Morning business news Canva
Markets

അമേരിക്കയിൽ അപ്രതീക്ഷിത തകർച്ച; പിന്നാലെ ഫ്യൂച്ചേഴ്സ് ഉയർന്നു; ഏഷ്യൻ വിപണികളിൽ ഇടിവ്; ഇന്ത്യൻ സൂചികകൾ റെക്കോർഡ് തിരുത്താൻ ശ്രമം തുടരും; ക്രൂഡ് ഓയിൽ താഴ്ന്നു

യുഎസ് ഫ്യൂച്ചേഴ്സ് നല്ല കയറ്റത്തിലായത് ഇന്ത്യൻ വിപണിക്ക് ആശ്വാസം പകരുന്നു

T C Mathew

അമേരിക്കൻ വിപണിയിൽ വീണ്ടും തകർച്ച. എൻവിഡിയയുടെ നല്ല മൂന്നാം പാദ റിസൽട്ടു കൊണ്ട് തീരുന്നതല്ല നിർമിതബുദ്ധി ആശങ്ക എന്നു വിപണി കരുതുന്നു. യുഎസ് വിപണി ഇന്നലെ വലിയ നേട്ടത്തിൽ നിന്ന് വലിയ നഷ്ടത്തിലേക്കു കൂപ്പുകുത്തി. അതിൻ്റെ തുടർച്ചയായി ഏഷ്യൻ വിപണികളും തകർന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നല്ല കയറ്റത്തിലായത് ഇന്ത്യൻ വിപണിക്ക് ആശ്വാസം പകരുന്നു. നഷ്ടം പരിമിതപ്പെടുത്തി മുന്നേറ്റം തുടരാൻ ബുള്ളുകൾ ശ്രമിക്കും. ഗിഫ്റ്റ് നിഫ്റ്റിയും തുടക്കത്തിലെ വലിയ താഴ്ചയിൽ നിന്നു മാറി നേരിയ നഷ്ടത്തിലായി.

യുക്രെയിൻ സമാധാനത്തിനുള്ള യുഎസ്- റഷ്യ സംയുക്ത നീക്കം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. എങ്കിലും ക്രൂഡ് ഓയിൽ വില താഴ്ന്നു.

നിർമിതബുദ്ധി (എഐ) മേഖലയിലെ ആശങ്ക എൻവിഡിയയുടെ ബിസിനസ് വളർച്ചയിലല്ല എന്നു വിപണിയിലെ വിപരീത വീക്ഷണക്കാർ പറയുന്നു. എഐ അടിസ്ഥാന സൗകര്യത്തിനു വേണ്ടി വമ്പൻ ഡാറ്റാ സെൻ്ററുകളും അവയ്ക്കു വേണ്ട നെറ്റ് വർക്കും ഊർജവും ഒരുക്കുന്നതിലെ ഭീമമായ നിക്ഷേപത്തെപ്പറ്റിയാണ് ആശങ്ക എന്ന് അവർ പറയുന്നു. ഡോട് കോം കുമിളയുടെ കാലത്ത് ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല അടക്കമുള്ള അടിസ്ഥാനസൗകര്യം ഒരുക്കിയതിലായിരുന്നു യഥാർഥ കുമിള. അന്ന് ആവശ്യമായതിൻ്റെ പല മടങ്ങു കേബിൾ ശൃംഖല ഉണ്ടാക്കി. അതേ പോലെ ഇപ്പോൾ ഭീമമായ ഡാറ്റാ സെൻ്റർ നിർമാണം നടക്കുന്നത്രെ. ഡാറ്റാ സെൻ്ററുകളിൽ സംഭരിക്കുന്ന കംപ്യൂട്ടർ മെമ്മറിയും പ്രോസസറുകളും കേബിൾ പോലെ ദീർഘകാലം നിലനിൽക്കില്ല. ആവർത്തനച്ചെലവും ഭീമമാകും. ഇതാണു വിശദീകരണം.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി വ്യാഴാഴ്ച രാത്രി 26,145.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,215 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് നഷ്ടം കുറച്ചു

എൻവിഡിയ റിസൽട്ടിനെ തുടർന്ന് ആശങ്കകൾ ഉപേക്ഷിച്ച യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിൽ അവസാനിച്ചു റഷ്യ -യുക്രെയ്ൻ സമാധാന കരാറിന് അമേരിക്ക രഹസ്യനീക്കം നടത്തുന്നതു യൂറോപ്പിലെ പ്രധാന പ്രതിരോധ - ഏറോസ്പേസ് കമ്പനികളുടെ ഓഹരികളെ വീണ്ടും താഴ്ത്തി.

യുഎസ് വിപണി വീണ്ടും ഇടിഞ്ഞു

പ്രതീക്ഷകളെ മറികടന്ന എൻവിഡിയയുടെ മൂന്നാം പാദ റിസൽട്ടും അനാലിസ്റ്റ് നിഗമനങ്ങളേക്കാൾ കൂടിയ ഭാവി പ്രതീക്ഷയും യുഎസ് ഓഹരി വിപണികളെ ശാന്തമാക്കിയില്ല. എൻവിഡിയയും വിപണിയും രാവിലെ നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങിയിട്ട് ഇടിഞ്ഞു നഷ്ടത്തിൽ അവസാനിച്ചു. എൻവിഡിയ 3.15 ശതമാനം ഇടിവിലായി. 430 ലധികം പോയിൻ്റ് ഉയർന്ന് വ്യാപാരം തുടങ്ങിയ ഡൗ 290 പോയിൻ്റ് കൂടി കയറിയിട്ട് 1128 പോയിൻ്റ് ഇടിഞ്ഞു. നാസ്ഡാക് 600-ഓളം പോയിൻ്റ് ഉയർന്നിട്ട് 1100 പോയിൻ്റ് താഴോട്ടു വീണു.

ഇന്നലെ വ്യാപാരം തുടങ്ങും മുൻപു റീട്ടെയിൽ ഭീമൻ വോൾമാർട്ട് മികച്ച റിസൽട്ട് പുറത്തുവിട്ടു. ഭാവി പ്രതീക്ഷയും ഉയർത്തി. ഓഹരി എഴു ശതമാനത്തോളം കുതിച്ചു. എങ്കിലും ടെക് ഇതര വിപണികളും നഷ്ടത്തിലാണ് നീങ്ങിയത്. തങ്ങളുടെ ബിസിനസും ടെക്നോളജി അധിഷ്ഠിതമായി മാറി എന്നു പറയുന്ന വോൾമാർട്ട് ഇന്നലെ ഓഹരിയെ നാസ്ഡാക് എക്സ്ചേഞ്ചിലേക്കു മാറ്റി.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 386.51 പോയിൻ്റ് (0.84%) താഴ്ന്ന് 45,752.26 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി സൂചിക 103.40 പോയിൻ്റ് (1.56%) നഷ്ടത്തോടെ 6538.76 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 486.18 പോയിൻ്റ് (2.16%) ഇടിവോടെ 22,078.05 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ 0.47 ഉം എസ് ആൻഡ് പി 0.46 ഉം നാസ്ഡാക് 0.38 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

ഏഷ്യയിൽ തകർച്ച

യുഎസ് തകർച്ചയെ തുടർന്ന് ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ രാവിലെ 2.3 ശതമാനം ഇടിഞ്ഞു. ഒക്ടോബറിൽ കയറ്റുമതി പ്രതീക്ഷകൾ മറികടന്ന് 3.6 ശതമാനം കുതിച്ചുകയറിയതിനെ തുടർന്ന് നഷ്ടം അൽപം കുറച്ചു. നിർമിത ബുദ്ധിയിലും അനുബന്ധ മേഖലകളിലും വലിയ നിക്ഷേപം ഉള്ള സാേഫ്റ്റ് ബാങ്ക് രാവിലെ 11 ശതമാനത്തിലധികം താഴ്ന്നു.

ഓസ്ട്രേലിയൻ വിപണി ഒന്നര ശതമാനം താഴ്ന്നു. സമീപ ദിവസങ്ങളിൽ വലിയ കുതിപ്പു നടത്തിയ ദക്ഷിണ കൊറിയൻ കോസ്പി സൂചിക രാവിലെ നാലു ശതമാനം ഇടിഞ്ഞു. ഹോങ് കോങ് സൂചിക രണ്ടും ചൈനീസ് സൂചിക 1.2 ഉം ശതമാനം നഷ്ടത്തിലാണ്.

കുതിച്ചു കയറി ഇന്ത്യ

വ്യാഴാഴ്ച ആഗോള പ്രവണതകളുടെ പിന്നാലെ മുന്നേറിയ ഇന്ത്യൻ വിപണി റെക്കോർഡ് ഉയരത്തിനു തൊട്ടടുത്ത് എത്തിയാണു ക്ലോസ് ചെയ്തത്. റെക്കോർഡ് ആയ 26,277.35 ൽ നിന്നു 31 പോയിൻ്റ് താഴെ വരെ നിഫ്റ്റി എത്തിയിരുന്നു. സെൻസെക്സ് 85,978.25 ൽ നിന്ന് 177 പോയിൻ്റ് താഴെ വരെ കയറി.

വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായെങ്കിലും അവരുടെ വാങ്ങൽ പരിമിതമായിരുന്നു സ്വദേശി ഫണ്ടുകളും വലിയ വാങ്ങലിനു തുനിഞ്ഞില്ല.

ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് 100 സൂചികയും റെക്കോർഡ് ഉയരത്തിൽ എത്തിയിട്ട് വലിയ തിരിച്ചിറങ്ങൽ നടത്തി. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഇടിഞ്ഞതോടെ വിശാലവിപണിയും നഷ്ടത്തിലായി. ഐടി സൂചിക രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് അതെല്ലാം നഷ്ടപ്പെടുത്തിയ ശേഷം തലേന്നത്തെ നിലയിൽ ക്ലാേസ് ചെയ്തു. ധനകാര്യ, ഓട്ടോ, ഓയിൽ സൂചികകൾ നേട്ടം ഉണ്ടാക്കി. പൊതുമേഖലാ ബാങ്കുകളും മീഡിയയും കൺസ്യൂമർ ഡ്യൂറബിൾസും ഇടിഞ്ഞു.

വ്യാഴാഴ്ച സെൻസെക്സ് 446.21 പോയിൻ്റ് (0.52%) ഉയർന്ന് 85,632.68 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 139.50 പോയിൻ്റ് (0.54%) കയറി 26,192.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 131.65 പോയിൻ്റ് (0.22%) നേട്ടത്തോടെ 59,347.70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 14.50 പോയിൻ്റ് (0.02%) ഉയർന്ന് 60,963.55 ലും സ്മോൾ ക്യാപ് 100 സൂചിക 8.70 പോയിൻ്റ് (0.05%) താഴ്ന്ന് 18,067.25 ലും അവസാനിച്ചു.

വിശാലവിപണിയിൽ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1805 ഓഹരികൾ ഉയർന്നപ്പോൾ 2391 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1374 ഓഹരികൾ കയറി, 1707 എണ്ണം താഴ്ന്നു.

എൻഎസ്ഇയിൽ 101 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ 158 എണ്ണം താഴ്ന്ന വിലയിൽ എത്തി. ഒൻപത് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ അഞ്ച് എണ്ണം ലോവർ സർകീട്ടിൽ എത്തി.

വ്യാഴാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 283.65 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 824.46 കോടിയുടെ അറ്റവാങ്ങലും നടത്തി.

ഒരു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതു വിപണിയിലെ ബുള്ളുകളിൽ ആവേശം നിലനിർത്തുന്നു. എന്നാൽ യുഎസ്, ഏഷ്യൻ വിപണികളിലെ തളർച്ച ഇന്നു റെക്കോർഡ് തകർക്കാമെന്ന മോഹത്തിനു തിരിച്ചടിയാകും. നിഫ്റ്റിക്ക് 26,100 ലെ പിന്തുണ നിലനിർത്താൻ കഴിഞ്ഞാൽ ഈ ദിവസങ്ങളിൽ 26,277 മറികടക്കാനാകും. ഇന്നു നിഫ്റ്റിക്ക് 26,100 ലും 25,055 ലും പിന്തുണ ഉറപ്പാക്കാം. 26,240 ലും 26,280 ലും പ്രതിരോധം നേരിടും.

കമ്പനികൾ, വാർത്തകൾ

എഐ അധിഷ്ഠിത ഡാറ്റാ സെൻ്റർ തുടങ്ങാൻ ടിസിഎസ്. 18,000 കോടി രൂപയാണ് ഹൈപ്പർ വോൾട്ട് എന്ന ഈ സെൻ്ററിനു മുടക്ക്. ഇതിൽ പകുതി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ടെറാബൈറ്റ് മുടക്കും.

റിലയൻസ് ഇൻഡസ്ട്രീസ് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതു നിർത്തി.

ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ തമിഴ്നാട്ടിലെ ഒരു കാറ്റാടി ഊർജ കമ്പനിയിൽ 38.05 കോടി രൂപ മുടക്കി 26.49 ശതമാനം ഓഹരി എടുത്തു.

ഇടപാടുകാരുടെ പേരുവിവരങ്ങൾ റസ്റ്റോറൻ്റുകൾക്കു നൽകാൻ സൊമാറ്റോ തീരുമാനിച്ചു. ഇടപാടുകാർ സമ്മതിച്ചാൽ മാത്രമേ ഇതു ചെയ്യൂ.

സ്വർണം സ്റ്റെഡി

സെപ്റ്റംബറിലെ യുഎസ് സ്വകാര്യ തൊഴിൽ വർധനയും ഒക്ടോബറിലെ പാർപ്പിടവിൽപനയും പ്രതീക്ഷയക്കാൾ കൂടുതലായി. ഇതെല്ലാം പലിശ കുറയ്ക്കൽ സാധ്യത കുറയ്ക്കുന്നു. ഇന്നലെ സ്വർണവിപണിയെ നാമമാത്രമായി താഴ്ത്താൻ ഇവയെല്ലാം കാരണമായി.

വ്യാഴാഴ്ച 4043 - 4097 ഡോളർ പരിധിയിൽ കയറിയിറങ്ങിയ സ്വർണം ഔൺസിന് 4077.60 ഡോളറിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 1.40 ഡോളർ കുറവ്. ഇന്നുരാവിലെ വില 4059 -4088 ഡോളർ മേഖലയിൽ ചാഞ്ചാടിയിട്ടു 4067 ൽ നിൽക്കുന്നു.

വെള്ളി സ്പോട്ട് വിപണിയിൽ ഔൺസിന് 51.59 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 50.41 ഡോളർ ആയി.

പ്ലാറ്റിനം 1521 ഡോളർ, പല്ലാഡിയം 1363 ഡോളർ, റോഡിയം 7825 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ ഭിന്ന ദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. ചെമ്പ് ടണ്ണിന് 0.05 ശതമാനം കൂടി 10,789.00 ഡോളർ ആയി. അലൂമിനിയം 0.45 ശതമാനം ഉയർന്ന് ടണ്ണിന് 2814.00 ഡോളറിൽ എത്തി. നിക്കൽ, ടിൻ, സിങ്ക്, ലെഡ് എന്നിവ താഴ്ന്നു.

റബർ വില രാജ്യാന്തര വിപണിയിൽ 0.12 ശതമാനം ഉയർന്നു കിലോഗ്രാമിന് 172.80 സെൻ്റ് ആയി.

കൊക്കോ 2.39 ശതമാനം ഉയർന്ന് ടണ്ണിന് 5061.00 ഡോളറിൽ എത്തി. ദിവസങ്ങൾക്കു ശേഷമാണ് കൊക്കോ കയറുന്നത്.

കാപ്പി വില 0.24 ശതമാനം താഴ്ന്നു. തേയില വില 4.28 ശതമാനം കുറഞ്ഞു. പാമാേയിൽ 1.73 ശതമാനം ഇടിഞ്ഞു.

ഡോളർ ചാഞ്ചാടി

ഡോളർ സൂചിക വ്യാഴാഴ്ച 100.03-100.36 മേഖലയിൽ കയറിയിറങ്ങിയിട്ടു 100.16 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.18 ലേക്കു കയറി.

ഡോളർ വിനിമയ നിരക്കു വ്യാഴാഴ്ച ചാഞ്ചാട്ടത്തിനു ശേഷം മെച്ചപ്പെട്ടു. യൂറോ 1.1529 ഡോളറിലേക്കും പൗണ്ട് 1.3071 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.38 യെൻ ആയി.

ചൈനീസ് കറൻസി ഒരു ഡോളറിന് 7.11 യുവാനിൽ തുടർന്നു. സ്വിസ് ഫ്രാങ്ക് 0.805 ഡോളറിലായി.

ഇന്ത്യൻ രൂപ ദുർബലമായി. ഡോളർ 12 പെെസ വർധിച്ച് 88.71 രൂപയിൽ എത്തി. ചൈനയുടെ കറൻസി ഡോളറിന് 7.11 യുവാൻ എന്ന നിലയിൽ തുടരുന്നു.

തൊഴിലില്ലായ്മ നാമമാത്രമായി വർധിച്ചതും സ്വകാര്യമേഖലയിൽ തൊഴിൽ കൂടിയതും യുഎസ് പലിശ കുറയ്ക്കലിനു സാധ്യത കുറച്ചു. ഇതോടെ കടപ്പത്ര വിലകൾ ഉയർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.096 ശതമാനമായി ഇടിഞ്ഞു.

ക്രൂഡ് ഓയിൽ താഴ്ന്നു

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും റഷ്യയും കൂടി രഹസ്യനീക്കം നടത്തുന്നത് ക്രൂഡ് ഓയിൽ വിലയെ താഴ്ത്തി. ഈ രഹസ്യ നീക്കത്തിലെ ഫോർമുല യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ അര ശതമാനം താഴ്ന്ന് 63.19 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെയും അര ശതമാനം താഴ്ന്ന് ബ്രെൻ്റ് 62.78 ൽ എത്തി. ഡബ്ള്യുടിഐ ഇനം 58.40 ലും യുഎഇയുടെ മർബൻ ക്രൂഡ് 64.34 ലും എത്തി. പ്രകൃതിവാതക വില 4.48 ഡോളർ ആയി.

ക്രിപ്റ്റോകൾ ഇടിഞ്ഞു

വലിയ നിക്ഷേപകർ പിന്മാറുന്നതും ഷോർട്ട് വിൽപനക്കാർ സജീവമായതും ക്രിപ്റ്റോ കറൻസികളെ വീണ്ടും താഴ്ത്തി. ആറാഴ്ച കൊണ്ട് ക്രിപ്റ്റോകളുടെ വിപണിമൂല്യത്തിൽ 1.2 ട്രില്യൺ (ലക്ഷം കോടി) ഡോളർ നഷ്ടമാണ് ഉണ്ടായത്. ബിറ്റ് കോയിൻ ഇന്നലെ 85,985 ഡോളർ വരെ താഴ്ന്നിട്ട് കുറേ തിരിച്ചുകയറി. ഇന്നു രാവിലെ 87,000 നു താഴെയാണ്. ഇന്നലെ 2789.78 ഡോളർ വരെ ഇടിഞ്ഞ ഈഥർ 2860 ഡോളറിനു താഴെ നിൽക്കുന്നു. സൊലാന 134 ഡോളറിലേക്കു താഴ്ന്നു.

വിപണിസൂചനകൾ

(2025 നവംബർ 20, വ്യാഴം)

സെൻസെക്സ് 85,632.68 +0.52%

നിഫ്റ്റി50 26,192.15 +0.54%

ബാങ്ക് നിഫ്റ്റി 59,347.70 +0.22%

മിഡ്ക്യാപ്100 60,963.55 +0.02%

സ്മോൾക്യാപ്100 18,067.25 -0.05%

ഡൗ ജോൺസ് 45,752.26 -0.84%

എസ് ആൻഡ് പി 6538.76 -1.56%

നാസ്ഡാക് 22,078.05 -2.16%

ഡോളർ ₹88.71 +0.12

സ്വർണം(ഔൺസ്)$4077.60 -$1.40

സ്വർണം (പവൻ) ₹91,120 -₹440

ക്രൂഡ്ഓയിൽബ്രെൻ്റ് $63.19 -$0.49

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT