യു.എസ്–ഇറാൻ സംഘർഷഭീതിയും ഫെഡ് പലിശവർധന പ്രതീക്ഷയും മൂലം ആഗോള വിപണികൾ ദുർബലമായി. ക്രൂഡ് ഓയിൽ 97 ഡോളറിനു മുകളിലെത്തി, യു.എസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. യൂറോപ്പ്, ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ നീങ്ങുമ്പോൾ, ഇന്ത്യൻ സെൻസെക്സ്, നിഫ്റ്റി, ബാങ്ക് നിഫ്റ്റി, മിഡ് ക്യാപ് സൂചികകൾ കഴിഞ്ഞ ദിവസം ഇടിഞ്ഞു. വിദേശി-സ്വദേശി ഫണ്ടുകൾ വാങ്ങലിൽ സജീവമായി.
ആഗോള വിപണികൾ പൊതുവേ ദുർബലമാണ്. യു.എസ്—ഇറാൻ യുദ്ധം കൂടുതൽ രൂക്ഷവും വ്യാപകവും ആകുമെന്ന ഭീതി പടരുന്നു. 16-ാം തീയതി യു.എസ് ഫെഡ് പലിശ കൂട്ടുമെന്ന ധാരണയും ബലപ്പെട്ടു. ക്രൂഡ് ഓയിൽ വില 97 ഡോളറിനു മുകളിലാണ്. യു.എസ് ഫ്യൂച്ചേഴ്സ് താഴ്ന്നാണു നീങ്ങുന്നത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക തിങ്കളാഴ്ച രാത്രി 23,797.00-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,786 വരെ താണിട്ടു കയറി. ഇന്ത്യൻ വിപണി ഇന്നും നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
കാനഡ ഇന്ന് അമേരിക്കൻ ഉൽപന്നങ്ങൾക്കു തീരുവ ഇരട്ടിപ്പിക്കും. ഇപ്പോൾ തീരുവ ഇല്ലാത്ത പലതിനും തീരുവ ചുമത്തും. യു.എസ്—കാനഡ ചർച്ചകൾ കഴിഞ്ഞമാസം പരാജയപ്പെട്ട സാഹചര്യത്തിലാണിത്. കാനഡയിൽ നിന്നുള്ള 2,000 കോടി ഡോളറിൻ്റെ ഉൽപന്നങ്ങൾക്കു ട്രംപ് 50 ശതമാനം തീരുവ ഓഗസ്റ്റ് 22 നു നടപ്പാക്കി. ഇതിനു ബദലായി 2,000 കോടി ഡോളറിൻ്റെ ഇറക്കുമതിക്കു കാനഡയിലെ മാർക്ക് കാർണി സർക്കാർ തീരുവ കൂട്ടിയിരുന്നു. ഇന്നു വരുന്ന പുതിയ തീരുവകളും വർധനയും അതിനു പുറമേയാണ്.
തൊഴിലാളിദിനം പ്രമാണിച്ച് ഇന്നലെ യുഎസ് വിപണികൾക്ക് അവധിയായിരുന്നു. വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 271.86 പോയിൻ്റ് (0.51 ശതമാനം) താഴ്ന്ന് 53,414.25-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.11 പോയിൻ്റ് (0.38%) നഷ്ടത്തോടെ 7718.60-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 77.07 പോയിൻ്റ് (0.29%) കുറഞ്ഞ് 26,506.99-ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കൂടുതൽ താഴ്ചയിലായി. ഡൗ ജോൺസ് 348 പോയിൻ്റും (0.65%) എസ് ആൻഡ് പി 13 പോയിൻ്റും (0.17%) താഴ്ന്നു നീങ്ങുന്നു. നാസ്ഡാക് 92 പോയിൻ്റ് (0.31%) ഉയർന്നു.
യൂറോപ്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച ഭിന്നദിശകളിൽ നീങ്ങി. ജർമൻ, യു.കെ സൂചികകൾ താഴ്ന്നു. സറ്റോയ്സ് 600-ഉം ഫ്രഞ്ച് സൂചികയും നാമമാത്രമായി ഉയർന്നു. ഇന്ധനവില കൂടുന്നതു വിപണികളെ ആശങ്കപ്പെടുത്തുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.32 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിൽ കോസ്‌പി 1.25 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.65 ശതമാനം താഴ്ന്നു. തായ്‌വാൻ സൂചിക 0.20 ശതമാനം നഷ്ടത്തിലായി. ഷാങ്ഹായ് സൂചിക 0.15 ശതമാനം ഉയർന്നു.
വെള്ളിയാഴ്ച ഉയർന്ന ഇന്ത്യൻ വിപണി ഇന്നലെ വീണ്ടും താഴ്ന്നു. ക്രൂഡ് ഓയിൽ വില 97 ഡോളറിനു മുകളിലായതും യു.എസ് പലിശ കൂടുന്നതിൻ്റെ സാധ്യതയുമാണു കാരണം. ഐടി, മീഡിയ, റിയൽറ്റി, മെറ്റൽ, ഓയിൽ കമ്പനികളാണ് നഷ്‌ടത്തിനു മുന്നിൽ നിന്നത്. യു.എസിലെ പലിശവർധന കമ്പനികളുടെ ഐടി ബജറ്റ് ചുരുക്കും എന്ന ഭയം ഐടി സേവന കമ്പനികളെ മൂന്നു ശതമാനത്തിലധികം താഴ്‌ത്തി. ഫാർമ, ഹെൽത്ത് കെയർ മേഖലകൾ മാത്രമാണ് ഇന്നലെ ഉയർന്നത്.
വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി മാറി. അവർ ക്യാഷ് വിപണിയിൽ 280.13 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 566.76 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. കഴിഞ്ഞ ആഴ്ച വിദേശ ഫണ്ടുകൾ വിൽപനക്കാരായിരുന്നു.
തിങ്കളാഴ്ച സെൻസെക്‌സ് 382.62 പോയിൻ്റ് (0.50%) താഴ്ന്ന് 76,132.81 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 118.55 പോയിൻ്റ് (0.50%) ഇടിവിൽ 23,779.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 281.35 പോയിൻ്റ് (0.49%) നഷ്ടത്തോടെ 57,088.30 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 292.90 പോയിൻ്റ് (0.46%) താഴ്ന്ന് 62,786.15 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 4.75 പോയിൻ്റ് (0.02%) ഉയർന്ന് 20,100.20 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിലായിരുന്നു. ബിഎസ്ഇയിൽ 1925 ഓഹരികൾ കയറി, 2571 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1490 എണ്ണം ഉയർന്നപ്പോൾ 2074 എണ്ണം താഴ്ന്നു.
ഉത്തരാഖണ്ഡിൽ 330 മെഗാവാട്ടിൻ്റെ ജലവൈദ്യുത പദ്ധതി ഉള്ള ജി.വി.കെ എനർജിയെ അദാനി പവർ ഏറ്റെടുക്കാൻ അനുമതിയായി. പാപ്പർ ഹർജിയിലായിരുന്നു ജി.വി.കെ. ഔഷധ നിർമ്മാണ കമ്പനി ന്യൂലാൻഡ് ലബോറട്ടറീസ് ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെ ഔറോ ഇൻഡസ്ട്രിയൽ സിറ്റിയിൽ 200 ഏക്കർ ഭൂമി വാങ്ങാൻ നടപടി തുടങ്ങി. പുതിയ യൂണിറ്റ് ആരംഭിക്കുകയാണു ലക്ഷ്യം.
ഓഗസ്റ്റിൽ എൽ.ഐ.സിയുടെ പ്രഥമവർഷ പ്രീമിയം 45.3 ശതമാനം വർധിച്ച് 23,275 കോടി രൂപയായി. എച്ച്.ഡി.എഫ്.സി ലൈഫിന് 17.8-ഉം ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യലിന് 9.9-ഉം എസ്.ബി.ഐ ലൈഫിന് 2.8-ഉം ശതമാനമാണു വർധന.
പലിശപ്പേടിയിൽ സ്വർണം ഇന്നലെ 4,385 ഡോളർ വരെ താഴ്ന്ന ശേഷം തിരികെ 4,400-നു മുകളിൽ കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയർന്നു. ഇന്നലെ അര ശതമാനം നഷ്ടത്തോടെ ഔൺസിന് 4,407.10 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4437 ഡോളർ വരെ കയറിയിട്ട് അല്പം താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 480 രൂപ കുറഞ്ഞ് 1,13,040 രൂപ ആയി. വെള്ളിവില തിങ്കളാഴ്ച ഔൺസിന് 66.26 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.50 ലേക്കു കയറി. പ്ലാറ്റിനം 1834 ഡോളർ, പല്ലാഡിയം 1387 ഡോളർ, റോഡിയം 8925 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
നിക്കൽ ഒഴികെ പ്രധാന വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഉയർന്നു. ചെമ്പ് 1.17 ശതമാനം കൂടി ടണ്ണിന് 14,539.65 ഡോളർ ആയി. അലൂമിനിയം 0.46 ശതമാനം കയറി 3307.50 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും ഉയർന്നു. നിക്കൽ താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർവില വീണ്ടും ഉയർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 283.70 ഡോളറിലും ആർഎസ്എസ് മൂന്ന് 280.20 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,200 രൂപയിൽ തുടർന്നു. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.
കൊക്കോ വില 0.21 ശതമാനം കുറഞ്ഞു ടണ്ണിന് 6175.18 ഡോളറിൽ ക്ലോസ് ചെയ്തു. 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20-ഉം ഘാനയിൽ 13-ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു കണക്കാക്കുന്നത്. എന്നാൽ ഓഗസ്റ്റിലെ ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം വർധിച്ചു. ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്കും വർധിച്ചു. അറബിക്ക കാപ്പി 0.92 ശതമാനം താഴ്ന്നു പൗണ്ടിന് 2.929 ഡോളറിൽ എത്തി. പാം ഓയിൽ 0.99 ശതമാനം ഉയർന്നു ടണ്ണിന് 4978 മലേഷ്യൻ റിംഗിറ്റ് ആയി.
യു.എസ് ഡോളർ സൂചിക 0.35 ശതമാനം താഴ്ന്ന് 98.83-ൽ എത്തി. യൂറോ 1.1627 ഡോളറിലേക്കും പൗണ്ട് 1.3543 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 153.71 യെന്നിലേക്ക് എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.79 ശതമാനത്തിലേക്കു കയറി.
തിങ്കളാഴ്ചയും രൂപ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നിരക്കുമാറ്റം ഇല്ലാതെ അവസാനിച്ചു. ഡോളർ 94.49 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിലും ഡോളർ ഇന്നു രാവിലെ 94.49 രൂപയിലാണ്. ചൈനീസ് യുവാൻ 14.07 രൂപയിലാ യൂറോ 109.74 രൂപയിലും തുടർന്നു.
ക്രൂഡ് ഓയിൽ ഉയർന്നെങ്കിലും 97 ഡോളറിൻ്റെ പരിസരത്തു തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 97.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്നു 97.06 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 92.38 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടർന്നു. ബിറ്റ്കോയിൻ 79,300 ഡോളറിനു താഴെ എത്തി. ഈഥർ ഇന്ന് 2500 ഡോളറിനും സൊലാന 104 ഡോളറിനും താഴെ ആയി.
(2026 സെപ്റ്റംബർ 07, തിങ്കൾ)
സെൻസെക്സ്: 76,132.81 -0.50%
നിഫ്റ്റി-50: 23,779.15 -0.50%
ബാങ്ക് നിഫ്റ്റി: 57,088.30 -0.49%
മിഡ് ക്യാപ്-100: 62,786.15 -0.46%
സ്മോൾ ക്യാപ്-100: 20,100.20 +0.02%
ഡൗജോൺസ്: 53,414.25 0.00
എസ് ആൻഡ് പി: 7718.60 0.00
നാസ്ഡാക്: 26,506.99 0.00
ഡോളർ: ₹94.49 ₹0.00
സ്വർണം (ഔൺസ്): $4407.10 -$24.00
സ്വർണം (പവൻ): ₹1,13,040 -₹480
ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $97.00 +0.72
Read DhanamOnline in English
Subscribe to Dhanam Magazine