Morning business news Canva
Markets

വിപണിയിൽ ബജറ്റിൻ്റെ  ആശയും ആശങ്കയും; ചാഞ്ചാട്ടം തുടരാം; ദിശാബോധം കാണിക്കാതെ വിദേശവിപണികൾ; സ്വർണവും വെള്ളിയും താഴ്ചയിൽ; ക്രൂഡ് ഓയിലും ഇടിയുന്നു

വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ചില നികുതി ഇളവുകൾ ഉണ്ടാകുമെന്നു പലരും പ്രതീക്ഷിക്കുന്നു.

T C Mathew

ഞായറാഴ്ച വരുന്ന പൊതു ബജറ്റിനെപ്പറ്റിയുള്ള ആശയും ആശങ്കയുമാണു വിപണിയെ ഇന്നു നയിക്കുക. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ തക്ക ചില നികുതി ഇളവുകൾ ഉണ്ടാകുമെന്നു പലരും പ്രതീക്ഷിക്കുന്നു.

വിദേശവിപണികൾ പ്രത്യേക ദിശാബോധം കാണിക്കാതെയുളള നീക്കങ്ങളിലാണ്. കമ്പനി റിസൽട്ടുകളാണ് വോൾ സ്ട്രീറ്റിനെയും യൂറോപ്യൻ വിപണികളെയും നയിക്കുന്നത്.

71 ഡോളറിനു മുകളിൽ കയറിയ ക്രൂഡ് ഓയിൽ താഴ്‌ന്ന് 70 ഡോളറിനടുത്തായി. സ്വർണവും വെള്ളിയും ലാഭമെടുക്കലിനെ തുടർന്ന് ഗണ്യമായി ഇടിഞ്ഞു. 

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,457.00 ൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 25,413 ലേക്കു താഴ്‌ന്നു. നിഫ്‌റ്റി ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യുഎസ് ഫ്യൂച്ചേഴ്സ് താഴോട്ട്

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ ജോൺസ് 0.43 ഉം  എസ് ആൻഡ് പി 0.48 ഉം നാസ്ഡാക് 0.62 ഉം ശതമാനം താഴ്‌ന്നു നീങ്ങുന്നു. ആപ്പിൾ മികച്ച വരുമാന വർധന കാണിച്ചത് ഓഹരിയെ ഒരു ശതമാനം ഉയർത്തി. പിന്നീട് ചിപ് ക്ഷാമത്തിൻ്റെ പേരിൽ ഓഹരി താഴ്ന്നു .

കുടിയേറ്റക്കാർക്കെതിരായ നീക്കം മന്ദഗതിയിലാക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ സമ്മതിച്ചത് അമേരിക്കൻ ധനകാര്യബിൽ തടയാനുള്ള നീക്കത്തിൽ നിന്നു ഡെമോക്രാറ്റുകളെ പിന്തിരിപ്പിച്ചു. ഫെഡറൽ റിസർവിൻ്റെ അടുത്ത ചെയർമാനെ ഇന്നു പ്രഖ്യാപിക്കും എന്നു ട്രംപ് അറിയിച്ചു.

യുഎസ് വിപണി വ്യാഴാഴ്ച താഴ്ന്നു. മെറ്റാ ആവേശകരമായ റിസൽട്ട് നൽകിയെങ്കിലും മൈക്രോസോഫ്‌റ്റിൻ്റെ ക്ഷീണം വിപണിയെ ഉലച്ചു. മൈക്രോസോഫ്‌റ്റ് ഓഹരി 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവ് (10 ശതമാനം) രേഖപ്പെടുത്തി. ഡൗ ജോൺസ് സൂചിക താഴ്‌ന്ന നിലയിൽ നിന്ന് 474 ഉം എസ് ആൻഡ് പി 100 ഉം പോയിൻ്റ് തിരിച്ചുകയറിയാണ് ഇന്നലെ ക്ലോസ് ചെയ്തത്.

ഡൗ ജോൺസ് 55.96 പോയിൻ്റ് (0.11%) കയറി 49,071.56 ൽ അവസാനിച്ചു. എസ് ആൻഡ് പി 9.02 പോയിൻ്റ് (0.13%) താഴ്ന്ന് 6969.01 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 172.33 പോയിൻ്റ് (0.72%) ഇടിഞ്ഞ് 23,685.12 ൽ വ്യാപാരം അവസാനിപ്പിച്ചു.

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്‌ടത്തിൽ അവസാനിച്ചു. ജർമൻ സോഫ്റ്റ്‌വേർ ഭീമൻ സാപ് വരുമാനം താഴ്‌ന്ന റിസൽട്ട് പുറത്തുവിട്ടത് ഓഹരിയെ 16 ശതമാനം ഇടിച്ചു. ജർമൻ വിപണിസൂചിക രണ്ടു ശതമാനം താഴ്‌ന്നു.

ഏഷ്യൻ വിപണികൾ ഉയരുന്നു

അമേരിക്കൻ ബജറ്റ് പ്രതിസന്ധി മാറിയതോടെ ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നേട്ടത്തിലാണ്. എന്നാൽ ജപ്പാനിൽ നിക്കൈ 0.12 ശതമാനം താഴ്‌ന്നു.  ഓസ്ട്രേലിയൻ  വിപണി 0.40 ശതമാനം കയറി. ദക്ഷിണ കൊറിയൻ സൂചിക വീണ്ടും റെക്കോർഡിലേക്കു കുതിച്ചു. ഹോങ് കോങ്, ഷാങ്ഹായ് സൂചികകൾ ഉയർന്നു വ്യാപാരം തുടങ്ങി. 

ഇന്ത്യൻ വിപണി വീണു, കയറി

ഇന്ത്യൻ വിപണി ഇന്നലെ രാവിലെ വലിയ താഴ്ചയിലേക്കു വീണ ശേഷം തിരിച്ചു കയറി മിതമായ നേട്ടത്തിൽ അവസാനിച്ചു. ലോഹങ്ങളുടെയും എണ്ണ കമ്പനികളുടെയും കയറ്റമാണു വിപണിയെ മൂന്നാം ദിവസവും ഉയർത്തിയത്. 

രാവിലെ സെൻസെക്സ് 630 ഉം നിഫ്റ്റി 180 ഉം പോയിൻ്റ് ഇടിഞ്ഞ ശേഷമായിരുന്നു തിരിച്ചു കയറ്റം.

മുഖ്യ സൂചികകൾ 0.30 ശതമാനത്തോളം നേട്ടം ഉണ്ടാക്കിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ദുർബലമായ നേട്ടമേ കാണിച്ചുള്ളൂ.

മെറ്റൽ കമ്പനികളുടെ സൂചിക 3.07 ശതമാനം കുതിച്ചു. ബുള്ളിയനും ചെമ്പും മറ്റും റെക്കോർഡ് തകർക്കുന്നതാണ് മെറ്റൽ സൂചികയെ ഉയർത്തിയത്. ഹിന്ദുസ്ഥാൻ കോപ്പർ 20 ശതമാനം കയറി 760 രൂപയിൽ എത്തി. നാൽകോ, ഹിൻഡാൽകോ, വേദാന്ത, ടാറ്റാ സ്റ്റീൽ, ജിൻഡൽ സ്റ്റീൽ, എൻഎംഡിസി, മിശ്ര ധാതു നിഗം തുടങ്ങിയവയും കുതിച്ചു.

ക്രൂഡ് ഓയിൽ വില 70 ഡോളറിനു മുകളിൽ എത്തിയത് ഓയിൽ ഇന്ത്യയെ അഞ്ചു ശതമാനം ഉയർത്തി.

പ്രൊമോട്ടർ ഗ്രൂപ്പിൻ്റെ പാർട്ടി ബിജെപി സഖ്യത്തിൽ ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ 35 കുതിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നലെ 6.75 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ ദിവസം ഇടിഞ്ഞ സിഎസ്ബി ബാങ്ക് ഇന്നലെ രണ്ടര ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരി 289.60 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് അൽപം താഴ്‌ന്നു ക്ലോസ് ചെയ്തു.

സ്വർണവിലക്കയറ്റത്തെ തുടർന്ന് മുത്തൂറ്റ് ഫിനാൻസ് ഇന്നലെ 4149.50 രൂപ എന്ന റെക്കോർഡിലേക്കു കയറി. കമ്പനി വിദേശ കടപ്പത്രം ഇറക്കി 60 കോടി ഡോളർ സമാഹരിച്ചു. ഈ ധനകാര്യ വർഷം മൂന്നാമത്തെ വിദേശ ധനസമാഹരണമാണിത്.

സെൻസെക്സ് 221.69 പോയിൻ്റ് (0.27%) ഉയർന്ന് 82,566.37 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 76.15 പോയിൻ്റ് (0.30%) കയറി 25,418.90 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 359.05 പോയിൻ്റ് (0.60%) ഉയർന്ന് 59,957.85 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 102.40 പോയിൻ്റ് (0.18%) ഉയർന്ന് 58,541.00 ലും സ്മോൾ ക്യാപ് 100 സൂചിക 34.05 പോയിൻ്റ് (0.20%) കയറി 16,825.00 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1672 ഓഹരികൾ കയറിയപ്പോൾ 2599 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1374 എണ്ണം ഉയർന്നു, 1816 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 124 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 259 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 11 എണ്ണം അപ്പർ സർകീട്ടിൽ എത്തിയപ്പോൾ ഒരെണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വീണ്ടും വിൽപനക്കാരായി മാറി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 393.97 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 2638.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി 

വിപണി മൂന്നാം ദിവസവും കയറിയെങ്കിലും നിഫ്റ്റിയുടെ മുന്നേറ്റം കരുത്തു കാണിക്കുന്നില്ല. 25,500 ലേക്കു സൂചിക കയറിയാൽ തുടർ മുന്നേറ്റം സാധിക്കും. ബജറ്റ് വരെ വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാകാം. ഇന്നു നിഫ്റ്റിക്ക് 25,230 ലും 25,160 ലും പിന്തുണ പ്രതീക്ഷിക്കാം. 25,460 ലും 25,535 ലും പ്രതിരോധം കാണാം.

കമ്പനികൾ, വാർത്തകൾ

ലേബർ കോഡ് മൂലം 274 കോടി രൂപയുടെ അധികച്ചെലവ് വന്നത് ഐടിസിയുടെ ലാഭം കുറച്ചു. വിറ്റുവരവ് 5.7 ശതമാനം ഉയർന്നപ്പോൾ പ്രവർത്തനലാഭം 7.6 ശതമാനം കയറി. അറ്റാദായം 6.1 ശതമാനം താഴ്‌ന്നു. ലാഭമാർജിൻ 34.8 ശതമാനത്തിലേക്കു കയറി.

ഡാബറിൻ്റെ വിറ്റുവരവ് ആറു ശതമാനം കൂടിയപ്പോൾ അറ്റാദായം 7.3 ശതമാനം ഉയർന്നു. 20.6 ശതമാനമാണു പ്രവർത്തന ലാഭമാർജിൻ.

വേദാന്തയുടെ മൂന്നാം പാദ വിറ്റുവരവും പ്രവർത്തനലാഭവും 37 ശതമാനം വീതം വർധിച്ചപ്പോൾ അറ്റാദായം 60.1 ശതമാനം കുതിച്ചു. ലാഭമാർജിൻ 29.4 ശതമാനം.

ഡിസംബർ പാദത്തിൽ സ്വിഗ്ഗിയുടെ വരുമാനം 54 ശതമാനം കുതിച്ചെങ്കിലും അറ്റനഷ്‌ടം 30 ശതമാനം കൂടി 1065 കോടി രൂപയായി.

ടാറ്റാ മോട്ടോഴ്സ് കമേഴ്സ്യൽ വാഹന വിഭാഗം വരുമാനം 1.8 ശതമാനം കൂട്ടിയപ്പോൾ പ്രവർത്തനലാഭം 41.8 ശതമാനം വർധിച്ചു. എന്നാൽ ഒറ്റപ്പെട്ട ചില ചെലവുകൾ മൂലം അറ്റാദായം 48 ശതമാനം ഇടിഞ്ഞു.

ഹഡ്കോയുടെ അറ്റ പലിശ വരുമാനം 4.2 ശതമാനം കൂടിയപ്പോൾ അറ്റാദായം മൂന്നു ശതമാനം കുറഞ്ഞു.

ആർഇസിയുടെ വരുമാനം 2.8 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 0.3 ശതമാനം മാത്രം വർധിച്ചു.

പേ ടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) മൂന്നാം പാദ വരുമാനം 20 ശതമാനം വർധിപ്പിച്ചപ്പോൾ 208 കോടി നഷ്ടത്തിൽ നിന്ന് 225 കോടി രൂപ ലാഭത്തിൽ എത്തി.

മണപ്പുറം ഫിനാൻസിന് മൂന്നാം പാദത്തി മൂന്നാം പാദത്തിൽ അറ്റ പലിശ വരുമാനം 0.9 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 15.9 ശതമാനം ഇടിഞ്ഞു.

5600 തൊടാതെ പിൻവാങ്ങി സ്വർണം

ഔൺസിന് 5600 ഡോളറിനു തൊട്ടടുത്തു വരെ എത്തിയ ശേഷം സ്വർണം ഇന്നലെ ലാഭമെടുക്കലിൽ ഇടിഞ്ഞു. 5596.20 ഡോളറിൽ നിന്ന് 5106.60 ഡോളർ വരെ കുത്തനേ വീണു. എങ്കിലും വീണ്ടും കയറി. 5360 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം. 

വില ഇനിയും ഉയരുമെന്നാണു വിപണിയിലെ സംസാരം. അസാധാരണ വിലക്കയറ്റത്തെ തുടർന്ന് ഇന്ത്യയിലും പശ്ചിമേഷ്യയിലും ആഭരണ ഡിമാൻഡ് ഇടിയുന്നതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ രാജ്യാന്തര സംഘർഷവും ഡോളറിനെ തള്ളിപ്പറയുന്ന അന്തരീക്ഷവും  പരിഗണിച്ചു സ്വർണത്തിലെ ഊഹക്കളി തുടരുകയാണ്. പല രാജ്യങ്ങളും സ്വർണശേഖരം വർധിപ്പിക്കുന്നു എന്നതാണ് ഊഹക്കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ ആഭരണ വിപണിക്കു മാത്രമല്ല നിക്ഷേം വിപണിക്കും താങ്ങാവുന്നതിനപ്പുറമാണു വില എന്ന വസ്തുതയുണ്ട്. സ്വർണത്തിൻ്റെ പകുതി ഉപയോഗം ആഭരണ മേഖലയിൽ ആണ്. ആ 6 മേഖലയ്ക്കു താങ്ങാനാവാത്ത വില എങ്ങനെ തുടരാനാവും എന്നാണു പലരും ഉന്നയിക്കുന്ന ചോദ്യം. 

2024 ഡിസംബർ 31-നു 2606.72 ഡോളർ ആയിരുന്ന ഒരൗൺസ് സ്വർണം 13 മാസത്തിനുള്ളിൽ 114.68 ശതമാനം ഉയർന്നു. 1979-നു ശേഷം സ്വർണവില ഇത്രയും വലിയ കയറ്റം കണ്ടിട്ടില്ല.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ രാവിലെ 8640 രൂപ കൂടി 1,31,160 രൂപയിൽ എത്തി. ഉച്ചയ്ക്കു ശേഷം അൽപ്പം താഴ്‌ന്ന് 1,30,360 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു വീണ്ടും താഴും.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 24 കാരറ്റ് സ്വർണം 10 ഗ്രാമിന് ഇന്നലെ 1,80,779 രൂപ വരെ കയറി. പിന്നീടു ഗണ്യമായി താഴ്‌ന്നു.

ആഗോള വിപണിയിൽ വെള്ളി ഇന്നലെയും മുന്നേറ്റം നടത്തി. ഔൺസിന് 121.76 ഡോളർ വരെ കയറി. ഇന്നു രാവിലെ 115 ഡോളറിലാണു വെള്ളി.

വ്യാഴാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 4,20,048 രൂപ വരെ കയറി.

പ്ലാറ്റിനം 2660 ഉം പല്ലാഡിയം 2015 ഉം റോഡിയം 10,800 ഉം ഡോളറിലാണ്. 

14,000 ഡോളറിലേക്കു ചെമ്പ്

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും കുതിച്ചു. ചെമ്പ് ടണ്ണിനു 14,000 ഡോളറിനടുത്തേക്കു നീങ്ങി. ഇന്നലെ 6.54 ശതമാനം കയറിയ ചെമ്പ് 13,843.40 ഡോളറിൽ ക്ലോസ് ചെയ്തു സർവകാല റെക്കോർഡ് കുറിച്ചു. യുഎസിൽ ചെമ്പ് അവധിവില 10 ശതമാനം കയറിയിരുന്നു. അലൂമിനിയം 0.15 ശതമാനം താഴ്ന്നു ടണ്ണിന് 3267.73 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ലെഡും ടിന്നും സിങ്കും ഉയർന്നു. 

റബർ രാജ്യാന്തര വിപണിയിൽ 1.07 ശതമാനം ഉയർന്നു കിലോഗ്രാമിന് 189.40 സെൻ്റ് ആയി. കൊക്കോ 1.93 ശതമാനം കയറി ടണ്ണിനു 4230 ഡോളറിൽ എത്തി. കാപ്പി 1.75 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ ഇന്നലെ 1.08 ശതമാനം ഉയർന്നു.

ഡോളർ താഴ്ചയിൽ

ഡോളർ താഴ്ന്ന നിലയിൽ തുടരുന്നു. ബുധനാഴ്ച 96.45 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്നലെ 96.17 വരെ എത്തിയിട്ട് 96.28ൽ ക്ലോസ് ചെയ്തു. യുഎസ് ബജറ്റ് പ്രതിസന്ധി മാറിയതിനെ തുടർന്ന് ഇന്നു രാവിലെ 96.46 ലാണ്.

യൂറോ 1.191  ഉം പൗണ്ട് 1.3753 ഡോളറിലേക്കു താഴ്ന്നു. 

ജാപ്പനീസ് യെൻ ഒരു ഡോളറിന് 153.77 യെൻ എന്ന നിലയിലേക്കു താഴ്‌ന്നു. സ്വിസ് ഫ്രാങ്ക് 0.7672 ഡോളറിൽ എത്തി.  ചൈനീസ് യുവാൻ ഡോളറിന് 6.95 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.235 ശതമാനമായി താഴ്‌ന്നു. 

രൂപ വീണ്ടും താഴ്ന്നു 

ഇന്ത്യൻ രൂപ ഇന്നലെയും താഴ്‌ന്നു. രാവിലെ 21 പൈസ താഴ്‌ന്നു ഡോളറിന്  91.99 രൂപയിലാണു വ്യാപാരം തുടങ്ങിയത്. റിസർവ് ബാങ്ക് തുടക്കം മുതലേ ഇടപെട്ടതിനാൽ 92 രൂപയിലേക്കു ഡോളർ കയറിയില്ല. 18 പൈസ നേട്ടത്തിൽ 91.96 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ 91.78 രൂപ വരെ താഴ്‌തിട്ടുണ്ട്. അതിൻ്റെ പ്രതിഫലനം ഇന്ന് ഇന്ത്യയിലെ വിനിമയ വിപണിയിലും ഉണ്ടാകാം. ചൈനീസ് യുവാൻ ഇന്നലെ 13.23 രൂപയിലേക്കു വീണ്ടും കയറി.

70 ഡോളർ കടന്നു ക്രൂഡ് ഓയിൽ

ഇറാനെ യുഎസ് ആക്രമിച്ചേക്കും എന്ന ഭീതി ക്രൂഡ് ഓയിലിനെ ഇന്നലെ 71.89 ഡോളർ വരെ ഉയർത്തി. പിന്നീട് അൽപം താഴ്‌ന്നു.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബാരലിന് 70.86 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 70.22 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 65.63 ഉം യുഎഇയുടെ മർബൻ 69.81 ഉം ഡോളറിലാണ്. 

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ കൂടുതൽ വീഴ്ചയിലായി. ബിറ്റ്കോയിൻ എട്ടു ശതമാനം ഇടിഞ്ഞ് 82,100 ഡോളറിനു താഴെയായി. പത്തു ശതമാനം വീതം ഇടിഞ്ഞ ഈഥർ 2740 ഡോളറിനും സൊലാന 115 ഡോളറിനും താഴെ വന്നു.

വിപണിസൂചനകൾ

(2026 ജനുവരി 29, വ്യാഴം)

സെൻസെക്സ് 82,566.31   +0.27%  

നിഫ്റ്റി50     25,418.90     +0.30%

ബാങ്ക് നിഫ്റ്റി     59,957.85    +0.60%

മിഡ്ക്യാപ്100    58,541.00    +0.18%

സ്മോൾക്യാപ്100 16,825.00  +0.20%

ഡൗ ജോൺസ്   49,071.56    +0.11%

എസ് ആൻഡ് പി   6969.01     -0.13%

നാസ്ഡാക്    23,685.12     -0.72%

ഡോളർ      ₹91.96      +0.18

സ്വർണം(ഔൺസ്) $5412.40  -$03.60

സ്വർണം (പവൻ)  ₹1,30,360   +₹7840

ക്രൂഡ്ഓയിൽബ്രെൻ്റ് $68.74   +1.04

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT