Morning business news Canva
Markets

ആവേശഘടകങ്ങൾ കുറവ്; വിപണിയിൽ ലാഭമെടുക്കലിനു സാധ്യത; യുഎസ് പലിശ തീരുമാനവും വ്യാപാര ചർച്ചയും നിർണായകം; ക്രൂഡ് ഓയിൽ കയറുന്നു

ജിഎസ്ടി കുറയ്ക്കലിൻ്റെ പേരിലുള്ള ഓഹരികളുടെ കയറ്റം കഴിഞ്ഞ ആഴ്ച അവസാനിച്ചു എന്നാണ് കരുതുന്നത്

T C Mathew

അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പലിശ കുറയ്ക്കൽ ബുധനാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷയിലാണു വിപണികൾ ഇന്നു വ്യാപാരം തുടങ്ങുന്നത്. ഏഷ്യൻ വിപണികൾ ആവേശം കാണിക്കുന്നില്ല. യുഎസ് ഫ്യൂച്ചേഴ്സും ദുർബലമാണ്. പലിശ കുറയ്ക്കലിനൊപ്പം ഫെഡറൽ റിസർവ് നൽകുന്ന വളർച്ച -വിലക്കയറ്റ സൂചനകളും വിപണിഗതിയെ നിർണയിക്കും.

ജിഎസ്ടി കുറയ്ക്കലിൻ്റെ പേരിലുള്ള ഓഹരികളുടെ കയറ്റം കഴിഞ്ഞ ആഴ്ച അവസാനിച്ചു എന്നാണ് പലരും കരുതുന്നത്. ഇന്നു ലാഭമെടുക്കൽ വിപണിയെ താഴ്ത്തുമെന്നു ബ്രോക്കർമാർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ചർച്ചയുടെ പുരോഗതി വരും ദിവസങ്ങളിൽ വിപണി ഉറ്റുനോക്കും.

ലോകവിപണിയിൽ ക്രൂഡ് ഓയിൽ കയറുകയാണ്. റഷ്യൻ എണ്ണയുടെ ലഭ്യത സംബന്ധിച്ച സന്ദേഹത്തോടൊപ്പം ഇന്ത്യ വീണ്ടും പശ്ചിമേഷ്യൻ വിപണിയിൽ സജീവമായതും വില കൂടാൻ കാരണമായി.

ഇന്ത്യയുടെ ഓഗസ്റ്റിലെ കയറ്റിറക്കുമതി കണക്കുകൾ ഇന്നു പരസ്യപ്പെടുത്തും. വാണിജ്യകമ്മി അല്പം കുറയും എന്നു പ്രതീക്ഷയുണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കണക്കാക്കുന്നത് ഓഗസ്റ്റിലെ വാണിജ്യകമ്മി 2740 കോടി ഡോളറിൽ നിന്ന് 2610 കോടി ഡോളറായി കുറയും എന്നാണ്. അമേരിക്ക 50 ശതമാനം ചുങ്കം ചുമത്തിയത് ഓഗസ്റ്റ് 27 നാണ്.

ഓഗസ്റ്റിലെ മൊത്തവിലക്കയറ്റം ഓഗസ്റ്റിൽ 0.45 ശതമാനമായി. ജൂലൈയിൽ 0.58% കുറഞ്ഞ സ്ഥാനത്താണിത്. ഭക്ഷ്യവിലകൾ കുറഞ്ഞിരുന്ന സ്ഥാനത്ത് 0.21% കയറ്റത്തിലായി. ഇന്ധനവില 3.84 ശതമാനം കുറഞ്ഞു. ഇന്ധന - ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വില 3.84% കുറഞ്ഞ സ്ഥാനത്ത് 3.53% താഴ്ചയിൽ ഒതുങ്ങി.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,211.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,165 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വ്യാപാരചർച്ച പുനരാരംഭിക്കുന്നു

ഇന്ത്യ- അമേരിക്ക വ്യാപാരകരാർ ചർച്ച പുനരാരംഭിക്കും എന്നു പ്രഖ്യാപനം ആയെങ്കിലും തീയതി അറിയിച്ചിട്ടില്ല. വാണിജ്യ മന്ത്രാലയത്തിലെ രാജേഷ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച അങ്ങോട്ടു പോകുമെന്നു ചില മാധ്യമങ്ങൾ പറയുന്നു. ഇതിനിടെ ഇന്ത്യക്കും ചൈനയ്ക്കും 100 ശതമാനം പിഴച്ചുങ്കം ചുമത്താൻ യൂറോപ്യൻ യൂണിയൻ്റെയും നാറ്റോ രാജ്യങ്ങളുടെയും മേൽ അമേരിക്ക സമ്മർദം ചെലുത്തി വരികയാണ്. ആരും വഴങ്ങുന്നതായ സൂചന ഇല്ല. റഷ്യൻ എണ്ണവാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയാേ ഗോറും കഴിഞ്ഞ ദിവസം പറഞ്ഞു.

കാർഷിക -ക്ഷീര മേഖലകളിലെ ഇറക്കുമതി ഭാഗികമായി അനുവദിക്കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നുണ്ട് എന്നാണു മാധ്യമ റിപ്പോർട്ടുകൾ. പാൽ, പാൽപ്പൊടി തുടങ്ങിയവ അനുവദിക്കില്ലെങ്കിലും പ്രീമിയം ചീസ് ഇനങ്ങൾ അനുവദിച്ചേക്കും. കഴിഞ്ഞ വർഷം ഇന്ത്യ 1.1 കോടി ഡോളറിൻ്റെ ചീസ് ഇറക്കുമതി ചെയ്തതാണ്. ലിത്വാനിയ, എസ്റ്റാേണിയ, യുകെ, ഇറ്റലി എന്നിവടങ്ങളിൽ നിന്നാണ് അവ. 30 മുതൽ 40 വരെ ശതമാനം ചുങ്കം ചുമത്തിയാണ് ഇറക്കുമതി. എഥനോൾ ഉൽപാദനത്തിനായി ചോളം ഇറക്കുമതി അനുവദിക്കുന്നതും പരിഗണനയിൽ ഉണ്ട്. ജനിതകമാറ്റം വരുത്തിയതാണ് അമേരിക്കൻ ചോളം. ഭക്ഷ്യാവശ്യത്തിനും കാലിത്തീറ്റ നിർമാണത്തിനും ആ ചോളം അനുവദിക്കാൻ ഇന്ത്യ തയാറല്ല.

യൂറോപ്പ് ഫ്ലാറ്റ്

യൂറോപ്യൻ ഓഹരികൾ വെള്ളിയാഴ്ച കാര്യമായ നേട്ടമോ നഷ്ടമോ കൂടാതെ അവസാനിച്ചു. യുകെ സമ്പദ്ഘടനയ്ക്കു ജൂലൈയിൽ പൂജ്യം വളർച്ചയേ ഉണ്ടായുളളൂ. ഈയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കാൻ ഇതു കാരണമാകാം. ജർമൻ, യുകെ സൂചികകൾ നേരിയ തോതിൽ താഴ്ന്നു. ഫ്രഞ്ച് സൂചിക നാമമാത്രമായി കയറി.

യുഎസ് വിപണികൾ പലവഴി

അമേരിക്കൻ വിപണികൾ വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ടെസ്‌ല തുടങ്ങിയ ടെക് ഓഹരികളുടെ മുന്നേറ്റത്തിൽ നാസ്ഡാക് ഉയർന്നു. ഡൗ ജോൺസും ചെറുകിട കമ്പനികളുടെ സൂചികയായ റസൽ 2000 വും താഴ്ന്നു. എസ് ആൻഡ് പി നാമമാത്ര താഴ്ചയോടെ അവസാനിച്ചു. വ്യാഴാഴ്ച കുറിച്ച റെക്കോർഡുകളുടെ ബലത്തിൽ മൂന്നു പ്രധാന സൂചികകളും പ്രതിവാര നേട്ടം ഉണ്ടാക്കി. നാസ്‌ഡാക് വെള്ളിയാഴ്ചയും റെക്കോർഡ് ക്ലോസിംഗിൽ ആയിരുന്നു.

ഇലോൺ മസ്കിൻ്റെ ടെസ്‌ല വെള്ളിയാഴ്ച 7.36 ശതമാനം കയറി. കഴിഞ്ഞയാഴ്ച ഓഹരി 12 ശതമാനം നേട്ടം ഉണ്ടാക്കി.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 273.78 പോയിൻ്റ് (0.59%) താഴ്ന്ന് 45,834.22 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 3.18 പോയിൻ്റ് (0.05%) കുറഞ്ഞ് 6584.29 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 98.03 പോയിൻ്റ് (0.45%) ഉയർന്ന് 22,141.07 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നാണു നീങ്ങുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു നിന്ന ദിശകളിലാണ്. ജപ്പാനിൽ വിപണിക്ക് അവധിയാണ്. ദക്ഷിണ കൊറിയൻ സൂചിക റെക്കോർഡ് തിരുത്തി. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ചയിലാണ്.

മുന്നേറ്റത്തിൽ ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തുടർച്ചയായ എട്ടാം ദിവസവും കയറി. നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ട് കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു. 25,000 നു മുകളിൽ തുടർച്ചയായ രണ്ടാം ദിവസം വിപണി അവസാനിച്ചത് അടുത്ത ആഴ്ചയിലേക്കു പ്രതീക്ഷ വളർത്തി.

പൊതുമേഖലയും പ്രതിരോധ കമ്പനികളും മെറ്റൽ കമ്പനികളുമാണു വെള്ളിയാഴ്ച വിപണിയുടെ കുതിപ്പിനു കാരണമായത്. പ്രതിരോധ മന്ത്രാലയത്തിൻ്റെ 15 വർഷ വികസനപദ്ധതി പല കമ്പനികളുടെയും വലിയ വളർച്ചയ്ക്കു സഹായിക്കും. ഡിഫൻസ് സൂചിക 4.39 ശതമാനം ഉയർന്നു. ഗാർഡൻ റീച്ച് പത്തും എം ടാർ 9.26 ഉം ബിഇഎംഎൽ 7.99 ഉം അസ്ട്രാ മെെക്രോ 7.01 ഉം കൊച്ചിൻ ഷിപ്പ് യാർഡ് 6.37 ഉം പരസ് ഡിഫൻസ് 6.22 ഉം ശതമാനം കയറി.

നിഫ്റ്റി വെള്ളിയാഴ്ച 108.50 പോയിൻ്റ് (0.43%) ഉയർന്ന് 25,114. 00 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 355.97 പോയിൻ്റ് (0.44%) കയറി 81,904.70 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 139.70 പോയിൻ്റ് (0.26%) നേട്ടത്തോടെ 54,809.30 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 183.65 പോയിൻ്റ് (0.32%) ഉയർന്ന് 58,227.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 114.70 പോയിൻ്റ് (0.64%) കൂടി 17,989.90 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി മാറി. 1974 ഓഹരികൾ ഉയർന്നപ്പോൾ 2170 ഓഹരികൾ ഇടിഞ്ഞു. എന്നാൽ എൻഎസ്ഇയിൽ കയറ്റത്തിന് അനുകൂലമായിരുന്നു. ഉയർന്നത് 1559 എണ്ണം. താഴ്ന്നത് 1482 ഓഹരികൾ.

എൻഎസ്ഇയിൽ 79 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 33 എണ്ണമാണ്. 104 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 56 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 129.58 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1556.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി രണ്ടു ദിവസം 25,000 കടന്നു ക്ലോസ് ചെയ്തു. അവിടെ നിന്നു കുതിച്ചു കയറാനുള്ള പ്രധാന തടസം 25,250 -25,550 മേഖലയിലാണ് ഉണ്ടാകുക. തിരച്ചെടി നേരിട്ടാൽ 24,900 - 24,800 മേഖല പിന്തുണ നൽകും. ഇന്നു നിഫ്റ്റിക്ക് 25,055 ലും 25,000 ലും പിന്തുണ ലഭിക്കും. 25,135 ലും 25,200 ലും തടസങ്ങൾ ഉണ്ടാകും.

കമ്പനികൾ, വാർത്തകൾ

ടാറ്റാ ടെക്‌നോളജീസ് ജർമനിയിലെ എസ്-ടെക് ഗ്രൂപ്പിനെ 88 കോടി ഡോളറിനു വാങ്ങി. ടാറ്റാ ടെക് വിറ്റു വരവ് എട്ടു ശതമാനം വർധിക്കാൻ ഏറ്റെടുക്കൽ സഹായിക്കും എന്നു കരുതപ്പെടുന്നു. 500 രൂപയ്ക്ക് ഐപിഒ നടത്തിയ ടാറ്റാ ടെക് ഇപ്പോൾ 702.85 രൂപയിലാണ്. 1400 രൂപവരെ ഉയർന്നിരുന്നു.

ബസ്മതി അരി കയറ്റുമതി ചെയ്യുന്ന കെആർബിഎൽ ലിമിറ്റഡിലെ സ്വതന്ത്ര ഡയറക്ടർ അനിൽ കുമാർ ചൗധരി രാജിവച്ചു. കമ്പനിയുടെ ഭരണനിർവഹണം ശരിയായ രീതിയിലല്ല എന്നു കുറ്റപ്പെടുത്തിയാണു രാജി.

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് 34,720 വാട്ടർ പമ്പുകൾക്കു 374 കോടി രൂപയുടെ കരാർ ശക്തി പമ്പ്സിനു ലഭിച്ചു.

സ്വർണം ഉയർന്നു, വീണ്ടും താഴ്ന്നു

സ്വർണത്തിൽ ലാഭമെടുപ്പു തുടർന്നെങ്കിലും വില നാമമാത്രമായി ഉയർന്നു. ബുധനാഴ്ച ഫെഡ് തീരുമാനം വന്ന ശേഷമേ സ്വർണം വ്യക്തമായ ഗതി സ്വീകരിക്കു. വെള്ളിയാഴ്ച സ്പോട്ട് വിപണിയിൽ സ്വർണം 8.20 ഡോളർ കയറി ഔൺസിന് 3643.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3632 ഡോളറിലേക്കു താഴ്ന്നു.

അവധിവില 3695.50 ഡോളർ വരെ കയറിയിട്ട് 3680.70 ൽ അവസാനിച്ചു.

കേരളത്തിൽ 22 കാരറ്റ് പവൻവില വെള്ളിയാഴ്ച 560 രൂപ ഉയർന്ന് 81,600 രൂപയിൽ എത്തി. ശനിയാഴ്ച 80 രൂപ കുറഞ്ഞ് 81,520 രൂപ ആയി.

വെള്ളിവില കയറി ഔൺസിന് 42.25 ഡോളറിൽ എത്തി.

വെള്ളിയാഴ്ച ടിൻ ഒഴികെ വ്യാവസായിക ലോഹങ്ങൾ മികച്ച മുന്നേറ്റം നടത്തി. ചെമ്പ് ഏറെക്കാലത്തിനു ശേഷം 10,000 ഡോളറിനു മുകളിൽ എത്തി. 0.79 ശതമാനം കയറി ടണ്ണിന് 10,004.50 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 1.77 ശതമാനം കുതിച്ച് 2689.50 ഡോളറിൽ ക്ലോസ് ചെയ്തു. ടിൻ താഴ്ന്നപ്പോൾ ലെഡും സിങ്കും നിക്കലും ഉയർന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 0.29 ശതമാനം താഴ്ന്നു കിലോഗ്രാമിന് 173.80 സെൻ്റ് ആയി. കൊക്കോ 1.51 ശതമാനം കുറഞ്ഞ് ടണ്ണിന് 7197.94 ഡോളറിൽ എത്തി. കാപ്പി 3.14 ശതമാനവും തേയില 2.39 ശതമാനവും ഉയർന്നു. പാം ഓയിൽ വില 0.18 ശതമാനം കുറഞ്ഞു.

ഡോളർ സൂചിക

ഡോളർ സൂചിക വെള്ളിയാഴ്ച 97.49- 97.86 പരിധിയിൽ കയറിയിറങ്ങിയിട്ട് 97.55 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.65 ലാണു സൂചിക.

കറൻസി വിപണിയിൽ ഡോളർ നേരിയ നേട്ടം ഉണ്ടാക്കി. യൂറോ 1.1733 ഡോളറിലേക്കും പൗണ്ട് 1.3556 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.66 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.068 ശതമാനമായി കയറി.

വെള്ളിയാഴ്ച ഇന്ത്യൻ രൂപ നേട്ടത്തോടെ അവസാനിച്ചു. ഡോളർ 17 പൈസ താഴ്ന്ന് 88.27 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.12 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ കയറി

വാരാന്ത്യത്തിൽ ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം ഉയർന്നു. റിഫൈനറികൾക്കും പെെപ്പ്ലെെനുകൾക്കും തകരാർ വന്നതിനാൽ റഷ്യൻ എണ്ണകയറ്റുമതി തടസപ്പെടും എന്ന ആശങ്കയാണു കാരണം. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച 66.99 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.30 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 63.04 ഡോളറിലും മർബൻ ക്രൂഡ് 71.14 ഡോളറിലും ആണ്. പ്രകൃതിവാതക വില 1.25 ശതമാനം ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,15,300 ഡോളറിലേക്കും ഈഥർ 4625 ഡോളറിലേക്കും കയറി. സൊലാന 240 ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 സെപ്റ്റംബർ 12, വെള്ളി)

സെൻസെക്സ്30 81,904.70 +0.43%

നിഫ്റ്റി50 25,114.00 +0.43%

ബാങ്ക് നിഫ്റ്റി 54,809.30 +0.26%

മിഡ് ക്യാപ്100 58,227.20 +0.32%

സ്മോൾക്യാപ്100 17,989.90 +0.64%

ഡൗജോൺസ് 45,834.20 -0.59%

എസ്ആൻഡ്പി 6584.29 -0.05%

നാസ്ഡാക് 22,141.10 +0.45%

ഡോളർ($) ₹88.27 -₹0.17

സ്വർണം(ഔൺസ്) $3643.90 +$08.20

സ്വർണം(പവൻ) ₹81,600 +₹560

ശനി ₹81,520 -₹80

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.99 +$0.62

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT