അടുത്ത ഞായറാഴ്ച പൊതു ബജറ്റ് വരാനിരിക്കെ വിപണി ആകാംക്ഷയിലേക്കു നീങ്ങുന്ന ദിനങ്ങളാണ് ഇനി. ഇന്ത്യൻ സമയം ഇന്നു രാത്രി യുഎസ് ഫെഡ് പണനയം പ്രഖ്യാപിക്കുന്നതിനെ പറ്റി വിപണിക്ക് അധികം ആശങ്കയില്ല. പൊതുവേ മുന്നേറ്റ പ്രതീക്ഷ ഉണ്ടെങ്കിലും ഡോളർ സൂചികയിലെ ഇടിവിനെപ്പറ്റി ആശങ്ക ഉണ്ട്. ഡോളർ ദുർബലമായതോടെ സ്വർണം ഔൺസിന് 5220 ഡോളറിനു മുകളിലായി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,498 വരെ ഉയർന്നു. ഇന്നു രാവിലെ 25,440 ലേക്കു താഴ്‌ന്നു. നിഫ്‌റ്റി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
അമേരിക്കൻ ഫെഡറൽ റിസർവ് ഇന്നു പണനയം പ്രഖ്യാപിക്കും. പലിശ കുറയ്ക്കില്ല എന്നാണു വിപണിയുടെ വിലയിരുത്തൽ. ഫെഡ് ചെയർമാൻ ജെറോം പവൽ മേയിൽ വിരമിച്ച ശേഷമേ പലിശ കുറയ്ക്കൽ പ്രതീക്ഷിക്കുന്നുള്ളു.
യൂറോപ്യൻ യൂണിയനുമായി ഇന്ത്യയുടെ സ്വതന്ത്രവ്യാപാര കരാർ പൂർത്തിയായി. ഏതാനും മാസങ്ങൾക്കുള്ളിൽ കരാർ ഒപ്പിടും. ആഡംബര കാറുകൾ അടക്കം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഇന്ത്യ തീരുവ കുറയ്ക്കും. കൃഷി, ക്ഷീര, സ്റ്റീൽ, ബീഫ് മേഖലകളിൽ ഇറക്കുമതി വർധിക്കാത്ത വിധമാണ് കരാർ. സമുദ്രോൽപന്നങ്ങൾ, വസ്ത്രങ്ങൾ, റബർ ഉൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയ്ക്കു യൂറോപ്പിൽ തീരുവ ഒഴിവായിക്കിട്ടും.
ഇന്ത്യൻ പ്രഫഷണലുകൾക്കു യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ അവസരം നൽകാൻ കരാറിൽ വ്യവസ്ഥ ഉണ്ടാകും. വിശദാംശങ്ങൾ ഇനി ചർച്ച ചെയ്തു തീരുമാനിക്കും.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഇന്നുച്ചയ്ക്കു ശേഷം ഫെഡറൽ റിസർവ് തീരുമാനം പ്രഖ്യാപിക്കും വരെ വിപണിയിൽ ചാഞ്ചാട്ടം തുടരും. ഡൗ രാവിലെ 0.04 ശതമാനം താഴ്‌ന്നും എസ് ആൻഡ് പി 0.22 ഉം നാസ്ഡാക് 0.54 ഉം ശതമാനം ഉയർന്നും നിൽക്കുന്നു.
യുഎസ് വിപണി ചൊവ്വാഴ്ച ഭിന്നദിശകളിലായി. ഡൗ ജോൺസ് 408.99 പോയിൻ്റ് (0.83%) ഇടിഞ്ഞ് 49,003.41 ൽ അവസാനിച്ചു. എസ് ആൻഡ് പി 28.37 പോയിൻ്റ് (0.41.%) കയറി 6978.60 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. നാസ്ഡാക് 215.74 പോയിൻ്റ് (0.91%) ഉയർന്ന് 23,817.74 ൽ വ്യാപാരം അവസാനിപ്പിച്ചു.
ജർമൻ സൂചിക ഒഴികെ യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഇന്ത്യയുമായുള്ള വ്യാപാര കരാറിനോടു അമേരിക്ക എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക വിപണിയിൽ ഉണ്ട്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ 0.6 ശതമാനം താഴ്‌ന്നു. ഓസ്ട്രേലിയൻ വിലക്കയറ്റം അൽപം കൂടിയതോടെ വിപണിസൂചിക നഷ്ടത്തിലായി. ദക്ഷിണ കൊറിയൻ സൂചിക റെക്കോർഡിലേക്കു കുതിച്ചു. ഹോങ് കോങ്, ഷാങ്ഹായ് സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി.
വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഇന്ത്യൻ വിപണി ഇന്നലെ മികച്ച നേട്ടത്തിൽ അവസാനിച്ചു. രാവിലെ നല്ല കുതിപ്പിൻ്റെ സൂചന ഡെറിവേറ്റീവ് വ്യാപാരത്തിൽ കണ്ടെങ്കിലും വിപണി താഴോട്ടു നീങ്ങി. ഒന്നിലധികം തവണ നഷ്ടത്തിലായിട്ടാണു വിപണി ഉയർന്നു ക്ലോസ് ചെയ്തത്. സെൻസെക്സ് ആയിരവും നിഫ്റ്റി മുന്നൂറും പോയിൻ്റ് കയറിയിറങ്ങി. മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നപ്പോൾ ബാങ്ക് നിഫ്റ്റി 1.25 ശതമാനം കുതിച്ചു.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വാഹന ഇറക്കുമതി കൂട്ടും എന്ന ധാരണയിൽ വാഹന ഓഹരികൾ ഇന്നലെ താഴ്‌ന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര നാലു ശതമാനത്തിലധികം ഇടിഞ്ഞു. മാരുതിയും ഹ്യുണ്ടായിയും താഴ്ന്നു. കൺസ്യൂമർ ഡ്യുറബിൾസും എഫ്എംസിജിയും നഷ്‌ടത്തിലായി. വൈൻ ഇറക്കുമതിയുടെ ഭയം സുല വിന്യാഡ്‌സിനെ താഴ്‌ത്തി. സമുദ്രോൽപന്ന കയറ്റുമതി കൂടും എന്നതിനാൽ അപെക്സ് ഫ്രോസൺ ഫുഡ്‌സ് 10 ശതമാനത്തിലധികം കുതിച്ചു.
പ്രൊമോട്ടർ ഗ്രൂപ്പിൻ്റെ പാർട്ടി ബിജെപി സഖ്യത്തിൽ ആയതിനെ തുടർന്ന് കിറ്റെക്സ് ഗാർമെൻ്റ്സ് 11.2 ശതമാനം കയറി 182 രൂപയിൽ എത്തി. മൂന്നു ദിവസം കൊണ്ട് ഓഹരി 30 ശതമാനമാണു കുതിച്ചുയർന്നത്.
ഒരു മാസമായി താഴ്ചയിലായിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം 0.91 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു.
സെൻസെക്സ് 319.78 പോയിൻ്റ് (0.39%) ഉയർന്ന് 81,857.48 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 126.75 പോയിൻ്റ് (0.51%) കയറി 25,175.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 732.35 പോയിൻ്റ് (1.25%) കുതിച്ച് തലേന്നത്തെ നഷ്‌ടം നികത്തി 59,205.45 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 338 പോയിൻ്റ് (0.59%) നേട്ടത്തോടെ 57,483.65 ലും സ്മോൾ ക്യാപ് 100 സൂചിക 66.60 പോയിൻ്റ് (0.41%) കയറി 16,419.35 ലും വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിലെ കയറ്റ ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1803 ഓഹരികൾ കയറിയപ്പോൾ 2510 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ കയറ്റത്തിന് അനുകൂലമായി. 1829 എണ്ണം ഉയർന്നു, 1556 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 55 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 625 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. മൂന്നെണ്ണം അപ്പർ സർകീട്ടിൽ എത്തിയപ്പോൾ അഞ്ചെണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ചയും വിൽപന തുടർന്നു. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 3068.49 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 8997.71 കോടി രൂപയുടെ ഓഹരികൾ വാങ്ങി
വിപണി ഇന്നലെ കയറിയെങ്കിലും വ്യാപാരം ബുള്ളുകളുടെ പിടിയിലായിട്ടില്ല. നിഫ്റ്റി 24,900 -25,600 പരിധിയിലെ കയറ്റിറക്കങ്ങൾ തുടരും എന്നാണു വിദഗ്ധർ കരുതുന്നത്. മുകളിൽ പറഞ്ഞ പരിധി മറികടന്നാലേ വിപണി ദിശ വീണ്ടെടുക്കൂ. ഈ ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരാം. ഇന്നു നിഫ്റ്റിക്ക് 25,000 ലും 24,925 ലും പിന്തുണ പ്രതീക്ഷിക്കാം. 25,240 ലും 25,310 ലും പ്രതിരോധം കാണാം.
ഹിന്ദുസ്ഥാൻ സിങ്കിൻ്റെ 1.59 ശതമാനം ഓഫർ ഫോർ സെയിൽ വഴി വിൽക്കുമെന്നു വേദാന്ത ലിമിറ്റഡ് അറിയിച്ചു. വേദാന്തയുടെ കടം കുറയ്ക്കലാണു ലക്ഷ്യം.
വോഡഫോൺ ഐഡിയയുടെ ധനകാര്യപ്രകടനം മൂന്നാം പാദത്തിൽ മെച്ചപ്പെട്ടു. വരുമാനം 1.1 ശതമാനം വർധിച്ചു. പ്രവർത്തന ലാഭം 2.8 ശതമാനം കൂടി, ലാഭമാർജിൻ 42.5 ശതമാനമായി ഉയർന്നു. അറ്റനഷ്ടം കുറഞ്ഞു. വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം കൂടി. 19.29 കോടി വരിക്കാർ ഉണ്ട്.
മാരിക്കോയുടെ മൂന്നാം പാദം മികച്ചതായി. വരുമാനവും അറ്റാദായവും പ്രതീക്ഷയെ മറികടന്നു. ലാഭമാർജിൻ 16.7 ശതമാനമായി. വരുമാനം 26.6 ശതമാനം കൂടിയപ്പോൾ പ്രവർത്തനലാഭം 11.1% വും അറ്റാദായം 13.3% വും വർധിച്ചു.
മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ മൂന്നാം പാദത്തിൽ വരുമാനം 18 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 5.9 ശതമാനം കൂടി. നികുതി കഴിഞ്ഞുള്ള പ്രവർത്തന ലാഭം 58 ശതമാനം വർധിച്ചു.
വിശാൽ മെഗാ മാർട്ട് മൂന്നാം പാദത്തിൽ വരുമാനം 17 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 19.1 ശതമാനം കൂട്ടി.
സ്പന്ദന സ്ഫൂർത്തി ഫിനാൻഷ്യൽ അറ്റ പലിശ വരുമാനം 12.7 ശതമാനം വർധിച്ചപ്പോൾ അറ്റനഷ്ടം 218 -ൽ നിന്ന് 83 കോടിയായി കുറച്ചു. കമ്പനിയുടെ ആസ്‌തി തലേ പാദത്തേക്കാൾ കുറവായി.
ബിക്കാജി ഫുഡ്‌സ് വരുമാനം 11.5 ശതമാനം കൂടിയപ്പോൾ അറ്റാദായം 122 ശതമാനം വർധിപ്പിച്ചു.
ഡോളർ ദുർബലമായതോടെ സ്വർണം കുതിപ്പ് തുടർന്നു. ഇന്നലെ ഔൺസിന് 5191.20 ഡോളർ വരെ എത്തി. ഇന്നു രാവിലെ 5165 വരെ താഴ്‌ന്ന ശേഷം കുതിച്ചുകയറി 5224.80 ഡോളർ ആയി. പിന്നീട് അൽപം താഴ്‌ന്നു.
വിപണി ഊഹക്കച്ചവടക്കാരുടെ പിടിയിലാണെന്നും കരുതലോടെ നീങ്ങിയില്ലെങ്കിൽ അപായം വരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും സ്വർണ ബുള്ളുകൾ ആവേശത്തിലാണ്.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ വിലമാറ്റം ഇല്ലാതെ 1,18,760 രൂപയിൽ തുടർന്നു. ഇന്നു വില ഗണ്യമായി കയറും.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 24 കാരറ്റ് സ്വർണം 10 ഗ്രാമിന് ഇന്നലെ 1,59,820 രൂപ വരെ കയറി.
ആഗോള വിപണിയിൽ വെള്ളി ഇന്നലെയും വലിയ ചാഞ്ചാട്ടം നടത്തി. ഔൺസിന് 103.35 ഡോളർ മുതൽ 114.48 ഡോളർ വരെ കയറിയിറങ്ങി. ഇന്നു രാവിലെ 113 ഡോളറിലാണു വെള്ളി.
ചൊവ്വാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,59,800 രൂപ രൂപ വരെ കയറിയിട്ട് താഴ്‌ന്നു.
പ്ലാറ്റിനം 2680 ഉം പല്ലാഡിയം 1930 ഉം റോഡിയം 10,500 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ചാഞ്ചാട്ടത്തിലായി. അലൂമിനിയം 0.42 ശതമാനം കയറി ടണ്ണിന് 3208.40 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയത്തിൻ്റെ ഒരു വർഷത്തെ ഉയർന്ന വില ജനുവരി 14 നു കുറിച്ച 3214.75 ഡോളർ ആണ്.
ചെമ്പ് ഇന്നലെ 1.65 ശതമാനം ഇടിഞ്ഞു ടണ്ണിന് 12,977.35 ഡോളർ ആയി. നിക്കലും സിങ്കും ലെഡും താഴ്‌ന്നു. ടിൻ ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ 0.27 ശതമാനം താഴ്‌ന്നു കിലോഗ്രാമിന് 185.30 സെൻ്റ് ആയി. കൊക്കോ 1.66 ശതമാന ഉയർന്ന് ടണ്ണിനു 4420.00 ഡോളറിൽ ആയി. കാപ്പി 3.72 ശതമാനം കയറി. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ ഇന്നലെ 0.80 ശതമാനം ഉയർന്നു.
ഡോളർ ഇന്നലെ നാലു വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്കു വീണു. ജാപ്പനീസ് യെന്നിനെ താഴ്ത്തി നിർത്താൻ ജപ്പാൻ സർക്കാരും ബാങ്ക് ഓഫ് ജപ്പാനും ശ്രമിക്കും എന്ന റിപ്പോർട്ടുകൾ ഡോളറിനു ക്ഷീണമായി. 2024 ഓഗസ്റ്റിൽ യെന്നിനെ താഴ്‌ത്തിനിർത്താൻ നോക്കിയപ്പോൾ ഡോളർ, ഓഹരി വിപണികൾ വലിയ കോളിളക്കത്തിലായതാണ്. ഇന്നലെ ഡോളർ സൂചിക 95.55 വരെ ഇടിഞ്ഞിട്ട് കയറി 96.22 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 96.05ലേക്കു താഴ്‌ന്നു.
ഡോളർ താഴുന്നതു ശ്രദ്ധയിൽ പെടുത്തിയപ്പോൾ ''ഒരു കുഴപ്പവുമില്ല, ഡോളർ ശക്തമാണ്'' എന്ന പ്രതികരണമാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്ന് ഉണ്ടായത്. ഇതോടെ സൂചിക വീണ്ടും താണു. ട്രംപ് വീണ്ടും പ്രസിഡൻ്റ് ആയ ശേഷമുള്ള ഒരു വർഷത്തിനകം ഡോളർ സൂചിക 11.3 ശതമാനം താഴ്‌ന്നു. ആറു പ്രധാനപ്പെട്ട കറൻസികളുമായുള്ള വിനിമയനിരക്ക് പരിഗണിച്ചാണു ഡോളർ സൂചിക കണക്കാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സൂചിക 95.55 വരെ താഴുകയും 109.88 വരെ ഉയരുകയും ചെയ്തിട്ടുണ്ട്.
ഇന്നലെയും ഡോളറിനെതിരേ മറ്റു കറൻസികൾ ശക്തിപ്പെട്ടു. യൂറോ 1.2012 ഡോളറിലേക്കും പൗണ്ട് 1.3816 ഡോളറിലേക്കും ഉയർന്നു.
ജാപ്പനീസ് യെൻ ഒരു ഡോളറിന് 152.63 യെന്നിലേക്കു കയറി. ജപ്പാനിൽ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ പാർട്ടി അടുത്ത എട്ടിലെ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ബജറ്റ്കമ്മി കൂട്ടും എന്ന ആശങ്കയാണു യെന്നിനെ താഴ്ത്തുന്നത്. ഇത് ഊഹക്കച്ചവടക്കാരുടെ കളിയാണെന്നു തകായിച്ചി പറയുന്നു.
സ്വിസ് ഫ്രാങ്ക് 0.7633 ഡോളറിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.95 യുവാനിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.237 ശതമാനമായി ഉയർന്നു. ഇന്നു വരുന്ന ഫെഡ് തീരുമാനത്തിലാണു വിപണിയുടെ ശ്രദ്ധ.
ഇന്ത്യൻ രൂപ ഇന്നലെ നേട്ടം ഉണ്ടാക്കി. ഡോളറിൻ്റെ ക്ഷീണമാണു കാരണം. ഡോളർ 22 പൈസ താഴ്ന്ന് 91.72 രൂപയിൽ ക്ലോസ് ചെയ്തു ചെയ്തു. ഇന്ത്യ- യൂറോപ്യൻ യൂണിയൻ കരാർ രൂപയുടെ ഉയർച്ചയിൽ കാര്യമായ പങ്കു വഹിച്ചില്ല. തലേന്നു വിദേശത്തെ അനൗപചാരിക വ്യാപാരത്തിൽ ഡോളർ 91.70 രൂപ വരെ താഴ്ന്നതാണ്.
ചൈനീസ് യുവാൻ ഇന്നലെ 13.16 രൂപയിലേക്കു താഴ്ന്നു.
അമേരിക്കയിലെ മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും മൂലം ഉൽപാദനം തടസപ്പെട്ടത് ക്രൂഡ് ഓയിലിൻ്റെയും ഇന്ധനങ്ങളുടെയും വില മൂന്നു ശതമാനത്തിലധികം ഉയർത്തി. ബ്രെൻ്റ് ഇനം ബാരലിന് 67.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.51 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 62.41 ഉം യുഎഇയുടെ മർബൻ 66. 70 ഉം ഡോളറിലാണ്. പ്രകൃതി വാതക വില കയറി 6.55 ഡോളർ ആയി കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ ഇപ്പോഴും പരിമിത മേഖലയിൽ കയറിയിറങ്ങുകയാണ്. ഡോളർ ദൗർബല്യം ഇന്നലെ ക്രിപ്റ്റോകളെ ഉയർത്തി. ബിറ്റ്കോയിൻ ഇന്നുരാവിലെ 89,300 നടുത്താണ്. . ഈഥർ 3030 ഡോളറിനും സൊലാന 128 ഡോളറിനും താഴെയാണ്.
(2026 ജനുവരി 27, ചൊവ്വ)
സെൻസെക്സ് 81,857.48 +0.39%
നിഫ്റ്റി50 25,175.40 +0.51%
ബാങ്ക് നിഫ്റ്റി 59,205.45 +1.25%
മിഡ്ക്യാപ്100 57,483.65 +0.59%
സ്മോൾക്യാപ്100 16,419.35 +0.41%
ഡൗ ജോൺസ് 49,003.40 -0.83%
എസ് ആൻഡ് പി 6978.60 +0.41%
നാസ്ഡാക് 23,817.10 +0.91%
ഡോളർ ₹91.72 -0.22
സ്വർണം(ഔൺസ്) $5181.60 +$196.50
സ്വർണം (പവൻ) ₹1,18,760 +₹00
ക്രൂഡ്ഓയിൽബ്രെൻ്റ് $67.70 +2.11
Read DhanamOnline in English
Subscribe to Dhanam Magazine