Morning business news Canva
Markets

വിദേശസൂചനകൾ പോസിറ്റീവ്; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; യുഎസ്- ചൈന ജി2 ഇന്ത്യക്കു ദോഷം; ക്രൂഡ് ഓയിൽ കയറുന്നു

ഇന്ത്യയിലും അമേരിക്കയിലും ഒക്ടോബറിലെ വ്യവസായ ഉൽപാദന വളർച്ച കാണിക്കുന്ന പിഎംഐ സർവേ ഫലം ഇന്നു പ്രസിദ്ധീകരിക്കും

T C Mathew

അമേരിക്കയും ചൈനയും വാണിജ്യ പോരാട്ടത്തിന് അവധി നൽകിയ പ്രസിഡൻ്റുമാരുടെ ഉച്ചകോടി ആഗോള ശക്തിബന്ധങ്ങളിൽ മാറ്റം വരുത്തുന്നതായി വിലയിരുത്തൽ. ഷി ചിൻപിങ്ങുമായുള കൂടിക്കാഴ്ചയ്ക്കു മുമ്പും പിന്നീടും ഡോണൾഡ് ട്രംപ് ജി2 (ഗ്രൂപ്പ് ഓഫ് ടൂ) എന്നു പ്രയോഗിച്ചത് പുതിയ ആഗോള ക്രമീകരണത്തെ സൂചിപ്പിക്കുന്നതായി പലരും കരുതുന്നു. അമേരിക്ക -ചെെന സഖ്യം അല്ലെങ്കിലും പരസ്പരം തുല്യരായി കാണുന്നത് ഇന്ത്യക്കും മറ്റും വലിയ വെല്ലുവിളി ആകും. അമേരിക്കയുമായുള്ള വ്യാപാര ചർച്ചയുടെ സുഗമമായ അവസാനത്തിനും അതു തടസമാകുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. ഈ ആശങ്ക വിപണി ഏറ്റെടുത്താൽ റെക്കോർഡ് കുറിക്കാനുള്ള സൂചികകളുടെ മോഹം പാഴാകും.

ഏഷ്യൻ വിപണികൾ രാവിലെ ഉയരുകയും യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായി കയറുകയും ചെയ്യുന്നത് ഇന്ന് ഇന്ത്യൻ വിപണിക്കു നല്ല തുടക്കം നൽകും എന്ന പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ ജി2 അതിനുമേൽ നിഴൽ വീഴ്ത്തും.

എണ്ണ ഉൽപാദനം ഇനി കൂട്ടേണ്ടതില്ല എന്ന ഒപെക് തീരുമാനം ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായി. ചൈന വിൽപനനികുതി ഇളവ് പിൻവലിച്ചത് ഏറ്റവും വലിയ സ്വർണ വിപണിയായ ചൈനയിൽ ഡിമാൻഡ് കുറയ്ക്കുമോ എന്ന ആശങ്ക ഉണ്ട്.

അമേരിക്കൻ ഓഹരിവിപണി തകർച്ചയിലേക്കു നീങ്ങുകയാണെന്ന പുതിയ അശുഭ പ്രവചനങ്ങൾ വരുമ്പോഴും ഫ്യൂച്ചേഴ്സ് നല്ല മുന്നേറ്റമാണു കാണിക്കുന്നത്.

ഇന്ത്യയിലും അമേരിക്കയിലും ഒക്ടോബറിലെ വ്യവസായ ഉൽപാദന വളർച്ച കാണിക്കുന്ന പിഎംഐ സർവേ ഫലം ഇന്നു പ്രസിദ്ധീകരിക്കും.

ഒക്ടോബറിലെ ജിഎസ്ടി പിരിവ് നിരാശാജനകമായി. ആഭ്യന്തരവിൽപനയിലെ നികുതി രണ്ടു ശതമാനമേ വർധിച്ചുള്ളൂ. ഇറക്കുമതിനികുതിയിലെ 13 ശതമാനം വർധനയാണ് മൊത്തം നികുതി വർധിക്കാൻ സഹായിച്ചത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,897.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,832 ൽ ഓപ്പൺ ചെയ്തിട്ട് 25,870 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഇടിഞ്ഞു

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. യൂറോ മേഖലയിലെ ചില്ലറവിലക്കയറ്റം പ്രതീക്ഷയിലും കുറഞ്ഞ് 2.1 ശതമാനമായി. യൂറോ 6 മേഖലയുടെ ജിഡിപി 0.2 ശതമാനം വളർന്നിരുന്നു. ഇതു പ്രതീക്ഷയിലധികമാണ്.

ആമസോൺ കുതിപ്പിൽ വിപണി

ആമസാേണിൻ്റെ മൂന്നാം പാദ ഫലങ്ങൾ നൽകിയ ആവേശം വെള്ളിയാഴ്ച യുഎസ് സൂചികകളെ നേട്ടത്തിലാക്കി. ഇതോടെ ഒക്ടോബർ വിപണിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. നിർമിതബുദ്ധി മേഖലയിൽ വലിയ നിക്ഷേപം തുടരുന്നതും യുഎസ്- ചെെന വ്യാപാരസംഘർഷം കുറഞ്ഞതും വിപണിക്കു കരുത്തു പകർന്നു. എസ് ആൻഡ് പി 2.3 ഉം ഡൗ 2.5 ഉം നാസ്ഡാക് 4.7 ഉം ശതമാനം നേട്ടത്തോടെയാണു മാസം അവസാനിപ്പിച്ചത്.

ആമസോണിൻ്റെ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം വരുമാനം 20 ശതമാനത്തിലധികം വർധിപ്പിച്ചു. 2022-നു ശേഷം ഇത്ര വേഗമുള്ള വളർച്ച കണ്ടിട്ടില്ല എന്നാണ് സിഇഒ ആൻഡി ജാസി പറഞ്ഞത്. ആമസോൺ ഓഹരി 9.6 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. ടെസ്‌ല, ഓറക്കിൾ, നെറ്റ് ഫ്ലിക്സ്, പലാൻ്റിർ തുടങ്ങിയവയും മികച്ച നേട്ടം ഉണ്ടാക്കി.

എസ് ആൻഡ് പി 500 പട്ടികയിലെ 300 ലധികം കമ്പനികൾ ഇതുവരെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു 80 ശതമാനം കമ്പനികളും അനാലിസ്റ്റ് പ്രതീക്ഷയേക്കാൾ മികച്ച നേട്ടം ഉണ്ടാക്കി. ഈയാഴ്ച എഎംഡിയും പലാൻ്റിറും അടക്കം 100 ലധികം കമ്പനികളുടെ റിസൽട്ട് വരും.

1950 നു ശേഷം നവംബർ മാസത്തിൽ എസ് ആൻഡ് പി സൂചിക ശരാശരി 1.8 ശതമാനം വളർച്ച കാണിച്ചിട്ടുണ്ടെന്നതാണു ചരിത്രം. അതുകൊണ്ടു തന്നെ വിപണി ഉത്സാഹത്തോടെ വ്യാപാരം തുടങ്ങും. എന്നാൽ ട്രംപ് തീരുവകളുടെ ഫലമായ വിലക്കയറ്റം മാസാന്ത്യത്തിൽ തുടങ്ങുന്ന അവധിസീസണിലെ വ്യാപാരത്തെയും യാത്രകളെയും ബാധിക്കും എന്ന ആശങ്കയുണ്ട്.

വെള്ളിയാഴ്ചയും വിപണി രാവിലെ ഉണ്ടാക്കിയ നേട്ടത്തിൽ ഭൂരിഭാഗവും ഇല്ലാതാക്കിയ ചാഞ്ചാട്ടത്തിനു ശേഷമാണു ക്ലോസ് ചെയ്തത്. ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 40.75 പോയിൻ്റ് (0.09%) ഉയർന്ന് 47,562.87 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 17.86 പോയിൻ്റ് (0.26%) നേട്ടത്തോടെ 6840.20 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 143.81 പോയിൻ്റ് (0.61%) ഉയർന്ന് 23,724.96 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു രാവിലെ കയറി. ഡൗ 0.24 ഉം എസ് ആൻഡ് പി 0.32 ഉം നാസ്ഡാക് 0.39 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.

ഏഷ്യ കുതിച്ചു

ഇന്നു ജപ്പാൻ അടക്കം പല ഏഷ്യൻ വിപണികളും അവധിയാണ്. യുഎസ്- ചൈന ഒത്തുതീർപ്പിൻ്റെ പശ്ചാത്തലത്തിൽ ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച കുതിച്ചു കയറി. ജപ്പാനിൽ നിക്കൈയും ടോപ്പിക്സും രാവിലെ രണ്ടു ശതമാനം കയറി റെക്കോർഡ് കുറിച്ചു. എൻവിഡിയ ദക്ഷിണകൊറിയയിൽ നിക്ഷേപം വർധിക്കുന്നതായി പ്രഖ്യാപിച്ചു. ഡ്രൈവർ ഇല്ലാത്ത കാർ നിർമാണത്തിൽ കമ്പനിയോടു സഹകരിക്കും എന്ന എൻവിഡിയയുടെ പ്രഖ്യാപനം ഹ്യുണ്ടായിയെ 10 ശതമാനം ഉയർത്തി. കൊറിയൻ വിപണി ഇന്ന് ഒരു ശതമാനം കൂടി ഉയർന്നു. ഹോങ് കോങ് സൂചിക ഉയർന്നും ചൈനീസ് ഓഹരി സൂചിക താഴ്ന്നും വ്യാപാരം തുടങ്ങി. ചൈനയിലെ ഫാക്ടറി ഉൽപാദനം ഒക്ടോബറിലും കുറഞ്ഞതായി പിഎംഐ കണക്ക് കാണിച്ചു.

പതനം തുടർന്ന് ഇന്ത്യ

വെള്ളിയാഴ്ചയും താഴ്ന്നതോടെ ഇന്ത്യൻ വിപണി ഒക്ടോബറിലെ അവസാനവാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. മുഖ്യസൂചികകൾ 0.3 ശതമാനം താഴ്ന്നു. പലവട്ടം 26,000 നു മുകളിൽ കയറിയിട്ടും നിഫ്റ്റിക്ക് ആ ഉയർച്ച നിലനിർത്താനായില്ല. റെക്കോർഡ് ഉയരത്തോട് അടുക്കുമ്പോൾ വിൽപന സമ്മർദ്ദം വർധിക്കുകയാണ്. നാല് ആഴ്ച തുടർച്ചയായി ഉയർന്ന നിഫ്റ്റി അഞ്ചാമത്തെ ആഴ്ച നഷ്ടത്തിലായി. വിശാലവിപണിയും വെള്ളിയാഴ്ച താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ബാങ്ക് നിഫ്റ്റിയും അര ശതമാനത്തിനടുത്തു നഷ്ടം കാണിച്ചു.

പൊതുമേഖലാ ബാങ്കും ഓയിൽ - ഗ്യാസും ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച നഷ്ടം കുറിച്ചു. മീഡിയ, മെറ്റൽ, ഹെൽത്ത് കെയർ, ധനകാര്യ, സ്വകാര്യ ബാങ്ക്, കൺസ്യൂമർ ഡ്യുറബിൾസ്, ഐടി തുടങ്ങിയവ ദുർബലമായി.

വെള്ളിയാഴ്ച നിഫ്റ്റി 155.75 പോയിൻ്റ് (0.60%) താഴ്ന്ന് 25,722.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 465.75 പോയിൻ്റ് (0.55%) കുറഞ്ഞ് 83,938.71 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 254.75 പോയിൻ്റ് (0.44%) നഷ്ടത്തോടെ 57,776.35 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 270.35 പോയിൻ്റ് (0.45%) കുറഞ്ഞ് 59,825.90 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 88.90 പോയിൻ്റ് (0.48%) താഴ്ന്ന് 18,380.80 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം തുടർന്നു. ബിഎസ്ഇയിൽ 1722 ഓഹരികൾ ഉയർന്നപ്പോൾ 2436 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1263 എണ്ണം. താഴ്ന്നത് 1802 ഓഹരികൾ.

എൻഎസ്ഇയിൽ 96 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 57 എണ്ണമാണ്. 68 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 40 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വിൽപന തുടർന്നു. വെള്ളിയാഴ്ച അവർ ക്യാഷ് വിപണിയിൽ 6769.34 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 7068.44 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഴ്ചയിൽ വിദേശികൾ അറ്റവാങ്ങലുകാരായിരുന്നു.

ഒക്ടോബറിൽ വിദേശികൾ ഓഹരികളിലും കടപ്പത്രങ്ങളിലുമായി 8696 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ജനുവരി - സെപ്റ്റംബറിനെ അപേക്ഷിച്ച് ഇതു ദിശാമാറ്റം കാണിക്കുന്നു. ജനുവരി - സെപ്റ്റംബർ ഒൻപതു മാസം വിദേശനിക്ഷേപകർ 1,39,909 കോടി രൂപ ഇന്ത്യയിൽനിന്ന് പിൻവലിച്ചിരുന്നു. അതിൽ നിന്നു മാറി വാങ്ങലിനു തുടക്കമിട്ടു എന്നാണു ബുള്ളുകൾ പ്രതീക്ഷിക്കുന്നത്.

നിഫ്റ്റി ഇപ്പോഴും ബെയറിഷ് സൂചന നൽകുന്നതായി സാങ്കേതിക വിശകലനക്കാർ പറയുന്നു. 26,100 കടക്കാനുളള ശ്രമങ്ങളിൽ പലവട്ടം പരാജയപ്പെട്ട നിഫ്റ്റി വീണ്ടും ശ്രമിച്ചു കൂടായ്കയില്ല. എങ്കിലും 25,600 നു താഴേക്കു സൂചിക പോകുന്നതിനാണ് വിദഗ്ധർ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. 25,350 ഭാഗത്തു ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,700 ലും 25,650 ലും പിന്തുണ ലഭിക്കും. 25,890 ലും 25,950 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

ഭാരത് എർത്ത് മൂവേഴ്സ് ഓഹരി ഇന്നു വിഭജിക്കും. മുഖവില 10 രൂപയുള്ള ഒരോഹരി ഇനി അഞ്ചു രൂപ മുഖവിലയുള്ള രണ്ട് ഓഹരികളാകും. കമ്പനിയുടെ റിസൽട്ട് ബുധനാഴ്ച പ്രഖ്യാപിക്കും.

സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (സിഡിഎസ്എൽ) രണ്ടാം പാദത്തിൽ വരുമാനവും ലാഭവും കുറച്ചു. വരുമാനം ഒരു ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 13.6 ശതമാനം ഇടിഞ്ഞു.

ഐപിഒയ്ക്കു ശേഷമുള്ള ആദ്യറിസൽട്ടിൽ അർബൻ കമ്പനി നിരാശപ്പെടുത്തി. വരുമാനം 37 ശതമാനം വർധിച്ചപ്പോൾ അറ്റനഷ്ടം 1.82 കോടിയിൽ നിന്ന് 59.3 കോടിയായി. ഒന്നാം പാദത്തെ അപേക്ഷിച്ചു വരുമാനം നാമമാത്രമായി കൂടിയപ്പോൾ അറ്റലാഭം ഉണ്ടായിരുന്നതു നഷ്ടമായി മാറി.

ആസാദ് എൻജിനിയറിംഗ് രണ്ടാം പാദത്തിൽ വരുമാനം 30.6 ശതമാനം വർധിപ്പിച്ചപ്പോൾ പ്രവർത്തനലാഭം 32.1 ശതമാനവും അറ്റാദായം 60 ശതമാനവും കുതിച്ചു.

ജെകെ സിമൻ്റ് വരുമാനം 18 ശതമാനം കൂട്ടിയപ്പോൾ പ്രവർത്തന ലാഭം 57 ശതമാനവും അറ്റാദായം 27.6 ശതമാനവും വർധിച്ചു.

സോഫ്റ്റ്‌വെയർ സർവീസ് സ്ഥാപനമായ സെൻസാർ ടെക്നോളജീസിനു രണ്ടാം പാദത്തിൽ വരുമാനം 2.6 ശതമാനം കൂടിയപ്പോൾ ലാഭത്തിൽ നാമമാത്ര വർധനയേ ഉണ്ടായുള്ളൂ.

ടിറ്റാഗഢ് റെയിൽ സിസ്റ്റംസിന് മുംബൈ മെട്രോയുടെ 2481 കോടി രൂപയുടെ കരാർ ലഭിച്ചു.

ഹിന്ദുസ്ഥാൻ യൂണിലീവറിന് 2020-21 ലെ ഇടപാടുകളുടെ പേരിൽ 1986 കോടി രൂപയുടെ ആദായനികുതി കൂടി അടയ്ക്കാൻ വകുപ്പ് ഉത്തരവ് നൽകി.

4000 നിലനിർത്തി സ്വർണം

യുഎസ് ഫെഡ് നയം മാറ്റിയതിനെ തുടർന്ന് തിരിച്ചു കയറിയ സ്വർണവില വീണ്ടും താഴ്ചയുടെ വഴിയിലാണു വാരാന്ത്യത്തിലേക്കു കടന്നത്. എങ്കിലും ഔൺസിന് 4000 ഡോളറിനു മുകളിൽ ആഴ്ച അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതു സ്വർണ ബുള്ളുകളെ ആശ്വസിപ്പിക്കുന്നു. തലേ ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നു 11 ശതമാനം വരെ ഇടിഞ്ഞതോടെ തിരുത്തലിൻ്റെ കാര്യം കഴിഞ്ഞു എന്നു ചിലർ വാദിക്കുന്നുണ്ട്. ഇനി 4000 ഡോളറിനു സമീപം വിപണി സമാഹരിക്കുമത്രേ. പക്ഷേ വിപണിയിലെ പരിചയസമ്പന്നർ ആ വാദം സ്വീകരിക്കുന്നില്ല. ഈ ആഴ്ചകളിൽ ഇനിയും വില താഴും എന്നാണ് അവർ കരുതുന്നത്.

ലണ്ടനിൽ നടന്ന ഗ്ലോബൽ പ്രെഷ്യസ് മെറ്റൽസ് കോൺഫറൻസ് അടുത്ത വർഷം അവസാനത്തേക്കു സ്വർണവില 5000 ഡോളറാകും എന്നു വിലയിരുത്തി. കഴിഞ്ഞ രണ്ടു വർഷവും കോൺഫറൻസിൻ്റെ വില നിഗമനം യഥാർഥ വർധനയേക്കാൾ കുറവായിരുന്നു. എച്ച്എസ്ബിസി, ബാങ്ക് ഓഫ് അമേരിക്ക, സൊസൈറ്റീ ഷനറാൽ തുടങ്ങിയ പ്രമുഖ ബാങ്കുകളും ബ്രിട്ടീഷ് ഗവേഷണ സ്ഥാപനം മെറ്റൽസ് ഫോക്കസും 5000 ഡോളർ തന്നെയാണ് കണക്കാക്കുന്നത്. എന്നാൽ ലോകബാങ്ക് 2026 ലേക്ക് അഞ്ചു ശതമാനം വിലവർധനയേ പ്രവചിക്കുന്നുള്ളൂ.

സമീപവർഷങ്ങളിൽ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്ര ബാങ്കുകൾ സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ വാങ്ങൽ 200 ടണ്ണിലേക്കു കുറച്ചു. ഈ പ്രവണത തുടർന്നാൽ 2025 ലെ കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ 900 ടണ്ണിൽ താഴെ ആയിരിക്കും. 2022, '23, '24 വർഷങ്ങളിൽ ആയിരം ടണ്ണിലേറെ വീതം ഉണ്ടായിരുന്നു കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ.

വെള്ളിയാഴ്ച സ്വർണം ഔൺസിനു 4045 ഡോളർ വരെ കയറിയിട്ട് 3971 വരെ താഴ്ന്നു. പിന്നീട് ഔൺസിന് 22.50 ഡോളർ നഷ്ടത്തോടെ 4003.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കുത്തനേ ഇടിഞ്ഞു 3962 ഡോളർ വരെ എത്തിയിട്ടു 3990 ലേക്കു കയറി. ചൈന സ്വർണത്തിൻ്റെ നികുതിയിളവ് എടുത്തു കളഞ്ഞതാണു കാരണം. വിപണിയിൽ ചാഞ്ചാട്ടം തുടരും എന്നാണു വിലയിരുത്തൽ.

ചൈനയിൽ സ്വർണനികുതി ഒഴിവ് റദ്ദാക്കി

ചൈന സ്വർണത്തിൻ്റെ വിൽപനനികുതിയിൽ (വാറ്റ്) നൽകിയിരുന്ന ഇളവ് പിൻവലിച്ചു. വാങ്ങുമ്പോൾ നൽകുന്ന നികുതി അടുത്ത വിൽപനയിൽ കിഴിക്കാനുള്ള സൗകര്യമാണ് റദ്ദാക്കിയത്. ഇതു ശനിയാഴ്ച പ്രാബല്യത്തിൽ വന്നു. ചൈനീസ് ഉപയോക്താക്കൾ കൂടുതൽ വില നൽകേണ്ടി വരുന്നതാണ് ആദ്യ പ്രത്യാഘാതം. അതു വിൽപന കുറയ്ക്കുമോ എന്നാണു വിപണികൾ ഉറ്റു നോക്കുന്നത്. സമീപവർഷങ്ങളിൽ ഏറ്റവുമധികം സ്വർണ വിൽപന നടക്കുന്ന രാജ്യമാണ് ചൈന. അവിടെ ഉപയോഗം കുറഞ്ഞാൽ ആഗോള സ്വർണവിലയിൽ പ്രത്യാഘാതം ഉണ്ടാകും. ഏതാനും ആഴ്ചകൾ കൊണ്ടേ ചിത്രം വ്യക്തമാകൂ എന്നാണു പ്രാഥമിക നിഗമനം.

സ്വർണം അവധിവില 4059.90 ഡോളർ വരെ കയറിയിട്ട് 4013 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു 3971 വരെ താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് പവൻവില വെള്ളിയാഴ്ച രണ്ടു തവണയായി 1320 രൂപ വർധിച്ച് 90,400 രൂപയിൽ എത്തി. ശനിയാഴ്ച 200 രൂപ കുറഞ്ഞ് 90,200 രൂപ ആയി.

ആഗോള വിപണിയിൽ വെള്ളിയുടെ വിലയും താഴ്ന്നു. വെള്ളിയുടെ സ്പോട്ട് വില 48.72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 48.30 ഡോളർ ആയി. അവധിവില ഇന്നു 47.96 ഡോളർ വരെ താഴ്ന്നു.

പ്ലാറ്റിനം 1566 ഡോളർ, പല്ലാഡിയം 1445 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വില.

ലോഹങ്ങൾ ഭിന്ന ദിശകളിൽ

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.43 ശതമാനം താഴ്ന്നു ടണ്ണിന് 10,901.50 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.62 ശതമാനം ഉയർന്ന് 2884.00 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും ഉയർന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 0.91 ശതമാനം താഴ്ന്നു കിലോഗ്രാമിന് 177.70 സെൻ്റ് ആയി. കൊക്കോ 1.54 ശതമാനം കയറി ടണ്ണിന് 6151.00 ഡോളറിൽ എത്തി. കാപ്പി 0.27 ശതമാനം ഉയർന്നു. തേയില വില മാറ്റം ഇല്ലാതെ തുടർന്നു. പാം ഓയിൽ വില 1.29 ശതമാനം താഴ്ന്നു.

ഡോളർ കയറ്റത്തിൽ

ഫെഡ് നയം ഡോളറിനു കരുത്തു കൂട്ടി. ഡോളർ സൂചിക വെള്ളിയാഴ്ച 99.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.84 ലേക്കു കയറി.

കറൻസി വിപണിയിൽ ഡോളർ കരുത്തു നിലനിർത്തി. യൂറോ 1.1534 ഡോളറിലേക്കും പൗണ്ട് 1.3145 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 154.00 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ചാഞ്ചാടി. അവയിലെ നിക്ഷേപനേട്ടം വെള്ളിയാഴ്ച 4.1 ശതമാനം വരെ ഉയർന്നിട്ടു 4.083 ലേക്കു താഴ്ന്നു.

രൂപയ്ക്ക് ഇടിവ്

രൂപ വെള്ളിയാഴ്ചയും ദുർബലമായി. ഡോളർ ഏഴു പൈസ കയറി 88.77 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.11 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ് ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ താഴ്ന്നു നിന്ന ശേഷം ഇന്നു കയറ്റത്തിലായി. ഡിസംബർ മുതൽ ഉൽപാദനം കൂട്ടേണ്ടതില്ല എന്ന് ഒപെക് ഇന്നലെ തീരുമാനിച്ചതാണു കാരണം. വിപണിയിൽ ക്രൂഡ് മിച്ചമാണെന്ന് ഒപെക് വിലയിരുത്തി.

ബ്രെൻ്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച വീപ്പയ്ക്ക് 64.77 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 65.13 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 61.33 ഡോളറിലും മർബൻ ക്രൂഡ് 67.37 ഡോളറിലും ആണ്. പ്രകൃതിവാതകവില 4.25 ഡോളറിൽ നിന്ന് 4.10 ഡോളറിലേക്കു താഴ്ന്നു.

ക്രിപ്റ്റോകൾ ദുർബലം

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ അൽപം ഉയർന്നെങ്കിലും പിടിച്ചു നിൽക്കാനായില്ല. ബിറ്റ് കോയിൻ ഇന്നു രാവിലെ 1,10, 300 ഡോളറിനു താഴെയാണ്. ഈഥർ 3890 ഡോളറിനു മുകളിലായി. സൊലാന 188 ഡോളറിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2025 ഒക്ടോബർ 31, വെള്ളി)

സെൻസെക്സ്30 83,938.71 -0.55%

നിഫ്റ്റി50 25,722.10 -0.60%

ബാങ്ക് നിഫ്റ്റി 57,776.35 -0.44%

മിഡ് ക്യാപ്100 59,825.90 -0.45%

സ്മോൾക്യാപ്100 18,380.80 -0.48%

ഡൗജോൺസ് 47,562.87 +0.09%

എസ്ആൻഡ്പി 6840.20 +0.26%

നാസ്ഡാക് 23,724.96 +0.61%

ഡോളർ($) ₹88.77 +₹0.07

സ്വർണം(ഔൺസ്)$4003.10 -$22.50

സ്വർണം(പവൻ) ₹90,400 +₹1320

ശനി ₹90, 200 -₹200

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.77 -$0.23

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT