 923 കോടി രൂപയുടെ ആറുവരി ദേശീയപാത നിർമാണ കരാർ കൈഗാൾ ഇന്ത്യക്കു കിട്ടുമെന്ന് ഉറപ്പായി.
യൂണികെം ലബോറട്ടറീസിന് ജിഎസ്ടി
കമ്മീഷണർ 93.61 കോടി രൂപയുടെ പിഴയും പലിശയും ശിക്ഷ വിധിച്ചു.
അനിശ്ചിതത്വം ഉണ്ടായിട്ടും സ്വർണം വാരാന്ത്യത്തിലേക്ക് ഉയർന്നു.
വെള്ളിയാഴ്ച സ്വർണം ഔൺസിന് 17.86 ഡോളർ കയറി 2771.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2764 ഡോളറിലേക്കു താഴ്ന്നു. ഈയാഴ്ച സ്വർണം ഓൺസിന് 2800 ഡോളർ കടന്നു റെക്കോർഡ് തിരുത്തുമെന്നു വ്യാപാരികൾ കരുതുന്നു.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 240 രൂപ കൂടി 60,440 രൂപ എന്ന റെക്കോർഡിൽ എത്തി.
വെള്ളിവില ഔൺസിന് 30.54 ഡോളറിലാണ്.
ഡോളർ തിരിച്ചു കയറുന്നു
ഡോളർ സൂചിക വെള്ളിയാഴ്ച 107. 22 മുതൽ108.19 വരെ ചാഞ്ചാടിയിട്ട് 107.44 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.67 വരെ കയറി. തിരിച്ചയച്ച കുടിയേറ്റക്കാരുടെ വിമാനം ഇറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയ്ക്ക് എതിരേ യുഎസ് പ്രസിഡൻ്റ് ട്രംപ് ഉത്തരവിട്ടതാണു ഡോളർ സൂചികയെ ഇന്നു കയറ്റുന്നത്.
രൂപ വെള്ളിയാഴ്ച ശക്തിപ്പെട്ടു. ഡോളർ സൂചികയിലെ ഇടിവാണു രൂപയെ നയിച്ചത്. ഡോളർ 25 പൈസ താഴ്ന്ന് 86.21 രൂപയിൽ അവസാനിച്ചു. ഇന്നു രൂപ വീണ്ടും സമ്മർദത്തിലാകാം.
ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. യുഎസ് ഖനന റിഗുകളുടെ എണ്ണം കുറഞ്ഞതാണ് കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 78.50 ഡോളറിൽ ക്ലാേസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ ഒരു ശതമാനം ഇടിഞ്ഞ് 77.69 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 73.86 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 81.03 ഡോളറിലും നിൽക്കുന്നു.
ക്രിപ്റ്റോ കറൻസികൾ ചെറിയ കയറ്റിറക്കങ്ങളിലാണ്.. ബിറ്റ് കോയിൻ 1,01,600 ഡോളറിലായി. ഈഥർ വില 3200 ഡോളറിനടുത്താണ്.
നിക്കൽ ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.42 ശതമാനം കയറി ടണ്ണിന് 9156. 08 ഡോളറിലെത്തി. അലൂമിനിയം 0.90 ശതമാനം കയറി 2640.75ഡോളർ ആയി. സിങ്ക് 0.72 ഉം ടിൻ 0.91 ഉം ലെഡ് 0.20 ഉം ശതമാനം ഉയർന്നു. നിക്കൽ 0.25 ശതമാനം താഴ്ന്നു.
(2024 ജനുവരി 24, വെള്ളി)
സെൻസെക്സ് 30 76,190.46 -0.43%
നിഫ്റ്റി50 23,092.20 -0.49%
ബാങ്ക് നിഫ്റ്റി 48,367.80 -0.46%
മിഡ് ക്യാപ് 100 53,262.95 -1.55%
സ്മോൾ ക്യാപ് 100 16,956.05 -2.35%
ഡൗ ജോൺസ് 44,424.25 -0.32%
എസ് ആൻഡ് പി 6101. 24 -0.29%
നാസ്ഡാക് 19,954.30 -0.50%
ഡോളർ($) ₹86.21 -₹0.24
ഡോളർ സൂചിക 107.44 -0.61
സ്വർണം (ഔൺസ്) $2771.60 +$17.80
സ്വർണം(പവൻ) ₹60,440 +₹240.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $78.50 +$00.66
Read DhanamOnline in English
Subscribe to Dhanam Magazine