Morning business news Canva
Markets

യുദ്ധവിരാമ ചർച്ചകളിൽ നേരിയ പുരോഗതി; ആക്രമണം നിർത്തൽ 10 ദിവസം കൂടി; വിപണികൾ കരുതലോടെ; ക്രൂഡ് കയറിയിട്ട് ഇറങ്ങുന്നു

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,034 വരെ താഴ്ന്നിട്ട് 23,146 ലേക്കു കയറി. നിഫ്റ്റി 150 ലധികം പോയിൻ്റ് നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

T C Mathew

യുഎസ്- ഇറാൻ ചർച്ച ഔപചാരികമായി തുടങ്ങാൻ വഴി തെളിഞ്ഞില്ല. നിർദേശങ്ങളും ഉപാധികളും ഇടനിലക്കാർ വഴി കൈമാറുന്നതു തുടരുന്നു. ചർച്ചയ്ക്കു കളമൊരുക്കാൻ തങ്ങളുടെ ആക്രമണങ്ങൾ 10 ദിവസം കൂടി നിർത്തിവയ്ക്കുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതിനു മുൻപ് യുഎസ് വിപണി വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്തിരുന്നു. ക്രൂഡ് ഓയിൽ 108 ഡോളറിനു മുകളിലും എത്തി.

ട്രംപിൻ്റെ അറിയിപ്പിനെ തുടർന്ന് യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു, ക്രൂഡ് വില താഴ്ന്നു തുടങ്ങി. ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം നഷ്ടം കുറച്ചു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,079.50ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,034 വരെ താഴ്ന്നിട്ട് 23,146 ലേക്കു കയറി. നിഫ്റ്റി 150 ലധികം പോയിൻ്റ് നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വ്യാഴാഴ്ച ന്യൂയോർക്കിൽ 2.71 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.75 ശതമാനം കയറി 25.55 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 1.41 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 1.43 ശതമാനം കയറി 26.30 ഡോളർ ആയി. ഇൻഫോസിസ് എഡിആർ 0.08 ശതമാനം താഴ്ന്നിട്ട് തുടർവ്യാപാരത്തിൽ 0.68 ശതമാനം ഉയർന്നു. വിപ്രോ മാറ്റമില്ലാതെ നിന്നിട്ടു തുടർവ്യാപാരത്തിൽ 1.44 ശതമാനം ഉയർന്നു.

യുഎസ് വിപണി ഇടിഞ്ഞു

ഇറാനുമായി സന്ധിചർച്ച തുടരാൻ പറ്റുമോ എന്ന ആശങ്ക വ്യാഴാഴ്ച യുഎസ് വിപണികളെ വലിയ താഴ്ചയിലാക്കി.തലേ ദിവസം സൂചികകൾ ഉയർന്നതാണ്. ഇന്നലെ രാവിലത്തെ ഉയർന്ന നിലയിൽ നിന്നു ഡൗ 600 ഉം എസ് ആൻഡ് പി 100 ഉം പോയിൻ്റ് നഷ്ടത്തിലായി. ഡൗ ജോൺസ് വ്യാഴാഴ്ച 469.38 പോയിൻ്റ് (1.01%) താഴ്ന്ന് 45,960.11ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 114.74 പോയിൻ്റ് (1.74%) ഇടിഞ്ഞ് 6477.16 ൽ അവസാനിച്ചു. നാസ്ഡാക് 521.74 പോയിൻ്റ് (2.38%) നഷ്ടത്തോടെ 21,408.08ൽ ക്ലോസ് ചെയ്തു.

ആക്രമണം 10 ദിവസം കൂടി നിർത്തിവയ്ക്കും എന്ന ട്രംപിൻ്റെ പ്രസ്താവനയെ തുടർന്ന് ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലായി. ഡൗ ജോൺസ് 174 പോയിൻ്റും (0.38%) എസ് ആൻഡ് പി 23 പോയിൻ്റും (0.35%) നാസ്ഡാക് 75 പോയിൻ്റും (0.31%) ഉയർന്നു നീങ്ങുന്നു. ഇറാൻ ചർച്ചയിലെ അനിശ്ചിതത്വവും വിലക്കയറ്റ ഭീഷണിയും മൂലം യൂറോപ്യൻ വിപണികൾ ഇന്നലെ ഒന്നര ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കൈ 1.3ഉം ദക്ഷിണ കൊറിയയിൽ കോസ്‌പി 3.6ഉം ശതമാനം താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം താണു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി. ജനുവരിയിൽ ചൈനയുടെ വ്യാവസായിക ലാഭം 15 ശതമാനം വർധിച്ചു.

മുന്നേറ്റം തുടർന്ന് ഇന്ത്യൻ വിപണി

ആവേശകരമായ തുടക്കത്തിനു ശേഷം വീണ്ടും വലിയ കുതിപ്പു നടത്തിയ വിപണി ബുധനാഴ്ച ഗണ്യമായ നേട്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 75,850 ഉം നിഫ്റ്റി 23,465 ഉം വരെ കയറിയ ശേഷം താഴ്ന്നു ക്ലോസ് ചെയ്തു. നാമമാത്രമായി ഉയർന്ന ഐടി ഒഴികെ എല്ല മേഖലകളും മികച്ച മുന്നേറ്റം കാഴ്ചവച്ചു. കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ, റിയൽറ്റി, ഓട്ടോ, ധനകാര്യ, ബാങ്ക്, ടൂറിസം, കാപ്പിറ്റൽ മാർക്കറ്റ് മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.

സെൻസെക്‌സ് ബുധനാഴ്ച 1205.00 പോയിൻ്റ് (1.63%) ഉയർന്ന് 75,273.45 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 394.05 പോയിൻ്റ് (1.72%) കയറി 23,306.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1102.45 പോയിൻ്റ് (2.10%) നേട്ടത്തോടെ 53,708.10 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1244.05 പോയിൻ്റ് (2.30%) ഉയർന്ന് 55,331.05 ലും സ്മോൾ ക്യാപ് 100 സൂചിക 401.35 പോയിൻ്റ് (2.59%) കയറി 15,896.55 ലും അവസാനിച്ചു.

വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും കയറ്റം തുടർന്നു. ബിഎസ്ഇയിൽ 2902 ഓഹരികൾ ഉയർന്നപ്പോൾ 1415 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2416 എണ്ണം ഉയർന്നപ്പോൾ 846 എണ്ണം ഇടിഞ്ഞു. വിദേശനിക്ഷേപകർ ബുധനാഴ്ചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 1805.37 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5429.78 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

സമാധാന പ്രതീക്ഷ ചാഞ്ചാടുന്നു, സ്വർണ വിലയും

പശ്ചിമേഷ്യൻ സമാധാന പ്രതീക്ഷ കൂടുമ്പോൾ സ്വർണവും വെള്ളിയും കയറുന്നു, കുറയുമ്പോൾ താഴുന്നു. രണ്ടു ദിവസമായി വിപണി ഈ കയറ്റിറക്കത്തിലാണ്. ബുധനാഴ്ച 4602 ഡോളർ വരെ ഉയർന്ന ശേഷം സ്വർണം

ഔൺസിന് 4507.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നലെ മൂന്നു ശതമാനത്തോളം ഇടിഞ്ഞ് 4379.20 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ വീണ്ടും കയറി 4406 ഡോളറിൽ എത്തി.

വെള്ളി ബുധനാഴ്ച 71.41 ഡോളറിൽ അവസാനിച്ചു. ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം ഔൺസിന് 68.15 ഡോളറിലായി. ഇന്നു രാവിലെ 68.50 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 1840 ഡോളർ, പല്ലാഡിയം 1361 ഡോളർ, റോഡിയം 10,150 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച വില കൂടുകയും വ്യാഴാഴ്ച താഴുകയും ചെയ്തു. ഒടുവിൽ പവന് 1,06,000 രൂപയിൽ വ്യാപാരം അവസാനിച്ചു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,39,837 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,19,200 രൂപയിൽ അവസാനിച്ചു.

ലോഹങ്ങൾ കയറിയിറങ്ങി

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച കുതിച്ചുകയറിയ ശേഷം ഇന്നലെ പല ദിശകളിലായി. ചെമ്പ് 0.21 ശതമാനം താഴ്ന്നു ടണ്ണിന് 12,107.95 ഡോളറിൽ എത്തി. അലൂമിനിയം 0.11 ശതമാനം ഉയർന്ന് 3253.15 ഡോളർ ആയി. സിങ്ക് ഉയർന്നു. ടിന്നും നിക്കലും ലെഡും താഴ്ന്നു.

റബർ ഉയർന്നു

ബുധനാഴ്ച രാജ്യാന്തര വിപണിയിൽ 1.11 ശതമാനം ഉയർന്ന റബർ വില ഇന്നലെ 1.65 ശതമാനം കൂടി കയറി കിലോഗ്രാമിന് 196.80 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 1.8 ശതമാനം കുതിച്ച് ടണ്ണിന് 17,916.67 യുവാൻ ആയി.

ബുധനാഴ്ച താഴ്ന്ന കൊക്കോ ഇന്നലെ 0.93 ശതമാനം ഉയർന്ന് ടണ്ണിന് 3162.00 ഡോളറിൽ എത്തി. തേയിലവില കിലോഗ്രാമിന് 157.40 രൂപയിൽ തുടർന്നു. കാപ്പി 2.85 ശതമാനം താഴ്ന്നു പൗണ്ടിന് 307.10 സെൻ്റിൽ എത്തി. പാം ഓയിൽ വില ടണ്ണിനു 4484 മലേഷ്യൻ റിംഗിറ്റിലേക്കു താഴ്ന്നു.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ ഒന്നര ശതമാനം വരെ ഉയർന്ന. യൂറിയ ടണ്ണിന് 695.00 ഡോളറിലേക്കു കയറി.

ഡോളർ സൂചിക ഉയർന്നു

പശ്ചിമേഷ്യയിൽ സമാധാന സാധ്യത കുറഞ്ഞെന്ന ധാരണയിൽ ഡോളർ സൂചിക ഉയർന്നു വ്യാഴാഴ്ച 99.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.96 ലേക്കു കയറിയിട്ട് 99.85 ലേക്കു താഴ്ന്നു. യൂറോ 1.1525 ഡോളറിലേക്കും പൗണ്ട് 1.3323 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.68 യെൻ എന്ന നിലയിലേക്ക് ദുർബലമായി. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിലേക്ക് താണു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.416 ശതമാനമായി ഉയർന്നു. പലിശ ഉയരും എന്ന ആശങ്ക വർധിച്ചതാണ് കാരണം.

രൂപ ദുർബലം

രൂപ ബുധനാഴ്ച ദർബലമായി. റിസർവ് ബാങ്ക് ജാഗ്രതയോടെ നില ഉറപ്പിച്ചതു കൊണ്ടു മാത്രമാണ് ഡോളർ 94 രൂപ കടക്കാതിരുന്നത്. ഡോളർ 11 പൈസ വർധിച്ച് 93.98 രൂപയിൽ ക്ലാേസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ബുധനാഴ്ച രാത്രി 94.59 രൂപ വരെ കയറിയിട്ട് ഇന്നു രാവിലെ 94.21 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 13.64 രൂപയിലേക്കു താണു. യൂറോ 108.76 രൂപയിലേക്കു കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ കയറിയിട്ട് ഇറങ്ങുന്നു

സമാധാന ചർച്ചയെപ്പറ്റിയുള്ള പ്രതീക്ഷ കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ചു ക്രൂഡ് ഓയിൽ വില താഴുകയും കയറുകയും ചെയ്യുന്നു. ബുധനാഴ്ച വീപ്പയ്ക്ക് 102.22 ഡോളർ വരെ താഴ്ന്നു ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 5.66 ശതമാനം കയറി 108.01 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 106.55 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 93.17 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് ആറു ശതമാനം ഉയർന്ന് 111.81 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ ഇടിഞ്ഞു

സമാധാന പ്രതീക്ഷ കുറഞ്ഞപ്പോൾ ക്രിപ്റ്റോ കറൻസികൾ ഇടിവിലായി. ബിറ്റ്കോയിൻ 68,900 ഡോളറിനു താഴെയായി. ഈഥർ 2070 ഡോളറിനും സൊലാന 86.75 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മാർച്ച് 25, ബുധൻ)

സെൻസെക്സ് 75,273.45 +1.65%

നിഫ്റ്റി50 23,306.45 +1.72%

ബാങ്ക് നിഫ്റ്റി 53,708.10 +2.10%

മിഡ് ക്യാപ്100 55,331.05 +2.30%

സ്മോൾ ക്യാപ്100 15,896.55 +2.59%

ഡൗ ജോൺസ് 46,429.49 +0.66%

എസ് ആൻഡ് പി 6591.90 +0.54%

നാസ്ഡാക് 21,929.83 +0.77%

ഡോളർ ₹93.98 +₹0.11

സ്വർണം (ഔൺസ്)$4507.30 + 32.00

സ്വർണം (പവൻ) ₹1,08,200 +₹3400

ക്രൂഡ് ഓയിൽ ബ്രെൻ്റ് $102.22 -$2.27

2026 മാർച്ച് 25, വ്യാഴം

ഡൗ ജോൺസ് 45,960.11 -1.01%

എസ് ആൻഡ് പി 6477.1 -1.74%

നാസ്ഡാക് 21,408.08 -2.38%

സ്വർണം (ഔൺസ്)$4379.20 -126.80

സ്വർണം (പവൻ) ₹1,06,000 -₹2000

ക്രൂഡ് ഓയിൽ ബ്രെൻ്റ് $108.01 +$5.79

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT