അമേരിക്കൻ തീരുവ ആക്രമണവും എൻവിഡിയ കമ്പനിയുടെ റിസൽട്ടിനു ശേഷം ഓഹരി ഇടിഞ്ഞതും ഇന്ന് ഇന്ത്യൻ വിപണിക്ക് ക്ഷീണമാകും എന്നാണ് ആശങ്ക. ഏഷ്യൻ വിപണികൾ പൊതുവേ ദുർബലമായി. ഗണേശ ചതുർഥി അവധിക്കു ശേഷമുള്ള വ്യാപാരത്തുടക്കം അത്ര ശുഭകരമല്ല. താഴ്ചയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ സജീവമായാൽ വിപണിക്കു നേട്ടമാകും.
നിർമിതബുദ്ധി പ്രോസസറുകൾ നിർമിക്കുന്ന എൻവിഡിയ ഓഹരി യുഎസ് ഫ്യൂച്ചേഴ്സ് വിപണിയെ താഴ്ത്തി. ടെക് കമ്പനികൾക്ക് അതു ക്ഷീണമാകാം.
അമേരിക്കയുടെ പിഴച്ചുങ്കം ഇന്നലെ നടപ്പായത് ഏതെല്ലാം മേഖലകളെ ബാധിച്ചു എന്നതിൻ്റെ കൃത്യമായ അറിവ് ഇന്നു വിപണിയെ താഴ്ത്താൻ സാധ്യത ഉണ്ട്. കയറ്റുമതി കമ്പനികൾക്കും വ്യവസായങ്ങൾക്കും വരുന്ന നഷ്ടം മാത്രമല്ല വിഷയം. വിവിധമേഖലകളിലെ ഭീമമായ തൊഴിൽ നഷ്ടം തടഞ്ഞു നിർത്താൻ വഴികളില്ല. ബദൽ വിപണികളെപ്പറ്റി പ്രസ്താവനകൾക്കപ്പുറം ഒന്നും ഇപ്പോൾ നടക്കുന്നില്ല. പുതിയ വിപണികൾ കണ്ടെത്തി അവരുടെ ഓർഡർ കിട്ടാൻ താമസമെടുക്കും. വില കുറയ്ക്കാനും അവർ സമ്മർദം ചെലുത്തും. സമുദ്രോൽപന്ന വിപണിയിൽ നിന്ന് ചൈന ഈ ദിവസങ്ങളിൽ തന്ത്രപൂർവം വിട്ടുനിൽക്കുന്നത് ഉദാഹരണമാണ്.
പ്രസിഡൻ്റ് ട്രംപ് ഇന്ത്യയോടു വലിയ കലിപ്പ് പ്രകടിപ്പിക്കുന്നത് അമേരിക്കയിൽ നിന്നുള്ള നിക്ഷേപങ്ങളെയും ബാധിക്കും കഴിഞ്ഞ ദിവസം വിദേശികൾ പിൻവലിച്ച തുക 6000 കോടി രൂപയ്ക്കു മുകളിലായിരുന്നു. ഈ പ്രവണത തുടർന്നാൽ വിപണിക്കു വലിയ താഴ്ച ഭയപ്പെടണം.
നിഫ്റ്റി50 കോൺട്രാക്ടുകളുടെ പ്രതിമാസ സെറ്റിൽമെൻ്റ് ദിനമാണ് ഇന്ന്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,621.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,670 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും ഇടിഞ്ഞു. അടുത്ത മാസം എട്ടിനു വിശ്വാസവോട്ട് തേടുന്ന ഫ്രഞ്ച് മന്ത്രിസഭ പരാജയപ്പെടാം എന്ന സൂചന ഫ്രഞ്ച് സൂചികയെ 1.70 ശതമാനം താഴ്ത്തി. ബജറ്റ് കമ്മി കുറയ്ക്കാൻ ചെലവുചുരുക്കലിനു ശ്രമിച്ചതാണു ഫ്രാൻസ്വാ ബേയ്റൂവിൻ്റെ മന്ത്രിസഭയെ തകർച്ചയിലേക്കു നയിക്കുന്നത്.
ബുധനാഴ്ച യൂറോപ്യൻ വിപണികൾ ഭിന്ന ദിശകളിലായി. ജർമൻ, ബ്രിട്ടീഷ് സൂചികകൾ ചെറുതായി താഴ്ന്നു. ഫ്രഞ്ച് സൂചിക 0.44 ശതമാനം കയറി. ഗോൾഡ്മാൻ സാക്സ് ജർമൻ ബാങ്കുകളായ കൊമേഴ്സ് ബാങ്കിനെ വിൽപനയിലേക്കും ഡോയിച്ച് ബാങ്കിനെ ന്യൂട്രലിലേക്കും തരം താഴ്ത്തി. രണ്ട് ഓഹരികളും ഇടിഞ്ഞു.
ചൊവ്വാഴ്ച യുഎസ് വിപണികൾ അനിശ്ചിതത്വത്തോടെയാണു വ്യാപാരം തുടങ്ങിയത്. മുഖ്യസൂചികകൾ നാമമാത്രമായി താഴ്ന്നു. ഫെഡ് ഗവർണർമാരിൽ ഒരാളെ മാറ്റാനുള്ള ട്രംപിൻ്റെ ശ്രമം വലിയ പ്രതികരണം ഉണ്ടാക്കും എന്നായിരുന്നു ഭീതി. പക്ഷേ വിപണി ആ വിഷയം അവഗണിച്ചു. ഓഹരികൾ ക്രമേണ കയറി മിതമായ നേട്ടത്തിൽ അവസാനിച്ചു.
ബുധനാഴ്ച എൻവിഡിയയുടെ റിസൽട്ട് കാത്തിരുന്ന വിപണി നേരിയ ഉയർച്ചയാേടെ അവസാനിച്ചു. എസ് ആൻഡ് പി റെക്കോർഡ് കുറിച്ചാണു ക്ലോസ് ചെയ്തത്. നിർമിതബുദ്ധിയിൽ നിക്ഷേപകർ കാണിക്കുന്ന അമിതാവേശം വിപണിയിൽ കുമിള രൂപപ്പെടുത്തുകയാണെന്ന്
ഓപ്പൺ എഐ സാരഥി സാം ആൾട്ട്മാൻ പറഞ്ഞതു പല വിപണി നിരീക്ഷകരും ആവർത്തിക്കുന്നുണ്ട്.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 135.60 പോയിൻ്റ് (0.30%) ഉയർന്ന് 45,418.07 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 26.62 പോയിൻ്റ് (0.41%) നേട്ടത്തോടെ 6465.94 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 94.98
പോയിൻ്റ് (0.44%) കയറി 21,544.27 ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 147.16 പോയിൻ്റ് (0.32%) ഉയർന്ന് 45,565.23 ൽ അവസാനിച്ചു. എസ് ആൻഡ് പി 500 സൂചിക 15.46 പോയിൻ്റ് (0.24%) കയറി 6481.40 ൽ റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. നാസ്ഡാക് കോംപസിറ്റ് സൂചിക 45.87 പോയിൻ്റ് (0.21%) നേട്ടത്തോടെ 21,590.14 ൽ അവസാനിച്ചു.
എൻവിഡിയയുടെ രണ്ടാം പാദ റിസൽട്ട് പൊതുവേ നിരീക്ഷക നിഗമനത്തെ മറികടന്നു. റവന്യൂവും ലാഭവും പ്രതീക്ഷയ്ക്കു മുകളിൽ എത്തി. മൂന്നാം പാദത്തിൽ കമ്പനി 50 ശതമാനം വിൽപനവളർച്ച പ്രതീക്ഷിക്കുന്നു. എന്നാൽ ഡാറ്റാ സെൻ്റർ വരുമാനം നിഗമനത്തോളം വന്നില്ല എന്നതിൻ്റെ പേരിൽ, വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ ഓഹരി താഴ്ന്നു. ഒന്നര വർഷം കൊണ്ടു മൂന്നു മടങ്ങായി ഉയർന്ന ഓഹരി 2025-ൽ ഇതുവരെ 35 ശതമാനം ഉയർന്നിട്ടുണ്ട്. പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ചൈനയിലേക്കു കമ്പനി എച്ച് 20 പ്രോസസറുകൾ വിറ്റിട്ടില്ല. മൂന്നാം പാദത്തിൽ വിൽപന പ്രതീക്ഷിക്കുന്നുണ്ട്.
എൻവിഡിയയുടെ താഴ്ച യുഎസ് ഫ്യൂച്ചേഴ്സ് വിപണിയെ ദുർബലമാക്കി. എസ് ആൻഡ് പി സൂചികയിൽ എട്ടു ശതമാനം പ്രാതിനിധ്യം എൻവിഡിയ ഓഹരിക്ക് ഉണ്ട്. ഇന്നു രാവിലെ ഫ്യൂച്ചേഴ്സിൽ ഡൗ 0.08 ഉം എസ് ആൻഡ് പി 0.34 ഉം നാസ്ഡാക് 0.57 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.
ഏഷ്യൻ വിപണികൾ ബുധനാഴ്ച ഭിന്നദിശകളിൽ നീങ്ങി. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ അര ശതമാനത്തോളം താഴ്ന്നു. ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ ഉയർന്നു. ഇന്നും ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ ആദ്യം താഴ്ന്നിട്ടു പിന്നീടു കയറി. പണനയ തീരുമാനം കാത്തിരിക്കുന്ന ദക്ഷിണ കൊറിയയിൽ സൂചിക താഴോട്ടാണ്. ചൈനീസ് വിപണി തുടക്കവും ദുർബലമാണ്.
തീരുവപ്പേടി യാഥാർഥ്യമാക്കുന്ന ഉത്തരവ് ട്രംപ് പുറപ്പെടുവിച്ച ശേഷം വ്യാപാരം തുടങ്ങിയ ചൊവ്വാഴ്ച ഇന്ത്യൻ വിപണി കുത്തനേ ഇടിഞ്ഞു. മുഖ്യസൂചികകൾ ഓരോ ശതമാനവും വിശാലവിപണി രണ്ടു ശതമാനവും താഴ്ചയിലായി.
അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 40 ശതമാനത്തിലധികം കുറവ് ഈ സാമ്പത്തിക വർഷം ഉണ്ടാകുമെന്നു വിദഗ്ധർ കണക്കാക്കുന്നു. അതു ജിഡിപി വളർച്ചയിൽ 0.4 ശതമാനം കുറവ് വരുത്തും എന്നാണു വിവിധ ഏജൻസികളുടെ വിലയിരുത്തൽ. എല്ലാവരും ആറു ശതമാനത്തിൻ്റെ പരിസരത്തു വരുന്ന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ നിഗമനങ്ങളേക്കാൾ മോശമാണു കാര്യമെങ്കിൽ വളർച്ച 5.5 ശതമാനത്തിനടുത്തായി മാറും. 2047 ലെ വികസികഭാരത സ്വപ്നത്തിനു വലിയ തിരിച്ചടിയാകും അത്.
കയറ്റുമതി മേഖല മാത്രമല്ല ചൊവ്വാഴ്ച ഇടിഞ്ഞത്. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഇടിഞ്ഞു. റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമസ്യൂട്ടിക്കൽസ്, മെറ്റൽ, ഐടി, ഹെൽത്ത് കെയർ, ബാങ്ക്, ധനകാര്യ, വാഹന മേഖലകൾ താഴ്ന്നു.
നിഫ്റ്റി ചൊവ്വാഴ്ച 255.70 പോയിൻ്റ് (1.02%) ഇടിഞ്ഞ് 24,712.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 849.37 പോയിൻ്റ് (1.04%) നഷ്ടത്തോടെ 80,786.54 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 688.85 പോയിൻ്റ് (1.25%) ഇടിഞ്ഞ് 54,450.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 935.30 പോയിൻ്റ് (1.25%) കൂപ്പുകുത്തി 56,766.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 362.95 പോയിൻ്റ് (2.03%) തകർച്ചയോടെ 17,548.60 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1155 ഓഹരികൾ ഉയർന്നപ്പോൾ 2973 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 728 എണ്ണം. താഴ്ന്നത് 2280 ഓഹരികൾ.
എൻഎസ്ഇയിൽ 62 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 78 എണ്ണമാണ്. 57 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 90 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 6516.49 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 7060.37 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇന്ന് 100 ദിന ഇഎംഎ (എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജ്) ആയ 24,635 നു മുകളിൽ നിലനിന്നില്ലെങ്കിൽ വീഴ്ച കൂടുതൽ ആഴത്തിലാകും എന്നാണു വിശകലന വിദഗ്ധർ പറയുന്നത്. അവിടം കഴിഞ്ഞാൽ 24,500 ആണു പിന്തുണ പ്രതീക്ഷിക്കാവുന്ന നിലവാരം.
നിഫ്റ്റിക്ക് ഇന്ന് 24,635 ഉം 24,545 ഉം പിന്തുണയാകാം. 24,865 ലും 24,920 ലും തടസം ഉണ്ടാകാം.
ഫെഡറൽ റിസർവിന് എതിരായ ആക്രമണം പ്രസിഡൻ്റ് ട്രംപ് രൂക്ഷമാക്കിയത് ചൊവ്വാഴ്ച മുതൽ സ്വർണവിപണിയെ ആശങ്കയിലാക്കി. ചൊവ്വാഴ്ച സ്വർണം കുതിച്ചു കയറി. 0.80 ശതമാനം ഉയർന്ന് ഔൺസിന് 3394.40 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ വില 3.10 ഡോളർ കയറി 3397.50 ൽ ക്ലാേസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില ഔൺസിന് 3386 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ചൊവ്വാഴ്ച 22 കാരറ്റ് പവൻവില 400 രൂപ കൂടി 74,840 രൂപയിൽ എത്തി. ഇന്നലെ 280 രൂപ കൂടി വർധിച്ച് പവന് 75,120 രൂപയായി.
വെള്ളിവില ഔൺസിന് 38.64 ഡോളറിലാണ്.
ചൊവ്വാഴ്ച ഉയർന്ന വ്യാവസായിക ലോഹങ്ങളുടെ വില ബുധനാഴ്ച താഴ്ന്നു. ചെമ്പ് 0.26 ശതമാനം കുറഞ്ഞ് ടണ്ണിന് 9681.65 ഡോളർ ആയി. അലൂമിനിയം 1.16 ശതമാനം ഇടിഞ്ഞ് 2604.85 ഡോളറിൽ എത്തി. നിക്കൽ, സിങ്ക്, ലെഡ് എന്നിവ താഴ്ന്നപ്പോൾ ടിൻ 1.44 ശതമാനം ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയർന്ന് കിലോഗ്രാമിന് 172.90 സെൻ്റ് ആയി. ചൊവ്വാഴ്ച 5.34 ശതമാനം താഴ്ന്ന കൊക്കോ ബുധനാഴ്ച 0.70 ശതമാനം കയറി ടണ്ണിന് 7585.00 ഡോളറിൽ എത്തി. കാപ്പി ബുധനാഴ്ച 3.40 ശതമാനം ഉയർന്നു. തേയില വില 1.96 ശതമാനം കുറഞ്ഞു. പാം ഓയിൽ വില 0.43 ശതമാനം ഉയർന്നു.
ചൊവ്വാഴ്ച ഉയർന്ന് 98.23 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ബുധനാഴ്ച 98.16 ലേക്കു താഴ്ന്നു. എന്നാൽ ഇന്നു രാവിലെ 98.11 ലേക്കു നീങ്ങി.
കറൻസി വിപണിയിൽ ഡോളർ അൽപം താഴ്ന്നു. യൂറോ 1.1643 ഡോളറിലേക്കും പൗണ്ട് 1.35 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.38 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കയറി. അവയിലെ നിക്ഷേപനേട്ടം 4.234 ശതമാനമായി താഴ്ന്നു.
ചൊവ്വാഴ്ച രൂപ വീണ്ടും ദുർബലമായി. ചാഞ്ചാട്ടങ്ങൾക്കു ശേഷം ഡോളർ പത്തു പൈസ കയറി 87.68 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.15 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില ബുധനാഴ്ച ഉയർന്ന ശേഷം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 68.05 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.66 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 63.74 ഡോളറിലും മർബൻ ക്രൂഡ് 72.58 ഡോളറിലും ആണ്. യുഎഇയുടെ മർബൻ ക്രൂഡ് വാങ്ങാൻ ഇന്ത്യ താൽപര്യം എടുത്തതോടെ വില രണ്ടര ശതമാനം കയറി. പ്രകൃതിവാതക വില ഇന്നലെ അഞ്ചര ശതമാനം കുതിച്ചു..
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിലാണ്. ബിറ്റ്കോയിൻ 1,09,500 ഡോളർ വരെ താഴ്ന്ന ശേഷം കയറി 1,11,500 ലേക്കു കയറി. ഈഥർ 4500 ഡോളറിനു മുകളിലായി.
(2025 ഓഗസ്റ്റ് 26, ചൊവ്വ)
സെൻസെക്സ്30 80,786.54 -1.04%
നിഫ്റ്റി50 24,712.05 -1.02%
ബാങ്ക് നിഫ്റ്റി 54,450.45 -1.25%
മിഡ് ക്യാപ്100 56,766.20 -1.62%
സ്മോൾക്യാപ്100 17,548.60 -2.03%
ഡൗജോൺസ് 45,418.07 +0.60%
എസ്ആൻഡ്പി 6465.94 +0.41%
നാസ്ഡാക് 21,544.27 +0.44%
ഡോളർ($) ₹87.68 +₹0.10
സ്വർണം(ഔൺസ്) $3394.40 +$27.10
സ്വർണം(പവൻ) ₹74,840 +₹400
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.22 -$1.58
2025 ഓഗസ്റ്റ് 27, ബുധൻ
ഡൗജോൺസ് 45,565.23 +0.32%
എസ്ആൻഡ്പി 6481.40 +0.24%
നാസ്ഡാക് 21,590.14 +0.21%
സ്വർണം(ഔൺസ്) $3397.50 +$03.10
സ്വർണം(പവൻ) ₹75,120 +₹280
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.05 +$0.83
Read DhanamOnline in English
Subscribe to Dhanam Magazine