Morning business news Canva
Markets

വിദേശ വിപണികൾ താഴ്ചയിൽ; രൂപ ഇടിവും വിദേശിവിൽപനയും ഇന്ത്യൻ വിപണിക്കു ദൗർബല്യം; ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു

നിർമിതബുദ്ധി നിക്ഷേപങ്ങളെ പറ്റിയുള്ള ആശങ്ക അല്പം കുറഞ്ഞു, അമേരിക്കയിൽ ടെക് ഓഹരികൾ ഉയർന്നു

T C Mathew

വിപണികൾ പൊതുവേ താഴ്ചയിലാണ്. അമേരിക്കൻ വളർച്ചയെപ്പറ്റി ആശങ്ക വന്നത് ഡൗവും മറ്റും താഴാനിടയാക്കി. ഏഷ്യൻ വിപണികളും താഴ്ചയിലാണ്. 

രൂപ താഴുന്നതും വിദേശികൾ വിൽപന തുടരുന്നതും ഇന്ത്യൻ വിപണിയെ ഇന്നലെയും വലിയ താഴ്ചയിലാക്കി. ഡോളർ ഇന്നലെ 91 രൂപ കടന്നു. ഡോളർ ഇനിയും കയറാം.

ഇന്നലെ താഴ്‌ന്ന ക്രൂഡ് ഓയിൽ ഇന്നു കയറ്റത്തിലാണ്. വെനസ്വേലൻ ഉപരോധമാണു വിഷയം. സ്വർണവും താഴ്ചയിൽ നിന്നു കയറി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,949.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,924 വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പിൽ താഴ്ച

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലായി. യുക്രെയ്ൻ സമാധാന ചർച്ചയിലെ പുരോഗതി പ്രതിരോധ ഓഹരികളെ താഴ്ത്തി. ബർലിൻ ചർച്ചയിൽ യുക്രെയ്‌നു വാഗ്ദാനം ചെയ്യുന്ന സുരക്ഷാ ഉറപ്പുകളെ റഷ്യ സ്വീകരിക്കും എന്ന് ഉറപ്പില്ല. യൂറോപ്യൻ കേന്ദ്രബാങ്ക് കുറഞ്ഞ പലിശ നിരക്ക് രണ്ടു ശതമാനത്തിൽ തുടരാനാകും നാളെ തീരുമാനിക്കുക എന്നാണു സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കാൻ നിർബന്ധിതമാകും വിധമാണു യുകെയിലെ തൊഴിൽ കണക്കുകൾ.

ഡൗ കുതിച്ചു, നാസ്ഡാക് താഴ്ന്നു

നിർമിതബുദ്ധി നിക്ഷേപങ്ങളെ പറ്റിയുള്ള ആശങ്ക അല്പം കുറഞ്ഞു. അമേരിക്കയിൽ ടെക് ഓഹരികൾ ഉയർന്നു. അപ്പോൾ തൊഴിൽ കണക്കുകൾ നെഗറ്റീവ് സൂചനകളുമായി വന്നു. ഒക്‌ടോബറിൽ 1,05,000 തൊഴിലുകൾ കുറഞ്ഞു, നവംബറിൽ 64,000 വർധിച്ചു. തൊഴിലില്ലായ്മ 4.6 ശതമാനമായി ഉയർന്നു. സമ്പദ്ഘടനയെപ്പറ്റി ആശങ്ക വർധിച്ചു. എസ് ആൻഡ് പി തുടർച്ചയായ മൂന്നാം ദിവസവും താഴ്‌ന്നു. ക്രൂഡ് ഓയിൽ വില 2021 ഫെബ്രുവരിയിലെ നിരക്കിനേക്കാൾ താഴ്ന്നത് ഓയിൽ കമ്പനികൾക്കു നഷ്‌ടം വരുത്തി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 302.30 പോയിൻ്റ് (0.62%) താഴ്ന്ന് 48,114.26 ലും എസ് ആൻഡ് പി 500 സൂചിക 16.25 പോയിൻ്റ് (0.24%) നഷ്ടത്തോടെ 6800.26 ലും എത്തി. നാസ്ഡാക് കോംപസിറ്റ് 54.05 പോയിൻ്റ് (0.23%) ഉയർന്ന് 23,111.46 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.21 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

മസ്‌കിന് 68,000 കോടി ഡോളർ

ഇലോൺ മസ്‌കിൻ്റെ ടെസ്‌ല ഓഹരികൾ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. റോബോ ടാക്സി വൻ വിജയമാണെന്ന പ്രചാരമാണ് കാർ വിൽപന കുറവായിട്ടും ഓഹരിയെ ഉയർത്തിയത്. മസ്കിൻ്റെ ഏറോസ്പേസ് കമ്പനിയായ സ്പേസ് എക്സ് അടുത്ത വർഷം ഐപിഒ നടത്താൻ ഒരുങ്ങുകയാണ് ഈയിടെ

 ആ  കമ്പനി 80,000 കോടി ഡോളർ വില കണക്കാക്കി നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതോടെ മസ്‌കിൻ്റെ സമ്പത്ത് 820 കോടി ഡോളർ വർധിച്ച് 68,430 കോടി ഡോളർ ആയെന്നു ഫോർബസ് കണക്കാക്കി. രണ്ടാം സ്ഥാനക്കാരൻ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന് 25,210 കോടി ഡോളറേ ഉള്ളൂ; 43,220 കോടി കുറവ്.

ഏഷ്യ നഷ്ടത്തിൽ

ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നു. ജപ്പാൻ്റെ കയറ്റുമതി നവംബറിൽ 6.1 ശതമാനം വർധിച്ചു. ഒൻപതു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത് എങ്കിലും ജാപ്പനീസ് നിക്കൈ താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു കയറി. ദക്ഷിണ കൊറിയയിൽ കോസ്പി സൂചിക അര ശതമാനം കയറി. ഓസ്ട്രേലിയൻ എഎസ്എക്സ് 0.30 ശതമാനം താഴ്ന്നു. ചൈനീസ് സൂചിക ഉയർന്നു. ഹോങ് കോങ് സൂചിക താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കയറ്റത്തിലായി. 

ഇന്ത്യൻ വിപണി ദുർബലം

രൂപയുടെ തുടരുന്ന തകർച്ചയും വിദേശനിക്ഷേപകരുടെ നിരന്തര വിൽപനയും വ്യാപാര കരാറിലെ അനിശ്ചിതത്വവും ഇന്ത്യൻ വിപണിയെ വീണ്ടും താഴ്‌ത്തി. കൺസ്യൂമർ ഡ്യുറബിൾസും മീഡിയയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ താഴ്ന്നു. റിയൽറ്റി, ബാങ്ക്, ധനകാര്യ സേവന, ഐടി, മെറ്റൽ, ഓയിൽ, ഫാർമ, ഹെൽത്ത്കെയർ, കാപ്പിറ്റൽ മാർക്കറ്റ്, പ്രതിരോധം, ടൂറിസം തുടങ്ങിയവ വലിയ താഴ്ചയിലായി. ബെലാറൂസിൽ നിന്നുള്ള പൊട്ടാഷ് കയറ്റുമതിയുടെ ഉപരോധം അമേരിക്ക പിൻവലിച്ചതോടെ രാസവള ഓഹരികൾ രാവിലെ ഏഴു ശതമാനം വരെ ഉയർന്നു പിന്നീടു താഴ്‌ന്നെങ്കിലും എഫ്എസിടിയും ചംബലും ഉയർന്നു ക്ലോസ് ചെയ്തു.

വിദേശികൾ വിൽപന തുടരുകയാണ്. വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2381.92 കോടി രൂപയുടെ അറ്റവിൽപന  നടത്തി. സ്വദേശി ഫണ്ടുകൾ 1077.48 കോടിയുടെ അറ്റവാങ്ങലും നടത്തി. 

ചൊവ്വാഴ്ച സെൻസെക്സ് 533.50 പോയിൻ്റ് (0.63%) താഴ്ന്ന് 84,679.86 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 167.20 പോയിൻ്റ് (0.64%) ഇടിഞ്ഞ് 25,860.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 427.20 പോയിൻ്റ് (0.72%) നഷ്ടത്തോടെ 59,034.60 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 502.00 പോയിൻ്റ് (0.83%) താഴ്ന്ന് 59,710.80 ലും സ്മോൾ ക്യാപ് 100 സൂചിക 160.70 പോയിൻ്റ് (0.92%) ഇടിന്ന് 17,265.15 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1603 ഓഹരികൾ  ഉയർന്നപ്പോൾ 2582 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1018 ഓഹരികൾ കയറി, 2084 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 32 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 113 എണ്ണം താഴ്ന്ന വിലയിൽ എത്തി. ആറ് ഓഹരി അപ്പർ സർകീട്ടിലും ഒരെണ്ണം ലോവർ സർകീട്ടിലും എത്തി.

നിഫ്റ്റി 25,900 നു താഴെ പോയത് ഇനിയും ഇടിവിനു വഴിയൊരുക്കാം. എന്നാൽ ഇന്നു സൂചിക 25,900 നു മുകളിൽ കയറിയാൽ 26,000-26,100 മേഖലയിൽ തിരിച്ചു വരാൻ അവസരം തുറക്കും. താഴ്ന്നാൽ സൂചിക 25,700- 25,750 മേഖലയുടെ പിന്തുണ നിലനിർത്തിക്കൊണ്ട് സമാഹരണത്തിലേക്കു മാറും. ഇന്നു നിഫ്റ്റിക്ക് 25,800 ലും 25,740 ലും പിന്തുണ പ്രതീക്ഷിക്കാം. 25,940 ലും 25,990 ലും പ്രതിരോധം നേരിടും.

കമ്പനികൾ, വാർത്തകൾ

നേർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 165 കോടി രൂപയുടെ പാലം നിർമാണ കരാർ റെയിൽ വികാസ് നിഗമിനു ലഭിച്ചു.

ഒല ഇലക്ട്രിക്കിൻ്റെ ഐപിഒ വിലയുടെ പകുതിയിൽ താഴെ നിരക്കിൽ സ്ഥാപകൻ ഭാവിഷ് അഗർവാൾ 2.6 കോടി ഓഹരികൾ വിറ്റു. 34.99 രൂപയാണു ശരാശരി വില.

ഇംപീരിയൽ കെമിക്കൽ കമ്പനി ആക്സോ നൊബേലിലെ ഒൻപതു ശതമാനം ഓഹരി ശരാശരി 3150 രൂപ പ്രകാരം ബൾക്ക് ഇടപാടിൽ വിൽക്കും.

ജാപ്പനീസ് ധനകാര്യ ഗ്രൂപ്പ് മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ശ്രീറാം ഫിനാൻസിൽ ഓഹരി എടുക്കാൻ ചർച്ച നടത്തുന്നു. 19-നു ചേരുന്ന ശ്രീറാം ബോർഡ് തീരുമാനം എടുത്തേക്കും. 20 ശതമാനം ഓഹരിക്കായി 320 കോടി ഡോളർ മുടക്കാനാണ് മിത്സുബിഷി ഉദ്ദേശിക്കുന്നത്. മൂലധന സമാഹരണ കാര്യമാണു 19 ലെ ബോർഡ് യോഗം ചർച്ച ചെയ്യുക. ശ്രീറാം ഓഹരി ഈ വർഷം 50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.

സീതാദേവിയുടെ ജന്മസ്ഥലമായ പുനൗരാധമിൽ (സീതാമഢി ജില്ല) ക്ഷേത്ര നിർമാണത്തിനു ബിഹാർ ടൂറിസം വകുപ്പിൽ നിന്ന് 888 കോടി രൂപയുടെ കരാർ അലുവാലിയ കോൺട്രാക്ട്സിനു ലഭിച്ചു.

സ്വർണവും വെള്ളിയും താഴ്ന്നിട്ടു കയറുന്നു

സ്വർണവും വെള്ളിയും ചൊവ്വാഴ്ച താഴ്‌ന്നു. ഇന്നു രാവിലെ വീണ്ടും കയറ്റം തുടങ്ങി.

സ്വർണം ഔൺസിന് 4271-4336 ഡോളർ മേഖലയിൽ കയറിയിറങ്ങിയ ശേഷം മൂന്നു ഡോളർ താഴ്ന്ന് 4303.30 ൽ ക്ലോസ് ചെയ്തു.. ഇന്നു രാവിലെ 4327 ഡോളറിലേക്കു കയറിയിട്ട് അൽപം താഴ്‌ന്നു. അവധിവില ഇന്ന് 4354 ഡോളർ ആയി. 

കേരളത്തിൽ ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം ഒരു പവന് 1120 രൂപ കുറഞ്ഞ് 98,160 രൂപയിൽ എത്തി. 

വെള്ളി സ്പോട്ട് വിപണിയിൽ ഔൺസിന് 64.19 ഡോളർ വരെ എത്തിയിട്ടു താഴ്ന്ന് 63.79 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.68 ഡോളറിലേക്കു കുതിച്ചു. അവധിവില 65.65 ഡോളർ ആണ്.

പ്ലാറ്റിനം 1876 ഡോളർ, പല്ലാഡിയം 1586 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ ഇടിവ് തുടരുന്നു

യുക്രെയ്ൻ സമാധാന ചർച്ചകളിൽ പുരോഗതി പ്രതീക്ഷിച്ചു വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ചയും താഴ്ന്നു. അലൂമിനിയം മാത്രം ഉയർന്നു. ചെമ്പ് 1.18 ശതമാനം ഇടിഞ്ഞ് ടണ്ണിന് 11,635.65 ഡോളറിൽ ക്ലാേസ് ചെയ്തു. അലൂമിനിയം 0.19 ശതമാനം ഉയർന്ന് ടണ്ണിന് 2877.08 ഡോളറിൽ അവസാനിച്ചു. സിങ്കും നിക്കലും ലെഡും ടിന്നും ഇടിഞ്ഞു.

റബർ വില രാജ്യാന്തര വിപണിയിൽ 0.52 ശതമാനം കയറി കിലോഗ്രാമിന് 174.60 സെൻ്റ് ആയി. കൊക്കോ ഉയർന്നു ടണ്ണിന് 5998.38 ഡോളറിൽ എത്തി. കാപ്പി വില 1.78 ശതമാനം കയറി. തേയില വില മാറ്റമില്ലാതെ നിന്നു. പാമാേയിൽ 1.12 ശതമാനം താഴ്ന്നു.

ഡോളർ സൂചിക താഴ്ന്നു, കയറി

ഡോളർ സൂചിക ഇന്നലെ 97.87 വരെ ഇടിഞ്ഞിട്ടു തിരിച്ചു കയറി 98.15 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.19 ലേക്കു കയറി.

ഡോളർ വിനിമയനിരക്ക് ചൊവ്വാഴ്ച കാര്യമായ മാറ്റം ഇല്ലാതെ തുടർന്നു. യൂറോ 1.1746 ഡോളറിലേക്കു താഴ്ന്നു പൗണ്ട് 1.342 ഡോളറിലേക്കു കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 154.78 യെൻ എന്ന നിലയിലേക്ക് കയറി. 

യുഎസ് ഡോളർ 7.04 യുവാൻ എന്ന നിരക്കിലേക്കു താഴ്‌ന്നു. സ്വിസ് ഫ്രാങ്ക് 0.7954 ഡോളറിലേക്കു താഴ്‌ന്നു.

യുഎസ് കടപ്പത്ര വിലകൾ വീണ്ടും ഉയർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.151 ശതമാനമായി താഴ്ന്നു. 

91 കടന്നു ഡോളർ

രൂപ വീണ്ടും ദുർബലമായി. ഡോളർ 91 രൂപ കടന്നു. 91.09 രൂപ വരെ എത്തിയ ഡോളർ 91.03 രൂപയിൽ ക്ലോസ് ചെയ്തു. ഇതോടെ ഈ വർഷം ഡോളറിൻ്റെ വിനിമയനിരക്കിൽ രൂപയ്ക്കു നഷ്‌ടം 5.95 ശതമാനമായി.

മറ്റു കറൻസികളുമായി രൂപ കൂടുതൽ ഇടിവിലാണ്. യൂറോ 16.6 ശതമാനം, പൗണ്ട് 11.9 ശതമാനം, ചൈനീസ് യുവാൻ 9.3 ശതമാനം, ജാപ്പനീസ് യെൻ ഏഴു ശതമാനം എന്നിങ്ങനെ ഉയർന്നു.

1993 ൽ 30 രൂപയിലെത്തിയ ഡോളർ 20 വർഷം കഴിഞ്ഞു 2013 ലാണ് 60 രൂപയിൽ എത്തിയത്. തുടർന്നു 12 വർഷം കൊണ്ട് 90 രൂപ കടന്നു.

ഡോളർ ഒൻപതു വ്യാപാരദിനം കൊണ്ടാണ് 90-ൽ നിന്നു 91 രൂപയിൽ എത്തിയത്. 89 -ൽ നിന്നു 90 രൂപയിലെത്താൻ എട്ടു വ്യാപാര ദിനങ്ങൾ മതിയായിരുന്നു.

വ്യാപാരകമ്മി കൂടുന്നതും അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാകാത്തതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളും കടപ്പത്രങ്ങളും വിറ്റു മടങ്ങുന്നതും ആണു രൂപയെ ദുർബലമാക്കുന്നത്.

ചൈനയുടെ കറൻസി യുവാൻ ഇന്നലെ 12.91 രൂപയിലേക്കു കയറി. 

ക്രൂഡ് ഓയിൽ താണു, വീണ്ടും കയറുന്നു

യുക്രെയ്ൻ സമാധാനസാധ്യത ക്രൂഡ് ഓയിൽ വിലയെ വീണ്ടും താഴോട്ടു നയിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് ഒരു ശതമാനം താഴ്ന്ന് 58.82 ഡോളറിൽ ക്ലാേസ് ചെയ്തു. എന്നാൽ വെനസ്വെലയുടെ എണ്ണ ടാങ്കറുകൾക്കു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതോടെ വില കയറ്റത്തിലായി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 59.43 ഡോളറിലും ഡബ്ള്യുടിഐ ഇനം 55.82 ലും യുഎഇയുടെ മർബൻ ക്രൂഡ് 60.33 ലും എത്തി. പ്രകൃതിവാതക വില 3.972 ഡോളർ ആയി. 

ക്രിപ്റ്റോകൾ കയറി

ക്രിപ്റ്റോ കറൻസികൾ ഇന്നലെ അൽപം ഉയർന്നു. ബിറ്റ് കോയിൻ  ഇന്നു രാവിലെ 87,800 ഡോളറിനു മുകളിലായി. ഈഥർ 2970 ഡോളറിനും സൊലാന 130 ഡോളറിനും താഴെ ആണ്.

വിപണിസൂചനകൾ

(2025 ഡിസംബർ 16, ചൊവ്വ)

സെൻസെക്സ് 84,679.86   -0.63%  നിഫ്റ്റി50     25,860.10     -0.64%

ബാങ്ക് നിഫ്റ്റി     59,034.60    -0.72%

മിഡ്ക്യാപ്100    59,710.80      -0.83%

സ്മോൾക്യാപ്100 17,265.05   -0.92%

ഡൗ ജോൺസ്   48,114.30     -0.62%

എസ് ആൻഡ് പി   6800.16     -0.24%

നാസ്ഡാക്    23,111.50     +0.23%

ഡോളർ      ₹91.03      +0.30

സ്വർണം(ഔൺസ്)$4303.30  -$03.00

സ്വർണം (പവൻ)  ₹98,160   -₹1120

ക്രൂഡ്ഓയിൽബ്രെൻ്റ് $58.82   -1.74

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT