Canva
Markets

ഹോർമുസ് ചർച്ച നിർണായക ഘട്ടത്തിൽ; വിപണി ജാഗ്രതയോടെ; ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു; സ്വർണം കുതിക്കുന്നു

ആർ.ബി.ഐ നിരക്കുകൾ മാറ്റാതെ ജി.ഡി.പി വളർച്ച പ്രതീക്ഷ ഉയർത്തിയപ്പോൾ ഹോർമുസ് ചർച്ച, ക്രൂഡ് ചാഞ്ചാട്ടം, സ്വർണ കുതിപ്പ്, ഏഷ്യൻ-യൂറോപ്യൻ-യു.എസ് വിപണികളുടെ ഭിന്നദിശ നീക്കങ്ങൾ നിക്ഷേപകരെ ജാഗ്രതയിൽ നിർത്തുന്നു

T C Mathew

ഹോർമുസ് കരാർ പ്രതീക്ഷയും ആണവ ചർച്ചകളിലെ യുഎസ് നിലപാടും ആഗോള വിപണികളെ ജാഗ്രതയിലാക്കി. ക്രൂഡ് ഓയിൽ അനിശ്ചിതത്വത്തിൽ ചാഞ്ചാടുമ്പോൾ സ്വർണം, വെള്ളി വില കുതിക്കുന്നു. ആർബിഐ നിരക്കുകൾ മാറ്റാതെ ജിഡിപി വളർച്ച പ്രതീക്ഷ ഉയർത്തി, വിലക്കയറ്റ പ്രവചനം കുറച്ചു. യുഎസ്, യൂറോപ്പ്, ഏഷ്യൻ സൂചികകൾ ഭിന്നദിശകളിൽ നീങ്ങുമ്പോൾ ഇന്ത്യൻ വിപണിയിൽ ക്ലോസിംഗ് വില നിർണയത്തിലെ പുതിയ രീതി വിവാദമായി തുടരുന്നു.

ഹോർമുസ് തുറക്കുന്നതു സംബന്ധിച്ച ചർച്ച നിർണായക ഘട്ടത്തിലായി. പുറത്തു പ്രത്യക്ഷപ്പെടാത്ത പരമോന്നത നേതാവിൻ്റെ അംഗീകാരം കിട്ടാനായി ഇറാൻ- ഒമാൻ ധാരണ കാത്തിരിക്കുന്നു. ഹോർമുസ് ധാരണ പ്രഖ്യാപിച്ചാൽ ആണവകാര്യത്തിൽ ചർച്ച നടത്തും എന്നാണ് അമേരിക്ക പറയുന്നത്. ചർച്ചയുടെ വാർത്തകൾ വരുന്നതനുസരിച്ചു ക്രൂഡ് ഓയിൽ വില ചാഞ്ചാടുകയാണ്. ശുഭപ്രതീക്ഷയിൽ സ്വർണ വില കുതിച്ച് ഔൺസിന് 4300 ഡോളറിൽ എത്തി.

ഏഷ്യൻ വിപണികൾ രാവിലെ നഷ്ടത്തിലാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക ബുധനാഴ്ച രാത്രി 24,674-ൽ ക്ലോസ് ചെയ്തു. ഇന്നു (ഓ​ഗ​സ്റ്റ് 6) രാവിലെ 24,616 വരെ താണിട്ട് 24,677-ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

നിരക്കുകൾ മാറ്റിയില്ല

റിസർവ് ബാങ്ക് പണനയ അവലോകനത്തിൽ നിരക്കുകൾ ഒന്നും മാറ്റിയില്ല. റീപോ നിരക്ക് 5.25 ശതമാനം തുടരും. വിപണിയുടെ നിഗമനം ശരിയായി. അതേസമയം ജി.ഡി.പി വളർച്ച പ്രതീക്ഷ 6.6-ൽ നിന്ന് 6.7 ശതമാനമായി ഉയർത്തി. ഒന്നാം പാദ വളർച്ച 7% ആയും രണ്ടാം പാദത്തിലേത് 6.4% ആയും ഉയർത്തി.

ചില്ലറ വിലക്കയറ്റ പ്രതീക്ഷ 5.1-ൽ നിന്ന് 5% ആയി കുറച്ചു. ഒന്നും രണ്ടും പാദങ്ങളിലേതു കുറച്ചു മൂന്നാം പാദത്തിൽ നിരക്കു കൂടും. സ്വർണം, വെള്ളി ഒഴികെ കാതൽ വിലക്കയറ്റം പരിധിയിൽ നിൽക്കും എന്നാണു ഗവർണർ സഞ്ജയ് മൽഹോത്ര പ്രതീക്ഷിക്കുന്നത്.

പണനയത്തിൽ വിപണി ആവേശമോ നിരാശയോ പ്രകടിപ്പിച്ചില്ല. ആസന്നഭാവിയിൽ നിരക്കുകൾ കൂട്ടേണ്ടി വരുമെന്ന വിലയിരുത്തലാണു വിപണിക്കുള്ളത്.

യു.എസ് വിപണികൾ ഭിന്നദിശകളിൽ

യു.എസ് വിപണി ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. ഡൗ അഞ്ചാം ദിവസവും മുന്നേറി റെക്കോഡ് കുറിച്ചു. എങ്കിലും രാവിലത്തെ നേട്ടം ഗണ്യമായി കുറച്ചു. മറ്റു രണ്ടു സൂചികകൾ താഴ്ന്നാണ് അവസാനിച്ചത്.

ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഇന്നലെ 13.61 ശതമാനം ഇടിഞ്ഞു തുടർവ്യാപാരത്തിൽ 1.41 ശതമാനം ഉയർന്നു. കമ്പനിയിലെ ആങ്കർ നിക്ഷേപകർക്ക് ഓഹരി വിൽക്കാനുള്ള വിലക്ക് വ്യാഴാഴ്‌ച അവസാനിക്കും. അപ്പോൾ വിൽപന പ്രളയം ഉണ്ടാകുമോ എന്നു വിപണി ആശങ്കപ്പെടുന്നു. ഇന്നലെ ടെസ്‌ലയും ഇടിവിലായി.

എൻവിഡിയയും ആപ്പിളും മെറ്റായും ഉയർന്നു. എ.എം.ഡി, ആൽഫബെറ്റ്, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയവ താഴ്ന്നു. ഗൂഗിൾ ഡീപ് മൈൻഡ് സി.ഇ.ഒ ഡെമിസ് ഹസാബിസ് ആൽഫബെറ്റ് എ.ഐ ഗവേഷണ മേധാവിയാകും. ഇദ്ദേഹം സുന്ദർ പിച്ചൈയുടെ പിൻഗാമിയായി ഗൂഗിൾ സി.ഇ.ഒ സ്ഥാനത്തു വരുമെന്നു സംസാരമുണ്ട്.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 263.24 പോയിൻ്റ് (0.49 ശതമാനം) ഉയർന്ന് 54,349.12 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.97 പോയിൻ്റ് (0.17%) താഴ്‌ന്ന് 7723.55-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 221.55 പോയിൻ്റ് (0.83%) നഷ്ടത്തോടെ 26,363.44-ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കയറിയും ഇറങ്ങിയും

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നും നേട്ടത്തിലാണ്. ഡൗ ജോൺസ് 64 പോയിൻ്റും (0.12%) ഉയർന്നു. എസ് ആൻഡ് പി 5 പോയിൻ്റും (0.06%) ഉയർന്നു നീങ്ങുന്നു. നാസ്ഡാക് 140 പോയിൻ്റ് (0.48%) താഴ്ന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.17 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.63% കയറി 24.00 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.23% ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.26% താഴ്ന്ന് 30.32 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.95% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.08% ഉയർന്ന് 12.49 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.44 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.50% കൂടി താഴ്ന്ന് 1.99 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് പലവഴി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച പലദിശകളിൽ നീങ്ങി. ഹോർമുസ് കരാർ പ്രതീക്ഷയിലാണു വിപണി. ബ്രിസ്റ്റോൾ മിയേഴ്‌സുമായി ലയന ചർച്ച നടത്തുന്ന അസ്ട്രാ സെനക്ക ഇന്നലെ ഉയരാൻ ശ്രമിച്ചെങ്കിലും ഒടുവിൽ താഴ്‌ന്നു. വിഗോവി ഗുളികകളുടെ വിലകുറച്ചതും കടുത്ത മത്സരവും നോവോ നോർഡിസ്കിനെ വീണ്ടും താഴ്ത്തി. ഓഹരി അഞ്ചു ദിവസം കൊണ്ടു 12.64 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക നാലരയും ജപ്പാനിൽ നിക്കൈ സൂചിക 1.73 ഉം ശതമാനം താഴ്ന്നു. സാംസങ്ങ് 5.5 ഉം എസ്കെ ഹൈനിക്സ് രണ്ടും ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം കയറി. ഹോങ് കോങ് സൂചിക ഒരു ശതമാനവും ഷാങ്ഹായ് സൂചിക കാൽ ശതമാനവും താഴ്ന്നു വ്യാപാരം നടക്കുന്നു.

ക്ലോസിംഗ് വിലയിലെ പ്രശ്നം തുടരുന്നു

ഓഹരികളുടെ പുതിയ ക്ലോസിംഗ് വിലനിർണയ രീതി (സി.എ.എസ്) പ്രശ്നമായി തുടരുന്നു. ഇന്നലെയും നിഫ്റ്റി, സെൻസെക്സ് അന്തരം ഉയർന്നു നിന്നു. എന്നാൽ പുതിയ രീതി മാറ്റില്ലെന്നും കൂടുതൽ ബോധവൽക്കരണം നടത്തുമെന്നുമാണ് സെബി (SEBI) പറയുന്നത്. കൂടുതൽ വിദേശഫണ്ടുകൾ നിക്ഷേപത്തിനു വരാൻ ഈ സംവിധാനം വേണം എന്നാണു സെബി ചൂണ്ടിക്കാട്ടുന്നത്. യു.എസിലും യു.കെയിലും ഇങ്ങനെയാണ്.

ഇന്നലെയും ഇന്ത്യൻ വിപണി ക്ലോസിംഗ് വിലനിർണയത്തിൽ വലിയ വ്യതിയാനം കാണിച്ചു. നിഫ്റ്റി 50 -ഉം സെൻസെക്സ് 80 ഉം പോയിൻ്റ് ക്ലോസിംഗ് ലേലത്തിൽ കയറി. ബാങ്ക് നിഫ്റ്റി 110 പോയിൻ്റ് ഉയർന്നു. മെറ്റൽ ഓട്ടോ, റിയൽറ്റി മേഖലകൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ബാങ്കും മീഡിയയും ഐടിയും എഫ്എംസിജിയും നഷ്‌ടത്തിലായി.

വിദേശ നിക്ഷേപകർ ബുധനാഴ്ച അറ്റ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 943.42 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 2883.17 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി.

ബുധനാഴ്ച സെൻസെക്‌സ് 152.05 പോയിൻ്റ് (0.19%) ഉയർന്ന് 78,581.00 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9.75 പോയിൻ്റ് (0.04%) കൂടി 24,624.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 167.25 പോയിൻ്റ് (0.29%) നഷ്‌ടത്തോടെ 57,739.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 113.65 പോയിൻ്റ് (0.18%) കയറി 63,605.25 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 148.45 പോയിൻ്റ് (0.76%) കയറി 19,783.70 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ കയറി. ബി.എസ്.ഇയിൽ 2292 ഓഹരികൾ കയറി, 1958 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1957 എണ്ണം ഉയർന്നപ്പോൾ 1386 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

കമ്മിൻസ് ഇന്ത്യ വിറ്റുവരവ് 17.9 ശതമാനം വർധിപ്പിച്ചെങ്കിലും അറ്റാദായം 7.9 ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ രണ്ടര വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ആയി. കമ്പനിയുടെ എം.ഡി ശ്വേത ആര്യ നേരത്തേ നൽകിയ രാജി ഡയറക്ടർ ബോർഡ് സ്വീകരിച്ചു. പുതിയ ആളെ പ്രഖ്യാപിച്ചില്ല.

നവീൻ ഫ്ലോറിൻ ജൂൺ പാദത്തിലെ അറ്റാദായം 117.2 കോടിയിൽ നിന്ന് ഇരട്ടിപ്പിച്ച് 243.3 കോടി രൂപയാക്കി. പി.ബി ഫിൻടെക് ഒന്നാം പാദ അറ്റാദായം 92.4 ശതമാനം വർധിപ്പിച്ചു. ജെ.കെ ലക്ഷ്‌മി സിമൻ്റിൻ്റെ ജൂൺ പാദ അറ്റാദായം 28.1 ശതമാനം കുറഞ്ഞു. ന്യൂലാൻഡ് ലബോറട്ടറീസ് വരുമാനം ഇരട്ടിയിലധികമാക്കിയപ്പോൾ അറ്റാദായം പത്തിരട്ടിയാക്കി.

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ഒന്നാം പാദത്തിൽ വരുമാനം 20 ശതമാനവും പ്രവർത്തന ലാഭം 30 ശതമാനവും വർധിപ്പിച്ചു. അറ്റാദായ മാർജിൻ 22.2 ശതമാനമായി ഉയർന്നു. എന്നാൽ ലയനച്ചെലവുകൾ മൂലം അറ്റാദായം കുറഞ്ഞു.

സ്വർണം കുതിക്കുന്നു

ഹോർമുസ് കരാർ സാധ്യതയും ക്രൂഡ് ഓയിൽ വിലയിടിവും കണക്കാക്കി സ്വർണം കുതിക്കുകയാണ്. ബുധനാഴ്ച 169.60 ഡോളർ (4.16 ശതമാനം) ഉയർന്ന് ഔൺസിന് 4246.20 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1.2 ശതമാനം കയറി 4300 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ രണ്ടു തവണയായി 2080 രൂപ കുതിച്ച് 1,07,680 രൂപയിൽ എത്തി. ഇന്നും വില ഉയരും.

വെള്ളിവില 4.23 ശതമാനം കയറി ഔൺസിന് 62.18 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 62.60 ഡോളറിൽ എത്തി. പ്ലാറ്റിനം 1747 ഡോളർ, പല്ലാഡിയം 1359 ഡോളർ, റോഡിയം 8200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ താഴ്ചയിൽ

പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ന്നു. തലേന്നു 14,195 ഡോളറിൻ്റെ റെക്കോർഡ് കുറിച്ച ചെമ്പ് ഇന്നലെ 0.16 ശതമാനം കുറഞ്ഞ് 14,167.25 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.20 ശതമാനം താഴ്‌ന്ന് 3229.50 ഡോളറിൽ അവസാനിച്ചു. സിങ്കും ടിന്നും ഉയർന്നു. നിക്കലും ലെഡ്ഡും താഴ്ന്നു.

റബർ: രാജ്യാന്തര വില താഴ്ന്നു

റബറിനു രാജ്യാന്തര വില ഇന്നലെയും നാമമാത്രമായി താഴ്ന്നു. കേരളത്തിൽ മാറ്റമില്ല. ബാങ്കോക്കിൽ ആർ.എസ്.എസ്-ഒന്ന് ക്വിൻ്റലിന് 282.50 ഡോളറിലും ആർ.എസ്.എസ്-മൂന്ന് 279.10 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-നാല് ക്വിൻ്റലിന് 28,400 രൂപയിലാണ്.

കൊക്കോ താഴ്ന്നു, കാപ്പി കയറി

കൊക്കോ വില ബുധനാഴ്ച താഴ്‌ന്ന് ടണ്ണിന് 5848 ഡോളറിൽ എത്തി. 2026-27 സീസണിലെ ഉൽപാദനം കുത്തനേ ഇടിയുമെന്നു ഘാന അറിയിച്ചതാണു കാരണം. കാലാവസ്ഥ പ്രതിളലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ.

അറബിക്ക കാപ്പിവില 0.66 ശതമാനം ഉയർന്നു പൗണ്ടിന് 3.26 ഡോളർ ആയി. ഈ വർഷം ആഗോള കാപ്പി ഉൽപാദനം റെക്കോർഡ് ആകുമെന്ന് യുഎസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലിൽ അറബിക്കയും വിയറ്റ്നാമിൽ റോബസ്റ്റയും റെക്കോർഡ് വിളവ് പ്രതീക്ഷിക്കുന്നു. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

ഡോളർ സൂചിക താഴ്ന്നു

യു.എസ് ഡോളർ സൂചിക ബുധനാഴ്ച താഴ്‌ന്ന് 99.68-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.64 വരെ താഴ്‌ന്നു. യൂറോ 1.1555 ഡോളറിലേക്കും പൗണ്ട് 1.3464 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.69 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.75 യുവാനിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.611 ശതമാനത്തിലേക്ക് ഇടിഞ്ഞു.

രൂപ ഉയർന്നു

ബുധനാഴ്ച ഇന്ത്യൻ രൂപ ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തിൽ അവസാനിച്ചു. ഡോളർ 26 പൈസ കുറഞ്ഞ് 95.11 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.08 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.09 രൂപയിലേക്കും യൂറോ 109.91 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയിൽ മാറ്റമില്ലാതെ

ക്രൂഡ് ഓയിൽ വില ഇന്നലെ കാര്യമായ മാറ്റമില്ലാതെ താഴ്ന്ന നിലയിൽ തുടർന്നു. ബുധനാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 79.45 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 79.55 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 75.18 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ കയറുന്നു

ക്രിപ്റ്റോകറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ ഇന്നു രാവിലെ 64,500 ഡോളറിനു മുകളിൽ എത്തി. ഈഥർ 1900 ഡോളറിനും സൊലാന 74 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 05, ബുധൻ)

  • സെൻസെക്സ്: 78,581.00 +0.19%

  • നിഫ്റ്റി-50: 24,624.70 +0.04%

  • ബാങ്ക് നിഫ്റ്റി: 57,739.95 -0.29%

  • മിഡ്ക്യാപ്-100: 63,605.25 +0.18%

  • സ്മോൾക്യാപ്-100: 19,783.70 +0.76%

  • ഡൗജോൺസ്: 54,349.12 +0.49%

  • എസ്ആൻഡ്പി: 7723.55 -0.17%

  • നാസ്ഡാക്: 26,363.44 -0.83%

  • ഡോളർ: ₹95.11 -₹0.26

  • സ്വർണം (ഔൺസ്): $4248.20 +$169.60

  • സ്വർണം (പവൻ): ₹1,07,680 +₹2080

  • ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $79.45 +$0.09

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT