യുഎസ്- ഇറാൻ ചർച്ചയിൽ കാര്യമായ പുരോഗതി കാണാത്തതും സന്ധി ഉണ്ടായാലും ഹോർമുസിൽ ചരക്കുനീക്കം സാധാരണ നിലയിലാകാൻ മാസങ്ങൾ വേണ്ടി വരും എന്ന സൂചനയും ക്രൂഡ് ഓയിൽ വിലയെ വീണ്ടും കയറ്റുന്നു. അത് ഓഹരി വിപണികളെ താഴ്ത്തുന്നു. യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ചയിലായി. എന്നാൽ ഏഷ്യൻ വിപണികൾ കുതിപ്പിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,490.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,450 വരെ ഇടിഞ്ഞു. നിഫ്റ്റി ഇന്നു വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
രൂപയുടെ വില പിടിച്ചു നിർത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേയ് മാസത്തിൽ 1200 കോടി ഡോളറിൻ്റെ സ്വർണം വിറ്റതായി റിപ്പോർട്ട്. ബ്ലൂംബർഗ് ഇക്കണോമിക്സിൻ്റെ സീനിയർ ഇന്ത്യ ഇക്കണോമിസ്റ്റ് അഭിഷേക് ഗുപ്തയുടെ റിപ്പോർട്ട് ഇന്നു ലോകമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. മേയ് ഏഴിനും 22 -നും ഇടയിലായിരുന്നു വിൽപന. റിസർവ് ബാങ്കിൻ്റെ കണക്കുകൾ ഉദ്ധരിച്ചാണു റിപ്പോർട്ട്. വിപണിയിൽ വിൽക്കാനായി ഡോളർ സമ്പാദിക്കാനായിരുന്നു വിൽപന.
ഇറാൻ യുദ്ധവിരാമ ചർച്ച എങ്ങുമെത്തിയില്ലെങ്കിലും ടെക്നോളജി മേഖല യുഎസ് വിപണിയെ ഇന്നലെയും ഉയർത്തി. ഡൗ ജോൺസ് ഇൻട്രാഡേ റെക്കോർഡ് തിരുത്തി. എസ് ആൻഡ് പി ആദ്യമായി 7600 നു മുകളിൽ ക്ലോസ് ചെയ്തു. ഓഹരിവിറ്റ് 8000 കോടി ഡോളർ സമാഹരിക്കാനുള്ള പ്രഖ്യാപനം ആൽഫബെറ്റ് ഓഹരിയെ നാലു ശതമാനം താഴ്ത്തി. നിർമിതബുദ്ധി മേഖലയിലെ നിക്ഷേപത്തിനാണ് ആൽഫബെറ്റ് പണം തേടുന്നത്.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 228.91 പോയിൻ്റ് (0.45%) ഉയർന്ന് 51,307.79 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 9.82 പോയിൻ്റ് (0.13%) കയറി 7609.78 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 7.09 പോയിൻ്റ് (0.03%) നേട്ടത്തോടെ 27,093.90 ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് താഴ്ന്നു
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും നഷ്‌ടത്തിലാണ്. ഡൗ ജോൺസ് 29 പോയിൻ്റും (0.06%) എസ് ആൻഡ് പി 5 പോയിൻ്റും (0.06%) നാസ്ഡാക് 58 പോയിൻ്റും (0.18%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 0.25 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.17 ശതമാനം കൂടി കുറഞ്ഞ് 23.50 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 1.83 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.41ശതമാനം കയറി 25.38 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.46 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.46 ശതമാനം കയറി 13.14 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 8.3 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.45 ശതമാനം കയറി 2.22 ഡോളറിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്ന സാഹചര്യത്തിൽ യൂറോപ്യൻ ഓഹരി സൂചികകൾ ബുധനാഴ്ച ഉയർന്നു. യൂറോ മേഖലയിലെ ചില്ലറ വിലക്കയറ്റം മേയിൽ 3.2 ശതമാനമായി ഉയർന്നു. വൻകുടലിലെ അൾസറേറ്റീവ് കൊളൈറ്റിസ് രോഗത്തിനു പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച ഔഷധം രോഗികളിൽ കാൻസർ ഉണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടർന്നു ഫ്രഞ്ച് ബയോടെക് കമ്പനി അബീവാക്സിൻ്റെ ഓഹരി 44 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 2.2 ശതമാനം കുതിച്ച് 68,000 നു മുകളിൽ കയറി. ഓസ്ട്രേലിയൻ സൂചിക 0.25 ശതമാനം നേട്ടത്തിലായി. ദക്ഷിണ കൊറിയൻ വിപണി അവധിയിലാണ്. ഹോങ് കോങ് വിപണി 0.33 ശതമാനം താഴ്ന്നു. ഷാങ്ഹായ് വിപണി 0.10 ശതമാനം നഷ്ടത്തോടെ വ്യാപാരം തുടങ്ങി.
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞത് ഇന്നലെ ഇന്ത്യൻ വിപണിയെ ശക്തമായ തിരിച്ചുകയറ്റത്തിലേക്കു നയിച്ചു. നാലു ദിവസം തുടർച്ചയായി ഇടിഞ്ഞ വിപണി ഇന്നലെ വലിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഉച്ചയ്ക്കു ശേഷം ഒരു ശതമാനത്തിലധികം തിരിച്ചുകയറി അര ശതമാനം നേട്ടത്തിൽ അവസാനിച്ചു.
വിദേശത്തു ടെക് മേഖല മുന്നേറിയതിൻ്റെ ചുവടുപിടിച്ച് ഇന്നലെയും ഇന്ത്യൻ ഐടി സേവന കമ്പനികൾ വലിയ നേട്ടം ഉണ്ടാക്കി. ഐടി സൂചിക 4.23 ശതമാനം ഉയർന്നു. ടിസിഎസ് 6.5 ഉം ഇൻഫോസിസ് 5.6 ഉം ശതമാനം ഉയർന്നു. ന്യൂജെൻ സോഫ്റ്റ്‌വേർ ടെക്നോളജീസ് 20 ശതമാനം കുതിച്ചു. ധനകാര്യ, ഫാർമ, ഹെൽത്ത്, ഓയിൽ മേഖലകൾ താഴ്ന്നു. കൺസ്യൂമർ ഡ്യുറബിൾസ്, റിയൽറ്റി, ഓട്ടോ, എഫ്എംസിജി തുടങ്ങിയവ ഉയർന്നു. അവയവങ്ങൾ മാറ്റിവയ്ക്കുമ്പോൾ അതു ശരീരം നിരാകരിക്കുന്നതു തടയാനുള്ള പുതിയ ഔഷധത്തിനു യുഎസ് എഫ്ഡിഎയുടെ അംഗീകാരം കിട്ടിയതു നിർമാതാക്കളായ കോൺകോർഡ് ബയോടെക്കിൻ്റെ ഓഹരിയെ 11.18 ശതമാനം ഉയർത്തി.
ചൊവ്വാഴ്ച സെൻസെക്‌സ് 38 2.50 പോയിൻ്റ് (0.52%) ഉയർന്ന് 74,649.84 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 100.95 പോയിൻ്റ് (0.43%) കയറി 23,483.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 71.55 പോയിൻ്റ് (0.13%) നേട്ടത്തോടെ 53,714.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 114.05 പോയിൻ്റ് (0.19%) കയറി 60,942.00 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 72.50 പോയിൻ്റ് (0.40%) നേട്ടത്തോടെ 18,052.30 ൽ ക്ലോസ് ചെയ്തു. വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2244 ഓഹരികൾ കയറി, 1970 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2023 എണ്ണം ഉയർന്നപ്പോൾ 1274 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകർ ഇന്നലെയും വലിയ വിൽപന തുടർന്നു. അവർ ക്യാഷ് വിപണിയിൽ 8362.92 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9589.32 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. ഇൻഡസ് ഇൻഡ് ബാങ്കിലെ ഉന്നത ഓഫീസർ ബാങ്ക് ഓഹരികളിൽ അനധികൃത വ്യാപാരവും ബാങ്കിൻ്റെ കണക്കുകളിൽ തിരിമറിയും നടത്തിയെന്നു പുതിയ ആരോപണം ഉയർന്നു.
ഇറാനിലെ സമാധാനസാധ്യത ചാഞ്ചാടുന്നതിനനുസരിച്ചു സ്വർണവിലയും കയറിയിറങ്ങുകയാണ്. ചൊവ്വാഴ്ച ഔൺസിനു 4461 ഡോളറിനും 4542 ഡോളറിനുമിടയിൽ വില ചാഞ്ചാടി. ഒടുവിൽ മൂന്നു ഡോളർ കയറി 4489.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4469 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം വിലമാറ്റമില്ലാതെ പവന് 1,14,560 രൂപയിൽ തുടർന്നു. വെള്ളിവില ഉയർന്ന് ഇന്നു രാവിലെ ഔൺസിന് 75.42 ഡോളർ ആയി. പ്ലാറ്റിനം 1936 ഡോളർ, പല്ലാഡിയം 1355 ഡോളർ, റോഡിയം 7900 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ കയറുന്നു
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഉയർന്നു. ചെമ്പ് 1.07 ശതമാനം കയറി ടണ്ണിനു 13,965.90 ഡോളർ ആയി.14,140 ഡോളർ ആണു റെക്കോർഡ് വില. ചെമ്പ് ഇക്കൊല്ലം 15,000 ഡോളറിലേക്ക് കുതിക്കുമെന്നു സിറ്റി ഗ്രൂപ്പ് പ്രവചിച്ചിട്ടുണ്ട്. അലൂമിനിയം 3777.04 ഡോളറിൽ കയറി റെക്കോർഡ് കുറിച്ചിട്ട് 3750.25 ൽ ക്ലോസ് ചെയ്തു. സിങ്ക്, നിക്കൽ, ടിൻ, ലെഡ് എന്നിവ നേട്ടം ഉണ്ടാക്കി.
റബർ വില ഇന്ത്യയിലും രാജ്യാന്തര വിപണിയിലും മുന്നേറുകയാണ്. ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് 307.60 ഡോളറിലേക്കും ആർഎസ്എസ് ഒന്ന് 311.10 ഡോളറിലേക്കും കുതിച്ചു. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 26,100 രൂപയിലേക്കു കയറി.
കൊക്കോ ഉയർന്നു
കൊക്കോ രാജ്യാന്തര വിപണിയിൽ തിരിച്ചു കയറി. ചൊവ്വാഴ്ച 4.60 ശതമാനം ഉയർന്ന് 4074 ഡോളർ ആയി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയിൽ ഉള്ളത്.
യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച നാമമാത്രമായി ഉയർന്ന് 99.22 ൽ എത്തി. ഇന്നു രാവിലെ 99.24 വരെ കയറി. യൂറോ 1.1627 ഡോളറിലേക്കും പൗണ്ട് 1.3463 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.93 യെൻ എന്ന നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാൻ ഡോളറിന് 6.76 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.459 ശതമാനമായി കയറി.
ചൊവ്വാഴ്ച തുടക്കം മുതൽ രൂപ ദുർബലമായിരുന്നു. ഒടുവിൽ 28 പൈസ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഡോളർ 95.27 രൂപയിൽ അവസാനിച്ചു. റിസർവ് ബാങ്ക് ഗണ്യമായ അളവിൽ ഡോളർ വിറ്റതു കൊണ്ടാണു രൂപ തകർച്ച കുറച്ചത്. ക്രൂഡ് ഓയിൽ വില ഉയർന്നാൽ ഇന്നും രൂപ താഴ്‌ന്നേക്കാം. രൂപയെ പിടിച്ചുനിർത്താൻ പലിശ കൂട്ടണമെന്നു പലരും ഉപദേശിക്കുന്നുണ്ടെങ്കിലും റിസർവ് ബാങ്ക് അതു ചെയ്യാനിടയില്ല. ബാങ്കിൻ്റെ പണനയ കമ്മിറ്റി ഇന്നു യോഗം തുടങ്ങും. വെള്ളിയാഴ്ച രാവിലെ തീരുമാനങ്ങൾ പ്രഖ്യാപിക്കും.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.43 രൂപയിൽ എത്തി. ചൈനീസ് യുവാൻ 14.09 രൂപയിലേക്കും യൂറോ 110.78 രൂപയിലേക്കും കയറി.
ഇറാൻ - യുഎസ് ചർച്ചയിൽ പുരോഗതി ഇല്ലാത്തത് ക്രൂഡ് ഓയിൽ വിലയെ വീണ്ടും കയറ്റത്തിലാക്കി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് ഇന്നു രാവിലെ 97.10 ഡോളർ ആണ്. ഡബ്ള്യുടിഐ ഇനം 94.96 ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ വൻ തകർച്ചയിൽ
ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടർന്നു. ക്രിപ്റ്റോ ട്രഷറി കമ്പനിയായ സ്ട്രാറ്റജി 2022 നു ശേഷം ആദ്യമായി ബിറ്റ്കോയിൻ വിറ്റതാണ് വിപണിയെ ഉലച്ചത്. ഒരിക്കലും ബിറ്റ്കോയിൻ വിൽക്കരുത് എന്നു പറഞ്ഞിരുന്ന ആളാണ് സ്ട്രാറ്റജിയുടെ സ്ഥാപകനും ചെയർമാനുമായ മൈക്കൾ സേയ്ലർ. അവർ കഴിഞ്ഞയാഴ്ച വിൽപന നടത്തിയതു കൂടുതൽ എക്സ്ചേഞ്ചുകളെയും നിക്ഷേപകരെയും വിൽപനയിലേക്കു നയിച്ചു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 100 കോടി ഡോളറിൻ്റെ ബിറ്റ്കോയിനുകളാണു വിറ്റൊഴിഞ്ഞത്.
കഴിഞ്ഞ ഒക്ടോബറിൽ 1,26,000 ഡോളർ എന്ന റെക്കോർഡ് കുറിച്ച ബിറ്റ്കോയിൻ ഇന്നലെ 66,108 ഡോളർ വരെ ഇടിഞ്ഞു. അഞ്ചു ദിവസം കൊണ്ടു നഷ്‌ടം 11 ശതമാനം. ഈഥർ ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞ് 1851 ഡോളർ വരെ എത്തി. പത്തു ശതമാനത്തിലധികം ഇടിഞ്ഞ സൊലാന 74 ഡോളറിനു മുകളിലാണ്.
(2026 ജൂൺ 02, ചൊവ്വ)
സെൻസെക്സ് 74,649.84 +0.52%
നിഫ്റ്റി50 23,483.55 +0.43%
ബാങ്ക് നിഫ്റ്റി 53,714.65 +0.13%
മിഡ്ക്യാപ്-100 60,942.00 +0.19%
സ്മോൾക്യാപ്-100 18,052.30 +0.40%
ഡൗജോൺസ് 51,307.79 +0.45%
എസ്ആൻഡ്പി 7609.78 +0.13%
നാസ്ഡാക് 27,093.90 +0.03%
ഡോളർ ₹95.27 +₹0.28
സ്വർണം (ഔൺസ്) $4489.10 +$03.00
സ്വർണം (പവൻ) ₹1,14,560 +₹00
ബ്രെൻ്റ് ക്രൂഡ്ഓയിൽ $96.00 +$1.02
Read DhanamOnline in English
Subscribe to Dhanam Magazine