അനുകൂല വാർത്തകൾ കാണാതെ ഇന്ത്യൻ വിപണി ഇന്നും നെഗറ്റീവ് തുടക്കത്തിലേക്കു നീങ്ങുകയാണ്. വിദേശനിക്ഷേപകർ നിരന്തരം വിറ്റു മാറുന്നു. അമേരിക്ക സർക്കാർ സ്തംഭനത്തിലേക്കു നീങ്ങുന്നതും വിപണിയെ ക്ഷീണിപ്പിക്കും. ഇന്നു പത്തുമണിക്കു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നടത്തുന്ന പണനയ പ്രഖ്യാപനത്തിലാണ് വിപണി ഇന്നു ശ്രദ്ധിക്കുന്നത്. നിരക്കു കുറയ്ക്കൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും വിലക്കയറ്റവും വളർച്ചയും സംബന്ധിച്ച നിഗമനങ്ങൾ വിപണിക്കു പ്രധാനമാണ്.
കമ്പനികളുടെ രണ്ടാം പാദ റിസൽട്ടുകൾ ഒന്നാം പാദത്തിലേക്കാൾ മോശമാകാനുള്ള സാധ്യത വർധിച്ചു. ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചയിലുള്ള പ്രതീക്ഷ കുറഞ്ഞു. ജിഎസ്ടി കുറയ്ക്കുമെന്ന് ആറാഴ്ച മുൻപേ പ്രഖ്യാപിച്ചതു കൺസ്യൂമർ ഉൽപന്ന വിൽപനയെ ഒരു മാസത്തോളം പിന്നോട്ടടിച്ചു. അമേരിക്കൻ സാമ്പത്തിക ചലനങ്ങൾ ഐടി കമ്പനികൾക്കു വലിയ ക്ഷീണം വരുത്തി. കയറ്റുമതി മേഖല ദുർബലമായി. ഇതെല്ലാം വിപണിയുടെ ദൗർബല്യം തുടരാൻ കാരണമാകാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,764.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,750 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വ്യാപാര ചർച്ച അനിശ്ചിതത്വത്തിൽ
ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചകൾ അനിശ്ചിതത്വത്തിലായി. കൂടുതൽ അമേരിക്കൻ എണ്ണ വാങ്ങാം എന്നല്ലാതെ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ പറ്റില്ല എന്നാണ് ഇന്ത്യൻ നിലപാട്. കാർഷിക ഇറക്കുമതിയിലെ നിയന്ത്രണം ഭാഗികമായി നീക്കാം എന്നു പറയുമ്പോഴും ജനിതകമാറ്റം വരുത്തിയ ഉൽപന്നങ്ങൾ പറ്റില്ല എന്ന് ഇന്ത്യ ഉറച്ച നിലപാട് എടുത്തു. നവംബറിനകം കരാറും 25 ശതമാനം പിഴച്ചുങ്കം ഒഴിവാക്കലും ചുങ്കം 15 ശതമാനമായി കുറയ്ക്കലും പ്രതീക്ഷിച്ചിരുന്ന കയറ്റുമതി മേഖല ഇപ്പോൾ അവ്യക്തതയിലാണ്.
അമേരിക്കയിൽ സർക്കാർ സ്തംഭനം
2019-നു ശേഷം ആദ്യത്തെ സർക്കാർ സ്തംഭനത്തിലേക്ക് അമേരിക്ക നീങ്ങി. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിനു നികുതി കിഴിവ് നൽകുന്ന 'ഒബാമ കെയർ' ആണു ബജറ്റ് പാസാക്കുന്നതിനു തടസം. നിയമവിധേയമായി രാജ്യത്തുള്ള എല്ലാവർക്കും കിഴിവ് അനുവദിക്കണമെന്നു ഡെമോക്രാറ്റുകൾ വാദിക്കുന്നു. അനധികൃത കുടിയേറ്റക്കാർക്കു വേണ്ടിയാണു ഡെമോക്രാറ്റുകൾ വാശി പിടിക്കുന്നതെന്നു റിപ്പബ്ലിക്കന്മാരും പറയുന്നു. സർക്കാരിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ തുക അനുവദിച്ചില്ലെങ്കിൽ ലക്ഷക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടും എന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ എട്ടുപത്തു ദിവസം വരെ സ്തംഭനം നീളാറുണ്ട്. പക്ഷേ അതിൻ്റെ മറയിൽ പിടിച്ചു വിടീൽ ഉണ്ടായിട്ടില്ല. ഇപ്പോൾ ട്രംപ് ഏഴരലക്ഷം പേരെ പിരിച്ചു വിടാനാണ് ഒരുങ്ങുന്നത്.
യൂറോപ്പ് കയറി
യൂറോപ്യൻ ഓഹരികൾ ചൊവ്വാഴ്ച ചാഞ്ചാട്ടത്തിനു ശേഷം ഉയർന്നു ക്ലോസ് ചെയ്തു. അമേരിക്കയിലെ ഭരണസ്തംഭന ഭീതിയിൽ സൂചികകൾ ഇടയ്ക്കു വലിയ താഴ്ചയിലായിരുന്നു. പിന്നീട് ആശങ്ക നീക്കി ഉയർന്നു. തലേന്നു ഗണ്യമായി ഉയർന്ന ലുഫ്താൻസ പ്രതീക്ഷിക്കുന്ന ലാഭവളർച്ച ഉണ്ടാകുമോ എന്ന സംശയത്തിൽ ഏഴു ശതമാനം ഇടിഞ്ഞു. തടിക്കു 10 ഉം ഫർണിച്ചറിന് 25 ഉം ശതമാനം ചുങ്കം ചുമത്തുമെന്ന അമേരിക്കൻ തീരുമാനം യൂറോപ്യൻ ഫർണിച്ചർ കമ്പനികളെ താഴ്ത്തി.
യുഎസ് വിപണി ഉയർന്നു
സർക്കാർ സ്തംഭനം മിക്കവാറും ഉറപ്പായെങ്കിലും ഇന്നലെ യുഎസ് വിപണികൾ ഉയർന്നു. ഡൗ ജോൺസ് ഇന്നലെ റെക്കോർഡ് നിലയിലാണു ക്ലോസ് ചെയ്തത്.
നിർമിതബുദ്ധി ഭീമൻ എൻവിഡിയ 2.6 ശതമാനം ഉയർന്നതോടെ കമ്പനിയുടെ വിപണി മൂല്യം 4.5 ട്രില്യൺ (ലക്ഷം കോടി) ഡോളർ കടന്നു. കമ്പനി ഗണ്യമായ നിക്ഷേപം നടത്തിയിട്ടുള്ള കോർവീവ് മെറ്റാ പ്ലാറ്റ് ഫോംസുമായി 1420 കോടി ഡോളറിൻ്റെ എഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നിർമാണ കരാർ ഉണ്ടാക്കി. കോർവീവ് ഇന്നലെ കുതിച്ചു.
വമ്പൻ യുഎസ് ഔഷധ കമ്പനി ഫൈസർ ഔഷധങ്ങൾക്കുള്ള നികുതിയിൽ നിന്നു രക്ഷപ്പെടാൻ പ്രസിഡൻ്റ് ട്രംപുമായി കരാർ ഉണ്ടാക്കി. ഔഷധവില ഗണ്യമായി കുറയ്ക്കും. ട്രംപ് പ്രിസ്ക്രിപ്ഷൻ വെബ്‌സൈറ്റിലൂടെ ശരാശരി 50 ശതമാനം വിലയിൽ അവശ്യ മരുന്നുകൾ നൽകും.വിദേശ രാജ്യങ്ങളിൽ ഈടാക്കുന്ന വിലയേ അമേരിക്കയിലും ഈടാക്കൂ. ഇതേ രീതിയിൽ കരാറിൽ ഏർപ്പെട്ട് മരുന്നുനികുതിയിൽ നിന്നു രക്ഷപ്പെടാൻ ഇലൈ ലില്ലിയും മറ്റു കമ്പനികളും ചർച്ച നടത്തുന്നുണ്ട്. ഫൈസർ ഓഹരി ഏഴു ശതമാനം കുതിച്ചു.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 81.82 പോയിൻ്റ് (0.18%) ഉയർന്ന് 46,397.89 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 27.25 പോയിൻ്റ് (0.41%) നേട്ടത്തോടെ 6688.46 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 68.85 പോയിൻ്റ് (0.31%) കയറി 22,660.01 ൽ ക്ലോസ് ചെയ്തു.
സർക്കാർ സ്തംഭന ആശങ്കയിൽ യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു നഷ്ടത്തിലാണ്. ഡൗ 0.31 ഉം എസ് ആൻഡ് പി 0.34 ഉം നാസ്ഡാക് 0.38 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജാപ്പനീസ് വിപണി ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി ഉയർന്നു. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ഹോങ് കോങ് ചൈനീസ് വിപണികൾക്ക് അവധിയാണ്.
വീണ്ടും താഴ്ന്ന് ഇന്ത്യൻ വിപണി
തുടർച്ചയായ എട്ടാം ദിവസവും ഇന്ത്യൻ വിപണി ഇടിഞ്ഞു. പൊതുമേഖലാ ബാങ്കുകളും മെറ്റലും വാഹനങ്ങളുമാണു വിപണിയെ വലിയ തകർച്ചയിൽ നിന്നു രക്ഷിച്ചത്. റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ്, മീഡിയ, എഫ്എംസിജി തുടങ്ങിയവ താഴ്ചയിലായി.
നിഫ്റ്റി 23.80 പോയിൻ്റ് (0.10%) താഴ്ന്ന് 24,611.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 97.32 പോയിൻ്റ് (0.12%) കുറഞ്ഞ് 80,267.62 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 174.85 പോയിൻ്റ് (0.32%) നേട്ടത്തോടെ 54,635.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 3.85 പോയിൻ്റ് (0.01%) കുറഞ്ഞ് 56,529. 30 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 14.10 പോയിൻ്റ് (0.08%) ഉയർന്ന് 17,562.75 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1939 ഓഹരികൾ ഉയർന്നപ്പോൾ 2173 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1517 എണ്ണം. താഴ്ന്നത് 1506 ഓഹരികൾ.
എൻഎസ്ഇയിൽ 100 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 127 എണ്ണമാണ്. 67 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 68 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 2327.09 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5761.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിദേശികൾ ഈ വർഷം ഇതുവരെ 1730 കോടി ഡോളർ (ഒന്നര ലക്ഷം കോടി രൂപ) ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. 2022 ലെ 1700 കോടി ഡോളർ എന്ന വാർഷിക പിൻവലിക്കലിനെ ഒമ്പതു മാസം കൊണ്ടു മറികടന്നു.
വിപണി കൂടുതൽ ദുർബലമായി. നിഫ്റ്റി 24,600 ലെ പിന്തുണ നിലനിർത്തിയതാണ് ആശ്വാസ ഘടകം. ആ പിന്തുണ നഷ്ടമാക്കിയാൽ ഓഗസ്റ്റിലെ താഴ്ന്ന നിലയായ 24,400-24,300 വരെ പോകും. 24,700 - 24,900 മേഖലയിൽ തടസം തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 24,555 ലും 24,500 ലും പിന്തുണ ലഭിക്കും. 24,700 ലും 24,790 ലും തടസങ്ങൾ ഉണ്ടാകും.
ലാഭമെടുപ്പു കഴിഞ്ഞും കയറ്റം
ലാഭമെടുക്കലിനെ തുടർന്നു ഗണ്യമായി താഴ്ന്ന സ്വർണം അമേരിക്കൻ ഭരണസ്തംഭന ഭീതിയിൽ വീണ്ടും കയറുകയാണ്. ബജറ്റ് കാര്യത്തിൽ റിപ്പബ്ലിക്കൻ - ഡെമോക്രാറ്റ് ധാരണ ഉണ്ടായില്ല. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ വർധിപ്പിച്ചതിൻ്റെ പശ്ചാത്തലത്തിൽ സ്വർണം 2026 അവസാനം ഔൺസിന് 4300 ഡോളറിൽ എത്തുമെന്നു ഗോൾഡ്മാൻ സാക്സ് ബാങ്ക് പ്രവചിച്ചു. ഔൺസിനു 3872 ഡോളർ വരെ ഉയർന്ന സ്വർണം തിങ്കളാഴ്ച 3859.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3867 ഡോളർ വരെ കയറി. സ്വർണം സെപ്റ്റംബറിൽ 12 ശതമാനമാണ് ഉയർന്നത്.
അവധിവില ഇന്നലെ 3899.00 വരെ എത്തിയിട്ടു 3890.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3894 ഡോളറിനു മുകളിൽ കയറി.
കേരളത്തിൽ 22 കാരറ്റ് പവൻവില ചൊവ്വാഴ്ച കയറിയിറങ്ങി. രാവിലെ 1040 രൂപ കൂടി 86,760 രൂപ എന്ന റെക്കോർഡ് കുറിച്ചു. രാജ്യാന്തര വില താഴ്ന്നപ്പോൾ 640 രൂപ കുറഞ്ഞ് 86,120 രൂപ ആയി. ഇത് സെപ്റ്റംബർ ഒന്നാം തീയതിയിലെ വിലയേക്കാൾ 8180 രൂപ (11 ശതമാനം) അധികമാണ്. ഈ സാമ്പത്തിക വർഷം തുടങ്ങിയ ഏപ്രിൽ ഒന്നിന് 68,080 രൂപയായിരുന്നു വില. അതിനേക്കാൾ 27 ശതമാനം കൂടുതലായി ഇന്നലത്തെ വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു. അതിനേക്കാൾ 28,920 രൂപ കൂടുതലായി സെപ്റ്റംബർ അവസാനം. 51 ശതമാനം അധികം.വെള്ളിവില ഔൺസിന് 46.90 ൽ ക്ലോസ് ചെയ്തു. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ നിൽക്കുന്ന വെള്ളി കഴിഞ്ഞ ഒരു വർഷം കൊണ്ട് 65 ശതമാനം ഉയർന്നു. പ്ലാറ്റിനം, പല്ലാഡിയം എന്നിവയും ഈ ദിവസങ്ങളിൽ നല്ല കയറ്റത്തിലാണ്.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ചയും കയറ്റം തുടർന്നു. ചെമ്പ് 0.63 ശതമാനം ഉയർന്ന് ടണ്ണിന് 10,297.35 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം 0.38 ശതമാനം കയറി ടണ്ണിന് 2679.47 ഡോളറിൽ എത്തി. സിങ്ക്, നിക്കൽ, ടിൻ എന്നിവ ഉയർന്നു. ലെഡ് താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 0.46 ശതമാനം താഴ്ന്ന് കിലോഗ്രാമിന് 172.90 സെൻ്റ് ആയി. കൊക്കോ 4.17 ശതമാനം ഇടിഞ്ഞ് ടണ്ണിന് 6706.47 ഡോളറിൽ എത്തി. കാപ്പി 0.62 ശതമാനം കയറി. തേയില 0.71 ശതമാനം കയറി. പാം ഓയിൽ വില 0.75 ശതമാനം കുറഞ്ഞു.
ഡോളർ സൂചിക താഴ്ന്നു
ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 97.78 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.85 ലേക്ക് കയറി.
കറൻസി വിപണിയിൽ ഡോളർ ദൗർബല്യം തുടരുന്നു. യൂറോ 1.1735 ഡോളറിലേക്കും പൗണ്ട് 1.344 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.91 യെൻ എന്ന നിരക്കിലേക്കു കയറി.
യുഎസ് കടപ്പത്രങ്ങളുടെ വില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.156 ശതമാനമായി ഉയർന്നു.
രൂപ ഇടിവ് തുടരുന്നു
ചൊവ്വാഴ്ച ഇന്ത്യൻ രൂപ വീണ്ടും താഴ്ന്നു. ഡോളർ മൂന്നു പെെസ കയറി 88.79 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.12 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ താഴ്ചയിൽ
ലഭ്യത വർധിച്ചതിനെ തുടർന്ന് ഇന്നലെ ഇടിഞ്ഞ ക്രൂഡ് ഓയിൽ പിന്നീടു സ്റ്റാേക്ക് കുറവാണെന്ന കണക്കു വന്നപ്പോൾ നഷ്ടം അൽപം കുറച്ചു. ബ്രെൻ്റ് ഇനം 67 ഡോളറിനു താഴെ വന്നിട്ട് 67.02 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.02 ഡോളറിൽ തുടരുന്നു. ഡബ്ള്യുടിഐ 62.48 ഡോളറിലും മർബൻ ക്രൂഡ് 68.63 ഡോളറിലും ആണ്. പ്രകൃതി വാതക വില ഒരു ശതമാനം കൂടി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ചാഞ്ചാട്ടത്തിലാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 1,13,975 ഡോളറിൽ എത്തി. ഈഥർ 4145 ഉം സൊലാന 209 ഉം ഡോളറിലാണ്.
വിപണിസൂചനകൾ
(2025 സെപ്റ്റംബർ 30, ചൊവ്വ)
സെൻസെക്സ്30 80,267.62 -0.12%
നിഫ്റ്റി50 24,611.10 -0.10%
ബാങ്ക് നിഫ്റ്റി 54,635.85 +0.32%
മിഡ് ക്യാപ്100 56,529. 30 -0.01%
സ്മോൾക്യാപ്100 17,562.75 -0.08%
ഡൗജോൺസ് 46,397.89 +0.18%
എസ്ആൻഡ്പി 6688.46 +0.41%
നാസ്ഡാക് 22,660.01 +0.31%
ഡോളർ($) ₹88.79 +₹0.03
സ്വർണം(ഔൺസ്) $3859.70 +$24.90
സ്വർണം(പവൻ) ₹86,120 +₹400
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.02 -$0.95
Read DhanamOnline in English
Subscribe to Dhanam Magazine