Canva
Markets

വിപണികൾ തിരിച്ചു കയറ്റത്തിന്; പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവ്; ചർച്ചയുടെ സാധ്യത തേടി മധ്യസ്ഥർ; ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; സ്വർണം കയറുന്നു

മഴയിലെ കമ്മി ജൂലൈ 26 ന് 16.5 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ്

T C Mathew

പശ്ചിമേഷ്യൻ സംഘർഷത്തിനു നേരിയ അയവ് വന്നതും ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും ഇന്ന് ഓഹരി വിപണിക്ക് നേട്ടം പകരും. കഴിഞ്ഞ ഒരാഴ്ച മുഴുവൻ താഴോട്ടു നീങ്ങിയ സൂചികകൾ ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങാം.

വെള്ളിയാഴ്ച രാത്രി മുതൽ അമേരിക്കയും ഇറാനും ആക്രമണങ്ങൾ നടത്തിയിട്ടില്ല. അമേരിക്ക ആക്രമിച്ചില്ലെങ്കിൽ തങ്ങളും ആക്രമിക്കില്ല എന്ന് ഇറാൻ പറഞ്ഞു. ഹോർമുസ് തുറക്കുന്നതിനെപ്പറ്റി ഒമാനും ഇറാനും ചർച്ച നടത്തുന്നുണ്ട്. ഖത്തറും ഒമാനും പാക്കിസ്ഥാനും മറ്റും ജനീവാ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇരു പക്ഷത്തോടും ചർച്ച നടത്തി വരുകയാണ്.

ഈ നീക്കങ്ങൾ ക്രൂഡ് ഓയിലിനെ 102 ഡോളറിൽ നിന്നു 92 ഡോളറിനടുത്ത് എത്തിച്ചു. ചെങ്കടലിലെ ആക്രമണത്തിലും മാന്ദ്യം ഉണ്ട്. ഇതിനിടെ കാസ്പിയൻ കടലിൽ റഷ്യയിൽ നിന്നു സൈനിക സാമഗ്രികളുമായി തിരിച്ച ഇറാനിയൻ ചരക്കുകപ്പലിനെ യുക്രെയ്ൻ ആക്രമിച്ചു.

നാളെ തുടങ്ങുന്ന യുഎസ് ഫെഡ് യോഗം ബുധനാഴ്ച തീരുമാനം പ്രഖ്യാപിക്കും. സെപ്റ്റംബറിൽ പലിശ കൂട്ടുന്നതിനെപ്പറ്റി ഫെഡ് മേധാവി കെവിൻ വാർഷ് എന്തു പറയും എന്നു വിപണി ഉറ്റു നോക്കുന്നു. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും വെള്ളിയാഴ്ച ബാങ്ക് ഓഫ് ജപ്പാനും പണനയം പ്രഖ്യാപിക്കും. ക്രൂഡ് ഓയിൽ വില കുറയുന്നതിനാൽ പലിശ ഇപ്പോൾ കൂട്ടുകയില്ല എന്നാണു പ്രതീക്ഷ.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,763.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,950 വരെ കയറി. വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ കമ്മി 15.5 ശതമാനം

തെക്കുപടിഞ്ഞാറൻ മൺസൂൺ മെച്ചപ്പെട്ടു വരുന്നു. മഴയിലെ കമ്മി ജൂലൈ 26 ന് 16.5 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ്. കേരളത്തിൽ കമ്മി 37 ശതമാനത്തിലേക്കു കയറി. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 40 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.

യുഎസ് വിപണി പലവഴി

ഇറാൻ- യുഎസ് ചർച്ചകൾക്കുള്ള അണിയറ നീക്കങ്ങൾ ബലപ്പെട്ടത് വെള്ളിയാഴ്ച യുഎസ് വിപണിയിൽ കയറ്റത്തിനു കാരണമായി എന്നാൽ ചിപ്പ് കമ്പനികൾ തളർച്ച തുടർന്നു. മൈക്രോൺ ഏഴു ശതമാനം ഇടിഞ്ഞു. 102 ഡോളർ വരെ എത്തിയ ക്രൂഡ് ഓയിൽ വെള്ളിയാഴ്ച നാല് ശതമാനം ഇടിഞ്ഞ് 96.78 ൽ ക്ലോസ് ചെയ്തു.

ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സും ടെസ്‌ലയും വെള്ളിയാഴ്ച രണ്ടു ശതമാനത്തിലധികം നഷ്‌ടത്തിലായി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 235.60 പോയിൻ്റ് (0.46 ശതമാനം) ഉയർന്ന് 51,947.25 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 3.68 പോയിൻ്റ് (0.05%) കൂടി 7411.98 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 161.87 പോയിൻ്റ് (0.64%) താഴ്ന്ന് 24,975.82 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കുതിച്ചു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ മുന്നേറ്റത്തിലാണ്. ഡൗ ജോൺസ് 256 പോയിൻ്റും( 0.49%) എസ് ആൻഡ് പി 46 പോയിൻ്റും (0.62%) നാസ്ഡാക് 325 പോയിൻ്റും (1.16%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വിപണിസമയത്ത് 0.43 ശതമാനം ഉയർന്നിട്ട് തുടർവ്യാപാരത്തിൽ 0.09 ശതമാനം കയറി 23.25 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.92% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.51 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 4.12% കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 0.36% താഴ്ന്ന് 11.07ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 5.06% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.01 ശതമാനം കുറഞ്ഞ് 1.869 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് മുന്നേറി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല മുന്നേറ്റം നടത്തി. ക്രൂഡ് വില കുറഞ്ഞു തുടങ്ങിയതാണു പ്രധാന കാരണം. യുഎസ് തീരുവ ആശ്വാസകരമായതും വിപണിയെ തുണച്ചു.

ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി ഒരു ശതമാനം കയറി. ജാപ്പനീസ് നിക്കൈ സൂചിക 0.45 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ് കോങ് നാമമാത്ര താഴ്ചയിൽ വ്യാപാരം തുടങ്ങി. ഷാങ് ഹായ് അര ശതമാനം താണു.

ഇടിവ് തുടർന്ന് ഇന്ത്യ

ക്രൂഡ് ഓയിൽ വില 102 ഡോളർ വരെ കയറിയത് ഇന്ത്യൻ വിപണിയെ ആഴ്ചയിലെ അഞ്ചാം ദിവസവും നഷ്‌ടത്തിലാക്കി.എങ്കിലും ഐടി, ബാങ്കിംഗ് മേഖലകൾ ആശ്വാസകരമായി ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിൽ അവസാനിച്ചു. എങ്കിലും ദിവസത്തിലെ താഴ്‌ന്ന നിലയിൽ നിന്ന് മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.2 ശതമാനത്തിലധികം കുതിച്ചു കയറി.

വിദേശനിക്ഷേപകർ വിൽപന തുടർന്നു. അവർ കാഷ് വിപണിയിൽ 3892.77 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകൾ 5453.55 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി. വിദേശികൾ ജൂലൈയിൽ ഇതുവരെ 14,946 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. എങ്കിലും ഈ വർഷം ജനുവരി മുതൽ അവർ 2,59,326 കോടി രൂപയുടെ വില്പനക്കാരായിരുന്നു.

വെള്ളിയാഴ്ച സെൻസെക്‌സ് 331.68 പോയിൻ്റ് (0.43%) താഴ്ന്ന് 76,059.77 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 102.15 പോയിൻ്റ് (0.43%) നഷ്ടത്തോടെ 23,767.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 101.50 പോയിൻ്റ് (0.18%) ഉയർന്ന് 56,693.50 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 62.65 പോയിൻ്റ് (0.10%) നഷ്‌ടത്തോടെ 61,622.35 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 61.40 പോയിൻ്റ് (0.32%) താഴ്ന്ന് 18,874.95 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ താഴ്ന്നു. ബിഎസ്ഇയിൽ 1999 ഓഹരികൾ കയറി, 2185 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1691 എണ്ണം ഉയർന്നപ്പോൾ 1574 എണ്ണം താഴ്ന്നു .

സ്വർണം കുതിക്കുന്നു

ക്രൂഡ് ഓയിൽ വില പത്തു ശതമാനം ഇടിഞ്ഞതും പശ്ചിമേഷ്യയിൽ ചർച്ചകൾക്കു വഴി തുറന്നതും സ്വർണത്തെ ഉയർത്തുകയാണ്. നാളെ തുടങ്ങുന്ന ഫെഡ് യോഗം പലിശ കൂട്ടും എന്ന ഭീതി അകന്നു.

സ്വർണം വെള്ളിയാഴ്ച കയറ്റിറക്കങ്ങൾക്കു ശേഷം രണ്ടു ശതമാനം കയറി ഔൺസിനു 4052.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4117 വരെ കയറിയിട്ടു 4105 ഡോളറിനടുത്തു നിൽക്കുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴച രാവിലെ 1360 രൂപ കുറഞ്ഞു. ശനിയാഴ്ച 440 രൂപ വർധിച്ച് 1,06,280 രൂപയിൽ എത്തി.

വെള്ളിവില വെള്ളിയാഴ്ച താഴ്ന്ന് ഔൺസിന് 58.26 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 60.20 ഡോളർ ആയി.

പ്ലാറ്റിനം 1617 ഡോളർ, പല്ലാഡിയം 1256 ഡോളർ, റോഡിയം 7825 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ സ്റ്റെഡി

രാജ്യാന്തര റബർ വില വെള്ളിയാഴ്ച 0.10 ഡോളർ കുറഞ്ഞു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 289.80 ഡോളറിലും ആർഎസ്എസ് മൂന്ന് 286.40 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 28,200 രൂപയിൽ തുടർന്നു.

ലോഹങ്ങൾ താഴ്ന്നു

വെള്ളിയാഴ്ച ലോഹങ്ങൾ ഇടിവിലായി. ചെമ്പ് 0.94 ശതമാനം ഇടിഞ്ഞു ടണ്ണിനു 13,616.00 ഡോളർ ആയി. അലൂമിനിയം 0.68 ശതമാനം കുറഞ്ഞ് 3160.50 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും ടിന്നും താണു. നിക്കൽ കയറി.

കാപ്പിയും കൊക്കോയും കയറി

കൊക്കോ വില വെള്ളിയാഴ്ച 0.55 ശതമാനം ഉയർന്നു ടണ്ണിന് 5330 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇൻഡോനീഷയിൽ ഉൽപാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയിൽ ഉൽപാദനം കുറയും.

അറബിക്ക കാപ്പിവില 1.51 ശതമാനം കയറി പൗണ്ടിന് 3.14 ഡോളർ ആയി. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക താഴുന്നു

യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 101.47 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.15 വരെ താഴ്ന്നു.

യൂറോ 1.1377 ഡോളറിലേക്കും പൗണ്ട് 1.3314 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 163.89 യെൻ എന്ന നിലയിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.703 ശതമാനത്തിലേക്കു കയറി. 2015 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രൂപ സ്‌റ്റെഡി

വെള്ളിയാഴ്ച ഇന്ത്യൻ രൂപ ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഡോളർ ഒരു പൈസ കുറഞ്ഞ് 96.56 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനാൽ ഇന്നു രൂപ നേട്ടം ഉണ്ടാക്കും എന്നാണു സൂചന.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.57 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.26 രൂപയിലും യൂറോ 109.80 രൂപയിലും നിൽക്കുന്നു.

93 ഡോളറിനു താഴെ ക്രൂഡ് ഓയിൽ

കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ഹോർമുസിൽ രണ്ടു ദിവസമായി പുതിയ ആക്രമണം ഇല്ല. ചെങ്കടലിൽ ഇന്നലെ ഹൂതികളുടെ ആക്രമണം ഉണ്ടായില്ല. എങ്കിലും രണ്ടിടത്തും കപ്പൽ നീക്കം നിലച്ച മട്ടാണ്. കരിങ്കടലിലും അസോവ് കടലിലും മാത്രമല്ല കാസ്പിയൻ കടലിലും യുക്രെയ്ൻ റഷ്യൻ കപ്പലുകളെ ആക്രമിച്ചു. ഇറാൻ്റെ ഒരു ചരക്കുകപ്പലിനെയും യുക്രെയ്ൻ ഡ്രോണുകൾ ആക്രമിച്ചു. റഷ്യയിൽ നിന്നു യുദ്ധസാമഗ്രികൾ കൊണ്ടുപോകുന്ന കപ്പലായിരുന്നു അത്. ഇപ്പോൾ കരിങ്കടലും അസോവും വഴി റഷ്യൻ എണ്ണ കടത്തി വിടുന്നില്ല. എങ്കിലും എണ്ണവില ഇടിഞ്ഞു.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച നാലു ശതമാനം ഇടിഞ്ഞു വീപ്പയ്ക്ക് 96.78 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില അഞ്ചു ശതമാനം കൂടി ഇടിഞ്ഞ് 91.96 ആയി. പിന്നീടു 92.66 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 84.67 ഡോളറിൽ എത്തിയിട്ട് അൽപം ഉയർന്നു.

ക്രിപ്റ്റോകൾ ഉയരുന്നു

ക്രിപ്റ്റോകറൻസികൾ തിരിച്ചു കയറി. ബിറ്റ് കോയിൻ ഇന്നു രാവിലെ 65,125 ഡോളറിനു മുകളിൽ എത്തി. ഈഥർ 1940 ഡോളറിനും സൊലാന 76 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ജൂലൈ 24, വെള്ളി)

സെൻസെക്സ് 76,059.77 -0.43%

നിഫ്റ്റി50 23,767.45 -0.43%

ബാങ്ക് നിഫ്റ്റി 56,693.50 +0.18%

മിഡ്ക്യാപ്100 61,622.35 -0.10%

സ്മോൾക്യാപ്100 18,874.95 -0.32%

ഡൗജോൺസ് 51,947.25 +0.46%

എസ്ആൻഡ്പി 7411.98 +05%

നാസ്ഡാക് 24,975.82 -0.64%

ഡോളർ ₹96.56 -₹0.01

സ്വർണം(ഔൺസ്)$4088.60 +$38.00

സ്വർണം(പവൻ) ₹1,05,840 -₹1360

ശനി ₹1,06,280 +₹440

ക്രൂഡ്ഓയിൽബ്രെൻ്റ്$96.78 -$3.91

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT