ഇന്ത്യ - അമേരിക്ക വ്യാപാരചർച്ചയിലെ പുരോഗതി വിപണിയെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കും എന്നാണു പ്രതീക്ഷ. ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചയുടെ തുടർച്ച ഓൺലൈനായി നടക്കും.
ഇന്നലെ യുഎസ് വിപണികൾ താഴ്ന്നെങ്കിലും ഇന്നു ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ സമ്മിശ്രമാണ്. യുഎസ് ഫെഡ് ഇന്നു രാത്രി പലിശ തീരുമാനം പ്രഖ്യാപിക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,336.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,403 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഇന്നലെ ഡൽഹിയിൽ അമേരിക്കൻ അസിസ്റ്റൻ്റ് വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ത്യൻ വാണിജ്യ മന്ത്രാലയവുമായി ആറു മണിക്കൂർ ചർച്ച നടത്തി. ഫലപ്രദമായ ചർച്ച എന്നു രണ്ടു പക്ഷവും പറഞ്ഞെങ്കിലും എന്താണു ഫലം എന്നു വെളിപ്പെടുത്തിയില്ല.
ഇന്ന് 75-ാം വയസിലേക്കു കടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശംസ അറിയിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഫോണിൽ വിളിച്ചു. മോദി അതിനു നന്ദി പറഞ്ഞ് സമൂഹമാധ്യമ പോസ്റ്റും ഇട്ടു. അതിൽ വ്യാപാര ചർച്ചയെ പരാമർശിച്ചിരുന്നു. കാര്യങ്ങൾ നല്ല രീതിയിൽ പോകുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇന്ത്യ എന്തെല്ലാം കാര്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യണം, അമേരിക്ക ഏതു പിടിവാശി ഉപേക്ഷിക്കും എന്നിവ വ്യക്തമായിട്ടില്ല.
യുഎസ് - ചൈന വ്യാപാരചർച്ച തുടരും. നവംബറിൽ കരാർ ഉണ്ടാക്കാം എന്നാണു യുഎസ് ട്രഷറി സെകട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞത്. ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ടിക് ടോക്കിൽ ട്രംപ് നിർദേശിക്കുന്ന ഗ്രൂപ്പിന് നിക്ഷേപം അനുവദിക്കും എന്നാണു സൂചന. വെള്ളിയാഴ്ച ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി സംസാരിക്കുന്നുണ്ട്.
നവീൻ ജിൻഡൽ നയിക്കുന്ന ഇന്ത്യൻ സ്റ്റീൽ വ്യവസായ ഗ്രൂപ്പ് ജർമൻ ബഹുരാഷ്ട്ര ഗ്രൂപ്പായ ടൂസൻക്രപ്പിൻ്റെ (Thyssenkrupp) സ്റ്റീൽ വ്യവസായം ഏറ്റെടുക്കാൻ ശ്രമം തുടങ്ങി. ടൂസൻക്രപ്പിൻ്റെ ബോർഡ് ഓഫർ പരിഗണിക്കും എന്നു പറഞ്ഞു. വേറേ ചില ഗ്രൂപ്പുകളും വാങ്ങാൻ ശ്രമിക്കുന്നുണ്ട്. 200 വർഷം പഴക്കമുള്ളതാണു ടൂസൻക്രപ്പ് ഗ്രൂപ്പ്. ആയുധ നിർമാണമടക്കം പല ഘനവ്യവസായ മേഖലകളിലും ഗ്രൂപ്പ് ഉണ്ട്. 126 ലക്ഷം ടൺ സ്റ്റീൽ ശേഷി ഉള്ള ജിൻഡൽ ഗ്രൂപ്പ് 2030 ഓടെ ശേഷി 300 ലക്ഷം ടൺ ആക്കാൻ ലക്ഷ്യമിടുന്നു.ടൂസൻക്രപ്പ് ഓഹരികൾ ഇന്നലെ എട്ടു ശതമാനം വരെ ഉയർന്നിട്ടു നാലു ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ച ഇടിവിലായി. യുഎസ് പലിശ തീരുമാനത്തിലാണു വിപണിയുടെ ശ്രദ്ധ. ജർമൻ സൂചിക 1.77 ശതമാനം താഴ്ന്നു. യൂറോപ്യൻ ബാങ്ക് ഓഹരികൾക്കു വലിയ നഷ്ടം നേരിട്ടു.
അമേരിക്കൻ വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലായി. പലിശ കുറയ്ക്കൽ പ്രതീക്ഷിക്കുന്ന വിപണി പതിവ് ആശങ്കകളും ലാഭമെടുക്കലും മൂലമാണു താഴ്ന്നത്.
ടെസ്‌ല ഓഹരികൾ ഇന്നലെയും കയറിയപ്പോൾ എൻവിഡിയ താഴ്ന്നു.
വാർണർ ബ്രദേഴ്സ് -ഡിസ്കവറിയും അതു വാങ്ങാൻ ശ്രമിക്കുന്ന പാരമൗണ്ട് - സ്കൈഡാൻസും ഇന്നലെ താഴ്ന്നു.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 125.55 പോയിൻ്റ് (0.27%) താഴ്ന്ന് 45,757.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 8.52 പോയിൻ്റ് (0.13%) കുറഞ്ഞ് 6606.76 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 14.79 പോയിൻ്റ് (0.07%) താഴ്ന്ന് 22,333.96 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ ആദ്യം താഴ്ന്നിട്ടു കയറ്റത്തിലായി. ജാപ്പനീസ് കയറ്റുമതി നാലാം മാസവും താഴ്ന്നെങ്കിലും ഇടിവ് കുറഞ്ഞിട്ടുണ്ട്. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ് ഉയർന്നു.
ഇന്ത്യ- അമേരിക്ക വ്യാപാരചർച്ചയെ തുടർന്ന് ഇന്ത്യൻ വിപണി നേട്ടത്തിൻ്റെ പാതയിലേക്കു തിരിച്ചു കയറി. രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലാണു സൂചികകൾ.
ഇന്ത്യ - അമേരിക്ക ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും മോദി - ട്രംപ് സൗഹൃദം പഴയതു പോലെ ആയി എന്ന പ്രതീക്ഷയിലാണു വിപണി. അമേരിക്കൻ ഫെഡിൻ്റെ പലിശ തീരുമാനം ഇന്നു രാത്രി വരുന്നതിനെപ്പറ്റി മറ്റു വിപണികളെപ്പോലെ ഇന്ത്യൻ വിപണിയും ആശങ്ക പുലർത്തുന്നുണ്ട്. ഫെഡ് തീരുമാനം വിലക്കയറ്റം കൂട്ടുമാേ എന്നതാണ് ആശങ്കാവിഷയം.
എല്ലാ വ്യവസായമേഖലകളും ഇന്നലെ ഉയർന്നു. ഓട്ടോയും റിയൽറ്റിയും ഐടിയും കൺസ്യൂമർ ഡ്യൂറബിൾസും നേട്ടത്തിനു മുന്നിൽ നിന്നു.
റിയൽറ്റി കമ്പനികളുടെ കുതിപ്പാണ് ഇന്നലെ വിപണിയെ വലിയ താഴ്ചയിൽ നിന്നു രക്ഷിച്ചത്. പാെതുമേഖലാ ബാങ്കുകളും ഓയിൽ കമ്പനികളും ഉയർന്നു. വാഹനങ്ങളും ഐടിയും ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും താഴ്ചയുടെ മുന്നിൽ നിന്നു.
നിഫ്റ്റി ഇന്നലെ 169.90 പോയിൻ്റ് (0.68%) ഉയർന്ന് 25,239.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 594.95 പോയിൻ്റ് (0.73%) കുതിച്ച് 82,380.69 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 259.75 പോയിൻ്റ് (0.47%) നേട്ടത്തോടെ 55,147.60 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 313.45 പോയിൻ്റ് (0.54%) ഉയർന്ന് 58,799.55 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 171.35 പോയിൻ്റ് (0.95%) കയറി 18,298.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2471 ഓഹരികൾ ഉയർന്നപ്പോൾ 1660 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2001 എണ്ണം. താഴ്ന്നത് 1057 ഓഹരികൾ.
എൻഎസ്ഇയിൽ 110 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 30 എണ്ണമാണ്. 117 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 41 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 308.32 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1518.73 കോടി രൂപയുടെ ഓഹരികളും വാങ്ങി.
നിഫ്റ്റി പ്രാരംഭതടസ മേഖല കടന്നു ക്ലോസ് ചെയ്തത് പ്രതീക്ഷ നൽകുന്നു. 24,150 ഇനി പിന്തുണ നിലയായി മാറാം. ഇന്നു നിഫ്റ്റിക്ക് 25,115 ലും 25,000 ലും പിന്തുണ ലഭിക്കും. 25,265 ലും 25,310 ലും തടസങ്ങൾ ഉണ്ടാകും.
ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം ഇന്നു രാത്രി നടക്കാനിരിക്കെ സ്വർണം വീണ്ടും കുതിച്ചു കയറി. ഡോളറിൻ്റെ ദൗർബല്യവും സ്വർണത്തിനു താങ്ങായി. ചൊവ്വാഴ്ച സ്പോട്ട് വിപണിയിൽ സ്വർണം ഔൺസിന് 3703.20 ഡോളർ വരെ കയറിയിട്ടു താഴ്ന്ന് 9.60 ഡോളർ നേട്ടത്തോടെ 3691.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3696 ലേക്കു കയറിയെങ്കിലും 3680 ഡോളറിലേക്ക് ഇടിഞ്ഞു. ലാഭമെടുക്കലുകാർ ഏഷ്യൻ വ്യാപാരത്തിൽ വിൽപനക്കാരായതാണ് താഴ്ചയ്ക്കു കാരണം.
അവധിവില 3732.30 ഡോളർ വരെ കയറിയിട്ട് താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് പവൻവില ചൊവ്വാഴ്ച 640 രൂപ കയറി 82,080 രൂപ എന്ന റെക്കോർഡ് കുറിച്ചു.
വെള്ളിവില കയറി ഔൺസിന് 42.5 ഡോളറിൽ എത്തി.
വിലക്കയറ്റം ഉയർന്നു നിൽക്കുമ്പോൾ പലിശ കുറയ്ക്കലിലേക്കു ഫെഡ് നീങ്ങുന്നതു സ്വർണത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു എന്നാണു വിലയിരുത്തൽ. ഫെഡ് നടപടി വിലക്കയറ്റം കൂട്ടും. ഡോളർ വീണ്ടും ദുർബലമാകും. ഇന്നലെ ഡോളർ സൂചിക 97 നു താഴേക്കു നീങ്ങിയതു സൂചനയാണ്.
ഡോളർ നിക്ഷേപങ്ങളിൽ നിന്നു സ്വർണത്തിലേക്കു വലിയ ഫണ്ടുകളും അതിസമ്പന്നരും മാത്രമല്ല കേന്ദ്ര ബാങ്കുകളും തിരിയുന്നുണ്ട്. വ്യാവസായിക ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളിവിലയും കുതിക്കുകയാണ്. 2025 ജനുവരി മുതൽ ഇതുവരെ സ്വർണം 42 ശതമാനവും വെള്ളി 46 ശതമാനവും കയറി.
ഇക്കൊല്ലം സ്വർണം ഔൺസിന് 4000 ഡോളറും വെള്ളി ഔൺസിന് 50 ഡോളറും എത്തുന്നതിനെപ്പറ്റി നിക്ഷേപ ബാങ്കുകളും ബ്രോക്കർമാരും പറയുന്നുണ്ട്. എന്നാൽ ചില ബ്രോക്കർമാർ വർഷാവസാന ലക്ഷ്യം സ്വർണത്തിന് 4200 ഡോളർ ആയി ഉയർത്തിയിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. ചെമ്പ് വീണ്ടും 10,000 ഡോളറിനു മുകളിൽ കയറി. ഈ വർഷം ഇതുവരെ 16 ശതമാനം കയറ്റത്തിലാണു ചെമ്പ്. ഇന്നലെ ചെമ്പ് 0.86 ശതമാനം ഉയർന്നു ടണ്ണിന് 10,071.40 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.34 ശതമാനം കയറി 2714.08 ഡോളറിൽ അവസാനിച്ചു. ലെഡും ടിന്നും നിക്കലും താഴ്ന്നു, സിങ്ക് ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 0.64 ശതമാനം കയറി കിലോഗ്രാമിന് 174.20 സെൻ്റ് ആയി. കൊക്കോ 3. 63 ശതമാനം താഴ്ന് ടണ്ണിന് 7366.33 ഡോളറിൽ എത്തി. കാപ്പി 3.10 ശതമാനം താഴ്ന്നു, തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വിലയിൽ മാറ്റമില്ല.
ഡോളർ സൂചിക ചൊവ്വാഴ്ച 96 നു താഴെയായി. 96.63 ലാണു സൂചിക ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 96.58 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. നാലു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണു ഡോളറിൻ്റെ വിനിമയ നിരക്ക്. യൂറോ 1.1868 ഡോളറിലേക്കും പൗണ്ട് 1.3656 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 146.25 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കയറി. അവയിലെ നിക്ഷേപനേട്ടം 4.028 ശതമാനമായി കുറഞ്ഞു. പലിശ കുറയ്ക്കൽ യുഎസിൻ്റെ കടപ്പത്രങ്ങൾ വിറ്റൊഴിയുന്നതിനു പലരെയും പ്രേരിപ്പിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഇന്ത്യൻ രൂപ മിതമായ നേട്ടത്തോടെ അവസാനിച്ചു. ഡോളർ 16 പൈസ താഴ്ന്ന് 88.05 രൂപയിൽ ക്ലോസ് ചെയ്തു. ഡോളറിനു രാജ്യാന്തര വിപണികളിൽ ഉണ്ടാകുന്ന ദൗർബല്യമാണ് രൂപയ്ക്കു തുണയായത്.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.11 യുവാൻ എന്ന നിലയിലേക്കു കയറി. യുവാനെ സാവകാശം ഉയർത്താനാണ് ചൈനീസ് കേന്ദ്രബാങ്ക് ഉദ്ദേശിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഇന്നലെയും കയറ്റം തുടർന്നു. വിപണിയിൽ റഷ്യൻ എണ്ണ കുറയും എന്ന സൂചനയിലാണിത്. ഇന്ത്യ - യുഎസ് വ്യാപാര ചർച്ച ഇന്ത്യയെ റഷ്യൻ എണ്ണയിൽ നിന്ന് മാറ്റുമോ എന്നാണു വിപണി ഉറ്റു നോക്കുന്നത്. ഇന്ത്യ പശ്ചിമേഷ്യയിൽ നിന്നു കൂടുതൽ എണ്ണ വാങ്ങും എന്ന സൂചന വ്യാപാര കേന്ദ്രങ്ങൾ നൽകുന്നു. ബ്രെൻ്റ് ഇനം ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം കയറി 68.53 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.66 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 64.57 ഡോളറിലും മർബൻ ക്രൂഡ് 71.55 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,16,700 ഡോളറിലേക്കു കയറി. ഈഥർ 4515 ഡോളറിലേക്കു താഴ്ന്നു. സൊലാന 237 ഡോളറിൽ എത്തി.
(2025 സെപ്റ്റംബർ 16, ചൊവ്വ)
സെൻസെക്സ്30 82,380.69 +0.73%
നിഫ്റ്റി50 25,239.10 +0.68%
ബാങ്ക് നിഫ്റ്റി 55,147.60 +0.47%
മിഡ് ക്യാപ്100 58,799.55 +0.54%
സ്മോൾക്യാപ്100 18,298.35 +0.95%
ഡൗജോൺസ് 45,757.90 -0.27%
എസ്ആൻഡ്പി 6606.76 -0.13%
നാസ്ഡാക് 22,333.96 -0.07%
ഡോളർ($) ₹88.05 -₹0.16
സ്വർണം(ഔൺസ്) $3691.10 +$09.60
സ്വർണം(പവൻ) ₹82,080 +₹640
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.47 +$1.03
Read DhanamOnline in English
Subscribe to Dhanam Magazine