Morning business news Canva
Markets

യുദ്ധഭീതി കുറയുന്നു; ഏഷ്യൻ യു.എസ് വിപണികളിൽ കുതിപ്പ്; ക്രൂഡ് ഓയിലും ഡോളറും താഴുന്നു; സ്വർണം കയറുന്നു

യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചു എന്നാണു റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാനും തുടർന്നു ചർച്ച നടത്തി ആണവവിഷയത്തിൽ ധാരണ ഉണ്ടാക്കാനും നിർദേശിക്കുന്ന ഒരു ധാരണാപത്രം രൂപം കൊണ്ടിട്ടുണ്ട്. ഇറാൻ അതു സ്വീകരിച്ചാൽ പശ്ചിമേഷ്യ ശാന്തമാകും.

T C Mathew

പശ്ചിമേഷ്യയിൽ സമാധാനസൂചന ബലപ്പെട്ടു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞു, ഡോളർ സൂചിക താഴ്‌ന്നു, സ്വർണം ഉയർന്നു. യുഎസ് ഓഹരികൾ കുതിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ മുന്നേറി. യുഎസ് ഫ്യൂച്ചേഴ്‌സും കയറി. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,550.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,426 വരെ താഴ്ന്നിട്ടു കയറി. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യയിൽ സമാധാന സൂചന

യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചു എന്നാണു റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാനും തുടർന്നു ചർച്ച നടത്തി ആണവവിഷയത്തിൽ ധാരണ ഉണ്ടാക്കാനും നിർദേശിക്കുന്ന ഒരു ധാരണാപത്രം രൂപം കൊണ്ടിട്ടുണ്ട്. ഇറാൻ അതു സ്വീകരിച്ചാൽ പശ്ചിമേഷ്യ ശാന്തമാകും. ഏതായാലും ക്രൂഡ് ഓയിൽ വില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് എട്ടു ശതമാനത്തോളം താഴ്‌ന്ന് 101.27 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100 ഡോളറിനു താഴെവന്നു.

സമാധാന സാധ്യത തെളിഞ്ഞതു സ്വർണ വിലയെ ഔൺസിനു 4,700 ഡോളർ വരെ എത്തിച്ചു. ഇറാൻ ഇന്നു നൽകുന്ന മുപടിയെ ആശ്രയിച്ചാകും വിപണിയുടെ ഗതി. അടുത്ത വ്യാഴാഴ്ച ചൈനാ സന്ദർശനം തുടങ്ങും മുൻപ് ഇറാൻ വിഷയം ഒതുക്കാനാണു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉദ്യമിക്കുന്നത്.

യുഎസ് വിപണി കുതിച്ചു

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ യുഎസ് വിപണിയെ ഇന്നലെയും റെക്കോർഡ് ഉയരങ്ങളിലേക്കു നയിച്ചു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. കമ്പനികളുടെ റിസൽട്ടുകളും കയറ്റത്തിനു സഹായിച്ചു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 612.34 പോയിൻ്റ് (1.24%) ഉയർന്ന് 49,910.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 105.90 പോയിൻ്റ് (1.46%) കയറി 7365.12 ൽ അവസാനിച്ചു. നാസ്ഡാക് 512.82 പോയിൻ്റ് (2.03%) കുതിച്ച് 25,838.94 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്നദിശകളിൽ

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 60 പോയിൻ്റും (0.12%) എസ് ആൻഡ് പി 5 പോയിൻ്റും (0.07%) ഉയർന്നു നീങ്ങി. നാസ്ഡാക് 22 പോയിൻ്റ് (0.07%) നഷ്ടത്തിലാണ്.

ബാങ്ക് എഡിആറുകൾ തിളങ്ങി

ബുധനാഴ്ച ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ 3.22 ശതമാനം കുതിച്ചിട്ടു തുടർവ്യാപാരത്തിൽ 0.66 ശതമാനം ഉയർന്ന് 25.80 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 2.81 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 26.75 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 1.44 ശതമാനം കയറിയിട്ട് തുടർ വ്യാപാരത്തിൽ 1.50 ശതമാനം ഇടിഞ്ഞ് 12.45 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 0.50 കയറിയ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.00 ഡോളർ ആയി ക്ലോസ് ചെയ്തു.

യൂറോപ്പ്, ഏഷ്യ

പശ്ചിമേഷ്യൻ സമാധാന പ്രതീക്ഷയിൽ യൂറോപ്യൻ വിപണികൾ ഇന്നലെ മൂന്നു ശതമാനം വരെ കുതിച്ചു. ശരീരഭാരം കുറയ്ക്കാനുള്ള നോവോ നോർഡിസ്കിൻ്റെ ഔഷധമായ വിഗോവി മത്സരം കൂടിയിട്ടും വിൽപനയിൽ പ്രതീക്ഷകളെ മറികടന്നു. നോവോ ഓഹരി രണ്ടു ശതമാനം കയറി.

ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. അവധികൾക്കു ശേഷം തുറന്ന ജപ്പാൻ വിപണി കുതിച്ചു. നിക്കൈ സൂചിക 5.40 ശതമാനം ഉയർന്ന് ആദ്യമായി 62,000 കടന്നു. സോഫ്റ്റ് ബാങ്ക് 12 ശതമാനം ഉയർന്നു. ഈ വർഷം ഇതുവരെ 70 ശതമാനം കുതിച്ച ദക്ഷിണ കൊറിയൻ സൂചിക കോസ്പി ഇന്ന് 1.1 ശതമാനം കുറഞ്ഞു. ഇന്നലെ സാംസംഗ് ഓഹരി 14 ശതമാനം ഉയർന്നു കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളർ കടന്നു. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ് കോങ് വിപണി 1.50 ശതമാനവും ഷാങ്ഹായ് സൂചിക 0.30 ശതമാനവും നേട്ടത്തിലാണ്.

ഇന്ത്യൻ വിപണി മുന്നേറി

സമാധാന പ്രതീക്ഷയും ക്രൂഡ് ഓയിൽ വിലയിടിവും ഇന്നലെ ഇന്ത്യൻ വിപണിയെ വലിയ മുന്നേറ്റത്തിലേക്കു നയിച്ചു. എങ്കിലും ലാഭമെടുക്കലിനുള്ള സമ്മർദം മൂലം ഉയർന്ന നിലയിൽ നിന്ന് അൽപം താഴ്ന്നാണു വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 78,000 നു മുകളിൽ കയറിയെങ്കിലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ബാങ്ക്, ധനകാര്യ, റിയൽറ്റി, . ഓട്ടോ, ഫാർമ, ടൂറിസം മേഖലകൾ വലിയ കുതിപ്പ് നടത്തി.

വിപണി വലിയ ആവേശം കാണിച്ചപ്പോഴും വിദേശനിക്ഷേപകരുടെ വിൽപന വലിയ തോതിൽ നടന്നു. വിദേശികൾ ക്യാഷ് വിപണിയിൽ 5834.90 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 6836.87 കോടി രൂപയുടെ വാങ്ങലും നടത്തി.

ബുധനാഴ്ച സെൻസെക്‌സ് 940.73 പോയിൻ്റ് (1.22%) ഉയർന്ന് 77,858.52 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 228.15 പോയിൻ്റ് (1.24%) നേട്ടത്തോടെ 24,330.95 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1434.00 പോയിൻ്റ് (2.63%) കുതിച്ച് 55,981.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1062.20 പോയിൻ്റ് (1.76%) കയറി 61,326.70 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 351.70 പോയിൻ്റ് (1.93%) ഉയർന്ന് 18,534.10 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2813 ഓഹരികൾ കയറി, 1427 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2449 എണ്ണം ഉയർന്നപ്പോൾ 833 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് നാലാം പാദ വരുമാനം 8.4 ശതമാനം കൂടിയപ്പോൾ അറ്റാദായം 9.7 ശതമാനം വർധിച്ചു. സിഇഒ സുധീർ സീതാപതിക്ക് അഞ്ചു വർഷം കൂടി കാലാവധി നീട്ടി. ബജാജ് ഓട്ടോയുടെ നാലാം പാദ വരുമാനം 32 ഉം അറ്റാദായം 34 ഉം ശതമാനം വർധിച്ചു. വിപണിയുടെ പ്രതീക്ഷയേക്കാൾ മെച്ചമായി റിസൽട്ട്. കമ്പനി ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപിച്ചു. ഒന്നിനു 12,000 രൂപ വച്ച് 5633 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങും. ഇന്നലത്തെ ക്ലോസിംഗ് വില (10,314.60 രൂപ) യേക്കാൾ 16 ശതമാനം അധികമാണിത്.

പേയ്ടി എം ഉടമകളായ വൺ 97 കമ്യൂണിക്കേഷൻസ് നാലാം പാദത്തിൽ 540 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 184 കോടി രൂപ അറ്റാദായത്തിലേക്കു കയറി. 2025-26 ധനകാര്യ വർഷം 663 കോടി നഷ്‌ടത്തിനു പകരം 552 കോടി രൂപ അറ്റാദായമുണ്ട്. ലിസ്റ്റിംഗിനു ശേഷം ഇതാദ്യമാണു കമ്പനിക്കു വാർഷിക ലാഭം ഉണ്ടാകുന്നത്. പിബി ഫിൻടെക്കിന് നാലാം പാദ വരുമാനം 37 ശതമാനം കൂടിയപ്പോൾ അറ്റാദായം 54 ശതമാനം വർധിച്ചു. മദ്യകമ്പനിയായ റാഡികോ ഖേതൻ്റെ നാലാം പാദ അറ്റാദായം ഇരട്ടിച്ചു 179.5 കോടി രൂപയിൽ എത്തി. ബിർലാ സോഫ്റ്റിൻ്റെ നാലാം പാദ അറ്റാദായത്തിൽ 44.1 ശതമാനം വളർച്ച ഉണ്ടായി.

സ്വർണം ഉയരങ്ങളിൽ

പശ്ചിമേഷ്യയിൽ സമാധാന കരാറിനു സാധ്യത വർധിച്ചതോടെ സ്വർണം വലിയ കുതിപ്പിലായി. ബുധനാഴ്ച മൂന്നു ശതമാനം കയറിയ സ്വർണം ഔൺസിന് 4692 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 4716 ഡോളറിൽ എത്തി. സ്വർണം 6000 ഡോളറിലേക്കു നീങ്ങും എന്നാണു പ്രമുഖ നിക്ഷേപ ബാങ്കുകൾ പറയുന്നത്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 2160 രൂപ കയറി 1,11,560 രൂപയിൽ എത്തി. വെള്ളിവില ബുധനാഴ്ച ഔൺസിന് 77.48 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.24 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2073 ഡോളർ, പല്ലാഡിയം 1532 ഡോളർ, റോഡിയം 9500 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ചെമ്പ് കുതിച്ചു, അലൂമിനിയം താഴ്‌ന്നു

അലൂമിനിയം ഒഴികെ വ്യാവസായിക ലോഹങ്ങൾ എല്ലാം കയറ്റത്തിലാണ്. ചെമ്പ് 2.94 ശതമാനം കുതിച്ച് 13,351.40 ഡോളറിൽ എത്തി. ഒരു മാസം കൊണ്ടു ചെമ്പ് 8.98 ശതമാനം കയറി. 52 ആഴ്ചയിലെ ഉയർന്ന വിലയായ 13,843.40 താമസിയാതെ മറികടക്കും എന്നാണു നിഗമനം. അലൂമിനിയം 1.22 ശതമാനം താഴ്ന്ന് 3527.85 ഡോളർ ആയി. ലെഡ്, നിക്കൽ, സിങ്ക് എന്നിവ ഉയർന്നപ്പോൾ ടിൻ 5.32 ശതമാനം കുതിച്ച് ടണ്ണിന് 52,449 ഡോളറിൽ എത്തി.

റബറിനു കയറ്റം

ബാങ്കോക്ക് വിപണിയിൽ റബർ ആർഎസ്എസ് 3 ഇനം ക്വിൻ്റലിന് 293.40 ഡോളറിലേക്കു കയറി. കൃത്രിമ റബർ 0.66 ശതമാനം ഉയർന്നു ടണ്ണിനു 16,458 യുവാനിൽ എത്തി. കാപ്പി 2.09 ശതമാനം താഴ്ന്നു പൗണ്ടിന് 283.70 സെൻ്റ് ആയി. പാമോയിൽ വില 3.89 ശതമാനം ഇടിഞ്ഞു ടണ്ണിന് 4527 മലേഷ്യൻ റിംഗിറ്റിൽ എത്തി.

വീണ്ടും കുതിച്ചു കൊക്കോ

രാജ്യാന്തര വിപണിയിൽ കൊക്കോ വില 4.96 ശതമാനം കുതിച്ചു ടണ്ണിന് 4276 ഡോളർ ആയി. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഒരു മാസം കൊണ്ട് വില 41.22 ശതമാനം കയറി. എങ്കിലും കഴിഞ്ഞ വർഷത്തേതിൻ്റെ പകുതിയിൽ താഴെയാണു വില. ഐവറി കോസ്റ്റിലും ഘാനയിലും വിളവെടുപ്പ് സീസണിൽ വരൾച്ച വന്നത് ബീൻസിൻ്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്.

വരും മാസങ്ങളിൽ രാസവള വിലക്കയറ്റവും എൽ നിനോ പ്രതിഭാസവും വിളവ് കുറയ്ക്കും എന്ന ഭീതി വിപണിയിൽ സജീവമായി. 2025-26, 2026-27 സീസണുകളിലെ മിച്ചം സ്റ്റോക്ക് സംബന്ധിച്ച പ്രവചനം ഏജൻസികൾ തിരുത്തിത്തുടങ്ങി. 2024 ഡിസംബറിൽ വന്ന ടണ്ണിനു 12,906 ഡോളറാണു കൊക്കോയുടെ റെക്കോർഡ് വില.

ഡോളർ സൂചിക ഇടിവിൽ

യുഎസ് ഡോളർ സൂചിക ബുധനാഴ്ച ഇടിഞ്ഞ് 98.02 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.91 ലേക്കു താഴ്ന്നു. യുദ്ധസാഹചര്യത്തിൽ അയവു വന്നതാണു കാരണം. യൂറോ 1.1761 ഡോളറിലേക്കും പൗണ്ട് 1.3605 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 156.10 യെൻ എന്ന നിലയിലേക്ക് ഉയർന്നു. യെന്നിൻ്റെ കയറ്റം തടയാൻ ബാങ്ക് ഓഫ് ജപ്പാൻ ഇടപെടുമെന്നു സംസാരം ഉണ്ട്. ചൈനീസ് യുവാൻ ഡോളറിന് 6.81 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) കുത്തനേ കൂടി 4.344 ശതമാനമായി ഇടിഞ്ഞു.

തിരിച്ചു കയറി രൂപ

ക്രൂഡ് ഓയിൽ വില താഴ്ന്നതും ഡോളർ സൂചിക ഇടിഞ്ഞതും ബുധനാഴ്ച രൂപയെ ഉയർത്തി. ഡോളർ ഇന്നലെ 67 പൈസ കുറഞ്ഞ് 94.61 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നും മെച്ചപ്പെട്ടേക്കാം. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.52 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 13.89 രൂപയിലേക്കും യൂറോ 111.28 രൂപയിലേക്കും താണു.

ക്രൂഡ് ഓയിൽ ഇടിഞ്ഞു

യുഎസും ഇറാനുമായി ധാരണ ഉണ്ടാകും എന്ന റിപ്പോർട്ടുകളെ തുടർന്നു ക്രൂഡ് ഓയിൽ ഇന്നലെ എട്ടു ശതമാനത്തോളം ഇടിഞ്ഞു. ബുധനാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 101.27 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 95.08 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ ഇന്നു രാവിലെ ക്രൂഡ് വില ഉയർന്നു. അമേരിക്കയിൽ ഗ്യാസൊലിൻ വില ഗാലനു 4.50 ഡോളർ കടന്നതിനെ തുടർന്ന് യുഎസ് കമ്പനികളുടെ ക്രൂഡ് കയറ്റുമതിയിൽ അന്വേഷണം ആരംഭിച്ചതാണു കാരണം.

യുഎസ് കയറ്റുമതി കുറച്ചാൽ ആഗോള ക്രൂഡ് ക്ഷാമം വർധിക്കും. ബ്രെൻ്റ് ഇനം ക്രൂഡ് 1.08 ശതമാനം ഉയർന്നു 102.35 ഡോളറിൽ എത്തിയിട്ട് 101.67 ലേക്കു താഴ്‌ന്നു. ഡബ്ള്യുടിഐ ഇനം 96.31 ഡോളറിലക്കു കയറിയ ശേഷം 95.49 ലേക്കു താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡ് 98.29 ഡോളറിലാണ്.. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിൻ്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ചൊവ്വാഴ്ച 112.47 ഡോളർ ആയി.

ക്രിപ്റ്റോകൾ ഉയർന്ന നിലയിൽ

ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ലാഭമെടുക്കൽ മൂലം വില അൽപാ താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 81,150 ഡോളറിനു താഴെയായി. ഈഥർ 2330 ഡോളറിനും സൊലാന 88.5 ഡോളറിനും താഴെ നിൽക്കുന്നു

വിപണി സൂചനകൾ

(2026 മേയ് 06, ബുധൻ)

  • സെൻസെക്സ് 77,858.52 +1.22%

  • നിഫ്റ്റി50 24,330.95 +1.24%

  • ബാങ്ക് നിഫ്റ്റി 55,981.05 +2.63%

  • മിഡ്ക്യാപ്-100 61,326.70 +1.16%

  • സ്മോൾക്യാപ്-100 18,534.10 +1.93%

  • ഡൗജോൺസ് 49,910.59 +1.24%

  • എസ്&പി 7365.12 +1.46%

  • നാസ്ഡാക് 25,838.94 +.03%

  • ഡോളർ ₹94.61 -₹0.67

  • സ്വർണം (ഔൺസ്) $4692.00 +133.70

  • സ്വർണം (പവൻ) ₹1,11,560 +₹2160

  • ബ്രെൻ്റ് ക്രൂഡ് ഓയിൽ $101.67 -$8.60

SCROLL FOR NEXT