Morning business news Canva
Markets

പശ്ചിമേഷ്യയിൽ ആശങ്ക കുറയുന്നു; വിപണികൾ കരുതലോടെ; ചിപ് ഓഹരികൾ തിരിച്ചു കയറി; ക്രൂഡ് ഓയിൽ താഴോട്ട്

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,084 വരെ താഴ്ന്ന ശേഷം 23,145-ലേക്കു കയറി. നിഫ്റ്റി-50 സൂചിക ഇന്നു ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

പശ്ചിമേഷ്യയിൽ തിങ്കളാഴ്ച തുടക്കമിട്ട ആക്രമണങ്ങൾ അവസാനിപ്പിച്ചു. യുഎസ്—ഇറാൻ കരാർ സാധ്യത വീണ്ടും തെളിഞ്ഞു. ഈ മാസാവസാനത്തോടെ കരാർ എന്നാണ് ഇറാൻ്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ സൂചിപ്പിച്ചത്. ഇതെല്ലാം പ്രത്യാശ നൽകുന്നുവെങ്കിലും വിപണിക്ക് ആവേശമൊന്നുമില്ല. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ രാവിലെ കരുതലോടെയുള്ള കയറ്റത്തിലാണ്. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിൽ നിന്നു കയറ്റത്തിലേക്കു മാറി. ക്രൂഡ് ഓയിൽ 94 ഡോളറിനു താഴെ എത്തി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,173-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,084 വരെ താഴ്ന്ന ശേഷം 23,145-ലേക്കു കയറി. നിഫ്റ്റി ഇന്നു ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് വിപണി ഭിന്നദിശകളിൽ

ചിപ് ഓഹരികൾ തിരിച്ചുകയറി. ഇറാനും ഇസ്രയേലും പുനരാരംഭിച്ച യുദ്ധം നിർത്തിവച്ചു. അമേരിക്കൻ വിപണിയിൽ എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് ചെറിയ താഴ്ചയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 10 ശതമാനം ഇടിഞ്ഞ ഐഷെയേഴ്‌സ് സെമികണ്ടക്ടർ ഇടിഎഫ് ആറു ശതമാനം കയറി. വെള്ളിയാഴ്ച 13 ശതമാനം താഴ്ന്ന മൈക്രോൺ ഇന്നലെ 10 ശതമാനം കുതിച്ചു.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 80.77 പോയിൻ്റ് (0.16%) താഴ്ന്ന് 50,786.01 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 21.99 പോയിൻ്റ് (0.30%) ഉയർന്ന് 7405.73 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 220.23 പോയിൻ്റ് (0.86%) കയറി 25,929.66 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ചാഞ്ചാടുന്നു

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ന്നു തുടങ്ങിയിട്ടു ചെറിയ നേട്ടത്തിലേക്കു മാറി. ഡൗ ജോൺസ് 3 പോയിൻ്റ് (0.08%) താഴ്ന്നും എസ് ആൻഡ് പി 10 പോയിൻ്റും (0.08%) നാസ്ഡാക് 42 പോയിൻ്റും (0.15%) ഉയർന്നും നീങ്ങുന്നു.

എ.ഡി.ആറുകൾ

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് നിശ്ചിത സമയത്ത് 1.71 ശതമാനം ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.19 ശതമാനം ഉയർന്ന് 23.05 ഡോളറിലായി. ഐ.സി.ഐ.സി.ഐ ബാങ്ക് വിപണി സമയത്തു 0.96 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.66 ശതമാനം ഉയർന്ന് 25.87 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.97 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ 2.20 ശതമാനം ഉയർന്ന് 12.55 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 3.81 ശതമാനം ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 0.92 ശതമാനം താഴ്ന്ന് 2.16 ഡോളറിൽ ക്ലോസ് ചെയ്തു.

ഏഷ്യ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നും വലിയ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.75 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 1.20 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി നാലു ശതമാനം ഉയർന്നു. ചിപ് കമ്പനികൾ നേട്ടത്തിലായി. സാംസംഗ് നാലും എസ്കെ ഹൈനിക്സ് ഏഴും ശതമാനം കയറി. ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി.

യൂറോപ്പ് താഴ്ന്നു

ഏഷ്യൻ വിപണികളെ പിന്തുടർന്നു യൂറോപ്യൻ ഓഹരികൾ തിങ്കളാഴ്ച താഴ്ന്നു. എന്നാൽ യുകെയിലെ സൂചികകൾ ഉയർന്നു ക്ലോസ് ചെയ്തു.

ഇന്ത്യൻ വിപണി ഇടിഞ്ഞു

പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ അരങ്ങേറിയത് തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ താഴ്‌ത്തി. ക്രൂഡ് ഓയിൽ വില വിപണിയിലെ വ്യാപാരസമയത്ത് 98 ഡോളർ വരെ കയറുകയും ചെയ്തു. രാവിലെ വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ട് തിരിച്ചു കയറാൻ ശ്രമിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം വീണ്ടും ഇടിഞ്ഞു. ഐടി, മെറ്റൽ, റിയൽറ്റി, ഓയിൽ, ഓട്ടോ, ധനകാര്യ, മീഡിയ, കൺസ്യൂമർ ഡ്യുറബിൾ മേഖലകളാണ് കൂടുതൽ താഴ്ന്നത്.

തിങ്കളാഴ്ച സെൻസെക്‌സ് 719.08 പോയിൻ്റ് (0.97%) താഴ്‌ന്ന് 73,524.26 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 243.70 പോയിൻ്റ് (1.04%) ഇടിത്ത് 23,123.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 432.50 പോയിൻ്റ് (0.79%) നഷ്ടത്തോടെ 54,063.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 849.25 പോയിൻ്റ് (1.40%) താഴ്ന്ന് 59,905.65 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 346.85 പോയിൻ്റ് (1.92%) ഇടിഞ്ഞ് 17,763.45 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ 70 ശതമാനത്തിലധികം ഓഹരികൾ താഴ്‌ന്നു. ബിഎസ്ഇയിൽ 1181 ഓഹരികൾ കയറി, 3192 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 751 എണ്ണം ഉയർന്നപ്പോൾ 2528 എണ്ണം താഴ്ന്നു.

വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങിയ രാജേഷ് എക്സ്പോർട്സ് മൂന്നാം ദിവസവും അഞ്ചു ശതമാനം താഴ്ന്നു ലോവർ സർകീട്ടിൽ എത്തി.

സ്വർണവില കുത്തനേ ഇടിഞ്ഞതു സ്വർണപ്പണയ കമ്പനികളെയും ജ്വല്ലറികളെയും താഴ്‌ത്തി. മുത്തൂറ്റ് ഫിനാൻസ് 6.35 ഉം ഐഐഎഫ്എൽ അഞ്ചും മണപ്പുറം ഫിനാൻസ് 3.5 ഉം ശതമാനം താഴ്ചയിലായി. സ്‌കൈ ഗോൾഡ് 6.90 ഉം കല്യാൺ ജ്വല്ലേഴ്സ് അഞ്ചും പിസിജെ നാലും പി എൻ ഗാഡ്ഗിൽ 2.4 ഉം സെൻകോ 2.54 ഉം ടൈറ്റൻ 1.72 ഉം ശതമാനം ഇടിഞ്ഞു.

ഓഹരികൾ കിച്ചുവാങ്ങുന്നതിൻ്റെ റെക്കോർഡ് തീയതി കഴിഞ്ഞപ്പോൾ വിപ്രോ ഓഹരികൾ ഇന്നലെ 8.45 ശതമാനം ഇടിഞ്ഞു. മൂന്നു ദിവസം കൊണ്ട് ഓഹരി 13 ശതമാനം താഴ്ന്നു. 15,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങലിൻ്റെ ഭാഗമായുള്ള പുനർക്രമീകരണമാണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശികൾ വിൽപന തുടർന്നു

വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വലിയ വിൽപന തുടർന്നു. അവർ ക്യാഷ് വിപണിയിൽ 5555.67 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5165.24 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. 2026 ൽ വിദേശികളുടെ ഓഹരിവിൽപന ഇതുവരെ 2.72 ലക്ഷം കോടി രൂപ കവിഞ്ഞു.

സ്വർണം താഴ്ന്നു, കയറി

പശ്ചിമേഷ്യയിൽ സമാധാനം അകന്നുപോകുന്നതും അമേരിക്കയിൽ പലിശ കൂട്ടാം എന്ന ഊഹവും സ്വർണത്തെ താഴോട്ടു നയിച്ചു. ഇന്നലെ ഔൺസിനു 4269 ഡോളർ വരെ താഴ്ന്ന സ്വർണം പശ്ചിമേഷ്യയിലെ പുതിയ സംഘർഷം നീങ്ങിയപ്പോൾ തിരിച്ചുകയറി. ഔൺസിന് 1.30 ഡോളർ കൂടി 4331.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4314 ഡോളറിലേക്കു താഴ്ന്ന ശേഷം 4338 ഡോളർ വരെ കയറി.

സ്വർണം 200 ദിവസ മൂവിംഗ് ശരാശരിക്കു താഴെ പോയെന്നും വില 4000 ഡോളർ വരെ താഴ്ന്നിട്ടേ തിച്ചെ കയറൂ എന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 760 രൂപ കുറഞ്ഞ് 1,11,240 രൂപ ആയി. വെള്ളിവില ഉയർന്ന് ഔൺസിന് 68.20 ഡോളർ ആയി. പ്ലാറ്റിനം 1745 ഡോളർ, പല്ലാഡിയം 1192 ഡോളർ, റോഡിയം 7425 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും താഴ്ന്നു. ചെമ്പ് 0.51 ശതമാനം കുറഞ്ഞ് ടണ്ണിനു 13,660.65 ഡോളർ ആയി. അലൂമിനിയം 1.42 ശതമാനം ഇടിഞ്ഞ് 3597.65 ൽ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ലെഡും ടിന്നും താഴ്ന്നു.

വിദേശത്തു റബർ താഴ്ന്നു

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു റബർ വില രാജ്യാന്തര വിപണിയിൽ താഴ്ന്നു. എന്നാൽ രൂപയുടെ ദൗർബല്യത്തിൽ ഇന്ത്യയിലെ വില ഉയർന്നു. ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് ക്വിൻ്റലിന് 311.90 ഡോളറിലും ആർഎസ്എസ് ഒന്ന് 315.40 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 26,700 രൂപയിലേക്കു കയറി.

കൊക്കോ ഉയർന്നു

കൊക്കോ രാജ്യാന്തര വിപണിയിൽ ഉയർന്നു. തിങ്കളാഴ്ച 1.46 ശതമാനം കയറി 3816.94 ഡോളറിൽ എത്തി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയിൽ ഉള്ളത്. പക്ഷേ ഡിമാൻഡും കുറവാണ്.

ഡോളർ സൂചിക 100-നു മുകളിൽ

യുഎസ് ഡോളർ സൂചിക 100 നു മുകളിൽ തുടരുന്നു. തിങ്കളാഴ്ച 100.05 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 100.01ലാണ്. യൂറോ 1.1531 ഡോളറിലേക്കും പൗണ്ട് 1.3335 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.24 യെൻ എന്ന നിലയിലാണ്. ജാപ്പനീസ് സർക്കാരും ബാങ്ക് ഓഫ് ജപ്പാനും വിപണിയിൽ ഇടപെടും എന്നു സംസാരമുണ്ട്. ചൈനീസ് യുവാൻ ഡോളറിന് 6.78 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.574 ശതമാനമായി ഉയർന്നു.

രൂപ ഇടിഞ്ഞു

ഡോളർ ലഭ്യത കൂട്ടുന്ന പണനയം പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച രൂപ 0.80 ശതമാനം ഇടിഞ്ഞു. ഡോളർ 76 പൈസ ഉയർന്നു 95.71 രൂപയിൽ അവസാനിച്ചു. ക്രൂഡ് ഓയിൽ വീണ്ടും കയറിയതാണു പ്രധാനകാരണം. യുഎസ് പലിശ കൂടുന്നതും വിഷയമാണ്. എങ്കിലും രൂപ ഇന്നു നേട്ടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.48 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.11 രൂപയായി. യൂറോ 110.37 രൂപയിലേക്കു കയറി.

ക്രൂഡ് ഓയിൽ താഴ്ന്നു

തിങ്കളാഴ്ച കുതിച്ചുകയറിയ ക്രൂഡ് ഓയിൽ പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിച്ചതോടെ താഴ്ന്നു ക്ലോസ് ചെയ്തു. ബ്രെൻ്റ് ഇനം 94.25 ഡോളറിൽ അവസാനിച്ചു. റഷ്യ എണ്ണ കയറ്റുമതി കുറയ്ക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നു വില അല്പം കയറി 94.32 ഡോളറിൽ എത്തി. എങ്കിലും പിന്നീടു 93.80 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 90.84 ഡോളറിലേക്കു നീങ്ങി.

ക്രിപ്റ്റോകൾ താഴ്ന്നിട്ടു കയറി

ക്രിപ്റ്റോ കറൻസികൾ ഇന്നലെയും വലിയ ചാഞ്ചാട്ടത്തിലായി. ബിറ്റ് കോയിൻ 61,200 ഡോളറിനു താഴെ എത്തിയ ശേഷം ഇന്നു രാവിലെ 62,600 ഡോളറിനടുത്തായി. ഈഥർ എട്ടു ശതമാനം ഉയർന്ന് 1660 ഡോളറിനും സൊലാന ഏഴു ശതമാനം കയറി 65.50 ഡോളറിനും മുകളിലാണ്.

വിപണി സൂചനകൾ

(2026 ജൂൺ 08, തിങ്കൾ)

  • സെൻസെക്സ് 73,524.26 -0.97%

  • നിഫ്റ്റി50 23,123.00 -1.04%

  • ബാങ്ക് നിഫ്റ്റി 54,063.75 -0.79%

  • മിഡ്ക്യാപ്-100 59,905.65 -1.40%

  • സ്മോൾക്യാപ്-100 17,763.45 -1.92%

  • ഡൗജോൺസ് 50,786.01 -0.16%

  • എസ്ആൻഡ്പി 7405.73 +0.30%

  • നാസ്ഡാക് 25,929.66 +0.86%

  • ഡോളർ ₹95.71 +₹0.76

  • സ്വർണം (ഔൺസ്) $4331.30 +$01.30

  • സ്വർണം (പവൻ) ₹1,11,240 -₹760

  • ബ്രെൻ്റ് ക്രൂഡ് ഓയിൽ $94.25 +$1.16

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT