Morning business news Canva
Markets

ആവേശത്തിനു ശേഷം ഐടിയിൽ ആശങ്ക; ഇന്ത്യൻ എഡിആറുകൾക്കു വലിയ ഇടിവ്; ഏഷ്യൻ വിപണികൾ താഴ്ചയിൽ; സ്വർണം വീണ്ടും 5000 ഡോളറിനു മുകളിൽ

എണ്ണ വാങ്ങൽ സംബന്ധിച്ച ട്രംപിൻ്റെ പ്രസ്താവന അനുചിതമായി എന്ന വിലയിരുത്തലും ഉണ്ട്

T C Mathew

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,779.50 ൽ അവസാനിച്ചു. ഇന്നു രാവിലെ 25,830.00 ലേക്കു കയറിയിട്ടു താഴ്‌ന്നു. നിഫ്‌റ്റി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് 5.56 ഉം വിപ്രോ 4.83 ഉം ശതമാനം ഇടിഞ്ഞു. തലേന്ന് കുതിച്ചുകയറിയതാണ് ഇവ. അമേരിക്കൻ വിപണിയിൽ സോഫ്റ്റ്‌വേർ, ഫിനാൻഷ്യൽ സർവീസസ്, അസറ്റ് മാനേജ്മെൻ്റ് കമ്പനികൾ ഇടിഞ്ഞതാണ് എഡിആർ താഴ്ചയ്ക്കു പിന്നിൽ. ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾക്ക് ഇന്നു തിരിച്ചടി നേരിടാം എന്നു സംസാരമുണ്ട്.

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ വിശദാംശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംയുക്ത പ്രസ്താവന ഇറക്കും എന്നാണ് ഇന്ത്യ പറയുന്നത്. വിശദമായ കരാർ തയാറാക്കുന്നതേ ഉള്ളൂ എന്നും ഇപ്പോൾ ഉണ്ടായിട്ടുള്ളത് കരാറിൻ്റെ രൂപരേഖ സംബന്ധിച്ച ധാരണ മാത്രമാണ് എന്നും കരുതപ്പെടുന്നു.

എണ്ണ വാങ്ങൽ സംബന്ധിച്ച ട്രംപിൻ്റെ പ്രസ്താവന അനുചിതമായി എന്ന വിലയിരുത്തലും ഉണ്ട്. ഇന്ത്യയെ നയതന്ത്രപരമായി സമ്മർദത്തിലാക്കുന്നതായി അത് എന്നാണു വിമർശനം.

യുഎസ് വിപണിക്കു ക്ഷീണം

നിർമിതബുദ്ധി മേഖലയിൽ ഉയരുന്ന പുതിയ ആശങ്കകൾ ടെക്നോളജി ഓഹരികളെ താഴ്‌ത്തി. അമേരിക്കൻ വിപണി സൂചികകൾ ഇടിഞ്ഞു. എൻവിഡിയ രണ്ടു ദിവസം കൊണ്ട് അഞ്ചു ശതമാനം താഴ്ചയിലായി. മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിൾ, എഎംഡി തുടങ്ങിയവ താഴ്‌ന്നു. ഓപ്പൺ എഐയിൽ 10,000 കോടി ഡോളർ നിക്ഷേപിക്കുന്നതിൻ്റെ ഭാഗമായി 2000 കോടി ഡോളർ ഉടനേ നൽകുമെന്ന് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് പറഞ്ഞിട്ടും വിപണി കയറിയില്ല. സോഫ്റ്റ്‌വേർ കമ്പനികളും ഇടിവിലാണ്. ഗാർട്‌നർ 25  ശതമാനം വരെ താഴ്‌ന്നു.

ഡൗ ജോൺസ് ചൊവ്വാഴ്ച 166.67 പോയിൻ്റ് (0.34%) താഴ്‌ന്ന് 49,240.99 ൽ അവസാനിച്ചു. എസ് ആൻഡ് പി 58.63 പോയിൻ്റ് (0.84%) നഷ്‌ടത്തോടെ 6917.81 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 336.92 പോയിൻ്റ് (1.43%) ഇടിഞ്ഞ് 23,255.19 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ദിന്ന ദിശകളിലാണ്. ഡൗ 0.08 ശതമാനം ഉയർന്നും എസ് ആൻഡ് പി 0.05 ഉം നാസ്ഡാക്  0.15 ഉം ശതമാനം താഴ്‌ന്നും നീങ്ങുന്നു. ഒന്നാം പാദ ഫലം മോശമായത് എഎംഡി ഓഹരിയെ ഏഴു ശതമാനം താഴ്‌ത്തി. മറ്റു ടെക് ഓഹരികളും താഴ്ചയിലാണ്.

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. 

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. സോഫ്റ്റ്‌വേർ ഓഹരികൾ കുത്തനേ താഴ്‌ന്നു നിൽക്കുന്നു. ജപ്പാനിൽ നിക്കൈ 0.70 ശതമാനം ഇടിവിലാണ്. ഓസ്ട്രേലിയൻ സൂചിക 0.25 ഉം ശതമാനം  കയറി. ദക്ഷിണ കൊറിയൻ സൂചിക 0.40 ശതമാനം നഷ്‌ടത്തിലായി.  ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്‌ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി പറന്നു

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിനെ സംബന്ധിച്ച യുഎസ് പ്രസിഡൻ്റ് ഡോങ്ങൾഡ് ട്രംപിൻ്റെ പ്രസ്താവന ഇന്ത്യൻ വിപണിയെ ഇന്നലെ വലിയ കുതിപ്പിലാക്കി. സെൻസെക്സ് 4200 ഉം നിഫ്റ്റി 1200 ഉം പോയിൻ്റ് വരെ ഉയർന്നു. എന്നാൽ പിന്നീട് നേട്ടം പകുതിയാക്കിയാണ് വിപണി ക്ലോസ് ചെയ്തത്. കരാർ ചർച്ച തീരാത്തതും വിശദാംശങ്ങൾ അറിയാത്തതുമാണു വിപണിയുടെ ആവേശം കുറച്ചത്. ഒപ്പം ലാഭമെടുക്കൽ വിൽപനയും നടന്നു. ഇന്നലെ ബിഎസ്ഇ കമ്പനികളുടെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കണ്ടു വർധിച്ചു.

വസ്ത്ര, സമുദ്രോൽപന്ന, രാസവസ്‌തു കയറ്റുമതി കമ്പനികൾ 20 ശതമാനം വരെ കുതിച്ചു. കിറ്റെക്സ് ഗാർമെൻ്റ്സ്, കെപിആർമിൽസ്, ഗോകൽദാസ്, പ്രീകോട്ട് മിൽസ്, വർധമാൻ, വെൽസ്പൺ, ട്രൈഡൻ്റ്, ഹിമത് സിംഗ്ക സൈഡ്, ആദിത്യ ബിർല ലൈഫ് സ്റ്റൈൽ, ഗോൾഡിയാം, അവന്തി ഫീഡ്സ്, അപെക്സ് ഫ്രോസൺ, വാട്ടർ ബേസ്, ഇൻഡോ കൗണ്ട്, അവലോൺ ടെക്നോളജീസ് തുടങ്ങിയവ 20 ശതമാനം ഉയർന്ന് അപ്പർ സർകീട്ടിൽ എത്തി. ഭാരത് ഫോർജ്, സോനാ ബി എൽ ഡബ്ള്യു, ഓർബിറ്റ് എക്സ്പോർട്സ്, വാരീ എനർജീസ്, പ്രീമിയർ എനർജീസ്, സംഗം ഇന്ത്യ തുടങ്ങി കയറ്റുമതി രംഗത്തെ കമ്പനികളും വലിയ നേട്ടത്തിലായി.

അദാനി എൻ്റർപ്രൈസസ്, അദാനി എനർജി, അദാനി ഗ്രീൻ, അദാനി പോർട്‌സ് തുടങ്ങിയവയും ഇന്നു കുതിച്ചുയർന്നു. റിലയൻസ് ഓഹരി മൂന്നു ശതമാനത്തിലധികവും ജിയോ ഫിനാൻഷ്യൽ എട്ടു  ശതമാനവും നേട്ടം ഉണ്ടാക്കി.

വിദേശനിക്ഷേപകർ വലിയതോതിൽ വാങ്ങലുകാരായത് വിപണിയുടെ ആവേശം ശരിവയ്ക്കുന്നു. കരാറിൻ്റെ പശ്ചാത്തലത്തിൽ വിദേശികൾ വിപണിയിൽ തിരിച്ചു വരും എന്നാണു പ്രതീക്ഷ. കയറ്റുമതി കൂട്ടാൻ സഹായിക്കുന്ന കരാർ ജിഡിപി വളർച്ച ഉയരാനും വഴിതെളിക്കും എന്നു വിദഗ്ധർ പറയുന്നു.

സെൻസെക്സ് 2072.67 പോയിൻ്റ് (2.54%) കുതിച്ച് 83,739.13 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 639.10 പോയിൻ്റ് (2.55%) ഉയർന്ന് 25,727.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1422.30 പോയിൻ്റ് (2.43%) നേട്ടത്തോടെ 60,041.30 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1639.50 പോയിൻ്റ് (2.84%) കുതിച്ച് 59,307.10 ലും സ്മോൾ ക്യാപ് 100 സൂചിക 465.60 പോയിൻ്റ് (2.82%) ഉയർന്ന് 16,988.95 ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇയിൽ കയറ്റ -ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 3279 ഓഹരികൾ കയറിയപ്പോൾ 1015 എണ്ണം താഴ്‌ന്നു. എന്നാൽ എൻഎസ്ഇയിൽ 3313 എണ്ണം ഉയർന്നു, 2686 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 66 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 82 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. മൂന്നെണ്ണം വീതം അപ്പർ സർകീട്ടിലും ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച വലിയ വാങ്ങലുകാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 5236.28 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 1014.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റി ഇന്നലെ വലിയ കുതിച്ചു കയറ്റം നടത്തിയെങ്കിലും വിപണിയിൽ ഒരു സമാഹരണ സാധ്യത തള്ളിക്കളയാനാവില്ല. 25,450-25600 മേഖല അതിനു പിന്തുണയായി നിൽക്കാം. ഇന്ന് 25,630 ഉം 24,480 ഉം പിന്തുണയാകാം. 25,970 ലും 26,170ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

മാൻകൈൻഡ് ഫാർമ വരുമാനം 11.5 ഉം പ്രവർത്തന ലാഭം 12.7 ഉം ശതമാനം വർധിച്ചപ്പോൾ അറ്റാദായം 7.5 ശതമാനം ഉയർത്തി. ലാഭമാർജിൻ നാമമാത്രമായി കൂടി.

ആദിത്യ ബിർല കാപ്പിറ്റൽ വരുമാനം 30 ശതമാനം കൂടിയപ്പോൾ അറ്റാദായം 41 ശതമാനം വർധിപ്പിച്ചു.

അറ്റ പലിശ വരുമാന് 20.6 ശതമാനം കൂടിയെങ്കിലും ബജാജ് ഫിനാൻസിൻ്റെ അറ്റാദായം 5.6 ശതമാനം കുറഞ്ഞു. ലേബർ കോഡ് മൂലം 265 കോടി രൂപയുടെ ഒറ്റത്തവണ ബാധ്യത ഏറ്റതു കൊണ്ടാണ് ഇടിവ്.

ഗെയിമിംഗ് കമ്പനി നസറ ടെക്നോളജീസ് വരുമാനം 24 ഉം അറ്റാദായം 35.8 ഉം ശതമാനം ഇടിഞ്ഞു.

സ്വർണം വീണ്ടും 5000 ഡോളറിനു മുകളിൽ

രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചു കയറുന്ന സ്വർണവും വെള്ളിയും ഇന്നു നിർണായക കടമ്പകൾ കടന്നു. ബുള്ളിയനിലേക്കു പുതിയ നിക്ഷേപകർ കടന്നു വരുന്നുണ്ട്. 

ചൊവ്വാഴ്ച ആറു ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 4947.80 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്.  ഇന്നു രാവിലെ രണ്ടു ശതമാനത്തിലധികം കുതിച്ച് 5053.70 ഡോളറിൽ എത്തി. പിന്നീട് അല്പം താഴ്‌ന്നു.

വെള്ളിയും നല്ല കയറ്റത്തിലാണ്. ഇന്നലെ ഔൺസിന് 89.20 ഡോളർ വരെ കയറിയിട്ട് 85.28 ഡോളറിൽ ക്ലോസ് ചെയ്തു. നേട്ടം 7.47 ശതമാനം. ഇന്നു രാവിലെ ഉയർന്ന് 86.82 ഡോളറിൽ ആയി.

വെള്ളി കഴിഞ്ഞ ആഴ്ച ഔൺസിന് 121.76 ഡോളർ വരെ കയറിയതാണ്. 

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 660 രൂപ വർധിച്ച് 1,12,880 രൂപയായി. ലോകവിപണിയിൽ സ്വർണം കയറിയപ്പോൾ ഇന്ത്യൻ രൂപ ഒന്നര ശതമാനത്തോളം ഉയർന്നു. അതിനാൽ രാജ്യാന്തര മാറ്റം അതേ തോതിൽ ഇവിടെ  വന്നില്ല.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1.558 ലക്ഷം രൂപ വരെ കയറിയ ശേഷം 1,53,650 രൂപയിൽ ക്ലോസ് ചെയ്തു.

ചൊവ്വാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന്  2.78 ലക്ഷം രൂപ വരെ എത്തിയിട്ട് 2,67,000 രൂപയിൽ അവസാനിച്ചു.

പ്ലാറ്റിനം 2270 ഉം പല്ലാഡിയം 1755 ഉം റോഡിയം 10,000 ഉം ഡോളറിലാണ്. 

ലോഹങ്ങൾ താഴ്ന്നു

മിക്ക വ്യാവസായിക ലോഹങ്ങളും ചൊവ്വാഴ്ച ഉയർന്നു. ചെമ്പ് 2.38 ശതമാനം കുതിച്ച് ടണ്ണിനു 13,294.85 ഡോളറിൽ എത്തി. അലൂമിനിയം 0.93 ശതമാനം കയറി ടണ്ണിന് 3091.47 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ലെഡും ഉയർന്നു. ടിന്നും സിങ്കും താഴ്‌ന്നു.

റബർ രാജ്യാന്തര വിപണിയിൽ 1.02 ശതമാനം താഴ്ന്നു കിലോഗ്രാമിന് 185.10 സെൻ്റ് ആയി. കൊക്കോ 1.31 ശതമാനം കയറി ടണ്ണിനു 4265 ഡോളറിൽ എത്തി. കാപ്പി 5.42 ശതമാനം ഇടിഞ്ഞു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ 0.38 ശതമാനം കൂടി.

ഡോളർ കയറുന്നു

ഡോളർ ഇന്നലെ നാമമാത്രമായി താഴ്‌ന്നു. ഡോളർ സൂചിക 97.44 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.37 ലേക്കു താഴ്‌ന്നു.

യൂറോ 1.1814 ഉം പൗണ്ട് 1.3693 ഉം താഴ്‌ന്ന് ഡോളറിൽ നിൽക്കുന്നു. 

ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.11 യെൻ എന്ന നിലയിലേക്കു ദുർബലമായി. സ്വിസ് ഫ്രാങ്ക് 0.7762 ഡോളറിൽ എത്തി.  ചൈനീസ് യുവാൻ ഡോളറിന് 6.94 യുവാനിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.28 ശതമാനമായി ഉയർന്നു.

രൂപ കുതിച്ചു

ഇന്ത്യ-അമേരിക്ക വ്യാപാരകരാർ സാധ്യത രൂപയെ ഇന്നലെ ഒന്നര ശതമാനം വരെ ഉയർത്തി. ഡോളറിന് 90.05 എന്ന നിരക്കു വരെ കയറിയ ശേഷം 90.27 രൂപയിൽ ക്ലോസ് ചെയ്തു നേട്ടം ഒന്നേകാൽ ശതമാനം എഴുവർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.

വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.42 രൂപ വരെ കയറി. ചൈനീസ് യുവാൻ 13.03 രൂപയിലേക്കു താഴ്‌ന്നു. 

ഡോളർ ക്രമേണ 86 രൂപ വരെ താഴും എന്നു നിരീക്ഷകർ കരുതുന്നു. 

ക്രൂഡ് ഓയിൽ കയറുന്നു

ക്രൂഡ് ഓയിലിനെ താഴ്ചയിൽ നിന്നു കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ രണ്ടര ശതമാനം ഉയർന്ന് ബാരലിന് 67.95 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 68.17 ഉം ഡബ്ള്യുടിഐ ഇനം 64.05 ഉം യുഎഇയുടെ മർബൻ 68.81 ഉം ഡോളറിലാണ്. പ്രകൃതിവാതകവില ഉയർന്ന് 3.35 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ കയറുന്നു

ക്രിപ്റ്റോ കറൻസികൾ വലിയ ചാഞ്ചാട്ടത്തിലാണ്. ബിറ്റ്കോയിൻ ഇന്നലെ 73,000 ഡോളറിനു താഴെ വരെ ഇടിഞ്ഞിട്ട് തിരികെ 76, 600 ഡോളറിൽ എത്തി. ഈഥർ 2275 ഡോളറിനും സൊലാന 99 ഡോളറിനും മുകളിലായി.

വിപണിസൂചനകൾ

(2026 ഫെബ്രുവരി 03, ചൊവ്വ)

സെൻസെക്സ് 83,739.13   +2.54%  

നിഫ്റ്റി50     25,727.55     +2.55%

ബാങ്ക് നിഫ്റ്റി     60,041.30    +2.43%

മിഡ്ക്യാപ്100    59,307.10    +2.84%

സ്മോൾക്യാപ്100 16,988.95  +2.82%

ഡൗ ജോൺസ്   49,240.99    -0.34%

എസ് ആൻഡ് പി   6917.81     -0.84%

നാസ്ഡാക്    23,255.19     -1.43%

ഡോളർ      ₹90.27      -1.24

സ്വർണം(ഔൺസ്  $4947.80  +$287.10

സ്വർണം (പവൻ)  1,12,880   +₹660

ക്രൂഡ്ഓയിൽബ്രെൻ്റ് $67.95  +$1.69

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT