Morning business news Canva
Markets

വാർത്തകൾ വിപണിക്ക് അനുകൂലം; യുഎസ് - ചൈന ധാരണയായി; പ്രഖ്യാപനം ട്രംപ് -ഷി ഉച്ചകാേടിയിൽ; ഇന്ത്യ - യുഎസ് കരാർ പ്രഖ്യാപനം നീളുന്നു; ഫെഡ് ബുധനാഴ്ച പലിശ കുറച്ചേക്കും

ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ കമ്മിറ്റി പണനയ തീരുമാനം പ്രഖ്യാപിക്കും

T C Mathew

വിപണി അനുകൂല വാർത്തകൾക്കു നടുവിലാണ് മാസാവസാന വാരത്തിലേക്കു പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം താഴ്ചയിൽ അവസാനിച്ചെങ്കിലും ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങാൻ വിപണിക്കു കഴിഞ്ഞക്കും. വെള്ളിയാഴ്ച യുഎസ് വിപണി കുതിച്ചു കയറി. ഇന്നു രാവിലെ ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും നല്ല കയറ്റത്തിലാണ്.

അമേരിക്കയും ചൈനയും വ്യാപാര തർക്കം മിക്കവാറും ഒത്തുതീർത്തു. 100 ശതമാനം പിഴച്ചുങ്ക ഭീഷണി പിൻവലിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി ധാരണകൾ പ്രഖ്യാപിക്കും.

ഇന്ത്യ - അമേരിക്ക ചർച്ച പൂർത്തിയായെങ്കിലും ട്രംപ് റഷ്യൻ എണ്ണയുടെ പേരിൽ പരസ്യഭീഷണി തുടർന്നതിനാൽ കരാർ ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കുകയില്ല.

ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ കമ്മിറ്റി പണനയ തീരുമാനം പ്രഖ്യാപിക്കും. പലിശനിരക്കു കുറയ്ക്കും എന്നാണു നിഗമനം. അമേരിക്കയിൽ സെപ്റ്റംബറിലെ ചില്ലറവിലക്കയറ്റം തലേ മാസത്തേക്കാൾ ഉയർന്നു മൂന്നു ശതമാനം ആയി. എന്നാൽ ആശങ്കപ്പെട്ട 3.1% കയറ്റം ഉണ്ടായില്ല. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റവും 3% തന്നെ. പലിശ നിരക്കു കുറയ്ക്കാൻ ഫെഡിനു സഹായിക്കുന്നതാണ് ഈ കണക്ക്.

മഹാഭൂരിപക്ഷം പേരും 0.40 ശതമാനം വരെ കുറയ്ക്കൽ പ്രതീക്ഷിക്കുന്നു. നിലവിലെ 4.25 - 4.50 ശതമാനത്തിൽ നിന്ന് അര ശതമാനം താഴ്ത്തി 3.75- 4.00 ലേക്കു നിരക്കു കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്.

ലോക വിപണിയിൽ ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. സ്വർണം ഇടിവ് തുടരുകയാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച 25,868.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,944 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് കയറ്റം തുടർന്നു

യൂറോപ്യൻ ഓഹരികൾ വെള്ളിയാഴ്ച നേട്ടം തുടർന്നു. ഫ്രഞ്ച് സൂചിക മാത്രം മാറ്റമില്ലാതെ അവസാനിച്ചു. യുഎസ് ചില്ലറ വിലക്കയറ്റം മിതമായി മാത്രം ഉയർന്നതാണു വിപണികളെ സഹായിച്ചത്. മികച്ച റിസൽട്ടിനു ശേഷം വരുമാന -ലാഭ പ്രതീക്ഷകൾ ഉയർത്തിയ സ്വീഡിഷ് പ്രതിരോധ കമ്പനി സാബ് 6.1 ശതമാനം കുതിച്ചു. അമേരിക്കയ്ക്കു പിന്നാലെ യൂറോപ്പും റഷ്യക്കെതിരേ പുതിയ ഉപരോധം പ്രഖ്യാപിച്ചു.

യുഎസിൽ കുതിപ്പ്

ആശങ്കപ്പെട്ടതിലും കുറഞ്ഞ ചില്ലറ വിലക്കയറ്റവർധന വെള്ളിയാഴ്ച യുഎസ് വിപണി സൂചികകൾക്കു കുതിപ്പ് നൽകി. ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവിൻ്റെ ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി അടിസ്ഥാന പലിശ കുറയ്ക്കും എന്ന പ്രതീക്ഷയെ വിലക്കയറ്റ കണക്ക് അരക്കിട്ടുറപ്പിച്ചു.

വ്യാപാരയുദ്ധ ആശങ്ക തുടർന്നെങ്കിലും വ്യാഴാഴ്ച ട്രംപും ഷിയും കൂടിക്കാഴ്ച നടത്തും എന്ന അറിയിപ്പ് വിപണിയെ തുണച്ചു.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 472.51 പോയിൻ്റ് (1.01%) കുതിച്ച് 47,207.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 53.25 പോയിൻ്റ് (0.79%) നേട്ടത്തോടെ 6791.69 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 263.07 പോയിൻ്റ് (1.17%) കയറി 23,204.87 ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഡൗ 47,326.73ലും എസ് ആൻഡ് പി 6807.11ലും നാസ്ഡാക് 23,261.26ലും കയറി റെക്കോർഡ് കുറിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു നല്ല കയറ്റത്തിലാണ്. ഡൗ 0.61 ഉം എസ് ആൻഡ് പി 0.73 ഉം നാസ്ഡാക് 0.90 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.

പ്രധാന ടെക്നോളജി കമ്പനികളുടെ റിസൽട്ട് ഈയാഴ്ച പ്രഖ്യാപിക്കും. ഫാക്ടറി ഉൽപാദന, തൊഴിലില്ലായ്മ കണക്കുകളും ഈയാഴ്ച പുറത്തുവിടും.

ഏഷ്യൻ വിപണികൾ ഇന്നു മികച്ച കുതിപ്പിലാണ്. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ രണ്ടു ശതമാനത്തിലധികം കുതിച്ച് 50,000 കടന്നു. ട്രംപ് - ഷി ധാരണ ഉറപ്പായത് വിപണികളെ ആവേശം കൊള്ളിക്കുന്നു. ദക്ഷിണ കൊറിയൻ സൂചിക 1.80 ശതമാനം കയറി റെക്കോർഡ് തിരുത്തി. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകളും നേട്ടത്തിലാണ്.

വ്യാപാരകരാർ അനിശ്ചിതത്വം വിപണിയെ താഴ്ത്തി

ഇന്ത്യ - അമേരിക്ക വ്യാപാര ഉടമ്പടിയുടെ പ്രഖ്യാപനവും മോദി - ട്രംപ് കൂടിക്കാഴ്ചയും ഉടനേ ഇല്ലെന്നു വ്യക്തമായത് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ താഴ്ചയിലാക്കി. റഷ്യൻ എണ്ണ വാങ്ങൽ പൂർണമായും നിർത്തുമ്പോൾ വരുന്ന നഷ്ടവും മറ്റു വിഷയങ്ങളും ആകുലത കൂട്ടി.

84,707 വരെ കയറിയ സെൻസെക്സ് 496 പോയിൻ്റും 25,944 വരെ എത്തിയ നിഫ്റ്റി 99 പോയിൻ്റും നഷ്ടപ്പെടുത്തിയാണ് അവസാനിച്ചത്. ബാങ്ക്, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലായി.

വെള്ളിയാഴ്ച നിഫ്റ്റി 96.25 പോയിൻ്റ് (0.37%) താഴ്ന്ന് 25,795.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 344.52 പോയിൻ്റ് (0.41%) കുറഞ്ഞ് 84,211.88 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 378.45 പോയിൻ്റ് (0.65%) ഇടിഞ്ഞ് 57,699.60 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 140.05 പോയിൻ്റ് (0.24%) താഴ്ന്ന് 59,231.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 38.10 പോയിൻ്റ് (0.21%) കുറഞ്ഞ് 18,253.35 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1771 ഓഹരികൾ ഉയർന്നപ്പോൾ 2416 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1233 എണ്ണം. താഴ്ന്നത് 1847 ഓഹരികൾ.

എൻഎസ്ഇയിൽ 77 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 47 എണ്ണമാണ്. 67 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 49 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 621.51 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 173.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിൽപന സമ്മർദത്തിൽ താഴുന്ന വിപണി ഒരു സമാഹരണഘട്ടത്തിൽ ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 25,700 നു താഴോട്ടു നീങ്ങിയാൽ വലിയ താഴ്ച ഉണ്ടാകാം. 25,900 നു മുകളിൽ എത്താനായാൽ മുന്നേറ്റം തുടരാൻ കഴിയും. ഇന്നു നിഫ്റ്റിക്ക് 25,730 ലും 25,680 ലും പിന്തുണ ലഭിക്കും. 25,905 ലും 26,960 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

റഷ്യൻ എണ്ണവാങ്ങൽ കാര്യത്തിൽ ഇന്ത്യാ ഗവണ്മെൻ്റിൻ്റെയും അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവയുടെയും നിർദേശം പാലിക്കുമെന്നു റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. കമ്പനി ഇതുവരെ 70 ശതമാനം ഇറക്കുമതിയും റഷ്യയിൽ നിന്നാണു നടത്തിയിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും നിന്നാകും ഇനി കൂടുതൽ ഇറക്കുമതി. ഇതു ലാഭമാർജിൻ കുറയ്ക്കും.

കൊട്ടക് മഹീന്ദ്ര ബാങ്കിനു രണ്ടാം പാദത്തിൽ അറ്റാദായം മൂന്നു ശതമാനം താഴ്ന്നു. അറ്റ പലിശ വരുമാനം നാലു ശതമാനം കൂടിയിരുന്നു. വായ്പകൾ 16 ഉം നിക്ഷേപങ്ങൾ 14.6 ഉം ശതമാനം വർധിച്ചു.

ഐഡിബിഐ ബാങ്കിനെ കൊട്ടക് മഹീന്ദ്ര ബാങ്ക് വാങ്ങാനുളള സാധ്യത വർധിച്ചു. എമിറേറ്റ്സ് എൻബിഡി ആർബിഎൽ ബാങ്കിനെ വാങ്ങിയതോടെ ഐഡിബിഐയിലെ താൽപര്യം ഉപേക്ഷിച്ചു. ഇതോടെ മുൻതൂക്കം കൊട്ടക് മഹീന്ദ്ര ബാങ്കിനായി. ഐഡിബിഐയിലെ ഗവണ്മെൻ്റ് ഓഹരി വാങ്ങാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നു ബാങ്ക് മാനേജ്മെൻ്റ് അറിയിച്ചു.

ഓഹരി വിറ്റ് 1500 കോടി രൂപ കൂടി സമാഹരിക്കാൻ ഒല ഇലക്ട്രിക് മൊബിലിറ്റി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. എങ്ങനെ വിൽക്കണം എന്നു തീരുമാനിച്ചില്ല.

കോഫോർജ് രണ്ടാം പാദ ഫലം പ്രതീക്ഷയ്ക്ക് ഒപ്പം വന്നു. വരുമാനം 5.9 ശതമാനം കൂടി. പ്രവർത്തനലാഭ മാർജിൻ 14% ആയി. 51.4 കോടി ഡോളറിൻ്റെ പുതിയ കരാറുകൾ ലഭിച്ചു. വരുമാന -ലാഭ പ്രതീക്ഷകൾ ഉയർന്ന നിലയിൽ തുടർന്നു.

ഡോ. റെഡ്ഡീസ് ലംബാറട്ടറീസ് രണ്ടാം പാദത്തിൽ വരുമാനം 9.8 ഉം അറ്റാദായം 7.3 ഉം ശതമാനം വർധിപ്പിച്ചു.

ഒന്നിനു 4500 രൂപ വച്ച് 300 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങാൻ ഇക്ലെർക്സ് കമ്പനി ബോർഡ് തീരുമാനിച്ചു.

ഡോ. ലാൽ പാഥ്ലാബ്സ് ബോണസ് ഓഹരികൾ നൽകും. വെള്ളിയാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് അനുപാതം തീരുമാനിക്കും.

ഇന്ത്യൻ ഓയിൽ കോർപറേഷന് എതിരേ ആദായനികുതി വകുപ്പ് ഉന്നയിച്ച നികുതി ഡിമാൻഡിൽ 1102 കോടി രൂപ അപ്പീലിൽ ഒഴിവാക്കി. ശിഷ്ടം 91.16 കോടിയുടെ കാര്യത്തിന് അപ്പലേറ്റ് ട്രൈബ്യൂണലിൽ പോകും.

എസ്ബിഐ കാർഡ്സ് രണ്ടാം പാദത്തിൽ വരുമാനം 12.2ഉം അറ്റാദായം 10 ഉം ശതമാനം വർധിപ്പിച്ചു. നിഷ്ക്രിയ ആസ്തി കുറഞ്ഞു.

സുപ്രീം പെട്രോകെമിനു രണ്ടാം പാദ വരുമാനം 55 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 63 ശതമാനം വർധിച്ചു.

സ്വർണം ചാഞ്ചാടുന്നു

യുഎസ് ചില്ലറവിലക്കയറ്റത്തിലെ വർധന ആശങ്കിച്ചതിലും കുറവായി. ഇതു വെള്ളിയാഴ്ച സ്വർണവില തിരിച്ചുകയറാൻ സഹായിച്ചു. എങ്കിലും ആഴ്ചയിലെ ഉയരത്തിൽ (ഔൺസിന് 4381.21 ഡോളർ) നിന്ന് 6.12 ശതമാനം നഷ്ടത്തിലാണു സ്വർണം ക്ലോസ് ചെയ്തത്. ക്ലോസിംഗ് വില 4113.20 ഡോളർ.തുടർച്ചയായ ഒൻപത് ആഴ്ചയിലെ കയറ്റത്തിനു ശേഷമുള്ള ഇടിവ്.

സ്വർണം 1978 നു ശേഷം മുൻപ് മൂന്നു തവണ തുടർച്ചയായി ഒൻപത് ആഴ്ച ഉയർന്നിട്ടു 10-ാം ആഴ്ചയിൽ താഴ്ന്നു. ഇപ്പോൾ നാലാം തവണയും അങ്ങനെ സംഭവിച്ചു.

കഴിഞ്ഞ ആറു വ്യാപാരദിനങ്ങളിൽ രണ്ടു തവണ ഔൺസിന് 4380 ഡോളറിനു മുകളിൽ എത്തിയ സ്വർണം ഒരു തവണ 4003 വരെ താഴുകയും ചെയ്തു. ഉയരത്തിൽ നിന്ന് 8.33 ശതമാനം ഇടിവ്.

ഈ ആഴ്ച സ്വർണവില 4000 - 4300 ഡോളറിൽ ചാഞ്ചാടുമെന്നാണു കൂടുതൽ വിപണി അനാലിസ്റ്റുകൾ പറയുന്നത്. ഒരു സർവേയിലെ 17 അനാലിസ്റ്റുകളിൽ മൂന്നു പേർ വില ഉയരും എന്ന് പറയുമ്പോൾ ആറു പേർ വില താഴും എന്നു കരുതുന്നു. എട്ടു പേർ വില പാർശ്വനീക്കത്തിലാകും എന്ന് പറയുന്നു.

ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ സ്വർണം കുത്തനേ ഇടിഞ്ഞ് 4059 ഡോളർ വരെ എത്തി. പിന്നീടു 4090 ലേക്കു കയറി.

സ്വർണം അവധിവില വെള്ളിയാഴ്ച 4159 ഡോളർ വരെ ഉയർന്നിട്ടു 4126.90 ൽ നിന്നു. ഇന്നു രാവിലെ 4100-നു താഴേക്കു നീങ്ങി.

കേരളത്തിൽ 22 കാരറ്റ് പവൻവില വെള്ളിയാഴ്ച 92,000 രൂപ വരെ ഉയർന്നിട്ടു 91,200 രൂപയിൽ ക്ലാേസ് ചെയ്തു. ശനിയാഴ്ച 920 രൂപ വർധിച്ച് 92,120 രൂപയിൽ എത്തി.

വെള്ളി ചാഞ്ചാട്ടം തുടരുന്നു

ദീപാവലി കഴിഞ്ഞതോടെ ഇന്ത്യയിൽ വെള്ളിവില കുത്തനേ ഇടിഞ്ഞു. മുംബൈയിൽ ഒക്ടോബർ 15 ന് കിലോഗ്രാം വെള്ളിക്ക് 1,90,000 രൂപവരെ എത്തിയ വില കഴിഞ്ഞ വാരാന്ത്യത്തിൽ 1,47,000 രൂപയിലേക്കു താഴ്ന്നു. രാജ്യത്തു വെള്ളി ലഭ്യത കുറവായ സാഹചര്യത്തിലാണ് ലോകവിപണിയേക്കാൾ ഗണ്യമായി കൂടിയ വില വെള്ളിക്കു വന്നത്. ഇതോടെ ചില വെള്ളി ഇടിഎഫുകൾ പുതിയ നിക്ഷേപം സ്വീകരിക്കലും നിർത്തിവച്ചിരുന്നു. ദീപാവലി കഴിഞ്ഞപ്പോൾ വില പ്രീമിയത്തിൽ നിന്നു ഡിസ്കൗണ്ടിലായി.

ആഗോള വിപണിയിൽ ഇനിയും വേണ്ടത്ര വെള്ളി ലഭ്യമായിട്ടില്ല. സ്പോട്ട് വ്യാപാരകേന്ദ്രമായ ലണ്ടനിൽ 4500 ടൺ കുറവാണു നേരിടുന്നത്. അവധിവ്യാപാര കേന്ദ്രമായ ന്യൂയോർക്കിലേക്ക് കഴിഞ്ഞ മാസം വലിയ തോതിൽ വെള്ളി കൊണ്ടു പോയതാണു ലണ്ടനിലെ ക്ഷാമത്തിനു വഴി തെളിച്ചത്. വെള്ളിക്ക് ട്രംപ് ഇറക്കുമതിച്ചുങ്കം ചുമത്തും എന്ന ഭീതിയിലായിരുന്നു സ്റ്റോക്ക് നീക്കം.

വെള്ളിയുടെ സ്പോട്ട് വില 48.54 ഡോളറിൽ നിൽക്കുന്നു. അവധിവില 48.40 ൽ ആണ്.

പ്ലാറ്റിനം 1604 ഡോളർ, പല്ലാഡിയം 1401 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെയാണു വാരാന്ത്യത്തിലെ വില.

ലോഹങ്ങൾ കുതിച്ചു

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.09 ശതമാനം ഉയർന്ന് ടണ്ണിന് 10,807.00 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.53 ശതമാനം കുറഞ്ഞ് 2847.40 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും ഉയർന്നപ്പാേൾ നിക്കൽ താഴ്ന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 0.52 ശതമാനം ഉയർന്ന് കിലോഗ്രാമിന് 173.70 സെൻ്റ് ആയി. കൊക്കോ 0.32 ശതമാനം താഴ്ന്നു ടണ്ണിന് 6319.00 ഡോളറിൽ എത്തി. കാപ്പി 2.46 ശതമാനം താഴ്ന്നപ്പോൾ തേയില 2.92 ശതമാനം കൂടി. പാം ഓയിൽ വില 1.12 ശതമാനം ഉയർന്നു.

ഡോളർ സൂചിക മാറ്റമില്ലാതെ

ഡോളർ സൂചിക ഇന്നലെ ചെറിയ പരിധിയിൽ കയറിയിറങ്ങിയിട്ട് 98.94 ൽ തന്നെ ക്ലോസ് ചെയ്തു.

കറൻസി വിപണിയിൽ ഡോളർ ഭിന്ന ദിശകളിലായി. യൂറോ 1.644 ഡോളറിലേക്കു കയറി. പൗണ്ട് 1.3331 ഡോളറിലേക്ക് ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 152.79 യെൻ എന്ന നിരക്കിലേക്ക് കയറി.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.02 ശതമാനത്തിലേക്കു കയറി.

രൂപ കയറിയിറങ്ങി

രൂപ വെള്ളിയാഴ്ച വ്യാപാരത്തിനിടെ 87.73 രൂപ വരെ കയറിയിട്ടു താഴ്ന്നു. ഡോളർ ഒരു പെെസ ഉയർന്ന് 87.85 രൂപയിൽ ക്ലോസ് ചെയ്തു. വിപണിയിൽ റിസർവ് ബാങ്കിൻ്റെ ഇടപെടൽ തുടർന്നു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.12 യുവാൻ എന്ന നിലയിലേക്ക് ഉയർന്നു.

ക്രൂഡ് ഓയിൽ കയറി

പ്രമുഖ റഷ്യൻ എണ്ണ കമ്പനികളെ അമേരിക്ക ഉപരോധ പട്ടികയിൽ പെടുത്തിയതിനെ തുടർന്നു ക്രൂഡ് ഓയിൽ വിലയിലെ കയറ്റം വെള്ളിയാഴ്ചയും തുടർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.99 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 66.60 ഡോളറിൽ എത്തിയിട്ട് 66.05 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 61.62 ഡോളറിലും മർബൻ ക്രൂഡ് 68.90 ഡോളറിലും ആണ്.

ക്രിപ്റ്റോകൾ കുതിച്ചു

വാരാന്ത്യത്തിൽ ക്രിപ്റ്റോ കറൻസികൾ കുതിച്ചു. ക്രിപ്റ്റോ എക്സ്ചേഞ്ച് ബിനാൻസിൻ്റെ സ്ഥാപകനു പ്രസിഡൻ്റ് ട്രംപ് മാപ്പു കൊടുത്തതും യുഎസ് - ചൈന ധാരണയുമാണു കാരണങ്ങൾ.

ബിറ്റ് കോയിൻ ഇന്നു രാവിലെ 1,15,000 ഡോളറിനു മുകളിൽ എത്തി. ഈഥർ 4175 ഡോളറിലേക്കു കയറി. സൊലാന 205 ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 ഒക്ടോബർ 24, വെള്ളി)

സെൻസെക്സ്30 84,211.88 -0.41%

നിഫ്റ്റി50 25,795.15 -0.37%

ബാങ്ക് നിഫ്റ്റി 57,699.60 -0.65%

മിഡ് ക്യാപ്100 59,231.20 -0.24%

സ്മോൾക്യാപ്100 18,253.35 -0.21%

ഡൗജോൺസ് 47,207.12 +1.01%

എസ്ആൻഡ്പി 6791.69 +0.79%

നാസ്ഡാക് 23,204.87 +1.15%

ഡോളർ($) ₹87.85 +₹0.01

സ്വർണം(ഔൺസ്) $4113.20 -$14.20

സ്വർണം(പവൻ) ₹91,200 -₹520

ശനി ₹92,120 +₹920

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.94 -$0.05

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT