ജിയോ പ്ലാറ്റ്ഫോംസിന്റെ (Jio Platforms) ലിസ്റ്റിംഗോടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഒന്നും രണ്ടും കമ്പനികളുടെ ഉടമ എന്ന സ്ഥാനം മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി വിപണിയില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ടാറ്റ ഗ്രൂപ്പിനെ പിന്തള്ളിക്കൊണ്ടാണ് റിലയന്‍സ് ഗ്രൂപ്പ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ലിസ്റ്റിംഗിനു ശേഷം ജിയോ പ്ലാറ്റ്ഫോംസിന്റെ വാല്യുവേഷന് ഏകദേശം 12.5 ലക്ഷം കോടി രൂപയാണ്. റിലയന്‍സ് ഇന്ഡസ്ട്രീസിനാകട്ടെ 16 ലക്ഷം കോടി രൂപയുടെ ഉയര്‍ന്ന മാര്‍ക്കറ്റ് ക്യാപ്പുണ്ട്. ഗ്രൂപ്പിന്റെ മറ്റ് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം കൂടി കണക്കിലെടുക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 30 ലക്ഷം കോടിക്ക് മുകളിലാണ്. ടാറ്റ ഗ്രൂപ്പിന്റേതാകട്ടെ 22 ലക്ഷത്തിനു മുകളിലും.
അതായത് വിപണി മൂല്യത്തിലും വളര്‍ച്ചാ സാധ്യതകളിലും വലിയ ചലനങ്ങളാണ് ഈ ലിസ്റ്റിംഗ് സൃഷ്ടിച്ചിരിക്കുന്നത്. ജിയോ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുക? ഓഹരിയുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയായിരിക്കും? പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ടെലികോം-ഡിജിറ്റല്‍ രംഗത്തെ വിപ്ലവകരമായ വളര്‍ച്ചയ്ക്ക് ശേഷം ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നത് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിലെ ഏറ്റവും വലിയ സംഭവവികാസങ്ങളിലൊന്നാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം ജിയോ കൂടി മുന്‍നിരയിലേക്ക് എത്തുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പ് എന്ന പദവി ഇനി മുകേഷ് അംബാനിയുടെ കൈകളില്‍ ഭദ്രമാകും. ഡിജിറ്റല്‍ സേവനങ്ങള്‍, 5ജി വിപുലീകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ വരുംകാലങ്ങളില്‍ ജിയോ ഓഹരികള്‍ വലിയ നിക്ഷേപക ആകര്‍ഷണമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിലയന്‍സിന്റെ റീറ്റൈയ്ല്‍ സാമ്രാജ്യവും ജിയോയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റവും തമ്മിലുള്ള പരസ്പര ബന്ധം (Synergy) ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള വളര്‍ച്ചയ്ക്കാണ് കളമൊരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരേസമയം ടെലികോം, ഇ-കോമേഴ്സ്, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കാന്‍ ജിയോയ്ക്ക് സാധിക്കുന്നുണ്ട്. ലിസ്റ്റിംഗിനു ശേഷമുള്ള ഓഹരി വിപണി പ്രകടനത്തില്‍ ഈ കോര്‍പ്പറേറ്റ് സിനര്‍ജി കമ്പനിക്ക് വലിയൊരു Competitive Advantage നല്‍കുമെന്ന് ഹെഡ്ജ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അലക്സ് കെ ബാബു വ്യക്തമാക്കുന്നു.
ട്രേഡിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ ജിയോ പ്ലാറ്റ്ഫോംസിന് മൂന്ന് പ്രധാന റേറ്റിംഗ് ഏജൻസികളിൽ നിന്ന് 'ബൈ' (Buy) റെക്കമൻഡേഷൻ ലഭിച്ചു. വിദേശ ബ്രോക്കറേജ് സ്ഥാപനമായ നൊമുറ (Nomura), മോത്തിലാൽ ഓസ്വാൾ (Motilal Oswal), എലാറ ക്യാപിറ്റൽ (Elara Capital) എന്നിവരാണ് ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾക്ക് 'ബൈ' റേറ്റിംഗോടെ കവറേജ് ആരംഭിച്ചത്.
ഇന്ത്യന്‍ ബിസിനസ് ലാന്‍ഡ്സ്കേപ്പിലും ഭാവിയിലെ വ്യാവസായിക മുന്നേറ്റങ്ങളിലും ജിയോ പ്ലാറ്റ്ഫോം ലിസ്റ്റിംഗ് ഒരു വലിയ നാഴികക്കല്ലായി വേണം വിലയിരുത്താന്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി ക്രമേണ ഒരു ഹോള്‍ഡിംഗ് കമ്പനിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ്, റീട്ടെയ്ല്‍, ഡിജിറ്റല്‍ എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് വെര്ട്ടിക്കലുകളായാണ് റിലയന്‍സിനെ സജ്ജമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധിക്കേണ്ടതെന്ന് അലക്സ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണ്; ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പോര്‍ട്ട്ഫോളിയോയില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട മികച്ചൊരു അസറ്റായി ജിയോ മാറും.'അലക്സ് കെ ബാബു, ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍, ഹെഡ്ജ് ഗ്രൂപ്പ്
ജിയോ പ്ലാറ്റ്ഫോംസിന്റെ ലിസ്റ്റിംഗ് വിപണി പ്രതീക്ഷിച്ചതുപോലെതന്നെ 20 ശതമാനത്തിലധികം പ്രീമിയത്തിലാണ് നടന്നിരിക്കുന്നത്. ഗ്രേ മാര്‍ക്കറ്റും സമാനമായ ട്രെന്‍ഡ് തന്നെയാണ് കാണിച്ചിരുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വളരുന്ന ഈ കാലഘട്ടത്തില്‍ ഡേറ്റ വളരെ നിര്‍ണായകമാണ്. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡേറ്റ ലഭ്യമാകുന്ന ഇന്ത്യയില്‍, ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) വരുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും.
നിലവില്‍ റിലയന്‍സ്, ഭാരതി, വോഡഫോണ്‍, ബി.എസ്.എന്‍.എല്‍ എന്നീ പ്രധാനപ്പെട്ട നാല് കമ്പനികളാണ് വിപണിയിലുള്ളത്. പുതിയ സാങ്കേതികവിദ്യകളില്‍ വലിയ തോതില്‍ മുതല്‍മുടക്കിയിട്ടുള്ള ജിയോയ്ക്കും ഭാരതിക്കും ഇത് കൂടുതല്‍ ഗുണകരമാകും.
നിലവിലെ വാല്യുവേഷന് വളരെ ഉയര്‍ന്നതാണെന്ന് പറയാനാകില്ല. ഈ ഐ.പി.ഒയില്‍ നിലവിലുള്ള നിക്ഷേപകര്‍ ആരും തന്നെ എക്സിറ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പൂര്‍ണ്ണമായും പ്രൈമറി ക്യാപിറ്റലായി എത്തിയ 30,000 കോടി രൂപ കമ്പനിയിലേക്കാണ് വന്നിരിക്കുന്നത് എന്നതിനാല്‍, ഓഹരിക്ക് ഇനിയും മുന്നേറ്റത്തിനുള്ള സാധ്യതകളുണ്ട്.
ജിയോയുടെ വിപണി പ്രവേശം നിക്ഷേപകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ മാര്‍ക്കറ്റ് ട്രെന്‍ഡുകളും ഫണ്ടമെന്റല്‍സും പരിശോധിക്കുമ്പോള്‍, ജിയോ ഓഹരികളുടെ പ്രൈസ് മൂവ്മെന്റ് വളരെ പോസിറ്റീവായിരിക്കാനാണ് സാധ്യതയെന്ന് ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു. ഹ്രസ്വകാലയളവില്‍ പ്രോഫിറ്റ് ബുക്കിംഗ് ഉണ്ടായേക്കാമെങ്കിലും, ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിലെ കമ്പനിയുടെ കുത്തകസ്വഭാവം ഓഹരി വിലയെ താങ്ങിനിര്‍ത്തും. ആഭ്യന്തര, വിദേശ നിക്ഷേപകരുടെ വലിയ തോതിലുള്ള ഫണ്ട് ഒഴുക്കിന് ഈ ലിസ്റ്റിംഗ് കാരണമാകും.
'ഒരു കോര്‍പ്പറേറ്റ് ഭീമന്റെ ലിസ്റ്റിംഗ് നടക്കുമ്പോള്‍ വിപണിയില്‍ വന്‍തോതിലുള്ള ലിക്വിഡിറ്റിയാണ് രൂപപ്പെടുന്നത്; ജിയോ ഓഹരികളുടെ ട്രേഡിംഗ് വോളിയം ആദ്യ ഘട്ടങ്ങളില്‍ വളരെ ഉയര്‍ന്നതായിരിക്കാനാണ് സാധ്യത.പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍, ഡി.ബി.എഫ്.എസ്
വിപണിയില്‍ വന്‍തോതിലുള്ള ലിക്വിഡിറ്റി രൂപപ്പെടുന്നത് ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്കും ഷോര്‍ട്ട് ടേം നിക്ഷേപകര്‍ക്കും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കും. അതേസമയം, റീറ്റെയ്ല്‍ നിക്ഷേപകര്‍ അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കി ഫണ്ടമെന്റല്‍സ് മാത്രം നോക്കി നിക്ഷേപം നടത്തണമെന്നും പ്രിന്‍സ് ജോര്‍ജ് ഓര്‍മ്മിപ്പിക്കുന്നു. വിപണിയിലെ വന്‍കിട ഇന്‍ഡക്സുകളില്‍ ജിയോയ്ക്ക് പ്രമുഖ സ്ഥാനം ലഭിക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളിലൂടെയും മറ്റും സാധാരണക്കാരുടെ നിക്ഷേപങ്ങളെയും അനുകൂലമായി ബാധിക്കും.
ഗ്ലോബല്‍ ലെവലില്‍ ടെസ്ല, സ്പേസ് എക്സ്, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സിന് ഇനിയും വളര്‍ച്ചാ സാധ്യതകളുണ്ട്. ഇന്ത്യയിലെ ജനസംഖ്യയും ഉപഭോഗ രീതികളും വെച്ച് നോക്കിയാല്‍ ഈ കമ്പനികള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്നും പ്രിന്‍സ് ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.
പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം കൈയാളിയ ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം റിലയന്‍സിന്റെ ഈ മുന്നേറ്റം പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കും അവരുടെ ഡിജിറ്റല്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ വേഗത്തിലാക്കാന്‍ ഇത് പ്രേരകമാകും. ഹ്രസ്വകാലത്തെ ചാഞ്ചാട്ടങ്ങള്‍ക്കപ്പുറം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായി മാറുന്ന ഡിജിറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ നിക്ഷേപമായി വേണം ജിയോയുടെ ലിസ്റ്റിംഗിനെ കാണാനെന്നാണ് വിലയിരുത്തലുകള്‍.
ആഗോള പ്രശ്നങ്ങള്‍, ഫണ്ട് ഷോര്‍ട്ടേജ്, ഉയര്‍ന്ന ബോണ്ട് യീല്‍ഡ്, ക്രൂഡോയില്‍ വിലക്കയറ്റം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ എന്നിവ ഇന്ത്യന്‍ വിപണിയെയും ഓഹരികളെയും ബാധിക്കുന്നുണ്ട്. ഗള്‍ഫിലെയും യുക്രെയ്നിലെയും യുദ്ധങ്ങള്‍ അവസാനിക്കുകയും ക്രൂഡോയില്‍ വില താഴേക്ക് വരികയും ചെയ്താല്‍ ഇന്ത്യന്‍ വിപണി വീണ്ടും മുന്നോട്ട് കുതിക്കും. ഇത് ജിയോ അടക്കമുള്ള ഓഹരികള്‍ക്കും ഗുണകരമാകും.
ഇന്ത്യയിലെ ടാക്സ് സിസ്റ്റം, ബ്യൂറോക്രസി തുടങ്ങിയ ചില ഘടനാപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ആഭ്യന്തര ലിക്വിഡിറ്റി (Domestic Liquidity) വളരെ ശക്തമാണെന്നതാണ് പ്രധാന നേട്ടമെന്ന് പ്രിന്‍സ് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു.
ട്രേഡിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ ജിയോ പ്ലാറ്റ്ഫോംസിന് (Jio Platforms) മൂന്ന് പ്രധാന റേറ്റിംഗ് ഏജൻസികളിൽ നിന്ന് 'ബൈ' (Buy) റെക്കമൻഡേഷൻ ലഭിച്ചു. വിദേശ ബ്രോക്കറേജ് സ്ഥാപനമായ നൊമുറ (Nomura), മോത്തിലാൽ ഓസ്വാൾ (Motilal Oswal), എലാറ ക്യാപിറ്റൽ (Elara Capital) എന്നിവരാണ് ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾക്ക് 'ബൈ' റേറ്റിംഗോടെ കവറേജ് ആരംഭിച്ചത്.
ഓഹരി വില 1,119 രൂപയില്‍ നിന്ന് 20% ഉയര്‍ന്ന് 1,340 വരെ എത്തിയേക്കാമെന്നാണ് നൊമുറയുടെ നിഗമനം. ഓഹരിയൊന്നിന് 1,367 രൂപയാണ് ഏലാര കാപ്പിറ്റൽ ലക്ഷ്യവിലയായി (Target Price) നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ ജിയോ ഓഹരി വില ഐപിഒ വിലയേക്കാള്‍ 21% വരെ വില കൂടുമെന്നും, 1,350 രൂപ വരെ എത്തിയേക്കാമെന്നുമാണ് പ്രവചിക്കുന്നത്.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
With Jio's historic listing, Mukesh Ambani secures the top two spots in Indian markets, paving a futuristic path for investors and conglomerates.
Read DhanamOnline in English
Subscribe to Dhanam Magazine