Morning business news canva
Markets

രൂപയും പലിശയും നിര്‍ണായകം; വിപണിയില്‍ അനിശ്ചിതത്വം; പാശ്ചാത്യ വിപണികള്‍ താഴ്ന്നു; ഏഷ്യയില്‍ കയറ്റം; സ്വര്‍ണം കയറിയിറങ്ങി; ക്രിപ്‌റ്റോകള്‍ ഇടിയുന്നു

നാളെ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞു എന്ന വിലയിരുത്തലും വിപണിയില്‍ ഉണ്ട്. ഉയര്‍ന്ന വളര്‍ച്ച കാണിക്കുമ്പോള്‍ പലിശ കുറയ്ക്കുന്നതു വിരോധാഭാസം ആകും എന്നും വ്യാഖ്യാനമുണ്ട്

T C Mathew

രണ്ടാം പാദ ജിഡിപി വളര്‍ച്ചയുടെ കണക്കിനെ അവിശ്വസിക്കുന്നവരെ ശരി വച്ചു കൊണ്ട് ഒക്ടോബറിലെ വ്യവസായ ഉല്‍പാദനം, നവംബറിലെ ഫാക്ടറി പ്രവര്‍ത്തനം, ഒക്ടോബറിലെ വ്യാപാരങ്ങള്‍ക്കു നവംബറില്‍ പിരിച്ച ജിഎസ്ടി എന്നിവ പുറത്തുവന്നു. എല്ലാം താഴോട്ടാണ്. മികച്ച ജിഡിപി കണക്ക് വന്നിട്ടും തിങ്കളാഴ്ച വിപണി താഴ്ന്നത് രൂപയുടെ വീഴ്ച കൊണ്ടു മാത്രമല്ലെന്ന് ഇവ കാണിക്കുന്നു.

പ്രതിവാര സെറ്റില്‍മെന്റ് ദിനമായ ഇന്നും വിപണി അല്‍പം താഴ്‌ന്നേക്കാം. വിദേശത്തു ഡോളര്‍ തിരിച്ചു കയറുന്നത് ഇന്നു രൂപയെ താഴ്ത്തിയേക്കാം. ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ സംബന്ധിച്ച് ആരും ഒന്നും പറയാത്തത് ആശങ്ക കൂട്ടുന്നു.

നവംബറിലെ ജിഎസ്ടി പിരിവ് നാമമാത്രമായ വളര്‍ച്ചയേ കാണിച്ചുള്ളൂ. ആഭ്യന്തര ജിഎസ്ടി 2.3 ശതമാനം കുറഞ്ഞു. ഇറക്കുമതിയിലെ 10 ശതമാനം വളര്‍ച്ചയാണു നികുതി പിരിവ് കുറയാതിരിക്കാന്‍ സഹായിച്ചത്.

ഒക്ടോബറിലെ വ്യവസായ ഉല്‍പാദന വളര്‍ച്ച 0.4 ശതമാനം മാത്രമാണ്. 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. സെപ്റ്റംബറില്‍ 4.6 ശതമാനം വര്‍ധിച്ചിരുന്നു ഫാക്ടറി ഉല്‍പാദന വളര്‍ച്ച 1.8 ശതമാനം മാത്രം.

നവംബറിലെ ഫാക്ടറി ഉല്‍പാദനത്തിന്റെ പിഎംഐ സൂചിക 56.6 ആയി കുറഞ്ഞു. ഒക്ടോബറില്‍ 59.2ആയിരുന്നു.

ഇത്തരം നെഗറ്റീവ് കണക്കുകള്‍ക്കിടയില്‍ ഇന്നലെ യുഎസ് വിപണി താഴ്ന്നതും ഇന്ന് ക്ഷീണം ചെയ്യാം. നാളെ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞു എന്ന വിലയിരുത്തലും വിപണിയില്‍ ഉണ്ട്. ഉയര്‍ന്ന വളര്‍ച്ച കാണിക്കുമ്പോള്‍ പലിശ കുറയ്ക്കുന്നതു വിരോധാഭാസം ആകും എന്നും വ്യാഖ്യാനമുണ്ട്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി തിങ്കളാഴ്ച രാത്രി 26,342.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,364 വരെ കയറിയിട്ടു താഴ്ന്ന് 26,315 ആയി. ഇന്ത്യന്‍ വിപണി ഇന്നു ദുര്‍ബലനിലയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പില്‍ നഷ്ടം

യൂറോപ്യന്‍ വിപണികള്‍ക്കു ഡിസംബറിന്റെ തുടക്കം നഷ്ടത്തോടെയായി. എല്ലാ പ്രാദേശിക സൂചികകളും ചുവപ്പിലായി. ഇന്നു 6 മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നടത്തുന്ന ചര്‍ച്ചയിലാണ് വിപണിയുടെ ശ്രദ്ധ. യുക്രെയ്ന്‍ അംഗീകരിച്ച പുതിയ 19 ഇന സമാധാന കരാറാണു ചര്‍ച്ച ചെയ്യുക. യൂറോപ്പിലെ പ്രതിരോധ ഓഹരികള്‍ ഇന്നലെയും ഇടിഞ്ഞു. എ 320 വിമാനങ്ങളിലെ സോഫ്റ്റ്വേര്‍ പ്രശ്‌നം തീര്‍ന്നെങ്കിലും നിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയുടെ ഓഹരി 5.8 ശതമാനം ഇടിഞ്ഞു.

യുഎസ് താഴ്ചയില്‍

തുടര്‍ച്ചയായ അഞ്ചു ദിവസം നേട്ടമുണ്ടാക്കിയ യുഎസ് വിപണി ഇന്നലെ നഷ്ടത്തിലായി. ക്രിപ്റ്റാേകറന്‍സികളുടെ തകര്‍ച്ചയാണു പ്രധാനകാരണം. ക്രിപ്‌റ്റോകള്‍ ഇടിഞ്ഞപ്പോള്‍ അവ ഈടു നല്‍കി പണമെടുത്ത പല നിക്ഷേപകരും ബുദ്ധിമുട്ടിലായി.

പ്രോസസര്‍ ഡിസൈനിംഗില്‍ പരിചയ സമ്പന്നരായ സിനോപ്‌സിസില്‍ നിര്‍മിതബുദ്ധി ഭീമന്‍ എന്‍വിഡിയ 200 കോടി ഡോളര്‍ നിക്ഷേപിച്ചു. സിനോപ്‌സിസ് ഓഹരി 4.85 ഉം എന്‍വിഡിയ 1.65 ഉം ശതമാനം ഉയര്‍ന്നു.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 427.09 പോയിന്റ് (0.90%) ഇടിഞ്ഞ് 47,289.33 ലും എസ് ആന്‍ഡ് പി 500 സൂചിക 36.46 പോയിന്റ് (0.53%) താഴ്ന്ന് 6812.63 ലും നാസ്ഡാക് കോംപസിറ്റ് 89.76 പോയിന്റ് (0.38%) നഷ്ടത്തോടെ 23,275.92 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഡൗ 0.07 ഉം എസ് ആന്‍ഡ് പി 0.04 ഉം നാസ്ഡാക് 0.03 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യ ഉയരുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് നിക്കൈ 0.60 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ വിപണി രാവിലെ 0.30 ശതമാനം ഉയര്‍ന്നു.. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 1.40 ശതമാനം കയറി. ദക്ഷിണ കൊറിയന്‍ ഉല്‍പന്നങ്ങളുടെ ചുങ്കം അമേരിക്ക 15 ശതമാനമായി കുറച്ചതു കയറ്റത്തിനു സഹായിച്ചു. ഹോങ് കോങ് സൂചിക 0.80 ശതമാനം കയറി. ചൈനീസ് സൂചിക 0.35 ശതമാനം ഇടിന്നു. ഡിസംബറിലെ ചൈനീസ് ഫാക്ടറി പ്രവര്‍ത്തന സൂചിക അപ്രതീക്ഷിതമായി താഴ്ന്നു.

റെക്കോര്‍ഡ് തിരുത്തി, വിപണി ഇടിഞ്ഞു

മികച്ച ജിഡിപി വളര്‍ച്ചയുടെ ആവേശത്തില്‍ രാവിലെ റെക്കോര്‍ഡ് തിരുത്തിയ ഇന്ത്യന്‍ വിപണി പിന്നീടു കുത്തനേ ഇടിഞ്ഞു. രൂപയുടെ വന്‍ ഇടിവും അമേരിക്കയുമായുള്ള വ്യാപാരകരാര്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതുമാണു കാരണം. ലാഭമെടുക്കലും വിദേശികളുടെ നിരന്തര വില്‍പനയും വിപണിക്കു തിരിച്ചടിയായി. നിഫ്റ്റി 26,325.80 എന്ന റെക്കോര്‍ഡില്‍ നിന്ന് 200 ഉം സെന്‍സെക്‌സ് 86,159.02 എന്ന റെക്കോര്‍ഡില്‍ നിന്ന് 650 പോയിന്റും താഴ്ന്ന ശേഷമാണ് ക്ലോസിംഗ്. ബാങ്ക് നിഫ്റ്റിയും റെക്കോര്‍ഡ് തിരുത്തിയിട്ട് 400 പോയിന്റ് താഴ്ന്നു. വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നു.

നവംബറില്‍ കമ്പനികളില്‍ നിന്നു ഡീലര്‍മാരുടെ പക്കലേക്ക് കൂടുതല്‍ വാഹനങ്ങള്‍ അയച്ചതിന്റെ പേരില്‍ ഓട്ടോ സൂചിക കുതിച്ചതാണു വിപണിയിലെ പോസിറ്റീവ് കാര്യം. ടാറ്റാ മോട്ടോഴ്‌സ് പിവിയും മാരുതിയും പ്രതീക്ഷയേക്കാള്‍ മികച്ച വില്‍പനയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡോളര്‍ നിരക്ക് ഉയര്‍ന്നത് വരുമാനം കൂട്ടും എന്ന പ്രതീക്ഷ ഐടി കമ്പനികളെ ഉയര്‍ത്തി. വെള്ളിയും ചെമ്പും സിങ്കും ഒക്കെ ലോക വിപണിയില്‍ ഉയര്‍ന്നതു മെറ്റല്‍ ഓഹരികളെ കയറ്റി. ഡോളര്‍ നിരക്ക് കൂടിയത് ഇന്ധനവില കൂട്ടും എന്നത് ഇന്‍ഡിഗോയെ താഴ്ത്തി.

സേയ്‌നിച്ച് എന്ന പുതിയ ആന്റിബയാേട്ടിക്കിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം നേടിയത് വൊക്കാര്‍ട്ട് ഓഹരിയെ 20 ശതമാനം ഉയരത്തില്‍ എത്തിച്ചു. സാധാരണ ആന്റിബയോട്ടിക്കുകളെ ചെറുത്തു നില്‍ക്കുന്ന ബാക്ടീരിയകളെ നേരിടാനുള്ള ഇരട്ട ആന്റിബയോട്ടിക് ആണു സേയ്‌നിച്ച്. മരണാസന്നരായ രോഗികള്‍ക്കും മറ്റുമാണ് ഇതു നല്‍കുന്നത്.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച 1171.31 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2558.93 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

റിയല്‍റ്റി,ഫാര്‍മ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, എഫ്എംസിജി, ബാങ്ക്, ധനകാര് മേഖലകള്‍ നഷ്ടത്തിലായി.

തിങ്കളാഴ്ച സെന്‍സെക്‌സ് 64.77 പോയിന്റ് (0.08%) താഴ്ന്ന് 85,641.90 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 27.20 പോയിന്റ് (0.10%) കുറഞ്ഞ് 26,175.75 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 71.35 പോയിന്റ് (0.12%) നഷ്‌ത്തോടെ 59,681.35 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 0.15 പോയിന്റ് (0.00%) കൂടി 61,043.40 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 45.45 പോയിന്റ് (0.25%) കയറി 17,874.70 ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1768 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2484 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1376 ഓഹരികള്‍ കയറി, 1719 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 102 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 165 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ഏഴ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ രണ്ടെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

ഇന്നലത്തെ ഉയര്‍ന്ന നിലയായ 26,325 നിഫ്റ്റിക്കു തടസനിലയായി. 26,050-പിന്തുണ നിലവാരമാണ്. ഇന്നു നിഫ്റ്റിക്ക് 26,100 ലും 26,000 ലും പിന്തുണ പ്രതീക്ഷിക്കാം. 26,220 ലും 26,300 ലും പ്രതിരോധം നേരിടും.

കമ്പനികള്‍, വാര്‍ത്തകള്‍

ഹീറോ മോട്ടോ കോര്‍പ് നവംബറില്‍ വാഹന വില്‍പന 31 ശതമാനം വര്‍ധിപ്പിച്ചു. 6,04,490 വാഹനങ്ങള്‍ വിറ്റു. ആഭ്യന്തര വില്‍പന 12.4 ഉം കയറ്റുമതി 69.7 ഉം ശതമാനം കൂടി.

വന്ദനാ സൂരിയെ ഹോം കെയര്‍ ഉല്‍പന്നങ്ങളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ നിയമിച്ചു. യൂണിലീവര്‍ ഇന്റര്‍നാഷണല്‍ സിഇഒ ആയി പോകുന്ന ശ്രീനന്ദന്‍ സുന്ദരത്തിന്റെ സ്ഥാനത്താണു സൂരി വരുന്നത്.

ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാര്‍ രണ്ടു ശതമാനം ഓഹരി തുറന്ന വിപണിയില്‍ വില്‍ക്കും.

ആഫ്‌കോണ്‍സ് ഇന്റര്‍നാഷണലിന് 884 കോടി രൂപയുടെ കരാറുകള്‍ നവംബറില്‍ ലഭിച്ചു.

ആന്റി ടാങ്ക്, സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ക്കായി 2462 കോടി രൂപയുടെ കരാര്‍ ഭാരത് ഡൈനാമിക്‌സിനു ലഭിച്ചു.

സ്വര്‍ണവും വെള്ളിയും കയറി, താഴ്ന്നു

സ്വര്‍ണവും വെള്ളിയും ഇന്നലെ കയറ്റം തുടര്‍ന്നു. അടുത്തയാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന പ്രതീക്ഷ സ്വര്‍ണത്തെ ഉയര്‍ത്തി. വര്‍ധിച്ച ഡിമാന്‍ഡും അവധിവ്യാപാരത്തിന്റെ അളവിനുതക്ക സ്റ്റോക്ക് ഇല്ലാത്തതും ചേര്‍ന്നാണു വെള്ളിയെ റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ത്തുന്നത്. ഹണ്ട് സഹോദരന്മാരുടെ വിളയാട്ടം നടന്ന 1980 ലെ വിലയെ മറികടന്ന് ഇന്നലെ അവധിവില 59.30 ഡോളര്‍ വരെ എത്തി. അവധിവ്യാപാരത്തില്‍ ഉള്ളവരില്‍ പകുതിപ്പേര്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ പോലും വെള്ളി വിപണികളില്‍ ഇല്ല.

ഇടയ്ക്ക് ഔണ്‍സിന് 4265 ഡോളര്‍ വരെ കയറിയ സ്വര്‍ണം ചെറിയ നേട്ടത്തോടെ 4232.60 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 4245 ഡോളര്‍ വരെ ഉയര്‍ന്നിട്ടു താഴ്ന്നു 4215 ഡോളറില്‍ എത്തി. അവധിവില ഇന്നലെ 4299 ഡോളര്‍ വരെ കയറിയത് ഇന്ന് 4259 ആയി താഴ്ന്നു.

വെള്ളി സ്‌പോട്ട് വിപണിയില്‍ ഇന്നു രാവിലെ ഔണ്‍സിന് 56.83 ഡോളറില്‍ എത്തി. അവധിവില 58.05 ഡോളര്‍ ആയി താഴ്ന്നു.

പ്ലാറ്റിനം 1662 ഡോളര്‍, പല്ലാഡിയം 1416 ഡോളര്‍, റോഡിയം 7900 ഡോളര്‍ എന്നിങ്ങനെയാണു ചൊവ്വാഴ്ച രാവിലെ വില

ചെമ്പ് റെക്കോര്‍ഡ് വിലയില്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും 11,000 ഡോളറിനു മുകളില്‍ ക്ലോസ് ചെയ്ത ചെമ്പ് ഇന്നലെ നാലു മാസത്തിനിടയിലെ റെക്കോര്‍ഡ് വില കുറിച്ചു. 2.68 ശതമാനം കുതിച്ച ചെമ്പ് ടണ്ണിന് 11,299.00 ഡോളറില്‍ ക്ലാേസ് ചെയ്തു.

അലൂമിനിയം 1.08 ശതമാനം ഉയര്‍ന്ന് ടണ്ണിന് 2888.87 ഡോളറില്‍ അവസാനിച്ചു. നിക്കലും ലെഡും സിങ്കും ഉയര്‍ന്നു. ടിന്‍ താഴ്ന്നു.

റബര്‍ വില രാജ്യാന്തര വിപണിയില്‍ 1.69 ശതമാനം കയറി കിലോഗ്രാമിന് 180.00 സെന്റ് ആയി. കൊക്കോ 0.82 ശതമാനം കുറഞ്ഞ് ടണ്ണിന് 5359. 52 ഡോളറില്‍ എത്തി. കാപ്പി വില 0.10 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമാേയില്‍ 0.51 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക താഴ്ചയില്‍

ഡോളര്‍ സൂചിക താഴ്ന്ന് 99.41 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.44 ലേക്കു കയറി.

ഡോളര്‍ വിനിമയ നിരക്ക് അല്‍പം കയറി. യൂറോ 1.1608 ഡോളറിലേക്കും പൗണ്ട് 1.3211 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.49 യെന്‍ ആയി ഉയര്‍ന്നു.

ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.07 യുവാന്‍ എന്ന നിരക്കിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.8045 ഡോളറിലായി.

യുഎസില്‍ കടപ്പത്ര വിലകള്‍ താഴ്ന്നു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.092 ശതമാനമായി ഉയര്‍ന്നു.

ഡോളര്‍ 90 രൂപയിലേക്ക്

ഇന്ത്യന്‍ രൂപ തിങ്കളാഴ്ച വലിയ താഴ്ചയില്‍ എത്തിയിട്ടു ഗണ്യമായി തിരിച്ചു കയറി. ഡോളര്‍ 89.79 രൂപവരെ ഉയര്‍ന്നിട്ട് ഒന്‍പതു പൈസ നേട്ടത്തില്‍ 89.55 രൂപയില്‍ ക്ലോസ് ചെയ്തു. രാവിലെ വിപണിയില്‍ റിസര്‍വ് ബാങ്ക് ഇടപ്പെട്ടിരുന്നില്ല. വിപണിനിയന്ത്രണം കുറയ്ക്കണം എന്നു കഴിഞ്ഞ മാസം വന്ന ഐഎംഎഫ് സംഘം ഉപദേശിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം റിസര്‍വ് ബാങ്ക് ഡോളര്‍ ഇറക്കി, രൂപ തിരിച്ചു കയറി. ഇന്ത്യ - യുഎസ് വ്യാപാരകരാര്‍ പ്രഖ്യാപനം വൈകുന്നത് സാരമായ വിയോജിപ്പ് മൂലമാണ് എന്ന ധാരണ വിപണിയില്‍ ഉണ്ട്. കയറ്റുമതി കുറഞ്ഞും വ്യാപാര കമ്മി വര്‍ധിച്ചും വരുമ്പോള്‍ രൂപ കുറേക്കൂടി താഴാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കും എന്ന തോന്നലും വിപണിയില്‍ ഉണ്ട്. ഡോളര്‍ നിരക്ക് കൂടുമ്പോള്‍ ഇറക്കുമതി കുറയും എന്ന നിഗമനത്തിലാണിത്. രൂപ ഇനിയും താഴ്ന്നു ഡോളര്‍ 90 രൂപയ്ക്കു മുകളില്‍ എത്തുമെന്നു വിപണി കണക്കാക്കുന്നു. വ്യാപാരകരാര്‍ ഉണ്ടാകുകയോ ഓഹരികളിലെ വിദേശനിക്ഷേപകര്‍ വലിയ തോതില്‍ തിരിച്ചു വരുകയോ ചെയ്താലേ രൂപയ്ക്കു കയറ്റം കിട്ടൂ.

ചൈനയുടെ കറന്‍സി യുവാന്‍ തിങ്കളാഴ്ച 12.67 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ കയറി

യുക്രെയ്ന്‍ സമാധാന കരാറില്‍ ചര്‍ച്ച തുടരുന്നു, പുരോഗതി ദൃശ്യമല്ല. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ റഷ്യന്‍ ഓയില്‍ ടാങ്കറില്‍ സ്‌ഫോടനമുണ്ടായത് എണ്ണ വിലയെ ഒരു ശതമാനത്തിലധികം ഉയര്‍ത്തി.

ബ്രെന്റ് ഇനം ക്രൂഡ് തിങ്കളാഴ്ച 63.17 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ഉയര്‍ന്ന് 63.25 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 59.44 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 65.15 ലും എത്തി. പ്രകൃതിവാതകവില ആറു ശതമാനം കയറി 4.890 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിഞ്ഞ ശേഷം ഇന്ന് രാവിലെ നഷ്ടം അല്‍പം കുറച്ചു. ബിറ്റ്‌കോയിന്‍ 85,000 ഡോളറിനു താഴെ ചെന്നിട്ട് ഇന്നു രാവിലെ 86,600 ഡോളറിനു സമീപമായി.

ഈഥര്‍ 2800 ഡോളറിനു താഴെയായി സൊലാന 123 ഡോളര്‍ വരെ താഴ്ന്നിട്ട് 127 ഡോളറിലേക്കു കയറി.

വിപണിസൂചനകള്‍

(2025 ഡിസംബര്‍ 01, തിങ്കള്‍)

സെന്‍സെക്‌സ് 85,641.90 -0.08%

നിഫ്റ്റി50 26,175.75 -0.10%

ബാങ്ക് നിഫ്റ്റി 59,681.35 -0.12%

മിഡ്ക്യാപ്100 61,043.40 +0.00%

സ്‌മോള്‍ക്യാപ്100 17,874.70 +0.25%

ഡൗ ജോണ്‍സ് 47,289.33 -0.90%

എസ് ആന്‍ഡ് പി 6812.63 -0.53%

നാസ്ഡാക് 23,275.92 -0.38%

ഡോളര്‍ ₹89.55 +0.09

സ്വര്‍ണം(ഔണ്‍സ്)$4232.60 +$12.20

സ്വര്‍ണം (പവന്‍) ₹95,680 +₹480

ക്രൂഡ്ഓയില്‍ബ്രെന്റ് $63.1 +0.86

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT