Morning business news Canva
Markets

വിപണികൾ കുതിക്കുന്നു; ഇന്ത്യൻ നിക്ഷേപകർ ഉത്സാഹത്തിൽ; സ്വർണം കയറ്റത്തില്‍; ക്രൂഡ് വില സ്‌റ്റെഡി

ജൂലൈ ആദ്യത്തെ ഒരാഴ്ച നല്ല മഴ ലഭിക്കും, പിന്നീടു കുറയും എന്നാണു വകുപ്പ് പറയുന്നത്. ദീർഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷ

T C Mathew

ഇറാനുമായുള്ള ചർച്ചയിലെ പുരോഗതി ഖമനയിയുടെ സംസ്കാരം കഴിയും വരെ പ്രശ്നങ്ങൾ ഒതുക്കി നിർത്തും എന്നു വിപണി പ്രതീക്ഷിക്കുന്നു. പലിശ വർധിക്കുകയില്ല എന്ന നിഗമനവും വിപണികളെ സഹായിക്കുന്നു. സ്വർണം കുതിച്ചു കയറുകയാണ്. ഡോളർ താഴുകയും ചെയ്യുന്നു. ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,355.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,465 വരെ കയറിയിട്ട് അൽപം താഴ്ന്നു. ഇന്നു വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ: കമ്മി 33%

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂലൈ രണ്ടിലെ നിലവച്ച് 33 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്കു മഴ എത്തി. മധ്യേന്ത്യയിൽ നല്ല മഴ ലഭിച്ചതാണു കമ്മി കുറച്ചത്. ജൂലൈ ആദ്യത്തെ ഒരാഴ്ച നല്ല മഴ ലഭിക്കും, പിന്നീടു കുറയും എന്നാണു വകുപ്പ് പറയുന്നത്. ദീർഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷ.

യുഎസ് വിപണി പലവഴി

ചിപ്പ് ഓഹരികൾ വീണ്ടും ദുർബലമായത് ഇന്നലെ നാസ്ഡാക് സൂചികയെ ഗണ്യമായി താഴ്‌ത്തി അതേ സമയം ഡൗ ജോൺസ് റെക്കോർഡ് ഉയരത്തിലേക്കു കുതിച്ചു.

ഇലോൺ മസ്കിൻ്റെ ടെസ്‌ല 7.5 ശതമാനം ഇടിഞ്ഞു. സ്പേസ് എക്സ് 2.83 ശതമാനം ഉയർന്നു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 594.83 പോയിൻ്റ് (1.14 ശതമാനം) കുതിച്ച് 52,900.07 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.01 പോയിൻ്റ് (0.00%) കൂടി 7483.24 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 207.36 പോയിൻ്റ് (0.80%) ഇടിഞ്ഞ് 25,832.67 ൽ ക്ലോസ് ചെയ്തു.

എഡിആർ വിപണി

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് വ്യാഴാഴ്ച വിപണിസമയത്ത് 0.86 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.66 ശതമാനം കൂടി കയറി 25.94 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.79% ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.51% കയറി 29.64 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 4.79% കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 0.36% കയറി 11.20 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.07% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.01 ശതമാനം ഉയർന്ന് 1.89 ഡോളറിൽ അവസാനിച്ചു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 182 പോയിൻ്റും (0.32%) എസ് ആൻഡ് പി 22 പോയിൻ്റും (0.30%) നാസ്ഡാക് 139 പോയിൻ്റും (0.46%) ഉയർന്നു നീങ്ങുന്നു.

യൂറോപ്പ് കുതിച്ചു

പലിശയിലെ ആശ്വാസ പ്രതീക്ഷ യൂറോപ്യൻ വിപണികളെ വ്യാഴാഴ്ച രണ്ടു ശതമാനത്തോളം ഉയർത്തി.

ഏഷ്യൻ വിപണികൾ ഉയരുന്നു

ഏഷ്യൻ വിപണികൾ ഇന്നു മികച്ച മുന്നേറ്റത്തിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി മൂന്നു ശതമാനം കയറി. എസ്കെ ഹൈനിക്സും സാംസംഗും ഉയർന്നു ജാപ്പനീസ് സൂചിക നിക്കൈ 0.70 ശതമാനം വരെ നേട്ടം കാണിച്ചു. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ് കോങ് വിപണി 1.65 ശതമാനം നേട്ടത്തിലായി. ഷാങ്ഹായ് സൂചിക അര ശതമാനം കയറി.

ഇന്ത്യൻ വിപണിക്കു മുന്നേറ്റം

തുടർച്ചയായ രണ്ടാം ദിവസവും അ ഇന്ത്യൻ വിപണി മികച്ച മുന്നേറ്റം കാഴ്ചവച്ചു. സെൻസെക്സ് 77,500നു മുകളിൽ ക്ലോസ് ചെയ്തു.

ഐടി ഓഹരികൾ തിരിച്ചു കയറിയതാണ് ഇന്നലെ വിപണിയെ ഉയരത്തിൽ എത്തിച്ചത്. ഐടി സൂചിക 4.64 ശതമാനം ഉയർന്നു. ഇൻഫോസിസ് 5.82 ഉം പെർസിസ്റ്റൻറ് 5.93 ഉം കോഫോർജ് 5.2 ഉം എംഫസിസ് 5.68 ഉം ടിസിഎസ് 4.45 ഉം ടെക് മഹീന്ദ്ര 4.57 ഉം എച്ച്സിഎൽ 4.56 ഉം ശതമാനം കുതിച്ചു. വിപ്രോ 2.2 ശതമാനം കയറി.

വിദേശനിക്ഷേപകർ വ്യാഴാഴ്ചയും അറ്റവിൽപനക്കാരായിരുന്നു. അവർ ക്യാഷ് വിപണിയിൽ 311.82 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1784.40 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 579 48 പോയിൻ്റ് (0.75%) ഉയർന്ന് 77,502.12 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 169.85 പോയിൻ്റ് (0.71%) നേട്ടത്തോടെ 24,175.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.40 പോയിൻ്റ് (0.00%) കുറഞ്ഞ് 58,031.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 299.10 പോയിൻ്റ് (0.48%) ഉയർന്ന് 62,307.90 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 236.75 പോയിൻ്റ് (1.25%) കയറി 19,167.80 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2464 ഓഹരികൾ കയറി, 1832 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2214 എണ്ണം ഉയർന്നപ്പോൾ 1131 എണ്ണം താഴ്ന്നു.

സ്വർണം കയറ്റം തുടരുന്നു

ജൂണിൽ അമേരിക്കയിലെ കാർഷികേതര തൊഴിലുകളുടെ വർധന 72,000 മാത്രമായി. 1,20,000 പ്രതീക്ഷിച്ചതാണ്. തൊഴിലില്ലായ്മ 4.2 ശതമാനത്തിൽ തുടർന്നു. കഴിഞ്ഞ ദിവസം വന്ന സ്വകാല മേഖലയിലെ അവസരങ്ങളുടെ കണക്കും മുൻമാസങ്ങളേക്കാൾ കുറവായി. ഇതെല്ലാം പലിശ കൂട്ടാൻ ഫെഡ് തുനിയില്ല എന്ന വിശ്വാസത്തിലേക്കു നയിച്ചു. അതിൻ്റെ ഫലമായി സ്വർണവില വീണ്ടും കയറി. ഇന്നലെ 4145 ഡോളർ വരെ എത്തിയ സ്വർണം 2.27 ശതമാനം നേട്ടത്തോടെ ഔൺസിന് 4123.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഒന്നര ശതമാനം കുതിച്ച് 4180 ഡോളറിനു മുകളിൽ എത്തി.

ഭൂരിപക്ഷം അനാലിസ്റ്റുകളും സ്വർണത്തിൽ ബുള്ളിഷ് ആയി. കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുന്നതും താഴ്ന്ന പലിശയും സ്വർണത്തെ കയറ്റും എന്നാണു നിഗമനം. എന്നാൽ ഫീനിക്സ് ഫ്യൂച്ചേഴ്‌സിൻ്റെ കെവിൻ ഗ്രാഡി സ്വർണം 3750 ഡോളർ വരെ താഴ്ന്നിട്ടേ ഉയരൂ എന്ന അഭിപ്രായം പ്രകടിപ്പിച്ചു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻ ഇന്നലെ 2480 രൂപ വർധിച്ച് 1,06,800 രൂപ ആയി.

വെള്ളിവില രണ്ടു ശതമാനത്തിലേറെ കയറി ഔൺസിന് 62.35 ഡോളറിൽ എത്തി.

പ്ലാറ്റിനം 1654 ഡോളർ, പല്ലാഡിയം 1268 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ പല ദിശകളിൽ നീങ്ങി. ചെമ്പ് 0.24 ശതമാനം ഉയർന്നു ടണ്ണിനു 13,201.60 ഡോളർ ആയി. അലൂമിനിയം 0.30 ശതമാനം താഴ്ന്ന് 3074.21 ൽ ക്ലോസ് ചെയ്തു. അലൂമിനിയം 3000 ഡോളറിനു താഴെയാകും എന്നാണു റിപ്പോർട്ടുകൾ. സിങ്കും ലെഡും നിക്കലും താഴ്ന്നു. ടിൻ ഉയർന്നു.

റബർ വില വീണ്ടും കയറി

വ്യാഴാഴ്ചയും രാജ്യാന്തര റബർ വില ഉയർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 285.10 ഡോളറിലും ആർഎസ്എസ് മൂന്ന് 281.60 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 26,900 രൂപയിലേക്കു കയറി.

കൊക്കോ വില വ്യാഴാഴ്ച 1.49 ശതമാനം താഴ്ന്നു ടണ്ണിന് 5016 ഡോളറിൽ എത്തി. ഐവറി കോസ്റ്റിൽ 18 ശതമാനം കൂടുതൽ കൊക്കോ വിപണിയിൽ എത്തിയതു കഴിഞ്ഞ ദിവസം വില താഴാൻ കാരണമായിരുന്നു. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നു തന്നെയാണു വിലയിരുത്തൽ. അവധിവില 5000 ഡോളറിനു മുകളിലാണ്.

അറബിക്ക കാപ്പിവില 2.52 ശതമാനം താഴ്‌ന്ന് പൗണ്ടിന് 3.02 ഡോളർ ആയി.

ഡോളർ സൂചിക താഴ്ന്നു

യുഎസ് ഡോളർ വ്യാഴാഴ്ച താഴ്ന്ന് 100.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.80 വരെ താഴ്ന്നു.

യൂറോ 1.1442 ഡോളറിലേക്കും പൗണ്ട് 1.3363 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 161.15 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിലയിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.485 ശതമാനമായി ഉയർന്നു.

രൂപയ്ക്കു ക്ഷീണം

ഇന്നലെ രാവിലെ ഗണ്യമായ നേട്ടം ഉണ്ടാക്കിയ ഇന്ത്യൻ രൂപ പിന്നീട് ഇടിഞ്ഞു. ഡോളർ 14 പൈസ കയറി 95.39 രൂപയിൽ അവസാനിച്ചു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.20 രൂപയായി. മറ്റു കറൻസികളുമായും രൂപയുടെ വിനിമയനിരക്ക് താഴ്ന്നു. ചൈനീസ് യുവാൻ 14.05 രൂപയിലേക്കും യൂറോ 109.16 രൂപയിലേക്കും ഉയർന്നു.

ക്രൂഡ് ഓയിൽ സ്‌റ്റെഡി

ദോഹ ചർച്ചയിൽ പുരോഗതി ഉണ്ടായി എന്ന ഖത്തറിൻ്റെ പ്രസ്താവന ക്രൂഡ് ഓയിൽ വിലയെ കാര്യമായ മാറ്റമില്ലാതെ നിലനിർത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 0.23 ഡോളർ കയറി 72.06 ഡോളറിലാണ്. ഡബ്ള്യുടിഐ ഇനം 68.90 ഡോളറിലായി.

ക്രിപ്റ്റോകൾ കയറുന്നു

പലിശ കൂടുകയില്ല എന്ന യുഎസ് ഫെഡിൻ്റെ സൂചന ക്രിപ്റ്റോ കറൻസികളെ വീണ്ടും ഉയർത്തി. ബിറ്റ് കോയിൻ 2.3 ശതമാനം കയറി 61,400 ഡോളറിനു മുകളിൽ എത്തി. ഈഥർ 1690 ഡോളറിനും സൊലാന 80 ഡോളറിനും മുകളിലായി.

വിപണിസൂചനകൾ

(2026 ജൂലൈ 02, വ്യാഴം)

സെൻസെക്സ് 77,502.12 +0.75%

നിഫ്റ്റി50 24,175.70 +0.71%

ബാങ്ക് നിഫ്റ്റി 58,031.65 -0.00%

മിഡ്ക്യാപ്100 62,307.90 +0.48%

സ്മോൾക്യാപ്100 19,167.80 +1.25%

ഡൗജോൺസ് 52,900.07 +1.14%

എസ്ആൻഡ്പി 7483.24 +0.00%

നാസ്ഡാക് 25,832.67 -0.80%

ഡോളർ ₹95.39 +₹0.14

സ്വർണം(ഔൺസ്)$4123.90 +$91.60

സ്വർണം(പവൻ) ₹1,06,800 +₹ 2480

ക്രൂഡ്ഓയിൽബ്രെൻ്റ്$71.80 +$0.23

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT