പലിശപ്പേടിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്നു വിപണികളെ താഴോട്ടു നയിക്കുന്നു. ഇറാൻ യുദ്ധത്തിനു നയതന്ത്ര പരിഹാരം എളുപ്പമല്ല എന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്. യുഎസിൽ പലിശ വർധിക്കുന്നത് വിദേശനിക്ഷേപകരുടെ മടക്കം വേഗത്തിലാക്കും എന്ന ആശങ്ക ഉണ്ട്.
ബാങ്കുകളിലെ ത്രിദിന പണി മുടക്ക് ഒഴിവായെങ്കിലും സാമ്പത്തിക രംഗത്തെ ബാധിക്കുന്ന വിധം വിവാദ വിഷയങ്ങൾ ഉയരുന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിൻ്റെ വില 120 ഡോളറിനു മുകളിലാണ്. പെട്രോൾ, ഡീസൽ വിലകൾ കൂട്ടാൻ ഗവണ്മെൻ്റ് നിർബന്ധിതമാകാം.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,237.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,136 വരെ ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
നാവിക ഉപരോധം നീക്കുകയും ഇറാൻ്റെ പിടിച്ചുവച്ച സമ്പത്ത് വിട്ടുകൊടുക്കുകയും ചെയ്താൽ ഏഴു ദിവസം കൊണ്ട് ഹോർമുസ് തുറക്കാം എന്ന ഇറാൻ്റെ സോപാധിക ഓഫർ അമേരിക്ക തള്ളി. ചർച്ച ഇനിയും തുടരാൻ സാധ്യതയുണ്ടെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എങ്കിലും ഇന്നു ക്രൂഡ് ഓയിൽ വിലക്കയറ്റം പുനരാരംഭിച്ചു. കഴിഞ്ഞയാഴ്ച 108.8 ഡോളർ വരെ എത്തിയ ക്രൂഡ് ഓയിൽ ഇന്നു 106 ഡോളറിലാണ്.
ഹോർമുസിലൂടെ കൂടുതൽ എണ്ണടാങ്കറുകൾ നീക്കാൻ യുഎസ് സഖ്യകക്ഷികൾക്കു സാധിക്കുന്നുണ്ട്. ഹോർമുസ് അടഞ്ഞാൽ ക്രൂഡ് ഓയിൽ 150 ഡോളറിൽ എത്തുമെന്ന നിഗമനങ്ങൾ പാളി. 20 കോടി ബാരൽ എണ്ണ ദിവസേന കടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 12-13 കോടി ബാരൽ കടത്തുന്നുണ്ട് എന്നാണു യുഎസ് സേന പറയുന്നത്. വില 110 ഡോളറിനു താഴെ നിൽക്കുന്നതും ഇതു കൊണ്ടാണ്. അതേസമയം ഉപരോധം മറി കടന്നു ഹോർമുസിലൂടെ എണ്ണ കടത്താൻ ഇറാനു പറ്റുന്നില്ല. കാസ്പിയൻ കടലും കരമാർഗങ്ങളും വഴിയുള്ള എണ്ണ നീക്കം വേണ്ടത്ര ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണു നയതന്ത്ര പരിഹാരത്തിന് ഇറാൻ ശ്രമിക്കുന്നത്. അമേരിക്ക വിസമ്മതിക്കുന്നത് ഹോർമുസ് ഉപരോധത്തിൽ മേൽക്കൈ ഉള്ളതുകൊണ്ടാണ്.
ക്രൂഡ് ഓയിൽ ഉയരുന്നതും യുദ്ധ സാഹചര്യം വഷളാകുന്നതും ഡീസൽ വിലവർധന മൂലം വിലക്കയറ്റം കൂടുന്നതും പലിശ വർധനയെ അനിവാര്യമാക്കുന്നു. ഒക്ടോബർ അവസാനം യുഎസ് ഫെഡ് നിരക്കു കാൽ ശതമാനം കൂടി കൂട്ടാനുള്ള സാധ്യത 65.9 ശതമാനമായി ഉയർന്നു. ഇതു കണക്കാക്കി അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കടപ്പത്ര വിലകൾ ഇടിയുകയാണ്. അവയിലെ നിക്ഷേപനേട്ടം (yield) 2004 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയായി. രണ്ടു വർഷ ട്രഷറിക്ക് 4.92 ഉം 10 വർഷത്തിന് 5.21 ഉം 30 വർഷത്തിന് 5.52 ഉം ശതമാനമായി. നിക്ഷേപനേട്ടം ഉയരുമ്പോൾ പുതിയ ബോണ്ടുകൾക്ക് കൂടിയ പലിശ നൽകണം. സ്വകാര്യ മേഖലയും കൂടുതൽ പലിശ നൽകേണ്ടി വരും. അതു കൂടുതൽ കടമെടുക്കുന്ന എഐ കമ്പനികൾക്കു തിരിച്ചടിയാകും. 600 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ തിരിച്ചുവാങ്ങുമെന്നു യുഎസ് ഗവണ്മെൻ്റ് പ്രഖ്യാപിച്ചിട്ടും കടപ്പത്ര തകർച്ചയ്ക്കു മാറ്റമില്ല.
കടപ്പത്ര തകർച്ച തുടരുമ്പോൾ ഓഹരികളിൽ നിന്നു നിക്ഷേപകർ മാറും. കറൻസി വിപണികൾ ഉലയും. വികസ്വര രാജ്യങ്ങളിൽ നിന്നു നിക്ഷേപം പിൻവലിക്കും. ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്ന കാര്യമാണത്.
ഗൃഹോപകരണ നിർമാതാക്കൾ ഈയാഴ്ച വില വർധിപ്പിക്കും. എയർ കണ്ടീഷണറുകൾക്കും ഡീപ് ഫ്രീസറുകൾക്കും അഞ്ചു മുതൽ 10 വരെ ശതമാനം വില കൂടും. വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽഇഡി ടിവി തുടങ്ങിയവയ്ക്കു മൂന്നു മുതൽ നാലു വരെ ശതമാനമാകും വർധന. 2026ൽ ഇതു മൂന്നാം വട്ടമാണു വില കൂടുന്നത്.
ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ഒക്ടോബറിൽ ഒരു ശതമാനം കൂടി വർധിപ്പിക്കും. ജൂണിൽ 2.5 ഉം മാർച്ചിൽ 1.5 ഉം ശതമാനം വില വർധിപ്പിച്ചിരുന്നതാണ്.
കടപ്പത്രവിലകൾ താഴ്ന്നനിലയിൽ തുടരുന്നു. കടപ്പത്രങ്ങളിൽ പ്രതീക്ഷിക്കുന്ന നിക്ഷേപനേട്ടം ഉയർന്നു പോകുന്നു. എങ്കിലും യുഎസ് വിപണി ഉയർന്നു. ഹോർമുസ് തുറന്നേക്കാം എന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ താഴ്ന്നതും വിപണിയെ സഹായിച്ചു. ഇതോടെ ആഴ്ചയിൽ ഡൗ 0.3 ഉം എസ് ആൻഡ് പി 1.2ഉം നാസ്ഡാക് രണ്ടും ശതമാനം നേട്ടത്തിലായി.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 478.64 പോയിൻ്റ് (0.93 ശതമാനം) കുതിച്ച് 51,828.62 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 39.28 പോയിൻ്റ് (0.51%) ഉയർന്ന് 7743.41 ൽ എത്തി. നാസ്ഡാക് കോംപസിറ്റ് 129.34 പോയിൻ്റ് (0.48%) കയറി 27,068.72 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ച തുടരുകയാണ്. ഡൗ ജോൺസ് 168 പോയിൻ്റും (0.32%) എസ് ആൻഡ് പി 20 പോയിൻ്റും (0.25%) നാസ്ഡാക് 99 പോയിൻ്റും (0. 32%) താഴ്ന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് വെള്ളിയാഴ്ച വ്യാപാര സമയത്ത് 0.79 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 1.26 ശതമാനം കുതിച്ച് 23.30 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.14% ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 27.92 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് മാറ്റമില്ലാതെ നിന്ന ശേഷം തുടർ വ്യാപാരത്തിൽ 0.38% ഉയർന്നു 10.54 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 0.61 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 1.65 ഡോളറിൽ അവസാനിച്ചു.
ഫ്രാൻസിലെ ഒഴികെ യൂറോപ്യൻ ഓഹരിവിപണികൾ വെള്ളിയാഴ്ച ഉയർന്നു. വിലക്കയറ്റവും വരുമാനക്കുറവും ജർമനിയിൽ കൺസ്യൂമർ കോൺഫിഡൻസ് കുറച്ചതായി സർവേകൾ കാണിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം ഉയർന്നിട്ട് താഴ്ന്നു. ദക്ഷിണ കൊറിയൻ കോസ്‌പി ഒന്നര ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.30 ശതമാനം ഉയർന്നു. തായ്‌വാൻ സൂചിക 0.45 ശതമാനം താഴ്ന്നു.
വെള്ളിയാഴ്ച പ്രതീക്ഷ പോലെ ഇന്ത്യൻ വിപണി ആശ്വാസറാലി നടത്തി. റിയൽറ്റി, ഓട്ടോ, കൺസ്യൂമർ ഡ്യുറബിൾസ്, ധനകാര്യ മേഖലകൾ മുന്നേറി.
എൻഎസ്ഇ ഓഹരി 1.52 ശതമാനം താഴ്ന്ന് 1790.45 രൂപയിൽ ക്ലോസ് ചെയ്തു.
ബിഎസ്ഇയിൽ ഓഹരികളുടെ കയറ്റവും ഇറക്കവും ഏകദേശം സമാസമം ആയിരുന്നു. 2210 ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ 2146 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. 1924 ഓഹരികൾ കയറിയപ്പോൾ 1592 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും കനത്ത വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 3693.93 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2838.17 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
വെള്ളിയാഴ്ച സെൻസെക്‌സ് 315.20 പോയിൻ്റ് (0.43%) ഉയർന്ന് 73,895.74 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77.40 പോയിൻ്റ് (0.34%) നേട്ടത്തോടെ 23,140.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 141.90 പോയിൻ്റ് (0.26%) ഉയർന്ന് 55,580.40 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 84.15 പോയിൻ്റ് (0.14%) താഴ്‌ന്ന് 60,906. oo ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 30.50 പോയിൻ്റ് (0.15%) ഉയർന്ന് 19,715.25 ൽ ക്ലോസ് ചെയ്തു.
പലിശവർധന തുടരും എന്ന ആശങ്ക ബലപ്പെട്ടത് സ്വർണത്തെ വീണ്ടും താഴ്ചയിലാക്കി. വെള്ളിയാഴ്ച 11.20 ഡോളർ (0.26%) ഉയർന്ന് ഔൺസിന് 4286.20 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.60 ശതമാനം ഇടിഞ്ഞ് ഔൺസിന് 4213.90 ഡോളർ വരെ എത്തി. പിന്നീടു 4222 ആയി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വാരാന്ത്യത്തിൽ വില 1,11,960 രൂപയിൽ തുടർന്നു.
വെള്ളിവില ഇടിയുകയാണ്. വെള്ളിയാഴ്ച ചെറിയ ചാഞ്ചാട്ടത്തിനു ശേഷം ഔൺസിന് 64.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2.5 ശതമാനം ഇടിഞ്ഞ് 62.75 ഡോളറിൽ എത്തി.
പ്ലാറ്റിനം 1742 ഡോളർ, പല്ലാഡിയം 1223 ഡോളർ, റോഡിയം 8675 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
രാജ്യാന്തര വിപണിയിൽ റബർ താഴ്ന്നു. കേരളത്തിൽ റബർവില കയറ്റം തുടർന്നു. വെള്ളിയാഴ്ച ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 286.70 ഡോളറിലും ആർഎസ്എസ് മൂന്ന് 283.30 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,800 രൂപയിലേക്ക് കയറി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായി.
ചെമ്പ് 0.17 ശതമാനം താഴ്ന്നു ടണ്ണിന് 14,740.00 ഡോളർ ആയി. അലൂമിനിയം 0.55 ശതമാനം ഉയർന്ന് 3268.00 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും ഉയർന്നു. നിക്കൽ താഴ്ന്നു.
കൊക്കോ വില 0.52 ശതമാനം ഉയർന്നു ടണ്ണിന് 5619 ഡോളറിൽ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റിൻ്റെ പല ഭാഗങ്ങളിലും വരൾച്ച തുടരുന്നത് ഉൽപാദനം കുറയ്ക്കും എന്നു കരുതുന്നു.
അറബിക്ക കാപ്പി 1.18 ശതമാനം കയറി പൗണ്ടിന് 2.786 ഡോളർ ആയി.
പാം ഓയിൽ 2.10 ശതമാനം താഴ്ന്നു ടണ്ണിന് 4672 മലേഷ്യൻ റിംഗിറ്റ് ആയി.
യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച 101.04 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.09 ലേക്കു കയറി.
യൂറോ 1.13 77 ഡോളറിലേക്കും പൗണ്ട് 1.3225 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.41 യെൻ വരെ ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 5.207 ശതമാനത്തിലേക്കു കയറി. 30 വർഷ കടപ്പത്രങ്ങളുടേത് 5.51 ശതമാനമായി.
വെള്ളിയാഴ്ച രൂപ നേട്ടം ഉണ്ടാക്കി. ഡോളർ 15 പൈസ കുറഞ്ഞ് 95.81 രൂപയിൽ അവസാനിച്ചു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.85 രൂപയിൽ നിൽക്കുന്നു.
ചൈനീസ് യുവാൻ 14.27 രൂപയിലേക്കു താഴ്ന്നു. യൂറോ 109.14 രൂപയിൽ ആയി.
ക്രൂഡ് ഓയിൽ വെള്ളിയാഴ്ച താഴ്ന്നു. പക്ഷേ ഇന്നു രാവിലെ കയറി. ബ്രെൻ്റ് ഇനം രണ്ടു ശതമാനത്തിലധികം കുറഞ്ഞു വെള്ളിയാഴ്ച 104.32 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.64 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 93.11 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിലാണ്. ബിറ്റ്കോയിൻ വാരാന്ത്യത്തിൽ 86,000 ഡോളറിൽ എത്തിയിട്ട് 84,000 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 84,500 ഡോളറിനു മുകളിലായി. ഈഥർ 2690 ഡോളറിനും സൊലാന 122 ഡോളറിനും മുകളിൽ എത്തി.
(2026 സെപ്റ്റംബർ 25, വെള്ളി)
സെൻസെക്സ് 73,895.74 +0.43%
നിഫ്റ്റി50 23,140.50 +0.34%
ബാങ്ക് നിഫ്റ്റി 55,580.40 +0.26%
മിഡ്ക്യാപ്100 60,906.00 -0.14%
സ്മോൾക്യാപ്100 19,715.25 +0.15%
ഡൗജോൺസ് 51,828.62 +0.93%
എസ്ആൻഡ്പി 7743.41 +0.51%
നാസ്ഡാക് 27,068.72 +0.48%
ഡോളർ ₹95.81 -₹0.15
സ്വർണം(ഔൺസ്)$4286.20 +$11.20
സ്വർണം(പവൻ) ₹1,11,960 +₹00
ക്രൂഡ്ഓയിൽബ്രെൻ്റ് $104.32 -2.28
Read DhanamOnline in English
Subscribe to Dhanam Magazine