Image : Canva and Muthoot Capital 
Markets

മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന് മൂന്നാംപാദത്തില്‍ മികച്ച വളര്‍ച്ച

മുന്‍ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15.60 ശതമാനം വളര്‍ച്ച നേടാന്‍ മുത്തൂറ്റ് ക്യാപിറ്റല്‍സിന് സാധിച്ചു

Dhanam News Desk

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 12.56 കോടി രൂപയുടെ ലാഭം നേടി. മുന്‍വർഷത്തെ സമാനപാദത്തില്‍ ലാഭം 10.26 കോടി രൂപയായിരുന്നു. വരുമാനത്തിലും ലാഭത്തിലും ഈ പാദത്തില്‍ നേട്ടം കൊയ്യാന്‍ കമ്പനിക്ക് സാധിച്ചു.

മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി (AUM)- മുന്‍ പാദത്തേക്കാള്‍ 19 ശതമാനം വര്‍ധിച്ച് 2,833 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തില്‍ കമ്പനി വിതരണം ചെയ്ത വായ്പകള്‍ 845.70 കോടി രൂപയാണ്. ഡിസംബര്‍ പാദത്തിലെ ആകെ വരുമാനം 126.14 കോടി രൂപയായി ഉയര്‍ന്നു.

മുന്‍ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15.60 ശതമാനം വളര്‍ച്ച നേടാന്‍ മുത്തൂറ്റ് ക്യാപിറ്റല്‍സിന് സാധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 31.25 ശതമാനം വളര്‍ച്ചയുമുണ്ട്. ലാഭത്തില്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 30 ശതമാനം വളര്‍ച്ചയും കരസ്ഥമാക്കി. എന്നാല്‍ സെപ്റ്റംബര്‍ പാദത്തേക്കാള്‍ 18 ശതമാനത്തോളം ലാഭത്തില്‍ കുറവുണ്ടായി.

നിഷ്‌ക്രിയ ആസ്തി

മൂന്നാംപാദത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 10.69 ശതമാനത്തില്‍ നിന്ന് 4.73 ശതമാനമായി കുറയ്ക്കാനായി. ജൂണ്‍ പാദത്തിലിത് 9.84 ശതമാനവും സെപ്റ്റംബറില്‍ 4.80 ശതമാനവും ആയിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) മുന്‍വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ 3.55 ശതമാനമായിരുന്നു. ഇത് 2.22 ശതമാനത്തിലേക്ക് കുറഞ്ഞു.

ഓഹരിവിലയില്‍ ഇടിവ്

മൂന്നാംപാദ ഫലം പുറത്തുവന്നത് മുത്തൂറ്റ് ക്യാപിറ്റല്‍സ് സര്‍വീസസ് ഓഹരികളെ സ്വാധീനിച്ചില്ല. 2.21 ശതമാനം താഴ്ന്ന് 290.05 രൂപയിലാണ് ഓഹരിവില. വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം മുത്തൂറ്റ് ക്യാപിറ്റല്‍സിനെയും ബാധിക്കുന്നുണ്ട്. 22 സംസ്ഥാനങ്ങളിലായി 338 ജില്ലകളില്‍ മുത്തൂറ്റ് ക്യാപിറ്റല്‍സിന് സാന്നിധ്യമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT