തീരുവ വിഷയവും ഇന്നു വരുന്ന ഒന്നാം പാദ ജിഡിപി കണക്കിനെപ്പറ്റിയുള്ള പ്രതീക്ഷയും ഇന്നു വിപണിയെ നയിക്കും. രണ്ടു ദിവസത്തെ ഇടിവിനു ശേഷം വിപണി ഒരു ആശ്വാസറാലി നടത്തും എന്നു നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ കരുത്തോടെ തിരിച്ചു കയറാവുന്ന നിലയായില്ല എന്നാണു വിദഗ്ധർ പറയുന്നത്. വിദേശ നിക്ഷേപകർ വിൽപന തുടരുന്നതും വിപണിയെ വിഷമിപ്പിക്കുന്നു.
തീരുവ വിഷയത്തിൽ ഇന്ത്യ - യുഎസ് ചർച്ചകൾക്ക് ഇനിയും സാഹചര്യം ആയിട്ടില്ല. ഒന്നുരണ്ടു മാസത്തിനകം യുഎസുമായി ധാരണ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ അപായകരമാകും എന്നാണു കയറ്റുമതി വ്യവസായികൾ പറയുന്നത്. ഇതിനിടെ ഇന്ത്യ മുൻപ് നിഷേധിച്ച ആർസിഇപി കരാറിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര ഉടമ്പടിക്ക് അടുത്ത മാസം ചർച്ച തുടങ്ങും. എങ്കിലും വാണിജ്യ മേഖലയിൽ കാര്യങ്ങൾ പന്തിയല്ലെന്നും രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ച കുറയുമെന്നും ആശങ്ക വർധിച്ചിട്ടുണ്ട്. യുഎസ് വക്താക്കൾ ഇന്ത്യയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതും ആശങ്ക കൂട്ടുന്നു.
ജൂലൈയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) നാലു മാസത്തിനിടയിലെ ഉയർന്ന നിലയായ 3.5 ശതമാനം വളർച്ച കാണിച്ചു. ജൂണിൽ 1.5 ഉം കഴിഞ്ഞ വർഷം ജൂലൈയിൽ 4.7 ഉം ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ കുറഞ്ഞ തോതിലാണു വ്യവസായ വളർച്ച. ഓഗസ്റ്റ് മുതൽ സൂചികയിലെ ഉയർച്ച 5% നു മുകളിൽ എത്തും എന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ സൂചിക കുറഞ്ഞ വളർച്ചയേ കാണിച്ചുള്ളൂ എന്നതു കൊണ്ടാണത്. എന്നാൽ ജിഎസ്ടിയുടെ പേരിൽ വിൽപന കുറയുന്നതും തീരുവയുടെ പേരിൽ കയറ്റുമതി കുറയുന്നതും വ്യവസായ ഉൽപാദനത്തെ തുടർന്നുള്ള മാസങ്ങളിൽ താഴ്ത്തും.
ഏപ്രിൽ - ജൂൺ പാദത്തിലെ ജിഡിപി കണക്ക് ഇന്നു വെെകുന്നേരം പുറത്തുവിടും. 6.5 മുതൽ ഏഴു വരെ ശതമാനം വളർച്ചയാണു വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. റിസർവ് ബാങ്ക് 6.5 ശതമാനമാണ് കണക്കാക്കിയിരുന്നത്. ജനുവരി - മാർച്ചിൽ 7.4% വും കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ 6.7% വും വളർന്നതാണ്.
അമേരിക്കയുടെ ഏപ്രിൽ - ജൂൺ പാദത്തിലെ വളർച്ച 3.3 ശതമാനമായി. നേരത്തേ കണക്കാക്കിയത് മൂന്നു ശതമാനം എന്നായിരുന്നു. ജനങ്ങൾ കൂടുതൽ പണം ചെലവഴിച്ചതാണ് ഉണർവിൻ്റെ ഒരു കാരണം. ഇറക്കുമതി 29.8 ശതമാനം കുറഞ്ഞതാണ് വളർച്ചയ്ക്കു മുഖ്യകാരണം. ഒന്നാം പാദത്തിൽ ഇറക്കുമതി വർധിച്ചതു മൂലം ജിഡിപി 0 5 ശതമാനം ചുരുങ്ങി. ഇതോടെ ആദ്യ പകുതിയിലെ വളർച്ച 1.4 ശതമാനമായി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,701.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,665 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച താഴ്ന്നു. ഫ്രഞ്ച് വിപണി മാത്രം അൽപം ഉയർന്നു. ജൂലൈയിൽ യൂറോപ്യൻ യൂണിയനിലെ കാർ രജിസ്ട്രേഷൻ 7.4 ശതമാനം ഉയർന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന 39.1 ശതമാനം കുതിച്ചു. നേട്ടമുണ്ടാക്കിയതു ചെെനീസ് കമ്പനി ബിവൈഡി ആണ്. ഏഴുമാസം കൊണ്ട് അവരുടെ വിൽപന 290 ശതമാനം വർധിച്ചപ്പോൾ ടെസ്‌ലയുടേത് 33.6 ശതമാനം ഇടിഞ്ഞു.
വ്യാഴാഴ്ച യുഎസ് വിപണികൾ കയറ്റം തുടർന്നു. എൻവിഡിയ റിസൽട്ട് വിലയിരുത്തിയ വിപണിയിൽ ലാഭമെടുക്കലുകാരുടെ വിൽപന ഓഹരിയെ 0.8 ശതമാനം താഴ്ത്തി. നിർമിതബുദ്ധി മുന്നേറ്റം തുടരും എന്നും വരുമാനം കുതിക്കും എന്നുമുള്ള മാനേജ്മെൻ്റ് വിലയിരുത്തൽ വിപണി അംഗീകരിച്ചു.
എസ് ആൻഡ് പി 500 വീണ്ടു റെക്കോർഡ് കുറിച്ചു. സൂചിക ആദ്യമായി 6500 നു മുകളിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസും റെക്കോർഡ് ക്ലോസിംഗ് നടത്തി.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 71.67 പോയിൻ്റ് (0.16%) ഉയർന്ന് 45,636.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 20.46 പോയിൻ്റ് (0.32%) നേട്ടത്തോടെ 6465.94 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 115.02 പോയിൻ്റ് (0.53%) കയറി 21,705.16 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു രാവിലെ ദുർബലമായി. ഫെഡറൽ റിസർവ് നിരക്കുനിർണയത്തിന് ആധാരമാക്കുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ എന്ന ചില്ലറ വിലക്കയറ്റ സൂചിക ഇന്നു പ്രസിദ്ധീകരിക്കുന്നതിലേക്കാണു വിപണിയുടെ ശ്രദ്ധ. ഇന്നു രാവിലെ ഫ്യൂച്ചേഴ്സിൽ ഡൗ 0.14 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.15 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.
ഏഷ്യൻ വിപണികൾ ഇന്നും ഭിന്നദിശകളിൽ നീങ്ങി. ജപ്പാനിലെ നിക്കെെ സൂചിക അര ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകൾ ഉയർന്നു. ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.
50 ശതമാനം യുഎസ് തീരുവ കയറ്റുമതി മാത്രമല്ല ജിഡിപി വളർച്ചയും കുറയ്ക്കും എന്ന വിലയിരുത്തലിൽ ഇന്ത്യൻ വിപണി ഇന്നലെയും ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ വിൽപനയും ഉയർന്ന തോതിൽ തുടർന്നു. മുഖ്യസൂചികകൾ ഓരോ ശതമാനം ഇടിഞ്ഞെങ്കിലും നഷ്ടം അൽപം കുറച്ചിട്ടാണ് ക്ലോസ് ചെയ്തത്. വിശാലവിപണി ഒന്നേകാൽ ശതമാനത്തിലധികം താഴ്ചയിലായി. കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെ എല്ലാ മേഖലകളും ഇന്നലെ താഴ്ന്നു. റിയൽറ്റി, ഐടി, ഫാർമസ്യൂട്ടിക്കൽസ്, മെറ്റൽ, ഹെൽത്ത് കെയർ, ബാങ്ക്, ധനകാര്യ, മേഖലകൾ കൂടുതൽ താഴ്ചയിലായി.
നിഫ്റ്റി വ്യാഴാഴ്ച 211.15 പോയിൻ്റ് (0.85%) ഇടിഞ്ഞ് 24,500.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 705.97 പോയിൻ്റ് (0.87%) നഷ്ടത്തോടെ 80,080.57ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 630.10 പോയിൻ്റ് (1.16%) ഇടിഞ്ഞ് 53,820.35 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 718.70 പോയിൻ്റ് (1.27%) കൂപ്പുകുത്തി 56,047.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 254.25 പോയിൻ്റ് (1.50%) തകർച്ചയോടെ 17,294.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1374 ഓഹരികൾ ഉയർന്നപ്പോൾ 2744 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 957 എണ്ണം. താഴ്ന്നത് 2015 ഓഹരികൾ.
എൻഎസ്ഇയിൽ 39 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 92 എണ്ണമാണ്. 57 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 98 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 3856.51 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 6920.3 4 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ബെയറിഷ് പ്രവണത തുടരുന്നു എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. ആർഎസ്ഐ (റിലേറ്റീവ് സ്ട്രെൻഗ്ത് ഇൻഡെക്സ്) 40.79 ആയി. 20 ദിന, 50 ദിന, 100 ദിന എക്സ്പൊണൻഷ്യൽ മൂവിംഗ് ആവരേജുകൾക്കു താഴെയാണു നിഫ്റ്റി. ഈ സൂചനകളെ അതിജീവിക്കാനുളള വാങ്ങൽ നീക്കം ഉണ്ടായാലേ ഇന്നു നിഫ്റ്റി ഉയരൂ. നിഫ്റ്റിക്ക് ഇന്ന് 24,425 ഉം 24,345 ഉം പിന്തുണയാകാം. 24,645 ലും 24,785 ലും തടസം ഉണ്ടാകാം.
ഡോളറിൻ്റെ ദൗർബല്യവും പലിശ കുറയ്ക്കൽ സാധ്യതയിലെ വർധനയും സ്വർണത്തെ ഉയരങ്ങളിലേക്കു കയറ്റുന്നു. സ്പോട്ട് വിപണിയിൽ സ്വർണം 21.20 ഡോളർ കയറി ഔൺസിന് 3418.70 ഡോളറിൽ ക്ലോസ് ചെയ്തു. അവധിവില 3478.70 ലേക്കു കയറി. ഇന്നു വരുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) വിപണി പ്രതീക്ഷകളെ ശരിവച്ചാൽ വീണ്ടും കയറ്റം പ്രതീക്ഷിക്കാം. ഇന്നു രാവിലെ വില 3410 ഡോളറിലേക്ക് താഴ്ന്നു.
2026-ൽ ഔൺസിന് 4000 ഡോളർ എന്ന ലക്ഷ്യത്തിലാണു സ്വർണം നീങ്ങുന്നത് എന്നു വിപണി നിരീക്ഷകർ പറയുന്നു. ഈ വർഷം ഇതുവരെ 10 ശതമാനം ഇടിഞ്ഞ ഡോളർ ഗണ്യമായി തിരിച്ചു കയറിയാൽ മാത്രമേ സ്വർണലക്ഷ്യം മാറൂ എന്ന് അവർ കണക്കാക്കുന്നു. യുഎസ് പലിശ കുറയ്ക്കുന്നതു ഡോളറിനെ കൂടുതൽ താഴ്ത്തും.
കേരളത്തിൽ വ്യാഴാഴ്ച 22 കാരറ്റ് പവൻവില 120 രൂപ കൂടി 75, 240 രൂപയിൽ എത്തി. ഇന്നു വില വീണ്ടും കയറും
വെള്ളിവില ഔൺസിന് 39.16 ഡോളറിലേക്കു കുതിച്ചു കയറി.
വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 0.22 ശതമാനം ഉയർന്നു ടണ്ണിന് 9703.40 ഡോളർ ആയി. അലൂമിനിയം 0.24 ശതമാനം കയറി 2611.04 ഡോളറിൽ എത്തി. സിങ്കും ലെഡും താഴ്ന്നപ്പോൾ ടിന്നും നിക്കലും ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില വ്യാഴാഴ്ച 0.58 ശതമാനം താഴ്ന്നു കിലോഗ്രാമിന് 171.90 സെൻ്റ് ആയി. കൊക്കോ 2.52 ശതമാനം താഴ്ന്നു ടണ്ണിന് 7536. 58 ഡോളറിൽ എത്തി. കാപ്പിയും തേയിലയും ഇടിഞ്ഞു പാം ഓയിൽ വില 0.91 ശതമാനം കുറഞ്ഞു.
പലിശ കുറയൽ സാധ്യതയിൽ ഡോളർ സൂചിക വ്യാഴാഴ്ച 97.81 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 98.01 ലേക്കു കയറി.
കറൻസി വിപണിയിൽ ഡോളർ അൽപം കയറി. യൂറോ 1.1656 ഡോളറിലേക്കും പൗണ്ട് 1.3495 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.03 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കയറി. അവയിലെ നിക്ഷേപനേട്ടം 4.213 ശതമാനമായി.
വ്യാഴാഴ്ച രൂപ അൽപം നേട്ടം ഉണ്ടാക്കി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 87.63 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.15 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച അൽപം ഉയർന്നിട്ട് താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 68.62 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.19 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 64.18 ഡോളറിലും മർബൻ ക്രൂഡ് നാലു ശതമാനം കയറി 75.41 ഡോളറിലും ആണ്. യുഎഇയുടെ മർബൻ ക്രൂഡ് വാങ്ങാൻ ഇന്ത്യ താൽപര്യം എടുത്തതോടെയാണു വിലയിലെ കുതിപ്പ്. പ്രകൃതിവാതക വില ഇന്നലെ ഒന്നര ശതമാനം കുതിച്ചു..
ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ്കോയിൻ 1,12,500 ഡോളറിലേക്കു കയറി. ഈഥർ 4500 ഡോളറിനു മുകളിൽ തുടരുന്നു.
(2025 ഓഗസ്റ്റ് 29, വ്യാഴം)
സെൻസെക്സ്30 80,080.57 -0.87%
നിഫ്റ്റി50 24,500.90 -0.85%
ബാങ്ക് നിഫ്റ്റി 53,820.35 -1.16%
മിഡ് ക്യാപ്100 56,047.50 -1.27%
സ്മോൾക്യാപ്100 17,294.35 -1.45%
ഡൗജോൺസ് 45,636.90 +0.16%
എസ്ആൻഡ്പി 6501.86 +0.32%
നാസ്ഡാക് 21,705.16 +0.53%
ഡോളർ($) ₹87.63 -₹0.05
സ്വർണം(ഔൺസ്) $3418.70 +$21.20
സ്വർണം(പവൻ) ₹75,240 +₹120
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.62 +$0.57
Read DhanamOnline in English
Subscribe to Dhanam Magazine