പാക്കിസ്ഥാൻ്റെ മധ്യസ്ഥതയിൽ നടക്കുന്ന പശ്ചിമേഷ്യൻ സമാധാനശ്രമങ്ങൾ കാര്യമായ പുരോഗതി നേടിയില്ല. എങ്കിലും തുടരുകയാണ്. ഇറാൻ പുതിയ നിർദേശം ഈ ദിവസങ്ങളിൽ അവതരിപ്പിക്കും എന്നാണു സൂചന. ഇതിനിടെ എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൻ്റെ കെട്ടുറപ്പ് തകർക്കും വിധം യുഎഇ സംഘടനയിൽ നിന്നു പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇതേതുടർന്നു ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും തിരിച്ചു കയറി.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. യുഎസ് വിപണിയിൽ എഐ കമ്പനികളുടെ വളർച്ചയെ പറ്റി ആശങ്ക ഉയർന്നത് ഇന്നലെ നാസ്ഡാക് സൂചികയെ താഴ്‌ത്തി. ഇന്നു രാത്രി യുഎസിലെ വലിയ ടെക് കമ്പനികളുടെ റിസൽട്ടുകൾ പ്രസിദ്ധീകരിക്കും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,098.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,957 വരെ താഴ്ന്നിട്ടു ഗണ്യമായി തിരിച്ചു കയറി 24,092 ൽ എത്തി. നിഫ്റ്റി ഇന്നു നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എണ്ണവില ഉയർന്നു നിൽക്കുകയും യുഎസ് -ഇറാൻ ചർച്ചയുടെ സാധ്യത അകലുകയും ചെയ്തത് ഇന്നലെ യുഎസ് വിപണികളെ താഴ്ത്തി. ഓപ്പൺ എഐക്കു കഴിഞ്ഞ വർഷം പ്രതീക്ഷിച്ച ബിസിനസും വളർച്ചയും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന റിപ്പോർട്ട് ടെക് കമ്പനികളെ പിന്നോട്ടടിച്ചു. വളർച്ച മെച്ചപ്പെട്ടില്ലെങ്കിൽ മറ്റു കമ്പനികളുമായി ഉണ്ടാക്കിയ കരാർ പാലിക്കാൻ സാധിക്കില്ലെന്നു കമ്പനി സിഎഫ്ഒ മുന്നറിയിപ്പ് നൽകിയത് ഓറക്കിളും എൻവിഡിയയും അടക്കമുള്ള കമ്പനികളെ താഴ്ത്തി.
ഇന്നു വിപണി ക്ലോസ് ചെയ്ത ശേഷം ആൽഫബെറ്റ്, ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയുടെ റിസൽട്ട് വരുന്നതിലേക്കാണു വിപണി ആശങ്കയോടെ നോക്കുന്നത്.
ജെറോം പവൽ അധ്യക്ഷനായുള്ള യുഎസ് ഫെഡിൻ്റെ അവസാന യോഗതീരുമാനങ്ങൾ ഇന്നു പ്രഖ്യാപിക്കും. നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. കെവിൻ വാർഷാണ് അടുത്ത മാസം ഫെഡ് ചെയർമാൻ ആകുക.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 25.86 പോയിൻ്റ് (0.05%) കുറഞ്ഞ് 49,141.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 35.11 പോയിൻ്റ് (0.49%) താഴ്ന്ന് 7138.80 ൽ അവസാനിച്ചു. നാസ്ഡാക് 223.30 പോയിൻ്റ് (0.90%) ഇടിഞ്ഞ് 24,663.80 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 108 പോയിൻ്റും (0.22%) എസ് ആൻഡ് പി 13 പോയിൻ്റും (0.18%) നാസ്ഡാക് 100 പോയിൻ്റും (0.37%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ചൊവ്വാഴ്ച 1.40 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 2.50 ശതമാനം കയറി 25.98 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 2.29 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.27 ശതമാനം ഉയർന്ന് 27.25 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 0.24 ശതമാനം ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ 0.52 ശതമാനം കയറി 12.31 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 0.98 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.46 ശതമാനം കയറി 2.04 ഡോളർ ആയി.
പശ്ചിമേഷ്യൻ കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നതിനാൽ യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നും താഴ്‌ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ ഒരു ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി അര ശതമാനവും താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.45 ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ് കോങ് വിപണികൾ ചെറിയ താഴ്ചയിലാണ്.
ക്രൂഡ് ഓയിൽ വില 111 ഡോളർ വരെ കയറിയ ഇന്നലെ ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായി. രാവിലെ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറിയ വിപണി പിന്നീട് നഷ്‌ടത്തിലായി. സെൻസെക്സ് 76,741 -77,493 ലും നിഫ്റ്റി 23,957- 24,182 ലും കയറിയിറങ്ങി. ഒടുവിൽ അര ശതമാനം നഷ്ടത്തിൽ അവസാനിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ആദ്യത്തെ മുന്നേറ്റം നിലനിർത്തിയില്ലെങ്കിലും നേട്ടത്തിൽ അവസാനിച്ചു. ബാങ്ക്, വാഹന, ഐടി ഓഹരികൾ താഴ്ന്നു.
വിദേശനിക്ഷേപകരുടെ വിൽപന ചൊവ്വാഴ്ച തുടർന്നു. വിദേശികൾ ഇന്നലെ ക്യാഷ് വിപണിയിൽ 2103.74 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 1712.01 കോടി രൂപയുടെ വാങ്ങലും നടത്തി.
സെൻസെക്‌സ് ചൊവ്വാഴ്ച 416.72 പോയിൻ്റ് (0.54%) താഴ്ന്ന് 76,886.91 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 97.00 പോയിൻ്റ് (0.40%) കുറഞ്ഞ് 23,995.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 863.95 പോയിൻ്റ് (1.54%) ഇടിഞ്ഞ് 55,400.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 171.05 പോയിൻ്റ് (0.28%) ഉയർന്ന് 60,419.40 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 75.45 പോയിൻ്റ് (0.42%) കയറി 17,976.10 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇയിൽ 1910 ഓഹരികൾ കയറിയപ്പോൾ 2351 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1484 എണ്ണം ഉയർന്നപ്പോൾ 1775 എണ്ണം ഇടിഞ്ഞു.
ബാങ്കുകൾ നിഷ്‌ക്രിയ ആസ്തികൾ കണക്കാക്കുന്നതിലും അവയ്ക്കു വകയിരുത്തൽ നടത്തുന്നതിലും കർക്കശമായ പുതിയ മാനദണ്ഡങ്ങൾ അടുത്ത ഏപ്രിലിൽ നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. മാനദണ്ഡങ്ങൾ ഇന്നലെ പുറത്തുവിട്ടു. ഗഡുക്കൾ കുടിശികയാകും മുമ്പ്, കുടിശികസാധ്യത വിലയിരുത്തി നഷ്‌ടത്തിനു വകയിരുത്തുക എന്നതാണു പ്രധാന മാറ്റം. നിലവിലെ രീതി മൂന്നുമാസത്തെ കുടിശിക വന്നിട്ട് നിഷ്‌ക്രിയ ആസ്തി (എൻപിഎ) ആയി പ്രഖ്യാപിച്ച് പിന്നീടു വകയിരുത്തൽ തുടങ്ങുന്നതാണ്. നിർദിഷ്ട മാറ്റം ഇന്ത്യൻ ബാങ്കുകൾക്ക് അടുത്ത വർഷം മൊത്തം 60,000 കോടി രൂപയുടെ ബാധ്യത വരുത്തും (അഥവാ ലാഭം കുറയ്ക്കും) എന്നാണു നിഗമനം. പൊതുമേഖലാ ബാങ്കുകളെയാണ് മാറ്റം കൂടുതലായി ബാധിക്കുക. ഇതേ തുടർന്ന് ഇന്നലെ ബാങ്ക് ഓഹരികൾക്കു വലിയ ഇടിവുണ്ടായി.
മാരുതി സുസുകിക്കു നാലാം പാദത്തിൽ വരുമാനം 28.6 ശതമാനം വർധിച്ചെങ്കിലും അറ്റാദായം 6.4 ശതമാനം കുറഞ്ഞു. 2025-26 ൽ വിറ്റുവരവ് 19.9 ശതമാനം കുതിച്ചപ്പോൾ അറ്റാദായ വർധന നാമമാത്രമായ 1.2 ശതമാനം മാത്രം. അലൂമിനിയം അടക്കം ലോഹങ്ങൾക്കും അസംസ്‌കൃത വസ്തുക്കൾക്കും ഉണ്ടായ വിലക്കയറ്റമാണു ലാഭം കുറച്ചതെന്നു കമ്പനി വിശദീകരിച്ചു.
ബന്ധൻ ബാങ്കിനു നാലാം പാദത്തിൽ അറ്റ പലിശ വരുമാനം 1.4 ശതമാനം മാത്രം വർധിച്ചപ്പോൾ അറ്റാദായം 68 ശതമാനം കുതിച്ചു.
ആർഇസി ലിമിറ്റഡിൻ്റെ നാലാം പാദ അറ്റപലിശ വരുമാനം 16 ശതമാനവും അറ്റാദായം 20.6 ശതമാനവും ഇടിഞ്ഞു.
ടയർ നിർമാതികളായ സിയറ്റിൻ്റെ നാലാം പാദ വരുമാനം 23.3 ശതമാനം കൂടിയപ്പോൾ അറ്റാദായം ഇരട്ടിയിലധികം കുതിച്ചു. പ്രവർത്തന ലാഭം 52.7 ശതമാനം വർധിച്ചു.
ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സിനു വരുമാനം 29 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 24 ശതമാനം ഉയർന്നു. പ്രവർത്തന ലാഭം 61 ശതമാനം കുതിച്ചു.
സ്റ്റാർ ഹെൽത്ത് ആൻഡ് ഇൻഷുറൻസ് നാലാം പാദത്തിൽ പ്രീമിയം വരുമാനം 13.9 ശതമാനം വർധിപ്പിച്ചു. കമ്പനി അറ്റാദായം നാമമാത്രമായ 50 ലക്ഷം രൂപയിൽ നിന്നു 111.3 കോടി രൂപയിൽ എത്തി
യുദ്ധത്തിൻ്റെ അനിശ്ചിതത്വത്തിൽ സ്വർണവിപണി ഇന്നലെ ഇടിഞ്ഞു. ചൊവ്വാഴ്ച 4702 ൽ നിന്ന് 4554 ഡോളർ വരെ താഴ്ന്ന സ്വർണവില 86 ഡോളർ നഷ്ടത്തോടെ ഔൺസിന് 4596.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4590 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച മൂന്നു തവണയായി 2040 രൂപ കുറഞ്ഞ് 1,10,680 രൂപയിൽ എത്തി.
വെള്ളിവില ചൊവ്വാഴ്ച ഔൺസിന് 73.21 ഡോളറിൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 73.54 ഡോളറിലേക്ക് കയറി.
പ്ലാറ്റിനം 1942 ഡോളർ, പല്ലാഡിയം 1447 ഡോളർ, റോഡിയം 9650 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ക്രൂഡ് ഓയിൽ വില 111 ഡോളറായതും യുദ്ധം തീരാൻ വഴി തെളിയാത്തതും വ്യാവസായിക ലോഹങ്ങളെ താഴ്‌ത്തി. ചെമ്പ് 2.43 ശതമാനം ഇടിഞ്ഞു ടണ്ണിന് 12,890.10 ഡോളറിൽ എത്തി. അലൂമിനിയം 1.05 ശതമാനം താഴ്ന്നു ടണ്ണിന് 3540.87 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും ലെഡും സിങ്കും താഴ്ന്നു.
ബാങ്കോക്ക് വിപണിയിൽ തിങ്കളാഴ്ച ആർഎസ്എസ് 3 റബർ വില കുതിച്ചു കയറി ക്വിൻ്റലിന് 282.10 ഡോളർ ആയി. കൃത്രിമ റബർ വില ടണ്ണിന് 0.51 ശതമാനം താഴ്ന്ന് 16,166.67 യുവാനിൽ എത്തി.
കൊക്കോ വില 2.09 ശതമാനം കയറി ടണ്ണിന് 3365.00 ഡോളർ ആയി. തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയിൽ തുടർന്നു. കാപ്പി 1.27 ശതമാനം കയറി പൗണ്ടിന് 292.15 സെൻ്റിൽ എത്തി. പാം ഓയിൽ വില 0.04 ശതമാനം കൂടി ടണ്ണിനു 4536 മലേഷ്യൻ റിംഗിറ്റ് ആയി. പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 2.36 ശതമാനം വരെ ഉയർന്നു. യൂറിയ വില 0.40 ശതമാനം താഴ്ന്നു ടണ്ണിന് 687.75 ക ഡോളറിൽ എത്തി. ഡൈ അമോണിയം ഫോസ്ഫേറ്റ് ടണ്ണിന് 725.00 ഡോളറിൽ തുടരുന്നു.
യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച നാമമാത്ര നേട്ടത്തോടെ 98.64 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.65 ലേക്കു കയറി.
യൂറോ 1.1718 ഡോളറിലേക്കും പൗണ്ട് 1.3524 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 159.53 യെൻ എന്ന നിലയിലാണ്.
ചൈനീസ് യുവാൻ ഡോളറിന് 6.84 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.348 ശതമാനമായി ഉയർന്നു.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ ചൊവ്വാഴ്ച ഇടിവിലായി. ഡോളർ 35 പൈസ നേട്ടത്തോടെ 94.54 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില ഉടനേ താഴുകയില്ലെന്ന നിഗമനമാണു കറൻസി വിപണിയെ നയിക്കുന്നത്.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.65 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.83 രൂപയിലും യൂറോ 110.77 രൂപയിലും എത്തി.
ഹോർമുസിലെ കപ്പൽ നീക്കം ഉടനേ പുനരാരംഭിക്കില്ല എന്ന നിഗമനം ക്രൂഡ് ഓയിൽ വിലയെ ഇന്നലെ 112 ഡോളർ വരെ ഉയർത്തി. എന്നാൽ, യുഎഇ എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ നിന്നു പിന്മാറുന്നത് വിപണിയിൽ അനിശ്ചിതത്വം വർധിപ്പിച്ചു. ഒപെകിൻ്റെ കെട്ടുറപ്പ് നഷ്‌ടമായി എന്നു കാണിക്കുന്നതാണ് സൗദി അറേബ്യയുമായി ചർച്ച നടത്താതെയുള്ള യുഎഇ തീരുമാനം. ഒപെക് തങ്ങൾക്ക് അനുവദിക്കുന്ന ക്വോട്ടയിൽ യുഎഇ മുമ്പേ തന്നെ അതൃപ്തരായിരുന്നു. അതൃപ്തരായ മറ്റു ചില അംഗങ്ങളും ഒപെക് വിട്ടാൽ വിപണിനിയന്ത്രണത്തിൽ ഒപെകിനുണ്ടായിരുന്ന പ്രമാണിത്തം തകരും. ഉൽപാദന നിയന്ത്രണം വിഫലമാകും. വില കുറയും.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 112 ഡോളറിൽ നിന്നു താഴ്‌ന്ന് ഇന്നലെ 111.26 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീപ്പയ്ക്ക് 110.68 ഡോളറിലേക്കു വില താഴ്ന്നിട്ട് 111.73 ലേക്കു കയറി. ഡബ്ള്യുടിഐ ഇനം ക്രൂഡ് 99.23 ൽ വന്നിട്ടു 100.35 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 106.70 ഡോളറിലാണ്. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിൻ്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ഇന്നലെ 110.05 ഡോളർ ആയി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 76,500 ഡോളറിനു താഴെ ആയി. ഈഥർ 2300 ഡോളറിനും സൊലാന 84 ഡോളറിനും താഴെ നിൽക്കുന്നു.
(2026 ഏപ്രിൽ 28, ചൊവ്വ)
സെൻസെക്സ് 76,886.91 -0.54%
നിഫ്റ്റി50 23,995.70 -0.40%
ബാങ്ക് നിഫ്റ്റി 55,400.35 -1.54%
മിഡ്ക്യാപ്100 60,419.40 +0.28%
സ്മോൾക്യാപ്100 17,976.10 +0.42%
ഡൗജോൺസ് 49,141.93 -0.05%
എസ്ആൻഡ്പി 7138.80 -0.49%
നാസ്ഡാക് 24,663.80 -0.90%
ഡോളർ ₹94.54 +₹0.35
സ്വർണം(ഔൺസ്)$4596.90 -86.00
സ്വർണം(പവൻ) ₹1,10,680 -₹2040
ക്രൂഡ്ഓയിൽബ്രെൻ്റ്$111.26 +$ 2.99
Read DhanamOnline in English
Subscribe to Dhanam Magazine