Morning Business News Image: Dhanam Business Media
Markets

ട്രംപിനു തിരിച്ചടി; ഡെമോക്രാറ്റുകൾക്കു മുന്നേറ്റം; യു.എസ് ഫ്യൂച്ചേഴ്‌സ് ഇടിവിൽ; സ്വർണം കയറുന്നു; ഡോളർ താഴുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഗിഫ്റ്റ് നിഫ്റ്റി സൂചിക ചൊവ്വാഴ്ച രാത്രി 23,725.00ൽ ക്ലോസ് ചെയ്തു; ഇന്നു രാവിലെ 23,761 വരെ കയറിയിട്ട് 23,686-ലേക്കു താഴ്ന്നു; ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന

T C Mathew

യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്ന സൂചനകൾ വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഡോളർ ദുർബലമായി, സ്വർണവില ഉയർന്നു, ഏഷ്യൻ വിപണികൾ താഴ്ചയിൽ. ഡാറ്റ സെൻ്റർ നിർമാണം തടയാനും എഐ നിയന്ത്രിക്കാനും ഡെമോക്രാറ്റുകൾ ശ്രമിക്കുമെന്ന ഭയം വിപണിയെ ബാധിച്ചു.

യു.എസ് കോൺഗ്രസിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷ നേടുമെന്നു വോട്ടെണ്ണലിൻ്റെ പ്രാരംഭത്തിലെ സൂചന. പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചെലവുകളും കമ്മിയും സംബന്ധിച്ചു കോൺഗ്രസ് നിരന്തരം പോരടിക്കുമെന്നും ഒത്തുതീർപ്പുകൾ കമ്മി വർധിപ്പിക്കുന്നതിൽ എത്തുമെന്നും വിപണി ഭയപ്പെടുന്നു. അതു ഡോളറിനെ ദുർബലമാക്കും. ഡാറ്റ സെൻ്റർ നിർമാണങ്ങൾ തടയാനും എഐ വികസനം നിയന്ത്രിക്കാനും കമ്പനികൾക്കെതിരെ അന്വേഷണങ്ങൾ തുടങ്ങാനും ഡെമോക്രാറ്റുകൾ ശ്രമിക്കും എന്നും വിപണി കരുതുന്നു.

ഈ ആശങ്കകൾ യു.എസ് ഫ്യൂച്ചേഴ്സിനെ ഇടിവിലാക്കി. ഡോളർ ദുർബലമായി. ഏഷ്യൻ വിപണികൾ ഇടിഞ്ഞു. സ്വർണം കയറി. യു.എസ് കടപ്പത്രവിലകൾ ഉയർന്നു, അവയിലെ നിക്ഷേപനേട്ടം താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,725.00ൽ ക്ലോസ് ചെയ്തു. ഇന്നു (നവംബർ 4) രാവിലെ 23,761 വരെ കയറിയിട്ട് 23,686-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

യു.എസ് വിപണി ഭിന്നദിശകളിൽ

തെരഞ്ഞെടുപ്പു ദിവസമായ ഇന്നലെ യു.എസ് വിപണികൾ ദുർബല നേട്ടത്തോടെ അവസാനിച്ചു. ചിപ്പ് ഓഹരികൾ തിരിച്ചു കയറിയത് നാസ്ഡാക് സൂചികയെ ഉയർത്തി. ആപ്പിൾ ഓഹരിയുടെ കിതപ്പ് ഡൗ ജോൺസിനെ താഴ്ചയിലാക്കി.

വിപണി അടച്ചശേഷം വന്ന ടെക്നോളജി കമ്പനികളുടെ റിസൽട്ടുകൾ ആവേശകരമായി. ചിപ്പ് നിർമാതാവ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) വരുമാനം 45 ശതമാനം വർധിപ്പിച്ചു. ഡാറ്റ സെൻ്റർ വരുമാനം ഇരട്ടിച്ചു. അടുത്ത വർഷം സെർവർ വരുമാനം ഇരട്ടിക്കുമെന്നു സി.ഇ.ഒ ലിസാ സൂ പറഞ്ഞു. ഓഹരി ഫ്യൂച്ചേഴ്‌സിൽ എട്ടു ശതമാനം കുതിച്ചു. പ്രതീക്ഷയിലും മികച്ച വരുമാനവും ലാഭവും സൂപ്പർ മൈക്രോ കംപ്യൂട്ടറിനെ ഒൻപതും ക്ലൗഡ് നെറ്റ് വർക്കിംഗ് കമ്പനി അരിസ്റ്റ നെറ്റ് വർക്‌സിനെ 12 ഉം ശതമാനം ഉയർത്തി.

ഈ ദിവസങ്ങളിലെ യുഎസ് സാമ്പത്തിക ഡാറ്റാകൾ പോസിറ്റീവ് ആയിരുന്നു. സെപ്റ്റംബറിൽ യുഎസ് തൊഴിലവസരങ്ങളിൽ 75.2 ലക്ഷത്തിൻ്റെ വർധന ഉണ്ടായി നാലു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത് പിരിച്ചു വിടീലുകൾ 18 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി. ഒക്ടോബറിലെ ഫാക്ടറി ഉൽപാദന പിഎംഐ നാലു വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന നിരക്കായ 55.5 ൽ എത്തി. ഇതെല്ലാം തെരഞ്ഞെടുപ്പിൻ്റെയും ഇറാൻ യുദ്ധത്തിൻ്റെയും അനിശ്ചിതത്വങ്ങളിൽ പെട്ടുപോയി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 197.26 പോയിൻ്റ് (0.38 ശതമാനം) താഴ്‌ന്ന് 51,786.72 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 27.52 പോയിൻ്റ് (0.36%) നേട്ടത്തോടെ 7568.92 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 207.65 പോയിൻ്റ് (0.83%) കയറി 25,372.01 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഇടിയുന്നു

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നഷ്‌ടത്തിലാണ്. ഡൗ ജോൺസ് 150 പോയിൻ്റും (0.29 ശതമാനം) എസ് ആൻഡ് പി 60 പോയിൻ്റും (0.79%) നാസ്ഡാക് 498 പോയിൻ്റും (1.76%) താഴ്ന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.54 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 23.05 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.23% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.43% താണ് 30.00 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 2.65% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.25% കുറഞ്ഞു 11.90 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് മാറ്റമില്ലാതെ തുടർവ്യാപാരത്തിൽ 0.08 ശതമാനം കയറി 2.1518 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്ന്നു

യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ താഴ്ന്നു. യുക്രെയ്ൻ, ഇറാൻ സംഘർഷങ്ങളും യുഎസ് തെരഞ്ഞെടുപ്പും മൂലമുള്ള അനിശ്ചിതത്വമാണു കാരണം.

ഏഷ്യൻ വിപണികൾ താഴുന്നു

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക തുടക്കത്തിൽ മൂന്നു ശതമാനം ഉയർന്നിട്ടു നഷ്‌ടത്തിലേക്കു വീണു. സെമികണ്ടക്ടർ കമ്പനികളായ എസ്കെ ഹൈനിക്സും സാംസംഗും നേട്ടത്തിൽ നിന്ന് ഇടിഞ്ഞു. ജപ്പാനിലെ നിക്കൈ സൂചിക 2.8 ശതമാനം താണു. ഓസ്ട്രേലിയൻ സൂചിക 0.60 നഷ്‌ടത്തിലാണ്. തായ്‌വാൻ സൂചിക 0.30 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.25 ശതമാനം താഴ്ന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് 0.50% നഷ്‌ടത്തിലാണ്.

വിദേശികൾ വന്നു, വിപണിക്ക് ദീപാവലി ആവേശം

വിദേശനിക്ഷേപസ്ഥാപനങ്ങൾ വാങ്ങൽ വർധിപ്പിച്ചതു തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ വിപണിയെ വലിയ നേട്ടത്തിലാക്കി. രണ്ടു ദിവസം കൊണ്ട് 10,000 കോടിയോളം രൂപ വിദേശികൾ നിക്ഷേപിച്ചു. ക്രൂഡ് ഓയിൽ വിലയിടിവും വിപണിക്കു കരുത്തായി.

ഓഹരി നിക്ഷേപത്തിനു ദീർഘകാല മൂലധനാദായ (എൽടിസിജി) നികുതി ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയാണു വിദേശ നിക്ഷേപകരെ തിരികെ വരുത്തുന്നത്. ഇതു വിപണിയിലെ വ്യാപാര വ്യാപ്തം വർധിപ്പിക്കും എന്നതുകൊണ്ട് ക്യാപ്പിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്നലെ കുതിച്ചു. എക്‌സ്ചേഞ്ചുകളുടെയും ബ്രോക്കറേജുകളുടെയും ഓഹരികൾ നാലു ശതമാനത്തിലധികം നേട്ടത്തിലായി. ഏഞ്ചൽ വൺ എട്ടു ശതമാനം കുതിച്ചു.

പൊതുമേഖലാ ബാങ്കുകളും മെറ്റലും മാത്രമാണ് ഇന്നലെ താഴ്ന്ന മേഖലകൾ. എഫ്എംസിജി 3.65 ഉം ക്യാപ്പിറ്റൽ മാർക്കറ്റ് 4.53 ഉം റിയൽറ്റി 2.33 ഉം ശതമാനം മുന്നേറി. സ്വകാര്യ ബാങ്കുകളും ധനകാര്യ കമ്പനികളും വാഹന കമ്പനികളും നല്ല നേട്ട ഉണ്ടാക്കി.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2459 ഓഹരികൾ ഉയർന്നു, 1928 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2124 ഓഹരികൾ കയറിയപ്പോൾ 1467 എണ്ണം ഇടിഞ്ഞു. ചൊവ്വാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 6836.81 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3678.85 കോടി രൂപയുടെ അറ്റവിൽപന നടത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 1225.07 പോയിൻ്റ് (1.62%) കുതിച്ച് 76,917.85ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 370.05 പോയിൻ്റ് (1.58%) ഉയർന്ന് 23,810.85ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 537.85 പോയിൻ്റ് (0.98%) നേട്ടത്തോടെ 55,540.05ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 612.85 പോയിൻ്റ് (1.06%) കയറി 58,596.25 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 57.55 പോയിൻ്റ് (0.31%) ഉയർന്ന് 18,652.85ൽ ക്ലോസ് ചെയ്തു.

സ്വർണം കയറുന്നു

അമേരിക്കയിൽ ഡെമോക്രാറ്റുകൾക്കു മുന്നേറ്റം കാണിക്കുന്ന ഫലസൂചനകൾ വന്നതു സ്വർണവിലയെ ഇന്നു രാവിലെ കയറ്റത്തിലാക്കി. ഇന്നലെ സ്വർണം താഴ്ന്നതാണ്. ചൊവ്വാഴ്ച സ്വർണം 16.30 ഡോളർ (0.41%) നഷ്ടത്തോടെ ഔൺസിന് 3931.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3950ലേക്കു കുതിച്ചു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 200 രൂപ കൂടി 1,02,400 രൂപയിൽ എത്തി.

വെള്ളിവില ചൊവ്വാഴ്ച 1.69 ശതമാനം താഴ്‌ന്ന് ഔൺസിന് 49.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 49.86 ഡോളറിലായി. പ്ലാറ്റിനം 1414 ഡോളർ, പല്ലാഡിയം 923 ഡോളർ, റോഡിയം 8550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ താഴ്ചയിൽ

പ്രധാന വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഇടിവിലായി. ചെമ്പ് 0.49 ശതമാനം താഴ്ന്നു ടണ്ണിന് 14,377.65 ഡോളർ ആയി. അലൂമിനിയം 0.42 ശതമാനം കുറഞ്ഞ് 3060.00 ഡോളറിൽ എത്തി. നിക്കലും ടിന്നും ഉയർന്നു. സിങ്കും ലെഡും താഴ്ന്നു.

മുന്നൂറിൽ തുടർന്നു റബർ

റബർ വില വിദേശത്തു വീണ്ടും താഴ്ന്നപ്പോൾ കേരളത്തിൽ കിലോഗ്രാമിനു റെക്കോർഡ് വിലയായ 300 രൂപയിൽ നിലനിന്നു. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 281.40 ഡോളറും ആർഎസ്എസ്-3 ക്വിൻ്റലിന് 278.00 ഡോളറും ആയി താഴ്ന്നു. കേരളത്തിൽ ആർഎസ്എസ്-4 ഇനം ക്വിൻ്റലിന് 30,000 രൂപയിൽ നിന്നു.

കൊക്കോ ഉൽപാദനം കുറയും

കൊക്കോ വില ടണ്ണിന് 5420 ഡോളറിൽ ക്ലോസ് ചെയ്തു. ഐസ് എക്സ്ചേഞ്ചിൽ കൊക്കോ ശേഖരം രണ്ടര വർഷത്തെ ഉയർന്ന നിലയിലാണെങ്കിലും 2026-27 സീസണിൽ ആഫ്രിക്കൻ ഉൽപാദനം 10 ശതമാനം കുറയും എന്നാണു നിഗമനം. 2025-26ലെ 4.94 ലക്ഷം ടൺ മിച്ചം 64,000 ടൺ കമ്മിയായി മാറും എന്നാണു സ്റ്റോണെക്സ് നിഗമനം.

അറബിക്ക കാപ്പി പൗണ്ടിന് 2.76 ശതമാനം ഇടിഞ്ഞ് 2.84 ഡോളർ ആയി. ബ്രസീലിൽ നിന്നു കൂടുതൽ ഉൽപന്നം വരുന്നതും ബ്രസീലിയൻ കറൻസിയുടെ ഇടിവും വിലയെ താഴ്ത്തുന്നു. പാം ഓയിൽ 2.11 ശതമാനം താഴ്ന്നു ടണ്ണിന് 4551 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക ഇടിവിൽ

യു.എസ് ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 101.87ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.35ലേക്ക് ഇടിഞ്ഞു. ഡെമോക്രാറ്റുകൾക്കു മുന്നേറ്റം കണ്ടതിനെ തുടർന്നാണിത്.

യൂറോ ഉയർന്ന് 1.1235 ഡോളറിലും പൗണ്ട് 1.3453 ഡോളറിലും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.19 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.67 യുവാനിലേക്കു താഴ്ന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.898 ശതമാനമായി.

രൂപ കയറ്റത്തിൽ

രൂപ ചൊവ്വാഴ്ചയും മുന്നേറി. ഡോളർ 16 പൈസ കുറഞ്ഞു 94.74 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 94.72 രൂപയിലാണ്. ചൈനീസ് യുവാൻ 14.21 രൂപയായി താണു. യൂറോ 106.46 രൂപയിലേക്ക് കയറി.

ക്രൂഡ് ഓയിൽ താഴുന്നു

ഇന്നലെ താഴ്ന്ന ക്രൂഡ് ഓയിൽ യു.എസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച 103.60 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ക്രൂഡ് ഓയിൽ ഇന്നു രാവിലെ 103.26 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ 95.58 ഡോളറിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്കോയിൻ 77,000 ഡോളറിനു താഴെ വന്നു. ഈഥർ 2270 ഡോളറിനും സൊലാന 92.00 ഡോളറിനും താഴെയാണ്.

വിപണി സൂചനകൾ

(2026 നവംബർ 03, ചൊവ്വ)

  • സെൻസെക്സ്: 76,917.85 +1.62%

  • നിഫ്റ്റി-50: 23,810.85 +1.58%

  • ബാങ്ക് നിഫ്റ്റി: 55,540.05 +0.98%

  • മിഡ് ക്യാപ്-100: 58,596.25 +1.06%

  • സ്മോൾ ക്യാപ്-100: 18,652.85 +0.31%

  • ഡൗജോൺസ്: 51,786.72 -0.38%

  • എസ്ആൻഡ്പി: 7568.92 +0.36%

  • നാസ്ഡാക്: 25,372.01 +0.83%

  • ഡോളർ: ₹94.74 -₹0.16

  • സ്വർണം (ഔൺസ്): $3931.40 -$16.30

  • സ്വർണം (പവൻ): ₹1,02,400 +₹200

  • ക്രൂഡ് ഓയിൽ ബ്രെൻ്റ്: $103.60 -$0.82

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT