image credit : canva 
Markets

ആശ്വാസറാലി കാത്ത് വിപണി; മനോഭാവം നെഗറ്റീവ് ആയി തുടരുന്നു; ഡോളർ വീണ്ടും ഉയരുന്നു

ഇന്ത്യൻ വിപണി ഏഴു മാസം മുമ്പുള്ള നിലയിൽ; ഏഷ്യന്‍ വിപണികള്‍ ഭിന്ന ദിശകളില്‍; സ്വർണം ഇടിഞ്ഞു; രൂപക്ക് ക്ഷീണം

T C Mathew

ചൈനീസ് എഐ ''ആക്രമണ"വും വിദേശികളുടെ വിൽപനയും മോശപ്പെട്ട കമ്പനി ഫലങ്ങളും ഇന്ത്യൻ വിപണിയെ ഏഴു മാസം മുമ്പുള്ള നിലയിൽ എത്തിച്ചു. ഇന്ന് ഒരു ആശ്വാസ റാലി കാത്താണു വിപണി നിൽക്കുന്നത്. എങ്കിലും ദുർബലമായ കമ്പനി റിസൽട്ടുകൾ വിപണി മനോഭാവത്തെ കരടി പക്ഷത്തു നിർത്തും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,935.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,920 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ടെക് വിപണിയിലെ കോളിളക്കം യൂറോപ്യൻ ചിപ് നിർമാതാക്കളെയും താഴോട്ടു നയിച്ചു. എൻവിഡിയ ടെക്നോളജി ഉപയോഗിച്ചു പ്രവർണിക്കുന്ന സീമൻസ് എനർജി 19.95 ശതമാനം ഇടിഞ്ഞു. എൻവിഡിയയുമായി സഹകരണമുള്ള ഷ്നൈഡർ ഇലക്ട്രിക് 9.5 ശതമാനം താഴ്ന്നു.

ചൈനീസ് നിർമിതബുദ്ധി സ്റ്റാർട്ടപ് ഡീപ്സീക് യുഎസ് കമ്പനികളെ അപേക്ഷിച്ചു തുച്ഛമായ ചെലവിൽ മികച്ച എഐ മോഡലുകൾ വിപണിയിൽ ഇറക്കിയതിൻ്റെ ആഘാതത്തിലാണ് ടെക് വിപണി. ഓപ്പൺ എഐയുടെ ജിപിറ്റി 4oയെയും ജിപിടി o1 നെയും മെറ്റായുടെ ലാമ 3.1നെയും ആന്ത്രോപ്പിക്കിൻ്റെ ക്ലോഡ് സോണറ്റിനെയും വെല്ലുന്നതാണ് അടുത്തിടെ  ഡീപ്സിക് പുറത്തുവിട്ട ആർ 1 എന്ന റീസണിംഗ് മോഡൽ. സ്വതന്ത്ര പരീക്ഷണങ്ങൾ ഇതു ശരിവച്ചു. ഓപ്പൺ സോഴ്സ് ആയതിനാൽ ആർക്കും ഇതുപയോഗിച്ചു വികസനം നടത്താം. മെറ്റായുടെയും മറ്റും പരിശീലന ചെലവിൻ്റെ പത്തിലൊന്നു കൊണ്ട് ഇതു പരിശീലിച്ചെടുക്കാം. ശതകോടികൾ മുടക്കി യുഎസ് കമ്പനികൾ വികസിപ്പിച്ചെടുത്തതിന് ഡീപ് സീക് മുടക്കിയത് 60 ലക്ഷം ഡോളറിൽ താഴെ. അതായതു തങ്ങൾ മുടക്കിയ ശതകോടികൾ പാഴായി എന്നു നിക്ഷേപകർ കരുതി.

ഇതിൻ്റെ ഫലമായി ഇപ്പോഴത്തെ എഐ മൂല്യനിർണയം അസാധുവാകും, അമേരിക്കയ്ക്ക് എഐ സാങ്കേതികവിദ്യയിലെ മുൻതൂക്കം നഷ്ടപ്പെടും, എൻവിഡിയയുടെ വിലയേറിയ ജീപിയുകൾക്കു ഡിമാൻഡ് കുറയും എന്നൊക്കെയാണെന്നു വിപണി വിലയിരുത്തി. എൻവിഡിയ ഓഹരി 17 ശതമാനം ഇടിഞ്ഞ് വിപണിമൂല്യത്തിൽ 60,000 കോടി ഡോളറിന്റെ നഷ്ടത്തിലായി. എൻവിഡിയ ചിപ്പുകൾ ഉപയോഗിക്കുന്ന ഡെൽ, ഓറക്കിൾ, എച്ച് പി, സൂപ്പർ മൈക്രോ തുടങ്ങിയവ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ചിപ്പ് നിർമാതാവ് ബ്രോഡ് കോം 17 ശതമാനം താഴ്ന്നു.

ഇന്നലെ നാസ്ഡാക് സൂചിക മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. എസ് ആൻഡ് പി ഒന്നര ശതമാനം താഴ്ന്നപ്പാേൾ ഡൗ ജോൺസ് ഉയർന്നു ക്ലോസ് ചെയ്തു.

ഫെഡിൻ്റെ പണനയ കമ്മിറ്റി തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇത്തവണ നിരക്ക് കുറയ്ക്കുകയില്ലെന്നാണു പൊതു നിഗമനം എങ്കിലും പ്രസിഡൻ്റ് ട്രംപിൻ്റെ സമ്മർദതന്ത്രങ്ങൾ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നു വിപണി സാകൂതം ശ്രദ്ധിക്കുന്നു.

ആപ്പിൾ, ടെസ്‌ല, മെറ്റ, മൈക്രോ സോഫ്റ്റ് തുടങ്ങിയവ ഈ ദിവസങ്ങളിൽ റിസൽട്ട് പുറത്തുവിടും. വെള്ളിയാഴ്ച യുഎസ് ജിഡിപി കണക്ക് വരും.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 289.33 പോയിൻ്റ് (0.65%) കയറി 44,713.58 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 88.96 പോയിൻ്റ് (1.46%) താഴ്ന്ന് 6012.28 ലും നാസ്ഡാക് സൂചിക 612.47 പോയിൻ്റ് (3.07%) ഇടിഞ്ഞ് 19,341.83 ലും ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 0.07 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.08 ശതമാനം ഉയർന്നു. നാസ്ഡാക് 0.30 ഉം ശതമാനം കയറി നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.55 ശതമാനത്തിലേക്കു താഴ്ന്നു. കടപ്പത്രങ്ങൾ വാ

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലായി. ജപ്പാനിൽ നിക്കൈ 0.60 ശതമാനം താഴ്ന്നു. ഡീപ്സീക് ഭീഷണിയാണ് കാരണം. ചെെനയിലും ദക്ഷിണ കൊറിയയിലും അവധിയാണ്.

ഇന്ത്യൻ വിപണി താഴ്ചയിൽ

വളർച്ചയിലെ ആശങ്ക, കമ്പനി റിസൽട്ടുകൾ മോശമാകുന്നതു മൂലമുള്ള വിലയിടിവ്, വിദേശികളുടെ നിരന്തരവിൽപന വഴിയുള്ള ദൗർബല്യം - ഇവയെല്ലാം ഇന്നലെ രാവിലെ മുതൽ ഇന്ത്യൻ വിപണിയെ താഴ്ത്തി. ഉച്ചയ്ക്കു ശേഷം ചൈനീസ് ഡീപ്സീക് ''ആക്രമണം". ഇന്ത്യൻ വിപണിയുടെ മൂല്യം പത്തു ലക്ഷം കോടി രൂപ കണ്ട് ഇടിഞ്ഞു. നിഫ്റ്റി കഴിഞ്ഞ ജൂണിനു ശേഷം ആദ്യമായി 23,000 നു താഴെയായി. കരടികൾ വിപണിയിൽ പിടിമുറുക്കി.

ഇനിയും താഴേക്കു നീങ്ങും എന്നാണ് വിപണി ക്ലോസിംഗ് നൽകുന്ന സൂചന. എങ്കിലും ഒരു ആശ്വാസ റാലിക്ക് അന്തരീക്ഷം ഒരുങ്ങുന്നുണ്ട്. ഡീപ്സീക് മികച്ച എഐ മോഡൽ ആണെങ്കിലും വിപണിയുടെ പ്രതികരണം അമിതമായി എന്നു കരുതുന്നവർ ഉണ്ട്.

ഇന്നലെ മുഖ്യസൂചികകൾ 1.1 ശതമാനം ഇടിഞ്ഞപ്പോൾ മിഡ് ക്യാപ് സൂചിക മൂന്നും സ്മോൾ ക്യാപ് സൂചിക നാലും ശതമാനം വരെ തകർച്ചയിലായി.

ഐടി (3.36%), മീഡിയ (4.73%), മെറ്റൽ (2.95%), ഫാർമ (2.65%), ഹെൽത്ത് കെയർ (2.40%), ഓയിൽ - ഗ്യാസ് (2.24%), കൺസ്യൂമർ ഡുറബിൾസ് (2.14%) തുടങ്ങിയ മേഖലകൾ വലിയ ഇടിവ് നേരിട്ടു.

തിങ്കളാഴ്ച നിഫ്റ്റി 263.05 പോയിൻ്റ് (1.14%) താഴ്ന്ന് 22,829.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 824.29 പോയിൻ്റ് (1.08%) നഷ്ടത്തോടെ 75,366.17 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 303.20 പോയിൻ്റ് (0.63%) താഴ്ന്ന് 48,064.65 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.75 ശതമാനം (1467.05 പോയിൻ്റ്) താഴ്ന്ന് 51,795.90 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 3.84 ശതമാനം (651.80 പോയിൻ്റ്) ഇടിഞ്ഞ് 16,304.25 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 5015.46 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 6642.15 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 74,095.60 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 532 ഓഹരികൾ ഉയർന്നപ്പോൾ 3588 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 352 എണ്ണം മാത്രം ഉയർന്നു, താഴ്ന്നത് 2535 എണ്ണം.

വിപണി മനാേഭാവം ദുർബലമാണ്. നിഫ്റ്റിക്കു പിന്തുണ എവിടെ ലഭിക്കും എന്നാണു നിക്ഷേപകർ ചർച്ച ചെയ്യുന്നത്. 22,000 വരെ നിഫ്റ്റി താഴ്ന്നിട്ടാകും കയറ്റം എന്ന രീതിയിൽ ചില ബ്രോക്കറേജുകൾ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആസന്നമായ ബജറ്റിൽ പോലും അവർ പ്രതീക്ഷ വയ്ക്കുന്നില്ല. നിഫ്റ്റിക്ക് ഇന്ന് 22,790 ലും 22,650 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 22,960 ഉം 23,090 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ

ബജാജ് ഓട്ടോ, ഹ്യൂണ്ടായ് മോട്ടോർ, ടിവിഎസ് മോട്ടാേർ, ഇന്ത്യൻ ഓയിൽ, സിപ്ല, ഭെൽ, സിഎസ്ബി ബാങ്ക്, സിജി പവർ, എക്സൈഡ്, ജിഎംആർ എയർ പോർട്സ്, റൈറ്റ്സ്, സ്റ്റാർ ഹെൽത്ത് തുടങ്ങിയവ ഇന്ന് മൂന്നാം പാദ റിസൽട്ട് പുറത്തിറക്കും.

സ്വർണം ഇടിഞ്ഞു

ഓഹരിവിപണികളിലെ ആശങ്ക സ്വർണവിപണിയിലേക്കും പടർന്നു. നിർമിതബുദ്ധി ടെക്നോളജിയുമായി ബന്ധപ്പെട്ടതാണ് ആശങ്ക എങ്കിലും വലിയ വീഴ്ചകൾ മറ്റു വിപണികളെയും ബാധിക്കുന്നത് അസാധാരണമല്ല. അതാണു സ്വർണവില ഇടിവിനുള്ള പശ്ചാത്തലം.

തിങ്കളാഴ്ച സ്വർണം ഔൺസിന് 30.10 ഡോളർ ഇടിഞ് 2741.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2744 ഡോളറിലേക്കു കയറി. ഓഹരികൾ ഇന്നും ഇടിഞ്ഞാൽ സുരക്ഷിത നിക്ഷേപം എന്ന പരിഗണനയിൽ സ്വർണം തിരിച്ചുകയറും എന്നു കരുതുന്നവർ ഉണ്ട്.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 120 രൂപ കുറഞ്ഞ് 60,320 രൂപ ആയി.

വെള്ളിവില ഔൺസിന് 30.15 ഡോളറിലേക്കു താഴ്ന്നു.

രൂപക്ക്  ക്ഷീണം

ടെക് ഓഹരികളിലെ വിൽപനപ്രളയം ഡോളറിനെയും ഉലച്ചു. ഇന്നലെ 107.81 വരെ കയറിയ ഡോളർ സൂചിക 107.34 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.74 വരെ കുതിച്ചു കയറി.

രൂപ തിങ്കളാഴ്ചയും ദുർബലമായി. ഡോളർ 13 പൈസ കയറി 86.34 രൂപയിൽ അവസാനിച്ചു. അവിചാരിത കാര്യങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ഇന്നും രൂപ താഴ്ചയിലാകും.

ക്രൂഡ് ഓയിൽ ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില ഇന്നലെ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 77.07 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 77.20 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 73.30 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 80.58 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ ചാഞ്ചാടി

ക്രിപ്റ്റോ കറൻസികൾ ഇന്നലെ വലിയ കയറ്റിറക്കങ്ങളിലായിരുന്നു. ബിറ്റ് കോയിൻ ഒരു ലക്ഷം ഡോളറിനു താഴെ പോയിട്ട് 1,04,500 ഡോളറിലേക്കു തിരിച്ചെത്തി. വീണ്ടും താഴ്ന്ന് ഇന്നു രാവിലെ 1,02,000 ഡോളറിന് താഴെയായി. ഈഥർ വില 3170 ഡോളറിനടുത്താണ്.

നിക്കൽ ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഇടിഞ്ഞു. ചെമ്പ് 2.01 ശതമാനം താഴ്ന്നു ടണ്ണിന് 8972.06 ഡോളറിലെത്തി. അലൂമിനിയം 1.28 ശതമാനം കുറഞ്ഞ് 2607.08 ഡോളർ ആയി. സിങ്ക് 1.10 ഉം ടിൻ 0.42 ഉം ലെഡ് 0.70 ഉം ശതമാനം താഴ്ന്നു.. നിക്കൽ 0.23 ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ജനുവരി 27, തിങ്കൾ)

സെൻസെക്സ് 30 75,366.17 -1.08%

നിഫ്റ്റി50 22,829.15 -1.14%

ബാങ്ക് നിഫ്റ്റി 48,064.65 -0.63%

മിഡ് ക്യാപ് 100 51,795.90 -2.75%

സ്മോൾ ക്യാപ് 100 16,304.25 -3.84%

ഡൗ ജോൺസ് 44,713.58 +0.65%

എസ് ആൻഡ് പി 6012.28 -1.46%

നാസ്ഡാക് 19,341.83 - 3.07%

ഡോളർ($) ₹86.34 +₹0.13

ഡോളർ സൂചിക 107.34 -0.10

സ്വർണം (ഔൺസ്) $2741.50 -$30.10

സ്വർണം(പവൻ) ₹60,320 -₹120.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.05 -$01.45

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT