വ്യാപാരയുദ്ധത്തിൽ ഒത്തു തീർപ്പിനു വഴി ഒരുങ്ങുന്നതായ റിപ്പോർട്ടുകൾ ആഗോള വിപണികളെ ഉയർത്തുകയാണ്. ഇന്ത്യ- പാക് സംഘർഷം മാറ്റമില്ലാതെ തുടരുകയാണെങ്കിലും ആശങ്കയുടെ തോത് കുറഞ്ഞിട്ടുണ്ട്. സമ്പൂർണ യുദ്ധത്തിലേക്കു നീങ്ങാതെ സൂക്ഷിക്കാൻ ഇരുപക്ഷവും ജാഗ്രത കാണിക്കുന്നതായാണു പ്രസ്താവനകൾ കാണിക്കുന്നത്. അതിൻ്റെ ആശ്വാസ റാലി വിപണിയിൽ പ്രതീക്ഷിക്കാം എന്നു ബുള്ളുകൾ കരുതുന്നു. സ്വർണവില കുത്തനേ ഇടിയുന്നുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,220 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,276 വരെ കയറി. നിഫ്റ്റി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും നേട്ടത്തിൽ ക്ലോസ് ചെയ്തു. കമ്പനികളുടെ വരുമാന വളർച്ച വിപണിയെ സഹായിച്ചു.യുഎസ് വിപണി വെള്ളിയാഴ്ചയും ഭിന്ന ദിശകളിൽ നീങ്ങി.ടെക്നോളജി ഓഹരികളിലെ ഉണർവിൽ നാസ്ഡാകും എസ് ആൻഡ് പിയും നേട്ടം ഉണ്ടാക്കി. ഏപ്രിലിൽ പ്രധാന യുഎസ് സൂചികകൾ ഇതുവരെ നഷ്ടത്തിലാണ്. ഡൗ ജോൺസ് 4.5 ഉം എസ് ആൻഡ് പി 1.5 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. നാസ്ഡാക് 0.5 ശതമാനം ഉയർന്നു.
വെള്ളിയാഴ്ച ടെസ്‌ല 9.8 ഉം എൻവിഡിയ 4.5 ഉം ശതമാനം ഉയർന്നു. ഈയാഴ്ച ആമസോൺ, ആപ്പിൾ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയുടെ റിസൽട്ട് വരും. വീസ, കൊക്ക കോള, എലി ലില്ലി, ബെർക്‌ഷയർ ഹാഥവേ തുടങ്ങി എസ് ആൻഡ് പി 500 ലെ 180 കമ്പനികൾ ഈയാഴ്ച റിസൽട്ട് പുറത്തുവിടും. ഇതു വരെ ഒന്നാം പാദ റിസൽട്ടുകളിൽ 73 ശതമാനം അനാലിസ്റ്റ് നിഗമനങ്ങളെക്കാൾ മികച്ചവയായി. എങ്കിലും രണ്ടാം പാദവും മുഴുവൻ വർഷവും റിസൽട്ട് മോശമാകും എന്നാണു വിലയിരുത്തൽ.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 20.10 പോയിൻ്റ് (0.05%) ഉയർന്ന് 40,113.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 40.40 പോയിൻ്റ് (0.74%) കയറി 5525.21 ൽ അവസാനിച്ചു. നാസ്ഡാക് 216.90 പോയിൻ്റ് (1.26%) നേട്ടത്തോടെ 17,382.90 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.36 ഉം എസ് ആൻഡ് പി 0.50 ഉം നാസ്ഡാക് 0.64 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച പൊതുവേ നേട്ടം കുറിച്ചു. ജപ്പാനിൽ നിക്കൈ 1.9 ശതമാനം ഉയർന്നു. അമേരിക്ക- ചൈന ധാരണയുടെ സാധ്യതയാണു കാരണം. ഇന്നും ഏഷ്യൻ വിപണികൾ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 0.75 ശതമാനം കയറി. ഹോങ് കോങ് വിപണി അം ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി.
ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി സംഘർഷം എങ്ങനെ പരിണമിക്കും എന്ന ആശങ്ക വിപണിയെ ചൂഴ്ന്നു നിൽക്കുകയാണ്. ഭീഷണികളും അവകാശവാദങ്ങളും കെട്ടുകഥകളും ഒക്കെച്ചേർന്ന് എന്തും സംഭവിക്കാവുന്ന നിലയിലേക്കു കാര്യങ്ങളെ മാറ്റുകയാണ്. വിപണിയും അതനുസരിച്ചു ചാഞ്ചാടുന്നു. വെള്ളിയാഴ്ച ഇന്ത്യൻ വിപണി നഷ്ടത്തിലായത് ആ സാഹചര്യത്തിലാണ്. സെൻസെക്സ് 78,605 വരെ താഴുകയും 80,131 വരെ കയറുകയും ചെയ്തിട്ട് മുക്കാൽ ശതമാനം നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 23,847 നും 24,366 നുമിടയിൽ കയറിയിറങ്ങിയിട്ട് 0.86 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ബാങ്കുകളും ധനകാര്യ കമ്പനികളും വീണ്ടും നഷ്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കാണു വലിയ തകർച്ച നേരിട്ടത്. രണ്ടര ശതമാനം നഷ്ടത്തോടെയാണ് അവ ക്ലോസ് ചെയ്തത്.
ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ്, ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, മീഡിയ എന്നിവ താഴ്ന്നു.
വെള്ളിയാഴ്ച നിഫ്റ്റി 207.35 പോയിൻ്റ് (0.86%) താഴ്ന്ന് 24,039.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 588.90 പോയിൻ്റ് (0.74%) നഷ്ടത്തോടെ 79,212.53 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 537.35 പോയിൻ്റ് (0.97%) താഴ്ന്ന് 54,664.05 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 1399.65 പോയിൻ്റ് (2.55 ശതമാനം) ഇടിഞ്ഞ് 53,570.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 2.45 ശതമാനം താഴ്ന്ന് 16,547.20 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 689 ഓഹരികൾ മാത്രം ഉയർന്നപ്പോൾ 3285 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 455 എണ്ണം. താഴ്ന്നത് 2428 ഓഹരികൾ.
എൻഎസ്ഇയിൽ 25 ഓഹരികൾ 42 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 19 എണ്ണമാണ്. 53 ഓഹരികൾ അപ്പർ സർക്യൂട്ടിൽ എത്തിയപ്പോൾ 146 എണ്ണം ലോവർ സർക്യൂട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 2952.33 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. മുൻദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി സ്വദേശി ഫണ്ടുകൾ 3539.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ എട്ടു വ്യാപാര ദിനങ്ങൾ കൊണ്ട് വിദേശികൾ 32,500 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു.
വിപണിയുടെ ബുള്ളിഷ് മനോഭാവം മാറി. എങ്കിലും ഇന്ന് 23,800 ലെ പിന്തുണ നിലനിർത്താനായാൽ ബുള്ളിഷ് പ്രവണതയിലേക്കു താമസിയാതെ തിരിച്ചു വരാം എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 23,885 ഉം 23,765 ഉം പിന്തുണയാകും. 24,280 ലും 24,400 ലും തടസം ഉണ്ടാകാം.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നാലാം പാദ വരുമാനം 8.8 ശതമാനം വർധിച്ചപ്പോൾ ലാഭം 6.4 ശതമാനം ഉയർന്നു. പ്രതീക്ഷയക്കാൾ മെച്ചമാണ് റിസൽട്ട്. പ്രവർത്തന ലാഭ മാർജിൻ അൽപം താഴ്ന്നു. ചൈനീസ് കമ്പനി ഹായെറിൻ്റെ ഇന്ത്യൻ ബിസിനസിൽ പങ്കാളിയാകാൻ റിലയൻസ് ഇൻഡസ്ട്രീസ് നീക്കം തുടങ്ങി. എയർടെലിൻ്റെ സുനിൽ മിത്തലും ഹായറിനായി രംഗത്തുണ്ട്.
റിലയൻസ് ജിയോയുടെ വരുമാനം 17.8 ശതമാനം വർധിച്ചപ്പോൾ ലാഭം 25.8 ശതമാനം കുതിച്ചു. പ്രവർത്തനലാഭ മാർജിൻ 50.1 ശതമാനം ആയി ഉയർന്നു.
വരുമാനം 9.8 ശതമാനം കൂടിയപ്പോൾ ഇന്ദ്രപ്രസ്ഥ ഗ്യാസിൻ്റെ ലാഭം 8.8 ശതമാനം കുറഞ്ഞു. ലാഭമാർജിൻ 14.5 ൽ നിന്നു 12.6 ശതമാനമായി കുറഞ്ഞു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് അറ്റ പലിശ വരുമാനം 9.8 ശതമാനം കൂടിയെങ്കിലും ലാഭം 58 ശതമാനം ഇടിഞ്ഞു. വകയിരുത്തലുകൾക്ക് ഇരട്ടി തുക വേണ്ടി വന്നതാണു കാരണം.
ഇന്ത്യാ സമൻ്റ്സിൻ്റെ വരുമാനം 3.9 ശതമാനം കുറഞ്ഞപ്പോൾ നഷ്ടം 75.7 കോടി രൂപയായി വർധിച്ചു.
എംആർപിഎലിൻ്റെ നാലാം പാദ വരുമാനം 2.9 ശതമാനം കുറഞ്ഞപ്പോൾ ലാഭം 68 ശതമാനം ഇടിഞ്ഞു.
വരുമാനം 43.7 ശതമാനം കുതിച്ചപ്പോഴും തേജസ് നെറ്റ് വർക്സിനു 71.8 കോടി രൂപ നഷ്ടമായി.
എൽ ആൻഡ് ടി ഫിനാൻസിൻ്റെ വരുമാനം 3.8 ശതമാനം വർധിച്ചപ്പോൾ ലാഭം 14.9 ശതമാനം ഉയർന്നു.
ഫോഴ്സ് മോട്ടാേഴ്സ് നാലാംപാദ വരുമാനം 17.1 ശതമാനം വർധിപ്പിച്ചപ്പോൾ ലാഭം 210 ശതമാനം കുതിച്ച് 434.7 കോടി രൂപയായി. 394.6 കോടി രൂപയുടെ ഒറ്റത്തവണ വരുമാനം ഉണ്ടായി.
അൾട്രാടെക് സിമൻ്റ്, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ്, ആദിത്യ ബിർല സൺ ലൈഫ് എഎംസി, നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി, സിഎസ്ബി ബാങ്ക്, ഐഡിബിഐ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, ഫിനോ പേമെൻ്റ്സ് ബാങ്ക്, ഗോ ഡിജിറ്റ് ജനറൽ ഇൻഷറൻസ്, പിഎൻബി ഹൗസിംഗ് ഫിനാൻസ്, ഐആർഎഫ്സി, ടിവിഎസ് മോട്ടോർ, കാസ്ട്രോൾ ഇന്ത്യ, ഓബറോയ് റിയൽറ്റി തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിക്കും
കഴിഞ്ഞയാഴ്ച സർവകാല റെക്കോർഡ് വിലയിൽ നിന്ന് ആറു ശതമാനം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ച സ്വർണം വീണ്ടും താഴോട്ടു നീങ്ങുന്നതാണു വാരാരംഭത്തിൽ കാണുന്നത്. വെള്ളിയാഴ്ച 3284 ഡോളർ വരെ താഴ്ന്ന സ്വർണം ഔൺസിനു 3321.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3338 ഡോളർ വരെ എത്തിയിട്ട് 3282 വരെ താഴ്ന്നു. രാവിലെ ഒരു ശതമാനത്തിലധികം ഇടിവിലാണു സ്വർണം.
സ്വർണത്തിൻ്റെ താഴ്ച താൽക്കാലികമാണെന്നു കരുതുന്നവർ ഉണ്ട്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങൽ തുടരുന്നതും നിക്ഷേപകർക്കു യുഎസ് ആസ്തികളിൽ വിശ്വാസം നഷ്ടപ്പെടുന്നതും വീണ്ടും സ്വർണക്കുതിപ്പിനു വഴി തെളിക്കും എന്നാണ് അവർ കരുതുന്നത്. മറിച്ചു വിപണിയിലെ ഭൂരിപക്ഷം പേരും വില കുറേക്കൂടി താഴ്ന്ന ശേഷമേ ഹ്രസ്വകാല സ്ഥിരത കൈവരിക്കൂ എന്നു കണക്കാക്കുന്നു.
കേരളത്തിൽ വ്യാഴാഴ്ച 80 രൂപ താഴ്ന്ന് പവന് 72,040 രൂപയായി. അത് ഇന്നലെ വരെ തുടർന്നു. ഇന്നു വില വീണ്ടും കുറയാം.
വെള്ളിവില ഇന്നു രാവിലെ ഔൺസിന് 32.90 ഡോളറാണ്.
ചെമ്പുവില വെള്ളിയാഴ്ച 0.35 ശതമാനം കുറഞ്ഞു. അലൂമിനിയം വില 0.91 ശതമാനം താഴ്ന്നു ടണ്ണിന് 2437.40 ഡോളർ ആയി.
രാജ്യാന്തര വിപണിയിൽ റബർ 0.18 ശതമാനം താഴ്ന്നു കിലോഗ്രാമിന് 168.90 സെൻ്റ് ആയി. കൊക്കോ 1.07 ശതമാനം കയറി 9403.59 ഡോളറിൽ എത്തി. കാപ്പി 0.10 ശതമാനം ഉയർന്നു. പാമോയിൽ വില 0.55 ശതമാനം കയറി.
ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 99.47 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.60 ലേക്ക് കയറി.
യൂറോ ഇന്നു രാവിലെ താഴ്ന്ന് 1.1347 ഡോളറിൽ എത്തി. പൗണ്ട് 1.329 ഡോളറിലേക്കു താണു. ജാപ്പനീസ് യെൻ ഡോളറിന് 143.58 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് കടപ്പത്രവില വീണ്ടും കയറി. നിക്ഷേപനേട്ടം 4.245 ശതമാനത്തിലേക്ക് ഇടിഞ്ഞു.
രൂപ വെള്ളിയാഴ്ച അൽപം താഴ്ന്നു. ഡോളർ 19 പൈസ വർധിച്ച് 85.45 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.29 യുവാൻ എന്ന നിരക്കിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ഉയർന്ന് ബാരലിന് 66.87 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.36 ഡോളർ വരെ കയറിയിട്ട് 67.00 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 63.14 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 67.22 ഡോളറിലേക്കും ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ ചാഞ്ചാടുകയാണ്. ബിറ്റ് കോയിൻ 94,000 കടന്ന ശേഷം ഇന്നു 93,000 ഡോളറിനു താഴെയാണ്. ഈഥർ 1760 ഡോളറിനടുത്തു നിൽക്കുന്നു.
(2025 ഏപ്രിൽ 25, വെള്ളി)
സെൻസെക്സ്30 79,801.43 -0.39%
നിഫ്റ്റി50 24,246.70 -0.34%
ബാങ്ക് നിഫ്റ്റി 55, 201.40 -0.30%
മിഡ് ക്യാപ്100 54,969.85 -0.13%
സ്മോൾക്യാപ്100 16,963. 50 -0.04%
ഡൗജോൺസ് 40,113.50 +0.05%
എസ് ആൻഡ് പി 5525.21 +0.74%
നാസ്ഡാക് 17,382.90 +1.26%
ഡോളർ($) ₹85.45 +₹0.19
സ്വർണം(ഔൺസ്) $3321.30 -₹29.50
സ്വർണം(പവൻ) ₹72,040 ₹00.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.87 +$0.32
Read DhanamOnline in English
Subscribe to Dhanam Magazine