Morning business news Canva
Markets

സംഘർഷം തുടരുന്നു; ടെക് കരുത്തിൽ യുഎസിലും ഏഷ്യയിലും മുന്നേറ്റം; ഇന്ത്യൻ വിപണി ആശങ്കയിൽ; ക്രൂഡ് ഓയിലിനു നേരിയ താഴ്ച

വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി. അവർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 2407.87 കോടി രൂപയുടെ അറ്റ വിൽപന നടത്തി

T C Mathew

യുഎസ്- ഇറാൻ സംഘർഷ നിലയിൽ മാറ്റമില്ല. പുതിയ സംഘട്ടനങ്ങൾ ഉണ്ടായില്ല. കരാറിനായുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ തുടർന്നു. ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്ന ശേഷം ഇന്നു രാവിലെ ഒരു ശതമാനത്തിലധികം താഴ്ന്നു.

ഇന്നലെ ടെക് ഓഹരികളുടെ കരുത്തിൽ യുഎസ് വിപണി ഉയർന്നു. ഇന്നു രാവിലെ ടെക് ഓഹരികൾ ജപ്പാനിലും ദക്ഷിണ കൊറിയയിലും തായ്‌വാനിലും വിപണികളെ റെക്കോർഡ് ഉയരങ്ങളിൽ എത്തിച്ചു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,890.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,870 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി റെക്കോർഡിൽ

അവധിക്കു ശേഷം വ്യാപാരം നടന്ന ഇന്നലെ അമേരിക്കയിൽ എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോംപസിറ്റും റെക്കോർഡ് പുതുക്കി ക്ലോസ് ചെയ്തു. എന്നാൽ ഡൗ ജോൺസ് സൂചിക അൽപം താഴ്ന്നു. മെമ്മറി ചിപ് നിർമാതാക്കളായ മൈക്രോൺ ടെക്നോളജി 19 ശതമാനം കുതിച്ച് ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കടന്നു. മൈക്രോണിനെ പിന്തുടർന്ന് വെസ്റ്റേൺ ഡിജിറ്റൽ എട്ടും സീഗേറ്റ് നാലും ശതമാനം കയറി. മറ്റു ടെക് ഓഹരികളും മുന്നേറ്റത്തിലായി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 118.02 പോയിൻ്റ് (0.23%) താഴ്ന്ന് 50,461.68 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 45.65 പോയിൻ്റ് (0.61%) കയറി 7519.12 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 312.21 പോയിൻ്റ് (1.19%) കുതിച്ച് 26,656.18 ൽ അവസാനിച്ചു.

ഫ്യൂച്ചേഴ്സ് ഉയർന്നു

യുഎസ് ഫ്യൂച്ചേഴ്സ് അൽപം ഉയർന്നു. ഇന്നു രാവിലെ ഡൗ ജോൺസ് 42 പോയിൻ്റും (0.08%) എസ് ആൻഡ് പി 11 പോയിൻ്റും (0.14%) നാസ്ഡാക് 83 പോയിൻ്റും (0.2 8%) ഉയർന്നു നീങ്ങുന്നു.

എഡിആറുകൾ

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 0.24 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 24.80 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 0.96 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 1.98 ശതമാനം കുതിച്ച് 26.75 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 4.66 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.17% കയറി 12.10 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.49 ശതമാനവും തുടർ വ്യാപാരത്തിൽ 0.72 ശതമാനവും ഉയർന്ന് 2.075 ഡോളർ ആയി.

യൂറോപ്പ് താഴ്ന്നു

ഇറാൻ സമാധാന പ്രതീക്ഷയ്ക്കു മങ്ങലേറ്റ ചൊവ്വാഴ്ച യൂറോപ്യൻ ഓഹരി സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ലണ്ടനിൽ എഫ്ടിഎസ്ഇ ഉയർന്നു. ഫെരാരി ലൂച്ചേ എന്ന ഇലക്ട്രിക് കാർ അവതരിപ്പിച്ചതിനു കിട്ടിയ സ്വീകരണം തണുപ്പൻ ആയതിനെ തുടർന്ന് ആസംബര -മത്സര കാർ നിർമാതാക്കളായ ഫെരാരി എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. പെരുമാറ്റദൂഷ്യത്തെ തുടർന്നു ചെയർമാൻ ആൽബർട്ട് മാനിഫോൾഡിനെ മാറ്റിയ ബിപി (ബ്രിട്ടീഷ് പെട്രോളിയം) യുടെ ഓഹരി നാലു ശതമാനം താഴ്ന്നു.

ജപ്പാൻ, കൊറിയ റെക്കോർഡിൽ

പ്രമുഖ ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.50 ശതമാനം കയറി റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ സൂചിക 0.50 ശതമാനം താണു. ദക്ഷിണ കൊറിയൻ വിപണി അഞ്ചു ശതമാനം കുതിച്ചു റെക്കോർഡ് തിരുത്തി. അമേരിക്കയിൽ ടെക് ഓഹരികൾ കയറിയതിൻ്റെ ചുവടുപിടിച്ച് എസ്കെ ഹൈനിക്സ് 11 ശതമാനം കുതിച്ച് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറിനു മുകളിലാക്കി. ഹോങ് കോങ് വിപണി 0.10 ശതമാനം ഉയർന്നും ഷാങ്ഹായ് വിപണി 0.05 ശതമാനം താഴ്ന്നും വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി താഴോട്ട്

ഇറാനിൽ വീണ്ടും ആക്രമണം നടന്നതു ക്രൂഡ് ഓയിൽ വില കയറിയതും ഇന്നലെ ഇന്ത്യൻ വിപണിയെ വലിച്ചു താഴ്‌ത്തി. മുഖ്യസൂചികകൾ ദിവസത്തിലെ താഴ്ന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു. എന്നാൽ വിശാലവിപണി ഉയർന്നു.

കൺസ്യൂമർ ഡ്യുറബിൾസ്, റിയൽറ്റി, ബാങ്ക്, ധനകാര്യ കമ്പനികൾ താഴ്ചയ്ക്കു മുന്നിൽ നിന്നു. മെറ്റൽ ഓഹരികൾ നല്ല നേട്ടം ഉണ്ടാക്കി. ഐടി സൂചിക മാറ്റമില്ലാതെ അവസാനിച്ചു.

വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായി. അവർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 2407.87 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1361.43 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ചൊവ്വാഴ്ച സെൻസെക്‌സ് 479.26 പോയിൻ്റ് (0.63%) താഴ്ന്ന് 76,009.70 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 118.00 പോയിൻ്റ് (0.49%) കുറഞ്ഞ് 23,913.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 200.75 പോയിൻ്റ് (0.36%) നഷ്ടത്തോടെ 55,092.90 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 332.30 പോയിൻ്റ് (0.54%) കൂടി 62,298.90 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 64.50 പോയിൻ്റ് (0.35%) കയറി 18,267.20 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ നേട്ടവും കോട്ടവും ഒപ്പത്തിനൊപ്പം ആയിരുന്നു. ബിഎസ്ഇയിൽ 2067 ഓഹരികൾ കയറി, 2139 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1645 എണ്ണം ഉയർന്നപ്പോൾ 1639 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

ഒഎൻജിസിക്കു നാലാം പാദത്തിൽ വരുമാനം നാമമാത്രമായി കൂടിയപ്പോൾ അറ്റാദായ വർധന മൂന്നു ശതമാനം മാത്രം.

കോൾ ഇന്ത്യയുടെ രണ്ടു ശതമാനം ഓഹരി ഓഫർ ഫോർ സെയിലിൽ വിൽക്കും. തറവില 412 രൂപ. ഇന്നലെ ക്ലോസിംഗ് വില 458.3 രൂപയായിരുന്നു. 12.3 കോടി ഓഹരികളാണ് ഇന്നു വിൽപനയ്ക്കുള്ളത്.

ജെകെ ടയർ ഉൽപാദനശേഷി കൂട്ടാനായി 4980 കോടി രൂപയുടെ പദ്ധതി തയാറാക്കി. കഴിഞ്ഞ ധനകാര്യ വർഷം കമ്പനിയുടെ വരുമാനം ശതമാനം കൂടിയപ്പോൾ അറ്റാദായം 50 ശതമാനം വർധിച്ചു.

സ്വർണം ഇടിഞ്ഞു

ഇറാനിലെ സമാധാനസാധ്യത അകന്നതോടെ തലേന്നത്തെ നേട്ടമെല്ലാം സ്വർണം നഷ്ടപ്പെടുത്തി. ചൊവ്വാഴ്ച 4471 ഡോളർ വരെ താഴ്ന്ന സ്വർണം 62.80 ഡോളർ നഷ്‌ടത്തോടെ ഔൺസിന് 4508.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4510 ഡോളറിലാണു സ്വർണം.

കേരളത്തിൽ ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം പവന് 360 രൂപ കുറഞ്ഞ് 1,16,520 രൂപയായി.

ചൊവ്വാഴ്ച ഔൺസിന് 77.09 ഡോളറിൽ ക്ലോസ് ചെയ്ത വെള്ളിവില ഇന്നു രാവിലെ 77.60 ഡോളർ ആയി ഉയർന്നു.

പ്ലാറ്റിനം 1960 ഡോളർ, പല്ലാഡിയം 1375 ഡോളർ, റോഡിയം 8650 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

വ്യാവസായിക ലോഹങ്ങൾ കയറി

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പ് 0.87 ശതമാനം കയറി ടണ്ണിനു 13,544 ഡോളർ ആയി. അലൂമിനിയം 0.35 ശതമാനം ഉയർന്നു ടണ്ണിന് 3653.45 ഡോളറിൽ എത്തി. 3666 ഡോളറാണ് അലൂമിനിയത്തിൻ്റെ 52 ആഴ്ചയിലെ ഉയർന്ന നില. ലെഡ്, സിങ്ക്, നിക്കൽ, ടിൻ എന്നിവ നേട്ടം ഉണ്ടാക്കി.

റബറിനു കയറ്റം

രാജ്യാന്തര വിപണിയിൽ റബർ വില അൽപം ഉയർന്നു. ചൊവ്വാഴ്ച ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 292.25 ഡോളറിലേക്കു കയറി. ആർഎസ്എസ് ഒന്ന് 295.80 ഡോളറിലാണ്. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 25,200 രൂപയിൽ തുടർന്നു.

കൊക്കോ കുതിച്ചു

കൊക്കോ രാജ്യാന്തര വിപണിയിൽ കുതിച്ചു കയറി. ചൊവ്വാഴ്ച 9.38 ശതമാനം കയറി ടണ്ണിന് 4152 ഡോളറിൽ എത്തി. അവധിവിലകളും കയറി. ഐവറി കോസ്റ്റിലെ കനത്തമഴയും പ്രളയവും മൂലം കൊക്കോ കായ സംഭരണം മുടങ്ങി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയിൽ ഉള്ളത്.

ഡോളർ സൂചിക ഉയർന്നു

യുഎസ് ഡോളർ സൂചിക ഇന്നലെ ഉയർന്ന് 99.17 ൽ എത്തി. ഇന്നു രാവിലെ 99.13 ലാണ്. യൂറോ 1.1638 ഡോളറിലേക്കും പൗണ്ട് 1.3453 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.22 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിരക്കിൽ തുടർന്നു

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.481 ശതമാനമായി താഴ്ന്നു.

രൂപ ഇടിയുന്നു

ക്രൂഡ് ഓയിൽ വില കൂടിയതു രൂപയെ ചൊവ്വാഴ്ച ദുർബലമാക്കി. ഡോളർ 45 പൈസ ഉയർന്ന് 95.68 രൂപയിൽ അവസാനിച്ചു. റിസർവ് ബാങ്ക് ഗണ്യമായ അളവിൽ ഡോളർ വിറ്റു. ഇന്നും രൂപ സമ്മർദത്തിലാണ്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.43 രൂപവരെ കയറിയിട്ട് 95.84 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.10 രൂപയിലേക്കും യൂറോ 111.37 രൂപയിലേക്കും കയറി.

ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ

ഇറാൻ - യുഎസ് സംഘർഷം അയവില്ലാതെ തുടരുന്നതു ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വിലയെ 100 ഡോളറിന് അടുത്താക്കി. . ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 99.58 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കയറി 98.82 ഡോളർ വരെ താഴ്ന്നു. ഡബ്ള്യുടിഐ ഇനം 92.79 ഡോളർ ആയി.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 76,000 ഡോളറിനു താഴെയായി. ഈഥർ 2080 ഡോളറിനും സൊലാന 84 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 മേയ് 26, ചൊവ്വ)

സെൻസെക്സ് 76,009.70 -0.63%

നിഫ്റ്റി50 23,913.70 -0. 49%

ബാങ്ക് നിഫ്റ്റി 55,092.90 -0.36%

മിഡ്ക്യാപ്100 62,298.90 +0.54%

സ്മോൾക്യാപ്100 18,267.20 +0.35%

ഡൗജോൺസ് 50,461.68 -0.23%

എസ്ആൻഡ്പി 7519.12 +0.61%

നാസ്ഡാക് 26,656.18 +1.19%

ഡോളർ ₹95.68 +₹0.45

സ്വർണം(ഔൺസ്)$4508.40 -$62.80

സ്വർണം(പവൻ) ₹1,16,520 -₹360

ക്രൂഡ്ഓയിൽബ്രെൻ്റ്$99.58 +$3.44

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT