ആഗോള വിപണികൾ ദുർബലം; ക്രൂഡ് ഓയിൽ കയറുന്നു; രാജ്യാന്തര സംഘർഷമേഖലകളിൽ സ്ഥിതി മോശമാകുന്നു. രൂപ കുത്തനേ ഇടിക്കന്നു. വിപണിക്കു മുന്നേറാൻ സാധ്യത കുറയുന്നു.
വാഷിംഗ്ടണിൽ നടക്കുന്ന ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ച കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ പറ്റുമോ എന്നും അറിവായിട്ടില്ല.
ജിഎസ്ടി കുറയ്ക്കലിൻ്റെ പേരിൽ സമ്പന്ന രാഷ്ട്ര ഗവേഷണ കേന്ദ്രമായ ഒഇസിഡി ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 6.7 ശതമാനമായി ഉയർത്തി. എന്നാൽ റേറ്റിംഗ് ഏജൻസി മുൻപത്തെ 6.5 ശതമാനം പ്രതീക്ഷ നിലനിർത്തിയതേ ഉള്ളൂ.
സ്വർണം ലോകവിപണിയിലെ വലിയ കുതിപ്പിനു ചെറിയ വിരാമം ഇന്നു രാവിലെ കണ്ടു. എങ്കിലും ഹ്രസ്വകാല ഗതി മുകളിലോട്ടാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,217.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,176 വരെ ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നും നല്ല നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. എൻവിഡിയ -ഓപ്പൺ എഐ സഖ്യം യൂറോപ്പിലെ കംപ്യൂട്ടർ ചിപ്പ് ഓഹരികളെ ഉയർത്തി. ആഗോള വളർച്ച പ്രതീക്ഷ ഉയർത്തിയ ഒഇസിഡി റിപ്പോർട്ട് വിപണിക്ക് കരുത്തായി.
മൂന്നു ദിവസം തുടർച്ചയായി ഉയർന്ന അമേരിക്കൻ സൂചികകൾ ഇന്നലെ താഴ്ന്നു. രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ വിപണിയെ ഇടിച്ചിട്ടതു ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലാണ്. യുഎസ് ഓഹരികൾ അമിതവിലയിൽ ആണെന്നു പവൽ ഒരു പ്രസംഗത്തിൽ പറഞ്ഞു. ദിവസേന എന്നോണം സൂചികകൾ റെക്കോർഡ് തിരുത്തുന്ന സാഹചര്യത്തിലാണു പവലിൻ്റെ മുന്നറിയിപ്പ്.
നിർമിതബുദ്ധി സമ്പദ്ഘടനയെ മാറ്റിമറിക്കുന്നു എന്ന വിശ്വാസത്തിൽ നിക്ഷേപസ്ഥാപനങ്ങളും ഫണ്ടുകളും വ്യക്തികളും അമിതാവേശത്തോടെ വിപണികളിൽ പ്രവർത്തിക്കുന്നു എന്ന വിമർശനം നിരവധി നിക്ഷേപ വിദഗ്ധർ കഴിഞ്ഞ ആഴ്ചകളിൽ നടത്തിയിരുന്നു. അത് 2000 ലെ ഡോട്ട് കോം മാനിയയെ അനുസ്മരിപ്പിക്കുന്നു എന്നാണു പലരും മുന്നറിയിപ്പ് നൽകിയത്. എൻവിഡിയ ഓപ്പൺ എഐയിൽ 10,000 കോടി ഡോളർ നിക്ഷേപിക്കുന്നു എന്ന പ്രഖ്യാപനം തിങ്കളാഴ്ച വിപണിയെ കുതിപ്പിച്ചു. എന്നാൽ പലരും അതിൽ അപകടം കണ്ടു. തങ്ങളുടെ ഗ്രാഫിക് പ്രോസസർ യൂണിറ്റുകൾ ഉപയോഗിച്ചു ഡാറ്റാ സെൻ്റർ നടത്താൻ ഓപ്പൺ എഐക്ക് എൽവിഡിയ പണം നൽകുന്നതാണ് ഈ ഇടപാട് എന്നു വിമർശകർ പറഞ്ഞു. എൻവിഡിയ കൊടുക്കുന്ന പണം തിരിച്ച് അവരുടെ കൈയിൽ എത്തുന്ന ഒരു സർക്കുലർ ഇടപാട്. ഡോട്ട് കോം കുമിളയുടെ കാലത്തും എൻറോൺ തട്ടിപ്പ് കാലത്തും ഒക്കെ ഇത്തരം സർക്കുലർ ഇടപാടുകൾ നടന്നിരുന്നു. അതുവഴി വിപണികൾ കുറേക്കാലം കുതിച്ചു കയറുകയും ചെയ്തു.
ഈ വിമർശനങ്ങൾ ഇന്നലെ രാവിലത്തെ ഉയരത്തിൽ നിന്നു യുഎസ് വിപണികളെ ഒരു ശതമാനം താഴ്ത്തി. ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 88.76 പോയിൻ്റ് (0.19%) താഴ്ന്ന് 46,292.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 36.83 പോയിൻ്റ് (0.55%) നഷ്ടത്തോടെ 6656.92 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 215.50 പോയിൻ്റ് (0.95%) ഇടിഞ്ഞ് 22,573.47 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നും നാമമാത്ര നേട്ടത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയോടെ തുടങ്ങി. ജാപ്പനീസ് വിപണി 0.60 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും ദുർബലമായി. ഹോങ് കോങ്, ചൈനീസ് വിപണികൾ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി.
എച്ച് വൺ ബി വീസ വിഷയവും വിദേശ നിക്ഷേപകരുടെ വിൽപനയും രൂപയുടെ താഴ്ചയും ഇന്നലെ ഇന്ത്യൻ വിപണിയെ താഴ്ത്തി. കയറാൻ പലവട്ടം ശ്രമിച്ചിട്ടും നിരന്തരമായ വിൽപന സമ്മർദത്തിൽ സൂചികകൾ നാമമാത്ര നഷ്ടത്തിലേക്കു മാറി.
നിഫ്റ്റി 32.85 പോയിൻ്റ് (0.13%) താഴ്ന്ന് 25,169.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 57.87 പോയിൻ്റ് (0.07%) കുറഞ്ഞ് 82,102.10 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 225.00 പോയിൻ്റ് (0.41%) നേട്ടത്തോടെ 55,509.75 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 202.90 പോയിൻ്റ് (0.35%) താഴ്ന്ന് 58,496.60 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 97.15 പോയിൻ്റ് (0.53%) കുറഞ്ഞ് 18,191.75 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1709 ഓഹരികൾ ഉയർന്നപ്പോൾ 2453 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1329 എണ്ണം. താഴ്ന്നത് 1714 ഓഹരികൾ.
എൻഎസ്ഇയിൽ 126 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 54 എണ്ണമാണ്. 95 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 62 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 3551.19 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2670.87 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ദുർബലമായി തുടരും എന്നാണു നിരീക്ഷകർ കരുതുന്നത്. ഇന്നലെ നിഫ്റ്റിക്കു ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്കു മുകളിൽ 25,169 ൽ ക്ലാേസ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് പോസിറ്റീവ് ഘടകം. 25,000-25,400 മേഖലയിൽ സൂചിക തുടർന്നാൽ ഒരു സമാഹരണത്തിനു ശേഷം മുന്നേറ്റം തുടരാനാകും. മറിച്ച് 25,000ലെ താങ്ങ് നഷ്ടമായാൽ താഴ്ച വലുതാകും. ഇന്നു നിഫ്റ്റിക്ക് 25,100 ലും 25,000 ലും പിന്തുണ ലഭിക്കും. 25,240 ലും 25,350 ലും തടസങ്ങൾ ഉണ്ടാകും.
കേരളത്തിലെ 1115 കോടി രൂപയുടെ വ്യവസായ ഇടനാഴി നിർമാണത്തിനുള്ള കോൺട്രാക്ടിൽ ദിലീപ് ബിൽഡ് കോൺ ഏറ്റവും താഴ്ന്ന ടെൻഡർ നൽകിയ കമ്പനി ആയി. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര -പുതുശേരി മേഖലയിലാണിത് നിർമിക്കേണ്ടത്.
ബൈക്ക് ടാക്സി ഓപ്പറേറ്ററായ റാപ്പിഡോയിലെ 2399 കോടി രൂപയുടെ ഓഹരികൾ സ്വിഗ്ഗി ഇന്നു വിൽക്കും.
സ്വീഡനിലെ വോൾവോ കമ്പനിയുടെ ഐടി സംവിധാനം പരിഷ്കരിക്കാനുള്ള വലിയ കരാർ പുതുക്കിയതായി എച്ച്സിഎൽ ടെക്നോളജീസ് അറിയിച്ചു.
ആക്സോ നൊബേലിലെ അഞ്ചു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കുമെന്ന് ഐസിഐ അറിയിച്ചു.
മോർഫി റിച്ചാർഡ്‌സ് ബ്രാൻഡ് ഐറിഷ് കമ്പനിയിൽ നിന്നു 146 കോടി രൂപയ്ക്ക് വാങ്ങിയതായി ബജാജ് ഇലക്ട്രിക്കൽസ് വെളിപ്പെടുത്തി.
ന്യൂസോൺ ഇന്ത്യ, ന്യൂസോൺ പവർ എന്നീ കമ്പനികളിൽ ടൊറൻ്റ് പവർ 49 ശതമാനം ഓഹരി വാങ്ങി.
സ്വർണം വലിയ കുതിപ്പ് തുടർന്നു. സ്പോട്ട് സ്വർണം 3790 ഡോളർ വരെ കയറിയിട്ട് അര ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഇന്നലെ ഓഹരികളുടെ വില അമിതമാണെന്നു വിലയിരുത്തിയത് സ്വർണത്തിന് ഇനിയും കയറ്റം ഉണ്ടാകുമെന്നു സൂചിപ്പിച്ചു. ഓഹരികൾ ദുർബലമായാൽ സ്വർണം കയറുന്നതാണു ചരിത്രം.
ചൈന ഷാങ് ഹായ് സ്വർണ എക്സ്ചേഞ്ചിൽ നിന്നു വലിയ തോതിൽ സ്വർണം വാങ്ങി സമാഹരിക്കുന്നുണ്ട്. മിത്രരാജ്യങ്ങളോടു സ്വർണം വാങ്ങി ചൈനയിൽ സൂക്ഷിക്കാനും ചൈന ആവശ്യപ്പെടുന്നുണ്ട്. ഒരു കാലത്തു ബ്രിട്ടനും സ്വിറ്റ്സർലൻഡും പിന്നീട് അമേരിക്കയും ഇങ്ങനെ മറ്റു രാജ്യങ്ങളുടെ സ്വർണസൂക്ഷിപ്പുകാരായിട്ടുണ്ട്. സൂക്ഷിക്കാൻ ഏൽപിച്ച സ്വർണവും ആ രാജ്യങ്ങളുടെ സ്വർണശേഖര ഭാഗം ആകും. അതു രാജ്യത്തിൻ്റെ റേറ്റിംഗ് കൂട്ടുന്ന കാര്യമായി മാറുകയും ചെയ്യും.
ചൈന വാങ്ങൽ വർധിപ്പിച്ചെങ്കിലും മറ്റു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ കുറയ്ക്കുന്നതാണു ജൂലൈ - സെപ്റ്റംബർ പാദത്തിൽ കാണുന്നത്.
3800 ഡോളറിൻ്റെ അടുത്ത് എത്തിയ സ്വർണം കയറ്റം തുടരും എന്നാണ് മിക്ക നിരീക്ഷകരും ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ഏപ്രിലിൽ യാർദെനി റിസർച്ചിൻ്റെ പ്രസിഡൻ്റ് എഡ് യാർദെനി 2025 അന്ത്യത്തിൽ 4000 ഡോളറും 2026-ൽ 5000 ഡോളറും ആണു പ്രവചിച്ചിരുന്നത്. ആ നിലവാരവും കടന്നു പോകുന്ന രീതിയിലാണ് ഈ ദിവസങ്ങളിലെ കയറ്റം. ഇക്കൊല്ലം ഇതുവരെ സ്വർണം 42 ശതമാനം കുതിച്ചു. വെള്ളിയും കയറ്റം തുടർന്നു.
ഇന്നലെ ലോകവിപണിയിൽ സ്പോട്ട് സ്വർണം ഒന്നര ശതമാനം കുതിച്ച് ഔൺസിന് 3790.24 ഡോളറിൽ എത്തിയ ശേഷം 3767 ഡോളറിൽ ക്ലോസ് ചെയ്തു. ലാഭമെടുക്കൽ ആണ് വില കുറച്ചത്. ഇന്നു രാവിലെ വില 3757 ഡോളറിൽ എത്തി.
അവധിവില 3824 ഡോളർ വരെ കയറിയിട്ട് ഇന്നലെ 3815 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അവധി വില 3795 ഡോളറിലാണ്.
കേരളത്തിൽ 22 കാരറ്റ് പവൻവില ചൊവ്വാഴ്ച രണ്ടു തവണയായി 1920 രൂപ വർധിച്ച് 84,840 രൂപയിൽ എത്തി. മാസാരംഭത്തിലെ 77,640 രൂപയിൽ നിന്ന് 7200 രൂപ അധികം. രാജ്യാന്തരവില താഴ്ന്നു നിന്നാൽ ഇന്ന് കേരളത്തിൽ നാമമാത്ര കുറവ് ഉണ്ടാകാം. ഇന്നു സ്വർണം വിദേശത്തു കയറ്റം തുടരുകയോ രൂപ ദുർബലമാകുകയോ രണ്ടും കൂടി ഒന്നിച്ചു സംഭവിക്കുകയോ ചെയ്താൽ പവൻ 85,000 രൂപ കടക്കും.
വെള്ളിവില ഔൺസിന് 44.2 ഡോളറിൽ എത്തിയിട്ടു താഴ്ന്നു.
നിക്കൽ ഒഴികെ വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച താഴ്ന്നു. ചെമ്പ് 0.24 ശതമാനം താഴ്ന്നു ടണ്ണിന് 9897.50 ഡോളറിൽ എത്തി. അലൂമിനിയം 0.22 ശതമാനം താഴ്ന്ന് 2640.13 ഡോളറിൽ അവസാനിച്ചു. ലെഡും സിങ്കും ടിന്നും താഴ്ന്നു. നിക്കൽ കയറി.
രാജ്യാന്തര വിപണിയിൽ റബർ വില 0.94 ശതമാനം ഉയർന്ന് കിലോഗ്രാമിന് 171.90 സെൻ്റ് ആയി. കൊക്കോ 0.58 ശതമാനം കയറി ടണ്ണിന് 6999.35 ഡോളറിൽ എത്തി. കാപ്പി 4.17 ശതമാനം കുറഞ്ഞു. തേയില മാറ്റമില്ലാതെ നിന്നു. പാം ഓയിൽ വില 2.27 ശതമാനം താഴ്ന്നു.
ഡോളർ സൂചിക ചൊവ്വാഴ്ച അൽപം താഴ്ന്ന് 97.26 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.23 ലേക്ക് താഴ്ന്നിട്ട് 97.32 ലേക്കു കയറി. 95 ലേക്കാണു സൂചികയുടെ യാത്ര എന്നാണു ജെപി മോർഗൻ ബാങ്കിൻ്റെ വിലയിരുത്തൽ. അടുത്ത ജൂണിൽ സൂചിക 92 ൽ എത്തുമെന്നും അവർ കണക്കാക്കുന്നു.
കറൻസി വിപണിയിൽ ഡോളർ ദുർബലമായി തുടരുന്നു. യൂറോ 1.1808 ഡോളറിലേക്കും പൗണ്ട് 1.3517 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.56 യെൻ എന്ന നിരക്കിലേക്കു കയറി.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം ഉയർന്നു. അവയിലെ നിക്ഷേപനേട്ടം 4.106 ശതമാനമായി കുറഞ്ഞു.
ചൊവ്വാഴ്ച ഇന്ത്യൻ രൂപ കുത്തനേ ഇടിഞ്ഞു. വ്യാപാരത്തിനിടെ 88.80 രൂപ എന്ന റെക്കോർഡ് വരെ ഡോളർ എത്തി. ഒടുവിൽ 88.76 രൂപ എന്ന ക്ലോസിംഗ് റെക്കോർഡ് കുറിച്ചു.
ഒരു വർഷം കൊണ്ട് ഡോളറിനോടുളള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ 5.86 ശതമാനം ഇടിഞ്ഞു. പ്രധാന ഏഷ്യൻ കറൻസികളിൽ 8.88 ശതമാനം ഇടിഞ്ഞ ഇന്തോനീഷൻ റുപ്പയയുടെ പിന്നിലാണ് ഇന്ത്യ. ദക്ഷിണ കൊറിയയും മറ്റും കൂടുതൽ മെച്ചപ്പെട്ട നിലയിലാണ്. ഡിസംബറോടെ ഡോളർ 89.5 രൂപയിൽ എത്തുമെന്നു നിരീക്ഷകർ കരുതുന്നു. എന്നാൽ ഡോളർ കൂടുതൽ ഉയരും എന്നാണു വിദേശ വിലയിരുത്തൽ.
കയറ്റുമതിയിലെ തിരിച്ചടിക്കു പുറമേ എച്ച് വൺ ബി വീസ വിഷയം കൂടി വന്നത് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും. ഏപ്രിൽ - ജൂണിൽ 240 കോടി ഡോളറായിരുന്നു കമ്മി. അടുത്ത പാദങ്ങളിൽ അതു കൂടും. അമേരിക്കയിലേക്ക് ഐടി ജീവനക്കാരെ അയയ്ക്കാൻ പറ്റാതെ വരുന്നതും മറ്റു സാഹചര്യങ്ങളും അവിടെ നിന്ന് ഇങ്ങോട്ടുള്ള പണമൊഴുക്ക് കുറയ്ക്കുന്നുണ്ട്. അമേരിക്കയ്ക്കു പകരം കയറ്റുമതിയിൽ പ്രതീക്ഷ വയ്ക്കാവുന്ന യൂറോപ്യൻ യൂണിയനും യുകെയും മാന്ദ്യത്തിൻ്റെ വക്കിൽ ആയത് കണക്കുട്ടലുകളെ തെറ്റിച്ചു. ഇതൊക്കെ ഡോളറിനെ 90-92 രൂപ മേഖലയിലേക്ക് കയറ്റും എന്നു കരുതുന്നവർ ഉണ്ട്.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.11 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയാണ്. റഷ്യൻ ക്രൂഡ് വാങ്ങുന്നതിന് എതിരായ സമ്മർദം യുഎസ് പ്രസിഡൻ്റ് വർധിപ്പിച്ചു വരികയാണ്. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് വാങ്ങൽ കുറച്ചേക്കും. ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിനുള്ള ഉപാധികളിൽ ഒന്നും റഷ്യൻ ക്രൂഡ് വാങ്ങൽ ഉപേക്ഷിക്കലാണ്. ഇന്ത്യ ഇതുവരെയും ചെറുത്തു നിൽക്കുകയാണ്. ആ നിലപാട് മാറിയാൽ ക്രൂഡ് ഓയിൽ 75-80 ഡോളർ മേഖലയിലേക്കു കയറാം.
ചൊവ്വാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 67.63 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു ബ്രെൻ്റ് ഇനം 67.88 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ 63.72 ഡോളറിലും മർബൻ ക്രൂഡ് 70.16 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.5 ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ വലിയ ഇടിവിലായി. ബിറ്റ് കോയിൻ ഇന്നു രാവിലെ 1,12,250 ഡോളറിലേക്കു താഴ്ന്നു. ഈഥർ 4170 ഡോളറിലും സൊലാന 215 ഡോളറിലും തുടരുന്നു.
(2025 സെപ്റ്റംബർ 23, ചൊവ്വ)
സെൻസെക്സ്30 82,102.10 -0.07%
നിഫ്റ്റി50 25,169.50 -0.13%
ബാങ്ക് നിഫ്റ്റി 55,509.75 +0.41%
മിഡ് ക്യാപ്100 58,496.60 -0.35%
സ്മോൾക്യാപ്100 18,191.75 -0.53%
ഡൗജോൺസ് 46,292.78 -0.19%
എസ്ആൻഡ്പി 6656.92 -0.55%
നാസ്ഡാക് 22,573.47 -0.95%
ഡോളർ($) ₹88.76 +₹0.45
സ്വർണം(ഔൺസ്) $3767.10 +$ 27.00
സ്വർണം(പവൻ) ₹84,840 +₹1920
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.63 +$1.07
Read DhanamOnline in English
Subscribe to Dhanam Magazine