ഇന്ത്യ- യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്രവ്യാപാര കരാർ പ്രഖ്യാപിക്കുന്ന ഈയാഴ്ചയും ഇന്ത്യ-യുഎസ് കരാർ സംബന്ധിച്ച തീരുമാനം ഉണ്ടാകാനിടയില്ല. എങ്കിലും ഇന്ത്യൻ വിപണി ഇന്നു നല്ല മുന്നേറ്റം പ്രതീക്ഷിച്ചാണു വ്യാപാരം തുടങ്ങുന്നത്. രാജ്യാന്തര സംഘർഷനില മാറ്റമില്ലാതെ തുടരുന്നതിനാൽ ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. യുക്രെയിൻ സമാധാന ചർച്ച ഫെബ്രുവരി ഒന്നിനു തുടരും എന്നാണ് അറിയിപ്പ്.
സ്വർണവും വെള്ളിയും കുതിച്ചു കയറുകയാണ്. സ്വർണം ഔൺസിന് 5110 ഡോളറും വെള്ളി 117 ഡോളറും വരെ കയറിയിട്ട് ലാഭമെടുക്കലിനെ തുടർന്നു താഴ്‌ന്നു. ഇനിയും കയറും എന്നാണു സൂചന.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 25,207.50 വരെ ഉയർന്നു. പിന്നീട് അൽപം താഴ്‌ന്നു. നിഫ്‌റ്റി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
അമേരിക്കൻ ഫെഡറൽ റിസർവ് വ്യാഴാഴ്ച പണനയ അവലോകനം പ്രഖ്യാപിക്കും. കഴിഞ്ഞ മാസങ്ങളിലെ തൊഴിൽ കണക്കുകൾ തൃപ്തികരമായതു കൊണ്ട് പലിശ കുറയ്ക്കേണ്ടതില്ല എന്ന നിലപാടിലാണ് ഫെഡ് ചെയർമാൻ ജെറോം പവലും കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്നാണു സൂചന.
യൂറോപ്യൻ യൂണിയനുമായി ഇന്ത്യയുടെ സ്വതന്ത്രവ്യാപാര കരാർ ഇന്നു പ്രഖ്യാപിക്കും. ചർച്ചകൾ ഇന്നലെ പൂർത്തിയായി. ഏതാനും മാസങ്ങൾക്കുള്ളിൽ കരാർ ഒപ്പിടും. ആഡംബര കാറുകൾ അടക്കം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഇന്ത്യ തീരുവ കുറയ്ക്കും. 2007 ൽ തുടക്കമിട്ട ചർച്ചയാണ് ഇപ്പോൾ കരാറിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ യൂറോപ്യൻ യൂണിയനിലേക്ക് 7585 കോടി ഡോളറിൻ്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു, അവിടെ നിന്ന് 6068 കോടി ഡോളറിൻ്റെ ഇറക്കുമതി നടത്തി. കരാർ ഇന്ത്യൻ കയറ്റുമതിയെ കാര്യമായി സഹായിക്കും എന്നാണു പ്രതീക്ഷ.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ദിന്നദിശകളിലാണ്. ഡൗ 0.32 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.24 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
വെള്ളിയാഴ്ച ഭിന്നദിശകളിൽ നീങ്ങിയ യുഎസ് വിപണി തിങ്കളാഴ്ച ഉയർന്നു. മൂന്നു സൂചികകളും അര ശതമാനത്തോളം കയറി ക്ലോസ് ചെയ്തു.
ഡൗ ജോൺസ് 313.69 പോയിൻ്റ് (0.64%) ഉയർന്ന് 49,412.40 ലും എസ് ആൻഡ് പി 34.62 പോയിൻ്റ് (0.50%) കയറി 6950.23 ലും നാസ്ഡാക് 100.11 പോയിൻ്റ് (0.43%) കയറി 23,601.36 ലും ക്ലോസ് ചെയ്തു.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 0.4 ശതമാനം താഴ്‌ന്നിട്ടു നേട്ടത്തിലേക്കു മാറി. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ പാർലമെൻ്റ് വാണിജ്യകരാർ അംഗീകരിക്കുന്നത് വൈകിക്കുന്നതിനെ വിമർശിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൊറിയൻ ഉൽപന്നങ്ങളുടെ ചുങ്കം 25 ശതമാനമായി കൂട്ടുമെന്നു ഭീഷണിപ്പെടുത്തി. കൊറിയൻ സൂചിക അര ശതമാനം താഴ്‌ന്നു. ഹോങ് കോങ് സൂചിക ഉയർന്നു വ്യാപാരം തുടങ്ങി. ചൈനയിൽ സെൻട്രൽ മിലിറ്ററി കമ്മീഷൻ്റെ ഉപമേധാവി ചാങ് യൂക്സിയ അഴിമതി-ചാരവൃത്തി കേസുകളിൽ കുടുങ്ങിയത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. പ്രസിഡൻ്റ് ഷി കഴിഞ്ഞാൽ ഏറ്റവും ശക്തനായിരുന്നു ചാങ്.
വ്യാഴാഴ്ച ഉയർന്ന ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ നഷ്‌ടത്തിലേക്കു വീണു. തുടക്കത്തിൽ നാമമാത്രമായി ഉയർന്ന ശേഷം വിപണി താഴോട്ടു നീങ്ങി. ഒരു ശതമാനത്തിലധികം ഇടിഞ്ഞ മുഖ്യസൂചികകൾ ക്ലോസിംഗിൽ നഷ്‌ടം നേരിയ അളവിൽ കുറച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ ശേഷമാണ് അവസാനിച്ചത്.
എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിലായി. റിയൽറ്റി, ടൂറിസം, പ്രതിരോധം, പൊതുമേഖലാ ബാങ്ക് തുടങ്ങിയവയാണു കൂടുതൽ താഴ്ന്നത്.
സെൻസെക്സ് 769.51 പോയിൻ്റ് (0.94%) താഴ്‌ന്ന് 81,537.70 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 241.25 പോയിൻ്റ് (0.95%) ഇടിഞ്ഞ് 25,048. 65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 727.00 പോയിൻ്റ് (1.23%) താഴ്‌ന്ന് 58,473.10 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1045.65 പോയിൻ്റ് (1.80%) നഷ്ടത്തോടെ 57,145.65 ലും സ്മോൾ ക്യാപ് 100 സൂചിക 324.50 പോയിൻ്റ് (1.95%) ഇടിഞ്ഞ് 16,352.75 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിലെ കയറ്റ ഇറക്ക അനുപാതം ഇറക്കത്തിന് അനുകുലമായി മാറി. ബിഎസ്ഇയിൽ 1229 ഓഹരികൾ കയറിയപ്പോൾ 2989 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 879 എണ്ണം ഉയർന്നു, 2301 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 35 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 378 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 73 എണ്ണം അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 100 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വിൽപന തുടർന്നു. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 4113.38 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 4102.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി ജനുവരിയിൽ ഇതുവരെ വിദേശനിക്ഷേപകർ 33,598 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്.
നിഫ്റ്റി വ്യാഴാഴ്ച ട്രെൻഡ് മാറ്റം സൂചിപ്പിച്ചെങ്കിലും അതുണ്ടായില്ല. ഇന്നു സൂചിക താഴ്‌ന്നാൽ കൂടുതൽ വലിയ പതനത്തിലേക്കു നീങ്ങാം എന്നു പലരും ഭയപ്പെടുന്നു. ഈ ദിവസങ്ങളിൽ ചാഞ്ചാട്ടം വർധിക്കാം. ഇന്നു നിഫ്റ്റിക്ക് 25,010 ലും 24,940 ലും പിന്തുണ പ്രതീക്ഷിക്കാം. 25,260 ലും 25,340 ലും പ്രതിരോധം കാണാം.
അദാനി ഗ്രൂപ്പ് കമ്പനികൾ വെള്ളിയാഴ്ച ഇടിഞ്ഞു. അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ഗൗതം അദാനിക്കു സമൺസ് ഇമെയിലായി അയയ്ക്കാൻ നീങ്ങുന്ന സാഹചര്യത്തിലാണിത്. ഓഹരികൾ 15 ശതമാനം വരെ താഴ്‌ന്നു. അദാനി ഗ്രൂപ്പ് എസ്ഇസിയുമായി സമ്പർക്കത്തിലാണെന്നു പിന്നീട് അറിയിച്ചു.
കല്യാൺ ജ്വല്ലേഴ്‌സ് ഓഹരിയുടെ ഇടിവ് തുടർന്നു.
കിറ്റെക്സ് ഗാർമെൻ്റ്സ് 8.54 ശതമാനം ഉയർന്നു. രണ്ടു ദിവസം കൊണ്ട് ഓഹരി 17 ശതമാനമാണു കുതിച്ചത്. കമ്പനി മാനേജ്മെൻ്റ് നയിക്കുന്ന രാഷ്ട്രീയപാർട്ടി എൻഡിഎയിൽ ചേർന്ന സാഹചര്യത്തിലാണ് ഈ കയറ്റം.
ആദിത്യ ബിർല ഗ്രൂപ്പിലെ സിമൻ്റ് ഭീമൻ അൾട്രാടെക് മികച്ച മൂന്നാം പാദ റിസൽട്ട് പുറത്തുവിട്ടു. വരുമാനം 23 ശതമാനം കൂടിയപ്പോൾ അറ്റാദായം 27 ശതമാനം വർധിച്ചു. ഇതു പ്രതീക്ഷയിലധികമാണ്. പ്രവർത്തനലാഭം 35.2 ശതമാനം കുതിച്ചപ്പോൾ ലാഭമാർജിൻ 18 ശതമാനത്തിലേക്കു കയറി.
ജെഎസ്ഡബ്ള്യു സ്റ്റീലിൻ്റെ ഡിസംബർ പാദം അനാലിസ്റ്റ് നിഗമനങ്ങളെ മറികടന്നു. വിറ്റുവരവിൽ വലിയ വർധന ഉണ്ടായി. അറ്റാദായം മൂന്നു മടങ്ങായി.
കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ മൂന്നാം പാദത്തിനു തിളക്കം കുറവായി. അറ്റ പലിശ വരുമാനം 5.1 ശതമാനം കൂടിയപ്പോൾ അറ്റാദായ വർധന 4.3 ശതമാനം. നിഷ്‌ക്രിയ ആസ്‌തി നിലയിൽ കാര്യമായ മാറ്റമില്ല.
ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ മൂന്നാം പാദം ദുർബലമായി. അറ്റപലിശ വരുമാനം 12.7 ശതമാനം കുറഞ്ഞു. അറ്റാദായം 90 ശതമാനം ഇടിഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി 3.56 ഉം അറ്റ നിഷ്ക്രിയ ആസ്തി 1.04 ഉം ശതമാനമാണ്. വകയിരുത്തലുകൾ 20.2 ശതമാനം വർധിച്ച് 2096 കോടി രൂപയായി.
ജെഎസ്ഡബ്ല്യു എനർജി മൂന്നാം പാദത്തിൽ വിറ്റുവരവ് 67.4 ശതമാനം വർധിപ്പിച്ചു. അറ്റാദായം 150 ശതമാനം കുതിച്ച് 420 കോടി രൂപയിൽ എത്തി.
ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്‌ട്സ് മൂന്നാം പാദത്തിൽ വരുമാനം 8.8 ഉം പ്രവർത്തന ലാഭം 16.4 ഉം ശതമാനം വർധിപ്പിച്ചെങ്കിലും അറ്റാദായം കാര്യമായി കൂടിയില്ല.
ബിപിസിഎൽ പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തിറക്കി. വിറ്റുവരവ് 13.4 ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭം 19.4 ശതമാനം വർധിച്ചു. ലാഭമാർജിൻ 9.8 ശതമാനമായി. അറ്റാദായം 17.1 ശതമാനം കുതിച്ചു.
വെള്ളിയാഴ്ച ഔൺസിന് 5000 ഡോളറിനടുത്ത് എത്തിയിട്ട് നാമമാത്രമായി താഴ്‌ന്നു ക്ലോസ് ചെയ്ത സ്വർണം തിങ്കളാഴ്ച എല്ലാ പരിധികളും മറികടന്നു. 5110.90 ഡോളർ എന്ന റെക്കോർഡ് കുറിച്ച സ്വർണം പിന്നീടു ലാഭമെടുക്കലിനെ തുടർന്ന് 5011.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 5070 ഡോളറിനു മുകളിലേക്കു കയറി.
വിപണി ഊഹക്കച്ചവടക്കാരുടെ പിടിയിലാണെന്നും കരുതലോടെ നീങ്ങിയില്ലെങ്കിൽ അപായം വരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും സ്വർണ ബുള്ളുകൾ ആവേശത്തിലാണ്. വില ഇനിയും കയറും എന്നാണ് അവരുടെ പക്ഷം. കേന്ദ്ര ബാങ്കുകളുടെ വിൽപന കുറഞ്ഞു വരുന്നതായി കഴിഞ്ഞ രണ്ടു പാദങ്ങളിലെ കണക്കുകൾ കാണിക്കുന്നുണ്ട്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതാണു വിലകൂടാൻ കാരണമായി പറഞ്ഞിരുന്നത്.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 2080 രൂപ വർധിച്ച് 1,15, 240 രൂപ ആയി. ശനിയാഴ്ച 2280 രൂപ കൂടി 1,17,520 രൂപയിൽ എത്തി. തിങ്കളാഴ്ച രാവിലെ 1800 രൂപ കയറി 1,19,320 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഉച്ചയ്ക്ക് 1,18,760 രൂപയിലേക്കു താഴ്‌ന്നു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 24 കാരറ്റ് സ്വർണം 10 ഗ്രാമിന് വെള്ളിയാഴ്ച 1,59,226 രൂപ വരെ കയറി പിന്നീട് 1,55,963 ൽ ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച ആഗോള വിപണിയിൽ വെള്ളി ഏഴര ശതമാനം കുതിച്ചു കയറി ഔൺസിന് 103.51 ഡോളർ എത്തി. പിന്നീടു 103.33 ൽ ക്ലോസ് ചെയ്തു. ഇതാദ്യമാണു വെള്ളി 100 ഡോളർ കടന്നത്. തിങ്കളാഴ്ച 117.83 ഡോളറിലേക്കു കുതിച്ച വെള്ളി ലാഭമെടുക്കലിനെ തുടർന്ന് കുത്തനേ ഇടിഞ്ഞ് 101.84 ൽ എത്തി. ഇന്നു രാവിലെ 110 ഡോളറിനു മുകളിലേക്കു കയറി.
വെള്ളിയാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,39,927 രൂപ രൂപ വരെ കയറിയിട്ട് 3,34,600 ൽ ക്ലോസ് ചെയ്തു.
പ്ലാറ്റിനം 2690 ഉം പല്ലാഡിയം 1973 ഉം റോഡിയം 10,450 ഉം ഡോളറിലേക്ക് ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും കുതിച്ചുകയറി. അലൂമിനിയം വെള്ളിയാഴ്ച ടണ്ണിന് 3145.62 ഡോളറിൽ എത്തിയിട്ടു തിങ്കളാഴ്ച 1.57 ശതമാനം കയറി 3195.11 ഡോളറിൽ ക്ലോസ് ചെയ്തു. ചെമ്പ് വെള്ളിയാഴ്ച 2.28 ശതമാനവും തിങ്കളാഴ്ച 2.12 ശതമാനവും കുതിച്ച് ടണ്ണിന് 13,194.85 ഡോളർ ആയി. ഈ വർഷത്തെ റെക്കോർഡ് വില 13,335 ഡോളർ ആണ്. നിക്കലും സിങ്കും ടിന്നും ലെഡും രണ്ടു ദിവസം കൊണ്ടു മൂന്നു ശതമാനത്തിലധികം ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ 2.31 ശതമാനം കയറി കിലോഗ്രാമിന് 185.80 സെൻ്റ് ആയി. വെള്ളിയാഴ്ച ആറു ശതമാനം ഇടിഞ്ഞ കൊക്കോ തിങ്കളാഴ്ച ഉയർന്ന് ടണ്ണിനു 4323.26 ഡോളറിൽ ആയി. കാപ്പി 1.70 ശതമാനം കയറി. തേയില 2.75 ശതമാനം താഴ്ന്നു. പാം ഓയിൽ ഇന്നലെ 1.20 ശതമാനം ഉയർന്നു.
ഡോളർ വീണ്ടും താഴ്ന്നു.ഡോളർ സൂചിക വെള്ളിയാഴ്ച ഒരു ശതമാനത്തോളം ഇടിഞ്ഞ് 97.60 ൽ അവസാനിച്ചു. തിങ്കളാഴ്ച സൂചിക 96.81 വരെ ഇടിഞ്ഞ ശേഷം ഉയർന്ന് 97.04 ൽ ക്ലോസ് ചെയ്തു. ആറു പ്രധാനപ്പെട്ട കറൻസികളുമായുള്ള വിനിമയനിരക്ക് പരിഗണിച്ചാണു ഡോളർ സൂചിക കണക്കാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സൂചിക 96.22 വരെ താഴുകയും 109.88 വരെ ഉയരുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ സൂചിക 97.09 ലേക്ക് കയറി.
വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ഡോളറിനെതിരേ മറ്റു കറൻസികൾ ശക്തിപ്പെട്ടു. യൂറോ 1.1873 ഡോളറിലേക്കും പൗണ്ട് 1.3676 ഡോളറിലേക്കും ഉയർന്നു. അപ്രതീക്ഷിതമായി ജാപ്പനീസ് യെൻ ഒരു ഡോളറിന് 153 യെന്നിലേക്കു കയറിയെങ്കിലും ഇന്നു രാവിലെ 154.21 ലേക്കു താഴ്‌ന്നു. അടുത്ത എട്ടിനു പൊതുതെരഞ്ഞെടുപ്പു നടക്കുന്ന ജപ്പാനിൽ വെള്ളിയാഴ്ച ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. യെന്നിൻ്റെ കയറ്റത്തിനു പിന്നിൽ ഊഹക്കച്ചവടക്കാരാണെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി ആരോപിച്ചിട്ടുണ്ട്. സ്വിസ് ഫ്രാങ്ക് 0.7769 ഡോളറിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.95 യുവാനിലേക്കു കയറി.
അമേരിക്കൻ കടപ്പത്രങ്ങളിലെ വിൽപനസമ്മർദം കുറഞ്ഞതോടെ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.225 ശതമാനമായി താഴ്ന്നു.
ഇന്ത്യൻ രൂപ വെള്ളിയാഴ്ചയും ഇടിഞ്ഞു. ഡോളർ 31 പൈസ കയറി 91.94 രൂപയിൽ ക്ലോസ് ചെയ്തു ചെയ്തു. വ്യാപാരത്തിനിടെ ഡോളർ 91.95 രൂപവരെ ഉയർന്നു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടെങ്കിലും രൂപ ദുർബലമായി മാറി. വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നു പിന്മാറുന്നതാണു പ്രധാന വിഷയം ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഉണ്ടാവുകയില്ല എന്ന കിംവദന്തിയും വിപണിയിൽ ഉണ്ട്. ഇന്നലെ ഔപചാരിക വ്യാപാരം ഉണ്ടായിരുന്നില്ല. എന്നാൽ വിദേശത്തെ അനൗപചാരിക വ്യാപാരത്തിൽ ഡോളർ 91.70 രൂപയിലേക്കു താഴ്‌ന്നു. ഡോളർ സൂചിക ഇടിഞ്ഞതാണു കാരണം.
ചൈനീസ് യുവാൻ വെള്ളിയാഴ്ച 13.06 രൂപയിലേക്കു താഴ്‌ന്നെങ്കിലും ഇന്നലെ 13.19 രൂപയിലേക്കു കുതിച്ചുയർന്നു.
വെള്ളിയാഴ്ച ഉയർന്ന ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഇറാൻ സംഘർഷ ഭീതിയാണു കാരണം. ബ്രെൻ്റ് ഇനം ബാരലിന് 65.88 ഡോളറിൽ എത്തിയ ശേഷം 65.59 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.47 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 60.57 ഉം യുഎഇയുടെ മർബൻ 65.08 ഉം ഡോളറിലാണ്. പ്രകൃതി വാതക വില കുതിച്ചു കയറി 6.65 ഡോളർ ആയി. കടുത്ത ശൈതും തുടരുന്നതാണു കാരണം.
ക്രിപ്റ്റോ കറൻസികൾ ഇനിയും ദിശാബോധം വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ 86,000 ഡോളർ വരെ താഴ്‌ന്ന ബിറ്റ്കോയിൻ ഇന്നുരാവിലെ 88,200 നടുത്താണ്. . ഈഥർ 2920 ഡോളറിനും സൊലാന 124 ഡോളറിനും താഴെയാണ്.
(2026 ജനുവരി 23, വെള്ളി)
സെൻസെക്സ് 81,537.70 -0.94%
നിഫ്റ്റി50 25,048.65 -0.95%
ബാങ്ക് നിഫ്റ്റി 58,473.10 -1.23%
മിഡ്ക്യാപ്100 57,145.65 -1.80%
സ്മോൾക്യാപ്100 16,352.75 -1.95%
ഡൗ ജോൺസ് 49,098.70 -0.58%
എസ് ആൻഡ് പി 6915.61 +0.03%
നാസ്ഡാക് 23,501.20 +0.28%
ഡോളർ ₹91.94 +0.31
സ്വർണം(ഔൺസ്) $4985.10 +$47.50
സ്വർണം (പവൻ) ₹1,15,240 +₹2080
ശനി ₹1,17,520 +₹2280
ക്രൂഡ്ഓയിൽബ്രെൻ്റ് $65.88 +1.48
2026 ജനുവരി 26, തിങ്കൾ
ഡൗ ജോൺസ് 49,412.40 +0.64%
എസ് ആൻഡ് പി 6950.23 +0.50%
നാസ്ഡാക് 23,601.36 +0.43%
ഡോളർ ₹91.94 +0.31
സ്വർണം(ഔൺസ്) $5011.40 +$26.30
സ്വർണം (പവൻ) ₹1,18,760 +₹1240
ക്രൂഡ്ഓയിൽബ്രെൻ്റ് $65.59 -0.29
Read DhanamOnline in English
Subscribe to Dhanam Magazine