ചൈനയും അമേരിക്കയും വീണ്ടും വ്യാപാരയുദ്ധത്തിനു മുതിരുന്നത് വെള്ളിയാഴ്ച അമേരിക്കൻ വിപണിയെ കുത്തനേ താഴ്ത്തി. യൂറോപ്യൻ വിപണികളും നഷ്ടത്തിലായി. ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഇടിഞ്ഞു.
അപൂർവധാതുക്കളുടെ കയറ്റുമതിക്കു ചെെന വീണ്ടും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ചത്തെ ഈ പ്രഖ്യാപനത്തോടു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിറ്റേന്നു കടുപ്പത്തിൽ പ്രതികരിച്ചു. ചൈനയ്ക്ക് പുതിയ കംപ്യൂട്ടർ പ്രോസസറുകളും ടെക്നോളജിയും നൽകുന്നതിനു നിയന്ത്രണം പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നവംബർ ഒന്നു മുതൽ100 ശതമാനം ചുങ്കം ചുമത്തുമെന്നും പറഞ്ഞു. ഈ മാസം ദക്ഷിണ കൊറിയയിൽ ഏഷ്യ- പസഫിക് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങിനോടു ചർച്ച നടത്താനുള്ള പ്ലാൻ ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് ഓഹരി വിപണിയും ക്രിപ്റ്റോ കറൻസികളും ഡോളറും ഇടിഞ്ഞത്. സ്വർണം കുതിച്ചു കയറി. ക്രൂഡ് ഓയിൽ ഇടിഞ്ഞു.
ഷിയുമായുള്ള ചർച്ച നടന്നേക്കും എന്നു ട്രംപ് പിന്നീടു പറഞ്ഞു. ചൈനയുമായുള്ള പ്രശ്നം പരിഹരിക്കും എന്ന് ഇന്നലെ തൻ്റെ സമൂഹമാധ്യമ പോസ്റ്റിലും പറഞ്ഞു. വ്യാപാരകാര്യത്തിൽ കൂടുതൽ ഇളവ് കിട്ടാനുള്ള സമ്മർദമാണു ചൈനയുടേത് എന്നു ഗോൾഡ്മാൻ സാക്സ് വിലയിരുത്തി.
ട്രംപിൻ്റെ പോസ്റ്റിനു ശേഷം യുഎസ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം കുതിച്ചിട്ടുണ്ട്. എങ്കിലും ഏഷ്യൻ വിപണികൾ താഴ്ന്നു തന്നെ നീങ്ങുന്നു. എന്നാൽ ക്രൂഡ് ഓയിൽ അൽപം തിരിച്ചു കയറി. ക്രിപ്റ്റോ കറൻസികളും നഷ്ടം കുറച്ചു.
ഇന്ത്യൻ വിപണിയിലും വ്യാപാരയുദ്ധ ഭീതി ക്ഷീണം ഉണ്ടാക്കും എന്നാണ് ആശങ്ക. ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ ഡൽഹിയിൽ വന്നു ചർച്ചകൾ നടത്തുന്നുണ്ട്. ദക്ഷിണ - മധ്യ ഏഷ്യാ കാര്യങ്ങൾക്കു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ ചുമതല നൽകിയിരിക്കുന്നതു കടുത്ത പാക്കിസ്ഥാൻ വിരുദ്ധനായ അർധ ഇന്ത്യൻ വംശജൻ പോൾ കപൂർ എന്ന ആണവസുരക്ഷാ വിദഗ്ധനാണ്. ഇതെല്ലാം ഇന്ത്യ -യുഎസ് ബന്ധം വീണ്ടും ശരിയാകാൻ വഴി തുറക്കും. ഇന്ത്യയുടെ മേലുള്ള പിഴച്ചുങ്കവും മാറാം.
ഈയാഴ്ച കൂടുതൽ കമ്പനികളുടെ റിസൽട്ട് വരുന്നുണ്ട്. ചില്ലറ വിലക്കയറ്റം, മൊത്ത വിലക്കയറ്റം, കയറ്റിറക്കുമതി കണക്കുകൾ ഇന്നു മുതൽ അറിവാകും. എല്ലാം അനുകൂലമായിരിക്കണമെന്നില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,222.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,350 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ചൈനയ്ക്കു മേൽ വലിയ ചുങ്കം ചുമത്തും എന്ന ട്രംപിൻ്റെ പ്രഖ്യാപനം യൂറോപ്യൻ വിപണികളെ തളർത്തി. മിക്ക സൂചികകളും ഒന്നര ശതമാനം ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. ഗാസാ യുദ്ധം തീരുന്നതു പ്രതിരോധ ഓഹരികളെ താഴ്ത്തി.
ചൈനയ്ക്കു 100 ശതമാനം അധികച്ചുങ്കം ചുമത്തുമെന്നു പ്രസിഡൻ്റ് ട്രംപ് വെള്ളിയാഴ്ച (യുഎസ് സമയം) രാവിലെ 10: 57 നാണ് ''ട്രൂത്ത് സോഷ്യലി''ൽ കുറിച്ചത്. തുടർന്നുളള ഏതാനും മണിക്കൂർ കൊണ്ട് അമേരിക്കൻ ഓഹരിവിപണിയിലെ നിക്ഷേപകർക്കു നഷ്ടമായതു രണ്ടു ട്രില്യൺ (ലക്ഷം കോടി) ഡോളർ. ഏപ്രിലിൽ ട്രംപ് തീരുവകൾ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ തകർച്ചയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണു വെള്ളിയാഴ്ച വോൾ സ്ട്രീറ്റിൽ കണ്ടത്. എസ് ആൻഡ് പി സൂചിക 2.7 ശതമാനം താഴ്ന്നു. എസ് ആൻഡ് പിയും നാസ്ഡാകും രാവിലെ റെക്കോർഡ് കുറിച്ച ശേഷമായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനവും ഓഹരികളുടെ തകർച്ചയും. ഒരവസരത്തിൽ നാസ്ഡാക് 4.5 ശതമാനം വരെ ഇടിഞ്ഞു പിന്നീടു നഷ്ടം അൽപം കുറച്ച് ക്ലോസ് ചെയ്തു.
ചൈന അപൂർവധാതുക്കളുടെ കയറ്റുമതി വീണ്ടും നിയന്ത്രിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ടെക്നോളജി കമ്പനികളാണു ചൈനീസ് നടപടിയുടെ വലിയ ആഘാതം ഏൽക്കുക. വെള്ളിയാഴ്ച എൻവിഡിയ അഞ്ചും എഎംഡി എട്ടും ആപ്പിൾ മൂന്നും ടെസ്‌ല അഞ്ചും ശതമാനം ഇടിഞ്ഞു. വലിയ ബാങ്കുകൾ രണ്ടു ശതമാനത്തിലധികം താഴ്ന്നു. ലെവി സ്ട്രോസ് 12 ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 878.82 പോയിൻ്റ് (1.90%) താഴ്ന്ന് 45,479.60 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 182.60 പോയിൻ്റ് (2.71%) ഇടിഞ്ഞ് 6552.51 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 820.20 പോയിൻ്റ് (3.56%) തകർച്ചയോടെ 22,204.43 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്ന നല്ല കയറ്റത്തിലാണ്. ഇന്നു രാവിലെ ഡൗ 0.86 ഉം എസ് ആൻഡ് പി 1. 32 ഉം നാസ്ഡാക് 1.87 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
നാളെയും ബുധനാഴ്ചയുമായി വലിയ യുഎസ് ബാങ്കുകളുടെ മൂന്നാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിക്കും. വിപണിഗതിയെ സ്വാധീനിക്കുന്നവയാണ് ആ റിസൽട്ടുകൾ.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജാപ്പനീസ് വിപണിക്ക് അവധിയാണ്. കൊറിയൻ വിപണി 2.35 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം താഴ്ന്നു. ചൈനീസ് വിപണി 1.05 ശതമാനവും ഹോങ് കോങ് വിപണി 1.75 ശതമാനവും താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു മികച്ച കുതിപ്പ് നടത്തി. ചെറിയ തോതിലാണെങ്കിലും വിദേശ നിക്ഷേപകർ വാങ്ങൽ തുടർന്നതു വിപണിയെ സഹായിച്ചു.
മെറ്റലും ഐടിയും പ്രതിരോധവും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, ഫാർമ, ഹെൽത്ത് കെയർ എന്നീ മേഖലകൾ ആണു നേട്ടത്തിനു മുന്നിൽ നിന്നത്. ബാങ്ക് നിഫ്റ്റിയും സ്മോൾ ക്യാപ് 100 ഉം മുഖ്യസൂചികകളേക്കാൾ കൂടുതൽ മുന്നേറ്റം നടത്തി.
വെള്ളിയാഴ്ച നിഫ്റ്റി 103.55 പോയിൻ്റ് (0.41%) ഉയർന്ന് 25,285.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 328.72 പോയിൻ്റ് (0.40%) കയറി 82,500.82 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 417.70 പോയിൻ്റ് (0.74%) നേട്ടത്തോടെ 56,609.75 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 267.55 പോയിൻ്റ് (0.46%) കയറി 58,697.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 133.10 പോയിൻ്റ് (0.74%) ഉയർന്ന് 18,133.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2424 ഓഹരികൾ ഉയർന്നപ്പോൾ 1766 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിലും കയറ്റം മുന്നിൽ നിന്നു. ഉയർന്നത് 1900 ഓഹരികൾ, താഴ്ന്നത് 1176.
എൻഎസ്ഇയിൽ 77 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 59 എണ്ണം താഴ്ന്ന നിലയിൽ എത്തി. 91 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 44 എണ്ണം ലോവർ സർക്കീട്ടിൽ ആയി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 459.20 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1707.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിയുടെ മുന്നേറ്റത്തോടെ നിക്ഷേപകർ വെള്ളിയാഴ്ച ആവേശത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. പിന്നീടുള്ള സംഭവവികാസങ്ങൾ ആവേശം കുറച്ചിട്ടുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,195 ലും 24,145 ലും പിന്തുണ ലഭിക്കും. 25,320 ലും 25,370 ലും തടസങ്ങൾ ഉണ്ടാകും.
എച്ച്സിഎൽ ടെക്, ആനന്ദ് റഠി വെൽത്ത്, ജസ്റ്റ് ഡയൽ, ഡെൻ നെറ്റ് വർക്സ് തുടങ്ങിയവ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും.
അവന്യൂ സൂപ്പർ മാർട്സിൻ്റെ (ഡി മാർട്ട്) രണ്ടാം പാദ വരുമാനം 15.5 ഉം പ്രവർത്തനലാഭം 11 ഉം അറ്റാദായം 3.85 ഉം ശതമാനം വർധിച്ചു. ലാഭമാർജിൻ 29 ബേസിസ് പോയിൻ്റ് കുറഞ്ഞു.
വാരീ റിന്യൂവബിൾസിന് വിറ്റുവരവ് 47.7 ശതമാനം കൂടിയപ്പോൾ ലാഭം 117.4 ശതമാനം കുതിച്ചു.
ടാറ്റാ കാപ്പിറ്റൽ ഓഹരികൾ ഇന്നു ലിസ്റ്റ് ചെയ്യും.
യുഎസ് - ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുന്നു എന്ന സൂചന വെള്ളിയാഴ്ച സ്വർണവിലയെ വീണ്ടും 4000 ഡോളറിനു മുകളിൽ എത്തിച്ചു. ഞായറാഴ്ച ആശങ്ക അകറ്റാൻ പ്രസിഡൻ്റ് ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടെങ്കിലും സ്വർണവിപണി ആശ്വാസത്തിലേക്കു മാറിയില്ല. വില വീണ്ടും കയറി. തിങ്കളാഴ്ച രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം ഒരു ശതമാനത്തോളം കുതിച്ച് ഔൺസിന് 4060 ഡോളർ വരെ എത്തി പിന്നീട് 4055 ലേക്കു താഴ്ന്നു. അവധിവില 4080 ഡോളറിനെ സ്പർശിച്ചു.
സ്വർണം ഈ ദിവസങ്ങളിൽ അഞ്ചോ പത്തോ ശതമാനം തിരുത്തലിലേക്കു നീങ്ങാം എന്നു പല വിപണിവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യമായ തിരുത്തൽ ഇല്ലാതെയാണു സ്വർണം ഈ വർഷം 55 ശതമാനം ഉയർന്നത്. അതുകൊണ്ടു തന്നെ തിരുത്തൽ അനിവാര്യമാണെന്നു കരുതുന്നവരും ഉണ്ട്.
ഔൺസിനു 4000 ഡോളർ എന്ന കൊടുമുടിയിൽ എത്തിയ സ്വർണത്തിൻ്റെ മുന്നോട്ടുള്ള ഗതി പ്രവചിക്കുന്നതിൽ പലരും അപകടം കാണുന്നുമുണ്ട്. എന്നാൽ സമീപമാസങ്ങളിൽ സ്വർണവില കെെവരിച്ച ആക്കം മുന്നോട്ടും തുടരുമെന്നും 1979 പോലെ വില ഇരട്ടിയിലധികം ആകുന്ന സാധ്യത ഉണ്ടെന്നും കരുതുന്നവർ കുറവല്ല. 1979-ൽ വില 130 ശതമാനം കയറിയതാണ്. എണ്ണവില ഇരട്ടിയിലധികം ആകുകയും ഇറാനിൽ അമേരിക്കൻ പിന്തുണ ഉള്ള ഷാ ഭരണകൂടത്തെ മറിച്ചിട്ട ഇസ്ലാമിക വിപ്ലവം നടക്കുകയും ചെയ്ത വർഷമാണത്. യൂറോപ്പിൽ നാറ്റോ - റഷ്യ ബലപരീക്ഷ നടക്കുകയും അമേരിക്ക - ചെെന വ്യാപാരയുദ്ധം വളരുകയും മറ്റു പലയിടത്തും സംഘർഷം ഉരുണ്ടു കൂടുകയും ചെയ്യുന്ന 2025 ഉം ഭയാനകവർഷം ആണെന്ന് ലോകം കരുതുന്നു.
സാമ്പത്തിക രംഗത്തും ഭീതി കുറവല്ല. ഡോളറിൻ്റെ പ്രാമുഖ്യം ചോദ്യം ചെയ്യപ്പെടുന്നു. അമേരിക്ക അടക്കം വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒക്കെ കടം വർധിപ്പിച്ചു വരുന്നു. സാമ്പത്തികവളർച്ച സൂചനകൾ കുറയുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. പ്രതിവർഷം ആയിരം ടണ്ണിലേറെ സ്വർണമാണു കഴിഞ്ഞ മൂന്നു വർഷം കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടിയത്. അതിനു മുൻപുള്ള ഒരു ദശകത്തിലെ വാർഷിക ശരാശരി വാങ്ങലിൻ്റെ മൂന്നിരട്ടി വരും ഇത്. സാഹചര്യം മോശമായാൽ സ്വർണക്കുതിപ്പ് കൂടുതൽ വേഗമാകും എന്നേ കരുതാൻ പറ്റൂ.
സ്വർണവില അചിന്ത്യമായ തലത്തിലേക്കു കുതിക്കും എന്നും നാടകീയമായി തകർന്നടിയും എന്നും പ്രവചിക്കുന്നവർ രംഗത്തുണ്ട്. ഈ വർഷം 50 ശതമാനത്തിലധികം കയറിയ കുതിപ്പിൽ ചേരാൻ പറ്റാത്തവർ ഇനി അബദ്ധം പറ്റരുത് എന്നു കരുതി വാശിയോടെ വാങ്ങലുകാരായി മാറുന്ന പ്രവണതയും ഉണ്ട്. വിപണിയിൽ അമിതഭീതിയും വാശിയും നല്ലതല്ല. സ്വർണം ഇനിയും ഗണ്യമായി ഉയർന്നേക്കും എന്നതു ശരിയാണെങ്കിലും അതിലേക്ക് ഉള്ള സമ്പാദ്യം മുഴുവൻ മാറ്റുന്നതു വിവേകമായിരിക്കില്ല. ദീർഘകാല ലക്ഷ്യം മാത്രം വച്ച് നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. മതിയായ ലാഭമാകുമ്പോൾ വിറ്റു മാറാനും ശ്രമിക്കണം.
സ്വർണം ആധാരമാക്കിയുളള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് ഈ മാസങ്ങളിൽ വലിയ നിക്ഷപങ്ങൾ ചെയ്യുന്നുണ്ട്. ലോക സ്വർണ കൗൺസിലിൻ്റെ കണക്കനുസരിച്ച് സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസം 2600 കോടി ഡോളർ സ്വർണ ഇടിഎഫുകളിൽ എത്തി. 221.7 ടൺ സ്വർണമാണ് അതു വഴി ഇടിഎഫുകൾ വാങ്ങിയത്.
കേരളത്തിൽ 22 കാരറ്റ് പവൻവില വെള്ളിയാഴ്ച രാവിലെ കുറഞ്ഞ് 89,680 രൂപയിൽ എത്തിയെങ്കിലും ഉച്ചയ്ക്കു ശേഷം തിരിച്ചു കയറി 90,720 രൂപ ആയി. ശനിയാഴ്ച വില രണ്ടു തവണയായി വർധിച്ച് 91,720 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നും വില കുതിക്കുന്ന സൂചനയാണു വിദേശ വിപണികൾ നൽകുന്നത്.
വെള്ളി വിലയും റെക്കോർഡ് കുതിപ്പിലാണ്. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് നിരക്ക് കാണിക്കുന്നത് ഈ വർഷം ഇതുവരെ 71 ശതമാനം കയറി എന്നാണ്. 2011-ൽ എത്തിയ ഔൺസിന് 50 ഡോളർ മറികടന്ന് 51 ഡോളറിൽ എത്തി. പിന്നീടു താഴ്ന്ന് 49.90 ഡോളറിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ ആഴ്ച മാത്രം വെള്ളിവില നാലു ശതമാനം ഉയർന്നു.
ഇലക്ട്രോണിക്, സോളർ ഉൽപന്നങ്ങളിൽ വർധിച്ചുവരുന്ന ഉപയോഗം വെള്ളിവിലയുടെ കയറ്റത്തിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ആഗോള ആവശ്യത്തിനനുസരിച്ചു വെള്ളി കിട്ടാനില്ല. ലഭ്യമായ ഖനനവിവരങ്ങൾ കാണിക്കുന്നത് സമീപ വർഷങ്ങളിലൊന്നും വെള്ളി ലഭ്യതയിലെ കമ്മി നികത്താനാവില്ല എന്നാണ്.
ഇന്നു രാവിലെ വെള്ളി ഔൺസിന് 50.78 ഡോളറിലേക്കു കയറി. പ്ലാറ്റിനം, പല്ലാഡിയം, റോഡിയം തുടങ്ങിയവയും കയറ്റത്തിലാണ്. പ്ലാറ്റിനം 1627 ഡോളറിലായി.
യുഎസ് - ചെെന വ്യാപാരയുദ്ധ ഭീതിയിൽ വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെമ്പ് 1.22 ശതമാനം താഴ്ന്നു ടണ്ണിന് 10,733.80 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.59 ശതമാനം താണ് ടണ്ണിന് 2785.98 ഡോളറിൽ എത്തി. ടിൻ 1.06 ശതമാനം ഉയർന്നു ടണ്ണിന് 36,498.50 ഡോളറിലായി. നിക്കലും ലെഡും ഇടിഞ്ഞു. സിങ്ക് കയറി.
രാജ്യാന്തര വിപണിയിൽ റബർ വില 1.77 ശതമാനം കയറി കിലോഗ്രാമിന് 172.90 സെൻ്റ് ആയി.
കൊക്കോ വില 0.18 ശതമാനം കുറഞ്ഞ് ടണ്ണിന് 5837.47 ഡോളറിൽ എത്തി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണു കൊക്കോ.
കാപ്പി 0.32 ശതമാനം കയറി. തേയില വില താഴ്ന്ന നിലയിൽ തുടരുന്നു. പാം ഓയിൽ വില 1.04 ശതമാനം താഴ്ന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച അര ശതമാനം ഉയർന്ന് 98.98 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.13 വരെ കയറിയിട്ടു 98.93 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.1609 ഡോളറും പൗണ്ട് 1.3344 ഡോളറും വരെ ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 151.87 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് കടപ്പത്രങ്ങളുടെ വില കൂടി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.059 ശതമാനമായി താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ നേട്ടം ഉണ്ടാക്കി. ഡോളർ 10 പൈസ താഴ്ന്ന് 88.68 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.11 യുവാൻ എന്ന നിലയിലേക്കു കയറി.
വ്യാപാരയുദ്ധ ഭീതിയെ തുടർന്നു വെള്ളിയാഴ്ച നാലു ശതമാനം ഇടിഞ്ഞ ക്രൂഡ് ഓയിൽ വില ഇന്നു വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം രാവിലെ 1.70 ശതമാനം കയറി 63.80 ഡോളറിൽ എത്തി. ഡബ്ള്യുടിഐ 59.95 ഡോളറിലും മർബൻ ക്രൂഡ് 65.02 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം ഉയർന്നു.
ചൈനയ്ക്കു 100 ശതമാനം അധികച്ചുങ്കം ചുമത്തും എന്ന ട്രംപിൻ്റെ പ്രഖ്യാപനം ക്രിപ്റ്റോകറൻസികളെ വല്ലാതെ ഉലച്ചു. ക്രിപ്റ്റോ വിപണിക്ക് വെള്ളിയാഴ്ച 2000 കോടി ഡോളർ നഷ്ടമായെന്നാണു നിഗമനം. ചില ക്രിപ്റ്റോകൾ 30 ശതമാനം വരെ ഇടിഞ്ഞു.
ബിറ്റ്കോയിൻ 1,21,000 ഡോളറിനു മുകളിൽ നിന്ന് 10 ശതമാനം താഴ്ന്ന് 1,09,900 വരെ എത്തി. ഇന്നുരാവിലെ വീണ്ടും കയറി 1,15,300 ഡോളർ ആയി. ഈഥർ വെള്ളിയാഴ്ച 15 ശതമാനം ഇടിഞ്ഞ് 3700 ഡോളർ വരെ എത്തിയിട്ട് ഇന്നു രാവിലെ 4140 ഡോളർ ആയി. സൊലാന വെള്ളിയാഴ്ച 20 ശതമാനം തകർച്ചയോടെ 178 ഡോളറിനു താഴെ എത്തി. ഇന്നു രാവിലെ 197 ഡോളർ വരെ കയറി.
(2025 ഒക്ടോബർ 10, വ്യാഴം)
സെൻസെക്സ്30 82,500.82 +0.40%
നിഫ്റ്റി50 25,285.35 +0.41%
ബാങ്ക് നിഫ്റ്റി 56,609.75 +0.74%
മിഡ് ക്യാപ്100 58,697.40 +0.46%
സ്മോൾക്യാപ്100 18,133.35 +0.74%
ഡൗജോൺസ് 45,479.60 -1.90%
എസ്ആൻഡ്പി 6552.51 -2.71%
നാസ്ഡാക് 22,204.43 -3.56%
ഡോളർ($) ₹88.68 -0.10
സ്വർണം(ഔൺസ്) $4018.40 +$40.90
സ്വർണം(പവൻ) ₹90,720 -₹320
ശനി ₹91,120 +₹400
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $62.73 -$2.49
Read DhanamOnline in English
Subscribe to Dhanam Magazine