പ്രതീകാത്മക ചിത്രം Image Source: Canva
Markets

ദീപാവലി മുഹൂർത്ത വ്യാപാരം ഞായറാഴ്ച: സമയക്രമവും ചരിത്രവും നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങളും

സംവത് 2083-ന് തുടക്കം കുറിച്ച്, നവംബർ 8 ഞായറാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരം നടക്കും; പ്രത്യേക സെഷന്റെ സമയക്രമം, ചരിത്രം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്നിവ അറിയാം

Dhanam News Desk

ദീപാവലി മുഹൂർത്ത വ്യാപാരം നവംബർ 8-ന് ഉച്ചകഴിഞ്ഞ് 2:20 മുതൽ 3:30 വരെ നടക്കും. സംവത് 2083 ആരംഭിക്കുന്നതിന്റെ ഭാഗമായ ഈ പ്രത്യേക വ്യാപാര സെഷൻ, നിക്ഷേപകർക്ക് ഐശ്വര്യത്തിനായുള്ള പ്രതീകാത്മക തുടക്കമായി കണക്കാക്കപ്പെടുന്നു. വിപണിയിലെ ചുരുങ്ങിയ സമയപരിധി ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ നിർബന്ധമാണ്.

പൗരാണിക ഹിന്ദു കലണ്ടർ വർഷമായ സംവത്-2083 തുടക്കം കുറിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യൻ ഓഹരി വിപണിയിലെ പരമ്പരാഗത ദീപാവലി 'മുഹൂർത്ത ട്രേഡിംഗ്' (Muhurat Trading) ഞായറാഴ്ച (നവംബർ 8) നടക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (NSE) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (BSE) പുറത്തിറക്കിയ സർക്കുലർ പ്രകാരം, വരുന്ന ഞായറാഴ്ച ഉച്ചയ്ക്ക് 2:05 മുതൽ 2:20 വരെ പ്രീ-ഓപ്പൺ സെഷനും, തുടർന്ന് 2:20 മുതൽ 3:30 വരെ ഒരു മണിക്കൂർ നീളുന്ന പ്രത്യേക വ്യാപാര സെഷനും ഉണ്ടായിരിക്കും.

ക്ലോസിംഗ് ഓക്ഷൻ സംവിധാനത്തിലുള്ള ഓഹരികളുടെ സാധാരണ വ്യാപാരം ഉച്ചകഴിഞ്ഞ് 3:15-ന് അവസാനിക്കും. തുടർന്ന് അവ പ്രത്യേക ഓക്ഷൻ വിൻഡോയിലേക്ക് മാറും. അതേസമയം ഇക്വിറ്റി ഡെറിവേറ്റീവ് വ്യാപാരം 2:20 മുതൽ 3:40 വരെ തുടരും. പതിറ്റാണ്ടുകളായി വൈകുന്നേരങ്ങളിൽ നടന്നിരുന്ന പതിവ് മാറ്റി ഉച്ചയ്ക്കുശേഷം മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്ന തുടർച്ചയായ രണ്ടാം വർഷമാണിത്. തിങ്കളാഴ്ച വിപണിയിൽ പതിവ് വ്യാപാരം പുനരാരംഭിക്കുമെങ്കിലും ദീപാവലി ബലിപ്രതിപാദ ആഘോഷം പ്രമാണിച്ച് വരുന്ന ചൊവ്വാഴ്ച (നവംബർ 10) സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അവധിയായിരിക്കും.

പാരമ്പര്യവും ചരിത്ര പശ്ചാത്തലവും

ഗുജറാത്തി, മാർവാഡി വ്യാപാര സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളിൽ നിന്നാണ് മുഹൂർത്ത വ്യാപാരത്തിന്റെ തുടക്കം. ദീപാവലി ദിനത്തിൽ പഴയ കണക്കുപുസ്തകങ്ങൾ പൂട്ടി, പുതിയ അക്കൗണ്ട് പുസ്തകങ്ങൾ പൂജിച്ചു തുടങ്ങുന്ന 'ചോപ്ഡ പൂജൻ' ആചാരമാണ് ഇതിന് വഴിയൊരുക്കിയത്. 1957-ൽ ബി.എസ്.ഇയും 1992-ൽ എൻ.എസ്.ഇയും ഈ പാരമ്പര്യം ഔദ്യോഗിക ട്രേഡിംഗ് സെഷനാക്കി മാറ്റുകയായിരുന്നു.

കണക്കുകൾ വ്യക്തമാക്കുന്ന വിപണി യാഥാർത്ഥ്യം

ഒരു മണിക്കൂർ മാത്രം നീളുന്ന ഈ വിശേഷാൽ വ്യാപാര സെഷനിലെ ലാഭക്കണക്കുകൾ തികച്ചും മിതമായ തോതിലാണുള്ളത്. 2015 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ നിഫ്റ്റി സൂചികയുടെ മുഹൂർത്ത വ്യാപാര സെഷനിലെ ശരാശരി നേട്ടം 0.53 ശതമാനമാണ്. പത്തിൽ എട്ട് തവണയും സെഷൻ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷവും നിഫ്റ്റി സൂചിക 0.10 ശതമാനം ഉയർന്ന് 25,868-ലും സെൻസെക്സ് 0.07 ശതമാനം ഉയർന്ന് 84,426- ലുമാണ് ക്ലോസ് ചെയ്തത്.

മുഹൂർത്ത വ്യാപാരത്തിലെ നേട്ടങ്ങൾ വരാനിരിക്കുന്ന വർഷക്കാലയളവിലെ വിപണി വളർച്ചയുടെ സൂചനയായി കാണാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ലാഭം കൊയ്യുന്നതിനേക്കാൾ ഐശ്വര്യത്തിനായുള്ള പ്രതീകാത്മക തുടക്കമായാണ് നിക്ഷേപകർ ഇതിനെ കാണുന്നത്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

മുഹൂർത്ത വ്യാപാര സെഷനിൽ നടക്കുന്ന എല്ലാ ഓഹരി ഇടപാടുകളും നിയമപരമായ ബാധ്യസ്ഥതയുള്ളതാണ്. അതിനാൽ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

  • പ്രതീകാത്മക നിക്ഷേപം: മുൻപ് തന്നെ നിരീക്ഷിച്ചുവരുന്ന മികച്ച കമ്പനികളുടെ ഓഹരികളിൽ ചെറിയ തുക മാത്രം നിക്ഷേപിച്ച് ശുഭാരംഭം കുറിക്കുക.

  • ലിക്വിഡിറ്റിയും ഓർഡറുകളും: ചുരുങ്ങിയ സമയപരിധി മാത്രമുള്ളതിനാൽ വിപണിയിൽ പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ മാർക്കറ്റ് ഓർഡറുകൾക്ക് പകരം കൃത്യമായ ലിമിറ്റ് ഓർഡറുകൾ നൽകുക. ഉയർന്ന ലിവറേജ് എടുത്തുള്ള ഡെറിവേറ്റീവ് ഇടപാടുകൾ പൂർണമായി ഒഴിവാക്കുക.

  • ദീർഘകാല കാഴ്ചപ്പാട്: ഈ ഒരു മണിക്കൂറിലെ നേട്ടമോ നഷ്ടമോ സംവത് 2083-ന്റെ അന്തിമ ദിശാസൂചികയല്ലെന്ന് എപ്പോഴും ഓർക്കുക.

(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും ഓഹരി/മ്യൂച്വൽ ഫണ്ട് വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)

Indian stock exchanges will hold the 2026 Diwali Muhurat Trading session on November 8, with special timings and a symbolic start to Samvat 2083.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT