യുഎസ് തെരഞ്ഞെടുപ്പു ഫലം നാളെ അറിയാം. വിപണി ഇനി എങ്ങോട്ടു നീങ്ങും എന്ന ദിശാബോധം അതോടെ ലഭിച്ചേക്കും. ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുന്നതിൻ്റെ ആശ്വാസം ഇന്നു വിപണിയെ നയിക്കും. ക്രൂഡ് ഓയിൽ 105 ഡോളറിലാണ്. ഡോളറും താഴ്ന്നു. സ്വർണം ചാഞ്ചാട്ടത്തിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,569.50ൽ ക്ലോസ് ചെയ്തു. ഇന്നു (നവംബർ 3) രാവിലെ 23,588 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
അമേരിക്കയിൽ ഇന്നു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ക്ഷീണം നേരിടും എന്നാണു പ്രവചനം. ട്രംപിൻ്റെ പ്രസിഡൻ്റ് പദവിക്കോ നയങ്ങൾക്കോ ഈ ഫലം മാറ്റമൊന്നും വരുത്തില്ല. എന്നാൽ കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്താനായില്ലെങ്കിൽ ഭരണത്തിൽ കല്ലുകടികൾ കൂടും. ഇനിയൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടതില്ല എന്ന സാഹചര്യത്തിൽ ട്രംപ് ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾക്കു മടിക്കില്ല എന്നാണു വിലയിരുത്തൽ. അതിനാൽ വിപണികൾ ജാഗ്രതയിലാണ്.
റെക്കോർഡ് നേട്ടവുമായി വന്ന റിലയൻസിൻ്റെ രണ്ടാം പാദ റിസൽട്ട് ഇന്നലെ കമ്പനി ഓഹരിക്കു റെക്കോർഡ് കുതിപ്പ് നൽകി. ഓഹരിവില 11.60 ശതമാനം മുന്നേറി 1,300 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം 1.83 ലക്ഷം കോടി രൂപ വർധിച്ച് 17.58 ലക്ഷം കോടി രൂപയായി. ഇന്നലെ നിഫ്റ്റിയുടെ കുതിപ്പിൽ 40 ശതമാനം റിലയൻസിൻ്റെ സംഭാവന ആയിരുന്നു. റിലയൻസിന് ആറു വർഷത്തിനിടയിലെ ഏറ്റവും മികച്ച ദിനമായി ഇന്നലെ.
ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്ത് ഒറ്റ ദിവസം കൊണ്ട് 630 കോടി ഡോളർ (7.85%) വർധിച്ചു. അംബാനി 8880 കോടി ഡോളർ (8.43 ലക്ഷം കോടി രൂപ) സമ്പത്തുമായി അംബാനി ഫോർബ്സ് പട്ടികയിലെ ഏറ്റവും സമ്പന്ന ഇന്ത്യക്കാരനായി. നേരത്തേ ആ പദവി വഹിച്ചിരുന്ന ഗൗതം അദാനി 7912 കോടി ഡോളറുമായി രണ്ടാം സ്ഥാനത്താണ്. ലോക കോടീശ്വര പട്ടികയിൽ അംബാനി 23-ാം സ്ഥാനത്തെത്തി.
എല്ലാ അനാലിസ്റ്റുകളും ഇന്നലെ റിലയൻസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഡിആർ ചോക്സി ഫിൻസെർവിൻ്റെ ദേവേൻ ചോക്സി 1800 രൂപയാണു റിലയൻസിനു കാണുന്ന ലക്ഷ്യവില. ട്രെൻഡിലൈൻ നിരീക്ഷിച്ച അനലിസ്റ്റുകൾ നൽകിയ ശരാശരി ലക്ഷ്യവില 1666 രൂപയാണ്. ജെപി മോർഗൻ 1675 രൂപ പറയുന്നു. ജെഫറീസ് 1710 രൂപ നിർണയിച്ചു.
ടെക്നോളജി ഓഹരികൾ ഇന്നലെ യുഎസ് വിപണിയിൽ വീണ്ടും താഴ്ചയിലായി. നാസ്ഡാക് ഇന്നലെ ഉയർന്ന നിലയിൽ നിന്നു രണ്ടര ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിടിവും താഴ്ചയിൽ വാങ്ങുന്നവരുടെ ഉത്സാഹവും ചേർന്നു നാസ്ഡാക് സൂചികയെ 25,799 നു മുകളിൽ എത്തിച്ചു. പിന്നീടാണു ടെക് ഓഹരികൾ വിറ്റൊഴിയാൻ സമ്മർദം കൂടിയത്. സൂചിക തലേന്നത്തിലും 1.07 ശതമാനം താഴ്ന്ന് അവസാനിച്ചു.
വിപണി അടച്ച ശേഷം വന്ന ആപ്പിൾ മൂന്നാം പാദ റിസൽട്ട് വീണ്ടും ടെക് മേഖലയെ വലിച്ചു താഴ്ത്തി. കമ്പനിയുടെ വിറ്റുവരവും ലാഭവും മാർജിനും പ്രതി ഓഹരി വരുമാനവും (ഇപിഎസ്) പ്രതീക്ഷയേക്കാൾ മെച്ചമായി. എന്നാൽ ഐഫോൺ വിൽപന, നാലാം പാദ വരുമാനം, ലാഭമാർജിൻ എന്നിവയുടെ പ്രതീക്ഷ വിപണി കണക്കാക്കിയതിലും കുറവായി. ജോൺ ടേർണസ് സിഇഒ ആയ ശേഷമുള്ള റിസൽട്ട് ഇതോടെ നിരാശ നൽകി. വിപണി സമയത്ത് 1.83 ശതമാനം താഴ്ന്ന ആപ്പിൾ ഓഹരി തുടർവ്യാപാരത്തിൽ 2.75% കൂടി ഇടിഞ്ഞു. കമ്പനിയുടെ വിപണിമൂല്യം ഇന്നലെ അഞ്ചുലക്ഷം കോടി ഡോളറിനു താഴെ എത്തുകയും ചെയ്തു.
പുതിയ ഓഹരി, ബോണ്ട് വിൽപന പ്രഖ്യാപിച്ച ഓറക്കിൾ കോർപറേഷൻ ഓഹരി 8.76 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം 29 ശതമാനം തകർച്ചയിലാ ഇൻ്റെൽ കോർപറേഷൻ ഇന്നലെ 8.80% കൂടി താഴ്ചയിലായി.
ടെക്നോളജി ഓഹരികളുടെ നാസ്ഡാക് 100 സൂചിക ഈ വർഷം മൂന്നാമത്തെ തിരുത്തൽ ഘട്ടത്തിലായി. സമീപകാല ഉയർച്ചയിൽ നിന്നു 10 ശതമാനത്തിലേറെ താഴുമ്പോഴാണു തിരുത്തൽ ഘട്ടം എന്നു പറയുന്നത്. ഒക്ടോബർ ആറിനു 31224.47ൽ എത്തിയ സൂചിക ഇന്നലെ 27,989.82 ൽ അവസാനിച്ചു. മാർച്ചിൽ 12 ഉം ജൂലൈയിൽ 11 ഉം ശതമാനം ഇടിഞ്ഞിട്ടു തിരിച്ചുകയറി ഒക്ടോബർ ആദ്യം റെക്കോർഡ് കുറിച്ചതാണു നാസ്ഡാക് 100.
ചാഞ്ചാട്ടങ്ങൾക്കു ശേഷം യുഎസ് വിപണികൾ ഇന്നലെ ദുർബലമായി ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ ഇടിഞ്ഞതിനെ തുടർന്നു രാവിലെ മികച്ച നേട്ടത്തിൽ എത്തിയ മൂന്നു സൂചികകളും ഗണ്യമായി താഴ്ന്നാണ് അവസാനിച്ചത്. ഇന്നു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പും അതിനുശേഷം ഇറാനു നേരേ ആക്രമണം പുനരാരംഭിക്കാം എന്നതും വിപണിയെ മുന്നേറ്റത്തിൽ നിന്നു തടഞ്ഞു.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 213.67 പോയിൻ്റ് (0.41 ശതമാനം) ഉയർന്ന് 51,983.98ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 38.67 പോയിൻ്റ് (0.51%) നഷ്ടത്തോടെ 7541.40ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 272.64 പോയിൻ്റ് (1.07%) ഇടിഞ്ഞ് 25,164.36ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോൺസ് 67 പോയിൻ്റ് (0.13 ശതമാനം) താഴ്ന്നു നീങ്ങുന്നു. എസ് ആൻഡ് പി 7 പോയിൻ്റും (0.09%) നാസ്ഡാക് 105 പോയിൻ്റും (0.37%) ഉയരത്തിൽ നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 2.34 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 1.28% കൂടി കയറി 22.99 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.07% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.55% താണ് 29.90 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 0.16% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.88% ഇടിഞ്ഞു 12.42 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.46% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 2.15 ഡോളറിൽ അവസാനിച്ചു.
ക്രൂഡ് ഓയിൽ വിലയിടിവ് ഇന്നലെ യൂറോപ്യൻ ഓഹരികളെ ഉയർത്തി. എങ്കിലും വിപണി ആശങ്കയിലാണ്. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷമേ വിപണി ദിശാബോധം വീണ്ടെടുക്കൂ.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക മൂന്നു ശതമാനം ഇടിഞ്ഞു. സെമികണ്ടക്ടർ കമ്പനികളായ എസ്കെ ഹൈനിക്സും സാംസംഗും 3.5 ശതമാനം വീതം നഷ്ടത്തിലാണ്. ജപ്പാനിലെ നിക്കൈ സൂചിക 0.35 ശതമാനം താണു. ഓസ്ട്രേലിയൻ സൂചിക നാമമാത്രമായി ഉയർന്നു. തായ്വാൻ സൂചിക ഒരു ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.37 ശതമാനം താഴ്ന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് 0.33% നേട്ടത്തിലാണ്.
ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലപ്പെട്ട ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ റെക്കോർഡ് കുതിപ്പിൽ മുഖ്യസൂചികകൾ ഇന്നലെ മിന്നൽ മുന്നേറ്റം നടത്തി. ഓഹരികളുടെ മൂലധനാദായ നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കാം എന്ന ധനമന്ത്രി നിർമല സീതാരാമൻ്റെ പ്രസ്താവനയും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും വിപണിയുടെ കുതിപ്പിനു സഹായിച്ചു.
ഐടിയും ഫാർമയും മീഡിയയും സ്വകാര്യ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു. ഓയിൽ-ഗ്യാസ് സൂചിക. 5.95 ശതമാനം കുതിച്ചു. മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്, ഓട്ടോ, പ്രതിരോധ, ടൂറിസം, കാപ്പിറ്റൽ മാർക്കറ്റ് മേഖലകളും മികച്ച നേട്ടം ഉണ്ടാക്കി.
വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2817 ഓഹരികൾ ഉയർന്നു, 1664 ഓഹരികൾ നഷ്ടത്തിലായി. എൻഎസ്ഇയിൽ 2443 ഓഹരികൾ കയറിയപ്പോൾ 1155 എണ്ണം ഇടിഞ്ഞു. തിങ്കളാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 3114.68 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 392.20 കോടി രൂപയുടെ ഓഹരികളുടെ അറ്റവിൽപന നടത്തി.
തിങ്കളാഴ്ച സെൻസെക്സ് 1233.25 പോയിൻ്റ് (1.66%) കുതിച്ച് 75,692.78ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 387.70 പോയിൻ്റ് (1.68%) ഉയർന്ന് 23,440.80ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 315.25 പോയിൻ്റ് (0.58%) നേട്ടത്തോടെ 55,002.20 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 682.15 പോയിൻ്റ് (1.19%) കയറി 57,983.40ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 131.70 പോയിൻ്റ് (0.71%) ഉയർന്ന് 18,595.30ൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഇടിയുകയും പലിശപ്പേടിയിൽ ആശ്വാസം ഉണ്ടാകുകയും ചെയ്തതു തിങ്കളാഴ്ച സ്വർണവിലയെ ഉയർത്തി. എങ്കിലും യു.എസ് തെരഞ്ഞെടുപ്പു ഫലവും ഇറാൻ യുദ്ധ സാഹചര്യവും വിപണിക്കു നിർണായകമായി തുടരുന്നു. തിങ്കളാഴ്ച സ്വർണം 3968.90 ഡോളർ വരെ കയറിയ ശേഷം 71.30 ഡോളർ (1.84%) നേട്ടത്തോടെ ഔൺസിന് 3947.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3971 ഡോളർ വരെ എത്തിയിട്ട് 3950ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 360 രൂപ കൂടി 1,02,200 രൂപയിൽ എത്തി.
വെള്ളിവില തിങ്കളാഴ്ച മൂന്നു ശതമാനം കയറി ഔൺസിന് 50.78 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 50.87 ഡോളറിൽ എത്തി. പ്ലാറ്റിനം 1449 ഡോളർ, പല്ലാഡിയം 950 ഡോളർ, റോഡിയം 8550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഭിന്നദിശകളിലായി. ചെമ്പ് 0.48 ശതമാനം താഴ്ന്നു ടണ്ണിന് 14,380.00 ഡോളർ ആയി. അലൂമിനിയം 0.81 ശതമാനം ഉയർന്ന് 3094.00 ഡോളറിൽ എത്തി. നിക്കലും ടിന്നും ഉയർന്നു. സിങ്കും ലെഡും താഴ്ന്നു.
റബർ വില വിദേശത്തു വീണ്ടും താഴ്ന്നപ്പോൾ കേരളത്തിൽ കിലോഗ്രാമിനു റെക്കോർഡ് വിലയായ 300 രൂപയിലേക്കു കയറി. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 284.30 ഡോളറും ആർഎസ്എസ്-3 ക്വിൻ്റലിന് 280.90 ഡോളറും ആയി താഴ്ന്നു. കേരളത്തിൽ ആർഎസ്എസ്-4 ഇനം ക്വിൻ്റലിന് 30,000 രൂപയിൽ എത്തി.
കൊക്കോ വില 1.12 ശതമാനം കുറഞ്ഞ് ടണ്ണിന് 5392 ഡോളറിൽ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 2.42 ശതമാനം കൂടി 2.94 ഡോളർ ആയി. പാം ഓയിൽ 0.68 ശതമാനം താഴ്ന്നു ടണ്ണിന് 4649 മലേഷ്യൻ റിംഗിറ്റ് ആയി.
യു.എസ് ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 101.75ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.80ലേക്ക് കയറി. യൂറോ ഇന്ന് 1.1187 ഡോളറിലും പൗണ്ട് 1.3404 ഡോളറിലും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.93 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.65 യുവാനിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.915 ശതമാനമായി.
രൂപ തിങ്കളാഴ്ച അല്പം കയറി. ഡോളർ അഞ്ചു പൈസ കുറഞ്ഞു 94.90 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 94.90 ലേക്കു കയറിയിട്ടു 94.71 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.27 രൂപയായി. യൂറോ 106.17 രൂപയിലേക്ക് ഉയർന്നു.
പശ്ചിമേഷ്യയിൽ ചർച്ച തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. വെള്ളിയാഴ്ച 118 ഡോളറിനടുത്ത് എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇപ്പോൾ 104 ഡോളറിനടുത്താണ്. തിങ്കളാഴ്ച എട്ടു ശതമാനം ഇടിഞ്ഞ ബ്രെൻ്റ് 104.42 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.76 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 97.05 ഡോളറിലാണ്.
ബൈനാൻസിലെ നുഴഞ്ഞു കയറ്റത്തിനു ശേഷം ക്രിപ്റ്റോ കറൻസികളിൽ നിന്നു നിക്ഷേപം പിൻവലിക്കൽ തുടരുകയാണ്. കറൻസികൾ താഴോട്ടു നീങ്ങുന്നു. ബിറ്റ്കോയിൻ 77,150 ഡോളറിനു താഴെ വന്നു. ഈഥർ 2260 ഡോളറിനും സൊലാന 92.50 ഡോളറിനും താഴെയാണ്.
(2026 നവംബർ 02, തിങ്കൾ)
സെൻസെക്സ്: 75,692.72 +1.66%
നിഫ്റ്റി-50: 23,440.80 +1.68%
ബാങ്ക് നിഫ്റ്റി: 55,002.20 +0.58%
മിഡ് ക്യാപ്-100: 57,983.40 +1.19%
സ്മോൾ ക്യാപ്-100: 18,595.30 +0.71%
ഡൗജോൺസ്: 51,983.98 +0.41%
എസ്ആൻഡ്പി: 7541.40 -0.51%
നാസ്ഡാക്: 25,164.32 -1.07%
ഡോളർ: ₹94.90 -₹0.05
സ്വർണം (ഔൺസ്): $3947.70 +$71.30
സ്വർണം (പവൻ): ₹1,02,200 +₹360
ക്രൂഡ് ഓയിൽ ബ്രെൻ്റ്: $104.42 -$9.01
Read DhanamOnline in English
Subscribe to Dhanam Magazine