Morning business news Canva
Markets

ആശങ്കകൾ മാറ്റിവച്ചു മുന്നേറാൻ വിപണി; വ്യാപാരചർച്ച പുരോഗമിക്കുന്നു; വിദേശികളുടെ വിൽപനയും ഡോളർ കയറ്റവും തുടരുന്നു; ക്രൂഡ് ഓയിൽ താഴുന്നു

ഇന്നലെ 90.46 രൂപവരെ ഉയർന്ന ഡോളർ 91 രൂപയിലേക്കു കയറാൻ വലിയ താമസമില്ല

T C Mathew

ഇന്ത്യൻ വിപണി ആശങ്കകൾ മറികടന്നു മുന്നേറാൻ ഉള്ള തയാറെടുപ്പിലാണ്. ഇന്ത്യ - അമേരിക്ക വ്യാപാരകരാർ ചർച്ച സുഗമമായി പുരോഗമിക്കുന്നു എന്നാണു റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ആഴ്ചയ്ക്കു ശേഷം ഇന്നലെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതു വിപണിക്കു പ്രോത്സാഹജനകമായ കാര്യമാണ്.

ഇന്നലെ അമേരിക്കയിൽ ടെക്നോളജി ഒഴികെ എല്ലാ മേഖലകളും കുതിച്ചു കയറി റെക്കോർഡ് കടന്നതും ഇന്ന് ഏഷ്യൻ സൂചികകൾ മുന്നേറുന്നതും വിപണിയെ സ്വാധീനിക്കും. ക്രൂഡ് ഓയിൽ വില താഴുന്നതു വിപണിക്കു നല്ലതാണ്. ഡോളർ സൂചിക താഴുന്നതിനിടയിലും രൂപയുടെ നിരക്ക് ഇടിയുന്നതാണു വിപണിയിലെ പ്രധാന കല്ലുകടി. ഇന്നലെ 90.46 രൂപവരെ ഉയർന്ന ഡോളർ 91 രൂപയിലേക്കു കയറാൻ വലിയ താമസമില്ല. വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റുമാറുന്ന പ്രവണതയിൽ മാറ്റമില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വ്യാഴാഴ്ച രാത്രി 26,140.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,147 വരെ കയറിയിട്ട്  താഴ്ന്നു 26,123 ലെത്തി. ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയർന്നു

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. സ്വിസ് നാഷണൽ ബാങ്ക് പൂജ്യം ശതമാനം പലിശ നിലനിർത്തി. യൂറോപ്യൻ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടുത്തയാഴ്ച പണനയ തീരുമാനം എടുക്കും. 

ഡൗ കുതിച്ചു, നാസ്ഡാക് താഴ്ന്നു

പലിശ കുറയ്ക്കലിൻ്റെ ആവേശം തുടർന്നപ്പോൾ അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി സൂചികകൾ റെക്കോർഡ് തിരുത്തി. അതേസമയം ഓറക്കിളിൻ്റെ വരുമാനം കുറഞ്ഞതും ചെലവ് കൂടുന്നതും നിർമിതബുദ്ധി കമ്പനികളെ താഴ്ത്തി. ഓറക്കിൾ ഓഹരി 11 ശതമാനം ഇടിഞ്ഞു. എൻവിഡിയയും ബ്രോഡ്കോമും ഒരു ശതമാനം താഴ്ന്നു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 646.26 പോയിൻ്റ് (1.34%) കുതിച്ച് 48,704.01 ലും എസ് ആൻഡ് പി 500 സൂചിക 14.32 പോയിൻ്റ് (0.21%) കയറി 6901.00 ലും എത്തി. നാസ്ഡാക് കോംപസിറ്റ് 60.30 പോയിൻ്റ് (0.26%) നഷ്ടത്തോടെ 23,593.86 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലായി. ഡൗ 0.14 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.06 ഉം  നാസ്ഡാക് 0.17 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യ ആവേശത്തിൽ

ഏഷ്യൻ വിപണികൾ ഇന്നു മികച്ച മുന്നേറ്റത്തിലാണ്. ജപ്പാനിലെ  നിക്കൈ ആദ്യം കയറിയിട്ട് 1.60 ശതമാനവ ഓസ്ട്രേലിയൻ എഎസ്എക്സ് 1.20 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി സൂചിക 0.50 ശതമാനവും ഉയർന്നു. ചൈനീസ് സൂചിക നാമമാത്രമായി താഴ്ന്നപ്പോൾ ഹോങ് കോങ് സൂചിക 0.70 ശതമാനം കയറി.

ഉണർവോടെ ഇന്ത്യൻ വിപണി

അമേരിക്കയുമായുള്ള വ്യാപാരകരാർ സാധ്യത മെച്ചപ്പെട്ടതായ ഔദ്യോഗിക സൂചനകൾ ഇന്നലെ ഇന്ത്യൻ വിപണിയെ നല്ല നേട്ടത്തിൽ എത്തിച്ചു. രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം പെട്ടെന്നു താഴ്ചയിലായി. വ്യാപാരകരാർ മാർച്ചിനകം ഉണ്ടാകുമെന്നു കേന്ദ്ര ഗവണ്മെൻ്റിൻ്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞ ശേഷം വിപണി തിരിച്ചുകയറി. താഴ്ന്ന നിലയിൽ നിന്നു നിഫ്റ്റി 229 പോയിൻ്റ് ഉയർന്നു. ഒടുവിൽ തലേന്നത്തേക്കാർ 140 പോയിൻ്റ് നേട്ടത്തോടെ ക്ലാേസ് ചെയ്തു.

ഓയിലും മീഡിയയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ മികച്ച മുന്നേറ്റം നടത്തി. വിശാലവിപണിയും നല്ല നേട്ടം കാഴ്ചവച്ചു. മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് 100 സൂചിക ഒരു ശതമാനത്തോളം കുതിച്ചു.

വിദേശികൾ വലിയ തോതിൽ വിൽപന തുടരുന്നതിനിടെയാണ് വിപണി കയറിയത്. വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2020.94 കോടി രൂപയുടെ അറ്റവിൽപന  നടത്തി. സ്വദേശി ഫണ്ടുകൾ 3796.07 കോടിയുടെ അറ്റവാങ്ങൽ നടത്തി. 

രാവിലെ നിഫ്റ്റി 25,693 ഉം സെൻസെക്സ് 84,150 ഉം വരെ താഴ്ന ശേഷമാണ് കയറ്റത്തിലേക്കു മാറിയത്. 

വ്യാഴാഴ്ച സെൻസെക്സ് 426.86 പോയിൻ്റ് (0.51%) ഉയർന്ന് 84,818.13 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 140.55 പോയിൻ്റ് (0.55%) കുതിച്ച് 25,898.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 249.45 പോയിൻ്റ് (0.42%) നേട്ടത്തോടെ 59,209.85 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 570.30 പോയിൻ്റ് (0.97%) കുതിച്ച് 59,578.05 ലും സ്മോൾ ക്യാപ് 100 സൂചിക 137.90 പോയിൻ്റ് (0.81%) കയറി 17,228.05 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2397 ഓഹരികൾ  ഉയർന്നപ്പോൾ 1786 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1915 ഓഹരികൾ കയറി, 1173 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 32 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 120 എണ്ണം താഴ്ന്ന വിലയിൽ എത്തി. നാല് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ നാലെണ്ണം ലോവർ സർകീട്ടിൽ എത്തി.

നിഫ്റ്റിക്കു 25,750 ശക്തമായ പിന്തുണ നൽകും. 25,950 ശക്തമായി കടന്ന് 26,000- ലേക്കു കയറിയാൽ 26,250-26,300 ലക്ഷ്യമിട്ടു മുന്നേറാനാകും. ഇന്നു നിഫ്റ്റിക്ക് 25,750 ലും 25,700 ലും പിന്തുണ പ്രതീക്ഷിക്കാം. 25,930 ലും 25,990 ലും പ്രതിരോധം നേരിടും.

കമ്പനികൾ, വാർത്തകൾ

യെസ് ബാങ്ക് റീട്ടെയിൽ ബാങ്കിംഗ് വിഭാഗം മേധാവി രാജൻ പെൻ്റലിൻ്റെ കാലാവധി നീട്ടുന്നില്ല എന്നു തീരുമാനിച്ചു. 2023 ൽ എക്സിക്യൂട്ടീവ് ഡയറക്ടറായ പെൻ്റൽ അടുത്ത ഫെബ്രുവരിയിൽ വിരമിക്കും.

ജെജൂരി - ഇഞ്ജെവാഡി പവർ ട്രാൻസ്മിഷൻ ലിമിറ്റഡിനെ 35 വർഷത്തേക്ക് പ്രവർത്തിപ്പിക്കാൻ ടാറ്റാ പവറിന് അനുമതി ലഭിച്ചു. വർഷം ശരാശരി 156 കോടി രൂപ ലഭിക്കും.

നിരവധി വിശിഷ്ട ലോഹങ്ങൾ ഉള്ള ഗെഞ്ജന ബ്ലോക്ക് വേദാന്ത ലിമിറ്റഡിനു ലഭിച്ചു.

ആർആർപി ഡിഫൻസ് ഇസ്രയേലിലെ മെപ്രോലൈറ്റുമായി സഖ്യം ഉണ്ടാക്കി. ആയുധങ്ങളും അനുബന്ധ സംവിധാനങ്ങളും കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യ ഇസ്രേലി കമ്പനിക്ക് ഉണ്ട്. അവയുടെ നിർമാണവും വിതരണവും നടത്താനാണു കരാർ.

കൻസായ് നെരോലാക് ലിമിറ്റഡ് ശ്രീലങ്കയിലെ കൻസായ് പെയിൻ്റ്സ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാൻ തീരുമാനിച്ചു.

യുഎഇയിലെ ഓട്ടോമെക് ഗ്രൂപ്പിനെ ഏറ്റെടുക്കാൻ രാമ സ്റ്റീൽ ട്യൂബ്സ് ലിമിറ്റഡ് തീരുമാനിച്ചു.

ആറു ഡോപ്ളർ റഡാറുകൾ കാലാവസ്ഥാ വകുപ്പിനു നൽകാൻ 171.38 കോടി രൂപയുടെ കരാർ അസ്ത്ര മെെക്രോവേവിനു ലഭിച്ചു.

ഹോനസ കൺസ്യൂമർ, റെജിനാൾഡ് മാൻ എന്ന ബ്രാൻഡിൻ്റെ ഉടമകളായ ബിടിഎം വെഞ്ചേഴ്സിനെ 195 കോടി രൂപയ്ക്ക് ഏറ്റെടുത്തു.

സ്വർണവും വെള്ളിയും കുതിച്ചു

പലിശ കുറയ്ക്കലിൻ്റെ ആവേശം വിശിഷ്ട ലോഹങ്ങളെ കയറ്റത്തിലാക്കി. സ്വർണം ഔൺസിന് 51.60 ഡോളർ (1.22 ശതമാനം) കുതിച്ച് 4281.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4284 ഡോളറിലേക്കു കയറിയിട്ട് 4270 ലേക്കു താഴ്ന്നു. അവധിവില ഇന്ന് 4302 ഡോളർ ആയി. 

കേരളത്തിൽ വ്യാഴാഴ്ച 22 കാരറ്റ് സ്വർണം ഒരു പവന് 320 രൂപ ഉയർന്ന് 95,880 രൂപയിൽ എത്തി. കേരളത്തിൽ ഇന്നും സ്വർണവില ഉയരാം.

വെള്ളി സ്പോട്ട് വിപണിയിൽ കുതിച്ച് ഔൺസിന് 64.36 ഡോളർ വരെ കയറി. പിന്നീട് 63.62 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  63.20 ഡോളറിലേക്കു താഴ്ന്നു. അവധിവില 63.88 ഡോളർ ആയി. 

പ്ലാറ്റിനം 1687 ഡോളർ, പല്ലാഡിയം 1466 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ പല വഴിയേ

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്ന ദിശകളിലായി. ചെമ്പ് 0.82 ശതമാനം ഉയർന്നു ടണ്ണിന് 11,740.00 ഡോളറിൽ ക്ലാേസ് ചെയ്തു. അലൂമിനിയം 0.97 ശതമാനം കുറിച്ച് ടണ്ണിന് 2894.78 ഡോളറിൽ അവസാനിച്ചു. സിങ്ക് 1.87 ശതമാനം ഉയർന്നു. നിക്കലും ലെഡും ടിന്നും താഴ്ന്നു.

റബർ വില രാജ്യാന്തര വിപണിയിൽ 0.64 ശതമാനം കയറി കിലോഗ്രാമിന് 172.40 സെൻ്റ് ആയി. കൊക്കോ 1.94 ശതമാനം കുതിച്ചു ടണ്ണിന് 6161.47 ഡോളറിൽ എത്തി. കാപ്പി വില 0.32 ശതമാനം കുറഞ്ഞു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാമാേയിൽ 0.07 ശതമാനം കയറി.

ഡോളർ സൂചിക താഴുന്നു

ഡോളർ സൂചിക വീണ്ടും ഇടിഞ്ഞു. ഇന്നലെ 0.50 ശതമാനം താഴ്ന്ന് 98.35 ൽ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.32 ലേക്കു താഴ്ന്നു.

ഡോളർ വിനിമയനിരക്ക് വ്യാഴാഴ്ചയും താഴ്ന്നു. യൂറോ 1.1739 ഡോളറിലേക്കും പൗണ്ട് 1.3387 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.51 യെൻ എന്ന നിലയിലേക്ക് ഉയർന്നു. 

യുഎസ് ഡോളർ 7.06 യുവാൻ എന്ന നിരക്കിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.7947 ഡോളറിലേക്കു താഴ്ന്നു.

പലിശ കുറഞ്ഞതോടെ കയറിയ യുഎസ് കടപ്പത്ര വിലകൾ ഇന്നലെ അൽപം താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.153 ശതമാനമായി കയറി.

രൂപ കൂടുതൽ ഇടിവിൽ

രൂപ വീണ്ടും ദുർബലമായി. വ്യാഴാഴ്ച നിരന്തരം ഉയർന്ന ഡോളർ 40 പൈസ കയറി 90.37 രൂപയിൽ  ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 90.49 രൂപ വരെ ഡോളർ എത്തിയിരുന്നു. റിസർവ് ബാങ്ക് വിപണിയിൽ ചെറിയ തോതിൽ ഇടപെടൽ തുടർന്നു. 

ചൈനയുടെ കറൻസി യുവാൻ 12.79 രൂപയിലേക്കു കയറി. 

ക്രൂഡ് ഓയിൽ താഴുന്നു

അമേരിക്കൻ നേവി വെനസ്വലയുടെ കൂടുതൽ എണ്ണക്കപ്പലുകൾ പിടിക്കുകയാണ്. ഈ ടാങ്കറുകൾ അമേരിക്കൻ തീരത്തു കൊണ്ടുപോയി എണ്ണ എടുക്കുന്നുണ്ട്. എങ്കിലും ക്രൂഡ് ഓയിൽ വില ഉയർന്നിട്ടു താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വ്യാഴാഴ്ച ഒരു ശതമാനം താഴ്ന്ന് 61.58 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 61.28 ഡോളറിലും ഡബ്ള്യുടിഐ ഇനം 57.92 ലും യുഎഇയുടെ മർബൻ ക്രൂഡ് 62.86 ലും എത്തി. പ്രകൃതിവാതക വില ഇടിഞ്ഞു 4.20 ഡോളർ ആയി. 

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ വ്യാഴാഴ്ചയും ചാഞ്ചാടി. ബിറ്റ് കോയിൻ 89,281 വരെ താഴ്ന്നിട്ട് ശതമാനം താഴ്ന്ന് 92,800 ഡോളറിനു മുകളിൽ കയറി. ഈഥർ നാലു ശതമാനം നഷ്ടത്തോടെ 3210 ഡോളറിനടുത്ത് എത്തി. സൊലാന 136 നു മുകളിൽ ആയി.

 വിപണിസൂചനകൾ

(2025 ഡിസംബർ 11, വ്യാഴം)

സെൻസെക്സ് 84,818.13   +0.51%

നിഫ്റ്റി50     25,898.55     +0.55%

ബാങ്ക് നിഫ്റ്റി     59,209.85    +0.42%

മിഡ്ക്യാപ്100    59,578.05      +0.97%

സ്മോൾക്യാപ്100 17,228.05   +0.81%

ഡൗ ജോൺസ്   48,704.00     +1.34%

എസ് ആൻഡ് പി   6901.00     +0.21%

നാസ്ഡാക്    23,593. 90     -0.26%

ഡോളർ      ₹90.37      +0.40

സ്വർണം(ഔൺസ്)$4281.10  +$51.60

സ്വർണം (പവൻ)  ₹95,880   +₹320 

ക്രൂഡ്ഓയിൽബ്രെൻ്റ് $61.58    -1.05

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT